Slider

കോരനും കുമ്പിളും!

0
Image may contain: 1 person, closeup
****
രാവിലെ ജാനുവിന്റെ ഉറക്കം കണ്ടപ്പോൾ കോരനവളെ വിളിക്കാൻ തോന്നിയില്ല. പാവം !
രാത്രി മുഴുവൻ നല്ല ചുമയായിരുന്നു. ഇന്നവൾക്കു പണിക്കു പോവാനും പറ്റുമെന്ന് തോന്നുന്നില്ല.
കുറച്ചു കട്ടൻ വെള്ളം തിളപ്പിച്ച് കുടിക്കാമെന്നു കരുതി അടുക്കളയിലേക്കു ചെന്നപ്പോൾ, തീപ്പെട്ടിയിൽ ഒറ്റക്കൊള്ളിയില്ല .ഇനി കട ഏതെങ്കിലും തുറന്നു കിട്ടാൻ സമയമൊരുപാടാവും. ജാനുവിനെ ഉണർത്താതെ കോരൻ ഒരു സ്റ്റീൽ ഗ്ലാസും കൈയ്യിൽ പിടിച്ചു പുറത്തേക്കിറങ്ങി. അല്പം നടന്നാൽ വഴിവക്കിലേതേലും ചായക്കട തുറന്നിട്ടുണ്ടാവും. ജാനൂനും ഒരു കട്ടൻ വാങ്ങാം...
മുറ്റത്തിറങ്ങി രണ്ടടി നടന്നപ്പോൾ നേരെ “പൊടോന്നു” മുന്നിലേക്കു തെങ്ങിൽ നിന്നും ഒരു തേങ്ങാ താഴേക്ക് !
പാറേക്കാവ് ഭഗവതി കാത്തു .ഇച്ചിരി തെറ്റിയിരുന്നേൽ മണ്ടക്ക് തന്നെ വീണേനെ .. കുനിഞ്ഞ് തേങ്ങയെടുത്ത് മുറ്റത്തെ മൂലയിലേക്കെറിഞ്ഞു ,
തെങ്ങിന്റെ മണ്ടയിലേക്കു നോക്കാൻ ധൈര്യമില്ലാതെ, കോരൻ ചെറിയ പടിക്കെട്ടും കടന്നു പുറത്തേക്കു നടന്നു…
ഇന്നലെ സന്ധ്യക്ക് തിണ്ണയിൽ ജാനുവിന്റെ വരവും നോക്കിയിരിക്കുമ്പോൾ കോരൻ ആ തെങ്ങിന്റെ മണ്ടയിലേക്കു നോക്കിയതാണ്. പെട്ടെന്ന് തന്നെ ഉടലാകെ ഒരു വിറയൽ! വിറയ്ക്കുന്ന കൈകൾ കാലുകൾക്കിടയിലേക്കു തിരുകി കൂനി കൂടി ഇരിക്കുമ്പോൾ ജാനു കയറി വന്നു.
"നിങ്ങ എന്തിനാ അതിന്റെ മണ്ടേലോട്ടു നോക്കിയ? .ഇനി പഴേ പോലെ തെങ്ങി കേറാൻ വല്ല മോഹമുണ്ടേ അതങ്ങു കളഞ്ഞേക്ക് "
പണിക്കു നിൽക്കുന്ന വിമല ടീച്ചറുടെ വീട്ടിൽ നിന്നും കൊണ്ട് വന്ന പഴം പൊരിയുടെ പൊതി അവൾ തുറന്ന് അയാൾക്ക് നേരെ നീട്ടി. അത് വാങ്ങുമ്പോഴും കോരന്റെ കൈ വിറച്ചു.
“ഇതു നല്ല കൂത്ത് . എത്ര തെങ്ങി കേറിയിറങ്ങി നടന്ന മനുഷേനാ ? ഇപ്പം തെങ്ങേലോട്ടു നോക്കിയാല് വെറ. വയസാവുമ്പം സകല മനുഷേമാരുമിങ്ങിനാ “
അവളകത്തേക്കു കയറി പോയി..
കോരൻ നടന്ന് ,ഇടവഴിയും കടന്നു ..പൊതു വഴിയിലെത്തി.
രാവിലെ നടക്കാനും ഓടാനും പോവുന്ന ആളുകളാണ് വഴി നിറയെ..
വഴിയോരത്തു ചില ചായക്കടകൾ തുറന്നിട്ടുണ്ട്. മടിക്കുത്തിൽ മടക്കി വെച്ചിരിക്കുന്ന പണത്തിൽ തെരുപ്പിടിച്ചു കോരൻ മുന്നോട്ടു നടന്നു. അപ്പോഴാണ് എതിരെ വരുന്ന അബ്രഹാം ഡോക്ടറെ കണ്ടത്. സ്ഥിരമായി ഡോക്ടറുടെ പുരയിടത്തിൽ തെങ്ങു കയറിക്കൊണ്ടിരുന്നത് കോരനാണ്. ഡോക്ടറുടെ മക്കളെല്ലാവരും വിദേശത്താണ് .. തെങ്ങുകൾ നിറഞ്ഞു നിന്ന പുരയിടത്തിൽ ഓരോരുത്തരായി വീടും വെച്ചു.പിന്നെ അവശേഷിച്ച തെങ്ങിൽ കയറാൻ പുതിയ തരം മെഷീനും വാങ്ങി.. അങ്ങിനെ കൊല്ലങ്ങളായുള്ള അവിടത്തെ പണിയും നിന്നപ്പോൾ കോരനും വയസ്സായി.
ഓടാൻ പോവുന്ന ആളുകളിടുന്ന നീല നിറത്തിലെ പാന്റും ബനിയനും അതിനു ചേരുന്ന തൊപ്പിയും വെച്ച് ഡോക്ടർ വരുന്ന കണ്ടപ്പോൾ കോരന് അതിശയമായി. പണക്കാർക്കൊന്നും വയസ്സാവില്ലേ ?
ഇന്നാള് പലഹാരം പൊതിഞ്ഞു വന്ന കടലാസിലെ സിനിമാ നടന്റെ പടം കണ്ടു ജാനു പറഞ്ഞത് അയാൾ ഓർത്തു.
“ദേ നോക്കിയേ ..ഇയാക്കും നിങ്ങടെ പ്രായോണത്രേ . കടലാസെടുത്തപ്പം വിമല ടീച്ചര് പറഞ്ഞതാ. അല്ലേലും കാശൊള്ളോർക്ക് വയസ്സാവൂല .”
“അവർ കാശു മൊടക്കി മുടി കറപ്പിക്കണണ്ടാവുമെടിയേ.. “
“എന്നാലും ..ഈ മോന്തേലോട്ടു നോക്കിയേച്ച് നിങ്ങടെ മോന്തേം ആ കണ്ണാടില് നോക്കിയേ”
“നീ പോടീ കോതേ “അയാൾ ചിരിച്ചു. ഇടക്ക് സ്നേഹം കൂടുമ്പോൾ അവളെ കളിയായി വിളിക്കുന്നതാണ് കോതയെന്നു..
“എന്താ കോര ഒറ്റയ്ക്ക് നിന്നൊരു ചിരി? കാലം കുറെ ആയല്ലോ നിന്നെ കണ്ടിട്ട്.. ?”
അബ്രഹാം ഡോക്ടർ അടുത്തെത്തിയപ്പോൾ കോരൻ മടക്കി കുത്തിയ മുണ്ടഴിച്ചിട്ടു, കൈകെട്ടി നിന്നു.
"വയ്യ ഡാക്ടറെ .. അവള് പണീം ചെയ്തു വല്ലോം കൊണ്ട് വരുന്ന കൊണ്ട് കഞ്ഞിക്കു മുട്ടില്ല " കോരൻ വിടർന്ന കണ്ണുകളുമായി ഡോക്ടറെ നോക്കി. സിനിമാ നടൻ തന്നെ. കോരന്റെ അറിവിൽ ഡോക്ടർക്ക് 78 വയസ്സെങ്കിലും കാണും..
"നിന്റെ കവിളത്തു എന്താ കോരാ ഒരു ചീർപ്പ് ?"
" ഓ.. ഒത്തിരി നാളായി ഡാക്ടറെ.. പല്ലിനു ഒരു വിമ്മിട്ടം .ഒരു പാട് കാശാവുന്ന കൊണ്ട് നൊമ്പരം കൂടുമ്പം കടേന്നു ഗുളിക മേടിച്ചു വിഴുങ്ങും."
കോരൻ വലത്തേ കൈ കൊണ്ട് ചീർത്ത കവിളിൽ തൊട്ടു.
" ഞാനിപ്പോഴും രോഗികളെ നോക്കാറുണ്ട്. നീ വൈകിട്ട് ക്ലിനിക്കിലോട്ടു വാ കോരാ . നോക്കട്ടെ.. "
“ വല്യ ഉപകാരം ”
കോരൻ സന്തോഷത്തോടെ തലകുലുക്കി. അല്ലേലും അബ്രഹാം ഡോക്ടർ നല്ലവനാണ്. അവരൊക്കെ അപ്പനപ്പൂപ്പന്മാരുടെ കാലം മുതലേ നാട്ടിലെ പ്രമാണിമാരാണ്. പുതുപ്പണക്കാരല്ല. അങ്ങനെയുളളവർക്കാണ് കാശിനോട് ആർത്തി.. കോരൻ ചായക്കടയിലേക്കു നടന്നു..
ചായയും വാങ്ങി ചെല്ലുമ്പോൾ ജാനു തിണ്ണയിൽ എണീറ്റിരുപ്പുണ്ട്.
ജാനുവിന് ചായ കൊടുത്തു കോരൻ ഡോക്ടറെ കണ്ട വിശേഷം പങ്കു വെച്ചു.
"അല്ലേലും ഡാക്ടര് നല്ലവനാ.. നിങ്ങ ചെല്ല് .വേദനേം വെച്ച് എത്ര ദെവസാ നടക്കുന്നേ ?”
വൈകിട്ട് ചെന്നപ്പോൾ ഡോക്ടറുടെ ക്ലിനിക്ക് കണ്ടു കോരനതിശയപ്പെട്ടു. വീടിനോട് ചേർന്ന് ചെറിയ കേട്ടിടത്തിലാണ് ക്ലിനിക് . കോരൻ അകത്തേക്ക് കയറി . ആദ്യം കണ്ട മുറിയിൽ വരുന്നവരുടെ പേരെഴുതാൻ ഒരു പെൺകുട്ടി.
ഈ പെണ്ണ് കാശു വല്ലോം ചോദിക്കുമോ ?കോരൻ മടിച്ചു മടിച്ചു ഡോക്ടർ വരാൻ പറഞ്ഞ കാര്യമവളെ അറിയിച്ചു.
അകത്തു പോയി വന്ന അവൾ, അയാളെ മറ്റൊരു മുറിയിലേക്ക് കയറ്റി വിട്ടു. അബ്രഹാം ഡോക്ടർ കോരനെ കണ്ടു ചിരിച്ചു .
കോരനെ പരിശോധിച്ച് ഡോക്ടർ മേശ വലിപ്പിൽ നിന്നും രണ്ടു മൂന്ന് തരം ഗുളികകൾ കൊടുത്തു .കഴിക്കുന്ന വിവരവും വിശദീകരിച്ചു.
“ പല്ലിനു പണി കുറെയുണ്ട് കോരാ .ഈ ഗുളിക കഴിച്ചു പഴുപ്പ് മാറ്റി വാ “
കോരൻ പുറത്തേക്കിറങ്ങിയപ്പോൾ പെൺകുട്ടി ഓർമിപ്പിച്ചു. “മൂന്ന് ദിവസം കഴിഞ്ഞു വരണം.”
അയാൾ തല കുലുക്കി.. പുറത്തേക്കു നടന്നു.
“അല്ലേലും ഡാക്ടർ നല്ലവനാ .. പഴേതൊന്നും മറക്കാത്തതു നല്ല മനസ്സുള്ളോരാ .. “
പല്ലു കാണിച്ചു വന്നു വിശേഷം പറഞ്ഞപ്പോൾ ജാനു പറഞ്ഞു "പൊറത്തു കാണിച്ചാ എന്തോരം കാശാവും .ഡാക്ടറെ ദൈവം തൊണക്കും "
“പട്ടിണീം പരിവട്ടോമായി കഴിയണ നമ്മളെ ഡാക്കിട്ടർക്ക് നന്നായി അറിയും ജാനു.” നെന്റെ കാര്യത്തില് മക്കളില്ലാത്തതു നന്നായീ കോരാ”ന്ന് പല്ലു നോക്കി കൊണ്ടിരിക്കുമ്പോഴും അങ്ങേരു പറഞ്ഞു..”
നാലു ദിവസം കഴിഞ്ഞു പണിക്കിറങ്ങുമ്പം ജാനു കോരനെ ഓർമിപ്പിച്ചു.
” ഡാക്ടർരുടെ അടുത്ത് കാലത്തേ പൊക്കോ “
പുറപ്പെടാൻ നേരം കോരൻ മുറിക്കണ്ണാടിയിൽ നോക്കി . കവിളത്തു ചീർപ്പ് കുറഞ്ഞിട്ടുണ്ട്. നല്ല കൈപുണ്യമുള്ള ഡോക്ടർ. അല്ലേൽ ഈ പ്രായത്തിലും വേല തുടരുമോ ? കാശിന് ആവശ്യമൊന്നുമില്ലല്ലോ? എന്നിട്ടും പുണ്യ പ്രവൃത്തി കൊണ്ട് എത്ര പേരുടെ വേദന മാറ്റുന്നു.. നല്ലതു വരട്ടെ!
ഇടവകയിലെ വലിയ പള്ളിക്കു മുന്നിലെത്തിയപ്പോൾ ,കൈ വിടർത്തി നിൽക്കുന്ന കർത്താവിന്റെ വലിയ രൂപം. അതിലേക്കു നോക്കി കോരൻ ഡോക്ടർക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ക്ലിനിക്കിലേക്കു നടന്നു.
ഒന്നര മണിക്കൂറോളം അബ്രഹാം ഡോക്ടർ കോരന്റെ പല്ലുമായി മല്ലിട്ടു..
ഒടുവിൽ കോരൻ ഡോക്ടറുടെ മുറി വിട്ടു പുറത്തേക്കിറങ്ങിയപ്പോൾ പെൺകുട്ടി കുറെ മരുന്ന് പൊതികളും ഒരു കടലാസും അയാളുടെ കൈയിൽ കൊടുത്തു. കോരൻ മുറിയിൽ പ്രകാശിച്ചു നിൽക്കുന്ന ട്യൂബ് ലൈറ്റിന്റെ അടിയിലേക്ക് മാറി നിന്ന്
കണ്ണുകൾ ഇറുക്കി പിടിച്ചു ,കടലാസിലേക്ക് നോക്കി .ശീതികരിച്ച മുറിയിലും അയാൾ വിയർത്തു. പിന്നാലെ വന്ന അബ്രഹാം ഡോക്ടർ പറഞ്ഞു.
"പണം ഉടനെ കൊടുക്കേണ്ട കോരാ .. നീ നാലു മാസം കൊണ്ടടച്ചാൽ മതി.. രണ്ടു ദിവസം കഴിയുമ്പോൾ ആയിരം കൊണ്ട് അടക്ക്. നിന്നോടത്രയെങ്കിലും ഞാൻ ചെയ്യേണ്ടേ? " ഡോക്ടർ അകത്തെ മുറിയിലേക്ക് നടന്നു.
കോരൻ തളർന്ന കാലുകളുമായി പുറത്തേക്കു ..
പള്ളിക്കു മുന്നിലെത്തിയപ്പോൾ കർത്താവിന്റെ രൂപത്തിലേക്ക് നോക്കി കോരനുറക്കെ ചോദിച്ചു -
" ഒള്ളവന് നീ പിന്നേം ഒണ്ടാക്കുമ്മല്ലേ? കോരനെന്നും കഞ്ഞീം.. ഇതേതു കോത്താഴത്തെ ന്യായം കർത്താവേ ?"
കോരൻ വീട്ടിലെത്തി .ദേഹത്ത് കിടന്ന ഷർട്ടൂരി അയയിൽ ഇട്ടു, തോർത്തെടുത്തു തോളിലിട്ടു.
വർഷങ്ങളായ് അകത്തെ മുറിയിൽ ഉത്തരത്തിൽ സൂക്ഷിച്ചിരുന്ന തളപ്പെടുത്തു പൊടി തട്ടി..
കോരൻ പുറത്തിറങ്ങി.. മുറ്റത്തെ തെങ്ങിലേക്കു അല്പനേരം നോക്കി അയാൾ നിന്നു.
"അബ്രാം ഡാക്ടർക്ക് എഴുപത്തിയെട്ടുവയസില് നാട്ടുകാരുടെ പല്ലു നേരേയാക്കാമെങ്കി ഈ കോരന് അറുപത്തിയെട്ടി തെങ്ങി കേറി രണ്ടു തേങ്ങായിടാം..."
ആരോടെന്നില്ലാതെ പിറുപിറുത്തു, തോളിൽ നിന്നും തോർത്തെടുത്തു ആഞ്ഞു വീശി കോരൻ ഇടവഴിയിലേക്കിറങ്ങി നടന്നു.. ** സാനി മേരി ജോൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo