Slider

"മുത്തശ്ശിയുടെ മത്തിക്കറി"

0
"മുത്തശ്ശിയുടെ മത്തിക്കറി"
ഒരു ഗർഭകാല ഓർമ്മയാണ്. ഇവനും ഗർഭകാലമോ എന്നാരും അന്തം വിട്ടു നോക്കണ്ടാ....ഭാര്യ ഗർഭിണിയായിരുന്ന കാലം...
അമ്പയർ ക്കു റിവ്യൂ അപ്പീൽ കൊടുത്തു കാത്തിരിക്കുന്ന ബൗളറുടെ ആകാംക്ഷയോടെ പ്രെഗ്നൻസി കിറ്റിൽ കണ്ണും നട്ടിരുന്ന എന്റെ സന്തോഷത്തിന്റെ കടിഞ്ഞാൺ പൊട്ടിച്ചുകൊണ്ടാ രണ്ടാമത്തെ പിങ്ക് വര തെളിഞ്ഞുവന്നു.
അന്ന് തുടങ്ങിയ ചർദ്ദിൽ പ്രസവം കഴിഞ്ഞ് ബാലൻസ് ഉള്ള ഒരെണ്ണം കൂടി കൊട്ടിയിട്ടാണവൾ നിർത്തിയത്.പാചകം ചെയ്യുന്ന മണം പോലും സഹിക്കാൻ വയ്യാത്തതിനാൽ അടുക്കള ഭരണം ഞാൻ തന്നെ ഏറ്റെടുത്തു. യാത്രചെയ്യാനുള്ള സാഹചര്യം അല്ലാത്തതിനാൽ നാട്ടിലേക്കു വിടാനും കഴിഞ്ഞില്ല.
ബാച്ചിലർ ലൈഫ് ൽ പായറ്റിതെളിഞ്ഞ തൈരും ഓംലെറ്റും പിന്നെ എന്റെ മാസ്റ്റർ പീസായ പരിപ്പുകറിയുമെല്ലാം അവൾക്കായി സമർപ്പിച്ചുകൊണ്ട് ഞാൻ മുന്നേറിയെങ്കിലും കഴിക്കും മുൻപേ വാഷ് ബേസിനടുത്തേക്ക് ഓടിക്കൊണ്ട് അവളെന്നെ പിന്നിലാക്കി.അല്ലേലും പണ്ട് എന്റെ പാചക കസർത്തിൽ റൂം മേറ്റ്സ് പോലും വാള് വെച്ചിട്ടുണ്ട് പിന്നാണോ ഒരു ഗർഭിണി.
അങ്ങിനൊരു ദിവസം പ്രഭാത വാളുവെപ്പുകഴിഞ്ഞു വിശ്രമിക്കുന്നതിനിടയിലാണ് അവളെന്നോട് ആദ്യത്തെ ആഗ്രഹം അറിയിക്കുന്നത്...
"ചേട്ടാ എനിക്കൊരു സാധനം കഴിക്കാൻ തോന്നുന്നു"
"നീ പറമുത്തേ.....ഈ ഞാനുണ്ടാക്കിത്തരും"
പുതിയ പ്രൊജക്റ്റ് തുടങ്ങാൻ പോവുന്ന ശാസ്ത്രജ്ഞന്റെ ഉത്സാഹം ആയിരുന്നു എനിക്ക്.
"പണ്ട് കുട്ടിക്കാലത്തു ബ്രഹ്മമംഗലത്തെ തറവാട് വീട്ടിൽ താമസിച്ചപ്പോ അടുത്ത വീട്ടിൽ ഒരു മുത്തശ്ശിയുണ്ടായിരുന്നു.അവരുണ്ടാക്കിത്തന്ന മത്തിക്കറി കഴിക്കാൻ വല്ലാത്ത പൂതി തോന്നുന്നു."
ഇന്റർനെറ്റ് ൽ തപ്പി 'ഉമ്മച്ചിയുടെ അടുക്കള'യിലെയും 'അമ്മച്ചിയുടെ കിച്ചൺ' ലെയുമെല്ലാം റെസിപ്പികൾ പരീക്ഷിച്ചു സ്വന്തം വയറ്റിലേക്കു തന്നെ തള്ളിക്കൊണ്ടിരുന്ന എനിക്ക് " മുത്തശ്ശിയുടെ മത്തിക്കറി" നൽകിയ സന്തോഷം ചില്ലറയല്ലായിരുന്നു.
ഇന്നുച്ചയ്ക്ക്തന്നെ അവൾക്ക് മത്തിക്കറി സർപ്രൈസ് നൽകണം. അതിനു ബ്രഹ്മമംഗലത്തെ മുത്തശ്ശിയുടെതല്ല ബ്രഹ്മോസ് മിസൈലിന്റെ രഹസ്യം വേണമെങ്കിലും ഞാൻ ഒപ്പിച്ചിരിക്കും എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് അവളെ അറിയിക്കാതെ ഞാൻ മാർക്കറ്റിലേക്ക് വണ്ടിവിട്ടു.
അന്ന് കടൽ മത്സ്യങ്ങൾ അത്ര സുലഭമല്ലായിരുന്ന ഈ നാട്ടിൽ ഒരു പിടിമത്തിക്കായുള്ള എന്റെ തിരച്ചിലിന്റ ഫലമായി ഒരു കൂട്ടം ബംഗാളി മത്സ്യങ്ങൾക്കിടയിൽ അഞ്ചാറു മത്തികൾ കൂട്ടിവെച്ചിരിക്കുന്നത് ഞാൻ കണ്ടെത്തി.
കരകയറിയിട്ട് ദിവസങ്ങൾ പിന്നിട്ടത്തിന്റെ ക്ഷീണം അവയുടെ കണ്ണുകളിൽ വ്യക്തമായി കാണാനുണ്ടായിരുന്നെങ്കിലും എന്റെ ലക്ഷ്യപ്രാപ്തിക്കു വേറെ വഴിയില്ലാത്തതിനാൽ ഞാനവരെയും കൂട്ടി വീട്ടിലേക്കുവന്നു.ഒരുവിധത്തിൽ മുറിച്ചു വൃത്തിയാക്കി കുളിപ്പിച്ചെടുത്തു.അടുത്ത ദൗത്യം മുത്തശ്ശിയുടെ റെസിപ്പി സംഘടിപ്പിക്കുക എന്നതാണ്.
ഞാൻ ഫോണെടുത്ത് അമ്മായിയമ്മയെ വിളിച്ചു.
"ഹലോ.... അമ്മേ..നമ്മുടെ ബ്രഹ്മമംഗലത്തെ വീടിനടുത്തുള്ള മുത്തശ്ശിയെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ കൈയിൽ"
"അയ്യോ മോനെ അവരെ വിളിച്ചാൽ കിട്ടാൻ സാധ്യതയില്ലല്ലോ...ആ മുത്തശ്ശി മരിച്ചിട്ട് പത്തുപന്ത്രണ്ട് വർഷത്തിലധികമായി.അന്ന് മൊബൈൽ ഫോണൊന്നും ഇല്ലാഞ്ഞത്കൊണ്ട് പോവുമ്പോ കൊടുത്തുവിടാനും പറ്റിയില്ലല്ലോ"
അമ്മായിയമ്മയുടെ ഗോളടിച്ചുകൊണ്ടുള്ള മറുപടിയിൽ "പ്ലിങ്ങായ" ഞാൻ തിരിഞ്ഞു നോക്കിയപ്പോ പുറകിൽ ഭാര്യയുടെവക ഒരു പൊട്ടിച്ചിരിയുയർന്നു.
"പെട്ടെന്നാവട്ടെ...ദേ വയറ്റിൽ നിന്നൊരാൾ ബഹളമുണ്ടാക്കുന്നു.....അവനു അച്ഛന്റെ സ്വന്തം മത്തിക്കറി മതിയെന്ന്"...ഇതും പറഞ്ഞ് അവളെന്റെ തോളോട് ചേർന്നു..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo