
പലരോടും കൗണ്ടറടിച്ചു ജയിക്കാറുള്ള ഈയുള്ളവൻ പലതവണ തോറ്റിട്ടുള്ളത് എന്റെ പിതാവിനോടാണ്. ഒരിക്കൽ വീട്ടിൽ വന്ന അതിഥികൾക്ക് അമ്മ ചായ കൊടുക്കാൻ മറന്നപ്പോൾ അച്ഛൻ ചോദിച്ചത്
" കിണറ്റിൽ വെള്ളം കുറവാണോ " എന്നാണ്.
അമ്മയ്ക്ക് കാര്യം മനസിലായില്ല, എനിക്ക് അരമണിക്കൂറെടുത്തു.
പൂളയ്ക്ക്(കപ്പ) ഇംഗ്ലീഷിൽ Tapioca എന്ന് പേര് വന്ന വഴി അച്ഛൻ പറഞ്ഞു തന്നത് ഇങ്ങനെയായിരുന്നു.
പണ്ട് പണ്ട്, ബ്രിടീഷുകാർ ഇന്ത്യ ഭരിക്കുന്ന കാലം. സകലർക്കും സായിപ്പിനെ പേടിയാണെങ്കിലും കുട്ടപ്പന് അങ്ങനെയല്ല.
സായിപ്പന്മാരുടെ കൂട്ടത്തിൽ കള്ളുകുടിക്കാൻ ഇഷ്ടമുള്ള ഒരാളുടെ ശിങ്കിടിയാണ് കുട്ടപ്പൻ. അതുകൊണ്ട് സായിപ്പിനെ കാണുമ്പൊ ബീഡി കെടുത്തണ്ട, തലേക്കെട്ടഴിക്കണ്ട.
അങ്ങനെ ഒരു സന്ധ്യാ നേരം സായിപ്പിനേം കൊണ്ട് കുട്ടപ്പൻ വയലിന്റെ വരമ്പിലൂടെ നടക്കുവാണ്. കയ്യിൽ ഒരു കഷ്ണം പൂളയുമുണ്ട്. സായിപ്പ് കുട്ടപ്പന്റെ കയ്യിലെന്തോ കണ്ടെങ്കിലും സംഗതി എന്താണെന്ന് മനസിലായില്ല. കൗതുകം അടക്കി പുള്ളി പിറകെ നടന്നു.
നടന്ന് നടന്ന് കുറച്ച് കഴിഞ്ഞപ്പോ കുട്ടപ്പന്റെ കാല് വഴുതി പൂള വെള്ളത്തില് വീണു. പുള്ളി സായിപ്പിന്റെ ടോർച് വാങ്ങി തപ്പാൻ തുടങ്ങി.
എന്താ വീണതെന്നറിയാൻ സായിപ്പ് ചോദിച്ചു
What is it ?
കുട്ടപ്പന് മനസിലായില്ല.
ഒരു ഊഹം വെച്ച് ചിന്തിച്ചപ്പൊ തോന്നി "കിട്ടിയോ" എന്നാവും സായിപ്പ് ചോദിക്കുന്നത്.
തപ്പി നോക്കട്ടെ സായിപ്പേ എന്ന് കുട്ടപ്പൻ പതിയെ പറഞ്ഞു.
അത് സായിപ്പ് കേട്ടില്ല. പുള്ളി പിന്നേം ചോദിച്ചു
What is it Kuttappan ?
ഇത്തവണ കുട്ടപ്പൻ ഉറക്കെ പറഞ്ഞു
" തപ്യോക്ക സായിപ്പേ തപ്യോക്കാ "
Oh Tapioca !
അങ്ങനെയാണത്രെ ഐതീഹ്യം.
കാലങ്ങളായി അച്ഛനുള്ള സദസുകളിൽ ചിരി പടരുന്നത് കൗതുകത്തോടെ വീക്ഷിച്ചാൽ ചിലരെയെങ്കിലും ചിരിപ്പിക്കാൻ ഇക്കാലമത്രയും ഈയുള്ളവനും ശ്രമിച്ചുപോന്നു.
-----------------------------------------------------------
വിരലിലെണ്ണാവുന്ന വായനക്കാരോട് ഇത് ഈയുള്ളവന്റെ അവസാനത്തെ എഴുത്താണെന്ന് അറിയിക്കുന്നു.
സമകാലിക പ്രകൃതി ദുരന്തങ്ങളും മനുഷ്യ ദുരന്തങ്ങളും മനസിനെ വല്ലാതെ സങ്കടപ്പെടുത്തുന്നതിനാൽ കഥയോ കവിതയോ എഴുതാൻ മനസിന് കഴിയായ്കയാണ് കാരണം.
Kidillan, ezhuthu eniyum varatte.. achantte kathakal kelkan agraham
ReplyDelete