Slider

ഒരു രസ'തന്ത്രം

0
'No automatic alt text available.
പണ്ട് പണ്ട് ഒരു മഹാബുദ്ധിമാനായ കുട്ടിയുണ്ടായിരുന്നു.(ഇന്നും എനിക്ക് ഭയങ്കര ബുദ്ധിയാട്ടോ).ഒരുദിവസം രാവിലെ എണീറ്റപ്പോ മുതൽ കുട്ടി വല്ലാത്ത കരച്ചിൽ "എനിക്കിന്ന് ബാലവാടീൽ പോകണ്ടേ.....എനിക്ക് പാച്ചുവേട്ടന്റെ കൂടെ സ്കൂളിൽ പോയാ മതിയേ...."
കുട്ടീടെ അച്ഛന്റെ ചേച്ചിയുടെ മകനാണ് പ്രകാശൻ എന്നു പേരുള്ള അഞ്ചാം ക്ലാസ്കാരൻ പാച്ചുവേട്ടൻ.അവന്റെ ആസ്ഥാന ഗുരു.
കുട്ടീടെ അച്ഛൻ ഗൾഫിന്നു കൊണ്ടുവന്ന അക്കായ് യുടെ റേഡിയോയിൽ ഏഴ് മണിയുടെ "സംബ്രതി വാർത്തായ ശ്രുയന്ദ...ബലദേവാനന്ദ സാഗരാഹാ" യിൽ തുടങ്ങി, (അങ്ങിനെയെന്തോ അല്ലെ) എട്ട് മണിക്ക് 'ഓവർ ടു ഡൽഹി ഫോർ നാഷണൽ പ്രോഗ്രാം' ആവുന്നത് വരെ കരച്ചിൽ നിർത്താ തായപ്പോൾ അമ്മയുടെ മുന്നിൽ വേറെ വഴിയില്ലായിരുന്നു.
അങ്ങനെ നല്ലപോലെ വെളിച്ചെണ്ണ തേച്ചു മിനുക്കിയ മുടി ഇടത്തുന്നു വലത്തോട്ട് ചീകിയോട്ടിച്ചു കുട്ടി പാച്ചുവേട്ടനോടൊപ്പം സ്കൂളിലേക്ക് യാത്രയായി.
പാടത്തെ കുഞ്ഞുമീനുകളെയും വാൽമാക്രികളെയും പിടിച്ച് കുപ്പിയിലാക്കിയും വെള്ളത്തിൽ കളിച്ചും ഏട്ടന്റെ കൈപിടിച്ചു സ്കൂളിൽ എത്തിയപ്പോഴേക്കും ബെല്ലടിച്ചിരുന്നു പാച്ചുവേട്ടന്റെ ക്ലാസ്സിലെ ചേട്ടന്മാർക്കും ചേച്ചിമാർക്കും കുട്ടിയെക്കണ്ടപ്പോ ഭയങ്കര സന്തോഷം.കുട്ടിക്ക് കാറ്റു മിട്ടായിയും തേൻമിട്ടായിയും മോരും വെള്ളവും വാങ്ങിക്കൊടുക്കാൻ അവർ മത്സരിക്കുകയായിരുന്നു.എത്ര മനോഹരമായ ആചാരങ്ങൾ.
അക്കാലത്ത് ആരുടെയെങ്കിലുമൊക്കെ അനിയനോ അനിയത്തിയോ ഇതുപോലെ 'വിസിറ്റിംഗ് സ്റ്റുഡന്റ് ' ആയി ക്ലാസിൽ വരുന്നത് ഒരു പതിവായിരുന്നതുകൊണ്ട് ടീച്ചർമാർക്കും പരാതിയൊന്നും ഉണ്ടാവാറില്ല.പാച്ചുവേട്ടന്റെ ടീച്ചർ ക്ലാസ്സെടുക്കുന്നതും കുട്ടിക്ക് ഒരുപാട് ഇഷ്ടായി. ബാലവാടിയിലെ പോലൊന്നുമല്ല.എന്തൊക്കെ വല്യ വല്യ കാര്യങ്ങളാ ടീച്ചർ പഠിപ്പിക്കുന്നത്.ബാലവാടിയിലെ ടീച്ചർ ഉച്ചക്ക് ഉറങ്ങിയില്ലെങ്കിൽ കുട്ടിയെ വഴക്കു പറയാറുണ്ടായിരുന്നു. ഈ ടീച്ചർക്ക് കുട്ടികളെ ഉറക്കാൻ യാതൊരു നിർബന്ധവുമില്ല.മാത്രമല്ല ക്ലാസ്സിൽ ഇരുന്നുറങ്ങിയ ഒരു ചേട്ടന് ടീച്ചർ നല്ല പിച്ചും വച്ചുകൊടുത്തു.അങ്ങനെ മനോഹരമായ സംഭവങ്ങൾക്കൊടുവിൽ നാലു മണിക്ക് സ്കൂൾ ബെല്ലടിച്ചപ്പോൾ പാച്ചുവേട്ടനോടൊപ്പം അവൻ വീട്ടിലേക്കോടി.
അമ്മയോട് സ്കൂൾ വിശേഷങ്ങളെല്ലാം പറഞ്ഞു ചായകുടിച്ച കുട്ടിയെ കുറച്ചു കഴിഞ്ഞപ്പോൾ കാണാനില്ല.മുകളിലത്തെ റൂമിൽ നിന്ന് എന്തോ കത്തുന്ന മണം തോന്നിയ അമ്മ ചവിട്ടുപടികൾ പടപടാ ചവിട്ടിക്കയറിയപ്പോൾ കണ്ട കാഴ്ച്ച, കഴിഞ്ഞ തവണ ലീവിന് വന്നപ്പോൾ കുട്ടിയുടെ അച്ഛൻ അമ്മയ്ക്ക് കൊണ്ടുവന്ന പുതുപുത്തൻ പട്ടു സാരി തറയിൽ കിടന്നു കത്തുന്നു.അത് നോക്കി ജിജ്ഞാസയോടെ മുട്ടും കുത്തിയിരിക്കുന്ന കുട്ടിയും.
"അയ്യോ.....വനജയുടെ കല്യാണത്തിന് ഉടുക്കാൻ വെച്ചിരുന്ന ന്റെ സാരി....."
നെഞ്ചത്തടിച്ചു കരഞ്ഞ അമ്മ പെട്ടെന്ന് തന്നെ സാരിയിലെ തീ തല്ലിക്കെടുത്തി.മിച്ചം വന്ന തല്ല് കുട്ടിയെ തൂക്കിപ്പിടിച്ച് അവന്റെ തുടയിലും സമർപ്പിച്ചു.
"എടാ കുരുത്തം കെട്ടവനേ എന്തിനാടാ എന്റെ സാരി കത്തിച്ചത്".
" അത് അമ്മേ പാച്ചുവേട്ടന്റെ ടീച്ചർ പറഞ്ഞിട്ടാ..."വെളുത്ത തുടയിൽ അമ്മയുടെ കൈവിരലുകൾ തീർത്ത സീബ്രാ ലൈനിൽ നോക്കി കുട്ടി വിതുമ്പി.
"ആഹാ... ആ ടീച്ചർ പറഞ്ഞോ അമ്മയുടെ സാരി കത്തിക്കാൻ....അല്ലെങ്കിലും എന്റെ സാരികാണുമ്പോ ടീച്ചർമാർക്കു പോലും അസൂയയാ"
"സാരി കത്തിക്കാനല്ലമ്മേ ടീച്ചർ പറഞ്ഞത്.എന്തെങ്കിലും കത്തിക്കുമ്പോ ഏതാണ്ടൊരു സാധനം പുറത്തുചാടുംന്നു ടീച്ചർ ഇന്ന് ക്ലാസ്സിൽ പഠിപ്പിക്കുന്നുണ്ടാരുന്നു.ആ സാധനം ചാടുന്നത് കാണാനാ ഞാൻ സാരി കത്തിച്ചത്..."
"അതേത് സാധനം?....എടാ പാച്ചൂ...ഇന്ന് ക്ലാസ്സിൽ പഠിപ്പിച്ച ബുക്ക് എടുത്തു വന്നേ....ടീച്ചർ എന്തു വേണ്ടാതീനമാ ഇന്ന് പഠിപ്പിച്ചത് ന്നു നോക്കട്ടെ"
അമ്മ വിളിച്ചു കൂവിത്തീരും മുൻപ് പാച്ചുവേട്ടൻ തുറന്നു വച്ച പുസ്തകവുമായി ഹാജർ.
അതിൽ വൃത്തികെട്ട കൈയക്ഷരത്തിൽ പാച്ചുവേട്ടൻ എഴുതിയ വരികൾ അമ്മ പാടുപെട്ട് വായിച്ചു...
"വസ്തുക്കൾ കത്തുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് പുറപ്പെടുവിക്കുന്നു"
"എന്റെ പട്ടു സാരിയിൽ നിന്നു തന്നെ നിനക്ക് കാർബൺ ഡൈ ഓക്സൈഡ് പുറത്തു ചാടിക്കണമായിരുന്നു അല്ലെടാ..."
അമ്മ കൈയോങ്ങുമ്പോഴേക്കും കുട്ടി കാർബൺ ഡൈ ഓക്സൈഡ് പോലെ അവിടുന്ന് അപ്രത്യക്ഷമായിരുന്നു.
"അന്ന് അമ്മ തല്ലിക്കെടുത്തിയത് വെറും പട്ടു സാരിയിലെ തീ മാത്രമായിരുന്നില്ല സൂർത്തുക്കളേ.... എന്റെയുള്ളിൽ നിന്നും 'പുറപ്പെടുവിച്ചു പുറത്തുചാടാൻ' കൊതിച്ച ഒരു ശാസ്ത്രജ്ഞനെയാണ്.എന്ത് ചെയ്യാം...നിങ്ങൾക്ക് ഭാഗ്യമില്ലാതായിപ്പോയി...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo