Slider

രാജാവിന്റെ മകൻ

0

തിളങ്ങുന്ന ചെഞ്ചായം പൂശിയ അരണ്ടവെളിച്ചത്തിലുള്ള ബാറിന്റെ വലത്തെ കോണിലുള്ള നാലു പേർക്കിരിയ്ക്കാവുന്ന ടേബിളിന്റെ പിന്നിലെ കസേരയിൽ ഒറ്റയ്ക്കിരുന്ന് ആറാമത്തെ പെഗ്ഗിലേക്ക് സോഡ ഒഴിയ്ക്കുമ്പോൾ നുരഞ്ഞു പൊന്തിയ ചെറു കുമിളകളിലേയ്ക്കാണോ ഐസ് ക്യൂബ്കൾ ഇട്ടത് അതോ ഐസ് ക്യൂബിനും മുകളിലേയ്ക്കാണോ സോഡ ഒഴിച്ചത് എന്ന് തീർച്ചയില്ല. മുമ്പിലിരിയ്ക്കുന്ന പ്ലേറ്റിലെ മിച്ചറിൽ നിന്ന് കഷ്ടപ്പെട്ട് തപ്പിയെടുത്ത കപ്പലണ്ടിമണികൾ വളരെ ശ്രദ്ധയോടെ തുറന്നു പിടിച്ചിരുന്ന വായിലേയ്ക്ക് അഞ്ചാറെണ്ണം വീതം ഒന്നിനു പുറകെ ഒന്നായി എറിഞ്ഞെങ്കിലും ഒന്നോ രണ്ടെണ്ണം മാത്രമേ ലക്ഷ്യസ്ഥാനം കണ്ടുള്ളു. പുറകിലെവിടേക്കോ പറന്നു പോയ കപ്പലണ്ടിമണികൾ ഉള്ളിൽ ലേശം നഷ്ടബോധം ഉണർത്തി. അല്പം നേരം കൊണ്ട് അതിൽ നിന്ന് മുക്തമായെങ്കിലും അടുത്ത ചിന്ത മനസ്സിനെ അല്പം അലോസരപ്പെടുത്തി. എല്ലാം മറക്കാനും അല്പം മനസ്സമാധാനത്തിനുമാണ് രണ്ടെണ്ണം അടിക്കുന്നത് അപ്പോഴാണ് അതിനേക്കാൾ രസം ഉണ്ടായത് പഴയ ഓർമ്മകളെല്ലാം ഒന്നൂടെ തെളിഞ്ഞു വരുന്നു , അതും നല്ല പുളിയും ചാരവും ഇട്ടു തേച്ചുമിനുക്കിയെടുത്ത ഓട്ടുവിളക്ക് പോലെ, അല്ലെങ്കിൽ തന്നെ ഈ ഓർമ്മകൾക്ക് എന്തു തിളക്കമാണ്.
സത്യം, അപ്പോഴാണ് മറ്റൊരു ചിന്ത ഉള്ളിലുയർന്നുവന്നത് ആൻസിയെ ഒന്നു കാണണമെന്ന ചിന്ത.
അതിനു കാരണമായതോ ടിവിയിലെ ഏതോ ചാനലിൽ ഓടിക്കൊണ്ടിരിക്കുന്ന ഓൾഡ് ഹിറ്റ് കാറ്റഗറിയിലെ സിനിമയിലെ ലാലേട്ടന്റെ ത്രസിപ്പിക്കുന്ന മാസ്സ് ഡയലോഗ്.
ക്ഷമ ചോദിയ്ക്കാൻ തക്ക എന്തു തെറ്റാണ് ആൻസി എന്നോട് ചെയ്തത്. ശരിയാണ് ആൻസി തന്നോട് തെറ്റൊന്നും ചെയ്തില്ലല്ലോ, പാവം ആൻസി. ചെയ്തതത്രയും താൻ , എന്നിട്ട് തന്നെ തേച്ചിട്ടു പോയി എന്ന കുറ്റം മുഴുവൻ പാവം അവളുടെ തലയിൽ കെട്ടിവച്ചു. അതിന്റെയെല്ലാം അനന്തരഫലമാണല്ലോ താനിപ്പോൾ ഇങ്ങിനെ അനുഭവിച്ചു കൂട്ടുന്നത്.
മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും, ദൈവമേ അതും ശരിയാണല്ലോ കഴിഞ്ഞ അഞ്ചാറു വർഷമായിട്ട് താൻ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം അങ്ങിനെ തന്നെയല്ലേ .
യെസ് ഐ ആം എ പ്രിൻസ്, കിരീടവും ചെങ്കോലും പലിശയ്ക്ക് കൊടുപ്പും, കൊല്ലും കൊലയും ഉണ്ടായിരുന്ന പലിശക്കാരൻ തോമസ്സിന്റെ മകൻ. കടുത്ത ലാൽ ആരാധകൻ ആയ തന്റെ പപ്പ രാജാവിന്റെ മകൻ കണ്ട ഹാങ്ങ് ഓവറിൽ ആണെന്ന് തോന്നുന്നു താൻ ജനിച്ചപ്പോൾ തനിക്കിട്ടു തന്ന പേരാണല്ലോ വിൻസെന്റ് എന്നത്. അങ്ങിനെ താനും ഒരു രാജാവിന്റെ മകൻ ആയി, വിൻസെന്റ് തോമസ്സ്. അഞ്ചാം വയസ്സിൽ അപ്പച്ചൻ പതിവുള്ള കള്ളുകുടിയ്ക്കിടയിൽ കുട്ടിയായ തനിക്കും ചെറിയ ഗ്ലാസ്സിൽ ഇത്തിരി ഒഴിച്ചു തന്നത് കുടിച്ചപ്പോൾ ഇതെന്താണപ്പച്ചാ അടയ്ക്കാ വെള്ളമാണോ എന്നു ചോദിച്ചതിന് അപ്പച്ചൻ തന്ന മറുപടി
എടാ സാഗർ ഏലീയാസ് ജാക്കീ ഇതാടാ ബിയർ, അതവിടെ നിൽക്കട്ടെ നിനക്കെവിടുന്നാണ് ബിയറിന്റെ സ്വാദ് അടയ്ക്കാവെള്ളത്തിന്റേതാണ് എന്നറിവ് കിട്ടിയത്.
അതോ വല്യാപ്പച്ചന് മുറുക്കാനായി അടയ്ക്ക വെള്ളത്തിലിട്ടു വച്ചിരിക്കുന്ന മൺകുടത്തിന്റെ മൂടി തുറക്കുമ്പോൾ കിട്ടുന്നത് ഇതേ മണമാണ്.
ശരി എങ്കിൽ ഇതിന്റെ രുചി ഒന്നു കണ്ടു പിടിയ്ക്കൂ എന്നു പറഞ്ഞ് അപ്പച്ചൻ മറ്റൊരു കുപ്പിയിൽ നിന്ന് ഒഴിച്ചു തന്നത് സ്വാദോടെ നുണച്ചിറക്കിയപ്പോഴും അതെന്താണെന്ന് തിരിച്ചറിഞ്ഞില്ല. ഉള്ളെരിഞ്ഞിറങ്ങിയപ്പോഴും ഉള്ളിൽ ഒരു സുഖത്തോടെ ഇതെന്തു സാധനമാണപ്പാ ചോദിച്ചതിന് അപ്പൻ തന്ന ഉത്തരം ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്. ഗ്രീൻ ലേബൽ സ്കോച്ച് വിസ്കിയാണെടാ മോനേ ഇതെന്ന് .
ആദ്യമായി അപ്പച്ചൻ കുറിച്ചു തന്ന വിദ്യാരംഭം നാവിൽ ഇറ്റിച്ചു തന്ന മദ്യത്തുള്ളികളും, ഉള്ളിൽ പകർന്നു തന്ന ആദ്യത്തെ അറിവുകൾ ബന്ധങ്ങൾ എല്ലാം പണയപ്പണ്ടമായി കരുതണം എന്നുമായിരുന്നല്ലോ. ഏതു ബന്ധങ്ങളിലായാലും നമ്മൾ കൊടുക്കുന്ന സ്നേഹത്തെ പോലും പലിശയായി തിരിച്ചെടുക്കണമെന്ന ബാലപാഠങ്ങൾ അപ്പച്ചൻ പഠിപ്പിച്ചുത്തന്നത് അക്ഷരംപ്രതി അനുസരിച്ചതാണോ താൻ ജീവിതത്തിൽ ചെയ്ത തെറ്റ്.
ആൻസിയുടെ കല്യാണത്തിന്റെ തലേദിവസം വരേ അവൾക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു താനവളെ വിളിച്ചിറക്കി കൊണ്ടു പോരും എന്ന്, അപ്പച്ചന്റെ എതിർപ്പിന്റെ പേരും പറഞ്ഞ് അവളെ നൈസായി ഒഴിവാക്കിയതാണ് എന്ന് പാവം അവൾ അറിഞ്ഞില്ലായിരുന്നു. അവളേയും താൻ ഒരു പണയപ്പണ്ടമായാണ് കരുതിയിരുന്നതെന്ന് അവൾ അറിഞ്ഞില്ലല്ലോ. പലിശ പലപ്പോഴുമായി പല രീതിയിൽ വസൂലാക്കിയതിനാൽ അവൾ വിട്ടു പോകുന്നതിൽ വലിയ കുറ്റബോധം ഒന്നുമില്ലായിരുന്നു. പക്ഷെ നേട്ടങ്ങൾ എല്ലാം നഷ്ടമായിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോഴേയ്ക്കും ചെങ്ങണ്ടപ്പാലത്തിനടിയിലൂടെ ഒത്തിരി വെള്ളമൊഴുകി പോയിട്ടുണ്ടായിരുന്നു.
ശരിയാണ് ഇപ്പോൾ നന്നായി ഓർക്കുന്നു ആൻസി അന്ന് പറഞ്ഞത് ചെങ്ങണ്ടപ്പാലത്തിന്റെ തെക്കേക്കരയിലൂടെ ഏകദേശം ഒന്നൊന്നര കിലോമീറ്റർ കിഴക്ക് വശത്തു നിന്നാണ് അവളെ വിവാഹം കഴിയ്ക്കാനായി വന്നിരിക്കുന്ന പീറ്ററിന്റെ വീട്. സ്വന്തമായി ചീനവലയെല്ലാം ഉണ്ട്. കായലിൽ നിന്ന് മീൻ പിടുത്തവും,ബാക്കിയുള്ള സമയത്ത് കായലിൽ നിന്ന് കക്കാവാരാനും എല്ലാം പോകുന്ന നല്ല അദ്ധ്വാനിയായ കുടുംബ സ്നേഹിയായ ചെറുപ്പക്കാരനാണ്. വീടു കാണാൻ പോയിട്ടു വന്ന അവളുടെ അപ്പച്ചനും അമ്മച്ചിയും പറഞ്ഞു അവരുടെ വീട്ടിൽ ആവശ്യത്തിന് തെങ്ങും, മാവും ,പ്ലാവും പച്ചക്കറി കൃഷിയുമെല്ലാം ഉണ്ട്. വീടിനു ചുറ്റും ഒത്തിരി പൂവരശ് മരങ്ങളും ഉണ്ട്. അങ്ങിനെയെല്ലാം പറഞ്ഞത് കഴിഞ്ഞ ദിവസം ആയിരുന്നു എന്നു തോന്നിപ്പോകുന്നു പക്ഷെ അഞ്ചാറു വർഷങ്ങൾക്ക് മുമ്പായിരുന്നു എന്നു തോന്നുന്നതേയില്ല.
പാതിരാത്രിയായി സാറേ, ബാർ അടയ്ക്കാറായി. സാറിന് വീട്ടിൽ പോകാൻ ഊബർ വിളിയ്ക്കണോ? ബാറിലെ ജോലിക്കാരന്റെ ചോദ്യമാണ് തന്നെ ചിന്തയിൽ ഉണർത്തിയത്.
വേണ്ട, ഞാൻ എന്നത്തേയും പോലെ എന്റെ ബൈക്കിനു തന്നെ പൊയ്ക്കോളാം.
ചെങ്ങണ്ടപ്പാലത്തിന്റെ കൈവരികൾ തുടങ്ങുന്നയിടത്ത് ബൈക്കൊതുക്കി വച്ചു. ചാവി ഊരിയെടുത്ത് ചൂണ്ടുവിരലിൽ ഇട്ട് കറക്കി പാലത്തിന്റെ താഴോട്ടുള്ള പടികൾ ഇറങ്ങി. കായലരികിലെ കരിങ്കൽ ഭിത്തി കിഴക്കോട്ട് നീണ്ടു കിടന്നു. പരിചിത ഭാവത്തിൽ അപരിചിതമായ വഴിയിലൂടെ യാത്ര തുടർന്നു. ശാന്തമായ കായലിൽ നിലാവ് പരന്നൊഴുകി പടർന്നു കിടന്നു.
പാതിരാത്രിയിൽ പതിവായി പോകാത്ത വഴിയിലൂടെ പഴയ കാമുകിയെ തേടിയുള്ള യാത്ര.
ഇപ്പോൾ എന്തോരം നടന്നു എന്നറിയില്ല വഴിയിൽ എത്ര ചീനവലകൾ കണ്ടു , എത്ര പൂവരശുകൾ കണ്ടു എന്നാലും ആൻസിയുടെ വീടു മാത്രം കണ്ടില്ല. അഥവാ കണ്ടാൽ തന്നെ തിരിച്ചറിയാൻ താൻ ഇതിനു മുമ്പ് ആ വീട് കണ്ടിട്ടില്ലല്ലോ. ഒത്തിരി നടന്നുനടന്ന് ഇപ്പോൾ തൊട്ടുമുന്നിൽ വഴിയെല്ലാം അവസാനിച്ചു, ഇനി മുന്നിൽ കായലാണ്, നടന്ന ക്ഷീണം തീർക്കാൻ അടുത്തു കണ്ട തെങ്ങിൽച്ചാരി ഇരുന്നു.
കണ്ണെത്താത്ത ദൂരം വരെ നീണ്ടുകിടക്കുന്ന കായൽക്കരയിൽ, കായലിൽ നിന്ന് വരുന്ന ചെറിയ തണുപ്പുള്ള ഉപ്പുക്കാറ്റേറ്റ് ഇങ്ങിനെ ഇരിയ്ക്കാൻ എന്തുരസം.
By PS Anilkumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo