കോരിചോരിയുന്ന മഴ. ഏകാന്തതയുടെ ചുട്ടുപൊള്ളുന്ന വെയിലില്‍ മനസ്സിന് കുളിരേകി എത്തിയ
മഴയിലേക്കിറങ്ങി നടക്കുവാന്‍ അവള്‍ ആശിച്ചു .
‘പനിയോ മറ്റോ പിടിച്ചാലും ആരും കാണില്ലല്ലോ’
മഴത്തുള്ളികള്‍ ജനാലയിലൂടെ അവളെ തലോടി കടന്നുപോയി.
ദൂരെ ആകാശത്തെവിടെയെങ്കിലും കാര്‍മേഘങ്ങള്‍ക്കിടയിലൂടെ മഴവില്ലുദിക്കുന്നുണ്ടോ
എന്നവള്‍ കൊതിയോടെ നോക്കി. ഇരുണ്ടുകിടക്കുന്ന ആകാശത്തിന്‍റെ കോണിലൂടെ അവളുടെ
വസ്ത്രംപോലെ വെന്മയോഴുകിവരുന്നുണ്ടായിരുന്നു. അതിലെവിടെയും വേറെയൊരു നിറവുമില്ല.
തിരിയെ വരാത്ത മഴവില്ലും കാത്തു കുറെ ഇരുന്നെങ്കിലും യാഥാര്‍ഥ്യം ഉള്‍കൊള്ളാന്‍
അവളുടെ മനസ്സ് മടിച്ചു.
ഉമ്മറത്തേക്ക് ഇറങ്ങിയിരുന്നപ്പോള്‍ പൊടിപിടിച്ചു
കിടന്നിരുന്ന പടികളാകെ മഴ കഴുകിതുടച്ചിട്ടിരിക്കുന്നതവള്‍
ശ്രദ്ധിച്ചു. താനല്ലാതെ ഇതുകയറി ഇറങ്ങാനാരുമില്ലാതായിരിക്കുന്നു. ഈ പടി ആദ്യമായ്
കയറിയപ്പോള്‍ താനൊറ്റയ്ക്കല്ലാരുന്നല്ലോ. കസേരമേല്‍
ചാരിക്കിടന്നുകൊണ്ട് അവള്‍
മുറ്റത്തേക്ക് നോക്കി. മുറ്റത്താകെ മഴവെള്ളം തളംകെട്ടി നില്‍പ്പുണ്ടായിരുന്നു. അതില്‍ മുങ്ങിതാഴുന്ന ചെറുപ്രാണികള്‍, പ്രാണനുവേണ്ടി പിടയുന്ന അവയെനോക്കി കൊഞ്ഞണംകുത്തുന്ന തവളക്കുഞ്ഞുങ്ങള്‍.
മഴയുടെ വേണ്നൂലുകളിലൂടെ അവള്‍ പിന്നോട്ട് നടന്നു.
വീട്ടുകാരെയൊക്കെ വെറുപ്പിച്ചു പുതിയൊരു ജീവിതത്തിലേക്കു പ്രിയതമനുമോപ്പം
ഇറങ്ങിയോടുമ്പോള്‍ ഏറെ പ്രതീക്ഷകള്‍ കരുതിയിരുന്നു. ഇരുവീട്ടുകാരും എതിര്‍ത്തിട്ടും
ഒറ്റപ്പെട്ടുജീവിയ്ക്കാനുറച്ചപ്പോള്‍ സുഹൃത്തുക്കള്‍ പലരും സഹായത്തിനെത്തി. ഈ
വീടിന്‍റെ പടിവരെക്കൊണ്ട് വിട്ടു അവര്‍ പോകുമ്പോഴും പിന്നീട് പലവട്ടം
സഹായങ്ങളുമായെത്തിയപ്പോഴും വീട്ടുകാരു മാത്രം തിരക്കിവന്നില്ല. രണ്ടുപേരും
ജോലിക്ക് പോയ്കൊണ്ടിരുന്നതിനാലാവണം കൂടുതലൊന്നും ആലോചിക്കാന്‍
സമയംകിട്ടിയിരുന്നില്ല.
സന്തോഷപൂര്‍വ്വം കഴിഞ്ഞ ആ നാളുകള്‍ ഇന്നും നിറം
മങ്ങാതെ മനസ്സിലുണ്ട്. തങ്ങള്‍ക്കു കൂടുതല്‍ സന്തോഷവും ജീവിതത്തിനു ഏറെ നിറവും
പകര്‍ന്നുകൊണ്ട് ദൈവം അനുഗ്രഹിച്ചു തന്ന മകന്‍, കണ്ണന്‍ ഈ മുറ്റത്ത് ഓടിക്കളിച്ചു
നടന്നു.
മഴയില്‍ നനയാന്‍ അവനു ഏറെ ഇഷ്ടമായിരുന്നു. ജോലിയൊക്കെ ഉപേക്ഷിച്ചു
അവനൊപ്പം മഴ നനഞ്ഞും ഓടിക്കളിച്ചും താനും ഏറെ ആസ്വദിച്ച ആ മഴക്കാലങ്ങള്‍ എത്ര
സുന്ദരമായിരുന്നു. നിനച്ചിരിക്കാത്ത നേരത്തൊരു ഉച്ചയ്ക്ക് കണ്മുന്നില്‍ നിന്നും
അപ്രത്യക്ഷനായ തന്‍റെ കണ്മണി.
അവനിന്ന് എവിടെയുണ്ടെന്നോ ജീവനോടെ ഉണ്ടോ എന്നുപോലും
അറിയില്ല. എവിടെയെങ്കിലും ഇരുന്നു “അമ്മേ..അച്ഛാ...” എന്നൊക്കെ വിളിച്ചു
കരയുന്നുണ്ടാകുമോ ഇപ്പോഴും. അത് കേള്‍ക്കാനോ ഓടിച്ചെന്നവനെ കൈയില്‍ കൊരികൊണ്ട്
വരാനോ തനിയ്ക്കാവുന്നില്ലല്ലോ. തിരിയെ വരാന്‍ അവനു വഴിയറിയുമായിരിക്കുമോ?
എന്നത്തേയും പോലെ പ്രതീക്ഷയോടെ അവള്‍ വഴിയരികിലേക്ക്
കണ്ണോടിച്ചു. മുറ്റത്തെ ചാമ്പമരച്ചുവട്ടില്‍ ചുവന്ന പഴങ്ങള്‍ മഴവെള്ളത്തില്‍
തത്തിക്കളിക്കുന്നുണ്ടായിരുന്നു. അതിനു ചുവട്ടില്‍ കളിച്ചു കൊണ്ടിരുന്ന അവനെ
തനിച്ചാക്കി അടുക്കളയിലേക്കുപോകുമ്പോള്‍ താനറിഞ്ഞിരുന്നില്ലല്ലോ
താനുണ്ടാക്കുന്നതൊന്നും കഴിക്കാന്‍ അവന്‍ കാത്തുനില്‍ക്കില്ലെന്ന്.
അനിശ്ചിതത്വത്തിന്‍റെ കുറെ നാളുകള്‍- അന്വേഷണങ്ങള്‍,
പോലീസ്, പത്രക്കാര്‍, നാട്ടുകാര്‍, സംഘടനകള്‍ ആകെ ബഹളം. മകനെയോര്‍ത്തു
കരഞ്ഞുകൊണ്ടിരുന്ന, പ്രതീക്ഷകൈവിടാതെ കാത്തുകാത്തിരുന്ന അവരുടെ കണ്ണീരൊപ്പാനും
തിരക്കിവരാനും എല്ലാവരും തിരക്കുകൂട്ടി.
അമ്മയുടെ രോദനങ്ങളും അച്ഛന്‍റെ വിങ്ങിപ്പൊട്ടലുകളും
നാടിന്‍റെ ആശങ്കയുമൊക്കെ മാധ്യമങ്ങള്‍ ഏറ്റെടുത്തു, കുട്ടിയെ കണ്ടുപിടിക്കാന്‍
ഉത്സുകരായി വിവിധ സംഘടനങ്ങള്‍, ചര്‍ച്ചകള്‍. പ്രതീക്ഷയോടെ ദിനങ്ങള്‍ യുഗങ്ങളാക്കി
കരഞ്ഞു തളര്‍ന്ന കുറെ മാസങ്ങള്‍. ജീവിതം പിന്നെയും മുന്നോട്ടോടി കൊണ്ടിരുന്നു.
മകനില്ലാത്ത ജീവിതത്തോട് പൊരുത്തപ്പെട്ടു തുടങ്ങിയ ആ നാളുകളിലൊന്നില്‍ വിധിയെന്ന
കാട്ടാളന്‍ വീണ്ടും അവള്‍ക്കു മുന്നില്‍ താണ്ഡവമാടി. ഒരു അപകടത്തിന്റെ രൂപത്തില്‍
അവര്‍ക്കിടയിലേക്ക് വീണ്ടും വന്ന ആ ക്രൂരന്‍ അവളുടെ ഭര്‍ത്താവിനെയും കൂടെക്കൂട്ടി.
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ആ സ്ത്രീ പലവട്ടം ജീവിതം ത്യജിക്കാനൊരുങ്ങിയെങ്കിലും
വിഫലമായ ആ ശ്രമങ്ങള്‍ക്കൊടുവില്‍ അവനെതിരെ ഒറ്റയ്ക്ക് പോരാടാന്‍ ഉറച്ചു.
ഭര്‍ത്താവിന്‍റെ ജോലി അവള്‍ക്ക് അനുവദിച്ചുകിട്ടി.
ഒറ്റയ്ക്കാണ് എപ്പോഴും. ആകെ ഒരാശ്വാസം കിട്ടുന്നത് ഓഫീസില്‍ പോകമ്പോഴാണ്.
ജോലിത്തിരക്കിനിടയില്‍ ഒന്നും ആലോചിക്കാന്‍ സമയം കിട്ടരുതെയെന്ന പ്രാര്‍ത്ഥനയോടെയാണ്
ഓരോ ദിവസവും വീട്ടില്‍ നിന്നും ഇറങ്ങുന്നത്. സുഹൃത്തുക്കളുമൊത്തുള്ള നിമിഷങ്ങളില്‍പോലും
ചിലപ്പോള്‍ ഉള്ളു തുറന്നൊന്നു ചിരിക്കാന്‍ മനസ്സൊന്നു ഭയക്കും.
ഞായറാഴ്ചകള്‍- വേദനിപ്പിക്കുന്ന ഏകാന്തതയുടെ ദിനങ്ങള്‍-
അവളൊട്ടും ഇഷ്ടപ്പെടാത്ത കുറെ മണിക്കൂറുകള്‍. വല്ലപ്പോഴും കയറിവരുന്ന
സുഹൃത്തുക്കളും, രാവിലെ എത്തുന്ന പത്രക്കാരനും, അടുക്കള വാതിലിലൂടെ ഇടയ്ക്കിടെ
എത്തിനോക്കുന്ന കറുമ്പന്‍ പൂച്ചയും, കടികൂടി മുറ്റത്തേക്കെത്തുന്ന ചാവാലിപ്പട്ടികളുമാണ്
ആകെയുള്ള സന്ദര്‍ശകര്‍.
താനിവിടെ ഒറ്റക്കായിട്ടു ഇന്നേക്കു ഇരുപതു വര്‍ഷം.
വീടുകാരാരും തിരക്കിവന്നില്ല, കാലം പരിഭവങ്ങള്‍ തുടച്ചുനീക്കുമെന്നു
കരുതിയിരുന്നെങ്കിലും നടന്നില്ല. താനിവിടെയാനുള്ളതെന്നു അവര്‍ക്ക്അറിയുമായിരിക്കുമോ.
അതോ ഇന്നും എല്ലാവരും പരിഭവത്തിലാണോ.
മകനെ നഷ്ടമായ അവസ്ഥയിലാണ് താന്‍ ചെയ്ത തെറ്റിന്റെ
വ്യാപ്തി അവള്‍ക്ക് മനസിലായത്. അഞ്ചുവര്‍ഷം വളര്‍ത്തിയെടുത്ത മകനെ
നഷ്ടമായപ്പോഴുള്ള തന്‍റെ വേദനയെക്കാള്‍ എത്ര വലുതായിരുന്നിരിക്കും ഇരുപതിനാലുവര്‍ഷത്തിന്
ശേഷം വീട്ടുകാരെ വിട്ടെറിഞ്ഞ് പോകുമ്പോള്‍ അവരനുഭവിച്ച നീറ്റല്‍. താന്‍
ചെയ്തതൊക്കെ ശെരിയാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു അവള്‍, ഇന്നും അല്‍പമൊക്കെ
അങ്ങനെ തന്നെ തോനുന്നുണ്ട്. വിധി തനിക്കു പരീക്ഷണങ്ങള്‍ തന്നില്ലായിരുന്നെങ്കില്‍
ഇന്നും അവരെ മനസിലാക്കാന്‍ അവള്‍ക്കു ആകുമായിരുന്നില്ല.
വീട്ടിലേക്കൊന്നു കയറിച്ചെല്ലന്നമെന്നും അച്ഛനെയും
അമ്മയെയും അനുജത്തിയും ഒന്നു കാണണമെന്നും പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്. ഈ
ഒറ്റയ്ക്കായ ദിനങ്ങളിലാണ് അവരെപ്പറ്റിയൊക്കെ വല്ലപ്പോഴും ആലോചിക്കാറുള്ളത്. താനാണ്
ശരി, എന്തും നേരിടാം എന്നു കരുതിയിരുന്ന ഇന്നലെകളില്‍ അവരെ ഒന്നുപോയി കാണാന്‍
മടിച്ചിരുന്നു. എല്ലാവരെയും വെറുപ്പിച്ചു ഇറങ്ങി പോരുമ്പോള്‍ ഇങ്ങനൊക്കെ
വന്നുകൂടുമെന്നു ആലോചിച്ചിരുന്നില്ലല്ലോ. അവരുടെ മുന്നില്‍പോയി നില്‍ക്കാന്‍
ധൈര്യം ഇല്ലാത്തതുകൊണ്ട് അങ്ങോട്ട് കടന്നുചെല്ലാന്‍ തോന്നിയില്ല.
ഇന്ന് തന്‍റെ തെറ്റ് തിരുത്താനുറച്ച ദിവസമാണ്.
തിരുത്താനാകില്ലെങ്കിലും അവരുടെ കാലില്‍ വീണു മാപ്പപെക്ഷിക്കണം. മനസ്സില്‍ ഏറെ
വട്ടം ചെയ്തുകഴിഞ്ഞെങ്കിലും താനായിട്ട് ഇറങ്ങിപോന്ന ആ വീട്ടില്‍, കളിച്ചു വളര്‍ന്ന
ആ മുറ്റത്ത് കയറിചെല്ലണം. ക്ഷമിക്കാതിരിക്കാന്‍ ആകില്ല അവര്‍ക്ക്. പ്രായം തന്ന
പക്വതയും ധൈര്യവും കൈമുതലായുണ്ട്.
സൈക്കിളിന്‍റെ ബെല്ലടി കേട്ടാണ് ഓര്‍മ്മകളിലൂടെയുള്ള
തേരോട്ടം നിലച്ചത്. പടിയ്ക്കലേക്ക് പറന്നെത്തിയ പത്രം അവള്‍ കൈയിലെടുത്തു. എന്നും
കണ്ണുതുറന്നാല്‍ ഒരേ വാര്‍ത്തകള്‍. ആക്രമണങ്ങള്‍, അപകടങ്ങള്‍, തര്‍ക്കങ്ങള്‍,
പഴിചാരലുകള്‍, പിന്നെ എണ്ണമറ്റ പരസ്യങ്ങള്‍. ‘കാണ്മാനില്ല’ താഴെ ചിരിക്കുന്ന
മുഖങ്ങള്‍, അവയിലൂടെ കണ്ണോടിക്കുമ്പോള്‍ അവളൊന്നു ഒരുനിമിഷം കണ്ണടച്ച് പ്രാര്‍ത്ഥിച്ചു.
‘ഇവരെ കാത്തിരിക്കുന്ന ഉറ്റവര്‍ക്ക് എന്റെ ഗതി വരുത്തരുതേ..’
ചരമക്കൊളത്തിലൂടെ പതിവുപോലെ കണ്ണോടിക്കവേ ഒരു മുഖം
പെട്ടന്ന് ശ്രദ്ധയില്‍ പെട്ടു.
“അച്ഛന്‍”-
അവള്‍ മന്ത്രിച്ചു.
കണ്ണുകള്‍ നിറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ നിവര്‍ത്തിവെച്ച
പേജുമായി അവള്‍ നിശബ്ദയായിരുന്നു. ഒന്നു വാവിട്ടു കരയണമെന്നുണ്ട്, ശബ്ദം പുറത്തേക്കുവരുന്നില്ല.
താന്‍ ഏറെ വൈകിപ്പോയല്ലോ. എത്ര വര്‍ഷങ്ങള്‍,
ഒരിക്കലും ഒന്നുപോയിക്കാണാന്‍ കഴിഞ്ഞില്ലല്ലോ.
സമയം ആര്‍ക്കുംവേണ്ടികാത്തുനില്കില്ല, മരണവും.
തെറ്റുകള്‍ ഏറ്റുപറയാന്‍ മടികാണിക്കുന്നതിനെക്കാള്‍ വലിയ തെറ്റൊന്നും ഇല്ലെന്നു
അവള്‍ തിരിച്ചറിഞ്ഞു.
തനിക്കു ചുറ്റുമുള്ള ലോകം തകര്‍ന്നടിയുന്നതായി അവള്‍ക്കു
തോന്നി. അവളുടെ കണ്ണീരിന്‍റെ ചൂടില്‍ കൈകളിലിരുന്ന പത്രത്താളുകള്‍ എരിഞ്ഞു കത്തി.
മുഖത്തേക്കാഞ്ഞടിച്ച ആ ചൂടുകാറ്റില്‍ അവളുടെ ശരീരം വാടിത്തുടങ്ങി. അതിന്‍റെ
ചൂടേറ്റു മനസ്സു ദൂരെക്കോടിയൊളിച്ചു.
ആരെയും വേണ്ടാതെ ഇറങ്ങി തിരിച്ച അവളെ, ആരോരുമില്ലതായ
അവളെ അതിനും വേണ്ടത്രേ. ദുരന്തങ്ങളുടെ നടുക്കങ്ങളും ഒടുങ്ങാത്ത ദുഖത്തിന്റെ
കണ്ണീരും ഓടിയകന്ന ആ മുഖത്ത് ചിരിവിടര്‍ന്നു. അവള്‍ എല്ലാം മറന്നു ചിരിച്ചു.
നിലയ്ക്കാത്ത ചിരിയുമായി അകത്തേക്കോടിയ അവള്‍ക്കുമേല്‍ പണ്ടെന്നോ അടച്ചു വെച്ച
ചായക്കുപ്പികള്‍ തകര്‍ന്നുവീണു വര്‍ണംവിതറി.
പുറത്തു മഴക്കൊപ്പം കൈകള്‍ നീര്‍ത്തിയ സൂര്യനും
ജനാലയിലൂടെ അവളെ തലോടി. അടുത്തെങ്ങും മായാത്ത മഴവില്ലു വിരിയിച്ചു കൊണ്ട് ആ
കിരണങ്ങള്‍ മഴത്തുള്ളികളില്‍ വര്‍ണം കോരിയണിയിച്ചു. അവളെ വിട്ടകന്ന മനസ്സിന്‍റെ
വരവും കാത്തു എല്ലാം മറന്നു അവള്‍ സന്തോഷവതിയായി ഇരുന്നു.
**************
പ്രീത പ്രദീപ്
(8 വര്‍ഷം മുന്‍പെഴുതിയ കഥ. എന്നിലെ 18കാരിയുടെ കാഴ്ചപ്പാടിലൂടെ രൂപം കൊണ്ട ഈ രചനയില്‍
മാറ്റം വരുത്താന്‍ ആഗ്രഹിയ്കാത്തതിനാല്‍ തിരുത്തലുകള്‍ ഒഴിവാക്കി ടൈപ്
ചെയ്തെടുത്തു.)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക