Slider

പട്ടം പോലെ

0
"ഞാൻ ഇത് ഇന്നും ഇന്നലെയുമൊന്നുമല്ല ചന്തു നിന്നോട് പറഞ്ഞിട്ടുള്ളത് .നിനക്ക് തിരിച്ചറിവായ കാലം മുതൽ പറഞ്ഞിട്ടുള്ളതാണ് അനു നമ്മുടെ കുട്ടിയാണ്, നിന്റെ പെണ്ണാണ് എന്ന് ...അവസാന സമയത്തു നിന്റെ അച്ഛന് ഞാൻ കൊടുത്ത വാക്കാണ് അത് "
"അമ്മെ എനിക്കുമുണ്ടാകില്ലേ സ്വപ്‌നങ്ങൾ ?"ഞാൻ ദുർബലമായി ചോദിച്ചു എന്റെ സ്വപ്നങ്ങളെ കുറിച്ച് വാദിക്കുമ്പോൾ അമ്മയുടെ ഒരേ ഒരു സ്വപ്നം ഞാൻ ആണെന്നുള്ളത് ഞാൻ മറന്നു പോയി
"ഞാൻ ഒരു ഡോക്ടറല്ലേ അമ്മെ ?എനിക്കൊരു ഡോക്ടറെ തന്നെ പങ്കാളിയായി വേണമെന്ന് ആഗ്രഹം ഉണ്ടാകില്ലേ ? അനുവിനെ അങ്ങനെ കാണാൻ എനിക്ക് എന്തോ ബുദ്ധിമുട്ടുണ്ട് ..അവൾ പഠിക്കുന്നല്ലേയുള്ളു..?"
ഡോക്ടർ ഡോക്ടറെയും എഞ്ചിനീയർ എഞ്ചിനീയറിനെയും കലക്റ്റർ കളക്റ്ററേയും മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്ന് വാശി പിടിച്ചാൽ ബാക്കിയുള്ളവരൊക്കെ എന്ത് ചെയ്യും മോനെ ?സംതുലനാവസ്ഥ എന്നൊന്നില്ലെ?"
ഞാൻ അമ്മയോട് തർക്കിച്ചില്ല കാരണം 'അമ്മ പറയുന്നത് ശരിയാണ് ..പക്ഷെ എന്റെ സുഹൃത്തുക്കളുടെ ഒപ്പം നിൽക്കുമ്പോൾ, അവരുടെ ഒപ്പം സംസാരിക്കുമ്പോൾ ഇവൾ എങ്ങനെയാകും? ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് കണ്ണ് നിറയ്ക്കുന്ന ഈ തൊട്ടാവാടി പെൺകുട്ടി ...പുസ്തകങ്ങളുടെ ലോകത്തു മാത്രം ജീവിക്കുന്ന ഒരു സ്വപ്നജീവി. എന്നെ പോലെയൊരാൾക്കു ഇവൾ ചേരില്ല എന്നും എനിക്കുറപ്പായിരുന്നു
പക്ഷെ ഞങ്ങളുടെ വിവാഹം നടന്നു. അനുവിന് എന്നോട് ഇഷ്ടമുണ്ടോ എന്നൊന്നും ആരും അന്വേഷിച്ചില്ല എന്ന് തോന്നുന്നു അല്ലെങ്കിലും എന്റെയും മറ്റുള്ളവരുടെയും ദൃഷ്ടിയിൽ അവൾക്കു കിട്ടാവുന്നതിൽ വെച്ചേറ്റവും വലിയ ഭാഗ്യം ആയിരുന്നു ഞാൻ
അനു എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷവും എനിക്ക് വലിയ മാറ്റമൊന്നും ഉണ്ടായില്ല .ഞാൻ പതിവ് പോലെ ഹോസ്പിറ്റലിൽ പോയി. വൈകുന്നേരം കൂട്ടുകാർക്കൊപ്പം ചിലവഴിച്ചു .അവൾ പരാതി ഒന്നും പറയാറില്ല. അവൾക്കാവശ്യങ്ങളും കുറവാണു .ഒരു പുസ്തകമുണ്ടെങ്കിൽ ഒരു മൂലയ്ക്ക് ഇരുന്നോളും എത്ര നേരം വേണമെങ്കിലും.
കൂട്ടുകാർക്കൊപ്പം ടൂർ പോയി തിരിച്ചു വന്ന ദിവസം
"എനിക്കും യാത്രകൾ വലിയ ഇഷ്ടമാണ് "അനു എന്നോട് പറഞ്ഞു
"ഞാൻ കൂട്ടുകാർക്കൊപ്പമാണ് പോയത് "
"നമുക്കൊന്നിച്ചു പോകാമല്ലോ ?"
അവൾ ശാന്തമായി ചോദിച്ചു "അടുത്ത അവധിക്കു നമുക്ക് ഒരു യാത്ര പോകണം "
ഞങ്ങൾ ആദ്യമായി യാത്ര പോകുന്നത് മനാലി യിലേക്കാണ്. ഞാൻ അപ്പോളാണ് ശ്രദ്ധിച്ചത് അവളുടെ കൈയിലുള്ള പുസ്തകങ്ങൾ മിക്കതും യാത്ര വിവരങ്ങൾ ആണ്. ലോകകാര്യങ്ങളെ കുറിച്ചുള്ള അവളുടെ അറിവ് എന്നെ അമ്പരപ്പിച്ചു കളഞ്ഞു . ഞാൻ ഒരു ഡോക്ടർ മാത്രമായിരുന്നു എന്റെ പ്രൊഫെഷനിൽ ഞാൻ മിടുക്കനായിരുന്നെങ്കിലും മറ്റ് അറിവുകൾ എനിക്ക് കുറവായിരുന്നു .അനുവിന് എല്ലാ കാര്യങ്ങളും അറിയാം .പൂക്കളെ കുറിച്ച്, ചിത്രശലഭങ്ങളെ കുറിച്ച്, ,സമതലങ്ങൾ ,പീഠഭൂമികൾ ,മലകൾ ,പുഴകൾ ,കാടുകൾ എല്ലാത്തിനെയും കുറിച്ചവൾക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. അവളുടെ വിജ്ഞാനത്തിന്റെ കലവറ തുറന്നപ്പോൾ സത്യത്തിൽ ഞാൻ ഒരു കടുകുമണിയോളം ചെറുതാകും പോലെ എനിക്ക് തോന്നി.
"എനിക്കൊരു പാട് യാത്ര ചെയ്യാനിഷ്ടമാണ്. പുഴകൾ നീന്തി കടക്കാൻ ഇഷ്ടാണ് ..മലകയറ്റം ഇഷ്ടാണ് അവൾ മെല്ലെ പറഞ്ഞു
"നിനക്ക് ഒരു സഞ്ചാരിയായിരുന്നു ചേരുക. എന്നെപോലെ ഒരു ഡോക്ടർ അല്ലെ "
ഞാൻ വെറുതെ പറഞ്ഞു
"അതിനു ചന്തുവേട്ടൻ ജനിച്ചപ്പോൾ തന്നെ ഡോക്ടർ ആയിരുന്നോ ?"
ഞാൻ ഉത്തരം കിട്ടാതെ പതറി
"ചന്തുവേട്ടനെ എനിക്ക് എത്രയോ നാളായി അറിയാം ..ചന്തുവേട്ടന് ഓർമ്മയുണ്ടോ ?അന്നെനിക്ക് ഒരു പന്ത്രണ്ടു വയസ്സ് വരും ...നമ്മുട നെല്ലിമരത്തിൽ ഒരു തത്ത വന്നിരുന്നു. ഞാൻ വാശി പിടിച്ചു കരയാൻ തുടങ്ങി ചന്തുവേട്ടൻ അതിൽ കയറി അതിനെ എനിക്ക് പിടിച്ചു തന്നു ..പിന്നെയൊരിക്കൽ കാവിൽ വിളക്ക് വെയ്ക്കുമ്പോ ഒരു പാമ്പ്. ചന്തുവേട്ടൻ എന്റെ കയ്യും പിടിച്ചു കൊണ്ട് എന്ത് ഓട്ടം ആയിരുന്നു? അവധികാലത്ത് ഒന്നിച്ചു കളിക്കുമ്പോൾ വിയർപ്പിന്റെ നനവുള്ള കടലമുട്ടായി വായിൽ വെച്ചു തരുന്നത് , ഓണത്തിന് ഒന്നിച്ചിരുന്നു കഴിക്കുമ്പോൾ സ്വന്തം ഇലയിൽ നിന്ന് മാങ്ങാക്കറി തരുന്നത്.. "അവൾ ചിരിച്ചു
"നിനക്കിതൊക്കെ ഇപ്പോളും ഓർമയുണ്ടോ ?"ഞാൻ അതിശയത്തോടെ ചോദിച്ചു
"ഓർക്കാൻ എനിക്കി ഒരാളല്ലേ ഉള്ളായിരുന്നു?"അവളുട കണ്ണ് നിറഞ്ഞു "ഈ ഓര്മകളിലല്ലേ ഞാൻ ജീവിച്ചത് ?"
ആ ഒറ്റ നിമിഷത്തിൽ എന്റെ ഹൃദയത്തിന്റെ സകലജലകങ്ങളും തുറന്നു അവളെന്നിലേക്കു പ്രവേശിച്ചു. അവളുടെ കടലാഴങ്ങളിലേക്കു ഞാനും.
അവളുടെ സ്വപ്നങ്ങൾ എന്റേത് കൂടിയായി
ഞങ്ങളൊരുപാട് യാത്രകൾ ചെയ്തു ഒന്നിച്ചു പുഴകൾ നീന്തി .മലകളും കുന്നുകളും കയറി . അവളായി എന്റെ ഭൂമിയും ആകാശവും വായുവും .എന്റെ ചിന്താശകലങ്ങളെ മാറ്റിയെടുത്തവൾ ,ജീവിതത്തെ മറ്റൊരു കണ്ണിലൂടെ നോക്കാൻ പഠിപ്പിച്ചവൾ ..അവളായി പിന്നീട് എന്റെ എല്ലാം.
"എനിക്കൊരാഗ്രഹമുണ്ട് പറയട്ടെ ?"
ഒരു സന്ധ്യക്ക്‌ എന്റെ മടിയിൽ കിടന്നു കൊണ്ടവൾ ചോദിച്ചു
"പറയു "
"എനിക്ക് എവറസ്റ്റിനു മുകളിൽ നിന്ന് സൂര്യോദയം കാണണം "
ഞാൻ അതിശയിച്ചില്ല അമ്പരന്നില്ല കാരണം അവൾക്കതിനു കഴിയും
നിസാരയെന്നു ഞാൻ കരുതിയ എന്റെ പെണ്ണ് എന്നെ കൈപിടിച്ച് നടത്തിയത് ലോകത്തിന്റെ അനന്തവിസ്മയങ്ങളിലേ ക്കായിരുന്നു ..ഒരു പക്ഷെ ലോകം നാളെ എന്നെ അറിയുന്നത് അവളിലൂടെ ആയിരിക്കും. ഞാൻ ഒരു നിമിത്തം മാത്രമാകും
എന്റെ ഭാര്യയുടെ പേരിൽ എന്നെ അറിയുക എന്റെ ഏറ്റവും അഭിമാനം നിറഞ്ഞ നിമിഷം ആണെന്ന് ഞാൻ നിസ്സംശയം പറയും
കാരണം ഞാൻ അവളേ ബഹുമാനിക്കുന്നു.
അതിതീവ്രമായ പ്രണയിക്കുന്നു.
തിരിച്ചവളെന്നേയും.
പ്രണയത്തിനു കഴിയാത്തതായി എന്തുണ്ട് ?

By - Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo