
"എന്തായി കുട്ടാ, നീയ്യന്ന് പറഞ്ഞ ആ കുട്ടീടെ കാര്യം, അവരെന്തെങ്കിലും പറഞ്ഞ്വോ?"
എറയത്ത് കയറിയപ്പോള്‍ തന്നെ അടുക്കളയില്‍ നിന്നും അമ്മയുടെ ശബ്ദം കേട്ടു. അമ്മാമന്‍ വന്നിട്ടുണ്ട്, പുറത്ത് ചവിട്ടുപടിയിന്മേല്‍ അമ്മാവന്റെ ചെരുപ്പുകള്‍ കിടപ്പുണ്ട്.
"ഓപ്പോളേ, അവര്‍ക്ക് ഫോട്ടോല് അനിയനെ ഇഷ്ടായി, പക്ഷെ, ജോലി കഴകാന്ന് പറഞ്ഞപ്പോള്‍ അവര് പിന്മാറി."
ഇത് ഒരു പുതിയ കാര്യം അല്ല. എത്രയോ ആലോചനകള്‍ വന്നു. കഴകമാണ് ജോലി എന്ന് കേട്ടാല്‍ പിന്നെ ആരും ആലോചന മുന്നോട്ട് കൊണ്ടുപോവില്ല.
"അവന്‍ പഠിച്ചതല്ലേ, എഞ്ചിനീയറിംഗ് കഴിഞ്ഞിട്ടുണ്ട് ന്നൊക്കെ പറഞ്ഞില്ല്യെ നീയ്യ്.."
"ന്റെ ഓപ്പോളേ, ആള്‍ക്കാരുടെ നോട്ടത്തില്‍ അവന്‍ കഴകക്കാരന്‍ അല്ലെ"
"ഒരേക്കറിലും അധികം ഭൂമീണ്ട്, അതില്‍ അവന്‍ കൃഷീം ചെയ്യുണ്ട്, അമ്പലത്തീന്നുള്ള വരുമാനം വേറേം, പൊറത്ത് പോയി ജോലി ചെയ്താലും ഇത്രക്കൊക്കെ അല്ലെ ഇണ്ടാക്കാന്‍ പറ്റൂ"
"ഇപ്പ്ളത്തെ പെങ്കുട്ട്യോള്‍ക്ക് പത്താം ക്ലാസ്സെള്ളൂച്ചാലും കൊഴപ്പല്ല്യ, ജോലി പൊറത്താണെങ്കില്‍ കല്ല്യാണം നടക്കും. കഴകംന്ന് കേട്ടാലോ പുച്ഛം ആണ്"
"ന്ന്വെച്ച് കഴകം ചെയ്യാണ്ടിരിക്കാന്‍ പറ്റ്വോ? മാരാമ്മാരെ കണ്ട് പഠിക്കണം, അവര്‍ക്കൊക്കെ അഭിമാനാ മാരാരാണ്ന്നു പറഞ്ഞാലും, കൊട്ടാന്‍ പോവ്വാണെങ്കിലും ഒക്കെ, അങ്ങിനെ വേണം"
"ന്താ അമ്മാവാ, അമ്മ വിടാള്ള ലക്ഷണം ഇല്ല്യാല്ലേ, ?"
"ങാ.. അനിയന്‍ വന്ന്വോ, രാമൻ തിരുമേനീം ഉണ്ടല്ലോ. അച്ഛൻ തിരുമേനിക്ക് സുഖാണോ, ശ്ശി കാലായീ കണ്ടിട്ട്... "
"അച്ഛന് വയ്യ വാര്യരേ, അധികോം കെടപ്പന്ന്യാ"
"രാമൻ കേറിണില്ല്യേ " അമ്മ ചോദിച്ചുകൊണ്ട് പുറത്ത് വന്നു.
"ഇല്ല്യ വാരസ്യാരെ, ഇല്ലത്ത് പോയിട്ട് പിടിപ്പത് പണീണ്ട്. അനിയൻകുട്ടി കൊട എടുത്ത്ണ്ടായില്ല്യാ അപ്പോ ഇങ്ങട്ട് ആക്കാംന്ന് കരുതി. "
" അച്ഛൻ തിരുമേന്യോട് അനിയന്റെ സമയം ഒന്ന് നോക്കണം ന്ന് പറയൂട്ടോ. കല്ല്യാണം ഒന്നും അങ്ങ്ട്ട് ശെര്യാവ്ണില്ല്യ. അദ്ദേഹം പറഞ്ഞാൽ അത്രേം കണിശാ ..."
തലയാട്ടിക്കൊണ്ട് രാമൻ തിരുമേനി നടന്നുപോയി.
" നീ വന്നിട്ട് ഇറങ്ങാംന്നിരീച്ച് ഇരിക്ക്യാരുന്നു. നാളെ ഒരു ക്രിയേണ്ട്, നിന്നെ വിളിക്കാംന്ന് വെച്ച് വന്നതാ, നമ്മടെ രാഘവേട്ടന്റെ പിണ്ഡം അല്ലെ, ആദ്യത്തേന് ഇരുന്നു നേരത്തെ പോന്നോ, ന്ന്ട്ട് അമ്പലത്തില്‍ പോവ്വാം." അമ്മാമൻ പറഞ്ഞു.
"കുറേശ്ശെ നീരെളക്കംണ്ട് അമ്മാവാ, പനിച്ചില്ല്യെങ്കില്‍ ഞാന്‍ വരാം.."
"നീയ്യ് വരിണ്ടെങ്കില്‍ പറയണം, ഞാനും നെന്റെ കൂടെ വണ്ടീല്‍ വരാം. ഇല്ല്യെങ്കില്‍ ഇന്ന് രാത്ര്യെന്നെ പോണ്ടി വരും.."
"ഞാന്‍ വിളിക്കാം അമ്മാവനെ, മിക്കവാറും ണ്ടാവും. അല്ലെങ്കില്‍ തന്നെ ക്രിയക്ക് വാര്യംമാരെ കിട്ടണില്ല്യന്നാ വാദ്ധ്യാര്‍ ശേരേട്ടന്‍ പറയണേ."
"ഓപ്പളെ, ഞാന്‍ ഇറങ്ങാട്ടോ." അമ്മാവൻ പോകാനൊരുങ്ങി
"ഇതെന്താ അമ്മാവന്റെ കയ്യിൽ ഒരു പേപ്പർ?"
"അത് നിന്റെ തലക്കുറ്യാ, തീർത്ഥം മാസികയിലേക്ക് അയച്ചു കൊടുക്കാം ന്ന് വെച്ചു . " കയ്യിലുള്ള പേപ്പർ എന്റെ നേരേ നീട്ടി.
"വാരിയർ യുവാവ്, എൻഞ്ചിനിയർ, തൊഴിൽ കഴകം, വയസ്സ് മുപ്പത് ... "
മുഴവൻ വായിക്കാതെ ആ പേപ്പർ തിരിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു.
"എന്താ അമ്മാവാ ഇതിന്റെ ആവശ്യം. സമയാവുമ്പോ നടക്കും. ഇനിപ്പോ കല്ല്യാണം നടന്നില്ല്യാച്ചാലും എനിക്ക് വിരോധല്ല്യ"
"കുട്ടാ, അനിയൻ പറയണതൊന്നും കേക്കണ്ട. നീയ്യൊന്ന് മനസ്സിരുത്തി നോക്കൂട്ടോ, ഇനിപ്പോ വാര്യര്ന്നെ വേണംന്ന് ഒന്നൂല്ല്യ, ഷാരട്യോ, മാരാരോ, നമ്പീശനോ, ആയാലും കുഴപ്പല്ല്യാ. അമ്പലവാസികള്‍ അല്ലെ"
"ങാ, ഞാന്‍ നോക്ക്ണ്ട്..."
"കുട്ടാ, സൂക്ഷിച്ച് പോണംട്ടോ, നല്ല മഴേണ്ട്, ചവിട്ടുപടീമേ വഴുക്കലുണ്ടാവും."
അമ്മാമന്‍ നടന്നകന്നു പോകുന്നതും നോക്കി അമ്മ ഇരുന്നു.
"നെനക്ക് അമ്മ്യോട് ദേഷ്യം തോന്നുണ്ടാവും ഇല്ല്യെ അനിയാ ഈ ഓണംകേറാ മൂലേല് നിന്നെ തളച്ചിട്ടേന്."
"അമ്മക്കെന്താ പ്രാന്തുണ്ടോ? എനിക്കീ നാട്ടിന് പുറത്ത് ജീവിച്ച് മടുത്തു, അതോണ്ടാ ഞാന്‍ പോന്നെ"
"നീ വന്ന് ദോശ കഴിച്ചോ, ദോശപ്പൊടീണ്ട്, ഒടച്ച തേങ്ങ ഒന്നൂല്ല്യ, മഴേത്ത് തേങ്ങ പൊതിക്കാന്‍ ഒരു മടി, നെനക്ക് വേണംച്ചാ ആക്കാം, അഞ്ചു മിനിട്ടെ വേണ്ടൂ."
"ദോശപ്പൊടി മതി. ഇനി ചട്ണി ഒന്നും ഇണ്ടാക്കണ്ട..അമ്മേം വരൂ കഴിക്കാൻ"
"നീയ്യിരുന്നോ, ഞാന്‍ പിന്നെ കഴിച്ചോളാം.."
"അമ്മ വരൂ, ഇനി പിന്നെ എപ്പളാ” ഞാൻ ഒന്ന് ഒച്ച കടുപ്പിച്ചു.
"നിന്റെ ഓരോ ശാഠ്യങ്ങൾ, ഞാന്‍ ദാ വരുണൂ "
മുൻവശ്‌അതെ കാലത്ത് രണ്ടു മണിക്കൂർ അമ്മയുടെ ഭാഗവതം വായന. പേപ്പർ വായന, അതിനിടേല് അയൽപ്പക്കത്തെ തങ്കമണിചേച്ചി വരും. നാട്ടുവിശേഷങ്ങൾ ഒക്കെ അവർക്കറിയാം. ഇവിടുത്തെ കാര്യങ്ങൾ പുറത്തെത്തിക്കലും അവരാണ്.
പ്രാതല്‍ കഴിച്ചു കുറച്ചു നേരം തട്ടുമ്പുറത്ത് പോയി ഇരുന്നു. രണ്ടും രണ്ട് ലോകമാണ്. താഴെ തനത് നാടന്‍ ശൈലിയിലുള്ള ഒരു വാരിയം, മുകളില്‍ എല്ലാ ആധുനിക സൌകര്യത്തോടും കൂടിയ ഒരു വീട്. കല്യാണം കഴിഞ്ഞു വരുന്ന പെണ്‍കുട്ടിക്ക് വേണ്ടി അമ്മ തന്നെ നിര്‍ബന്ധിച്ച് ഉണ്ടാക്കിപ്പിച്ചതാണ്. ഇവിടമാണ് എന്റെ ലോകം. എഴുത്തും വായനയും ഇവിടെ ഇരുന്നാണ്. പണ്ട് ബാംഗ്ലൂര്‍ വെച്ച് വാങ്ങിയ ഒരു ടിവിയുണ്ട്. ക്രിക്കറ്റ്, ഫുട്ബോള്‍ കളി കാണാന്‍ എന്റെ കൂട്ടുകാര്‍ വരും, ഞങ്ങള്‍ എല്ലാവരും കൂടി ഇരിക്കാനുള്ള സ്ഥലം കൂടിയാണ് ഈ തട്ടുമ്പുറം.
വരാന്തയില്‍ ഇരുന്നു മഴ കാണാന്‍ വല്ലാത്ത ഒരു രസമാണ്. മഴയുടെ ശക്തിയില്‍ തലതാഴ്ത്തി നില്‍ക്കുന്ന പ്ലാവിന്റെയും മാവിന്റെയും, കൂവളത്തിന്റെയും കൊമ്പുകൾ കാണാന്‍ തന്നെ ഒരു ഭംഗി ആണ്. പണ്ട് അച്ഛന്റെ കൂടെ അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകുമ്പോൾ ആദ്യം മുങ്ങിക്കയറി അച്ഛന്‍ തോര്‍ത്ത് മുണ്ട് പിഴിഞ്ഞ് തല തോര്‍ത്തിത്തരാന്‍ കാത്ത് നില്‍ക്കാറുള്ളത് ഓര്‍മ്മ വരും.
ഉച്ചക്ക് ഊണ് കഴിഞ്ഞ് അമ്മയും മുകളിൽ വരാന്തയിൽ വരും കിടക്കാൻ. അച്ഛനുള്ള കാലം തൊട്ടുള്ള ശീലമാണത്.
രാത്രി താഴെ തളത്തില്‍ അമ്മയുടെ കൂടെ കിടക്കും. അമ്മ നാലുമണി ആവുമ്പോഴേക്കും എണീറ്റ് കുളിച്ചു മാലകെട്ടും. ആറുമണി ആയാല്‍ ഞാനും എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോവും. പിന്നെ ഒമ്പതര വരെ അമ്പലത്തില്‍ ആണ്. വിശേഷപൂജകള്‍ ഉണ്ടെങ്കില്‍ പിന്നെയും വൈകും, അപ്പോള്‍ തിരുമേനി ഉപ്പുമാവും കാപ്പിയും ഉണ്ടാക്കും. വൈകീട്ട് ഞാന്‍ മാത്രമേ അമ്പലത്തിൽ പോകാറുള്ളൂ, അഞ്ചരക്ക് പോവും അത്താഴപൂജ കഴിഞ്ഞ് നട അടച്ചാല്‍ പോരും. വിശേഷങ്ങള്‍ക്കും പിന്നെ നിറമാലയും മറ്റും ഉണ്ടെങ്കിൽ അമ്മാവനും അമ്മായിയും കൂടും സഹായിക്കാൻ .
പാരമ്പര്യമായി കിട്ടിയ കഴകമാണ്. കുട്ടിയായിരുന്നപ്പോള്‍ മുതൽ ഞാനും പോകാറുണ്ട്. അന്ന് മുത്തച്ഛനും അമ്മമ്മയും എന്നെ എല്ലാം വിധിയാം വണ്ണം ചെയ്യാൻ പഠിപ്പിച്ചു തന്നിട്ടുണ്ട് തേവരുടെ അനുഗ്രഹമാണ് എല്ലാം എന്ന് അമ്മയും അച്ഛനും എപ്പോഴും പറയും. കാലത്ത് അമ്പലത്തിലെ കഴകം കഴിഞ്ഞു വന്നാല്‍ അച്ഛന്‍ പറമ്പിലേക്കിറങ്ങും, പിന്നെ ഉച്ചയാവും കയറാന്‍. സ്കൂള്‍ അവധി ദിവസങ്ങളിൽ എന്നെയും കൂട്ടും,, എല്ലാം എന്നെയും പഠിപ്പിക്കാറുണ്ട്.
പത്താം ക്ലാസ്സ് വരെ നാട്ടുമ്പുറത്തെ സ്കൂളില്‍ പഠിച്ചു, അത് കഴിഞ്ഞു പ്രീഡിഗ്രീക്ക് തൃശൂര്‍ സെന്റ് തോമസ് കോളേജില്‍. ഉയര്‍ന്ന മാര്‍ക്കോടെ പ്രീഡിഗ്രീ പാസ്സ് ആയി, ആദ്യത്തെ ശ്രമത്തില്‍ തന്നെ എന്‍ട്രന്‍സ് പാസ്സായി, തൃശൂര്‍ ഗവര്‍ന്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സിന് പ്രവേശനവും കിട്ടി.
എഞ്ചിനീയറിംഗിന് ചേര്‍ന്ന സമയത്ത് അച്ഛന്റെ കൃഷിയില്‍ കുറച്ച് നഷ്ടങ്ങള്‍ ഉണ്ടാക്കി. സാമ്പത്തികമായി കഷ്ടത്തിലായ സമയമായിരുന്നു അത്. ഞാന്‍ പ്രൈവറ്റ് ആയി ടുഷന്‍ എടുത്തും പിന്നെ ഒന്ന് രണ്ടു കോച്ചിംഗ് ക്ലാസ്സുകളില്‍ പഠിപ്പിക്കാന്‍ പോയും വട്ടച്ചിലവിനുള്ള പൈസ ഉണ്ടാക്കി . എഞ്ചിനീയറിംഗ് നല്ല മാര്‍ക്കോടെ പാസ്സ് ആയി.
അച്ഛന്റെ വളരെ അടുത്ത ഒരു കൂട്ടുകാരന്‍ ഒരു ശ്രീധരന്‍ നമ്പീശന്‍ ബാംഗ്ലൂരില്‍ ഉണ്ടായിരുന്നു. അദ്ദേഹം മുഖേന ബാംഗ്ലൂരില്‍ ഒരു കമ്പനിയില്‍ ജോലി കിട്ടി. അദ്ധേഹത്തിന്റെ തന്നെ ഒരു ഒറ്റമുറി വീടുണ്ടായിരുന്നു, അതില്‍ എനിക്ക് താമസിക്കാന്‍ സൗകര്യം ആക്കിത്തന്നു. പണ്ട് അദ്ദേഹം ബാംഗ്ലൂര്‍ വന്നപ്പോള്‍ താമസിച്ചിരുന്നതാണ്. ഞായറാഴ്ചകളില്‍ അദ്ധേഹത്തിന്റെ വീട്ടില്‍ പോവ്വും, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സഹായിക്കും.
അമേരിക്കന്‍ കമ്പനി ആയിരുന്നതിനാല്‍ നല്ല ശമ്പളം ഉണ്ടായിരുന്നു. ആദ്യം വാര്യം ഒക്കെ നന്നാക്കി. അയല്‍പ്പക്കത്തുകാര്‍ വീടും പറമ്പും വിറ്റപ്പോള്‍ അത് വാങ്ങി, അതിലെല്ലാം പിന്നീട് അച്ഛന്‍ കൃഷി നടത്തി. ഏതാണ്ട് അഞ്ചു വര്ഷം അവിടെ ജോലി ചെയ്തു.
അപ്പോഴാണ് അച്ഛന് പെട്ടെന്ന് വയ്യാതായത്. ഞാന്‍ നാട്ടിലെത്തുമ്പോഴേക്കും അച്ഛന്‍ മരിച്ചിരുന്നു.. അച്ഛന്റെ ക്രിയകള്‍ ഒക്കെ കഴിഞ്ഞു പോകുമ്പോള്‍ അമ്മയെയും കൊണ്ടുപോകാം എന്നാണ് കരുതിയത്. പക്ഷെ അമ്മക്ക് നാടും അമ്പലവും വാര്യവും ഒക്കെ വിട്ടു വരിക എളുപ്പമല്ലെന്ന് മനസ്സിലായി. അമ്മയുടെ ബന്ധത്തില്‍ പെട്ട ഒരു പ്രായമായ ചിറ്റ അമ്മക്ക് കാവലായി വീട്ടില്‍ താമസിച്ചു.
ആ സംവിധാനം കുറച്ചു മാസങ്ങള്‍ മാത്രമേ തുടരാന്‍ പറ്റിയുള്ളൂ, അപ്പോഴേക്കും ചിറ്റക്ക് അസുഖങ്ങള്‍ തുടങ്ങിയതിനാല്‍ അവര്‍ക്ക് പോകേണ്ടി വന്നു.
കൂടുതല്‍ ഒന്നും ആലോചിച്ചില്ല, ജോലി രാജി വെച്ച് നാട്ടിലേക്ക് തിരിച്ചു പോന്നു. അച്ഛന്‍ തുടങ്ങിവെച്ച കൃഷി ഞാന്‍ ഏറ്റെടുത്തു. അമ്പലവും കൃഷിയും ആയി ജീവിച്ചു പോരുന്നു. എന്റെ കല്ല്യാണം ഒന്നും ശരിയാവാത്തതില്‍ വളരെ വിഷമത്തിലാണ് അമ്മ.
കഴകം എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും പുച്ഛമാണ്, സ്വജാതിക്കാർക്ക് അടക്കം. കൊല്ലത്തിൽ മുന്നൂറ്ററുപത്തിയഞ്ചു ദിവസം മുടങ്ങാതെ ജോലി. ഉത്തരം പറയേണ്ടത് സ്വന്തം മനസ്സാക്ഷിയോട്. വല്ല പെറ്റപുലയോ മരിച്ചപുലയോ ഉണ്ടെങ്കിൽ പകരത്തിന് ആളാക്കണം. എന്നാലും ആ ദിവസങ്ങളിലും തേവരെ പോയി തൊഴുതില്ലെങ്കിൽ മനസ്സിന് എന്തോ ഭാരം പോലെയാണ്.
അതിനിടെ ഒരു പ്രണയം മനസ്സിൽ മൊട്ടിട്ടു വന്നതാണ്. കാലത്തും വൈകീട്ടും അമ്പലത്തിൽ തൊഴാൻ, എത്തിയിരുന്ന നളിനി . സ്വജാതി തന്നെയായിരുന്നു. പുതിയതായി നാട്ടിൽ താമസിക്കാൻ എത്തിയ മേജർ സാറിന്റെ മകൾ.
ഇരുനിറം, കാണാൻ വലിയ ഭംഗിയൊന്നും ഇല്ലെങ്കിലും കണ്ട് കണ്ട് അവളെ ഇഷ്ടപ്പെടാൻ തുടങ്ങി. ഒരിക്കൽ പോലും എന്റെ പ്രണയം ഞാൻ പറഞ്ഞില്ല. ഞാൻ മാലകെട്ടുമ്പോൾ അടുത്തിരുന്ന് പൂക്കൾ നന്നാക്കിത്തരും. ഒരിക്കൽ അമ്മ ചോദിച്ചു "നീയ്യാ കുട്ട്യായിട്ട് അടുപ്പത്തിൽ ആണോ” ന്ന്?. ഉത്തരം എനിക്കും അറിയില്ലായിരുന്നു.
ഒരു ദിവസം വൈകീട്ട് ദീപാരാധന തൊഴാൻ വന്നപ്പോൾ അവൾ പറഞ്ഞു "അനിയേട്ടാ. ഒരു സദ്യ ഒത്തിട്ട്ണ്ട് ന്ന്. " എന്താ വിശേഷം എന്നറിയാൻ അവളുടെ മുഖത്ത് നോക്കിയപ്പോൾ അവൾ പറഞ്ഞു. "ന്റെ കല്ല്യാണം നിശ്ചയിച്ചു. പയ്യൻ മർച്ചന്റ് നേവീലാ ". ഹൃദയത്തിൽ കല്ല് വെച്ചാണ് അത് കേട്ടത്.
"അനിയാ, ഓര്‍മ്മ വെച്ച കാലം തൊട്ട് തേവരെ തൊഴുത്, ജപിച്ച് , ഭജിച്ച്, സേവ ചെയ്തു ജീവിക്കണതല്ലേ നിങ്ങള് വാര്യത്തുകാര്. ഇന്ന്
പലര്‍ക്കും പേരുമ്മേ മാത്രേ വാര്യര്‍ ഉള്ളു , അത്യാവശ്യം കഴക അടിയന്തിരം എന്താണെന്ന് പോലും അറിയില്ല്യാ, എന്തിനാ മാല കെട്ടാമ്പോലും അറിയില്ല്യാ, തൊരു ജീവിതമാർഗ്ഗായിട്ടല്ല, ജീവിതലക്ഷ്യായിട്ടാ നിങ്ങൾളെ വാര്യക്കാര് ചെയ്യണേ, അതിന്റെ അനുഗ്രഹം തേവര് തരാണ്ടിരിക്കില്ല്യ, ഇതിലും നല്ലതാവും വെച്ചിട്ടുണ്ടാവ്വാ. അനിയൻ വിഷമിക്കാണ്ടിരിക്ക്യാ" അന്ന് രാത്രി അമ്പലം അടച്ച് വാര്യത്ത്യേക്ക് നടക്കുമ്പോള്‍ രാമന്‍ തിരുമേനി ആശ്വസിപ്പിച്ചു..
പലര്‍ക്കും പേരുമ്മേ മാത്രേ വാര്യര്‍ ഉള്ളു , അത്യാവശ്യം കഴക അടിയന്തിരം എന്താണെന്ന് പോലും അറിയില്ല്യാ, എന്തിനാ മാല കെട്ടാമ്പോലും അറിയില്ല്യാ, തൊരു ജീവിതമാർഗ്ഗായിട്ടല്ല, ജീവിതലക്ഷ്യായിട്ടാ നിങ്ങൾളെ വാര്യക്കാര് ചെയ്യണേ, അതിന്റെ അനുഗ്രഹം തേവര് തരാണ്ടിരിക്കില്ല്യ, ഇതിലും നല്ലതാവും വെച്ചിട്ടുണ്ടാവ്വാ. അനിയൻ വിഷമിക്കാണ്ടിരിക്ക്യാ" അന്ന് രാത്രി അമ്പലം അടച്ച് വാര്യത്ത്യേക്ക് നടക്കുമ്പോള്‍ രാമന്‍ തിരുമേനി ആശ്വസിപ്പിച്ചു..
അങ്ങിനെ ആ പ്രണയം അവിടെ കഴിഞ്ഞു.
പുറത്ത് കാറിന്റെ ശബ്ദം കേട്ടാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്. മഴ അപ്പോഴും ആര്‍ത്തലച്ചു പെയ്യുന്നുണ്ടായിരുന്നു. താഴെ എത്തിച്ച് നോക്കുമ്പോഴേക്കും കാറ് മുറ്റത്ത് പന്തലിൽ വന്നു നിന്നു. പടികള്‍ ഇറങ്ങി താഴെ എത്തിയപ്പോഴേക്കും വന്നവര്‍ ഇറയത്തെത്തിയിരുന്നു.
ബാംഗ്ലൂരിൽ നിന്നും നമ്പീശന്‍ സാറും ചേച്ചിയും മകള്‍ മീരയും. വേഗം ചെന്ന് അവരെ സ്വീകരിച്ച് അകത്ത് തളത്തിലേക്ക് ഇരുത്തി. അമ്മയും അപ്പോഴേക്കും എത്തി.
കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നു. അമ്മ കാപ്പി ഉണ്ടാക്കാന്‍ അടുക്കളയിലേക്ക് പോയി, കൂടെ ചേച്ചിയും, മീരയും. നമ്പീശന്‍ സര്‍ വരുമാനത്തെപ്പറ്റി എല്ലാം സംസാരിച്ചു. ഞാന്‍ ബംഗ്ലൂരിലെ ജോലി വിട്ടു വരുന്ന തീരുമാനത്തിനോട് ആദ്യം എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് പല അവസരങ്ങളിലും ആ തീരുമാനത്തിനെ അഭിനന്ദിച്ചിരുന്നു.
അമ്മ അടുക്കളയില്‍ നിന്നും കാപ്പിയുമായി വന്നു,
കാപ്പി കുടിക്കുമ്പോള്‍ നമ്പീശന്‍ സര്‍ പറഞ്ഞു, അവരുടെ മകള്‍ മീരയുടെ കല്യാണത്തിന്റെ ഒരു കാര്യത്തിന്നാണ് അവര്‍ നാട്ടില്‍ വന്നതെന്ന്. മീര ബിരുദവും എം ബി എയും കഴിഞ്ഞു ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്നു.
ഗ്ലാസ് കയ്യില്‍ എടുത്ത് മീര ഇറയത്തേക്ക് പോയി, മഴ ആസ്വദിക്കാന്‍.. ഞാനും കൂടെ പോകാന്‍ എഴുന്നേറ്റപ്പോള്‍ നമ്പീശന്‍ സര്‍ എന്നോട് അവിടെ ഇരിക്കാന്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചു.
"ഏട്ടത്തി, ഇപ്പൊ ഞങ്ങള്‍ വന്നത് അനിയന് ഒരു ആലോചനയുമായിട്ടാണ്."
"ആരാ ശ്രീധരാ കുട്ടി?"
"ന്റെ മോളന്നെ, മീര. ആലോചനകൾ വരാൻ തുടങ്ങിയപ്പോൾ അവളാണ് എന്നോട് ആഗ്രഹം പറഞ്ഞത്. കേട്ടപ്പോൾ എനിക്കും ഇഷ്ടായി. ഏട്ടത്തിക്ക് വിരോധമില്ലെങ്കില്‍, അനിയന് ഇഷ്ടമാണെങ്കില്‍, നമുക്ക് ഇതൊന്നു ആലോചിക്കാമോ എന്നറിയാന്‍ കൂടി ആണ് ഞങ്ങള്‍ വന്നത്"
അമ്മ ഒന്നും പറയാതെ എന്നെ നോക്കി.
"സര്‍, ഞാന്‍ നാട്ടുമ്പുറത്ത് സ്കൂളില്‍ പഠിച്ച് ഇപ്പോള്‍ ഒരു പക്കാ നാട്ടുകാരന്‍ ആയി ജീവിക്കുകയാണ്. മീര പുറത്ത് പഠിച്ചു വളര്‍ന്ന കുട്ടി. എന്റെ ജീവിതവുമായി, ഈ നാട്ടുമ്പുറത്തെ ജീവിതവുമായി ഇണങ്ങിചേരാന്‍ കഴിയുമോ എന്നറിയില്ല. "
നമ്പീശന്‍ സര്‍, ഒന്ന് ചിരിച്ചു, എന്നിട്ട് പറഞ്ഞു,
"ആദ്യം നിങ്ങള്‍ പരസ്പരം ഒന്ന് സംസാരിക്കൂ, എന്നിട്ട് ആവാം.എന്താ ?"
ഞാന്‍ കാപ്പി കുടിച്ച ഗ്ലാസ് മേശപ്പുറത്ത് വെച്ച് പുറത്തേക്ക് നടന്നു. മീരയെ തട്ടുമ്പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
മുകളിലെ സൌകര്യങ്ങള്‍ കണ്ടു മീര വിസ്മയിച്ചുപോയി.
"മീര, അച്ഛന്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. എന്റെ ലോകം ഈ ഗ്രാമമാണ്. ഈ അമ്പലവും, തേവരും, കൃഷിയും എല്ലാം. എത്ര വലിയ ദുഃഖങ്ങള്‍ ഉണ്ടെങ്കിലും തേവരുടെ നടയില്‍ പോയി നിന്നു കൈകൂപ്പി നിക്ക്വാ, തേവര്‍ക്ക് മാല കെട്ട്വാ, ഒരു സങ്കടോം പരാതീം ഇല്ല്യാണ്ടെ അമ്പലത്തിലെ പണിയൊക്കെ ചെയ്യ്വാ, ഉച്ചക്ക് അമ്പലത്തിലെ നേദ്യച്ചോറു കഴിക്ക്യാ, പിന്നെ ഇവിടുത്തെ പാടോം, പറമ്പും, കൃഷീം. ഇതിനപ്പുറത്ത് ഒരു ലോകം ഞങ്ങൾക്കില്ല്യാ. അങ്ങിനെ ഉള്ള എന്നെ നിനക്കിഷ്ടപ്പെടാന്‍ കഴിയുമോ ?
പിന്നെ ഈ നാട്ടുമ്പുറം, വൈകുന്നേരം ഏഴു മണി കഴിഞ്ഞാല്‍ പിന്നെ ഇവിടെ ആകെ നിശ്ശബ്ധതയാണ്, ഞാന്‍ അതിനോട് സംസാരിക്കാന്‍ പഠിച്ചു. ചിവീടിന്റെയും, തവളയുടെയും, ശബ്ദങ്ങള്‍ എനിക്ക് സംഗീതം പോലെയാണ്. നീ എടുത്ത തീരുമാനം ശരിയാണോ എന്ന് എനിക്കറിയില്ല, you should not regret tomorrow for taking such a decision,"
"അനിയേട്ടാ, ഞാൻ കുറേ കാലായിട്ട് മുപ്പട്ട് തിങ്കളാഴ്ച്ച വൃതം നോൽക്കാൻ തുടങ്ങിയിട്ട്. ആദ്യത്തെ പ്രാവശ്യം ഞാൻ അമ്മമ്മയോട് ചോദിച്ചു എന്തിനാ ഇങ്ങിനെ വൃതം എടുക്കണേന്ന്? ഒരു നല്ല ഭർത്താവിനെ കിട്ടാനാണെന്ന് അമ്മമ്മ പറഞ്ഞു. നല്ല ഭർത്താവ് എന്നുദ്ദേശിച്ചത് പണക്കാരനാണോ എന്ന് ചോദിച്ചപ്പോൾ അമ്മമ്മ പറഞ്ഞു തന്നു, പുരുഷന്റെ ധനം അയാളുടെ സ്വഭാവം ആണെന്ന്. അതാണ് ഞാൻ നിങ്ങളിൽ ഇഷ്ടപ്പെട്ടത്, നിങ്ങളെപ്പോലെ ഒരു മകനെക്കിട്ടിയ ആ അമ്മ എത്രയോ ഭാഗ്യവതിയാണ്.".
"പക്ഷെ ഈ കുഗ്രാമത്തിലെ ജീവിതവുമായി നിനക്ക് ഇഴുകി ചേരാന്‍ കഴിയുമോ ?"
"ഇവിടെ ആളുകള്‍ ജീവിക്കുന്നില്ലേ, അവരും സന്തോഷത്തോടെ അല്ലെ ജീവിക്കുന്നത്. ജീവിതം സുഖമാകുന്നത് നമ്മൾ ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിക്കുമ്പോള്‍ ആണ്, അത് എവിടെയാണെന്നോ, എങ്ങിനെയാണെന്നോ അല്ല. രണ്ടുപേരും പരസ്പരം ഇഷ്ടങ്ങള്‍ മനസ്സിലാക്കുമ്പോഴല്ലേ ജീവിതമാകുന്നത്. എനിക്ക് രണ്ടാമതൊന്നും ആലോചിക്കാനില്ല."
മീര എനിക്ക് ഓഫീസ് വിസിറ്റിങ്ങ് കാർഡ് തന്നു കൊണ്ട് പറഞ്ഞു.
"ഒരു മോഹം മാത്രം ഉണ്ട്, കല്ല്യാണം കഴിഞ്ഞാലും, ഈ നാട്ടിലേക്ക് മാറ്റം കിട്ടുകയാണെങ്കിൽ ജോലിയിൽ തുടരണമെന്നുണ്ട്, അതും ഇവിടെനിന്നും അടുത്താണെങ്കില്‍ മാത്രം."
"ഞാന്‍ ജോലിക്ക് പോകാത്തതിന് ഒരു കാരണം ഉണ്ട്, കൃഷി എന്റെ പാഷന്‍ ആണ്.. നിനക്ക് ജോലി പാഷന്‍ ആണെങ്കില്‍, ഞാനോ അമ്മയോ തടസ്സം നില്‍ക്കില്ല.. ഒരിക്കലും..."
"എന്തായി. രണ്ടാളും എന്തെങ്കിലും തീരുമാനത്തില്‍ എത്തിയോ ??
പടികള്‍ കയറി അമ്മയും നമ്പീശന്‍ സാറും, ചേച്ചിയും വന്നു...
"എല്ലാം തേവരുടെ അനുഗ്രഹം" മീരയുടെ തലയിൽ സ്നേഹത്തോടെ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.
പെട്ടെന്ന് എന്റെ ഫോൺ റിങ്ങ് അടിച്ചു രാമൻ തിരുമേനിയുടെ ഫോൺ ആയിരുന്നു.
'"അനിയന്റെ കാര്യം പറഞ്ഞപ്പോൾ, നിമിത്തം നോക്കീട്ട് അച്ഛൻ പറഞ്ഞത് അനിയൻ പെണ്ണു തേടി എങ്ങട്ടും പോണ്ട, അനിയനെത്തേടി ഒരു ലക്ഷ്മി ഇങ്ങട്ട് വരുംന്നാ. വാരസ്യാരോട് പറഞ്ഞോളൂ"
ഫോൺ മേശയുടെ മുകളിൽ വെക്കുമ്പോൾ യാദൃശ്ചികമായി മീരയുടെ വിസിറ്റിങ്ങ് കാർഡിൽ ശ്രദ്ധ പോയി.
''മീരാലക്ഷ്മി നമ്പീശൻ
അസി. മാനേജർ "
അസി. മാനേജർ "
*****
ഗിരി ബി വാരിയർ
06 ജൂലൈ 2018
ഗിരി ബി വാരിയർ
06 ജൂലൈ 2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക