Slider

മീശപ്രേമം

0
Image may contain: 3 people, people smiling
മീശയും നോക്കി നടന്ന് അമ്മിണീ ..നീ വല്ല അബദ്ധത്തിലും ചെന്നും ചാടുംന്നാ എനിക്ക് തോന്നുന്നത്.അതാരാന്നറിയ്വോ... നിനക്ക്? ഇംഗ്ളീഷ് ഡിപ്പാര്‍ട്ടമെന്‍റില്‍ മുഖത്തോടു മുഖം നോക്കിയിരിക്കുന്നതേ അവന്‍റെ അച്ഛനും അമ്മയുമാണ്..എനിക്ക് പേടിയാവുണ്ട്..നീ വാ..നിഷ കൈയില്‍ പിടിച്ചു പുറകോട്ടു വലിച്ചു.
'' ഞാനതിനു തെറ്റൊന്നും ചെയ്തില്ലല്ലോ.
നീ പറയ്..ശരിക്കും ആ നേതാവിന്‍റെ മീശ കാണാന്‍ ഭംഗിയില്ലേ..അതോ എനിക്ക് തോന്നുന്നതാണോ.''.അമ്മിണി സംശയത്തോടെ ചോദിച്ചു.
''നിനക്കു മാത്രമല്ല എല്ലാവര്‍ക്കും ഇഷ്ടമുണ്ടവനോട്..സീനിയര്‍ ചേച്ചിമാര്‍ക്കുവരെ അവനെ ജീവനാ..''നിഷ അവളുടെ ഇഷ്ടം ഇലക്കും മുളളിനും കേടില്ലാതെ പറഞ്ഞൊപ്പിച്ചു.
''സാധാരണ പ്രേം നസീറിന്‍റെ മീശ പോലെയല്ലേ ഈ പ്രായത്തിലുണ്ടാവൂ.എനിക്കെന്തായാലും ഇഷ്ടപ്പെട്ടു.ചിലപ്പോ പത്തു കഴിഞ്ഞയുടനെ ആവണക്കെണ്ണ തേച്ചു തുടങ്ങീട്ടുണ്ടാവും..എന്തോ ആവട്ടെ.ക്ളാസ്സു തുടങ്ങനായി വേഗം നടക്കാം.'' അമ്മിണി സ്വയം നിയന്ത്രിച്ചു.
മനസ്സിനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല.എത്ര പ്രാര്‍ത്ഥിച്ചിട്ടാ ഈ വിശ്വവിഖ്യാതമായ കോളേജില്‍ ചേരാന്‍ അച്ഛന്‍ സമ്മതിച്ചത്.നല്ല മാര്‍ക്കോടെ പത്തു കഴിഞ്ഞപ്പോ അമ്മിണിയെക്കാള്‍ സന്തോഷം അച്ഛനായിരുന്നു. സിസ്റ്ററുമാര്‍ പഠിപ്പിക്കുന്ന വിമണ്‍സ് കോളേജില്‍ പോയാ മതീന്നായിരുന്നു അച്ഛന്‍റെ തീരുമാനം.സര്‍ക്കാര്‍ മിക്സഡു കോളേജില്‍ പോണമെന്നു പറയാനുളള ധൈര്യം അന്നു അമ്മിണിക്കുമില്ലായിരുന്നു.
ആകെ രക്ഷ കൃഷ്ണനേയുണ്ടായിരുന്നുളളൂ..കൃഷ്ണാ..ഗുരുവായൂരപ്പാ..ഞാന്‍ ഒരു അബദ്ധവും ചെയ്യില്ല.ആരെയും പ്രേമിക്കില്ല..നന്നായി പഠിക്കും..അച്ഛന്‍റെ മനസ്സു മാറ്റണേ ഭഗവാനേ... പ്രാര്‍ത്ഥിച്ചു കണ്ണു തുറന്നുനോക്കിയത് ഭഗവാന്‍റെ കാലിലേക്കായിരുന്നു.എന്താ ഭംഗി ...ആ കാലു കാണാന്‍..ഇതു പോലെ ഭംഗിയുളള കാലുളള ആളുണ്ടാവുമോ.വെറുതെ ഒരു മോഹം.അങ്ങനെ സ്വന്തം കാലും നോക്കി നടന്ന അമ്മിണി മറ്റു കാലുകളും നോക്കി നടന്നു തുടങ്ങിയ കാലം.
''കോണ്‍വെന്‍റില്‍ പഠിച്ചതു മതി.വാന്‍ വന്ന് പീ..പീന്ന് പറഞ്ഞാ കയറാനും തിരിച്ച് വന്ന ഹോണടിച്ചാല്‍ ഇറങ്ങാനും മാത്രം അറിയാം. കൂട്ടില്‍ നിന്നും തുറന്നു വിട്ട ബ്രോയിലര്‍ കോഴിയെ പോലെ എങ്ങോട്ടാന്നും എന്താന്നും ഒരു അന്തവുമില്ല. അമ്മിണി ഇനി പ്രൈവറ്റു ബസ്സിലൊക്ക കയറി സര്‍ക്കാര്‍ കോളേജില്‍ പോയി പഠിക്കട്ടെ.'' ഒടുവിലത്തെ തീരുമാനം അച്ഛന്‍റെയമ്മയുടെതായിരുന്നു.
അങ്ങനെ ആദ്യമായി ബസ്സില്‍ സ്റ്റോപ്പില്‍ നിന്നപ്പോഴാണ് ഒരാള്‍ ''എന്നെ അറിയില്ലേന്ന'' മട്ടില്‍ ചിരിച്ചത്.പിന്നീടാണ് അമ്മിണിക്കു മനസ്സിലായത് സിനിമാനടന്‍ ആവാന്‍ പോവുന്നൊരു മിമിക്രിക്കാരനാന്ന്.
ബസ്സു യാത്ര ഒരു ദുരിതം തന്നെയെന്നു അമ്മിണിക്കു മനസ്സിലായി. കൈ പിടിച്ചു കയറ്റുന്ന കിളിയും,വെറുതെ തിരക്കുന്ന കണ്ടക്ടറും എന്നു വേണ്ട സകല ശല്യത്തില്‍ നിന്നും മാറി മാറി മുന്നിലെത്തിയാല്‍ അവിടെ മടിയിലിരുത്താന്‍ വരെ തയ്യാറായ ഡ്രൈവര്‍ കോളേജിലേക്കു മാത്രമായി ഒരു ബസ്സുണ്ടെങ്കിലെന്നു ചിന്തിച്ച ദിവസങ്ങള്‍.എന്നും ഒരേ ബസ്സില്‍ കയറുതെന്നായിരുന്നു വീട്ടിലെ താക്കീതും.
കോളേജില്‍ എത്തിയ ചരിത്ര നിമിഷം.മെന്‍സ് ഹോസ്റ്റലിന്‍റെ മുന്നിലൂടെ വേണം നടന്നു പോകാന്‍. തോര്‍ത്തും സാമഗ്രികളും അലക്കി തൂക്കുന്ന ചേട്ടന്മാര്‍ക്കുണ്ടൊരു ഹോബി.ശു..ശൂ വിളി മാത്രമല്ല അന്നു നിലവിലുളള സകല പേരും ഉറക്കെ വിളിക്കും.സ്വന്തം പേരു കേട്ടാല്‍ തിരിഞ്ഞു നോക്കാത്തവരുണ്ടാവില്ലല്ലോ.കല്യാണീ..മാധവി... തുടങ്ങിയ പേരൊക്കെ വിളിച്ചു കേട്ടു .ഭാഗ്യത്തിനു അമ്മിണിയെന്ന ആ മോഡേണ്‍ പേരു മാത്രം വിളിക്കാത്തോണ്ട് അമ്മിണി തിരിഞ്ഞു നോക്കാതെ നടന്നു.
ഒരു കുട്ടി നടന്നു പോയാല്‍ കണ്ണില്‍ നിന്നും മറയുന്ന വരെ അവളെ പിന്തുടരുന്ന കണ്ണുകള്‍ പിന്നെ അടുത്ത കുട്ടി വരുമ്പോള്‍ അവളേയും...അങ്ങനെ കണ്ണിനും കഴുത്തിനും നല്ല വ്യായാമവുമായി ഗ്രൂപ്പായിട്ടു കാത്തിരിക്കുന്ന മൂത്തു നരച്ച സ്കോര്‍പിയോന്‍സും കോബ്രകളും.
ഏറ്റവും താഴത്തെ പടിയിലിരുന്നു മുകളിലേക്ക് നോക്കുന്ന ചില കൂട്ടരുണ്ടായിരുന്നു.അവര്‍ കാരണം ക്യാമ്പസ്സില്‍ മിഡിയും ഉടുപ്പുമൊക്കെ പ്രിന്‍സിപ്പാളിനു നിരോധിക്കേണ്ടി വന്നു.അതോടെ ആ കൂട്ടര്‍ നിരാശരായി കാണും.പളളീച്ഛന്‍റെ കുപ്പായവുമിട്ടു വന്നോളും എന്നവര്‍ ചുരിദാറിട്ടവരെ കാണുമ്പോ പിറു പിറുത്തും തുടങ്ങി.
പ്രണയിക്കുന്നവരെയൊന്നും കണ്ടില്ല..ആണ്‍പെണ്‍ സൗഹൃദമെന്ന വ്യാജേന ചിലര്‍ മുക്കിലും മൂലയിലും മരചോട്ടിലും കഥ പറഞ്ഞിരുന്നിരുന്നു.ചിലപ്പോ ഇവരാകും പിന്നീട് കാമുകനും കാമുകിയൊക്കെ ആയി മാറുക..കാത്തിരിക്കുക തന്നെ.
''ചിലപ്പോ പാരമ്പര്യമാവും..അല്ലേ.''.നിഷ പറഞ്ഞു.എന്ത് പാരമ്പര്യം?അമ്മിണി ആശ്ചര്യത്തോടെ ചോദിച്ചു. ''അവന്‍റെ മീശയേ... സാറിനെ കാണാനും നല്ല സ് റ്റൈലുണ്ടല്ലോ.''
നിഷയുടെ മറുപടി കേട്ട് അമ്മിണി ചിരിച്ചു.
സാറിനെ പ്രതീക്ഷിച്ചിരുന്ന അമ്മിണിയുടെ ക്ളാസ്സിലേക്കു വന്നതു പല പാര്‍ട്ടിയുടെയും കുട്ടി നേതാക്കളായിരുന്നു. പരിചയ പെടുത്തലും അല്ലറ ചില്ലറ വായി നോട്ടവുമായി സഖാവിന്‍റെ പ്രസംഗം...പ്രസംഗം കഴിഞ്ഞു ഒരു പാട്ടു കൂടെ പാടിയതോടെ ആ ശബ്ദം കേട്ടവരൊക്കെ ആ പാര്‍ട്ടിയില്‍ തന്നെ ചേര്‍ന്നാലോ ചിന്തിച്ചിരിക്കണം. മുണ്ടുടുത്തു വന്ന ആ നേതാവിനോടു പെണ്‍കുട്ടികള്‍ക്കപ്പോള്‍ തോന്നിയതും പ്രണയമായിരിക്കും.പൗരുഷമുളള ഒരു മമ്മൂട്ടി കഥാപാത്രത്തെ പോലെ അയാള്‍ നല്ല ഇമേജുണ്ടാക്കി.
മോഹന്‍ലാലിനെപോലെ അഭിനയിച്ചു വിസ്മയിപ്പിച്ചു കൊണ്ടായിരുന്നു എതിര്‍പാര്‍ട്ടിക്കാരെത്തിയത്.അതോടെ പലരും ആശങ്കയിലായി.
അമ്മിണിക്കു വല്യ ശങ്കയൊന്നും വേണ്ടി വന്നില്ല.ഒരു പാര്‍ട്ടിയും വേണ്ട.പഠിത്തം കഴിഞ്ഞാ വീടെത്തണം. കൊടി കുത്താനും ജാഥ ക്കും ഇലക്ഷനും ഒന്നും വേണ്ട.പ്രശ്നമുണ്ടാവും തോന്നുന്ന ദിവസം കോളേജില്‍ പോവണ്ട. നല്ല രാഷ്ട്രീയമുളള അമ്മിണിയുടെ അച്ഛന്‍ ശരിക്കുമൊരു രാഷ്ട്രീയക്കാരനായതപ്പോഴായിരുന്നു.
ഇന്നും ക്ളാസ്സില്ലാ തോന്നുന്നു. ഒച്ചയും ബഹളവുമായി നേതാക്കള്‍ വരുന്നുണ്ട്..ദാ... ആ കുട്ടിയെ കാണാനാ നേതാവു വരുന്നത്. നിനക്കു നോക്കിയാ മനസ്സിലാവും.നിഷ പതുക്കെ പറഞ്ഞു.
അപ്പോ അതാണ് കാമുകി.അമ്മിണി അവളെ ആശ്ചര്യത്തോടെ എല്ലാ ദിവസവും നോക്കി.എന്താത്ര പ്രത്യേകത.നല്ല നിറമുണ്ട്..പുരികം ഷെയിപ്പാക്കിട്ടുണ്ട്.. നല്ല ശരീര ഭംഗി .ഇത്തിരിയുളള മുടി മുന്നിലേക്കിട്ടാ നടക്കുന്നത്. കയ്യില്‍ പൂക്കളുളള ടവ്വലുണ്ട്.അതു ജലദോഷമായിട്ടാന്നാ ആദ്യം കരുതിയത്.പിന്നെയാ മനസ്സിലായത് സ്റ്റെയിലാന്ന്.
പല ദിവസങ്ങള്‍ മാസങ്ങള്‍ ആ കുട്ടിയെ സുന്ദരനായ നേതാവു നോക്കീട്ടും ആ കുട്ടിക്കൊരു മൈന്‍റുമില്ല.അമ്മിണി മനസ്സിലുറപ്പിച്ചു. ഒരു കാമുകി അപ്പോ അങ്ങനെയാവണം.മീശക്കാരന്‍ സുമുഖന്‍ നേതാവ്.. അതും കോളേജു അധ്യാപകരുടെ മകന്‍ നോക്കിയാലും മൈന്‍റാക്കരുത്.
നിരന്തരമുളള റിസര്‍ച്ചിന്‍റെ ഭാഗമായി പലതും ക്രമേണ അമ്മിണി അറിഞ്ഞു.നേതാവിന്‍റെ ശല്യം കൂടി കൂടി വന്നപ്പോ കുട്ടി പഠിത്തമുപേ ക്ഷിച്ച് വിമണ്‍സ് കോളേജിലേക്കു മാറിയത്രെ.
സംഭവം കേട്ടറിഞ്ഞപ്പോ അമ്മിണി പറഞ്ഞുഃ ''നമുക്ക് ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ് വരെ ഒന്ന് പോയാലോ..''
''എന്തിനാ മീശക്കാരന്‍ നേതാവിന്‍റെ അറ്റഡന്‍സെടുക്കാനാണോ..''എന്നായി നിഷ.
അതൊന്നും പറഞ്ഞാല്‍ നിനക്കുമനസ്സിലാവില്ല.നീ വരുന്നോ ഇല്ലയോ...ഫിസിക്സ് റെക്കോര്‍ഡും വെക്കാം
അമ്മിണി കരുതിയതു നേതാവു മീശക്കൊപ്പം താടി കൂടെ വളര്‍ത്തി നിരാശനായി കാണുമെന്നായിരുന്നു.അന്വേഷണം ഒടുവില്‍ അവസാനിച്ചത് സിനിമയില്‍ എെറ്റം ഡാന്‍സ് കളിക്കാന്‍ വന്ന നടിയെപോലെ തോന്നിച്ച ഗുണ്ടു പാര്‍വ്വതിയിലായിരുന്നു.
നന്നായി പഠിച്ചിരുന്ന നേതാവു ക്ളാസ്സും ഒഴിവാക്കി മരചുവട്ടില്‍ ഗുണ്ടു പാര്‍വ്വതിയോടൊപ്പം പഞ്ചാരയടിച്ചിരിക്കുന്നതാണ്.എന്താ ഒരു പന്തികേട്...അമ്മിണി സൂക്ഷിച്ചു നോക്കി. നേതാവിനു മീശയില്ല..കഷ്ടം..അവള് ദുഷ്ടത്തിക്ക് ഇങ്ങനെ കൊണ്ടു നടക്കാനാവും ഇഷ്ടം.
''അപ്പോ സമാധാനമായി. ഇനി ഫിസിക്സ് റെക്കോര്‍ഡും കൊണ്ടു അമ്മിണി അറ്റഡെന്‍സെടുക്കല്‍ നിര്‍ത്തുമല്ലോ.'' എന്നായി നിഷ.
എന്നാലും ഈ പ്രണയം ഇത്രയേയുളളൂ അല്ലേ..ആ കുട്ടിക്കെന്താവും നേതാവിനോടിഷ്ടമില്ലാഞ്ഞത്.ഈ ഗുണ്ടുസ് നേതാവിന്‍റെ ജീവിതം കുത്തുപാളയെടുടപ്പിക്കും തോന്നുന്നു.
എന്നാ വേറൊരു കാര്യം കൂടെയുണ്ട് നിഷ തുടര്‍ന്നുഃ'' ആ കുട്ടി
വീഴാതെ നിന്നതേ വേറൊരു കാമുകനുളളതു കാെണ്ടായിരുന്നൂത്രെ. അതും നമ്മുടെ നേതാവാണ് എതിര്‍പാര്‍ട്ടിയുടെ.. പോരാത്തതിനു സിനിമാനടനും.
അമ്മിണി അതോടെ പ്രണയിക്കുന്നവരെ പ്രണയിച്ച അനുഭവത്തില്‍ ഒരു കവിതയെഴുതി.പ്രണയം ആരെയും കവയത്രിയാക്കും..!അങ്ങനെയെത്ര കവികളും കവയത്രികളും ജനിച്ചിരിക്കുന്നു.

by: Sreejith Sreeja
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo