നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹരിവരാസനം

Image may contain: 1 person, smiling, eyeglasses, closeup and outdoor
നീണ്ട പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം , നാളെ പുലരുമ്പോൾ ആചാരങ്ങളും ചിട്ടകളും അനുസരിച്ച് വീണ്ടും സന്നിധാനത്തിൽ ഒരഷ്ടബന്ധകലശം നടക്കുകയാണ് .
ശംഖ് , കടുക്കാ , ചെഞ്ചല്യം , കോഴിപ്പരൽ , ആറ്റുമണൽ , നെല്ലിക്കാ , കോലരക്ക് , നൂൽപ്പഞ്ഞി എന്നിവ സമാസമം ചേർത്ത് , നാൽപ്പത്തി ഒന്ന് ദിവസം കൊണ്ട് തയ്യാറാക്കിയ ദ്രവ്യത്താൽ താൻ വീണ്ടും ബന്ധിക്കപ്പെട്ടുകയാണ് .
ഉടുക്ക് കൊട്ടി ഭക്തർ ഹരിവരാസനം പാടുന്നത് കേട്ടുറങ്ങിയ കാലം മറന്നു . റെക്കോർഡ് സംഗീതം കേട്ട് നിത്യവും ഉറങ്ങേണ്ടി വരുന്ന തന്റെ ഇന്നത്തെ ഗതികേടോർത്തപ്പോൾ ഭഗവാന്റെ നെഞ്ചകമൊന്ന് തേങ്ങി , ദിവസവും കേട്ട് കേട്ട് അതിപ്പോൾ തനിക്ക് ശീലമായിരിക്കുന്നു . ഭക്തർക്ക് തന്നെ പാടിയുറക്കാൻ നേരമില്ലാതായാൽ അഷ്ടബന്ധത്താൽ ബന്ധനസ്ഥനായ തനിക്ക് എന്ത് ചെയ്യാനാവും ?
ഭഗവാൻ തന്റെ ഇളകിത്തുടങ്ങിയ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു . കാലുകൾ ചലിക്കുന്നുണ്ട് , കാലപ്പഴക്കം കൊണ്ട് അഷ്ടബന്ധം ദ്രവിച്ചിരിക്കുന്നു . പന്ത്രണ്ട് വർഷം ചെറിയൊരു കാലയളവല്ല . ഇരിപ്പിടത്തിൽ നിന്നു മെല്ലെ എഴുന്നേറ്റ് ഭഗവാൻ അടഞ്ഞു കിടക്കുന്ന ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ നോക്കി . തന്നെ പതിവു പോലെ ഇന്നും പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നു . ബന്ധനത്തിനു മേൽ ബന്ധനം .
എന്തായാലും തനിക്ക് പുറത്ത് കടക്കണം , കൈലാസത്തിലും വൈകുണ്ഠത്തിലും എത്തിച്ചേരേണ്ട അത്യാവശ്യമുണ്ട് . എങ്ങനെയാണ് ഈ ബന്ധനത്തിൽ നിന്നും പുറത്ത് കടക്കുക .
സ്വന്തം താടിക്ക് കൈ ഊന്നി മണികണ്ഠൻ ആലോചനാമഗ്നനായി . ഹരിയുടെയും ഹരന്റെയും ശക്തി ചൈതന്യം തന്നിലുണ്ട് , ഇടയ്ക്കെപ്പോഴൊക്കെയോ അക്കാര്യം താനും മറക്കുന്നു .
സ്വന്തം ഇഷ്ടങ്ങളും താൽപര്യങ്ങളും അനുസരിച്ച് ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റി മറിക്കുന്ന ഭക്തർ തന്റെ ഇഷ്ടങ്ങളും ആചാരങ്ങളും തെറ്റിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി ?
എല്ലാ ജാതി മതസ്ഥരും തന്നെ സന്ദർശിച്ചു കൊള്ളട്ടെ , അത് സന്തോഷമുള്ള കാര്യമാണ് . തന്നെക്കാണാൻ വരുന്നവർ , മഹിഷീ വധത്തിന് പുറപ്പെടുമ്പോൾ താൻ കയ്യിൽ കരുതിയിരുന്നത് പോലെ , ഭാരമില്ലാത്ത ഒരു ഇരുമുടിക്കെട്ട് അവരും കയ്യിൽ കരുതണമെന്ന് താൻ ആഗ്രഹിച്ചത് തെറ്റാണോ ?
അഷ്ടബന്ധത്തിന് കൂട്ടു തയ്യാറാക്കാൻ നാൽപ്പത്തി ഒന്ന് ദിവസം ശ്രമപ്പെടുന്നവർക്ക് വർഷത്തിലൊരിക്കൽ തന്നെക്കാണാൻ വരുമ്പോൾ നാൽപ്പത്തി ഒന്ന് ദിവസം വ്രതമെടുക്കാൻ സാദ്ധ്യമല്ലെന്നായിരിക്കുന്നോ ?
പതിനെട്ട് മലകളിലെ പതിനെട്ട് മലദൈവങ്ങൾക്കു നടുവിലാണ് താനിരിക്കുന്നത് . ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിന് മുന്നിലുള്ള പതിനെട്ട് പടികളെന്ന് വിശ്വസിക്കുന്ന ചിലർ .
മറ്റു ചിലർ പതിനെട്ട് പടികൾ പതിനെട്ട് ആത്മീയമായ കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണെന്ന് വിശ്വസിക്കുന്നു .
വിശ്വാസം എന്തായാലും പതിനെട്ട് പടികൾ താണ്ടി ആത്മീയതയിലെ പതിനെട്ട് അവസ്ഥകളും തരണം ചെയ്തു ഭക്തർ തന്നിലേക്കെത്തുന്നത് വഴി ഈശ്വരനിലേക്കല്ലേ എത്തിച്ചേരുന്നത് , അത് വഴി മോക്ഷം പ്രാപിക്കാം എന്ന വിശ്വാസം പോലും ഭക്തർക്ക്‌ നഷ്ടമായിരിക്കുന്നോ ?
ശ്രീലകത്തിന്റെ വാതിൽ തുറക്കാതെ തന്നെ ഭഗവാൻ പുറത്തിറങ്ങി , ക്ഷേത്ര പരിസരം നിശബ്ദം , ശരണം വിളികളില്ല , ഭക്തർ തമ്മിലുള്ള തർക്കങ്ങളുടെ ആരവമില്ല .
ഭഗവാൻ ഭസ്മക്കുളത്തിനടുത്തേക്ക് നടന്നു . അവിടെ നിൽക്കുമ്പോൾ താനറിയാതെ തന്നെ ശബരിയെന്ന ഭക്തയായ ആദിവാസിയേയും വനവാസകാലത്ത് സീതാ സമേതനായി തന്നെ സന്ദർശിക്കാനെത്തിയ ശ്രീരാമചന്ദ്രനേയും ഭഗവാനോർത്തു .
എന്തൊക്കെ പേരിലാണ് ഭക്തർക്കിടയിൽ താൻ അറിയപ്പെടുന്നത് , ഹരിഹരപുത്രൻ , അയ്യൻ , മണികണ്ഠൻ , അയ്യനാർ , ഭൂതനാഥൻ , താരകബ്രഹ്മം , ശനീശ്വരൻ , സ്വാമി , ശബരീശൻ , വേട്ടയ്‌ക്കൊരു മകൻ , ചാത്തപ്പൻ അങ്ങനെ എത്രയെത്ര പേരുകൾ ......
അതൊക്കെ തന്നോടുള്ള ഭക്തിയോ സ്നേഹമോ ഒക്കെക്കൊണ്ടാണെറിയാം .. ഇന്നോ .. തർക്കങ്ങൾ മുറുകുകയാണ് , തന്റെ അസ്തിത്ത്വത്തെപ്പോലും ചോദ്യം ചെയ്യപ്പെടുകയാണ് .
മറ്റു പല ക്ഷേത്രങ്ങളിലേയും പോലെ എല്ലാ ദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ പതിവുണ്ടായിരുന്നില്ല . വൃശ്ചികം ഒന്നു മുതൽ ധനു പതിനൊന്നുവരെ നീളുന്ന , മണ്ഡലക്കാലം എന്നറിയപ്പെടുന്ന നാൽപ്പത്തി ഒന്ന് ദിവസങ്ങളിലാണ് പ്രധാനമായും തീർത്ഥാടകർ തന്റെ സന്നിധിയിൽ എത്തിയിരുന്നത് . അതും നാൽപ്പത്തിയൊന്ന് ദിവസം വ്രതമെടുത്ത് , മാലയിട്ട് ശരണം വിളിച്ച്‌ , ഇരുമുടിക്കെട്ടുമായി കോടിക്കണക്കിന് ഭക്തർ നമ്മെ ദർശിക്കാൻ എത്തിയിരുന്ന പഴയ കാലം .
സൂര്യദേവൻ മോക്ഷപദത്തിലേക്കു പ്രയാണം തുടങ്ങുന്ന വൃശ്ചികം ഒന്നു മുതൽ വ്രതം തുടങ്ങണം . അരുണോദയത്തിനു മുമ്പു നിത്യസ്നാനം . വ്രതാനുഷ്ഠാനത്തിന്റെ അടയാളമായി കഴുത്തിൽ അയ്യപ്പ മുദ്രയോടു കൂടിയ മാല ധരിക്കണം ഓരോ തീർത്ഥാടകനും . നിത്യ ജീവിതത്തിലെ സുഖഭോഗങ്ങളെല്ലാം പരിത്യജിച്ച് പ്രകൃതിക്കനുസരിച്ച ദിനചര്യകൾ ചെയ്യണം . ക്ഷൗരം പാടില്ല . ബ്രഹ്മചര്യം കർശനമാണ് . സസ്യാഹാരമേ കഴിക്കാൻ പാടുളളൂ . മൽസ്യ മാംസാദികള്‍ പൂർണ്ണമായും വർജിക്കണം . ഇതൊക്കയായിരുന്നില്ലേ , ആചാരങ്ങൾ ?
ഇന്നതൊക്കെ പോയി , ആചാരങ്ങൾ അനുഷ്ഠാനങ്ങൾ , എല്ലാം ..
ഇതിനൊക്കെ പുറമേയാണ് എല്ലാ മലയാള മാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിൽ പുതിയതായി സന്ദർശനം അനുവദിച്ചിരിക്കുന്നത് .. ആരാണിതൊക്കെ തീരുമാനിക്കുന്നത് ?
ആരാണ് പുതിയ ആചാരങ്ങൾ ഉണ്ടാക്കുന്നത് ?
താനിവിടെ , ഈ മലയുടെ മുകളിൽ എന്നുമുണ്ടായിരുന്നല്ലോ , ചിട്ട പ്രകാരം വ്രതമെടുത്തു വന്നാൽ ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും തന്നെ ദർശിക്കാമായിരുന്നല്ലോ , പിന്നെ എന്തിനാണ് നിങ്ങൾക്കീ കലികാല പണ്ഡിതൻമാരുടെ പിൻബലവും നിയമ സഹായവുമൊക്കെ ?
ഇരുമുടിക്കെട്ടിൽ അഭിഷേകത്തിനുളള നെയ്ത്തേങ്ങ , വഴി പാട് സാധനങ്ങൾ എന്നിവ ഉണ്ടാവണം ? ദർശനത്തിനും ഉണ്ടല്ലോ ചില ചിട്ടകൾ , പതിനെട്ടാം പടി കയറി തിക്കും തിരക്കും കൂട്ടാതെ വേണം തന്നെ ദർശനം നടത്താനെന്നല്ലേ ?
കന്നിമൂല ഗണപതി , നാഗരാജാവ് എന്നിവിടങ്ങളിൽ തൊഴുത ശേഷം വേണം മാളികപ്പുറത്തമ്മയെ ദർശിക്കാൻ .
കൊച്ചു കടുത്ത , മണിമണ്ഡപം , നാഗര് , നവഗ്രഹങ്ങൾ , മലദൈവങ്ങൾ എന്നിവരുമില്ലേ , അവരെയും കൺ നിറയെ തൊഴുത് വണങ്ങിയ ശേഷം വേണം മാളികപ്പുറത്തമ്മയെ തൊഴാൻ എന്നതാണ് ആചാരം .
ദർശനത്തിനു ശേഷമാണ് പ്രധാന വഴിപാടായ നെയ്യഭിഷേകം . ഇതൊക്കെ തന്റെ ഭക്തർ മറന്നു പോയിരിക്കുന്നു .
തന്റെ ഇരിപ്പിടം എത്രയോ പ്രാവശ്യം തകർക്കപ്പെട്ടിട്ടുണ്ട് .
ഈ നൂറ്റാണ്ടിൽത്തന്നെ ഇവിടം രണ്ട് തവണ അഗ്നിബാധക്ക് ഇരയാക്കാക്കപ്പെട്ടില്ലേ ? ആദ്യം കത്തിനശിച്ചതത്രയും പുനരുദ്ധാരണം ചെയ്യപ്പെടാൻ എടുത്ത കാലയളവോ ? എട്ട് വർഷം !!!
വീണ്ടും ചില മതമൗലികവാദികൾ സന്നിധാനം തീവയ്ക്കുകയും വിഗ്രഹം തകർക്കുകയും ചെയ്തപ്പോ , എന്ത് കൊണ്ടോ പിന്നീട് പുനരുദ്ധാരണത്തിന് വലിയ കാല വിളംബം വന്നില്ല . അതിനെ ഭാഗ്യമായിട്ട് കാണണോ , കാലക്കേട് മാറിയതായിട്ട് കാണണോ ? അറിയില്ല .
അഗ്നി താണ്ഡവമാടിയതിന്റെ , അടുത്ത വർഷം തന്നെ ചെങ്ങന്നൂരിലെ പ്രസിദ്ധ വിശ്വകർമ്മ കുടുംബാംഗങ്ങളായ തട്ടാവിള നീലകണ്ഠപണിക്കരും അയ്യപ്പപ്പണിക്കരും ചേർന്ന് , കുബുദ്ധികളാൽ തകർക്കപ്പെട്ട തന്റെ വിഗ്രഹം പഴയ മാതൃകയിൽത്തന്നെ പണിതെടുത്തു . സ്വർണ്ണം എന്നുതന്നെ പറയാവുന്ന പഞ്ചലോഹത്തിൽ അന്നവർ വിഗ്രഹം നിർമ്മിച്ച് പുനരുദ്ധാരണം നടത്തി വീണ്ടും പ്രതിഷ്ഠിച്ചത് കൊണ്ട് , ഭക്തർക്ക് ഇപ്പോൾ തന്നെ കൺനിറയെ കണ്ട് പ്രാർത്ഥിക്കാനാവുന്നു .
ചോദ്യങ്ങളെല്ലാം തന്നോട് തന്നെയാണ് . തത്വമസി എന്നതാണല്ലോ ആപ്തവാക്യം .
അങ്ങനെ എത്രയെത്ര ദുരവസ്ഥകൾ , അന്നും അഷ്ടബന്ധത്താൽ തളയ്ക്കപ്പെട്ട് ചലിക്കാനാവാതെ നോക്കി ഇരിക്കേണ്ടി വന്നു തനിക്ക് . ഇന്നത് വയ്യ , അഴുതയും ശരംകുത്തിയും കരിമലയും പമ്പയും അച്ചൻകോവിലാറും മലീമസമാകും , അതിന് പരിഹാരം തേടണം .
പതിനെട്ട് പടികളിറങ്ങിയ ഭഗവാൻ നേരേ കൈലാസത്തിലേക്ക് പുറപ്പെട്ടു . പരമേശ്വരനു മുന്നിൽ ശബരിമലയിൽ സംഭവിക്കാൻ പോകുന്ന വിപത്തിനെക്കുറിച്ച് പറഞ്ഞെങ്കിലും , പുത്ര ദു:ഖം മനസ്സിലാക്കിയ ശേഷം നീലകണ്ഠൻ കൊടുത്ത മറുപടിയിൽ തൃപ്തനാവാതെ ഭഗവാൻ വൈകുണ്ഠത്തിലേക്ക് തിരിച്ചു . ലക്ഷ്മീ സമേതനായി അനന്തന് മേൽ ശയിക്കുന്ന വിഷ്ണു തനയന്റെ സങ്കടം സശ്രദ്ധം ശ്രവിച്ചു .
എല്ലാം വിശദമായ കേട്ടതിത് ശേഷം , ചിരിച്ചു കൊണ്ട് പാർത്ഥസാരഥി യാദവർക്കു സംഭവിച്ച ദുരന്തകഥ പമ്പാവാസനെ പറഞ്ഞു കേൾപ്പിച്ചു . തിരിച്ചു പോരാൻ ഒരുങ്ങിയ ഹരിഹര പുത്രന് ഗീതയിലെ പ്രശസ്തമായ ശ്ലോകവും വിഷ്ണു ദേവൻ ചൊല്ലി കേൾപ്പിച്ചു .
" പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ " ....
( സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ സംഹാരത്തിനും ധ‍ര്‍മ്മം നിലനിര്‍ത്തുന്നതിനും വേണ്ടി യുഗം തോറും ഞാന്‍ അവതരിച്ചു കൊണ്ടേയിരിക്കും )
തിരിച്ച് സന്നിധാനത്തിലെത്തിയ ഭഗവാൻ ചിന്താമഗ്നനായി ശ്രീകോവിലിനുള്ളിൽ നിലയുറപ്പിച്ചു . തന്റെ സന്നിധാനം സംരക്ഷിക്കാനായി മഹാവിഷ്ണുവിന്റെ പുതിയൊരവതാരം ഇനിയും ഉണ്ടാകുമോ എന്നാഗ്രഹിച്ചു പോയി .
വൈകാതെ നാട് പ്രളയത്തിൽ മുങ്ങി , പമ്പയും അച്ചൻകോവിലാറും കര കവിഞ്ഞൊഴുകി . തന്റെ സ്വന്തം കാൽ നഖം വരെ വെള്ളമെത്തി .....
എന്നിട്ടും ജനങ്ങളുടെ ചിന്തയും കാഴ്ചപ്പാടുകളും മാറ്റമൊന്നുമില്ലാതെ തുടർന്നു . യാദവരുടെ നാശം വീണ്ടും ആവർത്തിക്കപ്പെട്ടു .
ധർമ്മാധർമ്മങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിയാനാവാതെ ഭഗവാൻ , തന്റെ ഉറക്ക് പാട്ടായ ഹരിവരാസനം കേട്ടിട്ടും ഉറങ്ങാനാവാതെ നിറ മിഴിയോടെ തന്റെ ഭക്തർക്ക് വേണ്ടി ഇന്നും കാവലിരിക്കുന്നു ...
ഇബ്രാഹിംകുട്ടി
പാണപറമ്പ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot