
അടുക്കളയാണ് എന്റെ എത്തിനോട്ടത്തിന്റെ ആസ്ഥാന കേന്ദ്രം. വീടിന്റെ മുൻവശത്താണ് കിച്ചൺ എന്നുള്ളതുകൊണ്ട് മുൻവശത്തെ ചെറിയ വഴിയിലൂടെ പോകുന്ന ഒരു മാതിരിപ്പെട്ട എല്ലാവരേയും എത്തിനോക്കി നിരീക്ഷിക്കുക എന്നത് വളരെ വിനോദമുള്ള ഒരു ഏർപ്പാടായിട്ടാണ് തോന്നിയിട്ടുള്ളത്. അടുക്കള ജനലിൽ ഒരു നേർത്ത കർട്ടനുള്ളതുകൊണ്ട് പെട്ടെന്ന് നടന്നു പോകുന്നവർക്ക് വീടിനുള്ളിലുള്ളവരെ കാണാനും പറ്റില്ല. അങ്ങനെ എത്തിനോക്കുമ്പോൾ കരിഞ്ഞു പോകുന്ന ദോശകളും അടിയിൽപ്പിടിക്കുന്ന കറികളും ഞാൻ ഒട്ടും തന്നെ കാര്യമാക്കാറില്ല.
അങ്ങനെ വിന്റർ കഴിഞ്ഞ് സമ്മറെത്തി. നയന മനോഹര കാഴ്ചകളാണ് എങ്ങും. നിറയെ പൂത്തു തളിർത്തു നിൽക്കുന്ന വൃക്ഷലതാദികൾ, ഇറക്കം കുറഞ്ഞ വസ്ത്രങ്ങളണിഞ്ഞ തരുണീമണികൾ, തലങ്ങും വിലങ്ങും സൈക്കിളോടിക്കുന്ന കുട്ടികൾ, വളർത്തുനായ്ക്കളെയും കൂട്ടി നടത്തത്തിനിറങ്ങുന്ന വൃദ്ധജനങ്ങൾ….. എന്തിനേറെപ്പറയുന്നു സമ്മർ ആഘോഷിക്കാൻ എല്ലാവരും വീടുവിട്ട് പുറത്തിറങ്ങിത്തുടങ്ങി. എന്റെ ദോശകളും കറികളും കൂടുതൽ കരിഞ്ഞു തുടങ്ങി.
അങ്ങനെ ഒരു ദിവസം എന്റെ നിരീക്ഷണത്തിന്റെ ഭാഗമായി വളരെ അല്പവസ്ത്രധാരിണിയായ ഒരുത്തിയെ എത്തി നോക്കി എന്റെ കണ്ണുകൾ എന്റെ മനസ്സിനോട് ഇപ്രകാരം ചോദിച്ചു
" ഇതെന്ത് ഡ്രസടാപ്പാ ഈ പെണ്ണുമ്പിള ഇട്ടേക്കുന്നത്?”
അതിന്റെ ഉത്തരം എന്നേക്കാൾ തല എത്തിച്ച് നോക്കിക്കൊണ്ടിരുന്ന എന്റെ നല്ല പകുതിയിൽ നിന്നും വളരെ പെട്ടെന്ന് എനിക്ക് ലഭിച്ചു.
" ഇതെന്ത് ഡ്രസടാപ്പാ ഈ പെണ്ണുമ്പിള ഇട്ടേക്കുന്നത്?”
അതിന്റെ ഉത്തരം എന്നേക്കാൾ തല എത്തിച്ച് നോക്കിക്കൊണ്ടിരുന്ന എന്റെ നല്ല പകുതിയിൽ നിന്നും വളരെ പെട്ടെന്ന് എനിക്ക് ലഭിച്ചു.
" ശരിയാടീ നീ പറഞ്ഞത് ഇതെന്ത് ഡ്രസാണോ എന്തോ?”
"ങ്ങേ, ഞാൻ മനസ്സിൽ പറഞ്ഞത് നിങ്ങളെങ്ങനെ കേട്ടു ചേട്ടാ '’
"നമ്മൾ ഒന്നല്ലേടീ അപ്പോ അതൊക്കെ കേൾക്കും"
" എന്നിട്ട് നേരത്തേ നടന്നു പോയ അപ്പൂപ്പന് കാലിന് ഇന്ന് തീരെ വയ്യല്ലോ എന്ന് ഉറക്കെപ്പറഞ്ഞത് കേൾക്കാൻ ഇവിടെ ഒരു ഈച്ചക്കുഞ്ഞു പോലും ഉണ്ടായില്ലല്ലോ?അപ്പോ നിങ്ങക്കും ഈ സൂക്കേട് ഉണ്ടല്ലേ?”
" അതേടീ നിന്നെ സഹായിക്കാൻ വരുന്നേന് എനിക്ക് ഇതു തന്നെ കിട്ടണം. ഞാനി അടുക്കളയിൽ നിന്നും രാജി വച്ചിരിക്കുന്നു. ഇന്നാ എന്റെ രാജിക്കത്ത് " തിന്നുകൊണ്ടിരുന്ന പാത്രം എന്നെ ഏൽപ്പിച്ച് ആള് സ്ഥലം വിട്ടു.
ഞാൻ മാത്രമല്ല എന്റെ അടുത്ത വീട്ടിലെ മദാമ്മയും ഈ സൂക്കേടിന് അടിമപ്പെട്ടിരിക്കുന്നു എന്ന് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ എനിക്ക് മനസ്സിലായി. ജോലി കഴിഞ്ഞ് വന്ന എന്നെ വഴിയിൽ തടഞ്ഞു നിർത്തി ഞങ്ങളുടെ വീടിന്റെ മുൻവശത്തെ ലെറ്റർ ബോക്സ് ആരോ തുറന്നു നോക്കിയെന്നും അതിന് ഉടനെ ഒരു ലോക്ക് പിടിപ്പിക്കണമെന്നും നിർദ്ദേശിക്കുകയുണ്ടായി. കൂട്ടത്തിൽ വീടിന്റെ മുന്നിൽ വരുന്നവരേയും പോകുന്നവരേയും അവർ എപ്പോഴും ശ്രദ്ധിക്കാറുണ്ട് എന്നും കൂട്ടിച്ചേർത്തു. അവരുടെ സംഭാഷണത്തിൽ നിന്നും അവർക്കും എനിക്കും ഒരേ സൂക്കേടാണെന്ന് വളരെപ്പെട്ടെന്ന് മനസ്സിലായി.
അങ്ങനെ ഒരു ദിവസം ചിക്കൻ കറിയോ മറ്റോ ഉണ്ടാക്കുന്നതിനിടയിൽ വഴിയിൽ കൂടെ നടന്നു വന്ന ഒരു മദ്ധ്യവയസ്ക്കൻ എന്റെ ജനാലയ്ക്ക് മുന്നിലെത്തിയതും പെട്ടെന്ന് കമിഴ്ന്നടിച്ച് നിലത്തു വീണതും ശ്രദ്ധയിൽപ്പെട്ടു. എന്റെ മനസ്സിലൂടെ ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് തുടങ്ങിയ അസുഖങ്ങളുടെ നീണ്ട നിര തന്നെ വന്നു.എന്നിലെ മാലാഖ സടകുടഞ്ഞെഴുന്നേറ്റു. അയാളെ എങ്ങനേം രക്ഷിച്ചേ മതിയാവൂ. ഫസ്റ്റ് എയ്ഡിന്റെ ബാലപാഠങ്ങളൊക്കെ മനസ്സിലേക്ക് ഇരച്ചെത്തി. അടുത്തത് പ്രവൃത്തിയാണ് (Action). ആമ്പുംലൻസ് വിളിക്കാൻ മൊബൈലും കയ്യിലെടുത്ത് പുറത്തേക്കോടി. (പോകുന്നതിനു മുൻപ് ആരുടേയോ ഭാഗ്യത്തിന് ഗ്യാസ് ഓഫ് ചെയ്തു. അല്ലെങ്കി മൊത്തം വീടും കത്തിപ്പോയേനെ. ആബുംലൻസ് വിളിക്കാൻ പോയ ഞാൻ എന്റെ വീട് കത്തുന്നു എന്ന് പറഞ്ഞ് ഫയർ റെസ്ക്യുവിനെ വിളിക്കേണ്ടി വന്നേനെ സുഹൃത്തുക്കളെ )
അങ്ങനെ കമിഴ്ന്നടിച്ചു കിടക്കുന്ന ആ മനുഷ്യന്റെ അടുത്തെത്തി സൂക്ഷിച്ചു നോക്കി.CPR കൊടുക്കുന്നതിനു മുൻപ് അയാളെ മലർത്തിക്കിടത്തണം. ശ്വാസം വലിക്കുന്നുണ്ടോ എന്ന് സൂക്ഷിച്ചു നോക്കി. എന്റെ ശ്വാസം കുറച്ചു നേരം നിന്നതു കൊണ്ടോ പുറത്തെ മുട്ടൻ വെയിലിലേക്ക് ചാടിയിറങ്ങിയതു കോണ്ടോ കണ്ണ് തീരെ പിടിക്കാത്ത പോലെ. അയാളുടെ നെഞ്ചത്ത് ഇടിക്കുന്നതിനു മുൻപ് തോളെല്ലുകൾക്കിടയിൽ വേദനിപ്പിക്കും വിധം അമർത്തി നോക്കി. വേദനിച്ചതും അയാൾ ചാടിയെഴുന്നേറ്റ് ഒരു മുട്ടൻ തെറി. (പല തരം തെറികൾ കേട്ടിട്ടുണ്ട് സുഹൃത്തുക്കളെ.ഇത് പക്ഷെ പുതിയത് ഏതാണ്ട് ഒരെണ്ണം ആയിരുന്നു) അയാൾ നിലത്തുറയക്കാത്ത കാലുമായി നടന്നു നീങ്ങി. ഈശ്വരാ ഈ കള്ളുകുടിയനേ യാണോ ഞാൻ രക്ഷിക്കാൻ പോയത്.
നാണം കെട്ട് നനഞ്ഞ കോഴിയെപ്പോലെ വന്ന ഞാൻ അടുത്ത വീട്ടിലെ മദാമ്മയുടെ ജനലിലേക്ക് പാളി നോക്കി. അവരവിടെ ഉണ്ടോ ആവോ?
അതിനേക്കാൾ ചങ്കു കത്തിയത് വീട് തുറക്കാൻ നോക്കിയപ്പോഴാണ്. വെപ്രാളത്തിനിടയിൽ വാതിൽ വലിച്ചടച്ചിരുന്നു. താക്കോൽ എടുത്തിട്ടും ഇല്ല. ആളെ രക്ഷിക്കാൻ പോയി പെരുവഴിയിലായല്ലോ ഈശ്വരാ….
വീടിന്റെ മുന്നിൽ നിന്നും പരുങ്ങുന്ന എന്നെ വഴിയിൽക്കൂടെ പോയ ഒന്നു രണ്ടു പേർ സൂക്ഷിച്ചു നോക്കി. വീട് കുത്തിത്തുറക്കാൻ നിൽക്കുന്ന കള്ളനെ നോക്കുന്ന പോലെ തന്നെയാണ് അവരെന്നെ നോക്കിയത്. എന്റെ സ്വന്തം വീടാണെന്ന് എനിക്ക് മാത്രല്ലേ അറിയൂ.
എന്തിനധികം നിൽപ്പു നിർത്തി ഒരു സ്റ്റെപ്പിൽ ഇരിപ്പാക്കി. ആരെങ്കിലും കണ്ടാൽ വെയിലു കായാൻ ഇരിക്കുകയാണെന്ന് തോന്നിക്കോട്ടെ.ഏത് സമയത്താണോ ചാടി പുറത്തിറയത്.ഇനി താക്കോൽ കിട്ടണമെങ്കിൽ കെട്ട്യോൻ ജോലി കഴിഞ്ഞ് വരണം. അപ്പോഴത്തെ എന്റെ ഇരിപ്പ് ആരോ ഏതോ സിനിമയിൽ മീൻ കൊട്ടയിലെ ഈച്ചയെ ഓടിച്ചിരിക്കുന്നതിനു തുല്യമായിരുന്നു.
അങ്ങനെ നാണം കെട്ട് നാറി തെറിയും കേട്ടിരിക്കുന്ന എന്റെ മുന്നിലേക്ക് ദൈവദൂതനേപ്പോലെ എന്റെ കെട്ട്യോൻ താക്കോലും തൂക്കി കയറി വന്നു.ആദ്യമായിട്ടാണ് അങ്ങേർ ഒരു ദൈവദൂതനാകുന്നത്.
"ഇതെന്താടീ പുറത്തിരിക്കുന്നത്. നിന്നെ ആരാ പുറത്താക്കിയേ?”
" വാതില് തുറക്ക് ചേട്ടാ അതൊരു കഥയാ”
എന്റെ നാണം കെട്ട കഥ കേട്ട അങ്ങേര് ചിരിച്ചു ചിരിച്ചു ദൈവദൂതനിൽ നിന്നും ലൂസിഫറായി മാറുകയാണോ എന്ന് ഞാൻ സംശയിച്ചു.
" ചിരിച്ചത് മതി. ആ ജനലിന് ഒരു കട്ടിയുള്ള കർട്ടനോ ബ്ലെൻഡ്സോ വാങ്ങിച്ചിടണം. ഇനി ഞാൻ ഒരാളേം രക്ഷിക്കാൻ പോണില്ല.”
എന്റെ നാണം കെട്ട കഥ കേട്ട അങ്ങേര് ചിരിച്ചു ചിരിച്ചു ദൈവദൂതനിൽ നിന്നും ലൂസിഫറായി മാറുകയാണോ എന്ന് ഞാൻ സംശയിച്ചു.
" ചിരിച്ചത് മതി. ആ ജനലിന് ഒരു കട്ടിയുള്ള കർട്ടനോ ബ്ലെൻഡ്സോ വാങ്ങിച്ചിടണം. ഇനി ഞാൻ ഒരാളേം രക്ഷിക്കാൻ പോണില്ല.”
എന്റെ ലൂസിഫർ പിന്നേയും ചിരിച്ചു.
"എടീ അങ്ങനെയല്ല, അപകടത്തിൽ പെടുന്ന ഒരാളെ രക്ഷിക്കുക എന്നത് മനുഷ്യന്റെ സഹജവാസനയാണ്. അല്ലെങ്കിൽ കടമയാണ്. അവിടെ ഒരാൾ ശരിക്കും അസുഖം വന്ന് വീണാലോ. അപ്പോ ഓടിപ്പോയി രക്ഷിക്കാൻ ശ്രമിക്കുക തന്നെ വേണം. അതു കൊണ്ട് കർട്ടൻ മാറണ്ട കേട്ടോ “
എന്റെ ലൂസിഫർ വളരെപ്പെട്ടെന്ന് ഒരു ഗബ്രിയേൽ മാലാഖയായി മാറിയെന്ന് തീർച്ചയായും എനിക്ക് തോന്നി.
ഡിന്റാ ജോമോൻ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക