നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്നാലും എന്റെ തമ്പ്രാ


എന്നാലും എന്റെ തമ്പ്രാ
..................
പണ്ടു പണ്ട്... അതായത് വളരെപ്പണ്ട്. അന്നു ഞാൻ കണ്ണൂർ എഎസ്പി. (ഈശോയേ... ഈ പണ്ടാരം തുടക്കം തന്നെ കൈയ്യീന്ന് പോകുവാണല്ലോ. മായ്ച്ചുകള മായ്ച്ചുകള. കംപ്ലീറ്റ് മായ്ച്ചുകളാ) ഞാനന്ന് ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നു.'പഠിക്കുന്നു' എന്ന് പറഞ്ഞ് വലിയ ഡെക്കറേഷനൊന്നും വേണ്ട, ഒമ്പതാം ക്ലാസ്സിൽ പോകുന്നു എന്ന് പറഞ്ഞാൽ മതി എന്നായിരിക്കും നിങ്ങളിപ്പോൾ മനസ്സിൽ പറഞ്ഞത് അല്ലേ? എന്നാപ്പിന്നെ അങ്ങനെ തന്നെയിരിക്കട്ടെ. ഒമ്പതാം ക്ലാസ്സിൽ പോകുന്നു. സന്തോഷവായല്ല് അല്ലേ?കൃത്യമായി ക്ലാസ്സിൽ കയറുക,ഹോം വർക്ക് ചെയ്യുക, കാണാതെ പഠിക്കുക തുടങ്ങിയ ദുശീലങ്ങളൊന്നും തന്നെ ഇല്ലാത്തതു കൊണ്ട് പതിവുപോലെ അന്നും ഞാനുൾപ്പെടെയുള്ള ഓൾ ഉഴപ്പൻസ് ആർ ഗെറ്റൗട്ടിംഗ് ഫ്രം ദ ക്ലാസ്സ് റൂം(എന്താ നോക്കണത്?ഞാൻ പറഞ്ഞതിൽ വല്ല കറക്റ്റൊണ്ടോ?) പോകുന്ന പോക്കിൽ എട്ടാം ക്ലാസ്സിലെ ഷിൻസിമോൾ ചാക്കോയെ കാണാൻ എത്തിവലിഞ്ഞു നോക്കുന്നതിനിടയിലാണ് നോട്ടീസ് ബോർഡിൽ ആ വർഷത്തെ സ്കൂൾ യുവജനോൽസവത്തിന്റെ തിയതി അറിയിച്ചു കൊണ്ട് നോട്ടീസ് ഇട്ടിരിക്കുന്നത് കണ്ടത്.യുവജനോൽസവം എന്നു പറഞ്ഞാൽ ഇന്നത്തെപ്പോലെ ഗമ കാട്ടാനും ഗ്രേസ് മാർക്ക് കിട്ടാനും വേണ്ടി ലക്ഷങ്ങൾ വാരിയെറിഞ്ഞു നടത്തുന്ന പരിപാടിയല്ല.പ്രാരാരാബ്ധ.... പ്രാരാധാബ്ധ.... കോപ്പ്... പരാധീനതകൾ ഒരുപാടുള്ള ഒരു പഴയ സർക്കാർ സ്കൂളിലെ യുവജനോൽസവമാണ്.പാടാനറിയാത്തവർ നടത്തുന്ന പാട്ടുകച്ചേരിയും ആടാനറിയാത്തവർ അവതരിപ്പിക്കുന്ന നാടോടി നൃത്തവും ഇതിനൊന്നും മാർഗ്ഗമില്ലാത്തവർ കളിക്കുന്ന മാർഗ്ഗംകളിയും ഒക്കെച്ചേർന്ന് ആകെപ്പാടെ ബഹുരസമായൊരു യുവജനോൽസവം. ഏതായാലും ഈ ഉൽസവം ബാക്ക്ബെഞ്ചേഴ്സ് എന്നറിയപ്പെടുന്ന ഞങ്ങൾ ഉഴപ്പൻമാർക്ക് വലിയ സന്തോഷമുള്ള കാര്യമാണ്.കാരണം ആക്രിക്കച്ചവടക്കാർക്കു പോലും വേണ്ടാത്ത ഞങ്ങളുടെ മാർക്കറ്റ് വാല്യു റോക്കറ്റ് പോലെ കുതിച്ച് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മേൽക്കൂരയിൽ ചെന്നിടിക്കുന്ന സമയമാണത്.വേറൊന്നുമല്ല,തോരണം തൂക്കൽ,സ്റ്റേജ് കെട്ടൽ എന്നുതുടങ്ങി ജഡ്ജസിനു ചായകൊടുക്കാനും കർട്ടൻ വലിക്കാനും വരെ ഈ ഞങ്ങളുടെ സഹായം കൂടിയേ തീരൂ.ആനന്ദലബ്ധിക്കു വേറെന്തു വേണം?
ഉച്ചവെയിലിൽ,ഗ്രൗണ്ടിന്റെ മൂലയിൽ വഴിയേ പോകുന്ന യുപി സ്കൂൾ പെമ്പിള്ളാരുടെ എണ്ണമെടുത്തു കിടക്കുമ്പോഴാണ് കൂട്ടത്തിലൊരുത്തന് ആ വെളിപാടുണ്ടായത്.നാടകം പഠിക്കണം. എന്തിനാ? യൂത്ത് ഫെസ്റ്റിവലിന് സ്റ്റേജിലവതരിപ്പിക്കാൻ.പക്ഷേ ആരു പഠിപ്പിക്കും?ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ചെന്നു കയറിയത് പത്താം ക്ലാസ്സ് തോറ്റ് പച്ചക്കറി ക്കച്ചവടം നടത്തുന്ന നാടക കുലപതി ശാന്തപ്പന്റെ കടയിൽ. സബ്ജില്ലാ കലോൽസവത്തിന്റെ ഊട്ടുപുരയിലേയ്ക്ക് പച്ചക്കറി സപ്ലൈ ചെയ്തതിന്റെ അനുഭവസമ്പത്തുള്ള ശാന്തപ്പന്റെ മുമ്പിൽ ഞങ്ങൾ ഭയഭക്തി ബഹുമാനത്തോടെ തൊഴുതു നിന്നു.ആവശ്യമറിയിച്ചപ്പോഴേ ദക്ഷിണ വച്ചോളാൻ പറഞ്ഞു.കപ്പലണ്ടി വാങ്ങാൻ കാശു തെണ്ടി നടക്കുന്ന ഞങ്ങളുടെ ഓട്ടക്കീശയിൽ എന്തുണ്ട്? ഒരു വാഴയ്ക്കയുമില്ല.(ങാ. ഇപ്പോഴാ ഓർത്തത്. എനിക്കാണെങ്കിൽ അന്നു കീശ പോലുമില്ല) ഒടുവിൽ ദർബാർ രാഗത്തിൽ ഞാനൊരു കീർത്തനം പാടാൻ തുടങ്ങിയപ്പോൾ ''പൊന്നുമോനേ എന്തു വേണേൽ ചെയ്യാം. ദയവു ചെയ്ത്പാടരുത്'' എന്നു പറഞ്ഞ് ചേർത്തു പിടിച്ചു.(അത് സ്നേഹം കൊണ്ടല്ല, അങ്ങേർ എനിക്കിട്ട് ഒരു പണി തന്നതാണെന്ന് അന്ന് രാത്രിയിൽ കുഴമ്പിട്ട് തിരുമ്മേണ്ടി വന്നപ്പോഴാ മനസ്സിലായത്) ഏതായാലും സുന്ദരികളായ പെൺമണികളുടെ മുന്നിൽ വച്ച് വലിയ ബഹുമാനവും ആദരവും പ്രകടിപ്പിക്കാമെന്നും കുഞ്ഞപ്പൻ ചേട്ടന്റെ ചായക്കടയിൽ നിന്നും എല്ലാ ദിവസവും പൊറോട്ടയും മുട്ടറോസ്റ്റും വാങ്ങിത്തരാമെന്നുമുള്ള മോഹന സുന്ദര വാഗ്ദാനങ്ങളുടെ മുമ്പിൽ ശാന്തപ്പനുസ്താദ് ഫ്ലാറ്റ്. അങ്ങനെ പഠനം തുടങ്ങി.പഴയ ജൻമി തമ്പ്രാന്റയും അടിയാളൻമാരുടേയും കഥയാണ്.തമ്പ്രാന്റെ ക്രൂരതയിൽ വലയുന്ന അടിയാളൻമാർക്ക് കാട്ടുമൂപ്പൻ വന്ന് മോട്ടിവേഷൻ ക്ലാസ്സ് എടുക്കുന്നു അതിൽ ആവേശം മൂത്ത് വിജൃംഭിതരായ അടിയാളൻമാർ തമ്പ്രാനെ പാടത്ത് ചവിട്ടിത്താഴ്ത്തി സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. ഇതാണ് ശാന്തപ്പന്റെ കഥ. അടിയാളൻമാരായി കൂടെയുള്ള വ്യാളികളെയും തമ്പ്രാനായി സാക്ഷാൽ ഈ എന്നെയും തിരഞ്ഞെടുത്തു.(അതിപ്പോ ഈ ജൻമിത്തമ്പുരാന്റേതായ ഒരു പ്രൗഡിയും ഗാംഭീര്യവും സൗന്ദര്യവുമൊക്കെ ഈ എനിക്കു മാത്രമാണല്ലോ ഉണ്ടായിരുന്നത്. പറയുമ്പോൾ നമ്മൾ വസ്തുതകൾ മറച്ചു വച്ചു സംസാരിക്കുന്നതിലർത്ഥമില്ലല്ലോ) അങ്ങനെ ആ ദിവസം വന്നെത്തി. നാടക മൽസരം ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം. സ്റ്റേജിനു പുറകിൽ കറുപ്പു കൂട്ടാൻ കരിവാരിത്തേച്ച അടയാളൻമാരും ജൻമനായുള്ള കരി എന്തുവാരിത്തേച്ച് വെളുപ്പിക്കും എന്നറിയാത്ത തമ്പ്രാനും ഫുൾ മേക്കപ്പിൽ റെഡിയായിരിക്കുന്നു. പെട്ടെന്നാണ് വളരെ അടിസ്ഥാനപരമായ ഒരു പ്രശ്നം തമ്പ്രാനെ അലട്ടിയത്. അത്യാവശ്യമായി ഒന്നു ബാത്ത് റൂമിൽ പോണം.(എനെയെന്തിനാ നോക്കണത്? എനിക്കല്ല തമ്പ്രാനാണെന്ന്) സ്റ്റേജിൽ ചാടിത്തുള്ളി അടിയാളൻമാരെ ചാട്ടയ്ക്കടിക്കാനുള്ളതാണ്.അതുകൊണ്ട് റിസ്കെടുക്കാൻ വയ്യ.എവിടെ ചിന്തിക്കുന്നോ അവിടെ ശോചനാലയം എന്നു പറയാമെന്നല്ലാതെ പ്രവർത്തിക്കാൻ പറ്റാത്തതുകൊണ്ട് കൂടുതൽ ചിന്തിക്കാനൊന്നും നിക്കാതെ ഉടുമുണ്ട് മടക്കിക്കുത്തി മേൽമുണ്ട് തലയിൽ കെട്ടി തമ്പുരാൻ ബാത്ത്റൂം തേടി പാഞ്ഞു. ആകെ രണ്ടു ബാത്ത് റൂമാണുള്ളത്.ആമ്പിള്ളേരുടെ ബാത്ത് റൂമിനു മുന്നിൽ ബീവറേജിനു മുന്നിൽ പോലും കാണാത്തത്ര വലിയ ക്യൂ. ആലോചിച്ചു നിൽക്കാൻ സമയമില്ല.നാടകം തുടങ്ങാൻപത്തിരുപതു മിനിട്ടിൽ കൂടുതലില്ല.ചാടിക്കേറി ലേഡീസ് ബാത്ത് റൂമിൽ. അവിടെ തിരക്കില്ലാത്തതിന്റെ കാരണം അപ്പോഴാണ് മനസ്സിലായത്. വാതിലിനു കൊളുത്തില്ല. ബക്കറ്റിൽ വെള്ളം നിറച്ചു വാതിലിനോട് ചേർത്ത് വച്ച് പ്രശ്നം പരിഹരിച്ചു. അല്ലെങ്കിലും ഞങ്ങൾ തമ്പുരാക്കൻമാരുടെ കൈയിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടല്ലോ.ബെസ്റ്റ് ആക്ടർ പുരസ്കാരവുമായി സ്റ്റേജിൽഞെളിഞ്ഞു നിൽക്കുന്നതും സ്വപ്നം കണ്ടങ്ങനെയിരിക്കുമ്പോഴാണ് ഇടിവെട്ടും പോലെ ആ ശബ്ദം കേട്ടത്. വാതിലിൽ ആരോ മുട്ടുന്നു. വാതിൽ വിടവിലൂടെ പുറത്തേക്ക് നോക്കിയ തമ്പുരാൻ വീണ്ടും ഞെട്ടി. പുറത്തതാ നിൽക്കുന്നു പത്താം ക്ലാസ്സിലെ പ്രധാന പഠിപ്പിസ്റ്റും അഹങ്കാരത്തിന്റെ ആൾരൂപവുമായ കുമാരി സോണിയാ ജോൺസൺ. ഈശ്വരാ പെട്ട്! അവളിപ്പോൾ കണ്ടാൽ മാനം കടലീപ്പോയതു തന്നെ.ലേഡീസ് ബാത്ത് റൂമിൽ അതിക്രമിച്ചു കയറിയവനെന്ന് അവളിവിടെ മുഴുവൻ പാട്ടാക്കും.വരുന്നതു വരട്ടെ.തമ്പുരാൻ വായും വൊത്തി മിണ്ടാതിരുന്നു.പക്ഷേ തൊട്ടടുത്ത നിമിഷമാണ് തമ്പുരാൻ ഒരിക്കലും പ്രതിക്ഷിക്കാത്ത കൊലച്ചതി അവിടെ നടന്നത്. ബാത്ത് റൂമിൽ ആരുമില്ലെന്ന് കരുതിയ പഠിപ്പിസ്റ്റ് സോണിയ കൈയിലിരുന്ന താഴും താക്കോലുമുപയോഗിച്ച് വാതിൽ പുറത്തു നിന്നു പൂട്ടി ഒറ്റപ്പോക്ക് (അവടെ ഒടുക്കത്തെ പോക്ക്.ചുടലപ്പിശാശേ..)വാട്ടർ ടാങ്കിൽ വെള്ളം തീർന്നതിനെ തുടർന്ന് പ്രിൻസിപ്പാൾ നടത്തിയ ഒരു അപ്രതീക്ഷിത നീക്കത്തിന്റെ ബലിയാടുവുകയായിരുന്നു താനെന്ന് ആ പാവം തമ്പ്രാനറിഞ്ഞിരുന്നില്ല. ആരും പറഞ്ഞുമില്ല. സമയത്തെ ആരും പൂട്ടിയിടാത്തതു കൊണ്ട് അത് അതിനു തോന്നിയപോലെ കടന്നു പോയി. പുറത്തിറക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ട തമ്പ്രാൻ എലിപ്പെട്ടിയിൽ വീണ ചുണ്ടെലിയെപ്പോലെ പരവേശം പൂണ്ട് വട്ടം കറങ്ങി നടന്നു.ഒടുവിൽ ഏറെ നേരത്തിനു ശേഷം ആ വാതിൽ തുറക്കപ്പെട്ടു. സർവ്വാഭരണ വിഭൂഷിതനായി മുന്നിൽ നിൽക്കുന്ന തമ്പ്രാനെക്കണ്ട്,വാതിൽതുറന്ന പേരറിയാത്ത അഞ്ചാം ക്ലാസ്സുകാരി പേടിച്ചോടിയ തക്കത്തിന് പുറകിലെ മതിലു ചാടി വീരശൂര പരാക്രമിയായ തമ്പ്രാൻ ഓടി രക്ഷപ്പെട്ടു.
ഇനിയൽപം പിന്നാമ്പുറത്തേയ്ക്ക്:-
സമയമായിട്ടും തമ്പ്രാനെ കാണാതെ പരിഭ്രാന്തരായ അടിയാളക്കൂട്ടം രണ്ടു ദിവസം റിഹേഴ്സൽ കാണാൻ വന്ന ഒരുത്തനെ പിടിച്ചു തമ്പ്രാനാക്കി സ്റ്റേജിൽ കയറ്റിയതും പാന്റ്സും ഷർട്ടും ധരിച്ചു,സഹപാഠിയായ ജാൻസിയോട് കടം വാങ്ങിയ ചുരിദാറിന്റെ ഷാളും പുതച്ച് വന്ന ഡ്യൂപ്ലിക്കേറ്റ് തമ്പ്രാ നെക്കണ്ട് കാണികൾ കൂവി വിളിച്ചതും അതു കേട്ട് ദേഷ്യം കേറി കൺട്രോൾ പോയ ഡ്യൂപ്പിക്കേറ്റ് തമ്പ്രാൻ സ്ക്രിപ്റ്റിലില്ലാത്ത ഡയലോഗും പറഞ്ഞ്,കൈയിലിരുന്ന ചാട്ടവാർ കൊണ്ട് അടിയാളൻ മാരെ അറഞ്ചം പുറഞ്ചം തല്ലിയതും അടികൊണ്ട് മേലുനൊന്ത അടിയാളൻമാർ തമ്പ്രാനെ വയലിൽ ചവിട്ടിത്താഴ്ത്തുന്നതിനു പകരം സ്റ്റേജിൽ ചവിട്ടിക്കൂട്ടിയതും അങ്ങനെ നാടകം മൊത്തത്തിൽ പൊളിഞ്ഞതും ആശാൻ ശാന്തപ്പൻ നാടകം തീരുംമുമ്പേ എങ്ങോട്ടോ ഓടിയൊളിച്ചതുമൊക്കെ യഥാർത്ഥ തമ്പുരാൻ അറിയുന്നത് ഏറെ വൈകിയാണ്.
ഏതായാലും കുടുമയും കൊമ്പൻ മീശയുമൊക്കെവച്ച തമ്പുരാന്റെ ശരിക്കുള്ള മുഖം ആ പാവം അഞ്ചാം ക്ലാസ്സുകാരിക്ക് മനസ്സിലാകാത്തതു കൊണ്ടും കിണറ്റുകരയിൽ വെള്ളം കുടിക്കാൻ പോയ തമ്പ്രാൻ തല ചുറ്റിവീണു ബോധം കെട്ടുപോയി എന്ന സെന്റികള്ളക്കഥ കൂടെയുള്ള പമ്പരവിഡ്ഢികൾ വിശ്വസിച്ചതുകൊണ്ടും ഈ സത്യങ്ങളൊന്നും ഇതുവരെ ആരും അറിഞ്ഞിട്ടില്ല. ഇനി നിങ്ങളായിട്ടു പറയാതിരുന്നാൽ മതി.
അമളികൾ അവസാനിക്കുന്നില്ല. ആശാൻ ഇഞ്ഞീം വരും.
എസ്.ജെ. ബിജോ
കോട്ടയം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot