നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശിക്ഷ


"എന്തൊക്കെ ആയാലും തന്റെ അമ്മയും, അനിയനും അല്ലേ മാളു വന്നിരിക്കുന്നത്. ഇവിടെ ഇങ്ങനെ ഇരിക്കാതെ താനൊന്നു താഴേക്കു ചെല്ല് "
ശരൺ അങ്ങനെ പറയുമ്പോൾ എനിക്കെന്നെ തന്നെ നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
"എല്ലാം അറിഞ്ഞു വെച്ചിട്ടും ഞാൻ അവരെ കാണാൻ ചെല്ലണം എന്നാണോ ശരൺ പറയുന്നത്... ഇല്ല.. എനിക്കതിനു സാധിക്കില്ല.. എനിക്കാരെയും കാണണ്ട എന്നു പറഞ്ഞേക്ക് അവരോടു "
ഇതും പറഞ്ഞു മേശയിൽ മുഖം അമർത്തി കിടക്കുമ്പോൾ പലരോടുമുള്ള രോഷം മനസ്സിൽ കത്തി കയറുകയായിരുന്നു.
എന്റെ തലയിൽ ഒന്നു തലോടി ശരൺ താഴെക്കു പോകാൻ റൂമിന്റെ വാതിൽ തുറക്കുമ്പോൾ മുന്നിൽ എന്റെ അമ്മയും, അനന്തുവും നിൽപ്പുണ്ടായിരുന്നു.
അനന്തു എന്ന അനന്തപത്മനാഭൻ... ഒരു കാലത്ത് ഈ മാളുവേച്ചിയുടെ എല്ലാം എല്ലാം ആയിരുന്ന പൊന്നനിയൻ...ഇന്നു ഞാൻ ഏറ്റവും അധികം വെറുക്കുന്നതും അവനെ തന്നെയാണ്.
"അകത്തേക്ക് വരരുത് "..റൂമിലേക്ക്‌ കടക്കാൻ നോക്കിയ അവരെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.
മാളുവേച്ചി ഞാൻ...
ചേച്ചിയോ ആരുടെ ചേച്ചി.. എനിക്കൊരു അനിയൻ ഉണ്ടായിരുന്നു. അവൻ മരിച്ചിട്ടിപ്പോ വർഷം ഒന്നു കഴിഞ്ഞു. അവനു വേദനിക്കുമെന്നു അറിഞ്ഞു കൊണ്ട് തന്നെ ഞാൻ പറഞ്ഞു.
എന്തൊക്കെയാ മാളു നീ പറയുന്നത്. ആരോടാണ്.. എന്താണ് പറയുന്നതെന്ന ബോധ്യം ഉണ്ടോ നിനക്ക്. പറയുന്നതൊന്നും തിരിച്ചെടുക്കാൻ പറ്റില്ല എന്നുള്ള ബോധ്യത്തോടെ വേണം പറയാൻ. പിന്നീട് തെറ്റായിപോയിന്നു തോന്നും പലതും...
ആരു.. അമ്മയാണോ എന്നെ തെറ്റും ശെരിയും പഠിപ്പിക്കാൻ വരുന്നത്...
അമ്മക്കതിന് അർഹത ഉണ്ടായിരുന്ന ഒരുകാലം ഉണ്ടായിരുന്നു... മദ്യപിച്ചു മദമിളകിയ ഇവനും, കൂട്ടുകാരനും ചേർന്നു എന്റെ പ്രായം പോലുമില്ലാത്ത, നമ്മുടെ വീട്ടിൽ ജീവിക്കാൻ വേണ്ടി ജോലിക്ക് നിന്ന പെൺകുട്ടിയെ പിച്ചിച്ചീന്തി എന്നറിഞ്ഞിട്ടും... പണം കൊടുത്തു മോന്റെ കുറ്റം ഒതുക്കാൻ ശ്രമിച്ച അന്ന് അമ്മയുടെ ആ അർഹത തീർന്നു...
അവര് പാവങ്ങൾ ആയതു കൊണ്ടും, നാലാൾ അറിഞ്ഞാൽ അവരുടെ അഭിമാനം പോകും എന്നപേടി അവർക്കുള്ളത് കൊണ്ടും. ആ കുട്ടിക്ക് താഴെ ഇനിയും പെണ്മക്കൾ ഉള്ളത് കൊണ്ടു...അവരുടെ ഭാവിയെപ്പറ്റി ഉള്ള പേടിയിലും പുറംലോകം അറിയാതെ ഇതു ഒതുങ്ങി തീർന്നു..
അഡ്വക്കേറ്റ് കൃഷ്ണമാധവിന്റെ പണത്തിനും സ്വാധീനത്തിനും, അമ്മയുടെ കരച്ചിലിനും, കാലുപിടിത്തത്തിനും അവർക്കു കീഴടങ്ങേണ്ടി വന്നു എന്നു കൂടി പറയാം. പക്ഷെ എനിക്കൊരിക്കലും ഇവനോടും, അതിനു കൂട്ടു നിന്ന നിങ്ങളോടും ക്ഷമിക്കാനാകില്ല...
അവർക്കു സമ്മതമായിരുന്നെങ്കിൽ, അവർക്കായി ഞാൻ.. ഈ അഡ്വക്കേറ്റ് മാളവിക തന്നെ കേസ് നടത്തിയേനെ.. ക്രോധത്തോടെ തന്നെ ഞാൻ പറഞ്ഞു.
"നിന്നെ പോലെ തന്നെയാ ഇവനും ഞങ്ങൾക്ക്. ഇവനൊരു പ്രശ്നം വന്നാൽ ഒപ്പം നിൽക്കേണ്ടത് ഞങ്ങടെ കടമയാണ്. നിന്റെ മക്കൾക്കൊരു ആവശ്യം വരട്ടെ.. അപ്പൊ നിനക്കതു മനസ്സിലാകും. "
അമ്മ നിർത്താൻ ഭാവമില്ലായിരുന്നു.
അമ്മ പറഞ്ഞത് ശെരിയാണ്‌. എന്റെ മക്കൾക്കൊരു ആവശ്യം വന്നാൽ ജീവൻ കൊടുത്തും ഞാൻ അവരുടെ ഒപ്പം നിൽക്കും. പക്ഷെ ഒരു പെണ്ണിന്റ മാനത്തിനു വില പറഞ്ഞിട്ടാണ് എന്റെ മോൻ വരുന്നതെങ്കിൽ അവന്റെ മുഖത്ത് ആദ്യം വീഴുന്നത് എന്റെ കൈകൾ തന്നെ ആയിരിക്കും. അല്ലാതെ അച്ഛനും, അമ്മയും ചെയ്ത പോലെ അവനെ രക്ഷിക്കാൻ ആരുടെ പുറകെയും ഞാൻ നടക്കില്ല..
പിന്നെ ഇപ്പോൾ വന്നിരിക്കുന്നത് ഇവിടെ ആരോടും ഉള്ള സ്നേഹം കൊണ്ടൊന്നും അല്ലല്ലോ. ഇവന്റെ കല്യാണം ഏതാണ്ട് ഉറപ്പിച്ചു. ഇനി നിശ്ചയത്തിനും, കല്യാണത്തിനുമൊന്നും ഒരേയൊരു പെങ്ങളെയും കുടുംബത്തെയും കണ്ടില്ലെങ്കിൽ നാട്ടുകാർ എന്തു പറയുന്നുള്ള പേടി... അതല്ലെ ഈ വരവിന്റെ ഉദ്ദേശം.. പിന്നെ ഇനി ഇവൻ മൂലം ഒരു പെൺകുട്ടിയുടെ ജീവിതം കൂടെ നശിപ്പിക്കാൻ ഞാൻ കൂട്ടു നിൽക്കില്ല.
ഒന്നും മിണ്ടാതെ തലകുനിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങിയ അമ്മയും, അനന്തുവും എന്തോ ഓർത്തിട്ടെന്ന പോലെ നിന്നു.
ഏട്ടാ... അപ്പുവും ചിന്നുവും എവിടെ.. എത്ര നാളായി അവരെ കണ്ടിട്ട്...
ശരണിനെ നോക്കി അനന്തു ചോദിച്ചു...
അവര് ഉറങ്ങി അല്ലെങ്കിലും അവരെ നീ കാണണ്ട... ഉറച്ചതായിരുന്നു എന്റെ ശബ്ദം.
ചേച്ചി....
നെഞ്ച് പൊട്ടിയാണ് അവൻ വിളിച്ചതെന്നു അറിയാമായിരുന്നെങ്കിലും അവനോടു ക്ഷമിക്കാൻ എന്റെ മനസ്സു അനുവദിക്കുന്നുണ്ടായിരുന്നില്ല.. അതങ്ങനെ ആണല്ലോ ഒരുപാടു സ്നേഹിച്ചവർ ചെയ്യുന്ന തെറ്റുകൾ നമുക്ക് പൊറുക്കാൻ പ്രയാസമായിരിക്കുമല്ലോ. പ്രത്യേകിച്ച് ഇങ്ങനെയൊന്നു.
അതെ... എന്തു വിശ്വസിച്ചു ഞാൻ അവരെ നിന്നെ കാണിക്കും... നിന്നെ പോലൊരുത്തനെ മാതൃകയാക്കി ആണോ അവര് വളരേണ്ടത്... നീ എന്നെ വിളിച്ചിരുന്നത് പോലെ ചേച്ചി എന്നു തന്നെ അല്ലേ, വീട്ടിൽ നിന്നിരുന്ന ആ കുട്ടിയേയും വിളിച്ചിരുന്നത്. എന്നിട്ട് മദ്യം ഒറ്റ നിമിഷം കൊണ്ട് ചേച്ചി എന്ന ആ വിളിയെ തന്നെ കളങ്കപ്പെടുത്തിയില്ലേ... അങ്ങനെയുള്ള നിന്റെയടുത്തു ഞാനും എന്റെ മോളും സുരക്ഷിതർ ആണെന്ന് എന്താണ് ഉറപ്പു.. നാളെ നീ ഞങ്ങളെയും ആ കണ്ണിൽ കാണില്ലെന്ന് എന്താ ഉറപ്പെന്ന്...
മാളു മതി നിർത്തു... അതുവരെ മിണ്ടാതിരുന്ന ശരൺ എന്നെ തടഞ്ഞു.
പൊട്ടിക്കരഞ്ഞു കൊണ്ട് അനന്തു താഴേക്കോടി. പിറകെ അമ്മയും....
എന്നെ ഫേസ് ചെയ്യാൻ ധൈര്യമില്ലാതെ താഴെ നിന്നിരുന്ന അച്ഛൻ കാറു സ്റ്റാർട്ട്‌ ചെയ്തു അവരെയും കൂട്ടി പോകുന്നത് ഞാൻ ബാൽക്കണിയിൽ നിന്നു കാണുന്നുണ്ടായിരുന്നു..
എടൊ.. താൻ സംസാരിച്ചത് കുറച്ചു ക്രൂരമായി പോയി..
ഇല്ല ശരൺ... അവനു മാപ്പ് കൊടുക്കാൻ എനിക്കു സാധിക്കുന്നില്ല. അത്രയ്ക്ക് വലിയൊരു പാപമല്ലേ അവൻ ചെയ്തത്. ഇങ്ങനെ ഓരോ തെറ്റ് ചെയ്യുമ്പോഴും മക്കളാണ്, സഹോദരൻ ആണ്, ബന്ധുവാണ്,മദ്യം ചെയ്യിപ്പിച്ചതാണ് എന്നൊക്കെ കരുതി ക്ഷെമിക്കുന്നതു കൊണ്ടും, രക്ഷിക്കാൻ ഓടി നടക്കുന്നത് കൊണ്ടുമാണ് നാടിങ്ങനെ നശിക്കുന്നത്..
അച്ഛന്റെ പണവും, സ്വാധീനവും അവനെ കേസിൽ നിന്നു രക്ഷിച്ചു. മോനല്ലേ എന്ന സെന്റിമെൻസിൽ അമ്മയും അവനോടു ക്ഷെമിച്ചു. എല്ലാരും ക്ഷെമിച്ചാൽ അനന്തുവിന്റെ മനസ്സിലും ഇതൊന്നും ഒരു തെറ്റല്ല എന്ന തോന്നലുണ്ടാകും
ശരൺ ആലോചിച്ചോ പിച്ചിച്ചീന്തപ്പെട്ട ആ കുട്ടിയുടെ മനസ്സു. എത്ര തകർന്നു പോയിട്ടുണ്ടാകും അവള്... നമ്മുടെ ചിന്നു മോൾക്കാണ് ഇങ്ങനെ ഒരവസ്ഥ വന്നിരുന്നതെങ്കിൽ പൊറുക്കാൻ പറ്റോ നമുക്ക്.
മാളു... ശരൺ വേദനയോടെ വിളിച്ചു..
കണ്ടില്ലേ ശരൺ മോളെപ്പറ്റി അങ്ങനെയൊന്നു കേട്ടപ്പോൾ പോലും തന്റെ കണ്ണു നിറഞ്ഞു. അപ്പൊ അവരുടെ അവസ്ഥ ഒന്നു ആലോചിച്ചു നോക്ക്..
എന്നെ ചേർത്തു പിടിച്ച കൈ എടുത്തു ഓടി റൂമിലേക്ക്‌ പോയി ഉറങ്ങുന്ന ചിന്നുമോളെ പേടിയോടെ നോക്കുന്ന ശരണിനെ കണ്ണു നീരോടെ നോക്കി ഞാൻ നിന്നു....
അതങ്ങയാണ് പലതും.. നമുക്ക് കൊണ്ടാലല്ലേ നമുക്ക് വേദനിക്കു....
രചന : Aswathy Joy Arakkal

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot