Slider

പച്ച

0
 Image result for online  green
"നിനക്ക് ഈയിടെയായി എന്നോട് അകൽച്ചപോലെ... എന്തിനും ഒരു മൂളൽ " ഉദയൻ ഫോണിൽ പച്ചയിലിരുന്നു പറഞ്ഞു......
"നിന്റെ തോന്നലാണ്.... ഞാൻ പ്രണയത്തോടെ സംസാരിക്കുന്നതു നിന്നോട് മാത്രമാണ്... ".. അവളും ആ സമയം ഫോണിൽ പച്ചയിലായിരുന്നു......
പുറത്തു ഒരു മഴക്കോളുണ്ട്... ഉമ ഫോണുമായി ജനലരുകിൽ ചെന്നു താഴേക്കു നോക്കി... രാത്രിയായിരിക്കുന്നു .. പോസ്റ്റു ബൾബുകൾ തെളിഞ്ഞിട്ടുണ്ട്... വഴിയരികിലെ ചെറിയ കടകളിലെല്ലാം വെളിച്ചം....
തൊട്ടടുത്ത ലോഡ്ജിലെ ആ മുറിയിലെ ജനാല പകുതി തുറന്നിട്ടുണ്ട് ... പതിവ് പോലെ ഹിന്ദി ഗാനം ഒഴുകി വരുന്നു..... ഉമയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...
"നീ ആരോടാ വേറെ ചാറ്റിങ് "... അയാൾ ഫോണിലിരുന്നു ദേഷ്യപ്പെട്ടു...
"ആരോടുമില്ല... ഞാൻ ആ ജനാലക്കപ്പുറത്തെ പാട്ടിനു ചെവിയോർത്തതാ "... അവൾ ഒരു ഹൃദയം നല്കി മറുപടി നൽകി...
അയാൾ ആ ഹൃദയത്തിൽ സന്തോഷവാനായെന്നു തോന്നി... തുടരെ മൂന്നുനാലു ഉമ്മകൾ അയളുടേതായി ഫോണിൽ വന്നു...
അതോടൊപ്പം അവിടെ ആ പകുതി തുറന്ന ജനാലയിൽ നിന്നും പാട്ടും അവളുടെ ചെവിയെ ഉമ്മവച്ചുകൊണ്ടിരുന്നു....
ആ ലോഡ്ജ്മുറിയിലേ താമസക്കാരനെ അവൾ ഇതുവരെ കണ്ടിട്ടില്ല... പക്ഷെ എന്നും സന്ധ്യകളിൽ ആ ജനാല പകുതി തുറക്കപ്പെടുകയും പാട്ടുകൾ ഒഴുകുകയും ചെയ്തിരുന്നു... അവളിലെ പ്രണയം ഈ ജനാല തുറക്കപെടുമ്പോഴും പാട്ടുകൾ കേൾക്കുമ്പോഴും ജ്വലിച്ചിരുന്നു... അതു ഹൃദയത്തിന്റെ രൂപത്തിലും ഉമ്മകളുടെ രൂപത്തിലും ഫോണിൽ ഉദയനെ തേടിച്ചെന്നു...
"കുറെ നാളുകളായി ഈ ഉമ്മകൾ മാത്രമേയുള്ളു.... !" അയാൾ പച്ച ഒന്നു മിന്നിച്ചു പരിഭവം പറഞ്ഞു....
"പിന്നെ....? വേറെയെന്താണ്? " അവൾ പാട്ടിൽ നിന്നും ശ്രദ്ധ തിരിച്ചു അയാളിലെ പച്ചയിൽ തുറിച്ചു നോക്കി....
"ഏയ്... ഞാൻ വെറുതെ പറഞ്ഞതാണ്... " അവളിലെ വാക്കിന്റെ കഠിനം അയാളെ പേടിപ്പിച്ചെന്നു തോന്നി....
"മം " അവൾ ഒന്നു മൂളി വീണ്ടും പാട്ടിൽ ശ്രദ്ധിച്ചു ഹൃദയത്തിൽ പ്രണയം നിറയ്ക്കാൻ ശ്രമിച്ചു....
"നീ കുളിച്ചോ " അയാൾ വീണ്ടും ആർദ്രനായി...
ആ ചോദ്യം അവൾ കണ്ടതായി ഭാവിച്ചില്ല... ആ സമയം ലോഡ്ജിൽ നിന്നും 'സിന്ദഗി പ്യാർ കാ ഗീത് ഹേ ' ഒഴുകി വന്നു അവളെ തഴുകി...
"നീ എന്താണ് മിണ്ടാത്തത്.... എനിക്ക് സംശയമുണ്ട്... നിനക്ക് വേറെ ആരോടോ എന്തോ...? അയാൾ മുഴുമിപ്പിക്കാതെ കുത്തുകൾ ഇട്ടു....
ഉമ മറുപടി പറയാതെ ആ പാട്ടിന്റെ വോയിസ്‌ അയാളെ കേൾപ്പിച്ചു....
"നീ എന്നോട് സംസാരിക്കാതെ ജനാലക്കൽ ചെവിയോർത്തു പാട്ടു കേൾക്കുകയാണോ... അവിടെ ആരാണ് നിന്റെ...? "...അയാളുടെ വാക്കുകളിൽ നിരാശയും ദേഷ്യവും നിറഞ്ഞു....
"നിന്റെ തോന്നലാണ്... ആ ജനാലയിൽ നിന്നും വരുന്ന പാട്ടുകൾ എനിക്ക് നിന്നോടുള്ള പ്രണയം കൂട്ടുകയാണ് ചെയ്യുന്നത്... അത്രയ്ക്ക് സുന്ദരമാണാ പാട്ടുകൾ "... അവൾ അതു പറഞ്ഞ് മൂന്നു നാലു ഹൃദയം ഉദയന് ഫോണിൽ പറത്തി...
"ഞാൻ എത്ര നാളായി ഒരു വീഡിയോ കാൾ ആഗ്രഹിക്കുന്നു... നീ എന്താണ് സമ്മതിക്കാത്തത് "...അയാൾ പരിഭവിച്ചു...
"എന്തിനാണ് വീഡിയോ കാൾ.... നീ എന്നെങ്കിലും എന്നെ കെട്ടുമ്പോൾ സ്ഥിരമായി കാണാമല്ലോ... അല്ലേൽ ഇങ്ങോട്ടു വരൂ... എല്ലാവരെയും കാണുകയും ചെയ്യാം... " അവൾ ഒരു പുഞ്ചിരി ചിത്രമയച്ചു പറഞ്ഞു...
"അതു അപ്പോഴല്ലേ... ഇതു ഇപ്പോൾ.. ഒരു പ്രാവശ്യം.. പ്ലീസ് " അയാൾ യാചിച്ചു...
അവൾ അതിനു മറുപടി അയച്ചില്ല...
അവിടെ ലോഡ്ജിൽ പാട്ടു നിന്നു... അവിടെ വെട്ടം തെളിയുകയും മിന്നുകയും ചെയ്യുന്നു... എന്തോ വോൾട്ടേജ് പ്രശ്നം ആണെന്ന് തോന്നുന്നു...
"നിന്റെ കൂട്ടുകാരി എവിടെ.. ആ .. കൃഷ്‌ണേശ്വരി " ഉദയന്റെ ആ ചോദ്യത്തിൽ ഒരു ആകാംഷയില്ലേ എന്നവൾ സംശയിച്ചു...
"കൃഷ്ണ അവളുടെ മുറിയിലാണ്... .. കൃഷ്ണ ഇപ്പോൾ എഫ്ബിയിൽ നിന്റെ ഫ്രണ്ട് ആണ് അല്ലെ..? " അവളുടെ ചോദ്യത്തിൽ ഗൗരവം വന്നു...
ലോഡ്ജിലെ വെട്ടം നിന്ന മട്ടാണ്... ഒരു മെഴുകുതിരി തെളിഞ്ഞു കാണുന്നുണ്ട്...
"നിന്റെ ഫ്രണ്ട് അല്ലെ... അപ്പൊ റിക്വസ്റ്റ് വന്നപ്പോൾ ആക്കി അത്ര തന്നെ... "അയാളുടെ അക്ഷരങ്ങൾ പതറിയോ എന്നവൾ സംശയിച്ചു.....
"നീ ഭക്ഷണം കഴിച്ചോ...? " ഉമയുടെ ചോദ്യത്തിന് അയാൾ മൂളുക മാത്രം ചെയ്തു....
അവർക്കിടയിൽ ഒരു നീണ്ട നിശബ്ദത എങ്ങനെയോ വന്നു ചേർന്നു... പക്ഷെ അപ്പോഴും രണ്ടുപേരും പച്ചയിലായിരുന്നു...
ഉമ പച്ച ഓഫ്‌ ചെയ്യാതെ ഫോൺ മേശപ്പുറത്തു വച്ചു... ജനാലക്കൽ വന്നു റോഡിലേക്കും ഇടയ്ക്കിടെ മെഴുതിരി വെട്ടമുള്ള ആ ലോഡ്ജ് മുറിയിലേക്കും നോക്കികൊണ്ടിരുന്നു....
"നീ അവിടെ എന്തു കാണുകയാ...? വാതുൽക്കൽ കൃഷ്‌ണേശ്വരി...
കുളി കഴിഞ്ഞിരിക്കുന്നു... രാത്രിവേഷത്തിൽ... കയ്യില്ലാത്ത നേർത്ത ഒറ്റയുടുപ്പിൽ.....
ശുഭമാമിയുടെ ഈ രണ്ടുനില വീട്ടിലെ മുകൾനിലയിൽ തനിക്ക് ഒരു മുറികിട്ടിയതു കൃഷ്ണയുടെ പരിചയക്കാരി എന്ന നിലയ്ക്കാണ്... ശുഭമാമിയുടെ പൈയിങ്ഗ്സ്ററ് ആണവൾ...
"നീ ഭക്ഷണം കഴിച്ചോ "... കൃഷ്ണ മുറിയിൽ കയറി മേശപുറത്തു കിടന്ന പുസ്തകം അലസമായി മറിച്ചു ചോദിച്ചു...
"ഞാൻ വൈകിട്ട് ഒരു മസാല ദോശ കഴിച്ചു... ഇനി ഒന്നും ചെല്ലില്ല... വിശപ്പു നഹി "... ഉമ യുടെ പറച്ചിൽ കേട്ട് കൃഷ്‌ണേശ്വരി പുഞ്ചിരിച്ചു...
"ഉദയൻ നിന്റെ ഫ്രണ്ട് ആണ് അല്ലേ? "... ഉമ യുടെ ചോദ്യം കേട്ട് കൃഷ്ണ ഒന്നു പതറി...
"അതേ... പക്ഷെ പരിചയം ഒന്നും ഇല്ല... മിണ്ടിയിട്ടും ഇല്ല ".... കൃഷ്ണയുടെ ഉത്തരത്തിൽ ഒരു ജാള്യത പ്രകടമായിരുന്നു...
ഉമ മൊബൈൽ എടുത്തു നോക്കി... ഉദയൻ പച്ചയിൽ ഇല്ല... അവളും പച്ച കെടുത്തി... വീണ്ടും ജനാലക്കൽ ചെന്നു നിന്നു.... മഴ പെയ്തു തുടങ്ങിയിട്ടുണ്ട്... ചെറിയ ഇടിമുഴക്കവും... ലോഡ്ജിൽ ഇപ്പോഴും മെഴുകുതിരി വെട്ടം തന്നെ...
"ഞാൻ പോട്ടെ... ഇന്ന് നേരത്തെ കിടക്കണം.... നാളെ രാവിലെ ഡ്യൂട്ടിയുണ്ട് " കൃഷ്‌ണേശ്വരി അവളുടെ മുറിയിലേക്ക് പോകാനൊരുങ്ങി....
"ഗുഡ് നൈറ്റ് "... ഉമ പുഞ്ചിരിച്ചു...
കൃഷ്ണ മറുപടി പറയാതെ പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുറിയിലേക്ക് പോയി....
മഴ ശക്തിയില്ലാതെ നേർത്തു വന്നിരിക്കുന്നു... ചെറിയ തണുപ്പും... എവിടെയോ നന്നായി പെയ്യുന്നുണ്ട്...
അവൾ വാതിലടയ്ക്കാൻ നേരം കൃഷ്ണയുടെ മുറിയിലേക്ക് നോക്കി... വാതിലിന്റെ വിടവിൽ കൂടി വെട്ടം വരുന്നുണ്ട്... കൃഷ്ണയുടെ അടക്കിയ ചിരിയും...
ഉമ വാതിലടച്ചു കുറ്റിയിട്ടു....
ജനാലക്കൽ ചെന്നു..... അവിടെ ലോഡ്ജിൽ ആ മെഴുകുതിരി വെട്ടവും കാണാനില്ല... . അവൾ മൊബൈൽ ഓണാക്കി... അതിൽ ഉദയനും കൃഷ്ണയും അപ്പോൾ പച്ചയിലായിരുന്നു....

By Chithra
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo