നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഴ

Image may contain: 1 person, standing, ocean, sky, outdoor and water

മച്ചിൽ പിണങ്ങിനിന്ന ഓടിന്റെ ഇടയിലൂടെ തെന്നിവീണ ആദ്യ മഴത്തുള്ളി അവളുടെ പൊക്കിൾ കുഴിയിൽ ഇറ്റുവീണപ്പോൾ അവളിൽ ഒരിക്കലും ഇല്ലാത്ത തരിപ്പ് അനുഭവപെട്ടു . മയക്കത്തിന്റെ ആലസ്യത്തിൽ വയറിൽ പടർന്നു കയറിയ നനവിനെ വിരലുകളാൽ തുടച്ചുനീക്കി കൊണ്ട് ഓടിന്റെ വിടവിൽ അവൾ കണ്ണെറിഞ്ഞു . " വീണ്ടും മഴയോ ! ..... " തണുത്ത തറയിൽ വിരിച്ച പായിൽ നിന്നും നടു നിവർത്തി ഇരുന്നുകൊണ്ട് പൊളിഞ്ഞൊലിച്ചു തുടങ്ങിയ മതിലിലെ ജനാലയുടെ വിടവിലൂടെ അവൾ മഴയെ വെറുപ്പോടെ നോക്കി . ' എന്ത് മഴയാണ് നാശം ...... ' ഇരുണ്ട അന്തരീക്ഷം . കാർമേഘത്തിൽ ഒളിച്ച നിലാവിനെ പരതി ഇന്നലെ കഴുത്തോളം പെയ്തിറങ്ങിയ മഴയെ ശപിച്ചുകൊണ്ടു തന്റെ വീടിനെ കുറിച്ചു ഓർത്തപ്പോൾ അവളുടെ മനസ്സിൽ നിന്നും അറിയാതെ ഒരുനിലവിളി ഉണർന്നു . ' അയ്യോ ! ന്റെ ജെനി .... ' ' ഞാൻ ന്റെ പൊന്നിനെ മറന്നോ ? ' മറക്കാൻ പാടില്ലാത്ത എന്തോ മറന്ന കുറ്റബോധത്തിന്റെ ഞെട്ടലോടെ അടുത്തിരുന്ന നരച്ച ഭാണ്ഡക്കെട്ടിൽ , പഴകി മുഷിഞ്ഞ കുപ്പായങ്ങൾ തള്ളിമാറ്റിക്കൊണ്ട് അടിയിൽ നിന്നും അവൾ തന്റെ ഡയറി വലിച്ചെടുത്തു . എഴുതിത്തീരാത്ത താളിനെ ഓർമ്മപ്പെടുത്താൻ വെച്ച പേനയുടെ സഹായത്തിൽ അവൾ ധിറുതിയിൽ ഡയറി തുറന്നു . ' ഇന്ന് ഞാൻ എന്ത് കാര്യമാണ് ന്റെ ജനിയോട് പറയുക ? ' എന്നത്തേയും പോലെ ജെനികുട്ടിയെ എന്ന തലവാചകം എഴുതാനായി പേനയുടെ തുമ്പ് ഡയറിയിൽ ചേർത്തപ്പോൾ എവിടുന്നെന്നില്ലാതെ ആ ചോദ്യം അവളിൽ പറന്നു വന്നു . " അമ്മക്ക് മരിക്കാൻ പേടിയാണോ ? " കൈകൾ മരവിച്ചു ..... ഉമിനീർ നീരാവി ആകുന്ന പോലെ. ' എന്ത് ഉത്തരമാണ് മോളെ ഞാൻ ന്റെ ജെനിക്ക് തരിക.... ' ക്യാമ്പിൽ തിങ്ങിനിറഞ്ഞ ആളുകൾ ആരും കേൾക്കാതെ തന്റെ വാ പൊത്തിപ്പിടിച്ചു കൊണ്ട് അവൾ മൗനമായി നിലവിളിച്ചു . ' അവൾ ചോദിച്ചത് സത്യമാണ് ഞാനെന്തിനാണ് ഭയക്കുന്നത് ? ഞാൻ എന്തിനു വേണ്ടിയാണ് ജീവിക്കുന്നത് ? റോഡിലെ വേഗതയിൽ വിധവയാകപ്പെട്ടവൾ .... കാൻസർ എന്ന കഴുകൻ കുഞ്ഞിനെയും കൊത്തിപ്പറക്കുമ്പോൾ നോക്കി നിന്ന മണ്ടി ... ഞാൻ പിന്നെ എന്തിനാണ് ഭയക്കുന്നത് ? എന്തിനാണ് ജീവിക്കുന്നത് ? ' ഉത്തരമില്ലാത്ത ചോദ്യങ്ങൾ തന്നോടുതന്നെ ചോദിച്ചുകൊണ്ട് കണ്ണീരിൽ കുതിർന്ന താളുകളെ ഡയറിക്കുള്ളിൽ ആക്കിയതിനു ശേഷം അവൾ മുറിയുടെ പുറത്തേക്ക് നടന്നു . അവിടെ വരാന്തയുടെ മൂലയിൽ കിടന്ന ബെഞ്ചിൽ മുഖം ചേർത്തു കിടന്നു . മുറിക്കുള്ളിലെ ശ്വാസത്തിന്റെ ഏറ്റക്കുറച്ചിൽ കേൾക്കാൻ കഴിയാത്തത് കൊണ്ട് വല്ലാത്ത ആശ്വാസം തോന്നി അവൾക്ക് . എന്നാലും കലുഷിതമായ മനസ്സ് അവളിൽ തുടർന്നുകൊണ്ടിരുന്നു . ചാറ്റൽ മഴയിലേക്ക് നോക്കിക്കൊണ്ടിരുന്ന അവളുടെ കണ്ണുകൾ പെട്ടെന്ന് എന്തിലോ ഉടക്കി . ക്യാമ്പിന്റെ പുറത്തായി ഉള്ള കടയുടെ വശങ്ങളിൽ എന്തോ ഒന്ന് മിന്നിമറയുന്നത് പോലെ ? ആരാണ് അത് ? എന്തായാലും നോക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവൾ അവിടേക്ക് നടന്നു നീങ്ങി . എന്നും ഇരുട്ടിനെ ഭയക്കുന്ന അവൾ ആരോ തന്റെ കൂടെ ഉണ്ട് എന്ന വിശ്വാസത്തിൽ യാന്ത്രികമായി നടന്നു . അവളുടെ ചലനത്തിന്റെ ബലത്തിൽ അവിടെ നിന്ന രൂപങ്ങൾ ഇരുട്ടിൽ മറഞ്ഞു . " ഇവിടെ ആരും ഇല്ലല്ലോ.... ? " കടയുടെ വശങ്ങളിൽ ഒന്നുകൂടെ നോക്കി ഉറപ്പുവരുത്തിക്കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ പിന്നിൽ നിന്നും ആരുടെയോ തേങ്ങൽ അവളുടെ കാതിൽ പതിച്ചു . ഒരു ഞെട്ടലോടെ അവൾ കടത്തിണ്ണയിൽ കണ്ണോടിച്ചു . കണ്ടാൽ മൂന്നു വയസ്സ് മാത്രം പ്രായം വരുന്ന ഒരു പെൺകുഞ്ഞ് . ആരാണ് ഇവൾ ? അവൾ കുഞ്ഞിനെ തട്ടി വിളിച്ചു . അമ്മ എന്ന ഒരു വാക്ക് മാത്രമേ അവളിൽ നിന്നും പുറത്തുവന്നുള്ളൂ . അവൾ കുറെ നേരം കുഞ്ഞിന് കൂട്ടായി ഇരുന്നു . നേരം വൈകുംതോറും ഇരുട്ടിൽ മറഞ്ഞ രൂപങ്ങളുടെ ശബ്ദം അവൾ കേട്ടു . കുഞ്ഞിനെ ഒറ്റയ്ക്കാക്കി പോകാൻ തോന്നാത്തതുകൊണ്ട് ഇനി ഈ കുഞ്ഞിനെ തിരക്കി ആരും വരില്ല എന്ന് സ്വന്തം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതിനു ശേഷം അവൾ കുഞ്ഞിനെ വാരിയെടുത്തു കൊണ്ട് ക്യാമ്പിന്റെ മുറിയുടെ അകത്തേക്ക് നടന്നു . തറയിൽ തനിക്കായി വിരിച്ചിരുന്ന പായിൽ അവളെ കിടത്തി. കാർമേഘത്തെ തള്ളിമാറ്റി വന്ന മിന്നലിന്റെ വെളിച്ചത്തിൽ അവൾ ആ കുട്ടിയുടെ മുഖം ഒരുമാത്ര കണ്ടു .. " ജെനി ...... " ' ന്റെ ജെനികുട്ടിയുടെ അതേ മുഖം ..... ' അവൾ വാത്സല്യത്തിൽ കുഞ്ഞിന്റെ നെറ്റിയിൽ ഒന്ന് തലോടി . എന്നിട്ട് ഇരുട്ടിൽ തന്റെ ഡയറിയെ കൈകൾ കൊണ്ട് പരതി അതിനുശേഷം സ്വന്തമാക്കി . വീണ്ടും കണ്ണീറിൽ കുതിർന്ന ആ താളുകൾ അവൾ തീരഞ്ഞു . അതിൽ പേന കൊണ്ട് കോറികൊണ്ട് അടുത്ത താളിൽ അവൾ പേനയുടെ തുമ്പ് ചേർത്തു ' എന്റെ ജെനിക്കുട്ടി ..... പിണക്കമാണോ എന്നോട് ? ഞാൻ നാളെ തന്നെ വീട്ടിൽ എത്തും കേട്ടോ .. പിന്നെ ന്റെ ജെനിയുടെ അനിയത്തികുട്ടിയും എന്റെ കൂടെ കാണും ... പിണങ്ങല്ലേ ... എന്ന് നിന്റെ സ്വന്തം ....... ' എഴുതി അവസാനിപ്പിച്ച് പേന ഡയറിക്കുള്ളിൽ ഒതുക്കികൊണ്ട് അവൾ നഷ്ടപ്പെട്ട എന്തോ സ്വന്തമാക്കിയ സന്തോഷത്തിൽ കുഞ്ഞിനെ മാറോട് ചേർത്ത് കിടന്നു . രചന : - ദീക്ഷിദ്ബാലചന്ദ്രൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot