Slider

നിഴലായ്‌ മാത്രം. - Part 35

0

അധ്യായം 35
' ദുര്‍ഗ അതിന് സമ്മതിക്കുമോ'
മരയഴികളുടെ ഭംഗി നിറഞ്ഞ രണ്ടാംനിലയിലെ നീളന്‍ വരാന്തയില്‍ നിന്ന് സ്വാതി ചോദിച്ചു
' അല്ല .. അവള്‍ക്ക് നേര്‍വിരുദ്ധാഗമന യോഗം ഉള്ളതു കൊണ്ടാണ് ധ്വനിയുടെ ആത്മാവുമായി സംസര്‍ഗം ഉണ്ടായതെന്നല്ലേ കരുതേണ്ടത്. നമുക്ക് അതൊന്നുമില്ലല്ലോ.. പിന്നെങ്ങനെ ധ്വനിയെ കാണാന്‍ നമുക്ക് സാധിക്കും'
' ധ്വനി..ആത്മാവ്.. നിനക്ക് വല്ല ഭ്രാന്തുമുണ്ടോ സ്വാതീ'
നേഹ പരിഹാസത്തോടെ അവളെ നോക്കി.
' ജാസ് പറഞ്ഞതു പോലെ അവള്‍ക്ക് എന്തോ മാനസിക പ്രശ്‌നമാണ്. ധ്വനിയുടെ കഥ അവളെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. മണിചിത്രത്താഴിലെ ശോഭനയെ പോലെ അവള്‍ പലതും കത്തിക്കും.. വലിച്ചെറിയും.. ചികിത്സിച്ചില്ലെങ്കില്‍ എല്ലാം അപകടത്തിലുമാകും'
' നേഹ പറയുന്നത് ശരിയാണ്.. പക്ഷേ എനിക്കിപ്പോ ഒരു സംശയം'
ജാസ്മിന്‍ ചിന്താധീനയായി അവരെ നോക്കി.
' വലിയമ്മാമ്മയെ കണ്ടോ.. എന്തൊരു തേജസാണ് അദ്ദേഹത്തിന് ചുറ്റും.. ശരിക്കും അവര്‍ പറയുന്നതില്‍ വല്ല കാര്യവും ഉണ്ടായിരിക്കുമോ.. പഴയ തലമുറയ്ക്ക് കൈവശമുണ്ടായിരുന്ന സിദ്ധികളെ കുറിച്ചൊക്കെ കേട്ടിട്ടില്ലേ.. അങ്ങനെ വല്ലതും.'
' ഓ.. നീയിപ്പോ കാലു മാറിയോ' നേഹ അവളെ പിടിച്ച് ഒരു തള്ളു വെച്ചു കൊടുത്തു.
' നീ പറഞ്ഞതും കേട്ടാണ് ഞങ്ങളിങ്ങോട്ട് ഇറങ്ങി തിരിച്ചത്. ഇതിപ്പോ ഇവിടെ വന്ന് ഈ മനയും കാവും പ്രൗഢിയും നിഗൂഢതയുമൊക്കെ കണ്ടപ്പോള്‍ നീയും അന്ധ വിശ്വാസിയായോ'
' ഛെ... വിവരക്കേട് പറയാതെ'
ജാസ്മിന്‍ മരയഴിയിലേക്ക് ചേര്‍ന്നു നിന്നു കൊണ്ട് പുറത്തേക്ക് നോക്കി.
വലിയേടത്തെ വിശാലമായ മുറ്റത്ത് വേദവ്യാസും ദേവദത്തനും വലിയേടത്തും നില്‍ക്കുന്നത് അവള്‍ കണ്ടു
' ദേ അങ്ങോട്ട് നോക്ക്'
ജാസ്മിന്‍ തിരിഞ്ഞ് അവരെ വിളിച്ചു
' അവരെ നിങ്ങളൊന്ന് നോക്കിക്കേ.. നമ്മേക്കാള്‍ എജ്യൂക്കേറ്റഡായ ദത്തേട്ടനും വ്യാസേട്ടനും.. ഒരു മഹാമേരു പോലെ തലയുയര്‍ത്തി നില്‍ക്കുന്ന വലിയമ്മാമ്മ... ഇതൊന്നും തള്ളിപ്പറയാന്‍ കഴിയില്ലെന്ന് തോന്നുന്നു എനിക്ക്.'
നേഹയും സ്വാതിയും മരയഴികള്‍ക്കുള്ളിലൂടെ അവരെ കണ്ടു.
' ശാസ്ത്രമോ പാരമ്പര്യമോ ആവട്ടെ പ്രതിവിധി.. ആദ്യം ദുര്‍ഗ പറയുന്നതില്‍ സത്യമുണ്ടോ എന്ന് പരിശോധിക്കണം. ചിലപ്പോ മണ്ടത്തരമായേക്കാം .. പക്ഷെ ശ്രമിച്ചില്ലെന്നു വേണ്ട.. നേര്‍വിരുദ്ധാഗമന യോഗം എന്നൊന്നുണ്ടെങ്കില്‍ ധ്വനിയെ നമുക്ക് കാണാന്‍ കഴിയും.. ഇനി നമ്മുടെ വിശ്വാസം പോലെ അതൊക്കെ അന്ധ വിശ്വാസമാണെങ്കില്‍ ധ്വനി തന്റെ മനസിന്റെ ഒരു സങ്കല്‍പ്പം മാത്രമാണെന്ന് നമുക്ക് ദുര്‍ഗയെ ബോധ്യപ്പെടുത്താന്‍ കഴിയും. അല്ലേ'
ജാസ്മിന്റെ കണ്ണുകളില്‍ പ്രതീക്ഷയുണ്ടായിരുന്നു.
' ശരിയാണ്'
സ്വാതി സമ്മതിച്ചു
നേഹയുടെ കണ്ണുകളിലും സമ്മത ഭാവമായിരുന്നു.
' പക്ഷേ നമ്മളിത് വിശ്വസിക്കുന്നൂന്ന് കരുത്.. ധ്വനിയെ നമുക്കു മുന്നില്‍ പ്രത്യക്ഷയാക്കാന്‍ വല്ല താന്ത്രിക വിധികളുമുണ്ടായിരിക്കുമോ. അതുണ്ടെങ്കിലല്ലേ ദുര്‍ഗയ്ക്ക് അതിന് കഴിയൂ'
' അതു ശരിയാണ്.. അതിന് അവള്‍ തന്നെ പ്രതിവിധി കണ്ടെത്തട്ടെ.. നമുക്ക് ധ്വനിയെ കാണണമെന്ന് വാശി പിടിച്ചോണ്ടിരിക്കാം. എല്ലാം മഹിയേട്ടനോട് പറയുമെന്ന് സ്വാതി ഭയപ്പെടുത്തിയാല്‍ മതി.. ഭ്രാന്തിയായ ഒരുത്തിയെ ഏട്ടന് വേണ്ടെന്ന് വീട്ടില്‍ പറയുമെന്ന് ബ്ലാക്ക്‌മെയില്‍ ചെയ്യണം. മഹിയേട്ടനെ നഷ്ടപ്പെടുമെന്ന സ്ഥിതി വന്നാല്‍ മാത്രമേ അവളതിന് തയാറാകൂ'
നേഹയുടെ മുഖത്ത് സങ്കടമിരമ്പി.
' അവള്‍ നമ്മളോട് എത്ര അറ്റാച്ച്ഡാണെന്ന് നമുക്കറിയില്ലേ'
' അവളുടെ നന്മയ്ക്കു വേണ്ടിയല്ലേ നേഹ.. നിനക്കറിയില്ലേ അഭിഷേകിന്റെ കേസില്‍ അവള്‍ കുരുങ്ങേണ്ടതായിരുന്നു. മുറുകി വന്ന കുരുക്കില്‍ നിന്നും ഒരു അണ്‍ എക്‌സപക്റ്റഡ് എസ്‌കേപ് .. അതല്ലേ ഉണ്ടായത്.. അവളെ ഇങ്ങനെ തുടരാന്‍ അനുവദിച്ചാല്‍ അതു വലിയ ദുരന്തത്തിലേ ചെന്നു നില്‍ക്കൂ'
സ്വാതി അവളുടെ കരം കവര്‍ന്നു.
നേഹയുടെ മുഖത്ത് എന്നിട്ടും ആശങ്ക തങ്ങി നിന്നു.
' ഇനി ഒരു പക്ഷേ ധ്വനി ഉണ്ടെന്ന് വിചാരിക്ക്.. അപ്പോഴും അതാപത്തു തന്നെയാണ്.. മരിച്ച ഒരാളുമായി ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് ബന്ധമുണ്ടായിക്കൂടാന്നല്ലേ'
ജാസ്മിന്റെ ചോദ്യം നേഹയെ വിളറി പിടിപ്പിച്ചു
' നീയപ്പോ ഇവിടെ കാലു കുത്തേണ്ട താമസം ഇവിടുത്തുകാരുടെ മനസായി അല്ലേ.. മരിച്ചവരും..ആത്മാവും..വേറെ ഒന്നുമല്ലെങ്കിലും വീയൊരു ക്രിസ്ത്യാനിയല്ലേടീ'
നേഹ പൊട്ടിത്തെറിച്ചു.
' കൂള്‍ ഡൗണ്‍ ബേബി.. നമുക്ക് നോക്കാം..പോരേ'
പാദസരത്തിന്റെ കിലുക്കം കേട്ട് ജാസ്മിന്‍ സംസാരം നിര്‍ത്തി.
പവിത്രയായിരുന്നു.
' എന്താ ഇവിടെ വന്നു നില്‍ക്കണേ.. വിശക്കുന്നൂന്ന് ബഹളം വെച്ച് തങ്കം ഊണുമുറീലിരിക്ക്ണ്ട്.. നിങ്ങളെ വിളിക്കാന്‍ വേണ്ടി വന്നതാ ഞാന്‍'
പവിത്രയുടെ മുഖത്ത് തന്നെയായിരുന്നു മൂവരുടെയും കണ്ണ്.
അടുത്തു വന്നു നില്‍ക്കുമ്പോള്‍ കേട്ടുമറന്ന കഥകളിലെ ദേവത വന്നു നില്‍ക്കുന്നത് പോലെ.
അപ്‌സര ശാപം എന്ന് ദുര്‍ഗ പറഞ്ഞു കേട്ടിട്ടുണ്ട്.
സ്വര്‍ഗത്തിലെ അപ്‌സരസുകളേക്കാള്‍ ഭംഗി ഭൂമിയിലെ സ്ത്രീകള്‍ക്കുണ്ടാകാന്‍ പാടില്ലത്രേ.
്അവരുടെ അസൂയയും കുശുമ്പുമേറ്റാല്‍ ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ നിരവധി കഷ്ടനഷ്ടങ്ങള്‍ നേരിടേണ്ടിവരും.
നേഹ പറഞ്ഞത് പോലെ വലിയേടത്ത് എത്തിയപ്പോള്‍ മുതല്‍ താന്‍ അവിടുത്തെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ചാണോ ചിന്തിക്കുന്നതെന്ന് ജാസ്മിന്‍ ചമ്മലോടെ മനസിലോര്‍ത്തു.
' ദത്തേട്ടനെവിടെ പവിയേട്ടത്തീ'
താഴെ നിലയിലേക്ക് നടക്കുന്നതിനിടെ ജാസ്മിന്‍ തിരക്കി.
' താഴെയുണ്ടല്ലോ' പവിത്ര അതിശയത്തോടെ തിരിഞ്ഞ് അവളെ നോക്കി
' എന്തായിപ്പോ ദത്തേട്ടനെ കുറിച്ചൊരു ചോദ്യം'
' ഒന്നൂല്യ.. കഴിച്ചോന്നറിയാനാ'
പവിത്രയുടെ മുഖത്തേക്ക് നോക്കി ജാസ്മിന്‍ ഊറിചിരിച്ചു
' ദത്തേട്ടനും വലിയമ്മാമ്മയും നേരത്തെ കഴിച്ചു.. കിഴക്കേടത്തില്ലത്തു നിന്നും വേദവ്യാസ് വന്നിട്ടുണ്ട്. വിശേ്ഷാല്‍ പൂജയുടെ ദിവസാ ഇന്ന് കുടുംബക്ഷേത്രത്തില്'
പവിത്ര പറഞ്ഞു.
' അവിടേക്ക് പോകാനുള്ള ഒരുക്കത്തിലാ ദത്തേട്ടന്‍'
' ഓ.. അപ്പോ ദത്തേട്ടന്‍ ഇവിടെ ഉണ്ടാവില്ലേ..' ജാസ്മിന്റെ ശബ്ദത്തില്‍ നിരാശ കലര്‍ന്നത് നേഹയും സ്വാതിയും ശ്രദ്ധിച്ചു.
' ഇല്ല.. കുറച്ചു ദിവസത്തേക്ക് ക്ഷേത്രത്തില്‍ വെച്ചാ പരദേവതാ പൂജ.. ശക്തിയുള്ള പൂജയാണ്.. ദുര്‍ഗ പറഞ്ഞിട്ടുണ്ടാവില്ലേ വലിയമ്മാമ്മയ്ക്കും ദത്തേട്ടനും സിദ്ധി നഷ്ടായതൊക്കെ.. ഇല്ലേ'
' പറഞ്ഞിട്ടുണ്ട് പവിയേട്ടത്തീ'
' അതില്‍ പാതിയും ഈ പൂജയോടെ തിരിച്ചു കിട്ടും.. പിന്നെ ഈ അമാവസിനാള്‍ കഴിഞ്ഞ് പൂര്‍ണചന്ദ്രനുദിക്കുന്ന ദിനം പൂര്‍വ പിതാക്കളെ ധ്യാനിച്ചും മാപ്പിരന്നും ഒരു വലിയ പൂജയുണ്ട്.. നിങ്ങളിവിടെ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഭയം തോന്നും. അത്രയ്ക്ക് കഠിനമാണ്.. പിതൃക്കള്‍ കൂടി ഇനുഗ്രഹിച്ചാല്‍ പിന്നെ എല്ലാം ശരിയാവും.. പിന്നെ ഇഷ്ടദേവതാ പ്രീതിയ്ക്ക് വേണ്ടി മാത്രം മച്ചകത്ത് നിത്യേന വിളക്കു കൊളുത്തിയാല്‍ മതിയാകും. അതെന്തിനാണെന്നറിയ്യോ.. തിരിച്ചു കിട്ടിയ സിദ്ധികളൊക്കെ ഇരട്ടിയായി നിലനില്‍ക്കാന്‍'
' എന്റെ കര്‍ത്താവേ' ജാസ്മിന്‍ നെഞ്ചില്‍ കൈവെച്ചു
' ഈ ചെറിയ പ്രായത്തില്‍ പവിയേട്ടത്തി എങ്ങനെ ഇതൊക്കെ പഠിച്ചു വെച്ചിരിക്കുന്നു'
' ചെറിയ പ്രായമോ.. ഇരുപത്താറായി വയസ്.. '
പവിത്ര ചിരിച്ചു.
' നിങ്ങള്‍ക്കറിയാഞ്ഞിട്ടാ പൂണുല്‍ പ്രായം മുതല്‍ ഇവിടുത്തെ കുട്ട്യോള്‍ക്കു വരെ അറിയാം ഇതൊക്കെ'
' ഇരുപത്തിയാറ് വയസ്.. അപ്പോ.. ഞങ്ങളേക്കാള്‍ നാല് വയസേ മൂപ്പുള്ളു അല്ലേ'
നേഹ കൗതുകത്തോടെ അവളെ വീക്ഷിച്ചു
' അപ്പോഴേക്കും പവിയേട്ടത്തി എന്തൊക്കെ അനുഭവിച്ചു.. പ്രണയിച്ചു.. വിവാഹിതരായി...വിധവയായി'
അവളുടെ വാക്കുകള്‍ പെട്ടന്ന് അവര്‍ക്കിടയിലൊരു മൂകത പടര്‍ത്തി
പവിത്രയുടെ മുഖം മ്ലാനമായി. ഒരു നീര്‍
' ഛെ..' സ്വാതി നീരസത്തോടെ നേഹയെ നുള്ളി
' എന്തിനാ നീയതൊക്കെ പറഞ്ഞ് പവിയേട്ടത്തിയെ..'
' നഷ്ടപ്പെട്ടതൊക്കെ പോട്ടെ.. ഇനി ഈശ്വരന്‍ നല്ലൊരു ജീവിതം തരും.. സങ്കടപ്പെടണ്ടാട്ടോ'
സ്വാതി പവിത്രയെ കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മവെച്ചു.
' അയ്യേ.. എന്താ സ്‌നേഹം'
കരച്ചില്‍ മറന്ന് പവിത്ര ചിരിച്ചു.
' ദത്തേട്ടന്റെ മുറപ്പെണ്ണല്ലേ.. ദത്തേട്ടന് കെട്ടിക്കൂടേ ഈ സുന്ദരിപ്പെണ്ണിനെ'
സ്വാതി ഒരു ചൂണ്ടകൂടി എറിഞ്ഞു
പവിത്രയുടെ മുഖം ചുവന്നു
' ഏയ്.. തോന്ന്യാസം പറയുന്നോ'
പവിത്ര അവളുടെ ചെവിയില്‍ പിടിച്ചു തിരുമ്മി.
' എനിക്കിഷ്ടല്ല അതൊന്നും... ഇനി അങ്ങനെ പറയരുത്‌ട്ടോ'
' പക്ഷേ എനിക്കിഷ്ടാണ് അതൊക്കെ'
ജാസ്മിന്‍ പിറുപിറുത്തു
' ഏ.. ജാസ് എന്താ പറഞ്ഞേ' പവിത്ര തലചെരിച്ച് അവളെ നോക്കി
' ഇവിടെ എനിക്കൊരാളോട് ഒരിഷ്ടം തോന്നീട്ടുണ്ട്.. അത് ഞാനയാളോട് പറഞ്ഞിട്ടേ പോകൂ'
കൂട്ടുകാരികള്‍ ജാസ്മിനെ പകച്ചു നോക്കി.
' വേറെ ആരോടുമല്ല.. വലിയമ്മാമ്മയോട്.. എന്താ പോരേ'
ജാസ്മിന്‍ അവരുടെ നോട്ടം കണ്ട് പൊട്ടിച്ചിരിച്ചു
നേഹയുടെയും സ്വാതിയുടെയും മുഖത്ത് ചിരി വിടര്‍ന്നു
പവിത്ര പക്ഷേ സംശയത്തോടെയാണ് അവളെ നോക്കിയത്.
ജാസ്മിന്‍ അത് അവഗണിച്ച് ഉല്ലാസത്തോടെ മുന്നോട്ട് നടന്നു.
............. .............. ..................
തന്റെ റൂമിന് പുറത്തെ വിശാലമായ തളത്തില്‍ തൂങ്ങുന്ന ആട്ടുകട്ടിലില്‍ ചാഞ്ഞിരുന്ന് പുസ്തക വായനയിലായിരുന്നു ദേവദത്തന്‍.
അരികെ കാലൊച്ച കേട്ട് അയാള്‍ മുഖമുയര്‍ത്തി നോക്കി.
മുമ്പില്‍ തെല്ല് പരിഭ്രമിച്ച മട്ടില്‍ നില്‍ക്കുകയാണ് ജാസ്മിന്‍
ദേവദത്തന്റെ മുഖം ചുളിഞ്ഞു.
' അടുത്തേക്ക് വരാമോ' അവള്‍ ചിരിയോടെ തിരക്കി.
ദേവദത്തന്‍ എഴുന്നേറ്റ് നിവര്‍ന്നിരുന്നു.
' അതിനെന്താ .. ജാസ്.. വരൂ.. ദേ.. ഇവിടെയിരിക്കൂ'
ആട്ടുകട്ടിലില്‍ ബാക്കിയുണ്ടായ സ്ഥലം അയാള്‍ ചൂണ്ടിക്കാട്ടി
' സമാധാനമായി.. ദത്തേട്ടന്‍ ഓടിച്ചു വിടുമെന്നാണ് ഞാന്‍ കരുതിയത്'
അവള്‍ ചെറു ചിരിയോടെ നിന്നു
തൃസന്ധ്യയ്ക്ക് മുമ്പേ കുളികഴിഞ്ഞ് രുദ്രയുടെ സെറ്റുമുണ്ടും ചുവന്ന ബ്ലൗസുമായിരുന്നു അവള്‍ ധരിച്ചിരുന്നത്.
ചുവന്ന കസവു മിന്നുന്ന കരയുള്ള ഭംഗിയുള്ള വേഷമായിരുന്നു അത്.
നനവു വിടാത്ത മുടി അവള്‍ അഴിച്ചിട്ടിരിക്കുന്നു.
കണ്ണുകള്‍ നന്നായി എഴുതിയിട്ടുണ്ട്.
നെറ്റിയില്‍ ഇനിയും ഉണങ്ങാത്ത ചന്ദനം.
' ആരിത് .. വാരസ്യാര് കുട്ടിയോ'
ദേവദത്തന്‍ അത്ഭുതത്തോടെ നോക്കി
' തന്നെ ജീന്‍സിലും ടോപ്പിലുമല്ലാതെ ഞാനിത് വരെ കണ്ടിട്ടില്ല'
' ഓണാഘോഷത്തിനല്ലാതെ ഞാന്‍ നാടന്‍ വേഷമൊന്നും ഇടാറില്ല ദത്തേട്ടാ'
ജാസ്മിന്‍ പ്രസരിപ്പോടെ വന്ന് അയാള്‍ക്കടുത്തിരുന്നു.
ആട്ടുകട്ടില്‍ ഒന്നുലഞ്ഞു.
അവളുടെ ശരീരത്തില്‍ നിന്നും ഹൃദ്യമായ സുഗന്ധം ദത്തനിലേക്ക് അരിച്ചു ചെന്നു
' എന്തായാലും ക്യൂട്ടായിട്ടുണ്ട്. തന്റെയാ തന്റേടി ലുക്ക് അങ്ങു പോയി.. ഇതിപ്പോ കണ്ടാല്‍ ഒരില്ലത്തെ പക്വതയുള്ള പെണ്‍കുട്ടിയെ പോലെയുണ്ട്'
ജാസ്മിന്‍ കൗതുകത്തോടെ അയാളെ നോക്കി.
' എന്താ വായിച്ചു കൊണ്ടിരുന്നത്. '
ദത്തന്റെ കൈയ്യിലെ പുസ്തകം വാങ്ങി അവള്‍ മറച്ചു നോക്കി
' ആഹ.. ഇത് ടീച്ചിംഗ് റഫറന്‍സാണല്ലോ.. ഇവിടെ വായിക്കാനൊന്നുമില്ലേ.. സാഹിത്യമൊന്നും.. ഞാനൊരു പുസ്തക പുഴുവാണ്.'
' ഒരുപാട് ബുക്ക്‌സ് ഉണ്ടായിരുന്നു. അത് ലൈബ്രറിയിലേക്ക് കൊടുത്തു.
ഇവിടേക്ക് വരുന്ന വഴി ജംഗ്ഷനില്‍ ജാസ്മിന്‍ ശ്രദ്ധിച്ചിട്ടുണ്ടാവും വലിയേടത്ത് പുസ്തകശാല..എന്റെ സ്വപ്‌നം..ഞാനൊറ്റയ്ക്ക് പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കു വേണ്ടി വിട്ടു കൊടുത്ത സ്ഥാപനമാണ്'
' അപ്പോള്‍ ചുരുക്കത്തില്‍ പുസ്തകം വായിക്കണമെങ്കില്‍ അവിടെ പോകണം... അല്ലേ..'
ജാസ്മിന്റെ മുഖത്ത് പരിഭവം നിറഞ്ഞു.
' ജാസിനറിയാഞ്ഞിട്ടാ ആദ്യം ഈ റൂം ഒരു പുസ്തകശാലയായിരുന്നു. പാറ്റയും പല്ലിയുമൊക്കെ വരുന്നൂന്ന് കണ്ടപ്പോ എല്ലാം തട്ടിന്‍പുറത്തേക്ക് മാറ്റി.. അവിടെ രുദ്ര പഴയ അലമാരകളില്‍ ഭദ്രമായി അടുക്കി വെട്ടിരിക്യാണ്.. തട്ടിന്‍പുറമെന്ന് കേള്‍ക്കുമ്പോ പേടിക്കണ്ട..ഒരു നില പോലെ തന്നെ വിശാലമാണ്.. ഒക്കെ തൂത്ത് തുടച്ച് ഒരു പൊടി പോലുമില്ലാതെ സൂക്ഷിച്ചിട്ടുണ്ട്.. നിര്‍ബന്ധമാണെങ്കില്‍ തങ്കത്തിന്റെ കൂടെ പോയാല്‍ വേണ്ടത്ര ബുക്‌സ് അവിടെ ഉണ്ടാകും.'
' അതുമതി.. ഞാന്‍ നോക്കിയെടുത്തോളാം' ജാസ്മിന് ഉത്സാഹമായി.
അപ്പോള്‍ ഗോവണിപ്പടികളില്‍ കാലൊച്ച കേട്ടു.
ജാസ്മിനും ദേവദത്തനും നോക്കുമ്പോഴേക്കും പവിത്ര അവിടേക്ക് കയറി വന്നു.
' എന്തുപറ്റി ഈ വഴിയ്‌ക്കൊക്കെ..'
അവളെ കണ്ടതും ദേവദത്തന്‍ കൗതുകത്തോടെ നോക്കി.
പവിത്രയുടെ മുഖം തുടുത്തു
' തങ്കം പറഞ്ഞു ജാസ് ഇങ്ങോട്ടു വന്നിട്ടുണ്ടെന്ന്..'
പവിത്ര പരുങ്ങി
' ഞാന്‍ വെറുതേ ദത്തേട്ടനോട് സംസാരിച്ചിരിക്കാന്‍..'
ജാസ്മിന്‍ ദേവദത്തന്റെ ചുമലില്‍ കൈചുരുട്ടി ഇടിച്ചു
' നല്ല രസാ ദത്തേട്ടനോട് ഇങ്ങനെ കൂട്ടുകൂടി ഇരിക്കാന്‍.. ദത്തേട്ടനിത്ര സിംപിളാണെന്ന് ഇപ്പോഴാ മനസിലായേ.. എനിക്ക് പേടിയായിരുന്നു ആദ്യം'
' ഓ.. എന്നെ ഇങ്ങനെ പുകഴ്ത്തല്ലേ കുട്ടീ'
ദേവദത്തന്‍ ഉറക്കെ ചിരിച്ചു
ദത്തന്‍ പെണ്‍കുട്ടികളോട് അടുത്ത് സംസാരിക്കുന്നതും ഇങ്ങനെ ചിരിക്കുന്നതും ആദ്യം കാണുകയായിരുന്നു പവിത്ര.
' എന്നാല്‍ ശരി.. ദത്തേട്ടാ ഞാന്‍ തട്ടിന്‍പുറം സെര്‍ച്ച് ചെയ്യട്ടേ.. ട്ടോ'
ജാസ്മിന്‍ എഴുന്നേറ്റു.
പവിത്രയെ മൈന്‍ഡ് ചെയ്യാതെ അവള്‍ ഗോവണിക്കടുത്തേക്ക് നീങ്ങി
പിന്നെ എന്തോ ഓര്‍ത്തത് പോലെ തിരിഞ്ഞു നിന്നു.
' ദത്തേട്ടാ ഒരു സംശയം.. ഈ ക്രിസ്ത്യാനി പെണ്‍കുട്ടികള്‍ക്ക് മതംമാറി നിങ്ങളുടെ കൂട്ടത്തില്‍ കൂടാന്‍ പറ്റുമോ'
അവളുടെ ചോദ്യം കേട്ട് ദേവദത്തന്‍ ചിരിച്ചു
' അതുവേണോ.. ഹാദിയ കേസ് ഇപ്പോ ചൂടാറുന്നതേയുള്ളു'
' ഞാനൊന്നാലോചിക്കുന്നുണ്ട്.. എനിക്കിഷ്ടപ്പെട്ടു.. ഈ വീടും ഇവിടുത്തെ ആചാരവും.. ആളുകളേയും ഒക്കെ'
ഗോവണി ഇറങ്ങി ജാസ്മിന്‍ താഴേക്ക് പോയി.
പവിത്ര അബദ്ധം പറ്റിയത് പോലെ ദേവദത്തന് മുന്നില്‍ നിന്നു.
ദേവദത്തനും ഒരു വല്ലായ്മ അനുഭവപ്പെട്ടു
' എന്തായി പവീ.. നിന്റെ നൃത്ത പഠനമൊക്കെ.. കഴിഞ്ഞോ.. ആ കലാമണ്ഡലം ടീച്ചര്‍ ശാസിക്കാനിട വരുത്തരുത്'
ദേവദത്തന്‍ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു.
' നല്ല അഭിപ്രായമാണ് ടീച്ചര്‍ക്ക്.. '
പവിത്ര മുഖം കുനിച്ചു.
ദേവദത്തന്റെ മനസു തുടിച്ചു.
തൊട്ടരികെ ഒരു നവവധുവിനെ പോലെ വന്നു നില്‍ക്കുകയാണ് പവിത്ര.
ഫാനിന്റെ കാറ്റില്‍ പറക്കുന്ന അവളുടെ മുടിയിഴകള്‍ ഒതുക്കി വെച്ച് ആ കവിളില്‍ ഒരുമ്മ വെക്കാന്‍ അയാള്‍ ആഗ്രഹിച്ചു.
' ഇനി അധിക ദിവസമില്ലല്ലോ നിനക്ക് ന്യൂയോര്‍ക്കിലേക്ക് പറക്കാന്‍.. അവിടെ നിന്നും നീ തിരിച്ചു വരുന്നത് കേരളത്തിന് അഭിമാനിക്കാവുന്ന ഒരു കലാകാരിയായിട്ടായിരിക്കും അല്ലേ'
ദേവദത്തന്റെ ചോദ്യത്തിന് അവള്‍ ഒരു മന്ദഹാസം മറുപടി നല്‍കി.
' നിനക്കൊരു നല്ല ജീവിതം ഉണ്ടാവണം. എന്നാലേ പാവം ചെറിയമ്മാമ്മയ്ക്ക് സന്തോഷമാകൂ..നിന്നെ ഇങ്ങനെ കാണുമ്പോള്‍ അദ്ദേഹത്തിന് അതെത്ര സങ്കടമാകുമെന്ന് പവി ചിന്തിക്കാറുണ്ടോ'
ദേവദത്തന്റെ നോട്ടം നേരിടാന്‍ പവിത്രയ്ക്ക്ായില്ല.
അവളുടെ കണ്ണുകള്‍ തുളുമ്പി.
' കരയാന്‍ പറഞ്ഞതല്ല.. ചിന്തിക്കണം.. നല്ലതെന്തെങ്കിലും സംഭവിക്കാനിടയുണ്ടെങ്കില്‍ തടസം നില്‍ക്കരുത് പവി'
പവിത്രയുടെ മനസിടിഞ്ഞു പോയി
അവള്‍ ഉടുത്തിരുന്ന വെളുത്ത സാരിയുടെ തലപ്പു കൊണ്ട് മിഴികള്‍ തുടച്ചു.
' എന്റെ അടുത്ത് നിന്ന് കരയരുത്. താഴേക്ക് ചെന്നോളൂ.. ആ കുട്ടികളെ ഞാന്‍ പവിയെ ഏല്‍പ്പിക്കുകയാണ്. അവരുടെ ഇഷ്ടങ്ങള്‍ക്കൊക്കെ കൂടെ നില്‍ക്കണം. പ്രത്യേകിച്ച് ജാസ്മിനെ നന്നായി കെയര്‍ ചെയ്യേണ്ടി വരും.. വല്ലാത്ത കുറുമ്പി കുട്ടിയാണവള്‍'
ദേവദത്തന്റെ ശബ്ദത്തിലെ വാത്സല്യം പവിത്ര ശ്രദ്ധിച്ചു.
' ഞാന്‍ അവരെ നോക്കിക്കോളാം.'
പവിത്ര അവനെ നോക്കാതെ പടികളിറങ്ങിപ്പോന്നു
' എനിക്കിവിടെ ഒരാളോട് ഒരിഷ്ടംണ്ട്.. ഞാനത് പറഞ്ഞിട്ടേ പോകൂ.'
ജാസ്മിന്റെ വാക്കുകള്‍ അവളുടെ ഉള്ളില്‍ പ്രതിഫലിച്ചു.
' ദത്തേട്ടാ ഒരു സംശയം.. ഈ ക്രിസ്ത്യാനി പെണ്‍കുട്ടികള്‍ക്ക് മതംമാറി നിങ്ങളുടെ കൂട്ടത്തില്‍ കൂടാന്‍ പറ്റുമോ'
അവളുടെ അടുത്ത ചോദ്യവും പവിത്ര ഓര്‍ത്തു.
ഓരോ പടികള്‍ ഇറങ്ങുമ്പോഴും എന്തിനെന്നറിയാതെ അവളുടെ മനസ് വിങ്ങിപ്പൊട്ടി.
.............. .............. ....................
' ദുര്‍ഗ.. നീ വാക്കുമാറ്റരുത്.. ധ്വനിയെ ഞങ്ങള്‍ക്ക് കാണിച്ചു തരാമെന്ന് പറഞ്ഞത് നീ തന്നെയാ.. പ്ലീസ്.'
സ്വാതി കെഞ്ചി.
ഊണ്‍മുറിയിലായിരുന്നു അവര്‍.
പഞ്ഞിപോലെ പതുപതുത്ത ഇഡ്ഡലി സാമ്പാറില്‍ മുക്കി തിന്നു കൊണ്ട് ദുര്‍ഗ മൗനം പാലിച്ചു
' അങ്ങനെ നീ മാത്രം കണ്ടാല്‍ പോരല്ലോ.. ഞങ്ങള്‍ക്കു കാണണമെന്ന് പറഞ്ഞാല്‍ കാണണം..'
നേഹയും ശബ്ദമുയര്‍ത്തി.
ദുര്‍ഗ അതും അവഗണിച്ചു
' ഇല്ലെങ്കില്‍ ഞാനൊരു കാര്യം തീരുമാനിച്ചിട്ടുണ്ട്.. മഹിയേട്ടനോട് എല്ലാം തുറന്നു പറയാന്‍ പോകുകയാണ്. വട്ടുള്ള ഒരുത്തിയെ കെട്ടണോ വേണ്ടയോ എന്ന് ഏട്ടന്‍ തീരുമാനിക്കട്ടെ'
സ്വാതി സ്വരം കനപ്പിച്ചു
ദുര്‍ഗ ഞെട്ടിപ്പോയി.
അവള്‍ അത് വിശ്വസിക്കാനാവാതെ സ്വാതിയെ നോക്കി
' നോ്ക്കണ്ട.. ഞാന്‍ നിന്റെ കൂട്ടുകാരി മാത്രമല്ല... എന്റേട്ടന്റെ അനിയത്തിയാണ്. ഏട്ടനോട് മാത്രമല്ല അച്ഛനോടും അമ്മയോടും ഞാനീ കാര്യം പറയും.. അതെന്റെ കടമയാണ്.'
' ചതി'
ദുര്‍ഗ ശബ്ദമുയര്‍ത്തി.
' മഹിയേട്ടനെ നീ എന്നില്‍ നിന്നും അകറ്റാനാണോ ശ്രമം'
' അകലുന്നെങ്കില്‍ അകലട്ടെ.. ധ്വനിയും കോപ്പും ഒരു മണ്ണാങ്കട്ടയുമില്ല.. ഒക്കെ നിന്റെ ഭ്രാന്ത്.. അതിനെന്റെ ഏട്ടനെ വിട്ടു തരാന്‍ തീരുമാനിച്ചിട്ടില്ല'
രുദ്ര അവിടേക്ക് വരുന്നത് കണ്ട് അവര്‍ പെട്ടന്ന് മൗനം പാലിച്ചു
' നോക്ക് ദുര്‍ഗ.. നിനക്കിനി ഇതേ മാര്‍ഗമുള്ളു.. ഒന്നുകില്‍ ധ്വനിയെ ഞങ്ങള്‍ക്കു കാണിച്ചു തരിക.. അതല്ലെഹ്കില്‍ എന്റെ ഏട്ടനെ മറക്കുക'
സ്വാതി എഴുന്നേറ്റു.
ദുര്‍ഗ എന്തു വേണമെന്നറിയാതെ സ്തബ്ധയായിരുന്നു
' നീ സങ്കടപ്പെടണ്ട.. ഇക്കാര്യത്തില്‍ ഞങ്ങളൊക്കെ സ്വാതീടെ ഭാഗത്തേ നില്‍ക്കൂ.. നീ തന്നെ തീരുമാനിക്ക്.. പിന്നെ നീ ധ്വനി , കിനീ എന്നും പറഞ്ഞോണ്ട് നടക്കുന്നത് ഞാന്‍ വലിയമ്മാമ്മയോടും ദത്തേട്ടനോടും പറയാന്‍ പോവാ.. അവര് നിന്നെ കെട്ടിയിട്ട് ചികിത്സിക്കട്ടെ'
നേഹയും എഴുന്നേറ്റു
തലയിലാരോ ചുറ്റിക കൊണ്ട് ആഞ്ഞടിച്ച പ്രതീതിയായിരുന്നു ദുര്‍ഗയ്ക്ക്.
വലിയമ്മാമ്മയും ദത്തേട്ടനും ഇത് മനസിലാക്കിയാല്‍...
പിന്നെ ധ്വനി ഉണ്ടാവില്ല ഈ ലോകത്ത്.
എന്നന്നേക്കുമായി താനറിയാത എവിടെങ്കിലും ആവാഹിച്ച് ബന്ധനസ്ഥയാക്കും.
ഈ ലോകം മുഴുവന്‍ ഇല്ലാതായാലും ആ ബന്ധനത്തില്‍ നിന്നും ഒരിക്കലും മുക്തയാകാന്‍ സാധിക്കില്ല അവള്‍ക്ക്
പരലോക മോക്ഷം കിട്ടാതെ ആ പാവം...
ദുര്‍ഗയുടെ മനസു നീറി.
' അപ്പോ.. ചിന്തിക്ക്.. കേട്ടോ'
നേഹ അവളെ പരിഹസിക്കുന്ന ഭാവത്തില്‍ നോക്കിയിട്ട് മുറിവിട്ടു പോയി.
' ജാസ് എവിടെ.. അവള്‍ കഴിക്കാന്‍ വന്നില്ലല്ലോ'
പവിത്ര അവിടേക്ക് വന്നു.
' കണ്ടില്ല.. പുറത്തെവിടെങ്കിലും കാണും'
നേഹ പറഞ്ഞു.
പവിത്ര സംശയത്തോടെ ചുറ്റു വരാന്തയിലേക്കു ചെന്നു.
പടിഞ്ഞാറ്റിനിയുടെ അരഭിത്തിയിലിരിക്കുകയാണ് ജാസ്മിന്‍
അവള്‍ക്ക് പിന്നില്‍ നിന്ന് വലിയേടത്തെ അതിരുകള്‍ ചൂണ്ടിക്കാട്ടുന്ന ദേവദത്തന്‍.
ജാസ്മിന്റെ കിലുകിലെയുള്ള ചിരിയും കേള്‍ക്കാനുണ്ട്.
' ജാസ് എന്തേ കഴിക്കാന്‍ വന്നില്ലല്ലോ'
പവിത്ര അടുത്തു ചെന്നു
ജാസ്മിന്‍ ചിരിയോടെ തിരിഞ്ഞ് അവളെ നോക്കി.
' ഞാനും ദത്തേട്ടനും ഒരുമിച്ചിരുന്നോളാം പവിയേട്ടത്തീ..'
അവള്‍ മറുപടി നല്‍കി
' അതല്ല.. നേഹയും സ്വാതിയും തങ്കവും കഴിച്ചു.. അതു കൊണ്ടാണ്..' പവിത്ര വിക്കി
' അതിനെന്താ.. ഞാനെടുത്തു കഴിച്ചോളാം'
' അതു പറ്റില്ല.. മതി.. എഴുന്നേല്‍ക്ക്..'
ദേവദത്തന്‍ അവളുടെ കൈപിടിച്ചു താഴെയിറക്കി.
' വാ.. എനിക്കും വിളമ്പിത്താ.. നല്ല വിശപ്പ്'
അവളുടെ കൈയ്യില്‍ നിന്നും പിടിവിടാതെയായിരുന്നു ദത്തന്റെ സംസാരം.
പവിത്ര ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
സ്വാതിയും നേഹയും അവരെ തിരഞ്ഞു വരുന്നുണ്ടായിരുന്നു.
' ജാസ്.. ഇവിടെ വാ..'
നേഹ അവളുടെ കൈപിടിച്ചു
' ദത്തേട്ടാ.. ഒരു മിനിറ്റ് പ്ലീസ്..'
നേഹ അയാളോട് കെഞ്ചി
ദേവദത്തന്‍ പുഞ്ചിരിേേയാടെ തലയാട്ടി
നേഹയും സ്വാതിയും ദേവദത്തന് കേള്‍ക്കാന്‍ കഴിയാത്ത അത്രയും ദൂരത്ത് അവളെ പിടിച്ചു മാറ്റി നിര്‍ത്തി
' ദുര്‍ഗ സമ്മതിച്ചു.. അവള്‍ക്ക് വേറെ മാര്‍ഗമില്ലായിരുന്നു.. സക്‌സസ്'
സ്വാതി പറഞ്ഞു.
' യ്യേയ്.. ' ജാസ്മിന്‍ മുഷ്ടി ചുരുട്ടി സന്തോഷ പ്രകടനം നടത്തി
' ഇന്നു രാത്രി നിലവറയില്‍ കടന്ന് അവള്‍ അതിന്റെ ശാസ്ത്രവിധികള്‍ എടുക്കും. പിന്നെ ഇവിടെ ഉള്ളവരുടെ കണ്ണുവെട്ടിച്ച് സൗകര്യം പോലെ പൂജയും കര്‍മ്മവുമൊക്കെ..അവള്‍ പറയുന്നത് ശരിയാണെങ്കില്‍ ഈ ലോകത്ത് ശാസ്ത്രത്തിനും അപ്പുറത്ത് ചിലതൊക്കെ ഉണ്ടെന്ന് നമ്മള്‍ മനസിലാക്കും'
നേഹ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു.
' ഇനി രാത്രിയാകുന്നത് വരെ കാത്തിരിപ്പ്.. അല്ലേ'
ജാസ്മിന്റെ കണ്ണുകള്‍ തിളങ്ങി.
പിന്നീട് ഓരോ നിമിഷവും അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.
പതുക്കെ പകല്‍ മാഞ്ഞു
' എല്ലാവരും ഉറങ്ങുന്നത് വരെ കാത്തിരിക്കണം'
ദുര്‍ഗ പറഞ്ഞു
നിരാശയായിരുന്നു അവളുടെ മുഖത്ത്.
ആരോടും ഒന്നും എതിര്‍ക്കാനാവാതെ ജീവിതം തന്നെ ഒഴുക്കില്‍പെടുത്തി കൊണ്ടു പോകുകയാണ്.
ഒരു നോവ് അവളുടെ ഇടനെഞ്ചിലിരുന്ന് വിങ്ങി.
രാത്രിയുടെ നാലാംയാമത്തിന് ശേഷം അവര്‍ പതിയെ എഴുന്നേറ്റു.
കാലൊച്ചയില്ലാതെ നിലവറ ലക്ഷ്യമാക്കി നീങ്ങി.
നീളന്‍ ഇടനാഴികള്‍ പിന്നിട്ട് ദുര്‍ഗ നിലവറ വാതിലിനടുത്തെത്തി.
മാര്‍ജ്ജാര കാല്‍വെയ്പുകളുമായി കൂട്ടുകാരികളും അവളെ അനുഗമിച്ചു
' നിങ്ങള്‍ നിലവറയ്ക്ക് മുന്നില്‍ കാത്തു നില്‍ക്കണം.. ഞാന്‍ വരുന്നത് വരെ'
ദുര്‍ഗ പറഞ്ഞു.
അവര്‍ ഏഴു താഴിട്ടു പൂട്ടിയ നിലവറ വാതിലിന് മുന്നിലെത്തി.
ഒരൊറ്റ മന്ത്രം ചൊല്ലിയാല്‍ മതി ആരും തൊടാതെ തന്നെ ആ വാതില്‍ മലര്‍ക്കെ തുറക്കും
അതിനുള്ള മന്ത്രം അവള്‍ സ്വായത്തമാക്കിയിരുന്നു.
ആ വാതിലിന് മുന്നിലെത്തി ദുര്‍ഗ അതില്‍ തൊടാനാഞ്ഞതും പെട്ടന്ന് വാതില്‍ രണ്ടു പാളികളായി മലര്‍ക്കെ തുറക്കപ്പെട്ടു
മന്ത്രം ചൊല്ലാതെ തന്നെ
ദുര്‍ഗ വിറച്ചു പോയി.
ഇരുട്ടില്‍ നിന്നൊരാള്‍ ദുര്‍ഗയുടെ മുന്നിലേക്ക് വന്നു നിന്നു
അയാളുടെ കൈയ്യിലെ ചങ്ങല വട്ടയില്‍ നിന്നുള്ള വെളിച്ചത്തില്‍ ദുര്‍ഗ ആ മുഖം കണ്ടു.
വേദവ്യാസ്.
ബോധം മറയുന്നത് പോലെ ദുര്‍ഗയ്ക്ക് തോന്നി.
..... ......... തുടരും ....
Written by 
Shyni John

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo