നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരോണക്കാലത്ത്

ഒരോണക്കാലത്ത്
-------------
..അച്ഛാ ഒരുങ്ങിയോ....?
..എങ്ങോട്ടാടാ എന്നെയും കൊണ്ട് ഈ വയസ്സാം കാലത്ത്..?
അതും തിരുവോണനാളിൽ..
ഓണം കഴിഞ്ഞിട്ടു പോയാൽ പോരെ.. ?
അച്ഛൻ ചോദിച്ചു..
ഞാൻ ഇന്നലെ നാട്ടിൽ എത്തിയതേയുള്ളു...
ഒരുപാട് കാലത്തിനു ശേഷമുള്ള ഓണം..
പുതിയ ഷർട്ടും മുണ്ടുമിട്ട് പുറത്തേക്കിറങ്ങി വന്നപ്പോൾ
പ്രായം അച്ഛനെ തളർത്തിയിരിക്കുന്നുവെന്നെനിക്കു തോന്നി.
അച്ഛന്റെ സുഹൃത്ത് രാഘവേട്ടന്റെ പഴയ കട നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ വലിയ കെട്ടിടങ്ങളാണ്.
നാടൊക്കെ മാറിപ്പോയിരിക്കുന്നു.
ആ പഴയ ബസ് ഷെൽട്ടർ ഇപ്പോഴും ചേറു പിടിച്ച് ഒരു നോക്കുകുത്തി പോലെ നിൽക്കുന്നുണ്ട്.
ഇവുടുന്നല്ലേ പണ്ട് അച്ഛനെ അവർ കല്ലെറിഞ്ഞത്...?
ഓർമകളിൽ പരതുകയാണച്ഛൻ.
നീ അതിപ്പോളും ഓർക്കുന്നുണ്ടോ. ?
പണ്ട് ഒരോണക്കാലത്തിലാണ് അച്ഛനെ മാനോനില തെറ്റിയ ഒരു സ്ത്രീ കല്ലെറിഞ്ഞത്.
ചോരയൊലിക്കുന്ന നെറ്റിയുമായി അച്ഛൻ വീട്ടിലേക്ക് കയറിവന്നപ്പോൾ ഞെട്ടി ഒന്നും ചെയ്യാനാകാതെ നിൽക്കുകയായിരുന്നു ഞാൻ.
ബസ്സിലിരിക്കുമ്പോൾ എന്റെ മനസ്സ് ഭൂതകാലത്തിലേക്ക് ചിറകു വിരിച്ചു പറന്നു.
സ്കൂളിലെ ഒരോണപ്പരീക്ഷക്കാലം.
രാവിലെ പൂക്കളമൊരുക്കി ഉച്ചപ്പരീക്ഷക്കു ക്ലാസ്സിലെത്തിയപ്പോളാണറിയുന്നതു അച്ഛനെ എറിഞ്ഞ ആ സ്ത്രീ എന്റെ സുഹൃത്ത്‌ വേണുക്കുട്ടന്റെ അമ്മയാണെന്ന്.
വിശ്വസിക്കാൻ കഴിഞ്ഞില്ല എനിക്ക്.
ക്ലാസ്സിൽ അല്പസ്വല്പം ചട്ടമ്പിത്തരങ്ങളുള്ള കുസൃതി..
നിറങ്ങളുള്ള വസ്ത്രങ്ങൾ പൊതിഞ്ഞു കൊണ്ട് വന്ന് യൂണിഫോം അഴിച്ചു മാറ്റി അതണിഞ്ഞു ക്ലാസ്സിൽ നിന്നും ഇറങ്ങി പ്പോകുന്നവൻ...
പഠിക്കാത്തവൻ.. താന്തോന്നി..
വിശേഷണങ്ങൾ അനവധി...
അവന് ഇങ്ങനെ ഒരു കഥ ഉണ്ടെന്ന് ആദ്യത്തെ അറിവായിരുന്നു...
ക്ലാസ്സിൽ ഒരു മൂലയ്ക്ക് വിഷണ്ണനായിരിക്കുന്നുണ്ടായിരുന്നു അവൻ.
പുറത്തേക്ക് തെങ്ങിൻതലപ്പുകളിൽ നോക്കി കൈവിരലുകളിൽ എന്തൊക്കെയോ കൂട്ടുകയും കുറക്കുകയും ചെയ്യുന്നു.
പരീക്ഷക്കിടയിലും അവന്റെ നോട്ടം പുറത്തേക്കായിരുന്നു.
കണ്ണുകൾ നനഞ്ഞിട്ടുണ്ടോ..?
എനിക്ക് തോന്നിയതാകും.
പരീക്ഷ കഴിഞ്ഞ് ക്ലാസിനു വെളിയിൽ ഇറങ്ങി അവൻ നിലത്തു കിടന്നിരുന്ന തോൾ സഞ്ചി എടുത്തപ്പോൾ അതിൽ നിന്നും ഒരു ചെറിയ കുപ്പി താഴെ വീണ് വലിയ ശബ്ദത്തിൽ പൊട്ടിച്ചിതറി.
അവിടമാകെ ഒരു രൂക്ഷഗന്ധം പരന്നു.
കുട്ടികൾ തമ്മിൽത്തമ്മിൽ നോക്കി..
അടുത്തു നിന്നിരുന്ന വിവേക് എന്നോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..
....ചാരായം..!!
ഞാനൊന്നു ഞെട്ടി..
സ്കൂളിൽ നിന്നും കുറച്ച് കിലോമീറ്റർ അകലെ ഒരു ചാരായം വിൽക്കുന്ന കട ഞാൻ കാണ്ടിട്ടുണ്ട്..
അതെങ്ങനെ ഇവന്റെ സഞ്ചിയിൽ.. ?!
രാമൻ മാഷ് നീണ്ട ഒരു വടിയുമായി അവന്റടുത്തേക്കു പോകുന്നത് ഒരുൾക്കിടിലത്തോടെ ഞാൻ നോക്കി നിന്നു.
..നീ അതും തുടങ്ങിയോ.. ?
ചോദിച്ചു തീരുന്നതിനു മുൻപേ അടി വീണു..
അനന്തരം ചുവന്നു തിണിർത്ത തുടയും കലങ്ങിയ കണ്ണുകളുമായി അവൻ നടന്നു നീങ്ങി..
അവനൊപ്പമെത്താൻ ഞാൻ പാടുപെട്ടു..
അച്ഛന് വേണ്ടിയിട്ടായിരുന്നത്രെ അത് വാങ്ങിയത്.
അമിതമദ്യപാനം മൂലം ജോലിയും ഉപേക്ഷിച്ച് അച്ഛൻ അമ്മയെ ദേഹോപദ്രവം ഏൽപ്പിക്കാൻ തുടങ്ങിയപ്പോൾ കുടുംബത്തിന്റെ ഭാരം ചുമലിലേന്തിയവൻ...
അമ്മയുടെ മനോനില തെറ്റിയപ്പോൾ തളരാതെ കൂടെ നിന്നവൻ..
ക്ലാസ്സ്‌ കട്ട്‌ ചെയ്ത് പോകുന്നത് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അധ്വാനിക്കാനായിരുന്നുവെന്നറിഞ്ഞപ്പോൾ അവൻ എന്റെ മുന്നിൽ ഒരു മലപോലെ വളരുകയായിരുന്നു.
ബസ്റ്റോപ്പിൽ ചെന്ന് അമ്മയുടെ കൈപിടിച്ച് വീട്ടിലേക്ക് പോകുന്ന അവന്റെ ചിത്രം മനസ്സിൽ മായാതെ നിൽക്കുന്നു.
അന്ന് വൈകിട്ട് വീട്ടിൽ പോയി അമ്മയുടെ ഫോട്ടോയിൽ നോക്കി ഞാൻ എത്ര നേരം നിന്നു എന്നറിയില്ല.
എനിക്കുമുണ്ടായിരിക്കില്ലേ അമ്മിഞ്ഞപ്പാലിന്റെ മണമുള്ള ദിവസങ്ങൾ.
ഓർമ്മ വെക്കുന്നതിനു മുൻപേ അമ്മയെ ദൈവം തിരിച്ചു വിളിച്ചതെന്തിനായിരുന്നു...?
വേണുക്കുട്ടൻ ഭാഗ്യവാനാണെന്ന് അന്നെനിക്ക് തോന്നി.
എന്നെത്തന്നെ നോക്കി അച്ഛൻ മുറിയുടെ ഒരു മൂലയിൽ നിശബ്ദനായി നിൽക്കുന്നുണ്ടായിരുന്നു.
ഞാനും അച്ഛനും മാത്രമുള്ള ആ തിരുവോണസദ്യക്കിടയിലാണ് അച്ഛന്റെ നേർക്ക് ഞാൻ ആ ചോദ്യമെറിഞ്ഞത്..
എപ്പോഴെങ്കിലും അച്ഛൻ അമ്മയെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് ..
കയ്യിലിരുന്ന ചോറുരുള ഇലയിലേക്കിട്ട് അച്ചൻ താഴോട്ട് നോക്കി ഇരുന്നു.
എനിക്കെന്തോ വല്ലായ്മ തോന്നി.
ചോദിക്കണ്ടായിരുന്നു.. അച്ഛൻ വല്ലപ്പോഴും കുടിക്കുമെങ്കിലും ബോധമില്ലാതെ ഒരിക്കലും കണ്ടിട്ടില്ല.
അച്ഛൻ എഴുന്നേറ്റ് എന്റടുത്തേക്കു വന്നിരുന്നു.
കുറച്ച് സമയത്തേക്ക് ഒന്നും മിണ്ടിയില്ല.
പിന്നെ മെല്ലെ പറഞ്ഞു
...അമ്മയുടെ കൂടെ ഇരുന്ന് ഒരു തവണയെങ്കിലും നീ സദ്യ ഉണ്ണുന്നത് കാണണമെന്നായിരുന്നു അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം...
അവൾക്കതിനുള്ള യോഗമില്ല.. നിനക്കും....
അച്ഛൻ തന്റെ കണ്ണുകൾ തുടച്ചു.
എനിക്കെന്നെ നിയന്ത്രിക്കാൻ പറ്റിയില്ല.
കണ്ണ് നിറഞ്ഞിട്ടെന്റെ കാഴ്ച മറഞ്ഞു.
പക്ഷേ ഞാൻ കരഞ്ഞില്ല.
അച്ഛനെ വിഷമിപ്പിക്കാൻ പാടില്ലായിരുന്നു..
എനിക്ക് എന്തെന്നില്ലാത്ത കുറ്റബോധം തോന്നി.
ഒന്നും മിണ്ടാതെ ജനാലയിലൂടെ പുറത്ത് നോക്കിക്കൊണ്ടിരുന്ന എന്റെ നെറ്റി തലോടിക്കൊണ്ട് അച്ഛൻ എന്റടുത്തിരിക്കുന്നുണ്ടായിരുന്നു.
പിന്നീട് വേണുക്കുട്ടൻ ക്ലാസ്സിലേക്ക് വന്നിട്ടില്ല.
കഴിഞ്ഞ മാസമാണ് ഫേസ്‌ബുക്കിൽ വെച്ച് അവനെ കണ്ടത്. പെട്ടെന്ന് തിരിച്ചറിയാൻ പറ്റിയില്ല.
പക്ഷേ അവന്റെ ചുംബനം കവിളിൽ ഏറ്റുവാങ്ങി നിൽക്കുന്ന അമ്മയെക്കണ്ടപ്പോൾ എന്റെ ഓർമ്മകൾ ഒരുപാട് കാലം പുറകിലേക്ക് പാഞ്ഞു.
ഒരു തിരിച്ചറിവായിരുന്നു എനിക്ക് ആ ചിത്രം.
ജീവിതത്തിന്റെ തിരക്കുകളിൽ എപ്പോളോ ഞാനെന്റെ അച്ഛനെ മറന്നത് ഹൃദയത്തിൽ ഒരു വിങ്ങലായി മാറാൻ തുടങ്ങി.
എന്റെ കടമ ഞാൻ മറന്നത് പോലെ..
മനസ്സിൽ കുറ്റബോധം ആളിക്കത്താൻ തുടങ്ങിയപ്പോളാണ് ജോലി ഉപേക്ഷിച്ചു് നാട്ടിലേക്കു വരാൻ തീരുമാനിച്ചത്.
എന്നും ഒറ്റക്കായിരുന്ന അച്ഛന്റെ ജീവിതം എനിക്ക് വേണ്ടി മാത്രമായിരുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കുന്നു.
ഓർമകളിൽ നിന്നുണർന്നു നോക്കുമ്പോൾ ബസ് സ്റ്റോപ്പിലെത്താറായിരുന്നു.
അരികിൽ കണ്ണുകളടച്ചു ചെറുമയക്കത്തിലായിരുന്നു അച്ഛൻ.
അവന്റെ നാട്ടിൽ ഞങ്ങൾ ബസ്സിറങ്ങി.
മെസ്സഞ്ചറിൽ വഴിയൊക്കെ അവൻ വിവരിച്ചിട്ടുണ്ടായിരുന്നു..
എങ്ങോട്ടാടാ എന്നെയും കൊണ്ട് എന്ന ചോദ്യത്തിന് ഒന്ന് വെയിറ്റ് ചെയ്യച്ഛാ എന്നും പറഞ്ഞ് ഞാൻ കണ്ണിറുക്കിക്കാട്ടി.
നിന്റെ ഒരു കാര്യം എന്നും പറഞ്ഞ് അച്ഛൻ എന്റെ ചെവിയിൽ നുളളി.
അവന്റെ നാട് മനോഹരമാണെന്ന്‌ എനിക്ക് തോന്നി.
കണ്ണെത്താദൂരത്തു് വയലേലകളും അതിനതിരിട്ടു കൊണ്ട് തെങ്ങുകളും കവുങ്ങുകളും വളർന്ന് നിൽക്കുന്നു.
തെളിനീരൊഴുകുന്ന അരുവി.
പാടം കഴിഞ്ഞാൽ വിശാലമായ ഒരു മൈതാനവും ഒരരുകിലായി ആൽത്തറയുള്ള അമ്പലവും..
മനസ്സിന് ശാന്തത കൈവരുന്ന ഇടം...
ഓട്ടോയിറങ്ങി പച്ചപ്പായൽ വളർന്ന് നിൽക്കുന്ന ഇടവഴിയിൽക്കൂടി ഞങ്ങൾ നടന്നു..
തണൽ വിരിച്ചു വൃക്ഷങ്ങളും
എപ്പോഴും കുളിർമയുള്ള കാറ്റുമുള്ള , കരിയിലകൾ വീണുകിടക്കുന്ന പറമ്പിനു നടുവിലായി അവന്റെ വീട് കാണപ്പെട്ടു..
.. നല്ല സ്ഥലം..
അച്ഛൻ നെറ്റിക്ക് മേലെ കൈ വെച്ച് പറഞ്ഞു.
ഞങ്ങളെ കണ്ട് തൊഴുത്തിലെ പശുക്കൾ നീട്ടി കരയാൻ തുടങ്ങി.
വീടിന്റെ ഇറയത്തു മുഖം നിറയെ ചിരിയുമായി അവൻ..
...വേണുക്കുട്ടൻ..
.. ചങ്ങായി.. വാ..
ആളങ്ങു മാറിപ്പോയി.. പൊടിക്കുപ്പി പോലെ ഇരുന്ന ആളാ...!!
അവനെന്റെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു.
അച്ഛന്റെ കൈ പിടിച്ച് അവൻ ഇറയത്തേക്കു കയറ്റി ഒരു ചാരുകസേരയിലിരുത്തി.
ഞങ്ങൾ ഒന്നിച്ചു പഠിച്ചതാണെന്ന് വേണുക്കുട്ടൻ അച്ഛനോട് പറഞ്ഞപ്പോൾ ഞാൻ തല കുലുക്കി സമ്മതിച്ചു.
..ഞാൻ ഒന്നും പറഞ്ഞില്ല.. ഒരു സർപ്രൈസ് ആയിക്കോട്ടേന്നു വിചാരിച്ചു..
ഞാൻ അച്ഛനെ നോക്കി ഒരു ചമ്മിയ ചിരിയോടെ ഉരുവിട്ടു.
അത്ഭുതം വിടർന്ന മിഴികളോടെ അച്ഛൻ അവനെ നോക്കി.
അവന്റെ അമ്മ മുൻവശത്തെ വാതിലിനു പുറകിൽ നില്പുണ്ടായിരുന്നു.
കണ്ണുകളിൽ ഭയത്തിന്റെ നിഴൽ..
.. അമ്മക്ക് ഇപ്പൊ കുഴപ്പമൊന്നുമില്ല.. പക്ഷെ അപരിചിതരെ കാണുമ്പോൾ ചെറിയ ഭയം..
ഞാനവന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി.
...അച്ഛൻ പോയി.. സിറോസിസ് ആയിരുന്നു.
മൂന്ന് വർഷമായി ..
വാതിലിൽ പിടിച്ച് ഒരു മൂലയ്ക്ക് മറഞ്ഞു നിൽക്കുന്ന അവരുടെ അടുത്തേക്ക് ചെന്ന് കൈവിരലുകൾ പിടിച്ച് ഞാൻ ചോദിച്ചു.
..അമ്മക്കെന്നെ അറിയോ..? വേണുക്കുട്ടനും ഞാനും ഒരുമിച്ചു പഠിച്ചതാ ..
അവർ മെല്ലെ തലയാട്ടി.. ചുണ്ടിൽ നേരിയ പുഞ്ചിരി തെളിയാൻ തുടങ്ങി.
..അതെന്റെ അച്ഛൻ...
ഭവ്യതയോടെ അവർ കൈ കൂപ്പി..
അച്ഛൻ തിരിച്ചും.
കുശലപ്രശ്നങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന
അവർ മൂന്നുപേരെയും നോക്കി ഞാൻ ചാണകം മെഴുകിയ തറയുടെ തണുപ്പിൽ കുറച്ച് നേരം ഇരുന്നു.
ഇവിടെ ഇങ്ങനെ കണ്ണുമടച്ചിരുന്ന് ചുറ്റുമുള്ള കലപില വർത്തമാനങ്ങൾ കേട്ടിരിക്കുമ്പോൾ മനസ്സിന് ശാന്തത കൈവരുന്നത്പോലെ..
അച്ഛന്റെ ശബ്ദത്തിന് പതിവിൽ കവിഞ്ഞ തെളിമ.
ഊർജ്ജം.
.... ഊണ് കാലമായി..
അവന്റെ അമ്മ പറഞ്ഞത് കേട്ട് ഞാനെന്റെ ധ്യാനാവസ്ഥയിൽ നിന്നും ഉണർന്നു.
ഹൃദയം ഒരു തൂവൽ പോലെ കനം കുറഞ്ഞിരുന്നു.
ഞങ്ങളുടെ മുന്നിൽ എല്ലാ വിഭവങ്ങളോടും കൂടി സദ്യ നിരന്നു ..
എന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു ഓണസദ്യ.
ചിലപ്പോൾ അച്ഛനും മറന്നു പോയിക്കാണും അത്തരത്തിലൊന്ന് .
പണ്ടെങ്ങോ അമ്മ വിളമ്പിക്കൊടുത്ത പോലൊരു ഓണസദ്യ.
അച്ഛന്റെ മുഖത്തു സമ്മിശ്ര വികാരങ്ങൾ മാറിമറയുന്നതു ഞാൻ കണ്ടു.
മോനെ കുറച്ച് എരിശ്ശേരി കൂടിയെടുക്കട്ടെ എന്ന് പറഞ്ഞ് അമ്മ അടുത്തേക്ക് വന്നു....
അച്ഛനെച്ചൂണ്ടി അവിടെ എരിശ്ശേരി വലിയ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛന്റെ കണ്ണുകൾ സജലങ്ങളായത് ഞാൻ കാണാത്ത മട്ടിൽ ഇരുന്നു.
..ഇനി അമ്മയും ഇരിക്ക്..
ഞാൻ പറഞ്ഞു..
സാരിയുടെ കോന്തല കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചു് അവരും ഉണ്ണാനിരുന്നു.
അവരുടെ മകന്റെ അരികെ.
വൈകുന്നേരം യാത്ര പറഞ്ഞിറങ്ങുമ്പോൾ നാലുപേരുടെയും കണ്ണുകൾ നനഞ്ഞിരുന്നു.
വലിയ ലോകത്ത് ഒറ്റപ്പെട്ടുപോയവർക്ക്‌ ചെറുതെങ്കിലും ആ ഒരു ഒത്തുചേരൽ ഉണ്ടാക്കിയ ആനന്ദാശ്രുക്കളായിരുന്നു അത്.
ഓട്ടോ വിളിക്കാമെന്ന് പറഞ്ഞ അവനോട് , വേണ്ട ഞങ്ങൾ രണ്ടാളും നടന്നോളാമെന്ന് അച്ഛനെക്കൊണ്ട് പറയിച്ചതും ആ സന്തോഷം തന്നെയായിരുന്നില്ലേ ?.
മുണ്ട് മടക്കിക്കുത്തി നിവർന്ന നെഞ്ചോടെ നടക്കുന്ന അച്ഛനോട് ഞാൻ
പറഞ്ഞു.
വേണുക്കുട്ടന്റെ അമ്മയാണ് അച്ഛനെ പണ്ട് കല്ലെറിഞ്ഞത് എന്ന്...
അച്ഛന്റെ മുഖത്ത് അമ്പരപ്പ്.
ഞങ്ങളപ്പോൾ പാടത്തേക്ക് ചാഞ്ഞു നിൽക്കുന്ന ഒരു ഒറ്റത്തെങ്ങിന്റെ അടുത്തായി തെളിനീരുള്ള അരുവിയുടെ കരയിലായിരുന്നു .
..നീയത് അവരുടെ മുന്നിൽ നിന്ന് പറയാത്തത് നന്നായി..
അതൊന്നും അവർക്ക് ഓർക്കാനിഷ്ടപ്പെടുന്നതായിരിക്കില്ല..
അച്ഛൻ വിദൂരതയിലേക്ക് നോക്കി നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.
..ആ കാലം എനിക്കും ഓർക്കാൻ നല്ലതൊന്നും തന്നില്ലല്ലോ..
അതും പറഞ്ഞ് അച്ഛൻ ദൂരെ കണ്ണെത്താദൂരെ പരന്നു കിടക്കുന്ന പാടത്തേക്കു ദൃഷ്ടി ഉറപ്പിച്ചു നിന്നു.
ആ മനസ്സ് ഓർമകളിലൂടെ ഊളിയിടുകയായിരിക്കണം.
അമ്മയെപ്പറ്റിയുള്ള ഓർമ്മകളാകാം
അല്ലെങ്കിൽ
അച്ഛന്റെ മുന്നിൽ അമ്മയുടെ സാന്ത്വനവും സംരക്ഷണവും കിട്ടാതെ ഒറ്റപ്പെട്ടു പോയ ഒരു കുട്ടിയുടെ ചിത്രം തെളിഞ്ഞിട്ടുണ്ടാകാം.
അച്ഛനെന്നും തീരാത്ത വേദനയായിരുന്നല്ലോ അത്..
എന്നെ അടുത്തേക്ക് ചേർത്തു നിർത്തി
എറിഞ്ഞ ആ കൈ കൊണ്ട് തന്നെ നീ സദ്യ വിളമ്പിച്ചു അല്ലേ എന്നും ചോദിച്ച് അച്ഛനെന്റെ ചെവിക്ക് കിഴുക്കിയപ്പോൾ ഞാനെന്റെ ബാല്യത്തിലേക്ക് ഒരു നിമിഷം തിരിച്ചുപോയി.
അന്ന് പാടവരമ്പത്തു കൂടി അച്ഛനൊപ്പം നടക്കുമ്പോൾ ഞാൻ ചോദിച്ചു
..അച്ഛനവരെ കെട്ടിക്കൂടേന്ന്.. !!
നിന്നെ ഞാൻ എന്നും പറഞ്ഞ് അച്ഛൻ എന്റെ പുറകെ ഓടിയപ്പോൾ പണ്ട് കുട്ടിക്കാലത്തു കുസൃതി കാട്ടിയപ്പോൾ പുറകെ ഓടിവരുന്ന അച്ഛനെ ഞാനോർത്തു.
എനിക്ക് നഷ്ടപ്പെട്ട എന്റെ ബാല്യം.
പുലർകാലമഞ്ഞിന്റെ കുളിരായിരുന്നു ആ തിരുവോണനാളിനപ്പോൾ..
ശ്രീ
07/03/2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot