"അല്ല പെണ്ണേ സ്ത്രീധനം തരാതിരുന്നാൽ എങ്ങനാ നമ്മുടെ കല്യാണം നടക്കുക..."
"ഞങ്ങൾ സാധാരണക്കാർ ആണെന്ന് അറിഞ്ഞട്ടു തന്നെയല്ലെ ചേട്ടനെന്റെ പിന്നാലെ നടന്നതും വീട്ടിൽ വന്നു പെണ്ണു ചോദിച്ചതും..."
"അതൊക്കെ ശരി തന്നെ.പക്ഷേ വീട്ടുകാർക്ക് ഞാനൊറ്റ മകനാണ്.രണ്ടു അനിയത്തിമാരെ കെട്ടിച്ചയച്ചതിന്റെ കടമുണ്ട്.അതൊക്കെ പിന്നെയെനിക്കു തിരിച്ച് കിട്ടിയില്ലെങ്കിൽ വീട്ടുകാർ അകത്തു കയറ്റില്ല...."
അമ്പുവിന്റെ മറുപടി ആമ്പലിനെ വിഷമത്തിലാക്കി.പൊട്ടിക്കരഞ്ഞു കൊണ്ടവൾ വീട്ടിലേക്ക് തിരിച്ചോടി.ഓടിച്ചെന്നവൾ കട്ടിലിലേക്കു വീണു തലയിണ മുഖത്തോടമർത്തി വിങ്ങിപ്പൊട്ടി.അവളുടെ സങ്കടങ്ങളത്രയും തലയിണ ഏറ്റുവാങ്ങി...
പത്താം ക്ലാസുമുതൽ പിന്നാലെ നടന്നതാണു അമ്പുവേട്ടൻ.തന്റെയൊരു സാധാരണ കുടുംബമായതിനാൽ വീട്ടിലെ കഷ്ടപ്പാടുകൾ അറിയിച്ചു തന്നെയാണ് അച്ഛനും അമ്മയും എന്നെ വളർത്തിയത്.
അമ്മയെപ്പോഴും പറയും..
"മോളേ നീ പ്രായം തികഞ്ഞ പെണ്ണാണ്.സൂക്ഷിച്ചും കണ്ടുമൊക്കെ നടക്കണം.അച്ഛന്റെ കഷ്ടപ്പാടുകൾ എന്റെ മോൾക്കറിയാലോ.വീടിനു ആൺതരിയായി ഒരുമകനെ പോലും ദൈവം നൽകിയില്ല.മധുരവാക്കുകൾ ഓതുവാൻ പലരും പിന്നാലെ കൂടും.നമ്മൾ പെണ്ണുങ്ങളെ സൂക്ഷിക്കണ്ടത് നമ്മൾ മാത്രമാണ്..."
അമ്മയുടെ മറുപടിക്ക് എന്റെയൊരു പുഞ്ചിരിയായിരുന്നു.അമ്മക്കും അച്ഛനും അത്രക്കും വിശ്വാസമാണ് എന്നെ...
ഒരുപാട് ചെറുപ്പക്കർ പ്രണയാഭ്യർത്ഥനയുമായി പിന്നാലെ നടന്നിരുന്നു.മനസ് ഇടറുമെന്ന് തോന്നുന്ന സമയത്ത് വീട്ടുകാരുടെ മുഖം ഓർമ്മവരും.അതു തന്നെ മനസ്സിനു വലിയൊരു ബലമായിരുന്നു.
എന്റെ പിന്നാലെയുളളം നടത്തം അമ്പുവേട്ടൻ മാത്രം നിർത്തിയില്ല.കോളേജിൽ പഠിക്കുമ്പഴും ആളെന്റെ പിന്നാലെ തന്നെ.ഒന്നു നോക്കും ചിരിക്കും അത്രതന്നെ...
ഒരുദിവസം അമ്പുവേട്ടൻ അടുത്ത് വന്നപ്പോൾ ഞാൻ പെട്ടെന്ന് പരിഭവിച്ചു...
"ആമ്പൽ പേടിക്കുകയൊന്നും വേണ്ട.എനിക്ക് കുട്ടിയെ ഇഷ്ടമാണ്.ആലോചിച്ച് മറുപടി നൽകിയാൽ മതി...."
അതും പറഞ്ഞിട്ട് അമ്പുവേട്ടൻ പെട്ടെന്ന് പോയി.അന്നുരാത്രി ഉറക്കം വരാതെ നേരം വെളുപ്പിച്ചു.അപ്പഴേക്കും ഞാനൊരു തീരുമാനം എടുത്തിരുന്നു...
"ശനിയും ഞായറും ക്ലാസില്ലായിരുന്നതിനാൽ അമ്പുവേട്ടനെ കാണാൻ പറ്റിയില്ല.തിങ്കളാഴ്ച ദൂരെനിന്നെ ഞാൻ കണ്ടു.മുണ്ടും ഷർട്ടുമണിഞ്ഞ് നെറ്റിയിൽ ചന്ദനക്കുറി ചാർത്തി നിൽക്കുന്ന അമ്പുവേട്ടനെ.എന്നെ കണ്ടതും ആൾ അടുത്തേക്കു വന്നു.
" തീരുമാനം എന്തായാലും എനിക്ക് അനുകൂലമാകുമെന്ന് വിശ്വസിക്കുന്നു...
"അമ്പുവേട്ടാ...അത്...എനിക്കെന്റെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ പറ്റില്ല.സോറി...
" ആമ്പൽ ഇഷ്ടമാണെന്നു പറഞ്ഞിട്ടു വേണം എനിക്ക് വീട്ടിൽ വന്ന് ആലോചിക്കുവാൻ..."
"അമ്പുവേട്ടന്റെ ഇഷ്ടം പോലെ ചെയ്യ്..."
അതും പറഞ്ഞിട്ട് ഞാൻ മുമ്പോട്ട് നടന്നു.ഇടക്കൊന്നു പിന്തിരിഞ്ഞു നോക്കി.അമ്പുവേട്ടൻ എന്നെത്തന്നെ നോക്കിയവിടെ നിൽപ്പുണ്ട്...
ഞായറാഴ്ച ദിവസം അമ്പുവേട്ടൻ വീട്ടുകാരെ കൂട്ടി പെണ്ണു ചോദിക്കാന്‍ വന്നു.സ്ത്രീ തന്നെയാണ് ധനമെന്നും ഇള രണ്ടു പേരെ വിവാഹം കഴിപ്പിച്ചിട്ട് ഇതു നടത്താമെന്നും വാക്കു പറഞ്ഞു...
ഇരുവീട്ടുകാരുടെയും സമ്മതം കിട്ടിയതിനാൽ പിന്നീട് ഞങ്ങൾ പരസ്പരം സ്നേഹിക്കുകയായിരുന്നു.പരാതികളും പരിഭവങ്ങളും പറഞ്ഞു ഞങ്ങളുടെ പ്രണയം നാലു വർഷം പിന്നിട്ടു....
ഇതിനിടയിൽ ഏട്ടന്റെ അനിയത്തിമാരുടെ വിവാഹവും കഴിഞ്ഞു. കുറെനാൾ കഴിഞ്ഞപ്പോൾ അമ്പുവേട്ടനിലെ മാറ്റം ഞാൻ തിരിച്ചറിഞ്ഞു.കാണുവാൻ ശ്രമിക്കുന്തോറും ആൾ എന്നിൽ നിന്നും ഒഴിഞ്ഞുമാറി നടന്നു...
അപ്രതീക്ഷിതമായി ഇന്നു കണ്ടുമുട്ടിയപ്പോളാണു ഈ കല്യാണം നടക്കില്ലെന്ന് ഏട്ടൻ പറഞ്ഞത്.സഹിക്കാവുന്നതിനും അപ്പുറമാണു ഈ വേദന. കരഞ്ഞു കഴിഞ്ഞപ്പോൾ സങ്കടം കുറെ മാറിയെങ്കിലും ഓർമ്മകൾ പിന്നെയും വേട്ടയാടി തുടങ്ങി....
പെട്ടന്നാണ് വാതിലിൽ മുട്ടും ഒപ്പം വിളിയും ഉണർന്നത്...
"ടീ ആമ്പലേ എന്തൊരു കിടപ്പാ കൊച്ചേ.നേരം സന്ധ്യമയങ്ങി.നിലവിളക്ക് കൊളുത്തി നാമം ജപിക്ക്..."
അമ്മയുടെ ശബ്ദം കേട്ടതും അവൾ വാതിൽ തുറന്നു. അവരെ കെട്ടിപ്പിടിച്ച് മുളചീന്തും പോലവൾ വീണ്ടും കരഞ്ഞു.കാര്യം തിരക്കിയ അമ്മയോടവൾ എല്ലാം തുറന്നു പറഞ്ഞു...
"സാരമില്ല പെണ്ണേ.ഇഷ്ടമില്ലാത്തിടത്ത് വലിഞ്ഞു കയറാതിരിക്കുന്നതാ നല്ലത്. നിന്നെ രാജകുമാരിയെപ്പോലെ നോക്കുന്നൊരു പയ്യൻ വരും.സ്ത്രീധനമൊന്നും വാങ്ങാതെ...."
അമ്മ ആശ്വാസവാക്കായി പറഞ്ഞു. ദിവസങ്ങൾ പിന്നെയും കടന്നു പോയി.അമ്പുവിന്റെ വിവാഹം തീരുമാനിക്കപ്പെട്ടതും ആമ്പൽ അറിഞ്ഞു...
"എന്റെ കയ്യിൽ പണമുണ്ടായിരുന്നെങ്കിൽ എന്റെ മകളെ ആ ചതിയന്റെ വിവാഹത്തിനു ഒരുദിവസം മുമ്പെങ്കിലും ഞാൻ നടത്തുമായിരുന്നു..അച്ഛനോട് ക്ഷമിക്ക് മോളേ...
ആമ്പലിന്റെ അച്ഛൻ സങ്കടപ്പെട്ടു...
"എനിക്കൊരു സങ്കടവുമില്ല അച്ഛാ.എന്റെ അച്ഛനും അമ്മയും വിഷമിക്കാതിരുന്നാൽ മതി...."
അവൾ ആശ്വസിക്കുമ്പഴും അവളുടെയുള്ളിൽ തീരാസങ്കടമാണെന്ന് അവർക്ക് അറിയാമായിരുന്നു...
അമ്പുവിന്റെ വിവാഹം ഒരു സമ്പന്നയുമായിട്ട് ആർഭാടപൂർവ്വം നടാന്നു.പിറ്റേന്ന് വെളുപ്പിനെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കിട്ടിയ സ്വർണ്ണവും പണവുമായി അവൾ കാമുകനുമായി ഒളിച്ചോടിപ്പോയി...
ആമ്പലിന്റെ വീട്ടുകാർ ഇതറിഞ്ഞു സന്തോഷിച്ചെങ്കിലും അവൾക്കത് വിഷമമായിരുന്നു...
ഏതാനും ആഴ്ചകൾ കഴിഞ്ഞു അമ്പുവും കുടുംബവും ആമ്പലിന്റെ വീട്ടിലെത്തി അവളുമായുള്ള കല്യാണത്തിനു സമ്മതം ചോദിച്ചു...
"ഞാനല്ല തീരുമാനം പറയണ്ടത് എന്റെ മകളാണ്. അവൾ ഒരിക്കൽ ആഗ്രഹിച്ചതായിരുന്നു ഈ വിവാഹം..."
ആമ്പലിന്റെ അച്ഛൻ അവളെ അവിടേക്കു വിളിപ്പിച്ചു....
"എല്ലാവരും എന്നോട് ക്ഷമിക്കണം. ഒരിക്കൽ ഞാൻ അമ്പുവേട്ടനുമായി ഒരുനല്ല ജീവിതം സ്വപ്നം കണ്ടിരുന്നു.ആശിപ്പിച്ചതും അമ്പുവേട്ടനാണ്.എന്നും നന്മ വരാൻ മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ.എന്റമ്മ പറഞ്ഞതു പോലെ സ്ത്രീയെ ധനമായി കരുതുന്ന ഏതെങ്കിലും ഒരു രാജകുമാരൻ എന്നെ തേടിയെത്തുമായിരിക്കും.ഇല്ലെങ്കിലും പരിഭവമില്ല.ഞാനെന്റെ അച്ഛന്റെയും അമ്മയുടെയും മകളായി കഴിഞ്ഞോളാം..എനിക്കീ വിവാഹത്തിനു സമ്മതമല്ല...."
ഇളിഭ്യരായി അമ്പുവും കുടുംബവും മടങ്ങുമ്പോൾ തല ഉയർത്തി പിടിച്ചു ആമ്പൽ നിന്നു...
"എന്റെ മോൾക്ക് സങ്കടമുണ്ടോ...."
അച്ഛൻ തിരക്കി.....
"ഇല്ലച്ഛാ...ഇപ്പോഴാണു എനിക്ക് വിഷമം മാറിയത്..സ്വത്തിനോടു മോഹമുള്ളവരുടെ കൂടെയുള്ള ജീവിതം എനിക്ക് ആവശ്യമില്ല.എനിക്കെന്റെ വീട്ടുകാരുടെ ആമ്പലായി കഴിഞ്ഞാൽ മതി....
അവളുടെ ശബ്ദത്തിനു ഈ പ്രാവശ്യം നല്ല ഉറപ്പുണ്ടായിരുന്നു.....
(Copyright protect)
A story by സുധീ മുട്ടം
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക