Slider

തുരന്തോയിലേറി വന്ന ദുരന്തം

0
Image may contain: 1 person, selfie, beard, closeup and indoor
ഇടക്കൊക്കെ വീട്ടിൽ വിരുന്നെത്താറുള്ള ... എക്സ് മിലിട്ടറി ശശിമാമന്റെയും, അദ്ദേഹത്തിന്റെ ഭാര്യ ജയമാമിയുടെയും, അവരുടെ മക്കളായ ദുശീലിന്റെയും, ദുശാന്തിന്റെയും ഒരു കഥ... "ആ ഒന്നാം തീയതിക്ക് മുൻപുള്ള നാൾ എന്ന പേരിൽ " പ്രിയ വായനക്കാർ വായിച്ച് കാണുമല്ലോ. ശശി മാമൻ എന്ന ആ ദുരന്തത്തിന്റെ മറ്റൊരു കഥയാണ് ഇന്നത്തെ ഈ കഥ... കഥയുടെ പേര്… "തുരന്തോയിലേറി വന്ന ദുരന്തം. "
തുരന്തോയിലേറി വന്ന ദുരന്തം
*********************************
ഞങ്ങളുടെ വീട്ടിലേക്കുള്ള മാമന്റെ ഇത്തവണത്തെ വരവ്... പുത്ര കളത്രാദികളെ ഒഴിവാക്കി, തനിച്ചായിരുന്നു...അല്ലെങ്കിലും നഞ്ചെന്തിനാണ് നാനാഴി..! കുരുത്തക്കേട് കൂടപ്പിറപ്പായുള്ള മാമന്റെ രണ്ട് മക്കൾക്കും പരീക്ഷയായതിനാലാണ് ഭാര്യയേയും, അവറ്റകളേയും കൂടെക്കൂട്ടാത്തതെന്ന് മാമൻ പറഞ്ഞപ്പോൾ... മഹാഭാഗ്യം എന്ന അർത്ഥത്തിൽ ഞങ്ങൾ ഒരുമിച്ച് ദീർഘ നിശ്വാസം ഉതിർത്തു !.
അന്നൊരു ശനിയാഴ്ചയായിരുന്നു .. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഞാൻ, പതിവ് കുളിയും,തേവാരവും കഴിഞ്ഞ് ...ആറ് മണിയോടടുപ്പിച്ച് ദേശപോഷിണി ഗ്രന്ഥാലയത്തിലേക്ക് ചുവടു വെക്കാൻ മുറിക്കകത്ത് നിന്ന് തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. ഒരു തികഞ്ഞ കളരി അഭ്യാസിയെപ്പോലെ.. ഒരു കൈ പിന്നിലേക്കാക്കി ഷർട്ടിന്റെ കോളർ പുറകോട്ട് വലിച്ച് പിടിച്ച്, മറുകൈ കൊണ്ട് ടിന്നിൽ നിന്നും ഷർട്ടിനിടയിലേക്ക് ക്യുട്ടിക്കുറാ പൗഡർ വിതറി ഇടുന്നതിനിടയിലാണ് വീട്ടു മുറ്റത്ത് നിന്നും വാഗ്വാദങ്ങളും, ഉച്ചത്തിലുള്ള ചീത്ത വിളിയും മുഴങ്ങിക്കേട്ടത്…!
തിടുക്കത്തിൽ പൂമുഖത്തേക്ക് ഓടി എത്തിയ ഞാൻ, ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ..മുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിൻ ഭാഗത്ത് ചാരി, മേലോട്ടുയർത്തിയ നിലയിൽ മാമനതാ വായുവിൽ നിൽക്കുന്നു... ! ഓട്ടോക്കാരൻ കുട്ടാപ്പി കഴുത്തിന് കുത്തിപ്പിടിച്ച് മുകളിലേക്കുയർത്തി നിർത്തിയതായിരുന്നു മാമനെ !. ആ കിടപ്പിൽ കിടന്നുകൊണ്ട് മാമൻ സി.ഐ.ഡി മൂസാ സിനിമയിലെ ജഗതി ചേട്ടന്റെ ചേഷ്ടകളെ അനുസ്മരിപ്പിക്കുമാറ് ...കണ്ണു തള്ളുകയും, ഇടക്ക് കഷ്ടപ്പെട്ട് വാ പിളർന്ന് ശ്വാസം എടുക്കുകയും, കൈകാലിട്ടടിക്കുകയും ഒക്കെ ചെയ്യുന്നുമുണ്ട് !.
ഈ ഭീകര കാഴ്ച്ച കണ്ട് വേഗത്തിൽ ഓട്ടോക്കരികിലേക്കോടി ചെന്ന എന്നോട്... മാമന്റെ കഴുത്തിലെ പിടി വിട്ട ശേഷം കുട്ടാപ്പി ഇങ്ങനെ പറഞ്ഞു: "എന്റെ പൊന്ന് സാറെ ...കവലേന്ന് തൊട്ട് ഈ മാരണം, പട്ടാളക്കഥ പറഞ്ഞ് എന്റെ ചെവി പൊട്ടിക്കുവാരുന്നു ...അതും സഹിച്ചാ ഞാൻ ഇതിനെ ഇവിടെ വരെ കൊണ്ടെത്തിച്ചത്. ഇവിടെ എത്തി കാശ് ചോദിച്ചപ്പം ഇയാള് പറയുവാ ... നൂറ് രൂപക്ക് പകരം അറുപത്തി അഞ്ചേ തരാൻ പറ്റൂന്ന്... ! അത് പറ്റില്ലെന്ന് ഞാൻ പറഞ്ഞപ്പം ഇയാളെന്റ അമ്മക്ക് ചേർത്ത് ഹിന്ദിയിൽ തെറി വിളിക്കുന്നു സാറെ! ബംഗാളികള് വന്നേ പിന്നെ "കേരൾ വാസിയോം കൊ ഹിന്ദി അച്ചീ തരഹ് മാലും " എന്ന് സാറ് ഈ മറുതായോട് പറഞ്ഞ് കൊടുക്ക്... സാറിപ്പോൾ വന്നത് നന്നായി ഇല്ലേൽ ഞാനിന്ന് ഇവനെ "
ഇതും പറഞ്ഞ് ഒരു വട്ടം കൂടി കുട്ടാപ്പി മാമന്റെ കഴുത്തിന് നേരെ തന്റെ ബലിഷ്ഠ കരം നീട്ടി...
നിന്ന നിൽപ്പിൽ കുട്ടാപ്പി തിരുവടികളുടെ, കാലിൽ സാഷ്ടാംഗം വീണ് മാപ്പ് പറഞ്ഞ് ഞാൻ, എന്റെ പോക്കറ്റിൽ നിന്നും നൂറു രൂപാ അവന് നൽകി ആ കേസൊതുക്കി...കാശ് നൂറ് പോയാലും ത്രിസന്ധ്യ നേരത്ത് മുറ്റത്ത് നിന്നുള്ള ചീത്തവിളി ഒഴിവായതിൽ അങ്ങനെ ഞാൻ ആശ്വാസം കൊണ്ടു...പക്ഷെ മാമൻ വക തുടർ മാരണങ്ങൾ പിറകെ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ !
കുട്ടാപ്പി ഗേറ്റ് കടന്ന് പോയി എന്ന് ഉറപ്പ് വരുത്തിയ മാമൻ... ഒന്ന് കുനിഞ്ഞ് കൈവിരൽ പാദത്തിൽ തൊട്ട ശേഷം, നിവർന്ന് നിന്ന് തന്റെ കഴുത്ത് മൂന്നാല് വട്ടം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു. പിന്നെ ഡയഫ്രം പൊട്ടിയ സ്പീക്കറിൽ നിന്നും വരുന്ന മെഗാ ബീറ്റു പോലെ ഒന്ന് രണ്ട് വട്ടം ചുമച്ചു .. എന്നിട്ട് പാണ്ടി ലോറിക്ക് മുന്നിൽ മസില് പിടിച്ച് നിൽക്കുന്ന തവളയുടെ രൂപ ഭാവാദികൾ തന്നിലേക്ക് ആവാഹിച്ച്... കൈ ഗേറ്റിന് നേർക്ക് ചൂണ്ടി, പതിവ് പഞ്ച് ഡയലോഗ് കാച്ചാൻ തുടങ്ങി... കുട്ടാപ്പിയുടെ പിടിയിൽ, കണ്ഠ നാളത്തിൽ സ്ക്രാച്ച് വീണതു മൂലം ആഡിയോ കാസ്റ്റ് വലിഞ്ഞ് കേൾക്കും പോലെയായിരുന്നു മാമന്റെ അപ്പോഴത്തെ ശബ്ദം..!
ആ വലിഞ്ഞ ശബ്ദത്തിൽ മാമൻ ഇങ്ങനെ മൊഴിഞ്ഞു: ''സൈകടോം പാക്കിസ്ഥാൻ ഫൗജിയോം കൊ മാർനെ മേരെ ഹാഥ് സെ തും നഹി ബചേഗാ റിക്ഷാവാലാ ..." ( ആയിരക്കണക്കിന് പാക്കിസ്ഥാൻ പട്ടാളക്കാരെ കൊന്നൊടുക്കിയ എന്റെ ഈ കൈകളിൽ നിന്നും നിനക്ക് രക്ഷയില്ലടാ ഓട്ടോക്കാരാ.)
ഈ ഡയലോഗിന് ശേഷം....ഹീ....യ്യാ എന്നൊരു തുടർ ശബ്ദം കൂടി പുറപ്പെടുവിച്ച മാമൻ, മുറ്റത്തിരുന്ന ചെടിച്ചട്ടികളിൽ ഒന്നെടുത്ത് ഗേറ്റിന് നേരെ ആഞ്ഞെറിഞ്ഞു …! ഭാര്യ ഓമനിച്ച് വളർത്തിയിരുന്ന, പൂത്തുനിന്ന, പനിനീർച്ചെടിയുള്ള ആ ചട്ടി ...ആശാൻ കാവ്യങ്ങളുടെ പേരിനെ അനുസ്മരിപ്പിക്കുമാറ്... ഗേറ്റിലിടിച്ച് ചിന്നിച്ചിതറി ദുരവസ്ഥയിലേക്കെത്തിയ ശേഷം, വീണ പൂവുമായ് നേരെ മൂക്ക് കുത്തി നിലത്ത് വീണു…! രണ്ടാമത്തെ ചട്ടിയും എടുത്തുയർത്തിയ മാമനെ, അതെറിയും മുന്നെ, തടയാനായി... “മാമാ എറിയരുത്.. അവൻ അവന്റെ പാട്ടിന് പോയി... ചട്ടി പൊട്ടും “... എന്ന ദീനമായ അപേക്ഷയോടെ ഞാൻ ഓടി അങ്ങേരുടെ അടുത്തേക്കെത്തി. പക്ഷെ ഇത്തവണ ചട്ടി എറിയാതെ ആ കാലമാടൻ...അത് തലക്ക് മുകളിൽ ഉയർത്തി പിടിച്ച ശേഷം നേരെ താഴേക്കിടുകയാണ് ചെയ്തത്... !
ആറേഴടി ഉയരത്തിൽ നിന്നും താഴേക്ക് വന്ന ആ ചട്ടി ഒട്ടും ഉന്നം പിഴക്കാതെ മുന്നിൽ നിന്ന എന്റെ കാൽപാദത്തിൽ തന്നെ വന്ന് പതിച്ചു …! കഴിഞ്ഞ വരവിൽ മാമുക്കോയയുടേത് പോലിരുന്ന എന്റെ മുഖം, പട്ടിക കഷണം എറിഞ്ഞ് ലാലേട്ടനെ പോലെ ആക്കി തീർത്ത മാമൻ ...ഇത്തവണ, എന്റെ കാല് നിമിഷ നേരം കൊണ്ട്, ഒരു മന്ത് രോഗിയുടേതിന് സമമാക്കി മാറ്റി...! “അയ്യോ... “ എന്ന ആർത്ത നാദത്തോടെ നിലത്ത് കുത്തിയിരുന്നു പോയ ഞാൻ, അവിടെ ഇരുന്ന് കൊണ്ട്, വേദന കടിച്ചമർത്തി... എന്റെ മന്ത് കാല് തടവാൻ തുടങ്ങി.
ഈ കോലാഹലങ്ങളൊക്കെ കേട്ട് ...മതിലിന് വെളിയിൽ ഉയർന്ന് വന്ന അയൽ വാസികളുടെ തലകൾ നോക്കി അപ്പോൾ മാമൻ ഇങ്ങനെ പറഞ്ഞു:
"എന്റെ കൈയ്യിൽ ഗൺ ഇല്ലാതായിപ്പോയി... അല്ലെങ്കിൽ കാണാരുന്നു... അവന്റെ ഡെഡ് ബോഡി ഇന്നിവിടെ വീണേനെ. "
ഒരു വിധത്തിൽ ആ കാലനേയും ഉന്തിത്തള്ളി, മന്ത് കാലും വലിച്ച്, മുറ്റത്ത് നിന്നും വീട്ടിനുള്ളിലേക്ക് പോകുന്നതിനിടയിലായിരുന്നു മാമന്റെ ഈ വീരവാദം… ഇത് കേട്ടപ്പോൾ എന്റെ മനസ്സിൽ വന്നത് ഇങ്ങനെ ആയിരുന്നു:
"കൃത്യ സമയത്ത് ഞാൻ എത്തിപ്പോയി... അല്ലെങ്കിൽ കാണാരുന്നു...മാമി വിധവാ പെൻഷൻ വാങ്ങാനുള്ള ക്യൂവില് നിന്നേനെ!."
*****************************
ഞങ്ങളുടെ വീട്ടിലേക്കുള്ള മാമന്റെ ഇത്തവണത്തെ വരവിന്റെ ഉദ്ദേശം തന്റെ വൃക്കയിൽ അടിഞ്ഞ് കൂടിയ കല്ല് നീക്കുക എന്നതായിരുന്നു…! ഈ കല്ല്, ഉരുക്കി നീക്കാൻ ഒറ്റമൂലി ചികിത്സ തേടി എത്തിയതായിരുന്നു ആ മഹാനുഭാവൻ ... ഞങ്ങളുടെ കാലക്കേടിന് കല്ലുരുക്കുന്ന പേരും പറഞ്ഞ്, ഒരു തട്ടിപ്പ് വൈദ്യൻ, നാട്ടിൽ പുതുതായി ചികിത്സ ആരംഭിച്ചിരുന്നു... ഇയാളുടെ പരസ്യം ഏതോ ട്രെയിനിലെ കക്കൂസിൽ എഴുതി ഒട്ടിച്ചിരിക്കുന്നത് മാമൻ വായിക്കാൻ ഇടവന്നു പോലും... പരസ്യത്തിൽ കണ്ട ഫോൺ നമ്പറിൽ ബന്ധപ്പെട്ട ശേഷം കല്ലുരുക്കാൻ വന്നതായിരുന്നു മാമൻ ഇത്തവണ…ദുരന്തം എന്നല്ലാതെ ഇയാളെ ഒക്കെ പിന്നെ മറ്റെന്ത് വിളിക്കാൻ !.
മാമന്റെ ആഗമനോദ്ദേശം കേട്ടതും, നീരു വന്ന് വീർത്ത എന്റെ കാലിൽ ..കുഴമ്പിട്ട് തടവിക്കൊണ്ടിരുന്ന ഭാര്യ സ്വരം താഴ്ത്തി എനിക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു :
" ഇയാളോട് അത്, ഉരുക്കി കളയാതെ വല്ല കരിങ്കൽ ക്വാറിയും തുടങ്ങാൻ പറയ്... കല്ലിനൊക്കെ ഇപ്പം നല്ല വിലയാ."
എന്റെ കാല് തകർത്തതിനേക്കാൾ, അവളുടെ ചെടിച്ചട്ടി പൊട്ടിച്ചതിലുള്ള ദേഷ്യമായിരുന്നു ആ വാക്കുകളിലപ്പോൾ !.
പതിവ് കുശലാന്വേഷണങ്ങളൊക്കെ കഴിഞ്ഞ് അമ്മ... മാമന് കഴിക്കാനായ് ചായയും, അരിയുണ്ടയും കൊണ്ടുവന്ന് വെച്ചു. അരിയുണ്ടയിൽ ഒന്നെടുത്ത് പാതി കടിച്ച ശേഷം എന്തോ ആലോചിച്ച നിന്ന മാമൻ അത് ജനലിന് വെളിയിലേക്കെറിഞ്ഞിട്ട്, അട്ടഹസിച്ച് ചിരിച്ചു ...എന്നിട്ട് ഒരു വളിച്ച തമാശയങ്ങ് പാസാക്കി:
"ഒരു നിമിഷം ഞാൻ അതിർത്തിയിലാണെന്നോർത്തു പോയി... അവന്മാർക്ക് നേരെ എറിഞ്ഞ ഗ്രനേഡായിരുന്നു ആ അരിയുണ്ട..!.”
മാമന്റ ഈ ദയനീയ തമാശ കേട്ട്, അത് ആസ്വദിച്ച മട്ടിൽ ഞാൻ അതിലും ദയനീയമായി “ഉഹു, ഉഹു '’ എന്ന് മാമനെ ചിരിച്ചു കാണിച്ചു.
ആ വെറുപ്പിക്കലിന് ശേഷം അമ്മയുടെ പക്കൽ നിന്നും തോർത്തും, സോപ്പും വാങ്ങിയ മാമൻ... പള്ളി നീരാട്ടിനായ് വീടിന് പിന്നിലെ കുളിമുറിയിലേക്ക് പോയി. അല്പസമയത്തിന് ശേഷം ഒരലർച്ചയും ചക്ക വീഴും പോലെ "പൊത്തോ " എന്നൊരു ശബ്ദവും വീടിന് പിറക് വശത്തു നിന്നും കേട്ടു. ഇത് കേട്ട് ഊണുമുറിയിൽ നിന്നും ഭാര്യയും, അമ്മയും കുതിച്ചും ഞാൻ ഞൊണ്ടിയും അങ്ങോട്ടേക്ക് പാഞ്ഞു.
മുന്നിൽ ഓടിയ ഭാര്യയും, അമ്മയും അങ്ങോട്ട് പോയതിലും വേഗത്തിൽ ... അയ്യോ എന്നലറി വിളിച്ച് പിൻതിരിഞ്ഞോടി വരുന്ന കാഴ്ചയാണ് അവിടേക്ക് ഞൊണ്ടിച്ചെന്ന എനിക്ക് കാണാൻ കഴിഞ്ഞത്…! ഞാൻ നോക്കുമ്പോൾ അതാ ചാണകക്കുഴിയുടെ കരയിൽ ദേഹം മുഴുവൻ ചാണകത്താൽ മൂടപ്പെട്ട് ഭയാനക രൂപമാർന്ന് മാമൻ ഒരു വടിയും പിടിച്ച് നിൽക്കുന്നു... അടുത്ത് ചെന്ന് കാര്യം തിരക്കിയപ്പോഴാണ് സംഗതി പിടി കിട്ടിയത്. ചാണകക്കുഴിയുടെ അരികിലായ് അമ്മ നട്ടിരുന്ന, കായ്ച്ച പാവൽച്ചെടികൾക്ക് ദൃഷ്ടിദോഷം ഉണ്ടാവാതിരിക്കാൻ ഒരു നോക്കുകുത്തി അവിടെ ഉണ്ടാക്കി വെച്ചിരുന്നു... ഞാൻ പണ്ട് NCC യിൽ ഉണ്ടായിരുന്ന കാലത്ത് ഇട്ടിരുന്ന പഴയ ഒരു കാക്കി പാന്റും, ഷർട്ടുമാണ് ആ നോക്കുകുത്തിയെ ധരിപ്പിച്ചിരുന്നത് ... മങ്ങിയ വെളിച്ചത്തിൽ അത് കണ്ട മാമൻ ഓട്ടോക്കാരൻ കുട്ടാപ്പി വീണ്ടും തന്നെ ആക്രമിക്കാൻ വന്നതാണെന്ന് തെറ്റി ധരിച്ചു. അങ്ങനെ അവിടെക്കിടന്ന ഒരു വടിയും എടുത്ത് - അലർച്ചയോടെ അതിന് നേർക്ക് കുതിച്ച് ചാടുകയും, നോക്കുകുത്തിയും മറിച്ച് നേരെ ചാണകക്കുഴിയിൽ വീഴുകയുമാണ് ഉണ്ടായത്…!
====
മോട്ടോറിൽ നിന്നും ടാങ്കിലേക്ക് ഘടിപ്പിച്ചിരുന്ന വലിയ പച്ച ഹോസുകൊണ്ട് വാട്ടർ സർവ്വീസ് ചെയ്ത് കുളിപ്പിച്ച് കുട്ടപ്പനാക്കി എടുത്ത ആ മാരണം പിന്നീടുണ്ടാക്കിയ പൊല്ലാപ്പുകൾ തുടരുന്നു .........
കഴിഞ്ഞ തവണത്തെ ദുരനുഭവം കൊണ്ടോ എന്തോ...ഇത്തവണത്തെ വരവിൽ മാമൻ സുര പാനത്തിനുള്ള വകുപ്പ് സ്വന്തം ബാഗിൽ കരുതിയിരുന്നു. വാട്ടർ സർവ്വീസിന് ശേഷം... പൗഡറും പൂശി കുറിയൊക്കെ തൊട്ട് ഊണ് മുറിയിലേക്ക് വന്ന മാമൻ കൈവശമിരുന്ന ഓൾഡ് മങ്ക് റം ന്റെ കുപ്പി മേശമേൽ പ്രതിഷ്ഠിച്ചു ... എന്നിട്ട് അടുക്കളയിലേക്ക് നോക്കി വെടി പൊട്ടുന്ന ശബ്ദത്തിൽ അമ്മയോടിങ്ങനെ ചോദിച്ചു
" ചേച്ചിയേ... കടിച്ച് വലിക്കാനായിട്ട് എന്നാ ഉണ്ട് അടുക്കളേല് "
കലിപ്പ് തീരാത്ത ഭാര്യയുടെ വകയായ് മറുപടി ഉടനടി വന്നു
റബ്ബർ ബാൻഡുണ്ട്... രണ്ടെണ്ണം എടുക്കട്ടോ..?"
മുൻകൂട്ടി അറിയിക്കാതെ മാമൻ വന്നതു കൊണ്ട് ... മാമനായ് പ്രത്യേക വിഭവങ്ങൾ ഒന്നും തന്നെ വീട്ടിൽ ഒരുക്കിയിരുന്നില്ല...ജയഭാരതിയെപ്പോലിരുന്ന ഞങ്ങളുടെ മണിക്കുട്ടിക്കോഴിയെ...കഴിഞ്ഞ വരവിൽ മാമനും, മക്കളും ചേർന്ന് പിച്ചിചീന്തിയതിൽ മനം തകർന്ന അമ്മ, പിന്നെ മറ്റൊന്നിനെയും വളർത്താത്തതുകൊണ്ട് അതിനെ വേട്ടയാടി ബാലൻ കെ നായരാകാനുള്ള അവസരവും ഇത്തവണ മാമന് നഷ്ടപ്പെട്ടു!.
അങ്ങനെ നിവൃത്തിയില്ലാതെ മാംസാഹാരം ഒഴിവാക്കിയ മാമൻ അന്ന് കലാപരിപാടിക്കായുള്ള അനുസാരിയായ് കണ്ടത് ... വൈകിട്ട് ഞാൻ ചന്തയിൽ നിന്ന് വാങ്ങിക്കൊണ്ട് വന്ന ഒരു കിലോ മത്തിയായിരുന്നു. അമ്മ വറുത്ത് ചട്ടിയിലാക്കി വെച്ചിരുന്ന ആ മത്തികളോടൊപ്പം തന്റെ സുരപാനം ആരംഭിച്ച മാമൻ... ചട്ടിയിലിരുന്ന മത്സ്യം മുഴുവൻ അകത്താക്കിയ ശേഷമാണ് അന്നാ പ്രോഗ്രാം അവസാനിപ്പിച്ചത് !. ഇതിനിടയിൽ പലവട്ടം കേട്ട് മടുത്ത പട്ടാളക്കഥകൾ ഞങ്ങൾക്ക് നേരെ പ്രയോഗിച്ച് ...''ഠമാർ പടാർ " എന്നൊക്കെ പറഞ്ഞ് ഞങ്ങളെ പരമാവധി വെറുപ്പിക്കുന്നുമുണ്ടായിരുന്നു…!
കുപ്പിയിൽ തുള്ളി പോലും അവശേഷിപ്പിക്കാതെ നടത്തിയ ഈ പരിപാടിക്ക് ശേഷം ലക്ക് കെട്ട് ഇരുന്നിടത്തു നിന്നും എഴുന്നേറ്റ മാമൻ. "ഗുഷ് നൈറ്റ് " വിഷ് ചെയ്തിട്ട് പരേഡ് സാവധാൻ എന്ന് അലറിക്കൊണ്ട്... ഭിത്തിയിൽ പിടിച്ചും, ഇഴഞ്ഞും ഒക്കെയായി മുറിയിലേക്ക് ഉറങ്ങാൻ പോയി.
പാതിരാത്രിയിൽ എന്തോ അപശബ്ദം കേട്ട് ഞെട്ടി ഉണർന്ന ഭാര്യ അടുത്ത് കിടന്ന എന്നെ കുലുക്കി വിളിച്ചിട്ട് പറഞ്ഞു: "ദേ ...എന്തൊക്കെയോ ശബ്ദം കേൾക്കുന്നു.! മാമന്റെ മുറിയിൽ നിന്നാണെന്നാ തോന്നുന്നത്... നിങ്ങൾ ഒന്ന് പോയ് നോക്കിക്കെ. "
ഞാൻ അവിടെച്ചെന്ന് നോക്കുമ്പോൾ, കട്ടിലിൽ നിന്നും നിലത്ത് വീണ നിലയിൽ ആ പട്ടാളവീരൻ കിടപ്പുണ്ട് ... അരികിലായ് മത്തി വറുത്തത് തൊങ്ങലു പോലെ വച്ച ഊരിയ ഒരു ഉടവാളും!. ആ കിടപ്പ് കണ്ടപ്പോൾ ബാഹുബലി സിനിമയിലെ കാലകേയൻ വാളുമായ് കട്ടിലിന്റെ ചോട്ടിൽ കിടക്കുംപോലെയാണ് എനിക്ക് തോന്നിയത് ... ! മുറി മുഴുവൻ വാള് വെച്ച് നിറച്ചതും പോരാഞ്ഞ് ...ലക്ക് കെട്ട കാലകേയൻ ബാത്റൂം എന്ന് കരുതി ഫ്രിഡ്ജ് തുറന്ന് അതിൽ മൂത്രം ഒഴിക്കുക കൂടി ചെയ്തിരുന്നു...!
പിറ്റേന്ന് നേരം വെളുത്തപ്പോൾ, ഈ ദാരുണ ദൃശ്യങ്ങളൊക്കെ കണ്ട എന്റെ ഭാര്യയുടെ മുഖം എന്റെ കാലിലുണ്ടായ മന്തിനേക്കാൾ വീർത്ത് കെട്ടിയിരുന്നു…!എന്നാൽ മാമന്റെ മുഖത്ത് പ്രത്യേകിച്ച് യാതൊരു ഭാവ ഭേദവും ഇല്ലായിരുന്നു... രാവിലെ എഴുന്നേറ്റ് കുളിച്ച് ശുഭ്ര വസ്ത്രധാരിയായ കാലകേയൻ പൂമുഖത്ത് പത്രം വായിച്ചിരുന്ന എന്റെ അരികിൽ എത്തിയിട്ട് ഒറ്റ ശ്വാസത്തിൽ ഇങ്ങനെ പറഞ്ഞു:
"നീയാ ബൈക്കിന്റെ താക്കോലിങ്ങ് താ.. ഇന്നലെ വരുന്ന വഴിക്ക് ഇവിടെ അടുത്തൊരിടത്ത് ഫ്രെഷ് പോത്തിറച്ചി കിട്ടും എന്നൊരു ബോർഡ് കണ്ടു... നല്ല പോത്ത് കൂട്ടിയിട്ട് കുറെ നാളായി... ഞാൻ പോയി വാങ്ങാം... നീ കഷ്ടപ്പെടണ്ട കാല് വയ്യാത്തതല്ലെ... ഒരഞ്ഞുറ് രൂപാ കൂടി എടുത്തോ ... മോദി ജി നോട്ട് നിരോധിച്ചെ പിന്നെ ഞാൻ കാർഡ് വഴിയാ കാര്യങ്ങൾ നടത്തണെ. ഈ പട്ടിക്കാട്ടിൽ അത് ഉരക്കണ കുന്ത്രാണ്ടം ഒന്നും കാണില്ല ”
പിന്നെ ഇയാള് ബസ്സ്റ്റാൻഡിലെ കക്കൂസിലും കാർഡ് ഉരച്ചിട്ടല്ലെ കാര്യം സാധിക്കണെ... ഈ കാലൻ ചത്താൽ കുഴിച്ചിടാനുള്ള ശവപ്പെട്ടി വരെ ഓസിന് ഏർപ്പാടാക്കിയിരിക്കുമല്ലോ എന്റെ ദൈവമേ..! എന്ന് മനസ്സിൽ പ്രാകിക്കൊണ്ട് ഞാൻ നമ്മുടെ ''പഴയ ആ കറുത്ത പൾസർ ബൈക്കിന്റെ " താക്കോലും, ഗാന്ധി ചിരിച്ചോണ്ടിരിക്കുന്ന ഒരഞ്ഞൂറും എടുത്ത് കൊണ്ട് വന്ന് മാമന് നൽകി…
ബൈക്കിൽ കയറി പുറത്തേക്ക് പോയ മാമൻ അരമണിക്കൂറിന് ശേഷം വിജയ ശ്രീലാളിതനായി തിരിച്ചെത്തി… പക്ഷെ ഗേറ്റും കടന്ന് മുറ്റത്തേക്ക് കയറുന്നതിനിടയിൽ മാമന് ഒരു ചെറിയ പണി കിട്ടി... തലേന്നത്തെ പ്രകടനത്തിൽ തറയിൽ വീണ് ചിതറി കിടന്ന ചെടിച്ചട്ടിയിൽ തെന്നി ബൈക്കും മറിച്ച് കൊണ്ട് മാമൻ മുറ്റത്തലച്ച് വീണു.
വയ്യാത്ത കാലും വലിച്ച് ഒരു വിധത്തിൽ ആ രംഗത്തേക്ക് ഓടി എത്തിയ ഞാൻ അടുത്ത സീനിൽ അങ്ങേരെ മുറ്റത്ത് നിന്നും ഉയർത്തെഴുന്നേൽപ്പിച്ചു... പിന്നെ ബൈക്ക് ഒരു വിധത്തിൽ ഉയർത്തി നേരെ നിർത്തിക്കൊണ്ട് മാമനോട് ചോദിച്ചു "മാമാ വല്ലതും പറ്റിയാ….?" "ഓ ഇതൊക്കെ എന്ത് …"എന്ന് നിസ്സാര മട്ടിൽ പറഞ്ഞ് കൊണ്ട് മാമൻ തന്റെ അഴിഞ്ഞ് പോയ മുണ്ട് മുറുക്കി ഉടുക്കുന്നതിനായ് ഷർട്ട് മുകളിലേക്കുയർത്തി വെച്ചു... പെട്ടെന്ന് "എന്റെ കുടലേ …. " എന്നൊരു അലർച്ച മാമന്റെ വകയായ് അവിടെ മുഴങ്ങിക്കേട്ടു... പിന്നെ ഞാൻ ഉയർത്തിപ്പിടിച്ചിരുന്ന ബൈക്കിന്റെ മുകളിലേക്ക് വെട്ടിയിട്ട വാഴ പോലെ മാമൻ കുഴഞ്ഞ് വീണു.
പാപി ചെല്ലുന്നിടം പാതാളം… എന്ന ചൊല്ലിനെ അന്വർത്ഥമാക്കി കെണ്ട് ആ കാലൻ ബൈക്കും മറിച്ച് കൊണ്ട് വീണത് എന്റെ വയ്യാത്ത കാലിലേക്ക് തന്നെ ആയിരുന്നു.
അവസാന രംഗം
ഇന്റീരിയർ
പകൽ
ആശുപത്രി വാർഡ്
ഞാൻ
അമ്മ
മാമൻ
നഴ്സ്
കിടപ്പ് രോഗികൾ /കൂട്ടിരിപ്പുകാർ
ഒടിഞ്ഞ കാൽ പ്ലാസ്റ്ററിട്ട് ഉയർത്തി കെട്ടി വെച്ച നിലയിൽ കട്ടിലിൽ കിടക്കുന്ന ഞാൻ... തൊട്ടടുത്തുള്ള കട്ടിലിൽ ഇരുന്ന് ഓറഞ്ച് തൊലി പൊളിച്ച് തിന്നുന്ന മാമൻ.
മാമൻ: ഹൊ... എന്നാ ഒരു പുളിയാ ഇതിന്... ചേച്ചിയേ ഇനി മേടിക്കുമ്പം നല്ലത് നോക്കി മേടിക്കണം.
ദയനീയമായി എന്നെ നോക്കുന്ന അമ്മ.
വാൽക്കഷണം: പൊട്ടിയ ചെടിച്ചട്ടിയിൽ തെന്നി ബൈക്ക് മറിഞ്ഞ് മാമൻ വീണപ്പോൾ... കടയിൽ നിന്നും വാങ്ങിക്കൊണ്ട് വന്ന ഇറച്ചിയുടെ കവർ പൊട്ടി, അതിലെ ഇറച്ചി കഷണങ്ങൾ താഴെ വീണിരുന്നു. നിലത്ത് നിന്നും എഴുന്നേൽക്കുന്നതിനിടയിൽ... ഈ കഷ്ണങ്ങളിൽ ചിലത് മാമന്റെ വയറിൽ പറ്റിപ്പിടിച്ചു. ഈ കാഴ്ച കണ്ട ആ മഹാൻ... വീഴ്ച്ചയിൽ തന്റെ വയറ് പൊട്ടി കുടല് വെളിയിൽ വന്നതായ് തെറ്റിധരിച്ചു. അങ്ങനെ പേടിച്ച് ബോധം കെട്ട് വീണതായിരുന്നു ബൈക്കിന് മുകളിലേക്ക്.
ശുഭം
അരുൺ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo