
"ഞാനീ ചാമ്പയ്ക്കാ മരത്തിലിങ്ങനെ തൂങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് നേരമെത്രയായി. ഇന്നെന്താ മിന്നുമോൾ കളിക്കാനായ് മുറ്റത്തേക്കിറങ്ങാൻ ഇത്ര താമസം"
എന്റെ ആലോചനകൾക്കിടയിൽ മഞ്ഞ കുഞ്ഞുടുപ്പിട്ട മിന്നുമോൾ മുറ്റത്തേക്കിറങ്ങി വന്നു.ഞങ്ങൾ വവ്വാലുകൾക്ക് സാധാരണ ശബ്ദങ്ങൾ കേൾക്കാൻ കഴിയില്ല എന്നൊക്കെ ഈ മനുഷ്യന്മാർ ചുമ്മാ പറയുന്നതല്ലേ....മിന്നു മോളുടെ കൊലുസിന്റെ കൊഞ്ചൽ എനിക്കെന്തിഷ്ടാന്നോ...
മുറ്റത്തു വീണുകിടക്കുന്ന ചാമ്പയ്ക്കകൾ പതിവുപോലെ അവൾ പെറുക്കിയെടുക്കാൻ തുടങ്ങി...
"അയ്യോ മോളെ അത് പെറുക്കല്ലേ....വല്ല വവ്വാലും കൊത്തിയതായിരിക്കും" എന്നും പറഞ്ഞുകൊണ്ട് മിന്നുമോളുടെ അമ്മ ഓടിവന്ന് ചാമ്പയ്ക്കകൾ അവളുടെ കൈയ്യിൽ നിന്നും തട്ടി ദൂരേയ്ക്ക് തെറിപ്പിച്ചു.മോളുടെ കരച്ചിൽ കണ്ട് എനിക്ക് സങ്കടം വന്നു.
" മോളെ... ഇനിമുതൽ വവ്വാലുകൾ കടിച്ച പഴങ്ങളൊന്നും കഴിക്കരുത് കേട്ടോ ..മാത്രമല്ല വവ്വാലുകളെയെങ്ങാനും കണ്ടാൽ അപ്പൊത്തന്നെ എറിഞ്ഞോടിക്കണം ....."
" മോളെ... ഇനിമുതൽ വവ്വാലുകൾ കടിച്ച പഴങ്ങളൊന്നും കഴിക്കരുത് കേട്ടോ ..മാത്രമല്ല വവ്വാലുകളെയെങ്ങാനും കണ്ടാൽ അപ്പൊത്തന്നെ എറിഞ്ഞോടിക്കണം ....."
മിന്നുക്കുട്ടിയെ അമ്മ ഉപദേശിക്കുന്നത് കേട്ട് ഞാൻ അമ്പരന്നുപോയി....
വവ്വാലുകളും അണ്ണാറക്കണ്ണൻമാരും കടിച്ച പഴങ്ങൾക്ക് നല്ല മധുരമാണെന്നും, കുട്ടിക്കാലത്ത് അത്തരം കശുമാങ്ങയുടെയും മാമ്പഴത്തിന്റെയും പ്രത്യക രുചി ഒരുപാടിഷ്ടമായിരുന്നെന്നും മറ്റും കുറച്ചു നാളുകൾക്കു മുൻപ് മിന്നുമോൾക്ക് വാതോരാതെ പറഞ്ഞുകൊടുത്ത ഈ അമ്മയ്ക്ക് ഇന്നെന്തുപറ്റി.
അന്നതു കേട്ടതിനു ശേഷമല്ലേ ഞാനെന്നും പാതി കഴിച്ച ചാമ്പയ്ക്ക മിന്നുമോൾക്കായി ബാക്കി വെക്കാറുണ്ടായിരുന്നത്. അവളതു നുകരുന്നത് കാണാനല്ലേ നേരം വെളുത്തിട്ടും കൂട്ടുകാരോടൊപ്പം മടങ്ങിപ്പോവാതെ ഈ മരക്കൊമ്പിൽ ഞാനിങ്ങനെ തൂങ്ങിക്കിടന്നിരുന്നത്.ആ ചാമ്പയ്ക്ക കഴിക്കുമ്പോൾ എന്നെ നോക്കി കണ്ണിറുക്കിക്കാണിക്കുന്ന മിന്നുമോളെക്കാണാൻ എന്ത് ചന്തമാണെന്നോ....അവൾക്കു ചുറ്റും രണ്ടു വട്ടമിട്ടതിനു ശേഷം പറന്നകലുന്ന എന്നെനോക്കി കുഞ്ഞരിപ്പല്ലുകൾ കാട്ടി കൈകൊട്ടിച്ചിരിക്കും അവൾ.
കാര്യമെന്തെന്നറിയാതെ അന്തിച്ചു നിന്ന എന്റെ നേർക്ക് ഒരു കല്ല് വരുന്നതായി തോന്നി.മിന്നുമോൾ കുഞ്ഞുകൈ വീശിയെറിഞ്ഞിട്ടും എന്റടുത്തു പോലും എത്തിയില്ലെങ്കിലും ആ കല്ല് വന്നു പതിച്ചത് എന്റെ ഹൃദയത്തിലായിരുന്നു.
അതിയായ മനോവേദനയോടെ ഞാൻ പറന്നകലുമ്പോൾ ആ അമ്മ പറയുന്നത് കേൾക്കാമായിരുന്നു...
"നശീകരണം പിടിച്ച വർഗ്ഗങ്ങൾ...ഓരോ പുതിയ അസുഖങ്ങൾ പരത്തി മനുഷ്യനെ കൊലയ്ക്കു കൊടുക്കാൻ നടക്കുവാ..."
'മിന്നുമോൾക്കുള്ള ചാമ്പയ്ക്ക കടിച്ചു വിഷമയമാക്കാൻ ഇനി ഞാനിങ്ങോട്ടേയ്ക്കില്ല...'എന്ന് മനസ്സിലുറപ്പിച്ച് എന്നെന്നേക്കുമായി അവിടുന്നു വിടപറയുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുനീർ താഴെ മണ്ണിൽ പതിയാതിരിക്കാൻ ഞാനൊരുപാട് കഷ്ടപ്പെട്ടു.. എന്റെ കണ്ണുനീർ വീണ് മനുഷ്യരുടെ മണ്ണ് മലിനമാവരുതല്ലോ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക