Slider

ബ്രൂട്ട്.

0
Image may contain: 1 person, selfie, closeup and outdoor
ചിങ്ങമാസമാണ്. പുലരിയിൽ തന്നെ ചെറിയൊരു ചാറ്റൽ മഴ പെയ്തു തോർന്നു.
തണുപ്പിനെ തഴുകി വന്ന ഇളം കാറ്റിൽ പഴുത്ത പേരയ്ക്കയുടെ മണം ഉണ്ടായിരുന്നു.
കാറ്റ് ആ മണവുമായി അൽപ്പനേരം വീശി നിന്നു. നാനുവും,വേഗയും ഒരുമിച്ചായിരുന്നു. പേരമരത്തിന്റെ ചുവട്ടിലേക്കോടിയെത്തിയത്.
കാറ്റിന്റെ കാരുണ്യത്തിനായി പേരമരത്തിന്റെ മുകളിലേക്ക് നോക്കിയവർ നിന്നു.
ചെറുതും വലുതുമായി പേരമരത്തിന് മുകളിൽ ഒരുപാട് പേരയ്ക്കകൾ കായ്ച്ചിട്ടുണ്ട്.
മുകളിലെ ശിഖരങ്ങളിലൊന്നിൽ ചേർന്ന് നിൽക്കുന്ന, രണ്ട് പേരയ്ക്കകളിലായിരുന്നു.
അവരുടെ കണ്ണുകൾ. ഇളം റോസ് നിറമാർന്ന രണ്ട് പേരയ്ക്കകൾ. കാറ്റ് അവരെ നിരാശരാക്കി നിലച്ചു. മുഖാമുഖം നോക്കി നാനുവും, വേഗയും നിരാശയോടെ ചിരിച്ചു.
നാല് വയസ്സുകാരായ വേഗയും, നാനുവും അയൽക്കാരായിരുന്നു. നോക്കി നിർത്തിയിരുന്ന പേരയ്ക്കകൾ വീണോന്നറിയാൻ ഉറക്കമെഴുന്നേറ്റയുടൻ ഓടി വന്നതായിരുന്നു.
രണ്ടുപേരും തിരികെ വീട്ടിലേക്ക് പോകാനായി തിരിഞ്ഞപ്പോൾ, കാറ്റ് വീശാതെ തന്നെ പേരയ്ക്ക ഒരെണ്ണം മണ്ണിലേക്ക് അടർന്ന് വീണു. നാനു ഓടിപ്പോയി അതെടുത്തു.
പേരയ്ക്കയുടെ ഒരറ്റത്ത് എന്തോ കൊത്തിയിട്ടുണ്ടായിരുന്നു. അതിലൂടെ പേരയ്ക്കയുടെ ഉള്ളിലെ റോസ്നിറം,
വായിൽ കൊതിയുടെ ഉമിനീരിറ്റിച്ചു.
കിളി കൊത്തിയ ഭാഗം കടിച്ചു കളഞ്ഞു. നാനു, ആ പേരയ്ക്ക ദുബായ് എന്നെഴുതിയ കുപ്പായത്തിൽ തുടച്ചു. അതവൻ വേഗയ്ക്ക് നീട്ടി.
''നാനു കയിച്ചോ "
അവൾ തല ഇരു വശത്തേക്കുമാട്ടി കൊണ്ട് പറഞ്ഞു. രണ്ടു കൈകളും വെള്ളപ്പെറ്റിക്കോട്ടിന്റെ വശങ്ങളിൽ പിടിച്ചിരുന്നു. ഉറക്കമെഴുന്നേറ്റ് വന്ന മുഖവും, അലസ്സമായി അഴിഞ്ഞ് കിടക്കുന്ന തലമുടിയും.
"വേണ്ട വേഗ കഴിച്ചോ നിങ്ങളൊക്കെ ഇവിടെന്ന് പോകുവല്ലേ വേഗയ്ക്കിനി തിന്നാൻ പറ്റൂല്ലല്ലോ." അവൾ കുറച്ച് നേരം മൗനമായി.
പിന്നെ മടിച്ച് മടിച്ച് കൈ നീട്ടി അവന്റെ കൈയ്യിൽ നിന്നും പേരയ്ക്ക വാങ്ങി.കടിച്ചു.
"മം നല്ല രുചിയുണ്ട്. നല്ല മണോംണ്ട്.
നാനൂന്റ മണമാണ്. പേരയ്ക്കക്ക്."
പകുതി അവന് തിരികെ കൊടുത്തവൾ പറഞ്ഞു. പേരയ്ക്ക വാങ്ങി മണത്തു നോക്കിയ അവൻ ചിരിച്ചു.
"അയ്യേ ഇതെന്റ കുപ്പായത്തിലെ ബുറൂട്ടിന്റ പ്രേയുടെ മണമാണ്."
അവൻ പറഞ്ഞു.
"എനിക്കിഷ്ടാണ് ഈ മണം.
ഞാൻ പോകുമ്പൊ ബൂട്ടിന്റെ പ്രേ ഒരെണ്ണം എനിച്ച് തരോ നാനു.?"
മുൻനിരയിലെ പല്ലില്ലാത്ത മോണകാട്ടിയായിരുന്നു അവളുടെ ചോദ്യം.
"എന്തിനാ?" അവൻ ചോദിച്ചു.
"നാനൂന്റെ മണമാ ബൂട്ടിന്. എനിക്ക് നാനൂനെ ഓർക്കാനാ"
''ഉം തരാം അമ്മോട് പറഞ്ഞ് അച്ഛനെ കൊണ്ട് ഒരെണ്ണം കൊടുത്തു വിടാൻ പറയാം."
അവരുടെ സംസാരത്തിനിടയിലേക്ക് വേഗയുടെ അമ്മ വന്നു. അവളുടെ ഇടുപ്പിൽ വേഗയുടെ അനിയൻവാവ ഒരു വയസ്സുകാരൻ നന്ദു. ഉണ്ടായിരുന്നു. ഉറക്കം ഉണർന്ന വാവ ചിണുങ്ങി കരയുന്നുണ്ട്.
നാനുവിനേം, വേഗയേയും കണ്ടപ്പോൾ അവൻ കരച്ചിൽ നിർത്തി. പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. അടുത്തെത്തിയപ്പോൾ നന്ദു വേഗയുടെ കൈകളിലേക്ക് ചാഞ്ഞു.
അവൾ കുഞ്ഞിനെ എടുത്തു ഇടുപ്പിൽ വച്ചു.
ഒരു വശത്തേക്കവൾ ചാഞ്ഞു കുഞ്ഞുമായി നിന്നു. വാവയുടെ കവിളിൽ ഒന്ന് കൊഞ്ചിച്ചിട്ട് "നോക്കിക്കോട്ടാ"എന്ന് രണ്ടു പേരോടും പറഞ്ഞ് വേഗയുടെ അമ്മ, ഗൗരി, തിരികെ പോയി.
ഫോൺ ബെല്ലടിച്ചപ്പോൾ ഉറക്കത്തിൽ സ്വപ്നം കണ്ടു കിടന്ന നാനു ഒന്നു ഞെട്ടി.
അടുത്ത ബെല്ലടിച്ച് അവൻ ഉണരും മുൻപെ നാനുന്റെ അമ്മ രാഖി ഓടിച്ചെന്ന് ഫോൺ എടുത്തിരുന്നു.
"മോൻ ഉറങ്ങിയോടി?
പതിഞ്ഞ സ്വരത്തിലായിരുന്നു നാനുവിന്റെ അച്ഛന്റെ ചോദ്യം.
"ഉം എന്നവൾ മറുപടി മൂളി.
"നാളെ എപ്പൊഴാ അവരെ ഒക്കെ കൊണ്ട് വരുന്നത്."
അവൻ വീണ്ടും ചോദിച്ചു.
"അറിയില്ല. ഉച്ചയാകുമായിരിക്കും."
പതിയെ, തളർന്ന സ്വരത്തിലായിരുന്നു. അവളുടെ മറുപടിയും.
''ഉം.. "അവനൊന്നു മൂളിയിട്ട് പറഞ്ഞു.
"മോനെ അത് കാണാൻ വിടണ്ട കേട്ടോ.
അവന് വിഷമമാകും"
"മം ഞാൻ പറയാം അവനോട്. ആൾക്കാരെല്ലാം ഇന്ന് പകൽ നമ്മുടെ മുറ്റത്തായിരുന്നു ഇരുന്നത്."
കട്ടിലിൽ ഉറങ്ങുന്ന നാനുവിന്റെ നെറ്റിയിൽ തലോടികൊണ്ട് അവൾ സംസാരം തുടർന്നു.
നാനു സ്വപ്നത്തിൽ തന്നെയായിരുന്നു.
നന്ദുവിന്റെ കുസൃതികളും,
കാറ്റ് നൽകിയ കിളി കൊത്താത്ത പേരയ്ക്ക വേഗ വീട് മാറി പോകുന്ന ദിവസം കൊടുത്തു വിട്ടു. ബുറൂട്ടിന്റെ പ്രേമാത്രം അച്ഛായി കൊടുത്ത് വിട്ടത് ഇങ്ങെത്തിയിട്ടില്ലായിരുന്നു.
തിരുവോണം കഴിഞ്ഞ ദിവസമായിരുന്നു. വേഗയും,വാവയും, അച്ഛനും, അമ്മയും വീട് മാറി പോയത്.
വീട്ട് സാധനങ്ങൾ കയറ്റിയ ലോറിയും,
കറുത്ത അംബാസഡർ കാറും കണ്ണിൽ നിന്നും മറയും വരെ അവൻ നോക്കി നിന്നു. കാറിനുള്ളിലെ പുറകിലെ കണ്ണാടിയ്ക്കുള്ളിൽ നിന്നും വേഗ വീശിക്കാണിക്കുന്ന കൈകൾ കണ്ണിൽ നിന്ന് മറഞ്ഞു.
ഉറക്കത്തിലും അവന്റെ മിഴിക്കുള്ളിൽ നിന്നും നീർ പൊടിഞ്ഞു.
രാഖി സംസാരം കഴിഞ്ഞ് ഫോൺ വച്ചു. നാനുവിന്റെ അടഞ്ഞ കണ്ണുകൾക്കുള്ളിൽ നിന്നും വന്ന മിഴിനീരവൾ സാരിയാലൊപ്പിയെടുത്തു.
നിറഞ്ഞ് വന്ന അവളുടെ കണ്ണുകളും അതിൽ തുടച്ചു.
അടുത്ത ദിവസം വൈകിയാണ് നാനു ഉണർന്നത്.
പുറത്ത് വെയിലായി കഴിഞ്ഞിരുന്നു.
അവന്റെ വീടിന്റെ മുറ്റത്തും ആൾക്കാർ നിറഞ്ഞിട്ടുണ്ടായിരുന്നു.
"ചിട്ടി കമ്പനി ആയിരുന്നല്ലോ?
കൂടെ നിന്നവർ ആരോ ചതിച്ചതാണ്. പൈസയെല്ലാം നഷ്ടമായെന്നാ കേട്ടത്.
ഈ വീടൊക്കെ വയ്ക്കാനായി ഒരുപാട് കടമുണ്ടായിരുന്നു.എന്നൊക്കെ കേൾക്കുന്നു.
വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ടാകും.
ഒറ്റ ദിവസം കൊണ്ട് എല്ലാം അവസാനിപ്പിച്ചത്. നാല് ദിവസം കഴിഞ്ഞാണ് പുറം ലോകമറിഞ്ഞത്."
വീടിന് മുന്നിൽ കൂടി നിൽക്കുന്നവരുടെ സംസാരം നാനു ശ്രദ്ധിച്ചു.
നാനുവിന്റെ വീട്ടിൽ നിന്ന് ഒന്ന് ചാടിക്കയറാനുള്ള അകലമേ ഉണ്ടായിരുന്നുള്ളു.
വേഗയുടെ വീടിന്റെ ടെറസ്സിലേക്ക്.
നാനുവിന്റെ മുറ്റത്തെ പേരമരം തലകുമ്പിട്ട് വേഗയുടെ ടെറസ്സിലേക്ക് ചാഞ്ഞു കിടന്നു.
ഒരുപാട് ആൾക്കൂട്ടം വേഗയുടെ വീടിന് മുന്നിലും ഉണ്ട്. വെയിലൊന്ന് മങ്ങി.ചെറിയ ചാറ്റൽമഴയായി. നാനുവിന്റെ വീടിന് മുന്നിലേക്ക് വെളുത്ത നിറമുള്ള രണ്ട് വാഹനങ്ങൾ വന്ന് നിന്നു. അവിടവിടെയായി നിന്നിരുന്ന ആൾക്കാർ
വാഹനത്തിന് അരികിലേക്കെത്താൻ തിരക്ക് കൂട്ടി. വാഹനത്തിന്റെ പുറകിലെ വാതിൽ ഇരുവശത്തേക്കുമായി തുറന്നു. അതിൽ നിന്നും ഒന്നിന് പുറകെ ഒന്നായി നാല് ഇരുമ്പ് സ്ട്രെക്ച്ചറുകൾ പുറത്തേക്കെടുത്തു.
നാല് ശരീരങ്ങൾ. വെളുത്ത തുണിയിൽ പൊതിഞ്ഞിരുന്നു.
രണ്ടെണ്ണം നീളമുള്ള സ്ട്രക്ച്ചറിന് നടുവിലായി കുഞ്ഞ് തുണിപ്പൊതികളായി നിശ്ചലമായി കിടന്നു. വേഗയുടെ വീട്ടിലെ ഗേറ്റ് കടന്ന് ആളുകൾ അതും ചുമന്നുകൊണ്ട് കയറി.
ചെറിയൊരു വരാന്തയായിരുന്നു.
വേഗയുടെ വീടിന്റെ മുൻഭാഗത്ത്.
നാല് ശരീരങ്ങൾ നിരത്തി കിടത്താനുള്ള സ്ഥലം അവിടെ ഉണ്ടായിരുന്നില്ല.
വേഗയുടെ അച്ഛനെയും, അമ്മയെയും നിലത്തെ പായയിൽ കിടത്തി.
വേഗയെ അവളുടെ അച്ഛന്റെ വലംകൈ അൽപ്പം അകറ്റി വച്ച് അതിനുള്ളിലേക്കും,
നന്ദുവാവയെ ഗൗരിയുടെ ഇടംകൈക്കുള്ളിലുമായി കിടത്തി.
മുഖത്ത് മൂടിയിരുന്ന വെള്ളത്തുണികൾ മാറ്റി. കൂടി നിന്നവരിൽ നിന്നും ഒരു നെടുനിശ്വാസമുയർന്നത് അവിടം മൂടിയിരുന്ന നിശബ്ദതയെ മുറിച്ചു.
നനുത്ത തണുത്ത കാറ്റ് അപ്പൊഴും വീശുന്നുണ്ടായിരുന്നു.
ചെറിയ കാറ്റിലും നൊമ്പരം പൂണ്ട് പേരമരം പതിയെ ചലിച്ചു.
ഒരു പഴുത്ത പേരയ്ക്കയത് അടർത്തി മണ്ണിലേക്കിട്ടു.
ഓടിച്ചെന്നെടുക്കാൻ ആരുമില്ലാതെ നനഞ്ഞ മണ്ണിലത് കിടന്നു.
നാലുപേരെയും കാണാനുള്ള ആൾക്കാരുടെ തിക്കിതിരക്കിനിടയിൽ ആരുടെയോ ചവിട്ടേറ്റത് മണ്ണിലേക്ക് താഴ്ന്നു.
കാറ്റിലൂടെ പരന്ന രൂക്ഷമായ ഗന്ധം.
ഡിറ്റോളും, സ്പിരിറ്റും കലർന്ന രൂക്ഷഗന്ധത്തിനും മീതെ
മനം മടുപ്പിക്കുന്നൊരു മണവും അവിടമാകെ പരന്നു.
ജീവൻ നഷ്ടപ്പെട്ട് നാല് ദിവസം കഴിഞ്ഞ ശരീരത്തിന്റെ മണം.
കൂടി നിന്നവർ മൂക്ക് പൊത്തി.
അടുത്ത് വീട്ടിൽ നിന്ന് നാനുവും അപ്പുറത്തേക്ക് ഉറ്റുനോക്കുന്നുണ്ടായിരുന്നു.
"മോൻ അങ്ങോട്ട് പോകണ്ട. അതൊന്നും കാണണ്ടെന്ന് അച്ചായി പറഞ്ഞു. "
അവനെ ചേർത്ത് പിടിച്ച് നിന്ന രാഖി അവനോട് പറഞ്ഞു.
"ഇല്ല എനിക്ക് പോണം
എനിക്ക് കാണണം."
കുഞ്ഞാണെങ്കിലും അവന്റെ ഒച്ചയുടെ ദൃഢനിശ്ച്ചയം രാഖിയ്ക്ക് അവനെ തടയാൻ കഴിഞ്ഞില്ല.
വേഗയുടെ വീട്ടിലെത്തിയ നാനു കണ്ടു.
നിലത്തെ പായയിൽ നിരത്തി കിടത്തിയിരിക്കുന്ന നാല് ശരീരങ്ങൾ.
വേഗയുടെ ചുണ്ടുകൾ തുറന്നിരുന്നു.
കറുത്ത് കരിനീലിച്ച ചുണ്ടുകൾ. പൊഴിഞ്ഞു പോയ പല്ലുകൾ മുൻവശത്ത് മുളച്ച് വന്നിട്ടുണ്ടായിരുന്നു.
നന്ദുവാവയെ നോക്കാനവന് കഴിഞ്ഞില്ല.
ചുറ്റിനും മൂക്ക് പൊത്തി നിൽക്കുന്ന ചിലർ.
"ആരെങ്കിലും ഒരു പെർഫ്യൂം കൊണ്ട് വരാമോ?"
കൂട്ടത്തിൽ നിന്നാരോ അത് ചോദിക്കുന്നത് കേട്ടുകൊണ്ടാണ് നാനു വീട്ടിലേക്ക് ഓടിയത്.
തിരികെ വന്ന അവന്റെ കൈയ്യിൽ ബ്രൂട്ട് പെർഫ്യൂമിന്റെ പച്ചക്കുപ്പി മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
അവനിൽ നിന്നും അത് വാങ്ങിയ ആൾ അത് അവിടമാക്കെ സ്പ്രേ ചെയ്തു.
നേർത്ത് വീശിയ കാറ്റിൽ അവിടമാകെ ബ്രൂട്ടിന്റെ മണം പരന്നു.
ആളും ആരവങ്ങളും ഒഴിഞ്ഞു.
വേഗയുടെ വീട് നാഥനില്ലാതെ പൂട്ടിയിട്ടു.
നാനു എന്നും ആ വീടിന് മുന്നിൽ ചെന്ന് പേരമരത്തിന് ചുവട്ടിൽ നിൽക്കാറുണ്ട്.
പേരമരം പഴുത്ത പേരയ്ക്കകൾ അവന് നൽകും.
അവനതെടുത്ത് കടിച്ചിട്ട് പകുതി ആർക്കോ നീട്ടും. അവൻ ആരോടോ സംസാരിക്കുന്നുമുണ്ട്.
ഇടയ്ക്കവൻ മറുപടിയ്ക്കായി കാതോർക്കുന്നു.
പിന്നെയവൻ മുകളിൽ പഴുത്ത് നിൽക്കുന്ന പേരയ്ക്കകൾ വിരൽ ചൂണ്ടി കാണിച്ചു കൊടുക്കുന്നു. എന്നിട്ടവൻ ചിരിക്കുന്നുണ്ട്.
ചെറിയ കാറ്റ് വീശുമ്പോൾ പഴുത്ത പേരയ്ക്കയുടെ മണമുണ്ട്.
കൂടെ ഇടയ്ക്കിടയ്ക്ക് ബ്രൂട്ടിന്റെ മണവും അവിടെ പരക്കുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo