നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിത്രവീര്യനും മരമണ്ടൻവ്യാളിയും

Image may contain: 2 people, hat, closeup and outdoor
(കുട്ടികൾക്കുള്ള കഥ)
_______________________________________________________________
ബെന്നി ടി. ജെ.
മേവാഡ്സാമ്രാജ്യത്തിലെ മഹാരാജവായ മഹാറാണ ഇന്ദ്രസിംഗിന്‍റെ ചിത്തൗഡ്ഗഢ്കൊട്ടാരത്തിലെ ഗോശാലയിലെ പശുപാലകനായ മഹേന്ദ്രപാലിന്‍റെ മകനായിരുന്നു അതിബുദ്ധിമാനായ ചിത്രവീര്യൻ. ഗുരുകുലത്തിലെ വിദ്യാഭ്യാസം പൂർത്തികരിച്ചു വർഷങ്ങൾക്കുശേഷം അവൻ സ്വന്തം ഭവനത്തിൽ തിരിച്ചെത്തി. കുറെ നാളുകൾ കഴിഞ്ഞ്, ഒരു ദിവസം മാതാവായ യശോദാദേവിയുടെ നിർബ്ബന്ധപ്രകാരം കൊട്ടാരംജോലികളിൽ പിതാവിനെ സഹായിക്കുവാനായി ചിത്രവീര്യൻ ചിത്തൗഡ്ഗഢ്കൊട്ടാരത്തിലെത്തി. പാരമ്പര്യമായി രാജകൊട്ടാരത്തിലെ പശുപാലകരായിരുന്നു ചിത്രവീര്യന്‍റെ പൂർവ്വികർ. രാജകൊട്ടാരത്തിൽ ജോലിയുള്ളത് ഒരു വലിയ അന്തസ്സായി കണക്കാക്കിയിരുന്നവരായിരുന്നു അവന്‍റെ കുടുംബാംഗങ്ങൾ. ചിത്രവീര്യന്‍റെ അച്ഛൻ മഹേന്ദ്രപാൽ, മകനെയുംകൂട്ടി രാജസഭയുടെ മുന്നിലെത്തി. അവിടെ പ്രവേശനകവാടത്തിനു മുന്നിലെ കാവൽക്കാരനോടു രാജാവിനെ മുഖം കാണിക്കണമെന്നു പറഞ്ഞു. കാവൽക്കാരൻ മഹാരാജാവിന്‍റെ അടുത്തെത്തി അറിയിച്ചു:
"പ്രണാമം മഹാരാജൻ. നമ്മുടെ കൊട്ടാരംഗോശാലയിലെ പശുപാലകൻ മഹേന്ദ്രപാൽ അങ്ങയെ മുഖം കാണിക്കുവാൻ അനുവാദം ചോദിക്കുന്നു."
മഹാരാജൻ പരിചാരകനോട് അവരെ അകത്തേക്കു കടത്തിവിടുവാൻ കല്പിച്ചു.
"മഹാരാജ ബാബൂജിരാജ മഹാറാണ ഇന്ദ്രസിംഹ്ജി... വിജയിക്കട്ടേ.."
പിതാവു വിളിച്ചുപറഞ്ഞതു ചിത്രവീര്യനും ഏറ്റുപറഞ്ഞു. അവരുടെ അഭിവാദ്യത്തിൽ പ്രസന്നനായ മഹാരാജാവ് മഹേന്ദ്രപാലിനോടു ചോദിച്ചു:
"പറയൂ പശുപാലരേ, നിങ്ങൾക്കെന്താണു നാം ചെയ്യേണ്ടത്? കൂടെയുള്ള ഈ യുവാവ് ആരാണ്..?"
മഹാരാജാവിനെ താണുവണങ്ങിക്കൊണ്ടു മഹേന്ദ്രപാൽ പറഞ്ഞു:
"പ്രണാമം മഹാരാജൻ. അടിയന് അവിടുത്തോട് ഒരു ആഗ്രഹം ഉണർത്തിക്കുവാനുണ്ട്. അതു കേൾക്കുവാൻ തിരുവുളളം കനിവുണ്ടാകണം."
"എന്താണു പശുപാലകരേ, താങ്കൾക്കു നമ്മോടു പറയുവാനുള്ളത്? ഭയക്കേണ്ട കാര്യമില്ല. മടിക്കാതെ പറഞ്ഞാലും?"
"പ്രഭോ, ഇത് അടിയന്‍റെ സുപുത്രൻ ചിത്രവീര്യൻ. രാജ്സമന്ദിലെ ഗുരുകുലത്തിൽനിന്നു വിദ്യാഭ്യാസം പൂർത്തിയാക്കി കുറച്ചു നാളുകൾക്കുമുമ്പാണ് ഇവൻ ഭവനത്തിൽ തിരിച്ചെത്തിയത്. ഇവിടെ കൊട്ടാരത്തിലെ നമ്മുടെ ഗോക്കളെ സംരക്ഷിക്കുന്നതിന് അടിയന്‍റെ സഹായിയായി ഇവനെയും കൂടെനിറുത്തുവാൻ തിരുവുള്ളം കനിവുണ്ടാകണം. എനിക്കു പ്രായമാകുമ്പോഴേക്കും പശുപാലനത്തിൽ ഇവനു പരിചയസമ്പത്തു നേടുവാൻ അതുപകരിക്കുമെന്ന് അടിയൻ വിചാരിക്കുന്നു.''
"ശരി.. താങ്കളുടെ അഭീഷ്ടം നാം നിറവേറ്റിയിരിക്കുന്നു പശുപാലകരേ."
"ആരവിടെ? ഈ യുവാവിനെ നമ്മുടെ ചിത്തൗഡ്ഗഢ്കൊട്ടാരത്തിലെ ഗോശാലയിലെ ഉപ പശുപാലകരായി നാം ഇതാ നിയമിച്ചിരിക്കുന്നൂ. എത്രയും വേഗം ഈ യുവാവിനുള്ള കർമ്മവസ്ത്രം തുന്നിനല്കുവാൻ കൊട്ടാരംതുന്നൽക്കാരനോടു നാം കല്പിച്ചതായി നമ്മുടെ മഹാമന്ത്രിയെ അറിയിക്കുക."
മഹാരാജാവു തന്‍റെ സമ്മതം അറിയിച്ചുകൊണ്ട് കല്പിച്ചു.
"മഹാരാജൻ ബാബൂജിരാജാ മഹാറാണ ഇന്ദ്രസിംഹ്ജി നീണാൽ വാഴട്ടേ .."
അവർ മഹാരാജാവിനെ സ്തുതിച്ചുകൊണ്ട് രാജസഭയിൽനിന്നു സന്തോഷത്തോടെ തിരിച്ചുപോയി.
അങ്ങനെ ചിത്രവീര്യൻ കൊട്ടാരത്തിലെ ഉപ പശുപാലകനായി നിയമിതനായി.
ചിത്തൗഡ്ഗഢിനും പരിസരപ്രദേശങ്ങൾക്കും അടുത്തുള്ള ബിറാക്നദിയുടെ തീരത്തിനും ചുറ്റുമായി കിലോമീറ്ററുകൾ ദൂരത്തോളം കെട്ടിയുയർത്തിയിരുന്ന പടുകൂറ്റൻ വൻമതിലിന്‍റെ ഉള്ളിലായിരുന്നു ചിത്തൗഡ്ഗഢ്കൊട്ടാരവും അടുത്തുള്ള ഗ്രാമങ്ങളും സ്ഥിതിചെയ്തിരുന്നത്. ഈ മതിലിന്‍റെ അവസാനത്തെ അതിർത്തിയായ ദേവഗഢ്ഗ്രാമത്തിന്‍റെയും ചിത്തൗഡിന്‍റെയും ഇടയിലുള്ള മൂന്നു ഭാഗവും വനത്താൽ ചുറ്റപ്പെട്ട റാണാപ്പൂർ എന്ന ചെറിയ ഗ്രാമത്തിലായിരുന്നു രാജാവിന്‍റെ ഗോശാല ഉണ്ടായിരുന്നത്. കറവയുള്ള പശുക്കളെമാത്രമായിരുന്നു കൊട്ടാരത്തിലെ ഗോശാലയിൽ പാർപ്പിച്ചിരുന്നത്. അങ്ങനെ ചിത്രവീര്യനെ കാടിനുള്ളിലുള്ള റാണാപ്പൂർഗോശാലയിലേക്കു പശുപാലകനായി മഹേന്ദ്രപാൽ പറഞ്ഞുവിട്ടു.
ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ , ചിത്തൗഡ്ഗഢ് കൊടിയ വരൾച്ചയുടെ പിടിയിലായി. ബിറാക്നദിയിലെ വെള്ളം വറ്റിവരണ്ടു. നാട്ടിൽ പശുക്കൾക്കു നല്കുവാനുള്ള വൈക്കോലിനും പുല്ലിനും ക്ഷാമം നേരിട്ടപ്പോൾ ചിത്രവീര്യൻ , തൊട്ടടുത്തുള്ള റാണാപ്പൂർകൊടുംകാട്ടിൽ പശുക്കളെയും ആടുമാടുകളെയും മേയ്ക്കുവാൻ തുടങ്ങി. രാവിലെ ആടുമാടുകളെയുംകൊണ്ടു വനത്തിൽ കയറിയാൽ സന്ധ്യയാകുമ്പോഴാണ് അവൻ തിരികെ വന്നിരുന്നത്. ഒരു ദിവസം തന്‍റെ പശുക്കളെയും ആടുകളെയും കാട്ടിൽ മേയുവാൻവിട്ട് ബിറാക്നദിയുടെ അടുത്തുള്ള മലഞ്ചെരുവിലെ ജീൽബിറാക്ക് തടാകത്തിനടുത്തുള്ള ഒരു മരച്ചുവട്ടിലിരുന്ന് വിശ്രമിക്കുകയായിരുന്നു ചിത്രവീര്യൻ. ക്ഷീണം കാരണം അവൻ പെട്ടന്ന് ഉറങ്ങിപ്പോയി. ആ സമയത്താണ് കാടിന്‍റെ അങ്ങേയറ്റത്തുള്ള ബന്ദ്യാലഘാട്ടിയിൽ താമസമാക്കിയിരുന്ന ഭീകരനായ ഒരു വ്യാളി വെള്ളം കുടിക്കുവാൻ താടകത്തിനടുത്തേക്കു പറന്നുവന്നത്. ആകാശത്തിൽ വച്ചുതന്നെ തടാകത്തിന്‍റെ കരയിലെ മരച്ചുവട്ടിലിരുന്ന് ഉറങ്ങുന്ന ചിത്രവീര്യനെ കണ്ടപ്പോൾ മനുഷ്യമാംസത്തിന്‍റെ രുചിയോർത്തു വ്യാളിയുടെ വായിൽ വെള്ളം നിറഞ്ഞു. ഉറങ്ങിക്കിടക്കുന്ന അവന്‍റെയടുത്ത് ചിറകടിശബ്ദം കേൾപ്പിക്കാതെ പറന്നിറങ്ങി; അവന്‍റെ മുഖത്തു നോക്കി വ്യാളി മനസ്സിൽപ്പറഞ്ഞു:
"ഹ ഹ ഹ. ഒരുപാടു നാളുകളായി കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും മാംസം തിന്നു വിശപ്പടക്കുന്നു. ഇന്ന് ഇവന്‍റെ രുചിയുള്ള മാംസം എനിക്ക് ഉച്ചഭക്ഷണമാക്കണം . ഇവന്‍റെ ചുടുരക്തം കുടിച്ചു ദാഹം തീർക്കണം. പക്ഷേ, ഉറങ്ങിക്കിടക്കുന്നവരെ വേട്ടയാടുന്നതും കൊല്ലുന്നതും വ്യാളിലോകത്തിലെ നിയമത്തിൽ വലിയ അപരാധമാണല്ലോ? അതുകൊണ്ട് അവൻ ഉണരുന്നതുവരെ കാത്തിരിക്കുകതന്നെ. ഇനിയവന് ഇങ്ങനെ ഉറങ്ങാൻ പറ്റില്ലല്ലോ. ഇതവന്‍റെ അവസാനത്തെ ഉറക്കമല്ലേ? ശരിക്കും ഉറങ്ങട്ടേ.. ഹ ഹ?"
ചിത്രവീര്യൻ ഉറക്കമുണരുന്നതുവരെ വ്യാളി ക്ഷമയോടെ അവിടെ കാത്തുനിന്നു.
പതിവിനു വിപരീതമായി അസഹനീയമായ ദുർഗ്ഗന്ധം ശ്വസിച്ചപ്പോൾ അവന്‍റെ ഉറക്കം പമ്പകടന്നു. അവൻ ഒന്നു തിരിഞ്ഞുകിടന്നു മെല്ലേ കണ്ണു തുറന്നപ്പോൾ തന്‍റെ മുന്നിലെ കാഴ്ച്ചകണ്ടു ഞെട്ടിപ്പോയി! തനിക്കരുകിൽ ഒരു ഭീകര രൂപി തടാകത്തിലേക്കു നോക്കിനില്ക്കുന്നു. അവൻ ഉറക്കമുണരുന്നതും കാത്തിരുന്നു മടുത്ത വ്യാളി തിരിഞ്ഞു തടാകത്തിലേക്കു നോക്കിയ സമയത്തായിരുന്നു അവൻ ഉറക്കമുണർന്നത്. ഒരു അലർച്ച പുറത്തേക്കുവന്നത് അവൻ രണ്ടു കൈകൊണ്ടും വായ പൊത്തിപ്പിടിച്ചടക്കി. പിന്നെ , ശബ്ദമുണ്ടാക്കാതെ അവിടെ കിടന്നുചിന്തിച്ചു.
"താൻ ഉറങ്ങുന്നതുകൊണ്ടായിരിക്കാം ഈ വ്യാളി തന്നെ കൊല്ലാതിരുന്നത്. അതുകൊണ്ട് ഉറക്കം നടിക്കുകതന്നെ. വ്യാളിയുടെ മനസ്സിൽ എന്താണെന്നറിയാമല്ലോ? അതറിഞ്ഞിട്ടു വേണം രക്ഷപെടുവാനുള്ള എന്തെങ്കിലും ഉപായം കണ്ടുപിടിക്കാൻ."
അവൻ അനങ്ങാതെ കിടന്നു. കുറെ നേരം കഴിഞ്ഞപ്പോൾ അസഹനിയമായ വിശപ്പും ദാഹവും ആ വ്യാളിയെ ഭ്രാന്തു പിടിപ്പിച്ചു ദേഷ്യം സഹിക്കാനാവാതെ വ്യാളി ഉച്ചത്തിൽ അലറി. അപ്പോൾ അതിന്‍റെ വായിൽനിന്ന് അഗ്നിനാളങ്ങൾ പുറത്തേക്കുവന്നു. വ്യാളിയുടെ അലർച്ചകേട്ട് തടാകത്തിനടുത്തു മേഞ്ഞിരുന്ന മൃഗങ്ങളെല്ലാം പേടിച്ചു നാലുപാടും ചിതറിയോടി. വ്യാളിയുടെ ശബ്ദത്തിന്‍റെ പ്രകമ്പനത്താൽ തടാകത്തിൽ തിരമാലകളുയർന്നു. മരത്തിന്‍റെ ചില്ലകളെല്ലാം കാറ്റടിച്ചതുപോലേ ഇളകിയാടി. പക്ഷികളെല്ലാം മരക്കൊമ്പിൽനിന്നു ചിറകടിച്ചുയർന്നു. പക്ഷേ, ചിത്രവീര്യൻമാത്രം എഴുന്നേറ്റില്ല. അവൻ കണ്ണുകൾ ഇറുക്കിപ്പിടിച്ച് അതേ കിടപ്പു തുടർന്നു.
"ങ്ങേ... എന്ത്? താൻ ഇത്രയും ഉറക്കെ അലറിയിട്ടും അതു കേട്ടു മൃഗങ്ങളെല്ലാം പേടിച്ചോടിയിട്ടും ഈ പീറ മനുഷ്യൻമാത്രം അനങ്ങുന്നില്ലല്ലോ? ഇവനു തന്നെ പേടിയില്ലേ? തന്‍റെ ഭീകരരൂപം കണ്ടിട്ടു ഭയം തോന്നുന്നില്ലേ? ഇവനെ എങ്ങനെയെങ്കിലും പേടിപ്പിച്ച് എഴുന്നേൽപ്പിക്കണം.. വിശന്നിട്ടു കുടലു കരിയുന്നു."
വ്യാളി ആദ്യത്തേതിലും ശക്തമായി വീണ്ടും അലറി. അപ്പോഴും അവൻ അനങ്ങാതെ കിടന്നു. ഇതു കണ്ടപ്പോൾ വ്യാളിക്കു ഭയമായി. തന്‍റെയടുത്ത് ഇടിമുഴക്കംപോലുള്ള ശബ്ദമുയർന്നിട്ടും അതൊന്നും ഗൗനിക്കാതെ ഗാഢനിദ്രയിൽ തുടരുന്ന ഇവൻ മഹാ ധൈര്യവാനും ശക്തിശാലിയുമായിരിക്കും അല്ലെങ്കിൽതന്നെ തന്‍റെ ഭീകരരൂപം കാണുന്ന മാത്രയിൽ മനുഷ്യന്മാർ പേടിച്ചുകരയാറുണ്ടല്ലോ? അങ്ങനെയുള്ള എത്ര മനുഷ്യന്മാരെ താൻ ഭക്ഷിച്ചിരിക്കുന്നു? ഇവൻ അവരിൽനിന്നു വ്യത്യസ്തനാണ്. ചിലപ്പോൾ ഇവനു തന്നെക്കാൾ ശക്തിയുണ്ടാകും . എങ്ങനെയാണ് ഇവനെ തോല്പിക്കുക? ഈ മനുഷ്യന് എത്രമാത്രം ശക്തിയുണ്ടെന്ന് എങ്ങനെ അറിയാൻ കഴിയും? ഇവനോടു തഞ്ചത്തിൻ നിന്നിട്ടു വേണം തോല്പിച്ച് തനിക്ക് ഇന്നത്തെ ആഹാരമാക്കുവാൻ."
വ്യാളി ചിത്രവീര്യന്‍റെ പാദത്തിൽ തട്ടിവിളിച്ചു:
"ഹേ മനുഷ്യാ, ഉണരൂ. എനിക്കു നിന്നോടു യുദ്ധംചെയ്യണം. നമ്മളിൽ ആർക്കാണു കൂടുതൽ ശക്തിയെന്ന് എനിക്കറിയണം."
കണ്ണുതുറന്ന ചിത്രവീര്യൻ എഴുന്നേറ്റു വ്യാളിയെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു:
"ഹ ഹ ഹ.., ഇത്രയും നേരം ഞാനിവിടെ കാത്തിരുന്നതു വെറുതേയായില്ല."
അതു കേട്ടപ്പോൾ വ്യാളിക്കു വീണ്ടും ഭയമായി. എങ്കിലും ഭയം പുറത്തുകാണിക്കാതെ അവനോടു ചോദിച്ചു:
"കാത്തിരുന്നെന്നോ..? ആരെയാണു നിങ്ങൾ കാത്തിരുന്നത്? എന്നെയാണോ?"
"അതേ. തൊണ്ണൂറ്റിയൊൻപതു വ്യാളികളെ കൊന്നുതിന്ന എനിക്കു മാന്ത്രികസംഖ്യയായ നൂറ് തികയ്ക്കാൻ ഇനി ഒരെണ്ണംമാത്രം മതി. ഓരോ ദിവസവും ഈ തടാകത്തിന്‍റെ കരയിൽ ഞാൻ കാത്തിരിക്കുകയായിരുന്നു. ഇന്നെന്‍റെ കാത്തിരിപ്പു വെറുതേയായില്ല."
അവന്‍റെ വാക്കുകൾ കേട്ടപ്പോൾ മരമണ്ടനായ വ്യാളി ഞെട്ടിപ്പോയി. ഭയത്തോടെ അവനോടു വീണ്ടും ചോദിച്ചു:
"സത്യമായിട്ടും തൊണ്ണൂറ്റിയൊമ്പതു വ്യാളികളെ നീ കൊന്നുതിന്നുവെന്നോ?! എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്രയും ചെറിയവനായ നിനക്കെങ്ങനെ ഭീമാകാരമുള്ള വ്യാളികളെ കൊല്ലുവാൻ കഴിയും?!"
വ്യാളിയുടെ സംശയം കേട്ടപ്പോൾ മണ്ടൻവ്യാളി താൻ പറഞ്ഞതു കേട്ട് ഭയന്നുപോയെന്നു മനസ്സിലായ ചിത്രവീര്യന്‍ ഉള്ളിൽ ചിരി വന്നെങ്കിലും അതു പുറത്തുകാണിക്കാതെ ഉറക്കെ പറഞ്ഞു:
"തിന്നു. എന്താ സംശയം? നിനക്കറിയാമോ, ഇന്നു രാവിലെ ഇവിടെ നടന്നതെന്താണെന്ന്?"
അവൻ വ്യാളിയോടു ചോദിച്ചു.
"ഇല്ല. എന്താണു സംഭവിച്ചത്?"
വ്യാളിക്കു വീണ്ടും സംശയമായി.
"എന്നെ കൊല്ലാതെ വിട്ടാൽ എന്നേക്കാളും വലിയ ഏതെങ്കിലും ഒരു വ്യാളിയെ വെള്ളം കുടിക്കാൻ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരാമെന്നു പറഞ്ഞ് നേരത്തേ ഇവിടുന്നു ഒരു ചെറിയ വ്യാളി ഓടിപ്പോയിരുന്നു. ഇത്രയും നേരം ഞാൻ ആ ചെറിയ വ്യാളി വരുന്നതും കാത്തിരുന്നപ്പോഴാണ് ഞാനുറങ്ങിപ്പോയത്. ഏതായാലും അതു നന്നായി. വലിയവനായ നിന്നെ എന്‍റെ മുന്നിലെത്തിച്ചു ചെറിയ വ്യാളി വാക്കുപാലിച്ചിരിക്കുന്നു. ഹ ഹ ഹ. അവനെ ഞാൻ അടുത്ത പ്രാവശ്യം കൊല്ലും. ഇന്ന് നീ മതി. നിന്‍റെ നാക്ക് എനിക്കു കടിച്ചുപറിക്കണം... ഹി ഹി.. ഹി.."
ചിത്രവീര്യൻ സന്തോഷംകൊണ്ടു തുള്ളിച്ചാടി.
അതുകൂടെ കേട്ടപ്പോൾ വ്യാളി ശരിക്കും ഭയന്നു. കുറച്ചു നേരം ചിന്തിച്ചുനിന്നശേഷം വ്യാളി അവനോടു പറഞ്ഞു:
"ശരിശരി. നമുക്കു തമ്മിൽ ഒരു മത്സരം വയ്ക്കാം. അതിൽ ജയിക്കുന്നവനു തോല്ക്കുന്നവനെ തിന്നാം. സമ്മതമാണോ?"
"സമ്മതം. പക്ഷേ, എനിക്കൊരു കാര്യം പറയാനുണ്ട്. അത് എനിക്കു വേണ്ടിയല്ല, നിനക്കു വേണ്ടിയാണ്."
ചിത്രവീര്യൻ അങ്ങനെ പറഞ്ഞപ്പോൾ വ്യാളിക്കു വീണ്ടും സംശയമായി.
"എനിക്കു വേണ്ടിയോ..? അതെന്താണ് അങ്ങനെ?
"അല്ല.. ആദ്യ മത്സരത്തിൽത്തന്നെ നിന്നെ ഞാൻ തോല്പിച്ചാൽപ്പിന്നെ നിന്നെ ഞാൻ കൊല്ലൂലോ? അതിനാൽ നിന്‍റെ ജീവൻ രക്ഷിക്കാൻവേണ്ടി രണ്ട് അവസരങ്ങൾക്കൂടെ നിനക്കു തരും. അതാണ് നിനക്കുവേണ്ടിയെന്നു ഞാൻ പറഞ്ഞത്. ആദ്യ മത്സരം നിനക്കു തീരുമാനിക്കാം."
വ്യാളി അതിനു സമ്മതിച്ചു. കുറച്ചു നേരം ചിന്തിച്ചശേഷം വ്യാളി പറഞ്ഞു:
"എങ്കിൽ വരൂ. നമുക്കു തടാകത്തിലേക്കു പോകാം. ആരാണ് ഏറ്റവും അധികസമയം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതെന്നു നോക്കാം."
"ശരി പോകാം. പക്ഷേ, ഒരു കാര്യമുണ്ട്. എനിക്ക് ഒരു വടി വേണം. എങ്കിലേ എനിക്കു തടാകത്തിലേക്കു വരാൻ കഴിയൂ." ചിത്രവീര്യൻ പറഞ്ഞു.
അതുകേട്ട വ്യാളി ആശ്ചചര്യത്തോടെ അവനോടു ചോദിച്ചു:
"അതെന്തിനാണ് നിനക്കു വെള്ളത്തിൽ കിടക്കാൻ രണ്ടു വടികൾ.?
"അതോ? ഭാരക്കൂടുതൽ ഉള്ളതുകൊണ്ടു നിനക്കു വെള്ളത്തിന്റെ അടിയിലേക്കു വേഗം താഴ്ന്നുപോകാൻ കഴിയും. എനിക്കു ഭാരം കുറവായതുകൊണ്ട് എന്റെ ശരീരം വെള്ളത്തിനു മുകളിൽ പൊന്തിവരും അങ്ങനെ വരാതിരിക്കാൻ ഒരു വടികൊണ്ട് എനിക്കെന്റെ ദേഹം താഴ്ത്തിപ്പിടിക്കണം. നീ വ്യാളിയായതുകൊണ്ട് വെള്ളത്തിന്റെ അടിയിലും നിനക്കു കാണാൻ കഴിയും. ഞാൻ കണ്ണടച്ചു പിടിക്കുന്നതുകൊണ്ട് എനിക്കു നിന്നെ കാണാനും കഴിയില്ല. അപ്പോൾ ഞാനറിയാതെ നീ വെള്ളത്തിനടിയിൽ നിന്നും പൊന്തിവരാതിരിക്കാൻ ഒരു വടി എനിക്കു നിന്റെ ദേഹത്തു വയ്ക്കണം
ഞാൻ പറഞ്ഞതിൽ നിനക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ നമുക്കൊന്നു പരീക്ഷിച്ചുനോക്കാം. അതു മാത്രമല്ല നമുക്കു മുഖത്തോടു മുഖം നോക്കി മുങ്ങിക്കിടക്കാം."
"എനിക്കു സംശയമില്ല. നീ പോയി വടി വെട്ടിക്കൊണ്ടുവരിക. ഞാൻ കാത്തിരിക്കാം."
ഇതു കേട്ടപ്പോൾ ചിത്രവീര്യൻ ഗോശാലയിൽ പശുക്കളെ കെട്ടുന്നിടത്തു ചപ്പുചവറുകൾ വെട്ടിയിടാൻ വേണ്ടി തന്‍റെ തുണിസഞ്ചിയിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തിയുമെടുത്ത് വടി വെട്ടാൻ പോയി. കുറച്ചടുത്തുള്ള ഈറ്റക്കാട്ടിൽപ്പോയി കടിച്ചു പിടിക്കാൻ തക്ക വണ്ണമുള്ള ഒരു ഈറ്റ സാമാന്യം നീളത്തിൽ വെട്ടിയെടുത്തു. പിന്നീട് വേറൊരു വടി വെട്ടിയെടുത്ത് അതിനെ ഈറ്റയുടെ ഉള്ളിലേക്കടിച്ചു കയറ്റി ഈറ്റയുടെ അകത്തുള്ള മുട്ടുകളിൽ തുളയിട്ടു വായുസഞ്ചാരയോഗ്യമാക്കി. തിരിച്ചു വ്യാളിയുടെ അടുത്തെത്തി പറഞ്ഞു:
"ശരി മത്സരം തുടങ്ങാം. വരൂ."
അതുകേട്ടപ്പോൾ വ്യാളിക്ക് ഉള്ളിൽ ചിരിപൊട്ടി. മനസ്സിൽ ഇങ്ങനെ പറഞ്ഞു:
"ഹ ഹ . ഇത്തിരിയില്ലാത്ത ഈ മനുഷ്യന് എത്ര നേരം വെള്ളത്തിനടിയിൽ ശ്വാസം പടിച്ചുനില്ക്കാൻ കഴിയും? ഇതിൽ ഇവൻ തോറ്റതുതന്നെ. മണ്ടൻ, മരമണ്ടൻ. ഹി ഹി."
രണ്ടു പേരും തയ്യാറായി. വ്യാളി ആദ്യം വെള്ളത്തിലിറങ്ങി . ഉടൻതന്നെ ചിത്രവീര്യൻ വടിയുടെ ഒരു തല കടിച്ചുപിടിച്ചുകൊണ്ട് അതിന്‍റെ പുറകേ ചെന്നു. രണ്ടു പേരും വെള്ളത്തിൽ മുങ്ങിക്കിടന്നു. വെള്ളത്തിന്‍റെ അടിയിൽവെച്ച് വ്യാളി കണ്ണു തുറന്നുനോക്കുമ്പോൾ ചിത്രവീര്യൻ വടിയും കടിച്ചു കണ്ണടച്ചുപിടിച്ച് അനങ്ങാതെ നില്ക്കുന്നു. കുറെ നേരമായപ്പോൾ വ്യാളിക്കു ശ്വാസംമുട്ടാൻ തുടങ്ങി. ഗത്യന്തരമില്ലാതെ വ്യാളി വെള്ളത്തിനു മുകളിലേക്കു പൊന്തിവന്നു. പിന്നെയും കുറെക്കഴിഞ്ഞാണു ചിത്രവീര്യൻ പൊന്തിവന്നത്.
"ഹ ഹ. ഞാൻതന്നെ ശക്തിമാൻ. ഞാൻ നേരത്തേ പറഞ്ഞില്ലേ, നിന്നെ തോല്പിക്കുമെന്ന്? ഇപ്പോഴെന്തായി? ഹീയാ.. ഹൂ.."
അവൻ അലറിച്ചിരിച്ചു. ഒരു മനുഷ്യന്‍റെ മുന്നിൽ താൻ തേറ്റുവെന്നതു വ്യാളിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. എങ്കിലും രണ്ടാമത്തെ മത്സരത്തിനു തയ്യാറായി. അപ്പോൾ ചിത്രവീര്യൻ പറഞ്ഞു:
"ഞാനാകെ നനഞ്ഞിരിക്കുന്നു. എന്‍റെ ദേഹം ഉണങ്ങുന്നതുവരെ നമുക്കു വിശ്രമിക്കാം. അവർ രണ്ടു പേരും വെയിൽ കാഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവർ രണ്ടാമത്തെ മത്സരം ആരംഭിച്ചു. ഇത്തവണ അവനായിരുന്നു മത്സരം തീരുമാനിച്ചത്.
"വ്യാളീ, നമ്മൾ തമ്മിലുള്ള ഈ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. ഇതിലും നീ തോറ്റാൽ അറിയാമല്ലോ, നിന്നെ ഞാനെന്താണ് ചെയ്യുന്നതെന്ന്? ഇനി മത്സരം തുടങ്ങാം."
"എന്താണ് ഈ മത്സരം? എങ്ങനെയാണു നടത്തുന്നത്?" വ്യാളി അവനോടു ചോദിച്ചു.
"പറയാം. ഏതെങ്കിലും ഒരു പ്രത്യേക ശബ്ദത്തിൽ ഒച്ചയെടുക്കണം. നമ്മളിൽ ആരുടെ ശബ്ദം കേൾക്കുമ്പോഴാണ് മറ്റു മൃഗങ്ങൾ ഈ തടാകത്തിന്‍റെയടുത്തു വരുന്നത് എന്നു നോക്കാം. സമ്മതിച്ചോ?
പേടിച്ച്ചുപോയ വ്യാളി ഒന്നും പറയാതെ അവൻ പറഞ്ഞത് അംഗീകരിച്ചു. ഉടനെതന്നെ അവൻ ഒരു പ്രത്യേകശബ്ദത്തിൽ നീട്ടി വിളിച്ചു. ഏതാനും നിമിഷം കഴിഞ്ഞപ്പോൾ നേരത്തേ പേടിച്ചോടിയ ഗോശാലയിലെ പശുക്കളും ആടുമാടുകളും അവന്‍റെ ശബ്ദം തിരിച്ചറിഞ്ഞ് തടാകത്തിനടുത്തേക്കു വന്നു. അത്ഭുതംതന്നെ. അതുകണ്ട് വ്യാളി ഞെട്ടിപ്പോയി. അപ്പോൾ അവൻ പറഞ്ഞു:
"ഇനി നിന്‍റെ അവസരമാണ്. ഈ വന്നുനില്ക്കുന്ന മൃഗങ്ങളെ ഭയപ്പെടുത്താതെ, ശബ്ദമുണ്ടാക്കി മറ്റു മൃഗങ്ങളെ വിളിക്കൂ."
പാവം വ്യാളി! എത്ര മനോഹരമായി വിളിച്ചിട്ടും ഒരു മൃഗവും വന്നില്ല കുറെ നേരം കഴിഞ്ഞപ്പോൾ അവർ അടുത്ത മത്സരം ആരംഭിച്ചു.
"കഴിഞ്ഞ രണ്ടു തവണ ഞാൻ ജയിച്ചു. ഇനിയും നീ തോറ്റാൽ നിന്‍റെ കഥ കഴിഞ്ഞതുതന്നെ. ഇത്തവണ നിനക്കു നിന്‍റെ ശക്തി പ്രകടിപ്പിക്കാം. ഇത് അവസാനത്തെ അവസരമാണ്."
ഉടനെതന്നെ വ്യാളി അലറിവിളിച്ച് തന്‍റെ വാലുകൊണ്ട് ഒരു മരം പിഴുതെറിഞ്ഞു. എന്നിട്ട് അവനോടു പറഞ്ഞു:
"നീയും അലറിവിളിച്ച് ഒരു മരം പിഴുതെറിയുക?"
"ഹ ഹ. ഇതാണോ? ഇത്ര നിസാരമായ കാര്യമാണോ എന്നോടു ചെയ്യാൻ പറയുന്നത്?"
വ്യാളിയോട് അങ്ങനെ പറഞ്ഞുകൊണ്ടു ചിത്രവീര്യൻ തന്‍റെ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന തലപ്പാവ് പുറത്തെടുത്തു. അതിന്‍റെ ചുറ്റുകൾ നിവർത്തി തലയിൽ കെട്ടാൻതുടങ്ങി. ഇതു കണ്ട വ്യാളി ചോദിച്ചു:
"എന്തിനാണ് നീ തലയിൽക്കൂടെ ഇത്രയും തുണി കെട്ടുന്നത്?"
"എന്തിനെന്നോ? നിനക്കറിയില്ലേ ഇത്രയും ശക്തനായ ഞാൻ അലറിവിളിക്കുമ്പോൾ മരങ്ങളെല്ലാം ഒടിഞ്ഞുവീഴില്ലേ? കല്ലുകൾ ചിതറിത്തെറിക്കില്ലേ..? അപ്പോൾ അതെങ്ങാനും എന്‍റെ തലയിൽ വീണാൽ വേദനയെടുക്കില്ലേ? അപ്പോൾ വേദനയെടുക്കാതിരിക്കാനാണ് ഇങ്ങനെ കെട്ടുന്നത്."
മരമണ്ടൻവ്യാളി അതു കേട്ടു പേടിച്ചുപോയി.
"അപ്പോൾ എന്‍റെ തലയും ദേഹവും ഞാൻ എങ്ങനെ സംരക്ഷിക്കും? ഒരു കാര്യം ചെയ്യൂ. നീ വലിയ ശക്തിമാനല്ലേ? അപ്പോൾ നിനക്കു കുഴപ്പമൊന്നും വരില്ല. അതുകൊണ്ട് ഈ തുണികൊണ്ട് എന്‍റെ തല മൂടിക്കെട്ടിത്തരൂ."
വ്യാളി പറഞ്ഞത് അവൻ അംഗീകരിച്ചു. ഉടനെതന്നെ ചിത്രവീര്യൻ തലപ്പാവുകൊണ്ട് അഴിഞ്ഞുപോകാത്ത വിധത്തിൽ വ്യാളിയുടെ തലയും കണ്ണുകളും വരിഞ്ഞുമുറുക്കി മൂടിക്കെട്ടി. വ്യാളി പിഴുതെടുത്ത മരത്തിൽനിന്നു നല്ല ബലമുള്ള ഒരു തടിക്കഷണമെടുത്ത് വ്യാളിയെ പ്രഹരിക്കാൻ തുടങ്ങി. വേദന സഹിക്കാൻ കഴിയാതെ വ്യാളി വാലിട്ടടിക്കാൻ തുടങ്ങിയപ്പോൾ ചുറ്റുമുള്ള മരങ്ങൾ ഒടിഞ്ഞുവീണു. ചിലത് ചുവടോടെ മറിഞ്ഞുവീണു. ഇതൊന്നും കാര്യമാക്കാതെ ചിത്രവീര്യൻ വ്യാളിയുടെ തലയ്ക്കിട്ടുതന്നെ പ്രഹരിച്ചുകൊണ്ടിരുന്നു. ഒടുവിൽ വ്യാളി രക്തം വാർന്ന് തളർന്നുവീണപ്പോൾ അവൻ പ്രഹരിക്കുന്നത് നിറുത്തി. വ്യാളിയുടെ കെട്ടഴിച്ചു മാറ്റി. കണ്ണുതുറന്നു ചുറ്റും നോക്കിയ വ്യാളി ഞെട്ടിത്തരിച്ചുപോയി.
"തനിക്കു ചുറ്റും വൃക്ഷങ്ങൾ ഒടിഞ്ഞുവീണും ഉരുളൻകല്ലുകൾ ചിതറിത്തെറിച്ചും കിടപ്പുണ്ട്. തന്‍റെ ദേഹം രക്തത്തിൽ കുളിച്ചിരിക്കുന്നു. പക്ഷേ, ചിത്രവീര്യനുമാത്രം ഒന്നും സംഭവിച്ചിട്ടില്ല. അതെങ്ങനെ സംഭവിച്ചു?! ഇവൻ തന്നെക്കാൾ മഹാശക്തിശാലിതന്നെ. സൂക്ഷിച്ചില്ലെങ്കിൽ തന്‍റെ ജീവൻ അപകടത്തിലാകും. ഇവനോടു രമ്യതപ്പെട്ടാൽ ഒരുപക്ഷേ, തന്‍റെ ജീവൻ രക്ഷിക്കാൻ കഴിയും."
വ്യാളി അവനോടു ചോദിച്ചു:
"ഹേ.. മനുഷ്യാ, എങ്ങനെയാണ് ഈ വൃക്ഷങ്ങളും കല്ലുകളും ഇവിടെ ഇങ്ങനെ ചിതറിക്കിടക്കുന്നത്? എന്‍റെ ദേഹം മുഴുവൻ മുറിഞ്ഞിട്ടുണ്ടല്ലോ? നിനക്കുമാത്രം ഒന്നും സംഭവിച്ചില്ല. അതെന്താണ്?"
"ഹ ഹ ഹ. ഞാൻ നേരത്തേ പറഞ്ഞിരുന്നില്ലേ എന്‍റെ അലർച്ചയിൽ വമ്പൻ മരങ്ങളും കല്ലുകളുമെല്ലാം ചിതറിത്തെറിക്കുമെന്ന്? നീ എന്‍റെ തലപ്പാവുകൊണ്ട് നിന്‍റെ കണ്ണും ശിരസ്സും മറച്ചതു നന്നായി. അല്ലെങ്കിൽ കല്ലും മരങ്ങളും വീണ് നിന്‍റെ തല തകർന്ന് നീ മരണപ്പെട്ടേനെ. എന്‍റെ ദേഹത്തു വീണ മരങ്ങളും കല്ലുകളുമാണ് ഇവിടെ ചിതറിക്കിടക്കുന്നത്. നിന്‍റെ ദേഹം മറയ്ക്കാത്തതുകൊണ്ടാണ് നിനക്കു മുറിവുകൾ പറ്റിയത്. നിനക്കു സംശയമുണ്ടെങ്കിൽ ഞാൻ ഒരു തവണകൂടെ അലർച്ചയുണ്ടാക്കാം. പക്ഷേ, എന്‍റെ തലപ്പാവുകൊണ്ട് നീ തലയും മുഖവും മറച്ചാൽ ഇതെല്ലാം എങ്ങനെ സംഭവിക്കുന്നതെന്നു നിനക്കറിയാൻ കഴിയില്ല. അതുകൊണ്ട് എന്‍റെ തലപ്പാവ് എനിക്കു തരിക. ഇപ്രാവശ്യം ഞാൻ എന്‍റെ ദേഹം സംരക്ഷിക്കട്ടേ."
വ്യാളി ഞെട്ടിപ്പോയി. ഇനിയും മരങ്ങളും കല്ലുകളും തന്‍റെ ദേഹത്തു വീണാൽ കഥ കഴിഞ്ഞതുതന്നെ. ഇവന്‍റെ കാലുപിടിച്ചപേക്ഷിച്ചാൽ താൻ രക്ഷപ്പെടും. പെട്ടെന്നു വ്യാളി ചിത്രവീര്യന്‍റെ പാദങ്ങളിൽ വീണു കേണപേക്ഷിച്ചു:
"മഹാശക്തിശാലിയായ മനുഷ്യാ, നമ്മൾ തമ്മിലുള്ള മത്സരത്തിൽ നീ ജയിച്ചിരിക്കുന്നു. തോല്ക്കുന്നവനെ ജയിക്കുന്നവൻ കൊല്ലുമെന്നല്ലേ പറഞ്ഞിരുന്നത്.? അപ്പോൾ നീയെന്നെ കൊല്ലുമല്ലോ? എന്നെ കൊല്ലാതെ വിട്ടാൽ ഞാൻ പോയി എന്‍റെ ഗുഹയിലുള്ള വലിയൊരു നിധിശേഖരം സമ്മാനമായി കൊണ്ടുവന്നുതരും. സമ്മതമാണോ?"
ചിത്രവീര്യൻ വ്യാളിയോടു പറഞ്ഞു:
"ഞാനൊനാലോചിക്കട്ടേ. പക്ഷേ, നിന്നെ കൊല്ലാതെ വിട്ടാൽ ഞാനെങ്ങനെ എന്‍റെ മാന്ത്രികസംഖ്യ പൂർത്തീകരിക്കും ഇനി ചെറിയ വ്യാളി ഇതുവഴി വന്നില്ലെങ്കിലോ? ഏതായാലും നീ എന്നോട് ആദ്യമായി യാചിച്ചതല്ലേ? നിനക്ക് ഒരു അവസരം തരാം. പക്ഷേ, നീ പോയാൽ തിരിച്ചുവരുമെന്ന് എന്താണ് ഉറപ്പ്?"
"ഞങ്ങൾ വ്യാളികൾ മറ്റുള്ളവരേപ്പോലേ വാക്കു മാറില്ല. നിനക്കെന്നെ വിശ്വസിക്കാം."
അതു കേട്ടപ്പോൾ ചിത്രവീര്യൻ വ്യാളിയെ പോകാൻ അനുവദിച്ചു. ഉടൻതന്നെ വ്യാളി പറന്നുയർന്ന് വാസസ്ഥലമായ ബന്ദ്യാലഘാട്ടിയിലേക്കുപോയി. കുറെയേറെ സമയം കഴിഞ്ഞപ്പോൾ വ്യാളി വലിയൊരു ചാക്കിൽ നിറയെ നിധിയുമായി തിരിച്ചുവന്ന് അവനു കൊടുത്തുകൊണ്ടു പറഞ്ഞു:
"ഇതാ നിനക്കുള്ള എന്‍റെ സമ്മാനമായ നിധിശേഖരം. ഇതു സ്വീകരിച്ച് എന്നെ പോകാൻ അനുവദിച്ചാലും."
"ശരി. ഞാൻ അനുവദിച്ചിരിക്കുന്നു. പക്ഷേ, ഒരു കാര്യം. മേലിൽ നീ ഞങ്ങളുടെ മേവാഡ്സാമ്രാജ്യത്തിൽ വന്നുപോകരുത്. വന്നാൽ ഞാൻ നിന്നെ കൊന്നുതിന്ന് എന്‍റെ മാന്ത്രികസംഖ്യ പൂർത്തീകരിക്കും. ഞാൻ പറഞ്ഞതു മനസ്സിലായെങ്കിൽ ഇവിടുന്ന് രക്ഷപെട്ടുപൊയ്ക്കൊള്ളൂ."
വ്യാളി ജീവൻ കിട്ടിയ സന്തോഷത്തോടെ ആകാശത്തിലേക്കു പറന്നകന്ന് അവന്‍റെ കണ്ണിൽനിന്നു മറഞ്ഞു. ചിത്രവീര്യൻ തനിക്കു കിട്ടിയ നിധിയുമായി വൈകുന്നേരമായപ്പോൾ ഗോശാലയിലേക്കു തിരിച്ചുപോയി. വളരെക്കാലം സുഖമായി ജീവിച്ചു.(ശുഭം)
_______________________
വിഡ്ഢിയായ ഒരുവൻ എത്ര ശക്തനായാലും വിജയം എന്നും അവന് അന്യമായിരിക്കും

BY Benny TJ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot