ചേച്ചിയുടെ കല്യാണത്തിന്റെ തലേന്ന് സ്വർണ്ണം കടം തരാമെന്ന് പറഞ്ഞ ജ്വല്ലറിക്കാരൻ തരാൻ പറ്റില്ലന്ന് വിളിച്ചു പറഞ്ഞപ്പോൾ കരഞ്ഞു തളർന്നഅമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു...
"ദേന്താ.. ഞാൻ ഇല്ലേ ടോ.. നമ്മുടെ മോള് അങ്ങനെ സ്വർണ്ണം ഇല്ലാതെ ഇ പടിയിറങ്ങില്ല.. "
അന്ന് എന്താ ചെയ്തതെന്ന് അറിയില്ല സ്വർണ്ണം കിട്ടി... കല്യാണവും നടന്നു..
രണ്ടു മാസം കഴിഞ്ഞു മൂന്നാല് സ്ത്രീകളും രണ്ടു ചേട്ടൻ മാരും വീട്ടിലേക്ക് വന്നു .
അതിഥികൾ ആവേണ്ടവർ അതിനപ്പുറം കാണിച്ചപ്പോ സംശയം തോന്നിയതാണ്...
അപ്പോഴേക്കും പണി പാതി നിർത്തി അച്ഛൻ ഓടി വന്നിരുന്നു..
"ഒരു മാസം.. കൂടെ " അവരോട് അടഞ്ഞ ശബ്ദത്തിൽ അച്ഛൻ പറഞ്ഞൊപ്പിച്ചു...
എന്റെ മുറിയിൽ കയറി കൂടെയുള്ള സ്ത്രീ എന്നെ നോക്കി ഉറക്കെ പറഞ്ഞു..
"കുട്ട്യേ.. എന്താ ഇത് ചുമരൊക്കെ വൃത്തികേട് ആക്കിലോ... '
"അത് എന്റെ മുറിയല്ലേ... " എന്ന് തിരിച്ചു പറയുപൊഴേക്കും അച്ഛൻ വന്നു കൈ പിടിച്ചു..
നല്ല ബലം ഉണ്ടായിരുന്നു ആ പിടുത്തതിന്.. അതിലേറെ അർത്ഥവും...
ഒരു മാസം കഴിഞ്ഞപ്പോൾ ഒരു കുഞ്ഞു വീടെടുത്ത് അങ്ങോട്ട് മാറി... പെങ്ങളുടെ വിവാഹം നടത്താൻ ബ്ലേഡ് രാമേട്ടന് ആധാരം കൊടുക്കുമ്പോ വിധി ഇങ്ങനെ ആവാതെ അല്ലാതെ തരമില്ലല്ലോ..
അന്നുമുതൽ...എനിക്കും അച്ഛനുമിടയിൽ ഒരു മതിൽ ഉയർന്നിരുന്നു..
അച്ഛാ എന്ന് വിളിക്കുന്നത് പോയിട്ട്.. കണ്ടാൽ മുഖം കൊടുക്കാതെയായി ഞാൻ.. അത് അങ്ങനെ ആണല്ലോ എനിക്കും കൂടെ അവകാശപെട്ട വീടല്ലേ പോയത്..
ഇടക്ക് അമ്മ സങ്കടം പറയും.. അപ്പോൾ അച്ഛൻ പറയും
"സാരോല്ല... ഓൻ അങ്ങനെ കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.. തെറ്റ് എന്റെ അടുത്ത് തന്നെയാ ... "
വാടക വിട്ടിൽ നിന്ന് സ്വന്തമായി ഒരു വീട്ടിലേക്ക് മാറാൻ കഴിഞ്ഞത് എനിക്കൊരു ജോലി കിട്ടിയപ്പോഴാണ്..
അതിന്റെ അഹങ്കാരം ഞാൻ കാണിച്ചിരുന്നു... തീരുമാനങ്ങൾ എല്ലാം ഞാൻ തന്നെയെടുത്തു..
അപ്പോഴും അമ്മ ചോദിക്കും.. "നിനക്കൊന്ന് അച്ഛനോട് ചോദിച്ചൂടെ "
"ഓ പിന്നെ.. ചോദിക്കാൻ പറ്റിയ ആള്.. നല്ലൊരു വിട്ടിൽ നിന്ന് വാടക വിട്ടിൽ എത്തിച്ച ആളല്ലേ.. എന്നെകൊണ്ട് ഒന്നും പറയിക്കണ്ട "
കുത്തുകവാക്കുകൾ കൊണ്ട് പ്രതികാരം...
ഒരിക്കൽ അച്ഛൻ.. അമ്മയോട് പറഞ്ഞു.... "
"എന്നോട് എന്തിനാ അഭിപ്രായം ചോദിക്കുന്നെ... പഠിപ്പും വിവരം ഉള്ള കുട്ടി തന്നെയാ.. "
ഓണം ആകുമ്പോൾ അമ്മക്ക് ഒരു സാരി... അതായിരുന്നു രീതി... അച്ഛന് വാങ്ങിയില്ലേ എന്ന് ചോദിക്കുമ്പോൾ... ചേച്ചി വാങ്ങിയില്ലേ അച്ഛന്.. എന്നൊരു മറുചോദ്യം.. ആയിരിക്കും ഉത്തരം
ആലോചിച്ചു നോക്കുമ്പോൾ അതിൽ വലിയ തെറ്റും കണ്ടില്ല...
അഞ്ചു വയസ്സായ കുട്ടിയേയും കൊണ്ട് ചേച്ചി ഒരിക്കൽ രാത്രി വീട്ടിലേക്ക് കയറി വന്നു
വന്നതും അമ്മ തുടങ്ങി ചോദ്യങ്ങൾ... അവസാനം വഴക്കും.. കരച്ചിലും
ഞാനും മോശമാക്കിയില്ല.. അവൾക്ക് വേണ്ടിയാണ് എല്ലാം വേണ്ടന്ന് വെച്ചത് കിടപ്പാടം വരെ പോയതും..
ഇതെല്ലാം കണ്ടു കൊണ്ടാണ് അച്ഛൻ കയറി വന്നത്
അച്ഛൻ അവളുടെ കൈ പിടിച്ചു... പിന്നെ കണ്ണ് തുടച്ചു.. അവളെ ചേർത്ത് നിർത്തി..
"എന്താ ഉണ്ടായെന്നു അച്ഛനു അറിയില്ല. ന്നാലും എന്തായാലും മോളുടെ കൂടെ അച്ഛനുണ്ട്.. പേടിക്കണ്ട "
"നീ അകത്തേക്ക് പൊയ്ക്കോ.. കുട്ടിക്ക് എന്താന്നു വെച്ചാൽ എടൂത്ത് കൊടുക്ക് "
അവളെ അകത്തേക്ക് വിട്ട് അച്ഛൻ ഞങ്ങളെ നോക്കി...
"കല്യാണം കഴിപ്പിച്ചു വിട്ടാല് തീരില്ല മോളുമായുള്ള ബന്ധം.. ഇതൊരു വിശ്വാസം ആണ്.. ഭൂമിയിൽ തനിച്ചല്ല എന്ന്.. അത് കാണിക്കാൻ വീണു കിട്ടുന്ന സമയം ആണ് ഇതൊക്കെ.. "
ഞാനും അമ്മയും ഒന്നും മിണ്ടിയില്ല...
ആ സംഭവത്തോടെ എനിക്ക് അല്പം ദേഷ്യവും വാശിയും കൂടി... എന്നതാണ് സത്യം.
ഒരു മാസം കഴിഞ്ഞിരിക്കും ..
വൈകുന്നേരം വിട്ടിൽ ചെന്നപ്പോൾ ഉമ്മറത്തു അച്ഛൻ ഇല്ല .. അല്പം കഴിഞ്ഞു റൂമിലേക്ക് ഒന്ന് പാളി നോക്കി അവിടെയും ഇല്ല...
രാത്രി കഴിക്കാൻ ചെന്നപ്പോഴും അവിടെയും അച്ഛൻ ഇല്ല...
"അച്ഛനെവിടെ... " ഞാൻ അമ്മയുടെ മുഖത്തു നോക്കാതെ ചോദിച്ചു..
"ഓഹോ... അപ്പോൾ അച്ഛനെന്നു വിളിക്കാൻ അറിയാം... "
അമ്മ ആരോടെന്നില്ലാതെ പറഞ്ഞു
"ചേച്ചി... അച്ഛൻ എവിടെ പോയി "
മുന്നിലേക്ക് വന്ന ചേച്ചിയോടായി ചോദ്യം
"പഴനിക്ക് പോയി... നാളെ വരും "
"ഉം... ഇടക്ക് നല്ലതാണ് " ഞാനും പറഞ്ഞു...
പിറ്റേ ദിവസം ജോലി കഴിഞ്ഞു വന്നപ്പോൾ ആദ്യം ശ്രദ്ധിച്ചത് ഉമ്മറത്തെ കസേരയാണ്
അത് ഒഴിഞ്ഞു കിടക്കുന്നു
അത് ഒഴിഞ്ഞു കിടക്കുന്നു
അകത്തേക്ക് കയറി... ചുറ്റും നോക്കി.. അമ്മയുണ്ട് ചേച്ചിയും ഉണ്ട്... അച്ഛൻ അവിടെയില്ല
"അച്ഛൻ വന്നില്ലേ... " രണ്ടു പേരോടായി ഞാൻ ചോദിച്ചു
"ഇല്ല . നാളെ വരും "
ചേച്ചി എന്നെനോക്കി പറഞ്ഞു
"ഉം " ഞാൻ ഒന്ന് അമർത്തി മൂളി ....
എന്തോ... ഒരു വല്ലായ്മ പോലെ...
പിറ്റേ ദിവസം... അല്പം നേരെത്തെ വന്നു.. ഓഫീസിൽ ഇരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല...
വിട്ടിൽ ചെന്ന് ആദ്യം അന്വേഷിച്ചത് അച്ഛനെയാണ്...
പതിവ് മറുപടിയാണ് കിട്ടിയത്... "നാളെ വരും "
ഇത്തവണ ശരിക്കും ദേഷ്യം വന്നു...
ഇത്തവണ ശരിക്കും ദേഷ്യം വന്നു...
"ഇതെന്താ എത്ര ദിവസം ആയി... പോയാൽ പിന്നെ വീടൊന്നും വേണ്ട... അച്ഛനെ ഒന്ന് വിളിച്ചു തന്നെ... "
അമ്മയോട് ഞാൻ ഒച്ചയെടുത്തു....
"അച്ഛൻ ഫോൺ കൊണ്ട് പോയില്ല.." ചേച്ചിയാണ് മറുപടി പറഞ്ഞത്
"എന്ത് അപ്പോൾ നാളെ വരും നാളെ വരുമെന്ന് പറഞ്ഞതോ "
"എനിക്ക് അങ്ങനെ തോന്നി .. " അമ്മ എന്നെ നോക്കി കൊണ്ട് പറഞ്ഞു
അതോടെ എന്റെ നിയന്ത്രണം വിട്ടു ..കരച്ചിലും ദേഷ്യവും വന്നു
"നിങ്ങൾ എന്താ ഇങ്ങനെ... പോയിട്ട് ഒരു വിവരവുമില്ല.. എന്നിട്ട് ഇങ്ങനെ ഇരിക്കുന്നു... "
മേശപ്പുറത്തെ പാത്രങ്ങൾ ഞാൻ ഒറ്റ തട്ടിന് താഴെയിട്ടു...
മേശപ്പുറത്തെ പാത്രങ്ങൾ ഞാൻ ഒറ്റ തട്ടിന് താഴെയിട്ടു...
അപ്പോഴും അവരുടെ ഭാവത്തിന് വലിയ വെത്യാസം ഉണ്ടായിരുന്നില്ല...
"നീ എന്താ ഇങ്ങനെ ദേഷ്യം കാണിക്കണേ.. അങ്ങനെ ഒരാൾ ഉണ്ടെന്ന് ഇപ്പോൾ ആണോ അറിയുന്നേ "
അമ്മ എഴുന്നേറ്റ് തെറിച്ചു വീണ പാത്രങ്ങൾ എല്ലാം എടുത്തു..
ഉത്തരം ഇല്ലായിരുന്നു.. ഒന്നിനും...
അപ്പോഴാണ്... ഒരു വണ്ടി മുറ്റത്ത് വന്നത്..
ഞാൻ പുറത്തേക്ക് വേഗത്തിൽ നടന്നു...
അച്ഛനുണ്ട്.. ഓട്ടോയിൽ നിന്നും ഇറങ്ങുന്നു...
അപ്പോഴേക്കും ചേച്ചി പുറകിൽ നിന്നും വന്നു എന്നെ പിടിച്ചു..
"അച്ഛൻ മൂന്ന് ദിവസം കഴിഞ്ഞു വരുമെന്ന് പറഞ്ഞാണ് പോയത്...നിന്റെ സ്നേഹം അറിയാൻ ഞാൻ ആണ് ഇങ്ങനെ ഒരു നാടകം കളിച്ചത്.. അപ്പോൾ ഒത്തിരി ഇഷ്ടം ആണ് അല്ലെ "
ഞാൻ ഒന്നും പറഞ്ഞില്ല... കരയുകയായിരുന്നു ഞാൻ..
അപ്പോഴേക്കും അച്ഛൻ അങ്ങോട്ട് കയറി വന്നു
അച്ഛൻ അടുത്തേക്ക് വന്നു, കരയുന്ന എന്നെ ചേർത്ത് അങ്ങനെ പിടിച്ചു..
"ദേന്താ..ഇത് വല്യ ആള് കരയാ... ഞാൻ ഇല്ലേ.. ഉണ്ണ്യേ... "
അച്ഛൻ... ഒരു ലോകമാണ്....
സഞ്ജു കാലിക്കറ്റ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക