
എനിക്കൊരു യാത്ര പോകണം. പിന്നിട്ട വഴികൾ പലതും താണ്ടി വീണ്ടും ഒരു യാത്ര.
കണ്ണിൽ കണ്ടതും കേട്ടതും മനസ്സിലാക്കിയതും എല്ലാം വിഡ്ഢിത്തരങ്ങൾ മാത്രമാണെന്ന് തിരിച്ചറിയാൻ സത്യത്തിലേക്കൊരു യാത്ര.
കാണാമറയത്ത് ഞാൻ അറിയാതെ പോയ ചിലതുണ്ട്. അവയൊക്കെ അറിയാനും കേൾക്കാനും ആസ്വദിക്കാനും ഒരു തൂവലു പോലെ പാറി ഒഴുകി നടക്കണം.
കാണാമറയത്ത് ഞാൻ അറിയാതെ പോയ ചിലതുണ്ട്. അവയൊക്കെ അറിയാനും കേൾക്കാനും ആസ്വദിക്കാനും ഒരു തൂവലു പോലെ പാറി ഒഴുകി നടക്കണം.
ആദ്യം സുരക്ഷിതമായി എന്നെ വളർത്തിയ അമ്മയുടെ ഗര്ഭപാത്രത്തിലേക്ക് ..അവിടെ നിന്നും പ്രസവവേദനയെക്കാൾ വേദന മനസ്സിൽ ഒളിപ്പിച്ചു വെച്ചു എന്റെ വരവിനായി കാത്തിരുന്ന് എന്റെ കുഞ്ഞു കൈകളിൽ പിടിച്ചു എന്റെ കുഞ്ഞിക്കാലുകളെ പിച്ച നടത്തിച്ച അച്ഛന്റെ മടിയിലേക്ക്....
അവിടെ നിന്നും മഴ നനഞ്ഞു കുതിർന്ന നാട്ടിൻപുറത്തെ മണ്ണിലേക്ക്....കാലുകൾ കൊണ്ട് തോട്ടിറമ്പത്തെ ചെളി തെറിപ്പിച്ച് പൂഴിമണ്ണിൽ പൊതഞ്ഞു കിടക്കുന്ന ശംഖുകളെയും അഭ്രങ്ങളെ കൈക്കുമ്പിളിൽ നിറച്ച് ആദ്യാക്ഷരം കുറിച്ച വിദ്യാലയമുറ്റത്തേക്ക്.........അവിടെ കൊച്ചു പല്ലുകൾ കാട്ടി ചിരിക്കുന്ന ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ അറിയാതെ നിഷ്കളങ്കമായ സൗഹൃദങ്ങളോടൊരുമിച്ച് പഠിച്ചും കളിച്ചും ഉല്ലസിക്കണം.....
വിദ്യാലയ മുറ്റത്തെ കിണറ്റിലെ വെള്ളം കോരിക്കുടിച്ച് തൊട്ടുമുന്പിലെ പുഴയിൽ നിന്നും ചോറ്റുപാത്രത്തിൽ കുഞ്ഞു മീനുകളെ കോരിയെടുത്ത് കടവിനോട് ചേർന്ന് നിൽക്കുന്ന ആമ്പൽ പൂക്കൾ കൂട്ടുകാരിയുടെ കൈപിടിച്ച് എത്തി പൊട്ടിക്കാൻ നോക്കണം. എന്നിട്ട് വെള്ളത്തിലേക്ക് വീണ് മുങ്ങി പൊങ്ങണം....
നനഞ്ഞു വാരി വീട്ടിൽ ചെല്ലുമ്പോൾ അകലെ നിന്നും വടിയുമായി നിൽക്കുന്ന അമ്മയെ കണ്ട് പേടിച്ചു കരയണം.....കരച്ചിലിന്റെ ശക്തിയിൽ വടി താഴെയിടുന്ന അമ്മയെ സൂത്രത്തിൽ ചിരിപ്പിക്കണം...
വർഷങ്ങൾ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾക്കാനുസരിച്ച് വേദനയോടെയാണെങ്കിലും ഒരുപാട് പ്രീയപ്പെട്ടവരെങ്കിലും ആൺ സൗഹൃദങ്ങളോട് അകൽച്ച കാണിക്കണം....അടുപ്പം കാണിച്ചു പോയാൽ കുഴപ്പമാ...പെണ്ണായിപ്പോയതിനാൽ പേരുദോഷം എളുപ്പം ചാർത്തി കിട്ടും....
ചില പരിധികൾ നിശ്ചയിക്കുമ്പോൾ അതുവരെ ഉണ്ടായിരുന്ന സ്വാതന്ത്രം കുറയുമ്പോൾ മനസ്സ് അറിയാതെ തന്നെ വിലക്കപ്പെട്ട സൗഹൃദത്തിലേക്ക് തിരിയണം........ആ സൗഹൃദം പിന്നെ പ്രണയത്തിന് വഴിമാറണം........
ആരും കാണാതെ ഇടവഴികളിൽ ഗന്ധരാജൻ പൂക്കളെ സാക്ഷിയാക്കി പ്രണയോപഹാരങ്ങൾ കൈമാറണം........ജാതിയും മതവും മതിലുകൾ പണിത് മനസ്സുകളെ വേർപെടുത്തുമ്പോൾ ആരുമറിയാതെ മൂകമായി തേങ്ങണം.......തറവാട്ടിൽ പിറന്ന നല്ല കുട്ടികൾ അങ്ങനെയാണത്രേ....
ഇതിനിടയിൽ കൂടിപ്പിറപ്പിനോട് തല്ലുകൂടണം. കൊച്ചു കൊച്ചു കാര്യങ്ങൾ ഊതിപ്പെരുപ്പിച്ചു അച്ഛന് മുൻപിൽ അവതരിപ്പിച്ച് തല്ല് വാങ്ങി കൊടുക്കണം. പിന്നെ പതുക്കെ പോയി ആശ്വസിപ്പിക്കണം. എന്നിട്ട് മുതുകിന് തന്നെ നല്ല ഇടി വാങ്ങണം.അറിയാതെ പോയ സ്നേഹം തിരികെ പിടിക്കണം...
അടുത്തത് പടിയിറക്കം ആണ്. പെറ്റു പോറ്റി വളർത്തിയവർ തിരഞ്ഞു പിടിക്കുന്ന ഒട്ടും പരിചിതമല്ലാത്ത വീട്ടിലേക്ക് കഴുത്തിൽ താലികെട്ടിയ പുരുഷനോടൊപ്പം വലത് കാൽ വെച്ച് കയറണം. പിന്നെ അതാവണം ലോകം. പിറന്ന് വീണ നാടും വീടും ഒക്കെ അന്യമാകണം. പുതിയവീട്ടിൽ പുത്തൻ ബന്ധളെ മനസ്സിൽ നിറയ്ക്കണം. അവിടെ വിവിധ ഭാവങ്ങൾ...... ഉത്തമയായ ഭാര്യയാവണം മകളാവണം സഹോദരിയാവണം അമ്മായി ആവണം കുഞ്ഞമ്മ ആവണം......അങ്ങനെ എത്ര എത്ര വേഷങ്ങൾ...........
ഇതിനിടയിൽ നോഞ്ചോട് ചേർക്കാൻ ഈശ്വരൻ നീട്ടുന്ന കുഞ്ഞുതുടിപ്പിനെ സ്നേഹിച്ചു തുടങ്ങണം......കാത്തിരിപ്പിനൊടുവിൽ കിട്ടുന്ന കണ്മണിയുടെ നെറ്റിയിൽ മുത്തം കൊടുക്കണം.....വയറു നിറയെ ഊട്ടണം ....താരാട്ട് പാടി ഉറക്കണം......അക്ഷരങ്ങൾ ചൊല്ലി പഠിപ്പിക്കണം........അവരുടെ കുഞ്ഞിഷ്ടങ്ങൾക്ക് കൂട്ട് നില്ക്കണം.......തെറ്റുകൾ തിരുത്തണം....വേദനിപ്പിക്കാതെ ശാസിക്കണം.......
വേഷങ്ങൾ ആടിതീരാറായ കളിയരങ്ങിലെ ആട്ടവിളക്കിലെ തിരിതാഴ്ന്നു തുടങ്ങുമ്പോൾ നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങണം.......ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമായി നഷ്ടങ്ങൾ കൊഞ്ഞനം കുത്തുമ്പോൾ ജരാനരകൾ ബാധിച്ച് ശിഷ്ടകാലം മക്കൾ നോക്കുമെന്ന് വെറുതെ മോഹിക്കണം.........ജീവിതയാത്ര തുടങ്ങി അകലങ്ങളിലേക്ക് യാത്രയായ മക്കളുടെ വരവിനായി താലി ചാർത്തിയവനോടൊത്ത് വഴിക്കണ്ണുമായി കാത്തിരിക്കണം......എനിക്ക് അവനും അവനും ഞാനും മാത്രമായി.....
ഒടുവിൽ പ്രീയപ്പെട്ടവന് മുൻപ് ഈ യാത്രയവസാനിക്കണം സുമംഗലിയായി തന്നെ.....മക്കൾ വായിലേക്കിറ്റിക്കുന്ന അരിയും എള്ളും സ്വീകരിച്ച് എന്നെ ഏറ്റെടുക്കുവാൻ ഒരുങ്ങിയ ചിതയിലേക്ക് ...... എന്നെ പുണരും അഗ്നി എന്റെ സീമന്ത രേഖയിലെ കുങ്കുമ ചോപ്പ് പോലെ ആളിക്കത്തണം.........എന്റെ ദേഹി എരിഞ്ഞൊടുങ്ങിയ സന്ധ്യയിൽ അസ്തമയ സൂര്യൻ കുങ്കുമവർണ്ണം ചാർത്തണം.... കൂട്ടിലെ കിളികൾ ചേക്കേറണം.
വെറുതെ എന്റെ കുറെ ഭ്രാന്തുകൾ...
മഞ്ജുഅഭിനേഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക