രാവിലെ തുടങ്ങിയ മഴയ്ക്ക് ഒരു ശമനവുമില്ല , ഉടനെയൊന്നും ഈ മഴ കുറയുന്ന ലക്ഷണവും കാണുന്നില്ല . മുണ്ടും ഷർട്ടും ആകെ നനഞ്ഞിരിക്കുന്നു . ആകാശത്ത് പിന്നെയും കാർമേഘങ്ങൾ ഉരുണ്ട് കയറുകയാണ് .
പഴയ കോർപ്പറേഷൻ ബസ് സ്റ്റാന്റ് ആകെ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു , ഭരണക്കാരും നഗരസഭയും പരസ്പരം കുറ്റം പറഞ്ഞ് കൊമ്പു കോർക്കുമ്പോൾ കഷ്ടപ്പെടേണ്ടി വരുന്നത് പാവം നാട്ടുകാരും .
അവിടവിടെയായി മഴ നനയാതെ കുട ചൂടി നിൽക്കുന്നുണ്ട് ചിലർ , ചെറിയ കുട്ടികളുമായി വന്ന് രാത്രി ടൗണിൽ ബസ് കിട്ടാതെ കാത്ത് നിൽക്കുന്ന സ്ത്രീകൾ കുഞ്ഞുങ്ങളെ ഒക്കത്തു വെച്ച് മഴ നനയാതെ ഒഴിഞ്ഞ ഭാഗത്ത് നിന്ന് മഴയെ ശപിച്ചു .
കന്യാകുമാരി തീരത്ത് അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണത്രേ ഇത്ര കനത്ത മഴയ്ക്ക് കാരണം . തണുത്ത കാറ്റ് ഇടയ്ക്കിടക്ക് വീശിയടിക്കുന്നത് കൊണ്ട് ഞാൻ മുണ്ടിന്റെ നനഞ്ഞ ഭാഗം കൂട്ടിച്ചേർത്ത് നന്നായൊന്ന് പിഴിഞ്ഞ് കുടഞ്ഞ് മടക്കിക്കുത്തി മഴ നനയാതെ മാറി നിന്നു , കാൽ പാദത്തിലൂടെ തണുപ്പ് മേലോട്ട് അരിച്ചു കയറുന്നുണ്ട് . അങ്ങോട്ടോ ഇങ്ങോട്ടോ മാറി നിൽക്കാമെന്ന് വെച്ചാൽ പാദം മുങ്ങുന്ന വെള്ളമാണ് ചുറ്റും . പരിസരത്തെ ഒഴിഞ്ഞ പറമ്പിൽ നിന്നും റെയിൽവേ ട്രാക്കിൽ നിന്നും ഒഴുകി വന്ന വൃത്തികേടുകൾ മുഴുവൻ മഴവെള്ളത്തിൽ കലങ്ങിയിട്ടുണ്ട് .
തൂണിൽ ചാരിയും പഴകി ദ്രവിച്ച ബഞ്ചിന്റെ ഓരം ചേർന്നും ചിലർ ഉറക്കം തൂങ്ങുന്നു . സമയം ഏറെ വൈകിയും ജനങ്ങൾ ബസ് വരുന്നതും കാത്ത് നിൽക്കയാണ് .
വാച്ചിനകത്ത് വെള്ളം കയറിയതാണോ , ഗ്ളാസിൽ ഈർപ്പം നിൽക്കുന്നതാണോ എന്നറിയില്ല , വാച്ചിന്റെ ചില്ലിൽ ആകെയൊരു മൂടൽ . മഞ്ഞ നിറത്തിൽ കത്തുന്ന ബൾബിന്റെ പ്രകാശത്തിൽ വാച്ചിലെ സൂചികൾ വ്യക്തമല്ല . ഒന്നു കൂടി വാച്ചിന്റെ ഗ്ലാസ് മുണ്ടിൽ തുടച്ച് വീണ്ടും വാച്ചിൽ നോക്കി , മണി പത്തര കഴിഞ്ഞിരിക്കുന്നു .
ഏതൊക്കെയോ ട്രിപ്പുകൾ ക്യാൻസൽ ചെയ്ത് ആന വണ്ടികൾ മഴയത്ത് തണുത്ത് വിറങ്ങലിച്ച് ഇരുളിന്റെ മറവിൽ മയങ്ങുന്നുണ്ട് . ഒരു ചായയോ കട്ടനോ കിട്ടിയാൽ തണുപ്പിനൽപം ആശ്വാസമായേനേ , തണുപ്പു കൂടിയത് കൊണ്ടാകണം വല്ലാത്ത മൂത്ര ശങ്ക . ശങ്കയകറ്റിയിട്ടാവാം ചായ . മഴ നനയാതെ ടോയ്ലറ്റ് ലക്ഷ്യമാക്കി നടന്നു . ആ ഭാഗം ചളിയും വെള്ളവും കുടിക്കലർന്ന് അഴുക്ക് വെള്ളം തളം കെട്ടിക്കിടക്കുന്നുണ്ട് . ബസ് സ്റ്റാന്റിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ടോയ്ലറ്റിന്റെ ചുറ്റുപാടും തിരക്കൽപം കൂടുതലുണ്ടെന്ന് തോന്നി . അകത്തേക്ക് കയറുന്നവരും പുറത്തേക്ക് വരുന്നവരും ഈർഷ്യയോടെ മൂക്കു പൊത്തുന്നുണ്ട് , രൂക്ഷമായ ഗന്ധം എന്റെ മൂക്കും പൊത്തിച്ചു , ശങ്കയകറ്റാതെ തിരിച്ചു പോന്നാൽ പകരം വേറൊരു മാർഗ്ഗമില്ല . ഒരു ചെറുപ്പക്കാരൻ ഇടതടവില്ലാതെ ടോയ്ലറ്റിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഞാൻ വെറുതെ ശ്രദ്ധിച്ചു . പിച്ചിപ്പൂ മുടിയിൽ ചൂടി തിളക്കമുള്ള സാരി ധരിച്ച രണ്ട് സ്ത്രീകൾ തൂണിന് മറവിൽ നിന്ന് ശബ്ദം താഴ്ത്തി ഒരു മദ്ധ്യവയസ്ക്കനോടെന്തോ സംസാരിക്കുകയും പരസ്‌പരം തർക്കിക്കുകയും ചെയ്യുന്നുണ്ട് . തൂണിന് ചേർന്ന് അവർക്കരികിലായി ഒരു നനഞ്ഞ നായ സുഖമായുറങ്ങുന്നു .
ഒരു വിധം ടോയ്ലറ്റിനുള്ളിൽ കടന്നു കൂടി . ഒഴിഞ്ഞൊരു ഭാഗത്ത് നിന്ന് ശങ്കയകറ്റുമ്പോൾ നേരത്തേ കണ്ട ചെറുപ്പക്കാരൻ എനിക്കരികിലായി വന്നു നിന്നു . അവന്റെ ചലനങ്ങൾ എനിക്ക് അസഹ്യമായി തോന്നി . അവന്റെ ചുണ്ടുകളിലെ ഗോഷ്ടിയും കണ്ണുകളിലെ ദാഹവും തിരിച്ചറിയും മുൻപേ ഞാൻ പുറത്തു കടന്നു .
തൂണിനടുത്ത് നിന്നിരുന്ന രണ്ട് സ്ത്രീകളിൽ പ്രായം കൂടിയവൾ ഒപ്പമുണ്ടായിരുന്ന മദ്ധ്യവയസ്ക്കനോടൊപ്പം കൂടയുംചൂടി ഇരുട്ടിലേക്ക് നടന്നു മറഞ്ഞു .
ഇതിനിടയിൽ ഏതോ ഒരു ബസ്സ് ആളുകളെ കുത്തി നിറച്ച് ബസ്സ്റ്റാൻഡ് വിട്ടു പോയി .
ചായയെ ലക്ഷ്യം വെച്ച് മഴത്തുള്ളികൾക്കിടയിലൂടെ റോഡ് മുറിച്ചു കടന്നു . കടയിൽ സാമാന്യം തിരക്കുണ്ട് . ചായയ്ക്ക് വേണ്ടി കാത്തു നിൽക്കുമ്പോൾ എന്റെ കണ്ണുകൾ ഇരുട്ടിലും ഇരുളിന്റെ മറവിലും വെറുതെ പരതി നടന്നു .
മഴക്കോളു കണ്ടപ്പോൾ നേരത്തേതന്നെ ഇറങ്ങേണ്ടതായിരുന്നു , യാദ്രിശ്ചികമായിട്ടാണ് അന്നത്തെ കത്തുകൾക്കിയിൽ നിന്നും ആ കത്ത് കണ്ടെടുത്തത് .
അൻപത് വർഷങ്ങൾക്കപ്പുറം നാട്ടിലെ ഹൈസ്ക്കൂളിൽ നിന്നും പത്താം തരം പരീക്ഷ കഴിഞ്ഞ് യാത്ര പറയുമ്പോൾ അടുത്ത കൂട്ടുകാരുടെയൊക്കെ കണ്ണുകൾ നിറഞ്ഞിരുന്നു , പിന്നെ പലരും പല വഴിക്ക് പിരിഞ്ഞു . തുടർപഠനവും ജോലിയും വിവാഹവും കുട്ടികളും ജീവിത പ്രാരാബ്ധങ്ങളുമായി കഴിയുന്നതിനിടയിലാണ് , ഈ കത്ത് കണ്ടത് . കൂട്ടത്തിൽ ഏറ്റവും സുന്ദരിയും പഠിക്കാൻ മിടുക്കിയുമായിരുന്ന സീതാലക്ഷ്മിയുടെ ഷഷ്ഠിപൂർത്തി ആഘോഷത്തിന് ഗുരുവായൂർക്ക് അവൾ തന്നെയും ക്ഷണിച്ചിരിക്കുന്നു . അറുപത്തി നാലാം വയസ്സിൽ ഷഷ്ഠി പൂർത്തിയോ ? ആദ്യം ഒന്നു സംശയിച്ചു . പിന്നെ ക്ഷണക്കത്തിൽക്കണ്ട നമ്പറിൽ വിളിച്ച് സത്യാവസ്ഥയറിഞ്ഞു . മക്കളൊക്കെ പല ദിക്കിലായിരുന്നത് കൊണ്ട് ആഘോഷം വൈകി . ഇനി അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞിട്ടും മക്കൾ സമ്മതിച്ചില്ല . എല്ലാ മക്കൾക്കും ഒരുമിച്ചു കൂടാൻ ഇനി ഇത് പോലൊരവസരം ഉണ്ടായില്ലെങ്കിലോ ? പിന്നെ ദാസേട്ടനും നിർബന്ധിച്ചു .
അന്ന് ഒപ്പം പഠിച്ചിരുന്ന മിക്കവരേയും അഡ്റസ് തപ്പിപ്പിടിച്ച് യണിച്ചിട്ടുണ്ടെന്ന് കൂടി സീതാലക്ഷ്മി പറഞ്ഞപ്പോൾ പോകാൻതന്നെ തീരുമാനിച്ചു .
അത്ര ദൂരം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുണ്ട് . ബസ്സിലോ ട്രെയിനിലോ പോകണം . മോനോട് കാര്യം പറഞ്ഞ് തിരുവനന്തപുരത്ത് നിന്നും ഗുരുവായൂർക്കുള്ള ട്രെയിനിന് റിട്ടേണും കൂടിച്ചേർത്ത് ടിക്കറ്റെടുത്തു .
പലരേയും കണ്ടിട്ട് മനസ്സിലാക്കാൻ പോലും സാധിക്കുമായിരുന്നില്ല , അൻപത് വർഷങ്ങൾ വരുത്തിയ മാറ്റങ്ങൾ . ഊണും ആഘോഷവും പഴയ സൗഹൃദങ്ങളെ കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ സന്തോഷവും കഥ പറച്ചിലുമൊക്കെക്കഴിഞ്ഞ് സ്റ്റേഷനിൽ വരുമ്പോൾ ട്രെയിൻ പോയിക്കഴിഞ്ഞിരുന്നു .
" ചേട്ടാ ചായ "
ചായ വാങ്ങിക്കുടിക്കുന്നതിനിടയിൽ പാറിപ്പറന്ന തലമുടിയും ഉറക്കം തൂങ്ങിയ കണ്ണുകളുമായി പത്ത് പന്ത്രണ്ട് വയസ് തോന്നിക്കുന്ന ഒരു പാവാടക്കാരി . അടുക്കി വെച്ച ടാർ വീപ്പകൾക്കരികിൽ , തകര ഷീറ്റു പാകിയ ചാർത്തിൽ മഴ നനയാതെ മറഞ്ഞു നിൽന്നു , ആ ഭാഗത്ത് അത്ര വെളിച്ചമില്ല . എന്നിട്ടും അവളുടെ കയ്യിൽ അടുക്കിപ്പിടിച്ചിരുന്ന ലോട്ടറി ടിക്കറ്റുകൾ താൻ കണ്ടു . ആരോ ഒരാൾ അവളോടെന്തോ പറയുന്നുണ്ട് . അവൾ അയാളിൽ നിന്നും കുതറി മാറാൻ ശ്രമിക്കുമ്പോൾ , ദൈന്യത നിറഞ്ഞ അവളുടെ കണ്ണുകൾ എന്തോ യാചിക്കുന്നത് പോലെ തോന്നി . അയാൾ പിന്നെയും അവളെ തന്നോടടുപ്പിച്ചു നിർത്താൻ ശ്രമിക്കുന്നുണ്ട് . ചുറ്റുപാടും നോക്കി അയാൾ അവൾക്കഭിമുഖമായി നിന്നു . അവളുടെ പാറിപ്പറന്ന മുടിക്കെട്ടിൽ പിടിച്ച് അവളുടെ മുഖം സ്വന്തം അരക്കെട്ടിലേക്കടുപ്പിച്ചു .
ചായയുടെ കാശ് കൊടുത്ത് തിരിച്ച് പഴയ സ്ഥാനത്ത് തന്നെ വന്നു നിൽക്കുമ്പോഴും അവളുടെ ഭയന്ന മുഖമായിരുന്നു മനസ്സിൽ . ആരാണയാൾ ? വികൃതമായ അയാളുടെ ചേഷ്ടകൾ തന്നിൽ ആശങ്കയുണർത്തി .
തിരുവനന്തപുരത്തേക്കുള്ള ബസ്സുകളൊന്നും ഇത് വരെ സ്റ്റാൻഡിൽ പിടിച്ചിട്ടില്ല .
ട്രെയിൻ പോയ്ക്കഴിഞ്ഞപ്പോൾ പിന്നെ ഗുരുവായൂരിൽ നിന്ന് ബസ്സിന് പോരുകയേ മാർഗമുണ്ടായിരുന്നുള്ളു , നേരം ഇരുട്ടാനും തുടങ്ങി . ആദ്യം കണ്ട ബസ്സിൽക്കയറി , അങ്ങിനെയാണ് ഇവിടെ എറണാകുളം വരെ എത്തിയത് .
പെട്ടെന്നായിരുന്നു പെട്ടിക്കടകളുടെ ഭാഗത്തായി ആരുടെയോ ഒരലർച്ച കേട്ടത് . ഓടിക്കൂടിയ ജനങ്ങൾക്കൊപ്പം താനും അങ്ങോട്ടു ചെന്നു . ആരൊക്കെയോ താങ്ങിയെടുത്ത് പെൺകുട്ടിക്കൊപ്പം നിന്ന മനുഷ്യനെ ഓട്ടോ റിക്ഷയിൽ കയറ്റി എങ്ങോട്ടോ കൊണ്ടു പോയി , എന്താണ് സംഭവം എന്ന് ആർക്കും വ്യക്തമായി അറിയില്ല . അയാളെ ഓട്ടോയിൽ കയറ്റുമ്പോൾ അയാൾ ഉടുത്തിരുന്ന മുണ്ടിന്റെ മുൻഭാഗമത്രയും രക്തത്തിൽ കുതിർന്നിരുന്നു .
" യാത്രക്കാരുടെ ശ്രദ്ധയ്ക്ക് .
വൈക്കം , കോട്ടയം , ചങ്ങനാശ്ശേരി , തിരുവല്ല , അടൂർ , പന്തളം , കൊട്ടാരക്കര , കിളിമാനൂർ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന R 312 ആം നമ്പർ ഫാസ്റ്റ് പാസഞ്ചർ സ്റ്റാന്റിന്റെ തെക്ക് ഭാഗത്ത് പാർക്ക് ചെയ്തിരിക്കുന്നു " .
വൈക്കം , കോട്ടയം , ചങ്ങനാശ്ശേരി , തിരുവല്ല , അടൂർ , പന്തളം , കൊട്ടാരക്കര , കിളിമാനൂർ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന R 312 ആം നമ്പർ ഫാസ്റ്റ് പാസഞ്ചർ സ്റ്റാന്റിന്റെ തെക്ക് ഭാഗത്ത് പാർക്ക് ചെയ്തിരിക്കുന്നു " .
മഴയെ വക വെയ്ക്കാതെ തിക്കിത്തിരക്കി ബസ്സിനുള്ളിലേക്ക് കയറുമ്പോൾ ലോട്ടറി ടിക്കറ്റുമായി നിന്നിരുന്ന പാവടക്കാരിയുടെ മുഖം ഇരുളിന്റെ വിടവിലൂടെ തന്നെ പിൻതുടരുന്നതായി തോന്നി . അവൾ വല്ലാതെ ഭയന്നിരിക്കുന്നു . ബസ്സിന്റെ ഹെഡ് ലൈറ്റിന്റെ പ്രകാശത്തിൽ താനവളുടെ മുഖം വ്യക്തമായി കണ്ടു . അവളുടെ മുഖത്ത് പടർന്നിരുന്ന ചോരയ്ക്കും ഓട്ടോയിൽ കയറ്റിപ്പോയ മനുഷ്യന്റെ മുണ്ടിൽ പടർന്നിരുന്ന ചോരയ്ക്കും ഒരേ നിറമായിരുന്നു .
By: Ibrahimkutty
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക