Slider

ഒരു 'കുഞ്ഞൻ' പ്രണയം..

0
Image may contain: 3 people, including Riju Kamachi, people smiling, text

രചന :-Riju Kamachi
എന്റെ പേര് ആഗ്നേയ് കൃഷ്ണ,വയസ്സ് 2.നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാന നഗരമായ ഡൽഹിയിലാണ് താമസം.എന്റെ സങ്കടം എന്താന്ന് വെച്ചാൽ..., കുയിലിന്റെ പ്രണയവും,കാക്കയുടെ ഒളിച്ചോട്ടവും, തവളയുടെ കല്ല്യാണവും വരെ ചർച്ച ചെയ്യാൻ ഇവിടെ ഒരുപാട് പേരുണ്ട് .എന്നാൽ എല്ലാവരും ശിശു,വാവ,ബേബി എന്നൊക്കെ വിളിച്ചു കൊച്ചാക്കുന്ന ഞങ്ങളുടെ കാര്യം പറയാൻ ആരുമില്ല.അതുകൊണ്ട് ഞാൻ തന്നെ എന്റെ കഥ പറയാം....
ഞാൻ ജനിച്ചപ്പോ എന്റച്ഛൻ തപ്പി കണ്ടുപിടിച്ച പേരാണ് 'ആഗ്നേയ് കൃഷ്ണ'.വലിയ കിടിലൻ പേരൊക്കെ തന്നെയാണെങ്കിലും അച്ഛനും അമ്മയും എന്നെ 'കുഞ്ഞൻ'ന്ന് വിളിക്കും. ആൾക്കാരുടെ ഇടയിൽ അങ്ങിനെ വിളിക്കുമ്പോ എനിക്ക് ചെറിയ ചമ്മൽ ഉണ്ടെങ്കിലും ആ വിളി എനിക്ക് ഒരുപാടിഷ്ടാട്ടോ..തള്ള് നിർത്തി കാര്യത്തിലേക്ക് കടക്കാം.
ഈ കഴിഞ്ഞ ജൂലൈ മാസത്തിലെ ഒരു ഞായറാഴ്ച്ച ഉച്ച കഴിഞ്ഞപ്പോ എന്റെ അച്ഛനൊരു തോന്നൽ "നമുക്ക് ചുമ്മാ 'കുത്-അബ്‌ മിനാർ' വരെ ഒന്നു പോയാലോ" ന്ന്.അങ്ങനെ അച്ഛന്റെ ഉൾവിളിക്ക് അമ്മയുടെ സപ്പോർട്ടും കൂടി കിട്ടിയതിനാൽ ഞാനും ചേട്ടനും അച്ഛനും അമ്മയും കൂടി 'കുത്-അബ്‌ മിനാർ'ലേക്ക് തിരിച്ചു.ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഒരു അരമണിക്കൂർ യാത്രചെയ്താൽ അവിടെത്താം.
ഞായറാഴ്ച്ചയായിട്ടും അന്ന് വലിയ തിരക്കുണ്ടായിരുന്നില്ല.ഇടക്കിടെ വരാറുള്ള സ്ഥലം ആയത്കൊണ്ടുതന്നെ അധികം ചുറ്റിക്കറങ്ങാതെ, പതിവ് സെൽഫി പിടുത്തവും കഴിഞ്ഞ് ഞങ്ങൾ നാലുപേരും കൂടി അവിടുള്ള പുൽത്തകിടിയിലിരുന്നു.എനിക്കാണെങ്കിൽ ഒരു മിനിറ്റ് പോലും വെറുതെയിരിക്കുന്ന സ്വഭാവം ഇല്ലല്ലോ.ഞാൻ ഓട്ടം തുടങ്ങി,ചേട്ടൻ പുറകെയും.അല്ലെങ്കിലും ഞാനും ചേട്ടനും കുറച്ചു കാറ്റും വെളിച്ചവും കൊണ്ട് ഓടിച്ചാടി കളിക്കട്ടെ എന്ന ഉദ്ദേശത്തിൽതന്നെയാണ് അച്ഛൻ ഞങ്ങളെ ഇവിടെ കൊണ്ടുവരാറുള്ളത്.
എന്റെ ഓട്ടവും വീഴ്ചയും അഭ്യാസവും കണ്ട് ആരാധന മൂത്തിട്ടാവണം തൊട്ടപ്പുറത്ത് കളിച്ചുകൊണ്ടിരുന്ന,എന്നെക്കാൾ കുഞ്ഞായ ഒരു സുന്ദരി വാവ പിച്ച പിച്ച വച്ച് ഞങ്ങളുടെ അടുത്തേക്ക് വന്നു. മഞ്ഞ കുഞ്ഞുടുപ്പുമിട്ട് എന്റെ മുന്നിൽ നിന്ന് വാ തുറന്നു ചിരിച്ചു.പല്ലിന്റെ എണ്ണത്തിൽ എന്നെക്കാൾ ദാരിദ്ര്യം.മുൻ നിരയിലെ മൂന്നെണ്ണം മാത്രം.എന്നാലും ഗോതമ്പിന്റെ നിറവും വെള്ളാരം കണ്ണുകളും ചെമ്പൻ മുടിയുമുള്ള ആ മാലാഖ കുഞ്ഞിനെ എനിക്ക് വല്ലാതെയങ്ങ് ഇഷ്ടായി.അവളെക്കണ്ടപ്പോ അത്രയ്ക്കങ്ങ് ബോധിക്കാഞ്ഞിട്ടാണെന്നു തോന്നുന്നു,ഏട്ടൻ ഓടി അമ്മയുടെയും അച്ഛന്റെയും കൂടെ ചെന്നിരുന്നു.
അതോടെ വീണു കിട്ടിയ സ്വകാര്യ നിമിഷത്തിൽ ഞാനും ആ കുഞ്ഞാവയും പ്രഥമ ദൃഷ്ടിയാ പ്രണയത്തിന് വിധേയരായത് പോലെ ഒരു ഉൾപുളകവും കോരിത്തരിപ്പുമൊക്കെ തോന്നാൻ തുടങ്ങി.അവളെന്റെ അടുത്തോട്ട് ചേർന്ന്നിന്ന് ആ കുഞ്ഞു വിരൽ കൊണ്ടെന്റെ കവിളിൽ പതുക്കെ ഒന്ന് തൊട്ടു.ഞാനും ആദ്യ സ്പർശനത്തിനായി അവളുടെ മുഖത്തേക്ക് കൈ നീട്ടിയതും അച്ഛന്റെ ഗർജ്ജനം
"ഡാ കുഞ്ഞാ..."
അച്ഛൻ ഓടി വന്നെന്റെ കൈ തടഞ്ഞു.അച്ഛനെ പറഞ്ഞിട്ടും കാര്യമില്ല ഞാൻ ആരുടെ നേരെ കൈ നീട്ടിയാലും അവരുടെ മുഖത്ത് മിനിമം നാല് നഖക്ഷതങ്ങളെങ്കിലും ബാക്കിവെച്ചേ കൈ പിൻവലിക്കാറുള്ളൂ.പക്ഷേ ഇത്തവണ അതിനല്ലായിരുന്നു കേട്ടോ.
"ഇധർ ആവോ ബേട്ടീ...."
ഒരു കിളി നാദം.കുഞ്ഞാവയുടെ മോഡേൺ വേഷധാരിയായ നോർത്ത് ഇന്ത്യക്കാരി 'മമ്മി'യാണ്. അവരും ഞങ്ങളുടെയടുത്തേക്ക് വന്നു.മോളെപ്പോലെ തന്നെ സുന്ദരിയായ അമ്മ.അച്ഛന്റെ മനസ്സിൽ ലഡ്ഡുവും ഗുലാബ് ജാമുനും എല്ലാം ഒരുമിച്ചു പൊട്ടുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു.
"ക്യൂട്ട് ബോയ്...."എന്നും പറഞ്ഞ്
അവരെന്റെ കവിളിൽ നുള്ളിയപ്പോ
"എന്ത് നുള്ളായിത് തള്ളേ.."ന്ന് മനസ്സിൽ തോന്നിയെങ്കിലും ഭാവി അമ്മായിയമ്മയല്ലേന്നോർത്ത് ഞാനങ്ങ് സഹിച്ചു.
" ആപ് കി ബെട്ടീ ഭീ തൊ ബഹുത് ക്യൂട്ട് ഹേ..."കുഞ്ഞിന്റെ പേരും നാളുമൊക്കെ ചോദിച്ചുകൊണ്ട് അച്ഛൻ അവരെയങ്ങ് പരിചയപ്പെട്ട് കത്തിയടി തുടങ്ങി.'കുത്-അബ്‌ മിനാർ' പോലും തള്ളി മറിച്ചിടുമോ എന്നു തോന്നി.കിട്ടിയ അവസരത്തിൽ ഞാനും കുഞ്ഞു സുന്ദരിയും ഞങ്ങളുടെ ഭാഷയിൽ ഒരുപാട് കഥകൾ പറഞ്ഞു കളിച്ചു ചിരിച്ച് ഉമ്മകൾ കൊടുത്ത് ഉല്ലസിക്കുകയായിരുന്നു.
വടക്കേ ഇന്ത്യയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം പൊടിക്കാറ്റുണ്ട്. ആ കാറ്റ് പെണ്ണിന്റെ കണ്ണിലും മൂക്കിലും ഒക്കെ ആഞ്ഞു വീശിയപ്പോ മൊഞ്ചൊന്നും കൂടിയില്ലാന്ന് മാത്രല്ല,അത് കിടന്ന് കാറാൻ തുടങ്ങി.നശിച്ച കാറ്റിനു വീശാൻ കണ്ട നേരം.
അവളെ 'മമ്മി' കോരിയെടുത്തു മുഖം തുടച്ച് സമാധാനിപ്പിച്ചു.അവരോട് അച്ഛൻ 'ബൈ' പറഞ്ഞ് തിരിഞ്ഞു നടന്നപ്പോൾ
അമ്മയുടെ നോട്ടത്തിന് "വീട്ടിൽ വാ മനുഷ്യാ നിങ്ങളെ ഞാൻ ശരിയാക്കിത്തരാം" എന്ന അർത്ഥമുണ്ടോ ന്ന് തൊന്നീട്ടാവണം അച്ഛൻ ഒന്ന് പതറുന്നുണ്ടായിരുന്നു.
അച്ഛന്റെ കൈ പിടിച്ചു നടക്കുമ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി പൊടികയറിയ കണ്ണുകൾ തിരുമ്മിക്കരയുമ്പോഴും ആ കുഞ്ഞു സുന്ദരി എന്നെ നോക്കി കൈവീശിക്കാണിക്കുന്നുണ്ടായിരുന്നു.ഈ മഹാനഗരത്തിലെ ആൾതിരക്കിൽ നമ്മൾതമ്മിൽ ഇനി ഒരിക്കലും കണ്ടുമുട്ടില്ലായിരിക്കാം..എന്നാലും ഈ കുഞ്ഞന്റെ മനസ്സിലെ കുഞ്ഞു പ്രണയം എന്നെന്നും അവൾക്കായ് തിരയും.
(NB:- അത്രയും നേരം അവളുടെ 'മമ്മി' യോട് കത്തിയടിച്ച സ്ഥിതിക്ക് അച്ഛൻ വാട്സ്ആപ് നമ്പർ വാങ്ങാതിരിക്കാൻ വഴിയില്ല.ഇനി അതാണ് ഒരേയൊരു പ്രതീക്ഷ.അച്ഛാ...അച്ഛനാണച്ചാ അച്ഛൻ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo