Slider

ജിമിക്കി കമ്മൽ [കഥ]

0
Image may contain: 1 person

"അമ്മേ........... ".
ഓർക്കാപ്പുറത്തുള്ള ആ വിലാപത്തിൽ ക്ലാസ്സ്‌ റൂം നടുങ്ങി.
'Doubt thou the stars are fire;
Doubt that the sun doth move
Dont truth to be a liar,
But never doubt i love.
എന്നിങ്ങനെ ഷേക്സ്പിയറിന്റെ വിഖ്യാതമായ പ്രണയലോലുപതയിൽ നിശബ്ദമായി ഒഴുകുകയായിരുന്നു ഇംഗ്ലീഷ് ക്ലാസ്സ്‌.
ആ അലർച്ചയുടെ പ്രതിധ്വനിയിൽ ലീനാമിസ്സും സ്പീക്കേഴ്‌സ്റ്റാന്റും ഉരുണ്ടു താഴെ വീണു!...എതിർ പാർട്ടിക്കാരുടെ മിന്നൽ ആക്രമണമെന്നു കരുതി വിപ്ലവ വിദ്യാർഥികളുടെ നേതാവ് ജിക്കു അർമ്മാൻ ജെനൽ ചാടി രക്ഷപെട്ടു!...വല്ല പാമ്പോ പഴുതാരയോ വന്നെന്നു നിനച്ചു ലില്ലി റോസും,ആർദ്ര ശ്രീകുമാറും ചാടി ഡിസ്കിൽ കേറി!...പിൻ ബെഞ്ചിൽ അന്താക്ഷരി കളിച്ച അരുൺ അശോകും,നൈസാം മുഹമ്മദും,റസിൽ രാജും പല ബെഞ്ചുകളിലേക്ക്‌ തെറിച്ചു വീണു!...ആരും കാണാതെ വാട്സപ്പ്ൽ ചാറ്റിയ റിയാസിന്റെ മൊബൈൽ തെറിച്ചു വീണു പൊട്ടി പാളീസായി!...ഇന്റർവെല്ലിലേക്ക്‌ കണ്മഷി എഴുതിക്കൊണ്ടിരുന്ന ഫിദാ ഫാത്തിമയുടെ കൈ തെറ്റി അശ്വതിയുടെ ചുണ്ടിൽ മഷിപുരണ്ടു!...ആകാശത്തിലും ഭൂമിയിലുമല്ലാതിരുന്ന മറ്റു ചിലർ കൃത്യമായി ക്ലാസ്സ്‌ റൂമിൽ തിരിച്ചെത്തി!...മയക്കം ഞെട്ടിയുണർന്ന ഹാഷ്‌മ മധുവും മറ്റ് ചിലരും ഭൂമികുലുക്കമെന്നോർത്ത് പുറത്തേക്കോടി...ഇങ്ങനെ പോകുന്നു ആ അപശബ്ദത്തിന്റെ പ്രതിഫലങ്ങൾ!!...
സംഭ്രമജനകമായ ഒരു മിനിറ്റിനു ശേഷം സ്വബോധം വീണ്ടെടുത്ത കോളേജിലെ ആ ക്ലാസ്സ്‌ മുറി മുഴുവൻ ശബ്ദം കേട്ട ദിക്കിലേക്ക്‌ കണ്ണ് പായിച്ചപ്പോൾ മൂന്നാം നിരയിലെ ബെഞ്ചിൽ നിറകണ്ണോടെ ഇരിക്കുന്നു കഥാ നായിക ജെസ്ന ജോസഫ്‌!...
"ന്റെ ര് ജിമിക്കി കമ്മല് കാണാനില്ല!!...".അവള് പ്രസ്ഥാപിച്ചു.
'അയ്നാണ്!'എന്ന പുച്ഛം ചിലരിൽ...
'നന്നായിപ്പോയി!', അന്നേ കണ്ടപ്പോൾ അസൂയ പൂണ്ട പെൺകുട്ടികളിൽ ചിലർ...
അവൾ വിതുമ്പി...
ബഹളം കേട്ട് ആ ബ്ലോക്ക്‌ലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ആ ക്ലാസ്സിലേക്ക്‌ ഓടി വന്നു.ക്ലാസ്സിലാകെ തിരച്ചിലോട് തിരച്ചിൽ തന്നെ.സയൻസ് ബ്ലോക്കിലെ ആ ബഹളമയം കേട്ട് കോളേജ് മുഴുവൻ അവിടെക്ക് ഒഴുകി...
കോളേജ് ബ്യുട്ടിയായ പെൺകുട്ടിയുടെ അത്യാഹിതം കേട്ട് സകല ഫ്രീക്കൻ പിള്ളേരും രംഗതെത്തി.സുന്ദരിയുടെ മനസ്സിൽ ഇടം പിടിക്കാൻ ഇത് തന്നെ അവസരം!..ജെസ്ന ഫസ്റ്റ് ഇയർ ക്ലാസ്സുകാരിയായതുകൊണ്ട് ഫസ്റ്റ് ഇയർ മുതൽ ലാസ്റ്റ് ഇയർ വരെ ഉളള സകല സിക്സ് പാക്കും രംഗത്തുണ്ട്!...എന്താണ് നഷ്ടപെട്ടത് എന്ന ധാരണയൊന്നും മില്ലെങ്കിലും എന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയിലാണ്‌ എല്ലാവരിലും.മുണ്ട് മടക്കികുത്താൻ ഇല്ലാത്ത കൊണ്ട് പാന്റും മടക്കി പൊക്കി സകല പൊടി മീശ പിള്ളേരും രക്ഷാ പ്രവൃത്തനത്തിന് രംഗത്തിറങ്ങി.കോളേജും പരിസരവും അരിച്ചു പെറുക്കുകയാണ്.ഓപറേഷൻ ജിമിക്കി കമ്മൽ !.
പെൺകുട്ടികളിൽ ചിലർക്ക് ഇതൊന്നും ദഹിക്കുന്നില്ല.
സഹതാപം കാട്ടുന്നവർ....അസൂയ പൂണ്ടു പല്ലുരക്കുന്നവർ...ആൺ പിള്ളേരുടെ ശുഷ്കാന്തി കണ്ട്‌ കണ്ണ് തള്ളുന്നവർ!...ഫ്രീക്കൻമാരുടെ സിക്സ് പാക്ക് ഒളിഞ്ഞു നോക്കുന്നവർ!...വായ് നോക്കുന്നവർ....പുരുഷ പ്രജകളുടെ ശൂന്യതയിൽ ഈ ക്ലാസ്സിൽ ഇനിയെന്തിന് എന്നുനെടുവീർപ്പിടുന്നവർ!...അങ്ങനെ പോകുന്നു അവർ!!...
ഈ കോലാഹലത്തിലാണ് തന്റെ ലൗവ്വർ നിധിൻ റാമിന്റെ നികത്താനാകാത്ത അസാന്നിധ്യം ജെസ്ന ജോസഫ്‌ ശ്രദ്ധിച്ചത്!...ഉടൻ അവൾ ഉറ്റ തോഴി ഹാഷ്‌മ മധുവിനെ ദൂതിനയച്ചു.
ബി.കോം ഡിപ്പാർട്ട്മെന്റിൽ ഓടിക്കിതച്ചു ചെന്നപ്പോൾ ദേ നിൽക്കുന്നു ഇഞ്ചി കടിച്ചമോന്തയുമായി നിധിൻ റാം!...ഇതെന്തു കൂത്ത് എന്നന്തം വിട്ടു ഹാഷ്‌മ!.
"അവളെയ്...കാണുന്നവരോടു മുഴുവൻ കൊഞ്ചി കുഴയുന്നതു കൊണ്ടാ ഇങ്ങനെ സകല ആൺപിള്ളേരും അവൾക്ക് വേണ്ടി കമ്മലും തിരഞ്ഞു നടക്കുന്നത്...നിക്ക് ഇതൊന്നും ഇഷ്ട്ടല്ല...അവളെന്റെ മാത്രാ...ഇങ്ങനെങ്കില് ന്റെ ലൗവ്വ് ഞാൻ അവസാനിപ്പിച്ചു കളയും!...".അവൻ ഗൌരവം പൂണ്ടു.പിരിക്കാവുനായി പൊടി മീശ തപ്പി നിന്നു!.
കേട്ട പാതി കേൾക്കാത്ത പാതി ഹാഷ്‌മ അതേ സ്പീഡിൽ തിരിച്ചോടി.ഉപ്പും മുളകും ചേർത്തു കൃത്യമായി അത് ജെസ്നയ്ക്കു മുൻപിൽ പോസ്റ്റ്‌ ചെയ്തു!.
അവൾക്കതു താങ്ങാവുന്നതിലുപ്പുറമായിരുന്നു.ജെസ്ന പൊട്ടിക്കരഞ്ഞു.പൊട്ടി പൊട്ടി കരഞ്ഞു...
ജിമിക്കി പോയ മനോവിഷമം താങ്ങാനാവാതെയുള്ള വിലാപമെന്നു നിനച്ചു ക്ലാസ്സിലുണ്ടായ ലോല ഹൃദയികളായ കൂട്ടുകാരികളും ജെസ്നയ്ക്കൊപ്പമിരുന്നു തേങ്ങി!...തരുണീ മണികളുടെ കണ്ണുനീർ താങ്ങാൻ ശക്തിയില്ലാതെ അവിടെ ചുറ്റി പറ്റി നടന്ന ഫ്രീക്കൻസും കരയാൻ തുടങ്ങി!..ആ കൂട്ടകരച്ചിൽ താങ്ങാനാവാതെ അങ്ങനെ കോളേജ് മുഴുവൻ പടർന്നു!...കരച്ചിലോട് കരച്ചിൽ...സകല യോയോ ബോയ്സും നെഞ്ചിത്തടിച്ചു കരയുകയാണ്!...എന്തിനേറെ പറയുന്നു സ്വതവേ കഠിന ഹൃദയാലുവായ പി.ടി മാഷ് ഫർനാണ്ടോ ഡിസൂസ വരെ പിള്ളേരെ കണ്ണുനീർ കണ്ട്‌ കരഞ്ഞു പോയി!...സ്വന്തം തന്ത ചത്തപ്പോൾ പോലും ഒരുതുള്ളി കണ്ണുനീരൊഴുക്കാത്ത ഹിസ്റ്ററി സ്റ്റുഡന്റു വിഷ്ണുരാജ് പോലും ഓഫീസിനു മുൻപിൽ ഇരുന്നു മൊങ്ങുന്ന കണ്ട്‌ പ്രിൻസിപ്പൽ പോലും ചോദിച്ചു പോയി.
"നീ എന്തിനാടാ കരയുന്നത്...?!"
"ഒരു കമ്പനിക്ക് !!..".
കോളേജും പരിസരവും അരിച്ചു പെറുക്കിയിട്ടും ജിമിക്കി മാത്രം കിട്ടിയില്ല...
വീട്ടിൽ അറിയിച്ചതുകൊണ്ട് ജെസ്നയുടെ പപ്പ കാറുമായി അവളെ കൊടുപോകാൻ വന്നു.പിള്ളേരൊക്കെ നിരാശരായി.
അന്നേ ദിവസം നടക്കേണ്ടിയിരുന്ന നീലപട വിദ്യാർഥികളുടെ യുണിറ്റ് സമ്മേളനവും വിപ്ലവ വിദ്യാർഥി സംഘടനയുടെ രക്തസാക്ഷി ആചരണവും ജിമിക്കിയുടെ കോലാഹലത്തിൽ ദയനീയമായി പരാജയപ്പെട്ടു!.
ജിമിക്കി കമ്മലിന്റെ തിരോധാനത്തിൽ സാമ്രാജ്യത്വ ഗൂഢാലോചനയുള്ളതായി സഖാവ് ജിക്കൂ അർമ്മാനും ഇത് വർഗ്ഗീയതയുടെയും ആക്രമണ രാഷ്ട്രീയത്തിന്റെയും പരിണിത ഫലമാണെന്ന് നീലപടയുടെ അനിഷേധ്യ നേതാവ് ടിന്റു ലൂക്കോസും കേൾക്കാൻ ആരുമില്ലെങ്കിലും ഘോര ഘോരമായി പ്രസംഗിച്ചു!.
വീട്ടിലേക്ക്‌ തിരിച്ചു പോകാൻ നില്ക്കവേ ജെസ്നയെ പ്രിൻസിപ്പൽ ക്യാബിനിലേക്ക്‌ വിളിപ്പിച്ചു.
"ഞാൻ വന്ന കാലം മുതൽക്ക് ശ്രമിക്കുകയാണ് ഈ കോളേജ് ഒന്ന് വൃത്തിയാക്കാൻ...അന്നന്ന്‌ വൃത്തികേടാകുക മാത്രമേ ചെയ്തിട്ടുള്ളൂ...വർഷങ്ങളായി എനിക്ക് സാധിക്കാത്തത് കുട്ടീ നിനക്കൊരു മണിക്കൂറുകൊണ്ട് സാധിച്ചിരിക്കുന്നു...കോളേജ് കോംബൗണ്ട് ഒരു പൊടിപോലും കാണാതെ വൃത്തിയായിരിക്കുന്നു...നന്ദിയുണ്ട് മകളെ നന്ദിയുണ്ട്!!...".പ്രിൻസിപ്പൽ വികാരാധീനനായി.ജെസ്ന കണ്ണ് തള്ളി നിന്നു.
ജീവിതത്തിൽ ഒരിക്കലും നെറ്റിയിൽ വിയർപ്പു പൊട്ടത്ത പുന്നാര കുരുത്തം കെട്ട മക്കൾ ഷർട്ടും പാന്റും ചളിയും പറ്റി തളര്ന്നു വിവശരായി വരുന്ന കാഴ്ചകണ്ട് ഏതാനും അമ്മമാർ മോഹാലസ്യപ്പെട്ടു വീണതും, കഠിനമായ അധ്വാനഭാരത്താൽ വിശന്നുലഞ്ഞ പാവം കാമുക ഹൃദയങ്ങൾ കാരണം കോളേജ് കാന്റീനിലെ നാലു ദിവസം പഴക്കമുളള ഉണ്ടംപൊരി വരെ ചൂടപ്പം പോലെ വിറ്റുപോകുന്ന കണ്ട്‌ തലകറങ്ങിയ മുതലാളിയും പിന്നീട് തത്സമയ വാർത്തകളായി.
വീട്ടിലേക്കുള്ള യാത്രയിൽ 'ഈ പെണ്ണിന് ഒരു കാര്യത്തിലും ഒരു ശ്രദ്ധയില്ലല്ലോ ദൈവമേ'എന്ന അമ്മച്ചിയുടെ സ്ഥിരം ശകാരവർഷം എങ്ങനെ നേരിടും എന്ന ആധിയായിരുന്നു കമ്മൽ നഷ്ടപെട്ടതിൽ കൂടുതൽ അവളുടെ ഹൃദയമിടിപ്പ് കൂട്ടിയത്!...പോരാത്തതിനു ഈ കമ്മൽ വാങ്ങുമ്പോൾ ഒന്നും കിട്ടാതെ പോയ അനുജൻ കിച്ചുവിന്റെ ആഹ്ലാദവും കാണേണ്ടിവരുമല്ലോന്നോർത്തപ്പോൾ രാത്രി വണ്ടിക്കു നാട് വിട്ടാലോ എന്നുപോലും ജെസ്ന ഒരു നിമിഷം ഓർത്തു പോയി!...പിന്നെ അമ്മച്ചിയുടെ അപ്പവും താറാവ്‌ കറിയും ഓർത്തപ്പോൾ വേണ്ടെന്നു വച്ചു!.
വീട്ടിൽ എത്തിയപ്പോൾ ക്ലൈമാക്സ് നമ്മൾ കരുതിയപോലെ അല്ലല്ലോ എന്ന് കണ്ടവൾ അന്തം വിട്ടു!...അമ്മച്ചി ഇതാണ്ടു അവൾക്കിഷ്ട്ടപെട്ട ഫുഡൊക്കെ നിരത്തിവച്ചിരിക്കുന്നു!...ഇതെന്തുമറിമായം!.എന്തേലും വഴക്ക് പറഞ്ഞിരുന്നെൽ ചത്ത് കളയുന്നൊക്കെ ഭീഷണിപെടുത്തായിരുന്നു.ഛെ നശിപ്പിച്ചു!...അനിയന്റെ സ്നേഹം കണ്ടപ്പൊഴാ ശരിക്കും ഞെട്ടിയെ!...എന്നും തല്ലുകൂടുന്ന അവൻ വന്നു ഉമ്മവയ്ക്കുന്നു!...ഇങ്ങനായിരുന്നെൽ നാല് പവന്റെ മാല കളഞ്ഞിട്ടു വരായിര്ന്ന്‌, ശ്ശെടാ!...അവൾ അങ്ങനെയൊക്കെ ആലോചിച്ചു പെട്ടു പോയി!...
മഴ...
രാത്രി നേരത്തെ തന്നെ കുടുംബം ഡൈനിംഗ് ഹാളിലെ തീൻ മേശയിൽ...
പുറത്തു റോഡിൽ ഒരു ഓട്ടോ നിർത്തുന്ന ശബ്ദം.അത് ഒരു കാളിംഗ് ബെൽ ആയി പരിണമിച്ചു.
പൂമുഖത്തിന് പിന്നിലെ വലിയ ചില്ലു ജാലകത്തിന് തൊട്ടടുത്തിരിക്കുന്ന ജെസ്ന ജോസഫ്‌ കർട്ടൻ മാറ്റി വെളിയിലേക്കു നോക്കി കാളിംഗ് ബെൽ അമര്ത്തിയ ആളെ കണ്ട്‌ ഞെട്ടി.
താൻ ബസ്‌റ്റാന്റു കടന്നു കോളേജിൽ പോകുന്ന വഴി സിറ്റിയിൽ ചെറിയ ചായ കട നടത്തുന്ന പരിചിതൻ.വെറും പൂവലാൻ.
എന്നും തന്നെ നോക്കി ചിരിക്കുകയും പേരെന്താണെന്ന് ചോദിക്കുകയും മിണ്ടാൻ ശ്രമിക്കുകയും ചെയ്യുന്ന വായനോക്കി.ഒരു വികലാംഗൻ!...
അയാളുടെ നോട്ടവും തന്നെ കാണുമ്പോൾ മുഖത്തെ സന്തോഷവും കൂട്ടുകാരികളുടെ കളിയാക്കലിനു പാത്രമായിട്ടുണ്ട് പല തവണ!.
ഒരിക്കൽ ഫ്രണ്ട്സിനൊപ്പം ആ കടയിൽ ചായ കുടിച്ചു ഇറങ്ങിയപ്പോൾ തന്നോടു മാത്രം പൈസ വാങ്ങാതെ വല്ലാതെ അപമാനിക്കപ്പെട്ടതൊക്കെ ഒരു നിമിഷം കൊണ്ട് അവളുടെ മനസ്സിൽ കടന്നു പോയി!...
പലപ്പോഴും അയാള് കാണാതിരിക്കാൻ വഴിചുറ്റി കോളേജിൽ പോയതുപോലും ഓർത്തപ്പോൾ അവൾക്ക് ദേഷ്യം വന്നു.വാതിൽ തുറക്കും മുൻപ് പപ്പയോട് അയാളെ കുറിച്ച് സൂചിപ്പിച്ചു.
വാതിൽ തുറന്നു...
പപ്പയാണു മുൻപിൽ പോയത്‌.പിന്നാലെ മറ്റുള്ളവരും പൂമുഖത്തേക്ക് ചെന്നു.
അയാൾ ചാറ്റൽ മഴ നനഞ്ഞു മുറ്റത്ത്‌ തന്നെ നിന്നു.ജെസ്നയെ കണ്ടപ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങി.
"വീട് കണ്ടുപിടിക്കാൻ നന്നേ ബുദ്ധിമുട്ടി...വൈകിട്ട് പഞ്ചസാര വാങ്ങിക്കാൻ പോകുമ്പോഴാ എന്റെ കടയുടെ അടുത്ത് നിന്നു ഫുട്പാത്തിനിടയിൽ ഈ കമ്മൽ കാണുന്നത്...കുട്ടിയെ ഞാൻ ശ്രദ്ധിക്കാറുണ്ട്...അതുകൊണ്ട് ഈ കമ്മൽ ഓർമ്മയിലുണ്ടായിരുന്നു!...ഈ കുട്ടിക്ക് എന്റെ മിനിയുടെ മുഖഛായായയാ!..അവളിപ്പോ ഇല്ല... ഉരുൾ പൊട്ടി എല്ലാവരെയും കൊണ്ടുപോയി!...നാട് ഹൈറേഞ്ചിലാണേ...വീടും എല്ലാം കൊണ്ടുപോയി...അന്ന് പോയതാ ഈ കാലും...ഞാനും അമ്മയും മാത്രം തനിച്ചായി!...".അയാൾ പതുക്കെ കീശയിൽ നിന്നും ആ കമ്മൽ കയ്യിലെടുത്തു പറഞ്ഞുകൊണ്ടിരുന്നു...
"കോളേജിലേക്ക്‌ വരാൻ നോക്കുമ്പോഴാ നാട്ടിന്ന്‌ കൂട്ടുകാരൻ വിളിക്കുന്നെ...അമ്മയ്ക്കു സുഖമില്ല, പെട്ടന്ന് വരണം ന്ന്‌...പ്രായായ അമ്മയാണെ...എന്താണെന്നു പറയണോല്ല അവൻ...ആകെ ബേജാര്...ഈ കാലും വച്ചു ദിവസവും നാട്ടിലെ കുന്ന് കയറാൻ വയ്യാത്ത കൊണ്ടാണെ ടൌണിൽ ജോലിക്ക് വന്നേ...പ്രായായ അമ്മയ്ക്ക് ഒരു ഗ്ലാസ്‌ വെള്ളം നേരത്തിന് കൊടുക്കാൻ വയ്യേ പിന്നെ എന്തിനാ ഈ ജോലിയൊക്കെ...അതുകൊണ്ട് കട ഉടമയ്ക്ക് തിരിച്ചു ഏല്പിച്ചു...ഇനി ഇങ്ങോട്ടില്ല്യ...ഒക്കെ കഴിയുമ്പോൾ വല്ലാണ്ട് വൈകിപ്പോയി...കുട്ടിയുടെ പേരും സ്ഥലവും ഒന്നുമറിയില്ലാത്തകൊണ്ട് കുറെ അലയെണ്ടി വന്നു...സാരില്ല്യ...പോകുന്നതിന് മുൻപ് നേരിട്ട് തന്നെ തരാൻ കഴിഞ്ഞൂലോ...സന്തോഷായി!...".
അയാൾ കമ്മൽ പതുക്കെ അവളുടെ പപ്പയുടെ കൈയിൽ ഏല്പിക്കുമ്പോൾ മന്ദഹാസിച്ചു.ഇങ്ങനെ കൂടി പറഞ്ഞു...
"വേറെ ആരും കാണാഞ്ഞത് നന്നായി, ലേ...ഇനി നാട് പിടിക്കണം വേഗം...".
മഴ കനത്തു...
ആർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല.
അവൾ അവിടെ തരിച്ചു നിൽക്കുകയായിരുന്നു...
പേര് പോലും ചോദിച്ചില്ലല്ലോ...ഒരു നന്ദി വാക്ക് പോലും പറയാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് അയാൾ വേച്ചു വേച്ചു ഇരുട്ടിലേക്ക്‌ നടന്ന് മറയുന്നതു നോക്കി മിഴിനീരൊഴുക്കി നിൽക്കുകയായിരുന്നു!...
കഥ - വിപിൻ വട്ടോളി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo