നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ഏട്ടൻ

"ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിൽ എത്തിയപ്പോ തന്നെ കണ്ടു എട്ടന്റെ തുരുമ്പുപിടിച്ച പഴയ സൈക്കിൽ ഹോസ്റ്റലിന് വെളിയിൽ ഇരിക്കുന്നത്... ഈ പതിവ് ഏട്ടൻ തെറ്റിയ്ക്കാറില്ല.. എല്ലാ മാസവും ഒന്നാം തീയതി കുറച്ചു പണവുമായി ഏട്ടൻ എന്നെ കാണാൻ വരും..... റിസപ്ഷന്റെ അടുത്തുള്ള ബഞ്ചിൽ ഇരിപ്പുണ്ട് മൂപ്പർ... എന്നെ കണ്ടതും ഓടി വന്നു...
"ടാ... നീ അങ്ങു ക്ഷീണിച്ചു പോയല്ലോ..." - എന്റെ മുടിയിൽ തലോടിക്കൊണ്ട് ഏട്ടൻ ചോദിച്ചു.
"ഇതാരാ നിന്റെ ഏട്ടനാണോ "- എന്റെ കൂട്ടുകാരുടെ ചോദ്യത്തിൽ ഒരു പുച്ഛം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു... ഏട്ടനെ അവർ ഇതേവരെ കണ്ടിരുന്നില്ല.
മറ്റൊന്നും കൊണ്ടല്ല അവരുടെ പുച്ഛം.. ഏട്ടന്റെ രൂപം കണ്ടിട്ടാണ്.ഒന്നാമത് എന്നെക്കാൾ പത്ത് വയസ് കൂടുതലുണ്ട് ഏട്ടന്... സത്യം പറഞ്ഞാൽ ഞാൻ വീട്ടിലെ ഒരു കാരണവരായേ ഏട്ടനെ കണ്ടിരുന്നുള്ളൂ... വേഷവും പ്രവൃത്തിയുമെല്ലാം അതുപോലെ തന്നെ... ഇപ്പൊ തന്നെ നരച്ച ഒരു ഷർട്ടും പഴകിയ വെള്ള മുണ്ടും ഒരു തേഞ്ഞ വള്ളിച്ചെരിപ്പും ആണു വേഷം... പോരാത്തതിന് ഒരു തുരുമ്പിച്ച ഒടoകൊല്ലി സൈക്കിളും... ഉള്ളത് പറയാല്ലോ എന്റെ കോളേജിലെ പ്യൂൺ വരെ ഇതിലും നന്നായിട്ടാ നടക്കുന്നത്.
" ഇത്... ഇതെന്റെ അയൽപക്കത്തുള്ള ചേട്ടനാ.... " - ആ രൂപത്തെ ഏട്ടനെന്നു പറഞ്ഞ് എന്റെ കൂട്ടുകാർക്കു മുന്നിൽ പരിചയപ്പെടുത്താൻ എന്തോ ഒരു മടി...
ഇതു കേട്ടതും ഒരു ഞെട്ടലോടെ എന്റെ മുടിയിൽ തലോടിയിരുന്ന എട്ടന്റെ കൈ ഏട്ടൻ പിൻവലിച്ചു... നിർവികാരനായി എന്നെ നോക്കി.
"ഇവിടെ ഇരിയ്ക്ക് ഞാൻ ഇപ്പോൾ വരാം" - മുഖത്തു നോക്കാതെ ഞാൻ ഏട്ടനോട് പറഞ്ഞു.
ഞാൻ കൂട്ടുകാരോടൊപ്പം മുറിയിലേയ്ക്കു പോയി ബാഗ് വച്ചിട്ട് ഒറ്റയ്ക്ക് ഏട്ടന്റെ അടുത്ത് തിരിച്ചെത്തി.
"ഏട്ടാ... ഏട്ടനെന്നോട് ക്ഷമിക്കണം.... ഏട്ടനോട് സ്നേഹമില്ലാഞ്ഞിട്ടല്ല... പക്ഷേങ്കി ഏട്ടനെ ഈ കോലത്തിൽ അവർക്കു പരിചയപ്പെടുത്തിയാ അവരെന്നെ കളിയാക്കും ... അതോണ്ടാ ഞാൻ...
"സാരോല്യാടാ...പോട്ടെ... ഇന്നു കൂലി കിട്ടീപ്പോ കടേന്ന് മുതലാളിയോട് പറഞ്ഞ് നേരേ ഇങ്ങോട്ട് പോന്നതാ ഞാൻ... നിന്നെ കാണാല്ലോന്നോർത്ത് സൈക്കിളുമെടുത്ത് നേരേ ഇങ്ങു പോന്നു.... അതിനിടയ്ക്ക് ഇട്ടിരിയ്ക്കുന്ന വേഷത്തെ പറ്റിയൊന്നും ഏട്ടൻ ശ്രദ്ധിച്ചില്ല ...നീ ക്ഷമിക്ക്... " - ഏട്ടന്റെ കയ്യിൽ ഇരുന്ന കുറച്ചു നോട്ടുകൾ.... ഏട്ടന്റെ വിയർപ്പിന്റെ മണമുള്ള കുറച്ചു നോട്ടുകൾ
എന്റെ കയ്യിൽ തിരുകി തന്നിട്ട് ഏട്ടൻ പുറത്തേയ്ക്ക് നടന്നു... അപ്പൊ ആ കണ്ണുകൾ നിറഞ്ഞൊഴുകീത് ഞാൻ കണ്ടിട്ടും കണ്ടില്ലാന്നു നടിച്ചു.
പിന്നെ ഏട്ടൻ എന്നെ കാണാൻ ഹോസ്റ്റലിൽ വന്നിട്ടില്ല.പക്ഷെ കൃത്യം ഒന്നാം തിയതി തന്നെ എനിക്കുള്ള മണി ഓർഡർ ഹോസ്റ്റലിൽ എത്തിരുന്നു... സത്യം പറഞ്ഞാൽ ഒരു പലചരക്കു കടയിലെ ജോലിക്കാരനായ ഏട്ടനു കിട്ടുന്ന ശമ്പളത്തിന്റെ നേർ പകുതിയായിരുന്നു ഏട്ടൻ എന്റെ ചെലവിനായി അയച്ചോണ്ടിരുന്നത്. ബാക്കി പകുതി തുക കൊണ്ടാണ് ഏട്ടൻ വീട്ടു ചെലവും അമ്മയുടേയും അനിയത്തിയുടെ കാര്യങ്ങളും നോക്കീരുന്നത്.
സത്യം പറഞ്ഞാ അച്ഛൻ മരിച്ചതിൽ പിന്നെ തുടങ്ങീതാണ് ഏട്ടന്റെ ഈ ഓട്ടം. അച്ഛൻ മരിയ്ക്കുമ്പോ ഏട്ടൻ പത്താം തരത്തിലാണ്... കുടുംബത്തിെന്റ പ്രാരാബ്ദം ഏറ്റെടുത്തതോടെ ഏട്ടന്റെ പഠിപ്പ് അവിടെ തീർന്നു... പിന്നെ അമ്മാവനാണ് ഏട്ടനെ ഒരു പലചരക്കു കടയിൽ ജോലിക്കു കേറ്റീത്. അതിൽ പിന്നെ ആ കടയും വീടും മാത്രമായി ഏട്ടന്റെ ലോകം. ഞങ്ങൾക്കു വേണ്ടി ജീവിക്കുന്നതിന്റെ ഇടയിൽ പത്രാസുകാണിക്കാനും കാലത്തിനൊപ്പം ഓടാനും സ്വന്തം കാര്യം നോക്കാനും ഏട്ടൻ മറന്നു.
പക്ഷേങ്കി എനിയ്ക്കും അനിയത്തിയ്ക്കും ഒരു കുറവും ഏട്ടൻ വരുത്തിയിട്ടില്ലാട്ടാ...
ഞാനും അനിയത്തിയും വീട്ടിൽ പല പലഹാരങ്ങൾ കഴിയ്ക്കുമ്പോ ഏട്ടൻ കഴിച്ചിരുന്നത് ഇത്തിരി കത്തിയാണ്.. അതെപ്പോഴും അങ്ങനെയായിരുന്നു.. കൂടെ മുളകിടിച്ചതോ അച്ചാറോ കാണും. ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല തുണി എടുക്കാൻ പോകുമ്പോഴും കാണാം ചിലത്. എനിയ്ക്കും അവൾക്കും ഇഷ്ടമുള്ളതു വാങ്ങി തന്നിട്ട് ഒരു കൈലിയും തോർത്തുമായിരുന്നു ഏട്ടൻ വാങ്ങാറ്... ഓണത്തിനായാലും കാവിലെ ഉത്സവത്തിനായാലും.
പലചരക്കു കടയിൽ നിന്ന് പണി കഴിഞ്ഞ് വന്നാലും ഏട്ടൻ വെറുതെ ഇരിക്കില്ലാ... പാടത്തും തൊടിയിലും ഒരോന്നു നട്ടു നനച്ചുണ്ടാക്കാൻ വല്യ ഉത്സാഹമായിരുന്നു പുള്ളിക്കാരന്.
ഞാൻ വെക്കേഷനു വീട്ടിൽ ചെല്ലുമ്പോഴൊക്കെ ഏട്ടൻ ഇറച്ചിയോ മീനോ ഒക്കെ വാങ്ങും .... പക്ഷെ ഞങ്ങൾ മൊത്തം നാലു പേരുണ്ടെങ്കിലും എട്ടൻ മൂന്നുപേർക്കാവശ്യമുള്ളതേ വാങ്ങൂ... ഏട്ടന്റെ കാര്യം പുള്ളി മനപൂർവം അങ്ങു മറക്കുകയാണ് പതിവ്.
അമ്മ പലപ്പോഴും ചോദിക്കാറുണ്ട് ഏട്ടനോട് - " നീ എന്തിനാടാ ഇങ്ങനെ പിശുക്കി വാങ്ങുന്നത്... ആവശ്യത്തിനു വാങ്ങിയാ നിനക്കൂടെ കഴിക്കരുതോ?"
"എന്തിനാ അമ്മേ ...കുട്ടികൾ കഴിക്കട്ടെ.... എനിക്കിപ്പൊ എന്തിനാ ഇറച്ചീം മീനും... കഞ്ഞീം ഇത്തിരി മുളകും ഉണ്ടേൽ എന്റെ വയറു നിറയും.. അല്ലേലും സാധനങ്ങൾക്കൊക്കെ തീ പിടിച്ച വിലയാ...ഇത്തിരി പിടിച്ച് ചെലവാക്കുന്നതാ അമ്മേ നല്ലത്.... " - ഇതായിരിക്കും ഏട്ടന്റെ മറുപടി.
കല്യാണപ്രായം കഴിഞ്ഞു ഏട്ടന്... ആലോചനകൾ വന്നെങ്കിലും പെങ്ങളുടെ കല്യാണം കഴിഞ്ഞിട്ടു മതീന്നാരുന്നു ഏട്ടന്റെ പക്ഷം... ഏട്ടന്റെ ആ പലചരക്കു കടയിലെ ചെറിയ ജോലിയിൽ നിന്നും എങ്ങനെയോക്കെ മിച്ചം പിടിച്ച പണവും കുറച്ചു സ്ഥലം വിറ്റ പണവും കൊണ്ട് അവളെ ഏട്ടൻ അന്തസായി തന്നെ അവളെ കെട്ടിച്ചയച്ചു. അടുത്തത് എന്റെ പഠനമായിരുന്നു. ഏട്ടന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ ഒരു എഞ്ചിനീയർ ആക്കണമെന്നത്. മുണ്ടു മുറുക്കി ഉടുത്തും പട്ടിണി കിടന്നും കിടന്നും ആണെന്നു തോന്നുന്നു ഫീസിനും എന്റെ ചെലവിനുള്ളതും ഏട്ടൻ കൃത്യമായി എത്തിച്ചു തന്നിരുന്നു.
പഠനം കഴിഞ്ഞുള്ള കാലം ,ഒരു ബൈക്കിനായി അമ്മയോട് ഒരിക്കൽ വാശിപിടിച്ച എന്നെ ഏട്ടൻ ശ്രദ്ധിച്ചു.... ഏതോ പഴയ പെട്ടിയിൽ ആ പാവം സ്വരുക്കൂട്ടി വച്ചിരുന്ന കുറച്ചു പണവുമായി അടുത്ത ദിവസം രാവിലെ ഏട്ടൻ അടുത്തു വന്നു - "ഒരു ബൈക്കിന് എത്രയാകും എന്നെനിക്കു വല്യ തിട്ടമില്ല.. ന്നാലും ഇതുകൊണ്ട് വാങ്ങാൻ കഴിയോന്നു നോക്ക് " - ഇതും പറഞ്ഞ് ഏട്ടൻ സൈക്കിളുമെടുത്ത് കടയിലേയ്ക്ക് പോകുമ്പോഴും ആ തുരുമ്പിച്ച ഒടംകൊല്ലി സൈക്കിളിനപ്പുറം ഏട്ടൻ ഒന്നും ആഗ്രഹിച്ചിരുന്നില്ല.
വർഷങ്ങൾക്കിപ്പുറം ഞാനൊരു എഞ്ചിനീയർ ആയി, ടൗണിലെ പ്രശസ്ഥമായ കമ്പനിയിൽ ജോലിയും.പക്ഷെ ഏട്ടന്റെ ജീവിതം ഒരു കട്ടിലിൽ ഒതുങ്ങിപ്പോയി.... നിർത്താതെ പ്രവൃത്തിച്ച യന്ത്രത്തിനുണ്ടാവുന്ന തേയ്മാനം പോലെ ഏട്ടനും അവശനായിരിക്കുന്നു... അങ്ങനെ കുറച്ചു നാളത്തെ ആ കിടപ്പിനു ശേഷംഏതോ ഒരു ദിവസം ഏട്ടനും ഈ ലോകത്തോട് വിട പറഞ്ഞു.
ജഏട്ടന്റെ കുറവറിഞ്ഞത് ശെരിക്കും ഇപ്പോഴാണ്. ഏട്ടനില്ലാത്തൊരു വീടിന് എന്തോ ഒരു കുറവു പോലെ .... സത്യം പറഞ്ഞാൽ വീട്ടുമുറ്റത്തെ ഏതോ തണൽമരം വീണുപോയതുപോലെ ഒരു പ്രതീതി.
ഓഫീസിൽ അവധിയുള്ളപ്പോഴൊക്കെ ഞാൻ വീട്ടിലെത്തും തൊടിയിലും പാടത്തും ചിലതു ചെയ്തു തീർക്കും...എട്ടൻ ബാക്കി വച്ചിട്ടു പോയ ചിലത് ഏട്ടന്റെ വിയർപ്പിൽ മുളച്ചു വന്നവ...പിന്നെ ആ എന്റെ ആ പഴയ ഒടംകൊല്ലി സൈക്കിൾ എടുത്തു ചവിട്ടുമ്പോൾ എന്റെ എ.സി കാറിൽ പായുമ്പോൾ കിട്ടാത്ത ഒരു സുഖമുണ്ട്... ഞങ്ങൾക്കു വേണ്ടി ഒരോന്നു ചെയ്യുന്നതിനിടയിൽ ജീവിക്കാൻ മറന്നു പോയ എന്റെ ഏട്ടൻ കൂടെ ഉള്ളപോലുള്ള ഒരു തോന്നലും.... //
P. Sudhi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot