നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്വപ്നവും യാഥാർഥ്യവും

Image may contain: 1 person, eyeglasses, hat and closeup
°°°°°°°°°°°°°°°°°°°°°°°°°°°°°
വിവാഹ പ്രായം ഏതാണ്ടൊക്കെ കഴിഞ്ഞു എന്ന് എന്റെ നരച്ച് തുടങ്ങിയ നാല് താടി രോമം നോക്കി ഓഫീസിലെ ഷീജ മാഡം പറഞ്ഞപ്പോ നെഞ്ച് പൊട്ടിപ്പോയെങ്കിലും പതറിയില്ല... മനസ്സിൽ ഇന്ന് തന്നെ ഞാൻ കണ്ടുപിടിക്കും എന്റെ പെണ്ണിനെ എന്ന വാശിയോടെയായിരുന്നു വീട്ടിലെത്തിയത് അഞ്ചാം തവണയും പുതുക്കിയ മാട്രിമോണി സൈറ്റിൽ കയറി ഉറക്കമിളച്ച് വിശദമായി പരതി പത്ത് പതിനഞ്ചു ഇന്ററെസ്റ് അയച്ചതിന്റെ മനസുഖത്തിൽ അന്ന് രാത്രി ഇടനെഞ്ചിൽ കുറുകുന്ന പ്രതീക്ഷയുടെ പ്രാവിൻ കുഞ്ഞിനെ താലോലിച്ച് ഞാൻ ഉറങ്ങാൻ കിടന്നു...കൊട്ടും കുരവയും താലികെട്ടും വലം വെക്കലുമൊക്കെ എന്നും സ്വപ്നം കാണാറുണ്ടെങ്കിലും ഒന്നിനും ഒരു വ്യക്തതയുണ്ടായിരുന്നില്ല അവളുടെ രൂപം പോലും...ഇന്ററെസ്റ് അയച്ച ഏറ്റവും ഇഷ്ടപ്പെട്ട നാലഞ്ചു പേരുടെ മുഖം കൂടിച്ചേർന്ന്‌ അവ്യക്തമായിരുന്നു അവളുടെ രൂപം...ഇന്നെങ്കിലും ഒരു ക്‌ളാരിറ്റി വരുമെന്ന പ്രതീക്ഷയിൽ ഉറക്കമെന്ന സമിതിയുടെ എന്റെ സ്വപ്‌നങ്ങൾ എന്ന നാടകത്തിലേക്ക് ഞാൻ രംഗപ്രവേശം ചെയ്തു.
നേരം വെളുത്തപാടെ മൊബൈൽ എടുത്ത് നോക്കിയപ്പോൾ 'നിമ്മി' സെൻറ് യു ആൻ ഇന്റെരെസ്റ്റ്‌ എന്ന് കണ്ടു ഞാൻ ഞെട്ടി... ങേ ഇതാരാ നിമ്മി ഓപ്പൺ ചെയ്തു പ്രൊഫൈലിൽ അരിച്ചു പെറുക്കി ആഹാ കൊള്ളാല്ലോ സുന്ദരിയാണ് മുംബൈയിൽ ഫാഷൻ ഡിസൈനർ ആയി ജോലി നോക്കുന്നു കുടുംബവും അവിടെത്തന്നെയാണ്...ഒന്നും നോക്കിയില്ല ഹിന്ദിക്കാരുടെ പ്രണയ ദൈവങ്ങളായ ഷാരൂഖ് ഖാനെയും കാജോളിനെയും മനസ്സിൽ ധ്യാനിച്ച്‌ റിക്വസ്റ്റ് അക്‌സെപ്റ്റഡ്...
ഹാവു.. അങ്ങനെ മാട്രിമോണി സൈറ്റ് അഞ്ചു തവണ പുതിക്കിയിട്ടും ഇന്റെരെസ്റ്റ്‌ ഡിക്ലൈൻഡ് എന്ന മെസ്സേജ് മാത്രം വന്നിരുന്ന എനിക്ക് ഇങ്ങോട്ട് ഒരു റിക്വസ്റ്റ് വന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി പോരാത്തേന് അവളോട്‌ എന്തെന്നില്ലാത്ത ഒരു ഇതും...ഏത് അതെന്നെ...
അന്നത്തെ കുളിയും ഒരുക്കവുമെല്ലാം യാന്ത്രികമായിരുന്നു...പതിവിലും നേരത്തെ ഡൈനിങ്ങ് ടേബിളിൽ എത്തിയ എന്നെ കണ്ട് അമ്മ ഞെട്ടി... ങേ ഇവനെന്തോ പറ്റിട്ടുണ്ട് ഞൻ എത്ര വിളിച്ചാലാ ഇവനൊന്നു എണീക്കുന്നത് മൂക്കത്ത് വിരൽവെച്ചു ബോധമില്ലാതെ നിന്ന അമ്മ കരിഞ്ഞ ദോശയുടെ മണം വന്നപ്പോളാണ് ബോധം തിരിച്ചു വന്ന് അടുക്കളയിലേക്കോടിയത്...
ശങ്കരൻ ബ്രോക്കർ ഏതോ ഒരു ആലോചനയുടെ കാര്യം പറഞ്ഞിട്ടുണ്ട് നിന്റെ പെങ്ങളുടെ വീടിനടുത്തുള്ളതാ
ഞാൻ കാർത്യായനി ചേച്ചിയെ (പെങ്ങളുടെ അമ്മായിമ്മ) വിളിച്ചു ചോദിച്ചപ്പോ നല്ല കുട്ടിയാണെന്നു പറഞ്ഞു കുടുംബവും നല്ലതാണ് ഈ ഞായറാഴ്ച വരാൻ പറ്റുമോന്നു ചോദിച്ചിട്ടുണ്ട്...പ്ലസ്ടു കഴിഞ്ഞതാണ് ഇപ്പൊ കുട്ടി തുന്നല്പടിക്കുന്നുണ്ടത്രേ...
ഒരു ജാക്കെറ്റ് തുന്നുന്നതിനൊക്കെ ഇപ്പൊ എന്താ വില...അമ്മ ദോശയും ചട്ണിയും മേശപ്പുറത്തു വിളമ്പുന്നതിനിടയിൽ ഒറ്റ ശ്വാസത്തിൽ പറഞ്ഞു...ഇത് കേട്ടപ്പോ എനിക്ക് ദേഷ്യം വന്നെങ്കിലും പുറത്തെടുത്തില്ല... അമ്മേ ഈ തുന്നാലൊക്കെ കുറച്ചിലാണ് അത് വേണ്ടാന്ന്‌ പറഞ്ഞേക്ക് ശങ്കരൻ ചേട്ടനോട് അല്ലെങ്കിലും അയാള് കൊണ്ട് വരുന്നതൊക്കെ ഒരു മാതിരി ഇങ്ങനെയുള്ള ആലോചനകളാണ്...ഓഹ് ഇപ്പൊ അങ്ങനെ ആയോ കഴിഞ്ഞ ആഴ്ച നീ കാണാൻ പോയത് ഒരു തുന്നൽകാരിയെ തന്നെയല്ലേ...അന്ന് നിനക്ക് ഈ കുറച്ചിലില്ലായിരുന്നല്ലോ...അമ്മേ അത് തുന്നൽക്കാരിയല്ല ഫാഷൻ ഡിസൈനർ ആണ്....ഓഹ് രണ്ടും ഒന്ന് തന്നെയല്ലേ ഈ കുപ്പായം ഉണ്ടാക്കലല്ലേ അവരുടേം പണി...മൗനമാണ് നല്ലതെന്ന് ആരോ പറഞ്ഞപോലെ തോന്നി പിന്നെ ഞാൻ ഒരക്ഷരം മിണ്ടിയില്ല...
മൂന്നാമത്തെ ദോശയുടെ അവസാനത്തെ പിടിയും വായിലേക്ക് വെച്ച് കട്ടൻ ചായയുടെ ഗ്ലാസ്സെടുത്ത് ഊതിയൊന്നു കുടിച്ച്‌ കുന്തം വിഴുങ്ങിയപോലെ നോക്കി നിൽക്കുന്ന അമ്മയോട് ചോദിച്ചു...അമ്മേ അമ്മക്ക് ഹിന്ദി അറിയോ...ങേ??? ഇതെന്ത് പറ്റി ഇവന്...എനിക്കെവിടുന്നാടാ ഹിന്ദി അറിയുന്നേ? നീതുന്റെ(പെങ്ങൾ) കല്യാണത്തിന് മുൻപ് വീടിന്റെ പ്ലംബിംഗ് പണിക്ക് വന്ന ബംഗാളി പറയുന്നതൊന്നും മനസ്സിലാവാതെ വിഷമിച്ചപ്പോൾ കോൺട്രാക്ടർ ജയൻ പഠിപ്പിച്ച് തന്ന "ആവോ" "ബൈട്ടോ" "ഖാവോ" അല്ലാതെ വേറെ എനിക്കൊന്നും അറിയില്ല നിന്റെ ഈ കിണ്ടിയൊന്നും...എങ്കിൽ ഇനി പഠിക്കണം സീരിയൽ കണ്ട് കരഞ്ഞു തീർക്കാതെ ഇടക്കൊക്കെ ഹിന്ദി ചാനലൊന്നു വെച്ച് കാണണം...ഓഹ് പിന്നെ! ഈ വയസ്സ് കാലത്ത് ഹിന്ദി പഠിക്കാണ്ടല്ലേ...നീയൊരു ദോശ കൂടി കഴിക്ക്...വേണ്ട വേണ്ട നിറഞ്ഞു...പിന്നെ അമ്മേ ആ വടക്കേ മുറിയിൽ വച്ചിട്ടുള്ള ആവശ്യമില്ലാത്ത സാധനങ്ങളൊക്കെ മാറ്റി അവിടെ ഒന്ന് വൃത്തിയാക്കണം അമ്മ പടിഞ്ഞാറേലെ കല്യാണിയേച്ചിയോടൊന്നു വരാൻ പറയു അപ്പിടി സാധനങ്ങളാ അതിന്റെ ഉള്ളിൽ...ഇതെന്താ മോനെ പെട്ടെന്ന്? ആ മുറിക്കുള്ളിൽ സാധനങ്ങൾ ഇരിക്കുന്നത് കുറെ നാളുകളായല്ലോ...നീതുന്റെ കല്യാണം കഴിഞ്ഞപ്പോൾ ഉപയോഗിച്ചിരുന്ന മുറിയല്ലേ വർഷം രണ്ടായി അവർ അമേരിക്കക്ക് പോയിട്ട് അതീപ്പിന്നെ അവിടെ ആരും കിടക്കാറില്ലല്ലോ എന്തിനാ ഇപ്പൊ അതൊക്കെ വൃത്തിയാക്കുന്നത്...
മ്മ്... പാവം അമ്മക്കറിയില്ലല്ലോ അമ്മക്കൊരു മരുമകളെ ഞാൻ തന്നെ കണ്ടു പിടിച്ചിട്ടുണ്ടെന്ന് അതുമല്ല ആ മുറിയിലാണേൽ ബാത്റൂമും ഉണ്ട് കുറച്ച് സ്വകാര്യതയൊക്കെ വേണ്ടേ ആലോചിചിക്കുമ്പോ തന്നെ നേരത്തെ പറഞ്ഞ ആ ഒരു... ഇത്...ഏത്... അതെന്നെ...
എന്തായാലും അമ്മ കല്യാണിയേച്ചിയോട് ഈ ഞായറാഴ്ചതന്നെ വൃത്തിയാക്കാൻ പറയണം...കയ്യും മുഖവും കഴുകി വന്നപ്പോൾ തോർത്തും പിടിച്ചു നിന്നിരുന്ന അമ്മയുടെ സാരി തുമ്പെടുത്ത് മുഖം തുടച്ചു അപ്പോൾ തന്നെ കിട്ടി സ്ഥിരം അടി ഈ ചെക്കൻ കല്യാണപ്രായം കഴിഞ്ഞു എന്നിട്ടും ഇത് നിർത്തൂല്യ...അമ്മക്കറിയില്ലല്ലോ അമ്മയുടെ വിയർപ്പ് തുടച്ച സാരിത്തുമ്പിലെ ഉപ്പിന്റെ രുചി...അമ്മേ ഹിന്ദി പഠിക്കാൻ പറഞ്ഞത് വെറുതെയല്ല ഒരു ആലോചന വന്നിട്ടുണ്ട് മുംബൈക്കാരിയാണ്
ങേ! ഹിന്ദിക്കാരിയോ ഏയ്യ് അതൊന്നും ശരിയാവില്ല എവിടെയുള്ളവരാ? മുംബൈയിലാണ് ബോംബെയിലോ? ആഹ് അതെ ബാക്കിയുള്ള അമ്മയുടെ ചോദ്യങ്ങൾക്ക് അതൊക്കെ വന്നിട്ട് പറയാം എന്ന് പറഞ്ഞ് ബാഗുമെടുത്ത് ബൈക്കിൽ കയറി ഓഫീസിലേക്ക് തിരിച്ചു അപ്പോളും എന്താണ് കഥ എന്ന് ഒരു പിടുത്തവും കിട്ടാതെ വാപൊളിച്ച് നിക്കുകയാരിരുന്നു അമ്മ.
ഓഫീസിലേക്ക് പോകുന്നവഴി കവലയിലെ സുരേഷ് ചേട്ടന്റെ സ്റ്റുഡിയോയിൽ കയറി ഒരു ഫോട്ടോയെടുത്തു ഇനിയെങ്ങാനും പ്രൊഫൈലിൽ ഇട്ട ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അല്ലാതെ കളർ ഫോട്ടോ എങ്ങാനും ചോദിച്ചാൽ അപ്പൊ തന്നെ അയച്ചു കൊടുക്കാല്ലോ സുരേഷേട്ടനെക്കൊണ്ട് ആവുന്നത്ര മുഖത്തെ കുരുക്കളും കറുപ്പും നീക്കം ചെയ്‌തെടുത്തപ്പോ ഹോ ഇത് ഞാൻ തന്നെ ആണൊന്ന്‌ എനിക്ക് തന്നെ അതിശയമായി...എന്റെ സുരേഷേട്ടാ നിങ്ങളൊരു മേക്കപ്പ് മാൻ ആയാ മതിയാർന്നു...മതിയെടാ രാവിലെ തന്നെ ഊതണ്ട നായരുടെ കടയിലെ എട്ട് ഇഡലിം സാമ്പാറും കേറ്റിട്ടാണ് ഞാനിവിടെ നിക്കുന്നത് അങ്ങനെ ഒന്നും പറക്കൂല...ഈ സുരേഷേട്ടന്റെ തമാശ ആഹ് പൈസ പിടിക്ക് ചേട്ടാ...എന്താടാ ആകെ സന്തോഷത്തിലാണല്ലോ...ആഹ് അതെ അതൊക്കെ പിന്നെ പറയാം ഞാൻ യാത്രയായി...
ഓഫീസിൽ എത്തി കമ്പ്യൂട്ടർ ഓൺ ചെയ്ത് ആദ്യം നോക്കിയത് മാട്രിമോണി സൈറ്റ് ആണ് മൊബൈലിൽ ചെറിയ സ്‌ക്രീനല്ലേ ഇതാവുമ്പോൾ അവളുടെ
സൗന്ദര്യമൊക്കെ അടുത്ത് കാണാമല്ലോ...
നിമ്മി...നിമ്മി...നിമ്മി...മിന്നി...മിന്നി മിന്നി..ഓഓഓ.....ഞാൻ തന്നെ ഈണം കൊടുത്ത മനോഹരമായ ഈ ഗാനം മനസ്സിൽ പാടിക്കൊണ്ട് സൈറ്റ് ഓപ്പൺ ചെയ്തു ....ആഹ് ങേ!..ഒരു പേർസണൽ മെസ്സേജ് ഫ്രം നിമ്മി...എന്റെ മാട്രിമോണി ഭഗവാനെ മിന്നിക്കണേ...ദേ കിടക്കുന്നു കോൺടാക്ട് നമ്പർ...വേഗം സേവ് ചെയ്ത് അപ്പൊ തന്നെ വാട്സ്ആപ്പ് ഉണ്ടോന്നു തപ്പി...ഉണ്ട് വാട്സ്ആപ്പ് ഉണ്ട്...പ്രൊഫൈൽ പിക് ഷാരൂഖ് ഖാൻ കാജോളിനെ പിന്നിൽ നിന്ന് കെട്ടി വരിഞ്ഞു നിക്കുന്ന ഫോട്ടോ അമ്പടി അപ്പൊ ഇത് അവളുടെ അപ്പന്റെ നമ്പർ ആവില്ല...ഇതവൾ തന്നെ... വേഗം തന്നെ സുരേഷേട്ടന്റെ സ്റ്റുഡിയോയിൽ നിന്നുമെടുത്ത ഫോട്ടോ ടേബിളിൽ വച്ച് മൊബൈലിൽ ഒരു പിക് എടുത്ത് തളത്തിൽ ദിനേശന്റെ (ശ്രീനിവാസന്റെ) ഗൗരവം പിടിച്ച ഡിപി മാറ്റി പുതിയത് അപ്ഡേറ്റ് ചെയ്തു ഒരു മെസ്സേജ് അയക്കാം...വെറുതെ ഒരു ഹായ് കൊടുത്തു നോക്കി കുറച്ചു നേരം നോക്കിയിരുന്നു തോട്ടിൽ ചൂണ്ടയിട്ട് കാത്തിരിക്കുന്ന ക്ഷമയില്ലാത്ത കുട്ടിയെപ്പോലെ ഞാൻ ഇരുന്നു...ഇല്ല റിപ്ലൈ ഇല്ല കുറച്ച് നേരം കൂടി നോക്കാം... ഇല്ല റിപ്ലൈ ഇല്ല അല്ലെങ്കിലും നല്ല കുടുംബത്തിൽ പിറന്ന കുട്ടികൾ അങ്ങനെയാ അവർക്ക് അവരുടേതായ തിരക്കൊക്കെ കാണും കണ്ടോ ഇത് വരെ മെസ്സേജ് നോക്കിയിട്ട് പോലുമില്ല...എന്ത്‌ നല്ല കുട്ടിയാ നിമ്മി...മനസ്സിൽ അവളോട്‌ ഇഷ്ടം കൂടിയപോലെ...
പെട്ടെന്ന് ലാൻഡ് ഫോൺ ബെല്ലടിച്ചു...
മാനേജരുടെ ക്യാബിനിലേക്ക് ചെല്ലാൻ റിസപ്ഷനിൽ നിന്ന് വിളിച്ച് പറഞ്ഞതാണ്...ഈശ്വരാ ആ മണകുണാപ്പൻ എല്ലാം ക്യാമെറയിൽ കണ്ടിട്ടുണ്ടാവും...9മണിക്ക് എത്തീട്ട് 10 മണിയായിട്ടും ജോലിയൊന്നും തുടങ്ങീട്ടില്ല...കല്യാണം ആലോചിച്ചപ്പോളേക്കും പണി പോകുമോ...ഏയ് അതൊന്നുമാവില്ല ധൈര്യം വായുവിൽനിന്നും ചുഴറ്റി പിടിച്ച് കക്ഷത്തും വെച്ച് എഴുന്നേറ്റു നേരെ മാനേജരുടെ ക്യാബിനിലെത്തി...ഇരിക്കാൻ പറഞ്ഞപ്പോൾ ഉറപ്പിച്ചു പണി പോയി എന്ന്...എന്നാലും ധൈര്യം അത് നമ്മള് വിടൂല്ല...എന്താണ് സർ വരാൻ പറഞ്ഞത്...ഈ കോൺട്രാക്ട് ഒന്ന് വായിച്ച് നോക്ക് എന്ന് പറഞ്ഞ് എന്റെ നേരെ ഒരു കടലാസ് നീട്ടി... പെട്ടെന്ന് തലയിൽ ഒരു ഇടി വെട്ടിയപോലെ തോന്നി നെഞ്ചിലിരുന്ന പ്രാവും കുഞ്ഞ് കരയുന്നുണ്ടോ??? ഏയ് തോന്നിയതാവും...കോൺട്രാക്ട് എടുത്തു വായിച്ച് നോക്കി...വായിച്ച് വായിച്ച് താഴെ എത്തുംതോറും മനസ്സിൽ പടക്കം പൊട്ടൽ തുടങ്ങി...സന്തോഷം അടക്കാൻ പറ്റിയില്ല...ദൈവമേ നീയവടെ ഉണ്ടല്ലേ...വിഷു കഴിഞ് പൊട്ടാത്ത പടക്കങ്ങളും പൂത്തിരികളും കൂടി അടിച്ചു വാരി അമ്മ തീയിടുമ്പോൾ ഇടക്ക് ഇടക്ക് അവിടുന്നും ഇവിടുന്നും ഒക്കെ പൊട്ടുന്നത് കാണുമ്പോളുള്ള ഒരു സുഖം മനസ്സിൽ.... ഓകെ സർ ഞാൻ സൈൻ ചെയ്യാം അടുത്ത ആഴ്ച്ച തന്നെ പോകാം...ഗുഡ്...പിന്നെ മുംബൈ ആണ് കുറച്ച് കരുതലുകളൊക്കെ വേണം റൂം ഇന്ന് തന്നെ ബുക്ക്‌ ചെയ്യാൻ പറയാം കോൺട്രാക്ട് പ്രകാരം ഒരുമാസമാണ് കാലാവധി അതിനുള്ളിൽ പ്രൊജക്റ്റ്‌ തീർക്കണം...ഉവ്വ് സർ തീർക്കാം...കോൺട്രാക്ട് ഒപ്പിട്ട് ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ അമ്മയെയും കൂടെ കൂട്ടിയാലോ എന്നായി ചിന്ത അല്ലെങ്കിൽ വേണ്ട ആദ്യം അവളെയൊന്നു അടുത്തറിയാം മലയാളമൊക്കെ അറിയോന്ന് നോക്കാല്ലോ... അവളെ കാണുന്നതും സംസാരിക്കുന്നതും ഓർത്ത് കോരിത്തരിച്ചു... എന്റെ നിമ്മി മോളെ നിന്നെ കാണാൻ ഞാനിതാ വരുന്നു...ഹോ ഫോൺ എടുത്ത് ഒന്ന് കൂടി നോക്കി റിപ്ലൈ ഒന്നും വന്നിട്ടില്ല...അങ്ങനെ പകുതി ജോലിയും പകുതി സ്വപ്നങ്ങളുമായി ആ ദിവസത്തെ ജോലി കഴിഞ്ഞു...
വീട്ടിലെത്തിയപ്പോൾ ഇറയത്ത്‌ അമ്മയും ശങ്കരൻ ബ്രോക്കറും മൂക്കത്ത് വിരൽ വച്ച് എന്തൊക്കെയോ സംസാരിക്കുന്നു...എന്തൊക്കെയുണ്ട് ശങ്കരേട്ടാ വിശേഷം?...ആഹ്...മുഖം വീർപ്പിച്ചുകൊണ്ടാണ് ശങ്കരേട്ടൻ മൂളിയത് ...നീ ഞായറാഴ്ച കാണാൻ വരുമെന്ന്‌ ആ തുന്നൽകാരിടെ വീട്ടുകാർക്ക് ശങ്കരേട്ടൻ വാക്ക് കൊടുത്ത്തുത്രെ...നിനക്കൊന്നു പോയി കണ്ടൂടെ ആ കുട്ടിയെ...ഈ ഫോട്ടോ ഒന്ന് നോക്കിക്കേ നല്ല ഐശ്വര്യം ഉള്ള കുട്ടിയ എനിക്ക് നല്ല ഇഷ്ടായി...
എന്റെ പൊന്നമ്മേ ഞാൻ പറഞ്ഞില്ലേ ഒരു നല്ല ആലോചന വന്നിട്ടുണ്ട് നമുക്കത് ആദ്യം നോക്കാം അതുമല്ല ഈ ശനിയാഴ്ച ഞാൻ മുംബൈക്ക് പോവുകയാ ഒരു മാസം കഴിഞ്ഞേ തിരിച്ച് വരുള്ളൂ...ങേ അയ്യോ എന്റെ ദൈവങ്ങളെ...എന്റെ മോനെ അപ്പോളേക്കും ആ ഹിന്ദിക്കാരി പെണ്ണ് ചാക്കിട്ട് പിടിച്ചലോ ദൈവമേ അയ്യോ.....അമ്മയുടെ നെഞ്ചത്തടിയും നിലവിളിയും കേട്ട് അയല്പക്കത്തുള്ളവരൊക്കെ ഓടി കൂടി...ഈ സമയത്ത് സംഭവം പന്തികേട് ആണെന്ന് മനസ്സിലാക്കി ശങ്കരൻ ബ്രോക്കർ തടി തപ്പി...അമ്മേ അമ്മ ഉദ്ദേശിക്കുന്നതല്ല എനിക്ക് ഒരു പ്രൊജക്റ്റ്‌ കിട്ടീട്ടുണ്ട് മുംബൈ ആണ് സ്ഥലം ഇന്ന് കോൺട്രാക്ട് സൈൻ ചെയ്തേ ഉള്ളു...അമ്മയെയും അയല്പക്കക്കാരെയും ഒരു കണക്കിന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കരക്കടുപ്പിച്ചു ...അപ്പോളും ഞാൻ അയച്ച മെസ്സേജ് കരക്കടുക്കാതെ കിടക്കുകയായിരുന്നു...
കുളിയൊക്കെ കഴിഞ്ഞു രാത്രി ഭക്ഷണവും കഴിച്ച് അമ്മയോട് ഗുഡ്ണൈറ്റും പറഞ്ഞ് ഞാൻ കട്ടിലിലേക്ക് വീണു മൊബൈലിൽ നോക്കിയപ്പോൾ അവളുടെ ഒരു മെസ്സേജ് അതും പച്ച മലയാളത്തിൽ ഞാൻ സന്തോഷത്തോടെ വായിച്ചു...ഹലോ മെസ്സേജ് കണ്ടതിപ്പോളാണ് അച്ഛന് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു...ഇത് കണ്ടതോടെ ഉള്ള സന്തോഷം കൈ വിട്ടുപോയി തന്തപ്പിടിക്ക് എന്താവോ പറ്റിയത് അശുഭം ആണല്ലോ തുടക്കം തന്നെ അആഹ് എന്തെങ്കിലുമാവട്ടെ...തിരിച്ചൊരു റിപ്ലൈ അയച്ചു എന്നെ മനസ്സിലായോ? മ്മ് മനസ്സിലായി സോറി ട്ടോ മെസ്സേജ് കണ്ടത് ഇപ്പോളാണ്...അയ്യോ സാരമില്ല...ശ്യോ എന്തൊരു വിനയമാ ഈ കുട്ടിക്ക് എനിക്കങ്ങോട്ട് വല്ലാതെ ഇഷ്ടമായി...പിന്നീട് കുറെ സമയം ഞങ്ങൾ മെസ്സേജിലൂടെ കാര്യങ്ങൾ പരസ്പരം ചോദിച്ചറിഞ്ഞു കൂട്ടത്തിൽ അച്ഛന്റെ ഹോസ്പിറ്റൽ കേസും ചോദിച്ചു...അങ്ങിനെ മുംബയിൽ കാണാം എന്ന് വാക്ക് കൊടുത്ത് ഗുഡ് നൈറ്റ്‌ പറഞ്ഞ് ഞങ്ങൾ നിർത്തി.
അന്ന് ഞാൻ കണ്ട സ്വപ്നത്തിൽ പതിവുപോലെ കൊട്ടും, കുരവയും, താലികെട്ടും, എല്ലാം ഉണ്ടായിരുന്നു ഇത്തവണ ഒരു 4k സിനിമ കാണുന്നപോലെ അവളുടെ സുന്ദരമായ മുഖവും
വലം വെക്കുമ്പോൾ ഒരു ദേവതയെപ്പോലെയുള്ള നടപ്പും വളരെ വ്യക്തമായി ഞാൻ കണ്ടു മനസ്സിൽ ഞാൻ ഉറപ്പിച്ചു ഇവൾ തന്നെ എന്റെ പെണ്ണ്!
പിന്നീട് ഇടക്കിടക്ക് ഞങ്ങൾ മെസേജ് ചെയ്യാറുണ്ട്...
അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ റെയിൽവേ സ്റ്റേഷനിലേക്ക് ഞാനും അമ്മയും തിരിച്ചു മുംബൈക്ക് ട്രെയിൻ കയറും മുൻപ് അമ്മ പറഞ്ഞു മോൻ കുട്ടിയെ നേരിട്ട് കണ്ട് ഇഷ്ടപ്പെട്ടാൽ ജാതകം ചോദിക്കണം പൊരുത്തങ്ങൾ നോക്കണം രാഘവൻ പണിക്കരുടെ അടുത്ത് തന്നെ കൊണ്ട് പോയി നോക്കണം എന്റെയും നിന്റെ അച്ഛന്റെയും ജാതകം നോക്കിയതും പണിക്കരാണ്...മ്മ്മ് വെറുതെയല്ല അമ്മക്ക് ഈ ഗതി വന്നത്...അമ്മ കൈപൊക്കി എന്നെ അടിക്കാൻ ഓങ്ങി...എന്നിട്ട് കെട്ടിപ്പിടിച്ചു കരഞ്ഞു...എന്റെ മോൻ ആദ്യമായാണ് എന്നെ വിട്ടു നിൽക്കുന്നത്...തലയിൽ തേക്കാനുള്ള കാച്ചെണ്ണ അമ്മ ഒരു കുപ്പിയിലാക്കി കവറിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട്...പിന്നെ കുറച്ച് മുളക് വറുത്തതും...മാങ്ങാ അച്ചാറും പൊതിഞ് വെച്ചിട്ടുണ്ട്...എല്ലാം ഞാൻ മൂളുന്നുണ്ടായിരുന്നു പക്ഷെ
അപ്പോളും എന്റെ മനസ് നിറയെ നിമ്മിയായിരുന്നു അവളുടെ മെസേജ് ഇടയ്ക്കിടെ വരുന്നുണ്ട് റിപ്ലൈ കിട്ടാത്തതിൽ ദേഷ്യം പിടിക്കുന്നുണ്ടാവും വേഗം കയറി ഇരുന്ന് റിപ്ലൈ ചെയ്യണം...
അമ്മയെ സമാധാനിപ്പിച്ച് ഞാൻ തിടുക്കത്തിൽ ട്രെയിനിലേക്ക് കയറി
സീറ്റിൽ ഇരുന്ന് ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്തു ഫീലിംഗ് എക്സ്റ്റെഡ് ട്രാവെല്ലിങ് ടു മുംബൈ അവളെ ടാഗും ചെയ്തു...നിമ്മിയുമായി കുറച്ച് സമയം ചാറ്റ് ചെയ്തു അപ്പോളേക്കും ട്രെയിൻ മുന്നോട്ടു നീങ്ങി...കുറച്ച് ദൂരം പിന്നിട്ടപ്പോൾ എന്തോ നഷ്ടപ്പെട്ട പോലെ എനിക്ക് തോന്നി പോക്കറ്റിൽ കയ്യിട്ടു നോക്കി ഇല്ല പേഴ്സ് അവിടെ തന്നെയുണ്ട്...ആശ്വാസമായി...ദൂരം പിന്നിടുംതോറും മനസ്സിൽ എന്തോ എവിടെയോ മറന്നു വെച്ചത് പോലെ...അപ്പോളാണ് ഞാൻ അമ്മയെക്കുറിച്ച് ചിന്തിച്ചത്...അമ്മയോട് യാത്ര പോലും പറഞ്ഞില്ലല്ലോ ഈശ്വരാ...അമ്മയെ തിരിഞ്ഞൊന്നു നോക്കിയത് പോലുമില്ല അമ്മ വിഷമിക്കുന്നുണ്ടാകും...പണ്ട് സ്കൂളിൽ നിന്നും 2 ദിവസത്തെ ടൂറിനു പോയി പകുതി വെച്ച് അമ്മയെ കാണണമെന്ന് കരഞ്ഞു വാശി പിടിച്ച ഞാൻ എന്തെ അമ്മയെ ഓർത്തില്ല?...ഇന്നലെ പരിചയപ്പെട്ട ഒന്ന് കണ്ടിട്ട് പോലുമില്ലാത്ത ഒരുവൾക്കു കൊടുത്ത പ്രാധാന്യം പോലും ഞാൻ അമ്മക്ക് കൊടുത്തില്ലല്ലോ...മനസ്സ് തകരാൻ തുടങ്ങി...അമ്മ ഒറ്റക്കാണ് വീട്ടിൽ എന്ന ചിന്തപോലും എനിക്കെങ്ങനെയാണ് നഷ്ടപ്പെട്ടത്...ഒന്നും ആലോചിച്ചില്ല...അച്ഛൻ മരിച്ചതിന് ശേഷം അമ്മക്ക് ഞങ്ങൾ മാത്രമല്ലേ ഉണ്ടായിരുന്നുള്ളു...നീതു പോയതിൽ പിന്നെ ഞാൻ അല്ലെ ആകെ അമ്മക്ക് തുണയായുള്ളത്...രാവും പകലും അടുക്കളയിൽ കഴിച്ച് കൂട്ടുന്ന കരി പിടിച്ച ജീവിതത്തിൽ എന്റെ അമ്മക്ക് പിണക്കങ്ങളും പരിഭവങ്ങളും പങ്കു വെക്കാൻ ഞാൻ മാത്രമല്ലേയുള്ളു...ഞാൻ അപ്പോൾ തന്നെ മൊബൈൽ എടുത്ത് മാനേജരെ വിളിച്ചു സർ ഞാൻ വീട്ടിൽ നിന്നും ഫോൺ വന്നിരുന്നു അമ്മക്ക് സുഖമില്ലാതായി വേഗം തിരിച്ചു ചെല്ലാൻ പറയുന്നു എന്നെ ഈ കോൺട്രാക്ടിൽ നിന്നും ഒഴിവാക്കണം...ഒടുവിൽ അരമണക്കൂറിനു ശേഷം തിരിച്ചു പോവാനുള്ള പെർമിഷൻ കിട്ടി അടുത്ത സ്റ്റേഷനിൽ തന്നെ ഞാൻ ഇറങ്ങി...തിരിച്ചുള്ള ട്രെയിന് ടിക്കറ്റ് എടുത്തു...അതിനിടയിൽ വന്നിരുന്ന നിമ്മിയുടെ മെസ്സേജുകൾ എനിക്ക് ഓപ്പൺ ചെയ്യാൻ തോന്നിയില്ല മനസ്സിൽ നിറയെ അമ്മയായിരുന്നു...
സ്റ്റേഷനിൽ ഇറങ്ങി ഒരു ടാക്സി വിളിച്ചു ഞാൻ വീട്ടിലേക്കു തിരിച്ചു...
മുറ്റത്തെത്തിയപ്പോൾ പടിഞ്ഞാറേലെ കല്യാണിയേച്ചിയും...കിഴക്കേലെ ബാബുച്ചേട്ടനും ഭാര്യയുമൊക്ക വീടിന്റെ മുറ്റത്തുണ്ട്...അമ്മ ഇറയത്ത്‌ കിടക്കുന്നുണ്ട്...ഞാൻ കയറി ചെന്നപ്പോൾ എല്ലാവർക്കും അതിശയം ബോംബയ്ക്ക് പോയ ആളാണോ ഇത്?? കല്യാണിച്ചേച്ചി പറഞ്ഞു അതെങ്ങനെ പോവാനാ അമ്മയെ പിരിഞ്ഞു നിന്നിട്ടുണ്ടോ ഈ കുട്ടി ഞാൻ സങ്കടത്തോടെ അമ്മയുടെ അരുകിൽ ഇരുന്നു...പേടിക്കണ്ട മോൻ പോയ വിഷമത്തിൽ ഒന്ന് തല കറങ്ങിയതാ ഒന്ന് വിളിച്ച് നോക്ക് മോന്റെ ശബ്ദം കേട്ടാൽ എണീക്കും അമ്മ....അമ്മയുടെ നെറ്റിയിലെ വിയർപ്പിലൂടെ തടവി ഞാൻ അമ്മയെ വിളിച്ചു...പതിയെ കണ്ണ് തുറന്നു നോക്കിയ അമ്മ എന്നെ കണ്ട് ചാടി എണീറ്റ്‌ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് തേങ്ങി...ആ തോളിൽ ചേർന്ന് കൊച്ചു കുട്ടിയെപ്പോലെ ചെയ്ത തെറ്റിന് അമ്മയോട് മാപ്പു പറയുമ്പോൾ കണ്ണുനീർ മഴ പെയ്യുന്നുണ്ടായിരുന്നു...
ഉച്ചയൂണ് ഞാനും അമ്മയും ഒരുമിച്ചിരുന്നാണ് കഴിച്ചത്...കൈ കഴുകി റൂമിലേക്ക്‌ പോകുമ്പോൾ മേശപ്പുറത്തിരുന്ന ഫോട്ടോ കയ്യിലെടുത്ത് ഞാൻ നോക്കി...അആഹ് അമ്മേ പിന്നെ ആാാ ശങ്കരൻ ചേട്ടനോട് പറയണം വാക്കൊന്നും തെറ്റിക്കണ്ടന്ന് നാളെ നമുക്ക് ആ കുട്ടിയെ പോയി കാണാം...അടുക്കളയിൽ നിന്നും ഓടി വന്ന അമ്മക്ക് വിശ്വസിക്കാനായില്ല എന്താ മോൻ പറഞ്ഞത്...നാളെ നമുക്ക് അമ്മേടെ തുന്നക്കാരി പെണ്ണിനെ കാണാൻ പോകാമെന്ന്...ങേ സത്യമാണോ അപ്പൊ മുംബൈക്കാരിയോ...എന്റെ അമ്മേ അത് എനിക്ക് പറ്റിയ തെറ്റല്ലേ...എന്നെ സ്നേഹിക്കുന്ന എന്റെ അമ്മക്ക് താങ്ങായും തണലായും വിളിപ്പുറത്തുള്ള ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടി...അത്രേം മതി എന്റെ അമ്മയുടെ ഇഷ്ടമാണ് എന്റെയും ഇഷ്ടം.
അന്ന് രാത്രിയിൽ കിടന്നുറങ്ങുന്നതിനു മുൻപ് നേരത്തെ മേശപ്പുറത്തുനിന്നും എടുത്ത ഫോട്ടോയെടുത്ത് ഒന്നുകൂടി നോക്കി കൊള്ളാം കാണാൻ അഴകൊക്കെയുണ്ട് ഇത്തിരി കാന്താരിയാണോ എന്നൊരു സംശയം ആഹ് സാരല്യ കുറച്ച് കാ‍ന്താരി തന്നെയാ നല്ലത് എങ്കിലേ ഒരു രസമൊക്കെയുള്ളൂ...
അന്നത്തെ ഉറക്കം സമിതിയുടെ സ്വപ്ന നാടകത്തിൽ എന്റെ വലതു കൈ പിടിച്ച് വലം വെച്ചത് ഒരു കാന്താരിയായിരുന്നു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot