"എന്നാലും എന്റെ ഹേമേ, ഇതിത്തിരി കൂടുതലാ. നാലര വയസുള്ള കുഞ്ഞിനെക്കൊണ്ടാണോ ഇതൊക്കെ ചെയ്യിക്കുന്നെ?"
മുകുന്ദന്റെ ചോദ്യം കേട്ടിട്ട് ദേഷ്യം വന്നെങ്കിലും ഹേമ ഒന്നും പറഞ്ഞില്ല. പറഞ്ഞിട്ട് കാര്യം ഇല്ല. "നിങ്ങളുടെ അമ്മ ഇതൊക്കെ ചെയ്യിക്കാത്തതിന്റെ ഫലമാ ഞാനക്കെ അനുഭവിക്കുന്നത്," മനസിലങ്ങനെ പറഞ്ഞിട്ട് ഹേമ അടുക്കളയിലേക്കു ചെന്നു. കഴിച്ച പത്രം സിങ്കിൽ ഇട്ടു കയ്യും വായും കഴുകുകയാണ് കേശു. ഈ പത്രം എടുത്തു സിങ്കിൽ ഇടാൻ പറഞ്ഞതിനാണ് മുകുന്ദന്റെ വായീന്നു കേട്ടത്.
"ഗുഡ് ജോബ് കേശു. അമ്മ ഈസ് പ്രൗഡ് ഓഫ് യു," കേശുവിന്റെ തോളത്തു തട്ടി അങ്ങനെ പറഞ്ഞപ്പോൾ അവന്റെ മുഖം നിലാവുദിച്ചതു പോലെ.
അതെങ്ങനെ, രാഷ്ട്രീയം മാത്രമല്ല, പേരെന്റിങ് സ്‌കിൽസും ഗൂഗിളിൽ കിട്ടും. ആരോട് പറയാൻ?
കേശുവിനു കൂട്ടായി കാശി വന്നപ്പോഴും ഹേമ അവനെക്കൊണ്ടും ഇതൊക്കെ ചെയ്യിച്ചു. എന്തിനു, സന്ധ്യകളിൽ നിലവിളക്കു കൊളുത്താനും അവർ പഠിച്ചു.
അവധി ദിവസങ്ങളിൽ പച്ചക്കറി അരിയാൻ പറഞ്ഞു കൊടുത്തു. അടുക്കള തോട്ടത്തിലെ പുല്ലു പറിച്ചു കളയാനും,വെള്ളമൊഴിക്കാനും പഠിപ്പിച്ചു.
"നിനക്ക് രണ്ടു പെൺകുട്ടികളെ ആണല്ലോ ഹേമേ കിട്ടീത്," അടുത്ത വീട്ടിലെ ദേവകി അമ്മ പറഞ്ഞപ്പോൾ ഹേമ ചിരിച്ചു.
"അവർ ആൺകുട്ടികൾ തന്നെയാ ദേവകിയമ്മേ. പെൺകുട്ടികൾക്ക് മാത്രമാണോ ഈവക ജോലിയൊക്കെ ചെയ്യാൻ പറ്റുന്നെ? ആൺകുട്ടികൾ ചെയ്താൽ എന്താ പറ്റുക എന്നൊന്ന് കാണാല്ലോ. പിന്നെ, ദേവകിയമ്മേ പോലെ ആൺമക്കൾ കഴിച്ചിടത്തൂന്നു പാ ത്രം പോലും എടുപ്പിക്കാൻ ശീലിക്കാത്ത അമ്മമാർ കാരണമാ കുറെ പെൺകുട്ടികൾ ഇപ്പോഴും അനുഭവിക്കുന്നത്," അത്രയും പറഞ്ഞു തിരിയാൻ തുടങ്ങിയപ്പോഴാണ് ദേവകിയമ്മയുടെ മരുമകൾ രണ്ടു ബക്കറ്റ് നിറയെ തുണികളുമായി വരുന്നത്. കഴുകാനാണ്.
"ഇട്ട ഷഡ്ഢി പോലും കഴുകില്ല. ഇതൊക്കെ നമ്മുടെ അവകാശമാണെന്നാ പറയുന്നേ...", അവളതും പറഞ്ഞു ചിരിച്ചു.
പത്താം ക്ലാസ് കഴിഞ്ഞ ശേഷമാണു കേശുവും കാശിയും പാചകം ചെയ്യാൻ പഠിച്ചത്. രണ്ടു പേരും അത് നന്നായി ആസ്വദിക്കുകയും ചെയ്തു. ഞായറാഴ്ചകൾ അടുക്കള പാചക കളരി തന്നെ ആയി.
അമ്മ തലവേദന എടുത്തിരിക്കുമ്പോൾ ഒരു ചായ ഇടാനൊക്കെ രണ്ടാൾക്കും മത്സരമാണ്. മുകുന്ദനും അതൊക്കെ ആസ്വദിക്കാൻ തുടങ്ങിയിരുന്നു.
കേശു എഞ്ചിനീയറിംഗ് കഴിഞ്ഞു ബാംഗ്ലൂരിലേക്ക് പോയി. കൂട്ടുകാരൊക്കെ വൈകിട്ട് കഫെകളിൽ പോകുമ്പോൾ അവൻ നേരെ വീട്ടിലെത്തും. അടുക്കളയിൽ കയറി ഒരു ചായയും ഇട്ടു ഇഷ്ടപ്പെട്ടൊരു ബുക്കുമായി ഇരിക്കുമ്പോൾ അമ്മയെ ഓർക്കും. അമ്മയും അങ്ങനെയായിരുന്നു.
"കൂട്ടുകാരുമൊക്കെയായി ഇടക്കൊക്കെ വേളി യൊലൊക്കെ പോകണം കെശൂട്ടാ," അമ്മ പറയും, ഫോൺ ചെയ്യുമ്പോൾ.
"വെറുതെ പൈസ പൊടിക്കാനാ അമ്മെ. ഈ കോൾഡ് കോഫിയൊക്കെ നമുക്കും ഉണ്ടാക്കാമെന്നേ. ഇത്തിരി മിനക്കെടണമെന്നേ ഉള്ളു," അവൻ പറയും.
തന്റെ പിശുക്കു കിട്ടിയത് അവനാണെന്നു ഹേമ ഒരു ചിരിയോടെ ഓർത്തു.
കാശി എംബിബിസും കഴിഞ്ഞു ഹൌസ് സർജൻസി ചെയ്യുമ്പോഴാണ് ഹേമയുടെ മരണം.
വായിച്ചു തീരാത്ത ഒരു ബുക്കും നെഞ്ചിൽ വെച്ച് അവളങ്ങു പോയി.
"രണ്ടാൺകുട്ടികളല്ലേ...അവരിനി എന്തൊക്കെ ചെയ്യണം," ഹേമയുടെ ബന്ധുക്കൾക്ക് അതായിരുന്നു ആശങ്ക.
"അവർക്കറിയാത്തതു ഒന്നുമില്ല. ഹേമചേച്ചി ഒക്കെ അവരെ പഠിപ്പിച്ചിട്ടുണ്ട്," ദേവകിയമ്മേടെ മരുമകൾ അങ്ങനെ പറഞ്ഞെങ്കിലും ആരും അതത്ര വിലക്കെടുത്തില്ല.
"അവർ ആണ്കുട്ടികളല്ലേ...അങ്ങനെ എല്ലാമങ്ങു പഠിക്കാൻ പറ്റുവോ? തുണി കഴുകിയിടുന്നതും അരിവെക്കുന്നതും മാത്രമല്ല കാര്യങ്ങൾ..." ഹേമയുടെ അമ്മ കുറ്റപ്പെടുത്തി.
ഒന്ന് രണ്ടാഴ്ച അവിടെ നിന്നപ്പോഴാണ് അമ്മാമക്ക് കാര്യങ്ങൾ മനസിലായത്. കേശുവിനും കാശികും അടുക്കള കാര്യത്തിൽ അറിയാത്തതായി ഒന്നുമില്ല. എല്ലാം നല്ല വെടിപ്പായി ചെയ്യും.
ഇടയ്ക്കിടെ "അമ്മ ഇങ്ങനെയാ ചെയ്യുന്നെ..അങ്ങനെയാ ചെയ്യുന്നേ" എന്ന് പറയുമ്പോൾ അവരുടെ കണ്ണിൽ നീര് പൊടിയുന്നോ എന്നവർക്ക് തോന്നാതിരുന്നില്ല.
വർഷങ്ങൾ കഴിഞ്ഞു രണ്ടു പേരും വിവാഹം കഴിക്കുമ്പോഴേക്കും കേശുവിന്റെയും കാശിയുടേയും ശിക്ഷണത്തിൽ മുകുന്ദനും ഒരു നല്ല പാചകക്കാരനായി കഴിഞ്ഞിരുന്നു.
"ഇനീപ്പോ മക്കൾ രണ്ടാളും അമേരിക്കേലോ ഇംഗ്ലണ്ടിലോ പോയാലും രണ്ടുനേരോം ഉണ്ടാക്കി കഴിക്കാൻ എനിക്കൊരാളെ വെക്കേണ്ടാലോ," ഹേമയുടെ ചിത്രത്തിൽ നോക്കി അത് പറയുമ്പോൾ രണ്ടാൺമക്കളെ നന്നായി വളർത്തിയ ഭാര്യയെ മനസാ വന്ദിക്കുണ്ടായിരുന്നു അയാൾ.
By: Anisha Rudrani
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക