Slider

കഥ: മരണം വന്നു വിളിക്കുമ്പോൾ..

0
Image may contain: 2 people
- അനു ബാബു
വിക്ടർ മാത്യൂസ് ആത്മഹത്യ ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ എനിക്ക് ആശ്ചര്യം തോന്നിയില്ല.
എത്രയോ തവണ എന്റെ കിടക്കയിൽ, എന്റെ ഉടലാഴങ്ങളിൽ അവൻ ആത്മഹത്യ ചെയ്തിരിക്കുന്നു.
പത്രവാർത്തയുടെ നാലതിർരേഖകൾക്ക് അന്ന് അതൊന്നും വാർത്തയായി നൽകേണ്ടിയിരുന്നില്ല.
അല്ലെങ്കിലും പുറത്തറിയുന്ന രഹസ്യങ്ങൾ മാത്രമാണല്ലോ വാർത്തകൾ.
അറിയപ്പെടാത്ത രഹസ്യങ്ങൾ അച്ചടിക്കണമെങ്കിൽ ഈ ലോകമായ ലോകത്തെ പത്രങ്ങളായ പത്രങ്ങളൊന്നും പോരാതെ വരും!
ഇന്നലെ പ്രവാസി മലയാളികൾ നൽകിയ സ്വീകരണം ഏറ്റു വാങ്ങാൻ റാസ് അൽ കൈമയിലെത്തിയ വിക്ടറെ ഹോട്ടൽ മുറിയുടെ തണുത്ത കിടക്കയിൽ നാല്പത്തിനാലാം വയസിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയപ്പോൾ അത് വാർത്തയായി.
മലയാളസാഹിത്യ ചക്രവാളത്തെ വിശ്വസാഹിത്യ സീമകളോട് ഇണക്കി ചേർത്ത വിക്ടർ മാത്യൂസ് ഓർമ്മയായി എന്ന് അച്ചടിച്ച പത്രം ഗ്യാസ് അടുപ്പിന്റെ നീലജ്വാലകൾ തിളങ്ങുന്ന ബർണ്ണറിലേക്ക് ഞാൻ നീട്ടിപ്പിടിച്ചതാണ്.
അരികുകളെ എരിയിച്ച മഞ്ഞവെളിച്ചം അവന്റെ മുഖത്തേക്ക് പടരുമെന്ന് ഓർത്തപ്പോൾ ഞാൻ എപ്പോഴുമെന്ന പോൽ ദുർബലയായി.
പത്രം സ്ലാബിനു മീതെ വെച്ച് തീ തല്ലിക്കെടുത്തി എന്റെ കട്ടിലിൽ ബെഡിനു കീഴെ വെച്ച് ഞാൻ അടുക്കളയിലേക്ക് തിരിച്ചു പോയി.
രണ്ടാമത്തെ കാന്താരി എസ്തർ വാശി പിടിച്ചുണ്ടാക്കിക്കുന്ന ബർത്ത് ഡേ സ്പെഷ്യൽ ബ്ലാക്ക് ഫോറസ്റ്റിന്റെ പരീക്ഷണശാലയായി അടുക്കള വീണ്ടും മാറി.
കൊക്കോ - ബേക്കിംഗ് - മൈദ - പൗഡർ മിക്സ് തയ്യാറാക്കവേ കണ്ണീർ അടർന്ന് ബൗളിലേക്ക് വീഴുമ്പോൾ രുചിക്കൂട്ട് തെറ്റുമല്ലോ എന്ന് ഞാൻ വ്യാകുലപ്പെട്ടു.
വിക്ടറാണ് അതിന് കാരണമെന്ന് ഞാൻ കുറ്റപ്പെടുത്തി.
ജീവിതകാലത്തവൻ എന്റെ ജീവിതത്തിന്റെ രുചിക്കൂട്ടുകളെ കളങ്കപ്പെടുത്തി.
മരണശേഷവും അതാവർത്തിക്കുന്നതിൽ പ്രതിഷേധിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും പതിവ് നിസ്സഹായത എന്നെ കീഴ്പ്പെടുത്തി.
180 ഡിഗ്രിയിൽ അവ്ൻ ചൂടാക്കി ഇട്ടിരുന്നതിലേക്ക് കേക്ക് കൂട്ട് തള്ളുമ്പോൾ ഇതോടൊപ്പം നിന്റെ ഓർമ്മകളെ കൂടി ഉരുക്കി കളയുകയെന്ന് ഞാൻ മനസ്സാൽ ശാഠ്യം പിടിച്ചു.
പക്ഷെ എപ്പോഴുമെന്ന പോൽ അവ മറ്റിടങ്ങളെ വെടിഞ്ഞ് എന്റെ നെഞ്ചിൽ തന്നെ വന്നിരിപ്പായി.
കോണിപ്പടികൾ കയറി ഞാൻ മുകൾ നിലയിലെ ലൈബ്രറിയിലേക്ക് പോയി.
പുസ്തകങ്ങളോടുള്ള അന്ധമായ ആരാധന കുട്ടിക്കാലം മുതലുണ്ടായിരുന്നെങ്കിലും അത് എഴുത്തുകാരോടായി വഴി മാറിയത് കൗമാരത്തിലായിരുന്നു.
വായിച്ചു കൂട്ടിയതിലേറിയ പങ്കും വൈദേശിക രചനകളായിരുന്നു.
ക്യാംപസിന്റെ ഹൃദയം കവർന്ന രചനകളിലൂടെയാണ് വിക്ടർ മാത്യൂസ് എന്നിൽ കുടിയേറിയത്.
ഇംഗ്ലീഷ് റൈറ്റിംഗ്സിൽ പ്രിയതരമായി തീർന്ന lonely angel എന്ന കഥയാണ് വിക്ടർ എന്ന എഴുത്തുകാരനെ അടയാളപ്പെടുത്തിയത്.
അതിലെ നായിക ഏയ്ഞ്ചൽ ഞാനാണെന്ന താദാത്മ്യപ്പെടൽ വിക്ടറിനോട് എന്നെ അടുപ്പിച്ചു.
പറയാൻ മറന്നു അയാൾ എന്റെ കോളേജിലെ വിസിറ്റിംഗ് ലക്ച്ചറർ ആയിരുന്നു.
ആംഗലേയവും മലയാളവും ഒരുപോലെ വഴങ്ങുന്ന, തിളങ്ങുന്ന കണ്ണുകളിൽ കടലിനെ ഒളിപ്പിച്ച, കനത്ത താടി മീശകളിൽ വനവന്യത ദ്യോതിപ്പിച്ച, ഒരു ബാസ്ക്കറ്റ് ബോൾ പ്ലേയറുടെ ഉയരവും ശരീരഘടനയും കൊണ്ടു നടന്ന വിക്ടറിനെ പ്രണയിച്ചു തുടങ്ങിയതിൽ അഭിമാനം മാത്രമേ തോന്നിയുള്ളു.
അയാളോളം തീഷ്ണമായി മറ്റാരെയും ഞാൻ പ്രണയിച്ചിട്ടില്ല - എന്റെ ഭർത്താവിനെ പോലും.
സെക്സ് പാപമല്ല എന്ന് പറഞ്ഞ് ധൈര്യപൂർവ്വം എന്റെ ചുണ്ടുകളെ വിഴുങ്ങാനൊരുങ്ങിയവൻ.
സ്ത്രീ ശരീരത്തോളം ചുഴികളും മലരികളും മഹാസമുദ്രങ്ങളിൽപ്പോലും കാണാനില്ല എന്ന് മന്ത്രിച്ചവൻ.
പൊക്കിൾച്ചുഴികളെ നാവിന്റെ രസനടനം പഠിപ്പിച്ചവൻ.
ശരീരം മാത്രമല്ല മനസ്സും അവന്റെ നടനവേദിയായിരുന്നു.
ആ നാട്യത്തിലലിഞ്ഞാണ് ഞാനവനെ രഹസ്യവിവാഹം കഴിച്ചത്.
പുസ്തറാക്കുകൾക്കിടയിലൂടെ നടക്കുമ്പോൾ അനുവാദമില്ലാതെ ചോർന്നൊലിക്കുന്ന കണ്ണുകളെ ഞാൻ ഭയന്നു.
വിക്ടറിപ്പോൾ എനിക്കാരുമല്ലല്ലോ.
ന്യൂനതകൾ പേറി മറ്റൊരു പുരുഷനു മുൻപിൽ തല കുനിക്കുമ്പോൾ പോലും വിക്ടറെന്ന മുൻ ഭർത്താവിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല.
അപ്പോൾ ദാവീദിന് അഞ്ചു വയസു കഴിഞ്ഞിരുന്നു.
ആദ്യ രാത്രിയിൽ എന്നെ കാണാതെ വാശിയെടുത്തു കരഞ്ഞ മകനെ അദ്ദേഹമാണ് എടുത്തു കൊണ്ടു വന്ന് ഞങ്ങളുടെ കിടക്കയുടെ അരികിൽ കിടത്തിയത്.
'കുഞ്ഞുങ്ങൾ, അത് നിന്റെയോ എന്റെയോ എന്ന് തരം തിരിക്കപ്പെടേണ്ടവരല്ല. ഒരു വിധവയെ ഞാൻ ഭാര്യയായി സ്വീകരിച്ചു എന്നതിന്റെ അർത്ഥം അവളുടെ വേദനകളെയും കടമകളെയും കൂടി ചേർത്തു പിടിക്കുന്നൂന്നാ. ഇവൻ നിന്റെ വേദനയാകാൻ ഞാൻ കാരണമാകില്ല.'
അന്നു മുതൽ അദ്ദേഹമായിരുന്നു ദാവീദിന്റെ അച്ഛൻ!
അദ്ദേഹത്തോടു മാത്രമേ നീതി പുലർത്തേണ്ടതൊള്ളു എന്ന് സ്വയമോർമ്മിപ്പിച്ച് മുഷിഞ്ഞ കോട്ടൺ സാരിയുടെ തുമ്പു കൊണ്ട് ഞാനെന്റെ കണ്ണും മൂക്കും പിഴിഞ്ഞു തോർത്തി.
ഈ ഭാര്യയ്ക്ക് ആ ഭർത്താവിനു വേണ്ടി കരയാൻ അവകാശമില്ല.
ലൈബ്രറിയുടെ അവസാനത്തെ റാക്കിന്റെ അവസാന തട്ടിൽ നിന്ന് ഞാനാ പഴയ ഫോട്ടൊ ആൽബമെടുത്തു.
താളുകൾ ഓരോന്നായി മറിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്ക് വേവലാതിയായി.
പഴയ വിക്ടറെ വീണ്ടും കാണേണ്ടി വരുമല്ലോ.
ഞാൻ ഉമ്മ വെച്ച പാതിയടഞ്ഞ തിളക്കമുള്ള ആ കണ്ണുകൾ, എന്റെ പിൻകഴുത്തിൽ ഉരുമ്മി താഴേയ്ക്കൂർന്നിറങ്ങിയ മിനുസമുള്ള ആ താടിരോമങ്ങൾ.
ചുണ്ടുകൾ, കവിൾത്തടങ്ങൾ.
ഒരിക്കൽ കൂടി അവയെല്ലാം കാണുവാൻ കഴിയാതെ ഞാനശക്തയായി.
വിക്ടറിന്റെ മുഖം മുൻപിൽ വരുന്നതിനു മുമ്പേ ഞാൻ ആൽബം മടക്കി.
അവന്റെ പുതിയ മുഖം പ്രിൻറു ചെയ്ത പാതി കരിഞ്ഞ പത്രപ്പേജുകൾ മറച്ചുവെച്ച ബെഡിലേക്ക് തലയിണയിൽ മുഖമമർത്തി കമിഴ്ന്ന് കിടക്കുമ്പോൾ കരയരുതെന്ന് ഞാൻ മനസ്സിനെ വൃഥാ ശാസിച്ചു.
ജീവൻ വേർപെട്ട വിക്ടറിന്റെ ഉടൽ ഇപ്പോൾ ഏതോ വിദേശ മോർച്ചറിയിൽ വിറങ്ങലിച്ചു കിടക്കുകയാവുമെന്ന് ഞാനൂഹിച്ചു.
ഹൃദയം നിലച്ചിരിക്കും.
രക്തം ധമനികളിൽ തന്നെ കട്ട പിടിച്ചിരിക്കും.
ചുവന്ന ചുണ്ടുകളിൽ വരണ്ട കോശങ്ങൾ തെളിഞ്ഞു കഴിയും.
ഇനിമേൽ ആരോടും മധുരമായി അവൻ സംസാരിക്കില്ല.
ഇനി ഒരിക്കലും ഒരാളെയും അവൻ ചുംബിക്കുകയുമില്ല.
- 'സ്നേഹം നിസ്വാർത്ഥമാവണം. ഉപാധികളില്ലാത്തതാവണം.
സ്നേഹിക്കുന്നവർ പരസ്പരം സ്നേഹിക്കുകയേ പാടുള്ളു. പോരാടുകയോ വഞ്ചിക്കുകയോ അരുത്.'
വിക്ടർ നെഞ്ചിൽ മുഖമമർത്തി കിടക്കുമ്പോൾ ആപ്തവാക്യങ്ങൾ ഉരുവിട്ടു.
-'ഉപാധികളില്ലാതെയാണ് ഞാൻ സ്നേഹിച്ചത്. നിന്നെ വഞ്ചിക്കുകയെന്നാൽ അത് എന്നെത്തന്നെ വഞ്ചിക്കും പോലല്ലേ.
തലമുടികൾക്കിടയിൽ വിരൽ കോർത്തു കൊണ്ട് ഞാൻ മന്ത്രിച്ചു.
പ്രേമിക്കുമ്പോൾ പറയുകയും കേൾക്കുകയും ചെയ്യുന്ന പല വാചകങ്ങളും വിവാഹശേഷം അരോചകമായി തോന്നും.
കാമുകി ഭാര്യയായി കഴിഞ്ഞാൽ പിന്നെ ഉടമസ്ഥതയായി.
സ്നേഹമെന്നത് പകരം വെയ്ക്കാനില്ലാത്ത സ്വാർത്ഥതയായി.
വിക്ടറിനെപ്പോലൊരാൾക്ക് അത് ചിന്തിക്കുക പോലും വയ്യ.
സ്ഥിരമായി ഒരു കിടപ്പറ, ഒരേ ഇണ.
അയാൾക്ക് വേഗത്തിൽ മടുത്തു.
അതെന്നോട് ദയാപൂർവ്വം തുറന്നു പറയുകയും ചെയ്തു.
എന്റെ അന്തസും അഭിമാനവും വ്യക്തിത്വവും വില കെട്ടതായി കരുതാഞ്ഞതു കൊണ്ടു തന്നെ ഞങ്ങൾ പിരിഞ്ഞു.
പോകുമ്പോൾ മറ്റൊരു ആപ്തവാക്യം കൂടി വിക്ടർ ഉരുവിട്ടു.
-' പരസ്പരമുള്ള സ്നേഹം നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും ശല്യമായി വരരുത്.
ഇല്ല എന്ന് വെറുപ്പോടെ മനസ്സിൽ പറഞ്ഞു.
ഒരു ശല്ല്യപ്പെടുത്തലുമില്ലാതെ ഞാൻ തിരിച്ചു പോന്നു.
വീട്ടിലെ കൊടുങ്കാറ്റുകളെയും പേമാരികളെയും തരണം ചെയ്ത് തിരിച്ചു കയറി.
ആ മാസത്തിന്റെ അവസാനമാണ് ഒരു കുഞ്ഞു ജീവൻ ഉളളിൽ മിടിച്ചു തുടങ്ങിയിരുന്നു എന്നറിഞ്ഞത്.
ഒരുമിച്ചുള്ള ജീവിതം ഒരു താൽക്കാലിക ഉടമ്പടി മാത്രമായിരുന്നതിനാലും, അയാളിൽ നിന്നിനിയൊന്നും പ്രതീക്ഷിക്കില്ലെന്ന് ശപഥം ചെയ്തതിനാലും ഭാര്യയെന്ന അവകാശങ്ങളൊന്നും വേണ്ട എന്ന് ഞാൻ തീരുമാനിച്ചു.
അയാളുടെ മകനെ പ്രസവിക്കേണ്ടി വന്നപ്പോൾ മാത്രം ഒരു കത്തെഴുതിയിട്ടു.
'പ്രിയ എഴുത്തുകാരാ,
താങ്കളുടെ സൃഷ്ടികളിൽ ഏറ്റവും ജീവൻ തുടിക്കുന്ന ഒന്ന് എന്റെ കൈയ്യിൽ ഭദ്രമായി ഇരിക്കുന്നു. ഞാനിവനെ ദാവീദ് എന്ന് വിളിക്കുകയാണ്. ഒരിക്കലും ഇവനെ ശത്രു പാളയത്തിലേക്കു കല്ലും കവണയുമായി അയയ്ക്കാനിട വരല്ലേയെന്ന പ്രാർത്ഥന മാത്രം.
ഒരു വായനക്കാരി.
NB : ഈ രണ്ടു വരികളെ ശല്ല്യമായി കരുതരുതേയെന്ന് അപേക്ഷിക്കുന്നു.'
മറുപടിയൊന്നും കിട്ടിയില്ല, പ്രതീക്ഷിച്ചിരുന്നുമില്ല.
അത്രമാത്രം വെറുപ്പോടെയാണ് അകന്നത്.
ഞാനും ഭർത്താവും താമസിച്ച ഈ അപ്പാർട്ട്മെന്റിലേക്ക് ആദ്യമായും അവസാനമായും വിക്ടർ വന്ന ദിവസം ദാവീദിന്റെ പതിനൊന്നാം പിറന്നാളായിരുന്നു.
ദാവീദിനിളയ കുട്ടി എസ്തറിന് നാലു വയസു കഴിഞ്ഞിരുന്നു.
പതിനൊന്നു വർഷം മുമ്പ് ഞാനെഴുതിയ കത്ത് വിക്ടറിന്റെ കൈകളിൽ മഞ്ഞച്ച് അക്ഷരങ്ങൾ മങ്ങിയിരുന്നു.
'ദാവീദ് എവിടെ..?'
അച്ഛന്റെ അവകാശത്തോടെ വിക്ടർ തിരക്കി.
'നിങ്ങളാരാണ്..?'
അന്യമനസ്ക്കയായി ഞാൻ തിരിച്ചു ചോദ്യമിട്ടു.
'ദാവീദിന്റെ അച്ഛൻ.'
'എന്റെ മകന് ഒരച്ഛനേയുള്ളു. അദ്ദേഹം പുറത്ത് പോയിരിക്കുകയാണ്.'
വിക്ടർ താടി തടവി.
'ജന്മം കൊടുക്കാതെ ഒരു പുരുഷനും അച്ഛനാകില്ല.'
ഞാൻ സാരിയുടെ മുന്താണി കശക്കി.
'ജന്മം കൊടുത്തതു കൊണ്ടു മാത്രം ഒരു പുരുഷനും അച്ഛനാകില്ല.'
വിക്ടർ എഴുന്നേറ്റു വന്ന് ബലമായി എന്റെ ചുമലിൽ തൊട്ടു.
കവിളുകളിൽ ചുംബിക്കാനൊരുങ്ങി.
'പല പെണ്ണുങ്ങളെയും ഞാൻ കണ്ടു കഴിഞ്ഞു പക്ഷെ ഇതുവരെ നീയല്ലാതെ മറ്റൊരു ഭാര്യ എനിക്കില്ല.'
ഞാനയാളെ വേപഥുവോടെ തള്ളിയകറ്റി.
'എനിക്ക് മറ്റൊരു ഭർത്താവുമില്ല. നിങ്ങൾ മാറി നിൽക്കണം.'
'നീ പോയതിനു ശേഷം ഞാൻ സ്വസ്ഥത അറിഞ്ഞിട്ടില്ല. എന്റെ ഹൃദയത്തെ പിഴുതെടുത്താണ് നീ പിരിഞ്ഞു പോയത്. ഇത്രയും വർഷങ്ങൾക്കൊടുവിലാണ് ഞാനത് തിരിച്ചറിഞ്ഞതെന്നു മാത്രം.'
'നിങ്ങളുടെ തെറ്റായ തിരിച്ചറിവുകളിൽ അവസാനത്തേത്. ഒന്നും, നിങ്ങളുടെ ഓർമ്മകൾ പോലും ഞാൻ കൊണ്ടു പോന്നിട്ടില്ല.'
'നിങ്ങൾ സ്ത്രീകൾ കള്ളം പറയാൻ സമർത്ഥരാണ്.'
'പുരുഷന്മാർ വഞ്ചിക്കുവാനും.'
'നിന്റെ പുതിയ ഭർത്താവും?'
'ചുരുക്കം ചില എക്സപ്ഷൻസ്.. എന്റെയും കുഞ്ഞുങ്ങളുടെയും ഭാഗ്യത്തിന് ഹീസ് നോട്ട് ബിലോംഗ്സ് ടു ദാറ്റ്.'
'എന്നോട് ക്ഷമിക്കൂ..'
'ക്ഷമ ചിലയിടങ്ങളിൽ അപ്രസക്തമാണ്. '
'ഞാനിപ്പോൾ ഒരു രോഗിയാണ്.'
'അന്നേ നിങ്ങൾ രോഗിയായിരുന്നു. ആ രോഗം കാർന്നു തിന്നുന്നത് കൂടെ ജീവിക്കുന്നവരുടെ അന്തസിനെയും, അഭിമാനത്തെയും, വ്യക്തിത്വത്തെയുമായിരുന്നു എന്നു മാത്രം'
'തമാശയല്ല. ഡിപ്രഷൻ എന്നെ കീഴടക്കാൻ ഒരുങ്ങി നിൽപാണ്. ഞാൻ സ്നേഹിക്കുന്നവരും എന്നെ സ്നേഹിച്ചവരും കൂടെ നിന്നാൽ മാത്രമേ എന്റെ ഹൃദയം സ്വസ്ഥമാകു. ഡോക്ടർ പോലും അതു പറഞ്ഞു. എത്രയാലോചിച്ചിട്ടും ജീവിച്ചിരിക്കുന്നവരിൽ നീ മാത്രമേ എന്നെ സ്നേഹിച്ചിട്ടൊള്ളു. എന്റെ അമ്മ മരിച്ചു പോയി. ഭാര്യ മാത്രമേ ജീവച്ചിരിപ്പൊള്ളു.'
'ഞാനും മരിച്ചു. നിങ്ങളാണ് എന്നെ കൊന്നത്.'
'മരിച്ചവർ സംസാരിക്കുമോ..? വെറുക്കുമോ..? ദ്വേഷിക്കുമോ..?'
'ഉവ്വെന്ന് ബോദ്ധ്യമായില്ലെ. ഇത് നിങ്ങളുടെ പഴയ ഭാര്യയുടെ ശവകുടീരമാണ്. കല്ലറകളിൽ ചെന്ന് അവളെ ശല്ല്യപ്പെടുത്തുന്നത് പൈശാചികമാണ്.'
'ട്രീസാ..'
'എന്റെ പേര് വിളിക്കരുത്. നിങ്ങളുടെ നാവിൽ നിന്ന് ഇപ്പോഴത് കേൾക്കുന്നത് മൃതദേഹത്തിൽ നിന്ന് പുഴുക്കൾ നുരയ്ക്കുന്ന ശബ്ദം പോലെ അരോചകമാണ്.'
'ഒരിക്കൽ കൂടി യാചിക്കുകയാണ്. എന്നോട് ക്ഷമിക്കൂ.'
'ഇത് ആറാമത്തെ നിലയാണ്. ഇവിടെ നിന്ന് ചാടാൻ എന്നെ നിർബന്ധിക്കരുത്. മരിക്കുവാൻ ഭയന്നല്ല. പക്ഷെ ഞാനിന്നൊരു മനുഷ്യന്റെ ഭാര്യയാണ്.. അമ്മയുമാണ്.'
'നിന്റെ മക്കളിൽ ഒരാൾ എന്റെയല്ലേ.. നമ്മുടെ.. ദാവീദ്.'
'ഭ്രാന്തു പിടിപ്പിക്കരുത്. നിങ്ങളെ കണ്ടു കൊണ്ടിരിക്കുന്ന ഓരോ നിമിഷത്തിലും എന്റെ ഹൃദയത്തിൽ തീ എരിയുകയാണ്.'
'നിന്നെ കാണുന്നതുവരെ എന്റെ ഉള്ളിൽ തീ മാത്രമേ ഉണ്ടായിരുന്നൊള്ളു.'
'ആ കാലിൽ വീണ് യാചിക്കാൻ എന്നെ നിർബന്ധിക്കരുത്.'
ഒരു നിമിഷം നിർന്നിമേഷനായി എന്നെത്തന്നെ നോക്കി നിന്നിട്ട് വിക്ടർ വാതിൽ കടന്നു പോയി.
കരയരുതെന്ന് ഉഗ്രശാസനയോടെ ഞാനെന്റെ കണ്ണീർ ഗ്രന്ഥികളെ വറ്റിച്ചു കളഞ്ഞു.
ഭർത്താവ് വരുമ്പോൾ ഞാൻ അടുക്കളച്ചുവരിൽ ചാരി തറയിലിരിക്കുകയാണ്.
'നീയെന്താ ഇങ്ങനെ ഇരിക്കുന്നത്. മുൻവാതിൽപ്പോലും അടയ്ക്കാതെ?'
മറുപടി പറയാതെ പിടഞ്ഞെണീറ്റ് ഞാൻ ചായയ്ക്കുള്ള പണികൾ നോക്കി.
ഡ്രസ് മാറി അദ്ദേഹം വന്ന് ചായ കുടിക്കുമ്പോൾ എന്നെ ആശ്ചര്യത്തോടെ നോക്കി.
'ഇതിൽ പഞ്ചസാര ചേർത്തോ..?'
'സോറി. ഞാൻ മാറ്റിയെടുക്കാം.'
'വേണ്ട.. ഒരു ദിവസം അൽപം മധുരമാകാം.'
രാത്രി കിടക്കയിൽ ഞാൻ തണുത്തുറഞ്ഞു കിടന്നു.
എന്റെ വയറിനു മീതെ ചൂടുള്ള കൈത്തലങ്ങൾ അമരുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു.
'താങ്ക്യൂ.. ആൻഡ് ലവ് യൂ..'
അദ്ദേഹം ചെവിത്തട്ടിനരികെ മന്ത്രിച്ചു.
അസ്വാഭാവികമായതെന്തോ കേട്ട പോലെ ഞാൻ തിരിഞ്ഞു നോക്കി.
'ഞാനാണ് വിക്ടറിന് അപ്പാർട്ട്മെന്റ് അഡ്രസ് കൊടുത്തത്. എന്നെക്കാൾ ആദ്യ ഭർത്താവാണോ നിനക്ക് പ്രിയപ്പെട്ടതെന്ന് അറിയാനൊരു ആകാംഷ..'
പെട്ടന്ന് ഞാൻ അദ്ദേഹത്തിന്റെ കൈകൾ പിടിച്ചു മാറ്റി.
'നിങ്ങൾക്കും ഞാനൊരു പരീക്ഷണ വസ്തുവാണല്ലേ..'
'അതല്ല.. '
'മിണ്ടരുത്.'
ഞാൻ കട്ടിലിൽ നിന്നിറങ്ങി തറയിലേക്ക് കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ പിന്നിൽ നിന്ന് അദ്ദേഹം വീണ്ടുമെന്നെ പുണർന്നു.
'നീ കരയുന്നോ..?'
ഉവ്വ്.. കരയുക തന്നെയായിരുന്നു.
'കഴിഞ്ഞ പോയ ദിവസങ്ങളിലൊന്നും നീ കരഞ്ഞിട്ടില്ല. ഇന്ന് അയാൾക്ക് നിന്നെ വേദനിപ്പിക്കാൻ കഴിഞ്ഞു അല്ലേ..?'
ഞാൻ തിരിഞ്ഞ് എന്റെ ഭർത്താവിനെ കെട്ടിപ്പിടിച്ചു.
'ഈ കണ്ണീർ നിങ്ങളെ ഓർത്താണ്. എന്നെ സ്നേഹം കൊണ്ടു മുറിവേൽപ്പിക്കുന്ന നിങ്ങളേയും നമ്മുടെ മക്കളെയും ഓർത്ത്.'
അദ്ദേഹം നിശബ്ദനായി.
'വിക്ടറെന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഞാനായിരുന്നു ലോകത്തിലേക്കും വെച്ച് ഏറ്റവും ഭാഗ്യവതിയായ ഭാര്യ... അമ്മ.'
ഞാൻ പറഞ്ഞത് സത്യമായിരുന്നു.
കഴിഞ്ഞ കാലങ്ങളിലെല്ലാം എന്നിലെ സ്ത്രീയെ, ഭാര്യയെ മുറിപ്പെടുത്തിയത് വിക്ടറെ സ്നേഹിച്ചു പോയല്ലോ എന്ന കുറ്റബോധം മാത്രമായിരുന്നു.
പക്ഷെ ഇപ്പോൾ, വിക്ടറിന്റെ മരണവാർത്തയറിഞ്ഞതു മുതൽ ഞാൻ ഞാനല്ലാതെയായി.
ജീവിതകാലത്ത് അവൻ ചെയ്ത അനീതികളെല്ലാം മരണപ്പെട്ടുവെന്നും അവൻ തന്ന സ്നേഹസ്മരണകൾ ഉയർക്കപ്പെട്ടുവെന്നും ഞാൻ കരുതി.
അവന്റെ മരണത്തിൽ ആത്മാർത്ഥമായി അനുശോചിക്കാൻ, കണ്ണീരൊഴുക്കാൻ ഈ ലോകത്ത് ഞാൻ മാത്രമേ ജീവിച്ചിരിപ്പൊള്ളു.
വിക്ടറിന്റെ അമ്മ മരിച്ചു പോയി എന്ന ഓർമ്മ എന്റെ ഹൃദയത്തിന് തീ പിടിപ്പിച്ചു.
അന്ന് വൈകിട്ട് കുട്ടികളോടൊപ്പം ഭർത്താവും വന്നപ്പോൾ ഞാൻ കിടപ്പുമുറിയിൽ നിന്ന് കണ്ണീരൊളിപ്പിച്ച മുഖത്തോടെ അവരെ സ്വീകരിച്ചു.
രാത്രി വേണ്ടത്ര ഭംഗിയോ രുചിയോ ഇല്ലാത്ത ബ്ലാക്ക് ഫോറസ്റ്റ് മുറിച്ച് എസ്തറിന്റെ പിറന്നാൾ ആഘോഷിച്ചു.
വിക്ടർ മരിച്ചു കിടക്കുന്ന ദിവസം തന്നെ ദാവീദിന് കേക്ക് കഷണങ്ങൾ നൽകേണ്ടി വന്ന ദൗർഭാഗ്യമോർത്ത് ഞാൻ ഉളളിൽ കരഞ്ഞു.
അന്ന് അത്താഴ മേശയിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം മാത്രമേ ഞാൻ കുടിച്ചൊള്ളു.
കുട്ടികളെ ഉറക്കി കഴിഞ്ഞ് ഞങ്ങളുടെ കിടപ്പറയിലേക്ക് കയറുവാൻ എനിക്ക് വിരക്തി തോന്നി.
ഈ രാത്രിയെങ്കിലും തനിച്ച് കിട്ടിയിരുന്നെങ്കിൽ...
എങ്കിൽ എനിക്ക് ഹൃദയം പൊട്ടി ഒന്നു കരയാമായിരുന്നു.
ലോകത്തിലെ വിക്ടറിന്റെ അവസാനരാത്രിയിൽ, അവനു വേണ്ടി കരയാൻ അവശേഷിക്കപ്പെട്ട ഒരേയൊരു സ്ത്രീയെന്ന കടമ നിറവേറ്റാൻ കഴിഞ്ഞാൽ മാത്രമേ പിടഞ്ഞടിക്കുന്ന ഈ ഹൃദയം സ്വസ്ഥമാകു.
പക്ഷെ ഞാൻ മറ്റൊരാളുടെ ഭാര്യയാണല്ലോ എന്ന ചിന്തയിൽ ഇരുമ്പൊഴുകി വീണതു പോലെ മനസ്സ് പൊള്ളി.
വാതിൽ കടന്ന് അകത്തേക്ക് ചെല്ലുമ്പോൾ കട്ടിലിലിരുന്ന് അദ്ദേഹമെന്നെ അലിവോടെ നോക്കി
'നീയെന്താ ഫൂഡ് കഴിക്കാഞ്ഞത്?'
'ഒരു സുഖമില്ലായ്മ. ഉപവസിക്കണമെന്നു തോന്നി.'
ഭർത്താവ് ബെഡ്ഷീറ്റും തലയിണയും ചുരുട്ടിയെടുത്തപ്പോൾ ഞാൻ ആശ്ചര്യത്തോടെ നോക്കി.
'ഞാനിന്ന് ടെറസ്സിലാ കിടക്കുന്നത്. ഇവിടെ നല്ല ചൂട്..'
ഞാൻ എ.സിയുടെ നേർക്ക് നോക്കി.
അദ്ദേഹം വാതിൽക്കൽ ചെന്ന് എന്നെ അലിവോടെ നോക്കി.
'വിക്ടർ മരിച്ചു അല്ലെ.. നിനക്കിന്ന് ഉറക്കം വരില്ലെന്ന് അറിയാം. സാരമില്ല. അന്ന് പിരിയുമ്പോൾ അയാൾ പറഞ്ഞിരുന്നു ഈ ലോകത്ത് വിക്ടറിനു വേണ്ടി കരയാൻ നീയല്ലാതെ മറ്റാരുമില്ലെന്ന്. നാളെ ഇവിടുത്തെ പള്ളിയിൽ ദാവീദിനെ കൊണ്ടു പോണം. മരിച്ചവർക്കു വേണ്ടി കുർബാന ചൊല്ലിക്കണം.'
മറുപടി പറയാൻ ഞാനശക്തയായി.
അദ്ദേഹം പുറത്തിറങ്ങി വാതിൽ ചാരിയപ്പോൾ ഞാൻ പിന്നോട്ടു നീങ്ങി ചുമരിൽ ഭാരമർപ്പിച്ചു.
പതിയെ ഊർന്ന് താഴേക്കിരുന്നു.
രാത്രി മുഴുവൻ ഞാൻ കരയുക തന്നെയായിരുന്നു.
കണ്ണീരിൽ കഴുകി ഞാൻ വിക്ടറിന്റെ പാപങ്ങളെ മോചിപ്പിച്ചു.
പ്രാർത്ഥന കൊണ്ട് അവന്റെ ആത്മാവിനെ നിത്യശാന്തിയിൽ വിശ്രമിപ്പിച്ചു.
ആ രാത്രിക്കപ്പുറം എനിക്കൊന്നിനും കഴിയില്ല.
പിന്നെ ഞാൻ ഒരു ഭാര്യ മാത്രമാകേണ്ടിയിരുന്നു.
ദയാവായ്പ്പോടെ ഒരു രാത്രിയിൽ എന്നെ സ്വതന്ത്രമാക്കി വിട്ട അദ്ദേഹത്തിന്റെ മാത്രം ഭാര്യ !
End.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo