Slider

ഇനി ഞാനായിട്ട് കുറയ്ക്കുന്നില്ല

0
Image may contain: one or more people, selfie, closeup and indoor

ഈ ദുനിയാവിലെ സകലമാന ഉഡായിപ്പുകളും കളിച്ചു വിലസി നടന്നിരുന്ന വട്ടപ്പറമ്പിൽ ദിനേശൻ, ഏതോ ഒരു ഭാഗ്യത്തിന്റെ ഫലമായി സുന്ദരിയായ ഒരു പെണ്ണിനെക്കെട്ടിയതോടെ കുടിയും വലിയും പോലും കാട്ടിലെറിഞ്ഞു സൽഗുണ സമ്പന്നനായിമാറി.
'ദി നേഷൻ റിങ് ഫീൽഡ്' (വട്ടപറമ്പിൽ ദിനശൻ ) എന്ന തന്റെ ഫേസ് ബുക്ക് ഐ ഡി യിലൂടെ "ആരാന്റെ നല്ല ചിന്തകൾ" എന്ന ഗ്രൂപ്പിന്റെ അഡ്മിൻ സ്ഥാനത്തിരുന്നുകൊണ്ട് ദിവസേന മൂന്ന് നേരം 'നല്ല ചിന്തകൾ' സുഹൃത്തുക്കൾക്കായി ഷെയർ ചെയ്ത് സ്വസ്ഥമായി വാഴുന്ന കാലത്തും തന്റെ ഭൂതകാല പുരാണങ്ങൾ സഹധർമ്മിണി അറിയാതിരിക്കാൻ ദിനേശൻ പ്രത്യേകം ശ്രദ്ധിച്ചു.ഇത്രയും നാൾ 'കള്ളുകുടിയാ...,പെണ്ണ് പിടിയാ..., തെമ്മാടീ...' എന്നൊക്കെ വിളിച്ചവർ തന്റെ സെൽഫിക്കു താഴെ 'സുന്ദരാ...സുശീലാ...ചങ്ക് ബ്രോ...' ന്നെല്ലാം കമെന്റ് ഇടുന്നതുകണ്ട് ദിനേശൻ സുക്കറണ്ണന് സ്നേഹ ചുംബനങ്ങൾ ചൊരിഞ്ഞു.
അങ്ങനെയിരിക്കെയാണ് ഫേസ്ബുക്ക് ൽ പുതിയ ഒരുതരം കളി കണ്ടത്.
'സൗഹൃദങ്ങളുടെ ഓർമ്മ പുതുക്കുന്ന കളി'.
ദിനേശനായിട്ട് കുറച്ചില്ല..കിടക്കട്ടെ ഒരു പോസ്റ്റ്.
"സൗഹൃദങ്ങളുടെ ഈ കളിയിൽ ഞാനും പങ്ക് ചേരുകയാണ് .ഫോട്ടോ ഇല്ലാത്ത പോസ്റ്റുകൾ ആരൊക്കെ വായിക്കുന്നു എന്നറിയാം...നിങ്ങൾ എന്നെ ഓർമിക്കുന്നതെങ്ങിനെ...എന്നെ ഓർക്കുന്ന രംഗം,സിനിമ,സംഭവം,സ്ഥലം,യാത്ര അങ്ങനെ എന്തുമാവട്ടെ...ഈ കുറിപ്പിന് കമന്റായി ഇടുക."
പോസ്റ്റാവും മുൻപ് തന്നെ ആദ്യത്തെ 'നോട്ടി'വന്നു.ആദ്യത്തെ കമെന്റ് ചെത്ത്കാരൻ സുഗുണന്റെ വക.
"പെണ്ണുങ്ങളുടെ കുളക്കടവിൽ നിന്നെ കെട്ടിയിട്ട ആ രംഗം ഒരിക്കലും മറക്കില്ല ബ്രോ"
രണ്ടാമത്തെ കമെന്റ്ൽ രണ്ടാം ക്ലാസ്സിൽ കൂടെപ്പഠിച്ച സുകുമാരൻ
"നമ്മളൊരുമിച്ചു കണ്ട 'കിന്നാരത്തുമ്പികൾ' മറക്കാൻ പറ്റൂല മുത്തേ..."
മൂന്നാമത്തെ കമെന്റ് മൂക്കള പുരയിൽ മുകുന്ദൻ
" ഇടുക്കിയിൽ ഗോൾഡ്‌ വാങ്ങാൻ പോയപ്പോ നാട്ടുകാര് പൊക്കിയത് ഇന്നും കണ്മുന്നിലുണ്ട് ചങ്കേ ..."
നാലാമത്തെ കമെന്റ് ൽ നാലാം പീടിക വാസന്തി..ഇവൾക്കും ഫേസ് ബുക്കോ...
"നീലക്കുറിഞ്ഞി ലോഡ്ജ് ൽ നമ്മളെ പൊക്കിയപ്പോ പോലീസ് ജീപ്പിലെ ആ യാത്രയാണ് സേട്ടാ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല യാത്ര..."
പിന്നെയും കമെന്റുകൾ തിരുതുരാ വന്നുകൊണ്ടേയിരുന്നു...
നാച്ചേരി ഷാപ്പ്,കടത്തിണ്ണയിലെ പാമ്പ്,പോലീസ് സ്റ്റേഷൻ,സെൻട്രൽ ജയിൽ......അങ്ങനെയങ്ങനെ....
"ഈ കളിക്ക് ഞാനില്ലാ...."
'ദി നേഷൻ റിങ് ഫീൽഡ്'ന്റെ ഫേസ്ബുക് അക്കൗണ്ടും ഡിലീറ്റ് ചെയ്ത് ദിനേശൻ ചുരുണ്ടുകൂടി കിടന്നുറങ്ങി.


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo