സമാഗമം
ഓഡിറ്റോറിയത്തിൻറെ ഉള്ളിലേക്കു കടക്കുമ്പോൾ അവിടെ ആൾക്കാർ വളരെ കുറവായിരുന്നു .മുഹൂർത്തം എത്ര മണിക്കു ആണെന്നു അറിയാൻ ഞാൻ ആ ക്ഷണക്കത്തു വായിച്ചുപോലും നോക്കിയില്ലല്ലോ .പിൻനിരയിൽ ആളൊഴിഞ്ഞ ഒരു സീറ്റിൽ പോയിരിക്കുമ്പോൾ മനസ്സിൽ ആ ക്ഷണക്കത്തിൻറെ അടിയിലായി പേനകൊണ്ടു എഴുതിയ വാചകങ്ങളായിരുന്നു .''മോളുടെ ആഗ്രഹം കൊണ്ടാണ് ഈ കത്ത് അയക്കുന്നത് .താല്പര്യമാണെങ്കിൽ വരാം .നിർബന്ധമില്ല ''ദേവേട്ടൻറെ ആ വാചകങ്ങൾ എന്നിൽ ഒരു നീരസവും ഉണ്ടാക്കിയില്ല .കാരണം ഇത്തരത്തിലുള്ള ഒരു ക്ഷണനമേ ഞാൻ അർഹിക്കുന്നുള്ളു .കണ്ണിൽനിന്നും അടർന്നുവീണ കണ്ണുനീർ കർച്ചീഫു കൊണ്ടു തുടച്ചു വെറുതെ പുറത്തേക്കു നോക്കിയിരുന്നപ്പോൾ ജീവിതത്തിൻറെ പിന്നാമ്പുറങ്ങളിലേക്കു മനസു പതുക്കെ നീങ്ങി .
അന്നു ബി.എ കഴിഞ്ഞു നിൽക്കുന്ന സമയത്തായിരുന്നു ദേവേട്ടൻ പെണ്ണു കാണാൻ വന്നത് .കേൾവികേട്ട തറവാട് അദ്ധ്യാപക ദമ്പതികളുടെ ഒറ്റമകൻ സുന്ദരൻ.ബാങ്കിൽ ജോലി പിന്നെ പൊരുത്തമായ ജാതകവും .അച്ഛന് ഈ ആലോചന ഒരുപാടു ഇഷ്ടമായി .അങ്ങിനെ ഒരു മാസം കൊണ്ടു വിവാഹവും നടന്നു .ഒരു പെൺകുട്ടി ഇല്ലാത്ത വീട്ടിൽ മോളായി ചെന്നുകയറിയ എന്നെ ദേവേട്ടൻറെ അച്ഛനും അമ്മയും മത്സരിച്ചു സ്നേഹിച്ചു .വീടിൻറെ അടുത്തു തന്നെയായിരുന്നു ദേവേട്ടൻറെ ബാങ്ക് .ഉച്ചക്ക് ഊണു കഴിക്കാൻ വരും .വൈകിട്ടു വീട്ടിലെത്തിയാൽ രാത്രി വരെ ദേവേട്ടൻറെ കൂടെ കാറിൽ പാർക്കിലേക്കും സിനിമക്കും ഷോപ്പിങ്ങിനും മാറിമാറിയുള്ള യാത്ര .സന്തോഷവും ഭാഗ്യവും നിറഞ്ഞ ജീവിതം .ഒന്നാം വിവാഹവാർഷികം വന്നതു മോളുടെ വരവറിയിച്ചുകൊണ്ടായിരുന്നു .മോൾ ജനിച്ചു ഒരു വർഷം കഴിഞ്ഞപ്പോഴായിരുന്നു ദേവേട്ടന് ആലപ്പുഴയിലേക്കു സ്ഥലംമാറ്റം ആയത് .ദേവേട്ടൻ പോയി ജോയിൻ ചെയ്‌തു തിരിച്ചു വരുമ്പോൾ ഞങ്ങൾക്കു താമസിക്കാനുള്ള വീടും ശരിയാക്കിയിരുന്നു .വീട്ടിൽ ഞങ്ങളെ പിരിഞ്ഞുനിൽക്കാൻ ദേവേട്ടൻറെ അച്ഛനും അമ്മക്കും നല്ല വിഷമമായിരുന്നു .പക്ഷേ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ .ആലപ്പുഴക്ക് ഞങ്ങൾ എല്ലാവരും കൂടെയാണ് പോയത് .രണ്ടാഴ്ച്ച കഴിഞ്ഞിട്ടാണ് ദേവേട്ടൻറെ അച്ഛനും അമ്മയും നാട്ടിലേക്കു തിരിച്ചുപോയത് .നല്ല കുസൃതിയായിരുന്നു മോൾ.അവളുടെ ചിരിയിലും കളിയിലും അലിഞ്ഞുചേർന്ന നാളുകൾ മാസത്തിൽ രണ്ടു തവണയെങ്കിലും വീട്ടിലേക്കുള്ള യാത്ര.ദേവേട്ടൻറെ സ്നേഹവും കരുതലും നിറഞ്ഞ സംരക്ഷണം .മധുരതരമായിരുന്നു ആ ജീവിതം .മോൾക്ക് രണ്ടര വയസ്സുള്ളപ്പോഴായിരുന്നു ഞാൻ രണ്ടാമതും ഗർഭിണി ആയത് .എൻറെ കാര്യവും മോളുടെ കാര്യവും നോക്കാൻ ഞങ്ങളുടെ രണ്ടുപേരുടെയും അമ്മമാർ മാറിമാറി കൂടെ നിന്നു .അങ്ങിനെ രണ്ടാമതും ഒരു മോൾ കൂടി ഞങ്ങൾക്കു ജനിച്ചു .അനിയത്തിക്കുട്ടിയെ മോൾക്ക് വലിയ കാര്യമായിരുന്നു .''കുഞ്ഞിമോളെ ''എന്നു അവൾ നീട്ടിവിളിക്കുന്നതു കേട്ടു ഞങ്ങളും കുഞ്ഞിനെ അങ്ങിനെ വിളിക്കാൻ തുടങ്ങി .മാസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങളുടെ രണ്ടുപേരുടെയും അമ്മമാർ വീട്ടിലേക്കു പോയി .ദേവേട്ടൻറെ സഹായം കൂടി ഉള്ളതു കൊണ്ടു കുട്ടികളെ നോക്കാൻ എനിക്കു ഒരു പ്രയാസവും തോന്നിയില്ല .
പക്ഷേ ആ അവസരത്തിലായിരുന്നു എൻറെ ജീവിതം മാറ്റിമറിച്ച ആ സംഭവം നടന്നത്.ദേവേട്ടൻ ബാങ്കിലും മോൾ സ്കൂളിലും പോയ ഒരു ദിവസം .കുഞ്ഞിമോളെ ഉറക്കിക്കിടത്തി ഞാൻ ഡ്രസ്സുകൾ അയേൺ ചെയ്യുകയായിരുന്നു .അപ്പോഴാണ് കാർത്തികയുടെ കാൾ എൻറെ ഫോണിലേക്കു വന്നത് .കോളേജിലെ എൻറെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു കാർത്തിക .കുറേക്കാലമായി അവളുടെ ഒരുവിവരവും എനിക്കു അറിയില്ലായിരുന്നു .അവളോട് പലകാര്യങ്ങളും കുറേനേരം സംസാരിച്ചു .എന്റെമോൾ എണീറ്റതും ബാത്റൂമിലേക്കു പിച്ചവച്ചു പോയതും ഒന്നും ഞാൻ അറിഞ്ഞില്ല .ഫോൺ ചെയ്‌തു തിരിച്ചുവന്ന ഞാൻ കണ്ടതു ബാത്റൂമിലെ ബക്കറ്റിൽ മുഖം കുത്തി വീണു കിടക്കുന്ന കുഞ്ഞിനെയാണ് .അലറിക്കരഞ്ഞതല്ലാതെ പിന്നെ ഒന്നും എനിക്കു ഓർമ്മയുണ്ടായിരുന്നില്ല .മൂന്നുദിവസം കഴിഞ്ഞു ഞാൻ ഹോസ്പിറ്റിലിൽ വച്ചു കണ്ണു തുറക്കുമ്പോൾ ചടങ്ങുകൾ എല്ലാം കഴിഞ്ഞിരുന്നു .മൂകമായ അന്തരീക്ഷത്തിൽ ഒരാഴ്ച കടന്നുപോയി .അപ്പോഴാണ് ദേവേട്ടൻ എന്നോട് ഒന്നും സംസാരിക്കുന്നില്ല എന്ന കാര്യം ഞാൻ ശ്രദ്ധിച്ചത് .എന്നെ ആശ്വസിപ്പിക്കുന്ന ഒരുവാക്ക് ആ നാവിൽനിന്നു കേൾക്കാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചു .ഒരുമാസം കടന്നുപോയി .എൻറെ അച്ഛനും അമ്മയും വീട്ടിലേക്കു പുറപ്പെടുന്ന ദിവസം .ദേവേട്ടൻ എന്നോടു പറഞ്ഞു .''നീയും കൂടെ പുറപ്പെട്ടോളൂ ''അവരെ വീട്ടിലേക്കു കൊണ്ടുവിടാൻ ദേവേട്ടൻറെ കൂടെ ഞാനും മോളും പോവുന്നു അങ്ങിനെയാണ് ഞാൻ കരുതിയത് .വീട്ടിലെത്തി ഞാൻ കാറിൽ നിന്നു ഇറങ്ങിയ ഉടൻ ദേവേട്ടൻ എന്നോടു പറഞ്ഞു ''നീ ഇനി ഇവിടെ നിന്റെ അച്ഛനോടും അമ്മയോടും ഒപ്പം താമസിച്ചാൽമതി ''.ഞാൻ അതു തീരുമാനിച്ചു കഴിഞ്ഞു ''നിനക്കു ജീവിക്കാൻ വേണ്ട ഒരു തുക ഞാൻ എല്ലാ മാസവും അക്കൗണ്ടിൽ ഇടും .നിയമത്തിൻറെ മുൻപിൽ എന്നും നീ എൻറെ ഭാര്യ തന്നെയാണ് .പക്ഷേ നമ്മൾ ഒന്നിച്ചൊരു ജീവിതം ഇനി ഉണ്ടാവില്ല .മോളെ ഞാൻ കൊണ്ടുപോവും .അവളെ എനിക്ക് വേണം ''.ഞാൻ പൊട്ടിക്കരഞ്ഞു ആ കാലിൽ വീണു മാപ്പു പറഞ്ഞു .പക്ഷേ ദേവേട്ടൻ ഗൗരവത്തിൽ നിൽക്കുക മാത്രമാണ് ചെയ്തത് .അച്ഛനും അമ്മയും എത്ര കരഞ്ഞുപറഞ്ഞിട്ടും ആ തീരുമാനത്തിൽ ദേവേട്ടൻ ഉറച്ചുനിന്നു .''ഇല്ല ഞാൻ സമ്മതിക്കില്ല മോൾ എൻറെ കൂടെ നിൽക്കും ''ഞാൻ വാശിയോടെ കണ്ണുനീർ തുടച്ചു കൊണ്ടു പറഞ്ഞു .'' നിൻറെ ഇഷ്ടം പോലെ ആവട്ടെ പക്ഷേ അതിനു ശേഷം ഞാൻ ഈ ഭൂമിയിൽ ഉണ്ടാവില്ല ഏതു വേണമെന്നു നിനക്കു തീരുമാനിക്കാം ദേവേട്ടൻറെ ആ മറുപടിയിൽ ഞാൻ തളർന്നുപോയി .പൊട്ടിക്കരഞ്ഞു കൊണ്ടു നിലത്തു വീണ എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ ദേവേട്ടൻ മോളെ എടുത്തു കാറിലേക്ക് ഇരുത്തി .''അമ്മേ ''എന്നുകരഞ്ഞുകൊണ്ടുള്ള മോളുടെവിളി അപ്പോഴും എനിക്ക് കേൾക്കാമായിരുന്നു .പിന്നെ ദേവേട്ടൻ മോളെയും കൂട്ടി ദൂരെ എവിടേക്കോ പോയി എന്നല്ലാതെ ഒരു വിവരവും അവരെക്കുറിച്ചു എനിക്കറിയില്ലായിരുന്നു .രണ്ടു വർഷത്തോളം ഒരുതരം ഡിപ്രഷൻ പോലെ ആയിരുന്നു എനിക്ക് .പല ചികിത്സകളും മാറിമാറി ചെയ്തു അതൊന്നു ശരിയായിവരാൻ .അതിനുശേഷം ഞാൻ ബിഎഡ് ചെയ്തു .വീട്ടിന്റെ അടുത്തുള്ള ഒരു സ്കൂളിൽ ടീച്ചറായി ചേരുകയും ചെയ്തു .അച്ഛൻറെ മരണശേഷം അമ്മയും ഞാനും ഒന്നിച്ചു താമസിക്കുന്നു .
പെട്ടെന്നുള്ള നാദസ്വരമേളം എന്നെ ചിന്തയിൽ നിന്നു ഉണർത്തി .ദേവേട്ടൻറെ കൈ പിടിച്ചു മണ്ഡപത്തിലേക്ക് കയറുന്ന എൻറെ മോൾ .അന്നത്തെ ആ നാലു വയസ്സുക്കാരി യിൽനിന്നു അവൾ വളർന്നു സുന്ദരി കുട്ടി ആയിരിക്കുന്നു ദേവേട്ടൻ ഒരുപാടു മാറിയിരിക്കുന്നു മുടി പകുതിയും നരച്ചു .കണ്ണുകളിലെ തിളക്കം നഷ്ടപെട്ടിരിക്കുന്നു .മണ്ഡപത്തിൽ താലിചാർത്തിപരസ്പരം പൂമാലയിട്ടു വധുവുംവരനും .ദേവേട്ടൻ മോളുടെ കൈ പിടിച്ചു വരൻറെ കൈകളിൽ ഏല്പിച്ചു .അതു കണ്ടുനിന്ന ഞാൻ എല്ലാ നന്മകളും എൻറെ കുട്ടികൾക്ക് ഉണ്ടാവാൻ ഈശ്വരനോട് മനസ്സുരുകി പ്രാർത്ഥിച്ചു .അതിനുള്ള അർഹതയല്ലേ എനിക്കുള്ളൂ .പെട്ടന്നു പിന്നിൽ ആരോ തൊട്ടതു പോലെ എനിക്കു തോന്നി .തിരിഞ്ഞു നോക്കിയപ്പോൾ വെളുത്ത ഷർട്ട് ഇട്ട ഒരാൾ അടുത്തു നിൽക്കുന്നു .''സ്റ്റേജിലേക്ക് വരാൻ പറഞ്ഞു ''അയാൾ എന്നോട് പറഞ്ഞു .ഞാൻ ഒരു ചെറിയ ഭയത്തോടെ അയാൾക്കു പിന്നിൽ നടന്നു .സ്റ്റേജിലേക്ക് കയറിയതും മോൾ ഒരു വിടർന്ന ചിരിയോടെ എൻറെ കൈയിൽ പിടിച്ചു .എന്നിട്ടു വരനോടായി പറഞ്ഞു .''രാഹുൽ ഇതാണ് എൻറെ അമ്മ കഥകളൊക്കെ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ .അവൻ ഒന്നും പറയാതെ പതുക്കെ കുനിഞ്ഞു എൻറെ കാലിൽ തൊട്ടു .ഒപ്പം മോളും .പിന്നെ എനിക്ക് പിടിച്ചു നിൽക്കാനായില്ല .ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് അവരെ കെട്ടിപ്പിടിച്ചു .ഇതൊക്കെ നോക്കി നിൽക്കുന്ന ദേവേട്ടൻറെ കണ്ണുകളും നിറഞ്ഞിരിക്കുന്നതായി ഞാൻ കണ്ടു .പക്ഷേ ഗൗരവമായിരുന്നു ആ മുഖത്തു .ദേവേട്ടൻറെ കൈകളിൽ പിടിച്ചു കൊണ്ടു മോൾ പറഞ്ഞു .''അച്ഛാ അമ്മയ്ക്കു പറ്റിയത് തിരുത്താനാവാത്ത തെറ്റ് തന്നെയാണ് .പക്ഷേ അത് ഒരിക്കലും അമ്മ മനപ്പൂർവം ചെയ്തതല്ല .അതു അച്ഛന് അറിയാം .ആ തെറ്റിനുള്ള ശിക്ഷ അമ്മക്കു അച്ഛൻ കൊടുക്കുകയും ചെയ്തു .ഇനി അച്ഛൻ അമ്മയോടു ക്ഷമിക്കണം അച്ഛൻറെ ജീവിതത്തിൽ അമ്മ വേണം ഇനി .ആ ഒന്നിച്ചുള്ള ജീവിതം ഞങ്ങൾ മാത്രമല്ല അച്ഛാ കുഞ്ഞിമോളുടെ ആത്മാവും ആഗ്രഹിക്കുന്നുണ്ടാവും ''അവൾ പൊട്ടിക്കരഞ്ഞു കൊണ്ടു എൻറെ കൈ പിടിച്ചു ദേവേട്ടൻറെ കൈയിലേക്ക് വച്ചു .ഒരു നിമിഷം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിനിന്നു ദേവേട്ടൻ .പിന്നെ ആ കൈയിലേക്ക് മോൾ ഏൽപിച്ച എൻറെ കൈ മുറുകെ പിടിച്ചു .ആ കണ്ണിൽ നിന്നും അടർന്നു വീണ കണ്ണുനീർത്തുള്ളികൾ ഒരു നനവായ് എൻറെ ഹൃദയത്തിലാകെ പടരുന്നത് അപ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു .
Jalaja
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക