Slider

ഉൾവിളി

0
Image may contain: 1 person, beard

കഴിഞ്ഞ ഞായറാഴ്ച ആണ് ശ്യാമക്ക് ഉൾവിളി ഉണ്ടാവുന്നത് ,പഴവങ്ങാടി ഗണപതി കോവിലിൽ പോണം,സിനിമക്ക് കൊണ്ട് പോകാമോ എന്ന് ശനിയാഴ്ച ചോദിച്ചപ്പോൾ ചെയ്തത് പോലെ ഞാൻ ഉറക്കം നടിച്ചു കിടന്നെങ്കിലും ശക്തമായ ഒരു നുള്ള് കിട്ടിയപ്പോൾ ഉടനെ തന്നെ ഉണരുകയും അമ്പലത്തിൽ കൊണ്ട് പോകാം എന്ന് സമ്മതിക്കുകയും ചെയ്തു
അങ്ങനെ കുളിച്ചു കുട്ടപ്പി ആയ ശ്യാമയും ഞാനും കൂടെ അമ്പലത്തിലേക്ക് പോയി,അവിടെ ചെന്നപ്പോൾ ശ്യാമക്ക് തേങ്ങ ഉടച്ചേ പറ്റു, എനിക്കാണെങ്കിൽ പറ്റാത്ത പരിപാടിയാണ് ,ശ്യാമ തേങ്ങ വാങ്ങിച്ചു തരുകയെ ഉള്ളു ,ഉടക്കില്ല, ആ പണി എനിക്കാണ്,ഞാൻ പറഞ്ഞു,
നീ തേങ്ങ വാങ്ങു,പക്ഷെ നീ തന്നെ പൊട്ടിക്കണം,എന്നാലേ പ്രയോജനമുള്ളു,
അങ്ങനെ ശ്യാമ ഫുട്ട് ബോൾ പോലെ ഇരിക്കുന്ന മൂന്നു തേങ്ങ വാങ്ങി,ഞാൻ തന്നെ അത് തലച്ചുമടായി കൊണ്ട് പോയി അമ്പലത്തിനകത്ത് ഇറക്കി,
തേങ്ങ പൊട്ടിക്കുന്ന സ്ഥലത്ത് ആറ്റുകാൽ പൊങ്കാലക്കുള്ള തിരക്ക് ,തേങ്ങ പൊട്ടിക്കാൻ വേണ്ടി ജനിച്ചു എന്നോണം ചിലർ, പാകിസ്ഥാനിലേക്ക് ബോംബ്‌ എറിയുന്ന ഇന്ത്യൻ ജവാനെ പോലെ ചറ പറാ തേങ്ങ എടുത്തു എറിയുന്നവർ , പട്ടിയെ എറിഞ്ഞു ഓടിക്കുന്ന ചില വികൃതി കുട്ടികളെ പോലെ തേങ്ങ എറിഞ്ഞു പൊട്ടിക്കുന്നവർ, ചുറ്റും തെറിക്കുന്ന കഷണങ്ങൾ, തേങ്ങ വെള്ളം,
ഒരാൾ ആണെങ്കിൽ ദൂരെ നിന്നും ഷൊയബ് അക്തർ ബൌൾ ചെയ്യാൻ ഓടി വരുന്ന പോലെ വരുന്നു, അത് കണ്ടു ഭയന്ന ജനം മാറിക്കൊടുത്തു, വന്ന സ്പീഡിൽ അയാളും തേങ്ങയും കൂടെ തെറിച്ചു കല്ലിൽ വീണു,അയാളെ അപ്പോൾ തന്നെ പൊക്കി ആശുപത്രിയിലേക്ക് കൊണ്ട് പോയി
ഇതെല്ലാം കണ്ടു ഭയന്ന ശ്യാമ എന്നോട് പറഞ്ഞു, അജോയ്, അജോയ് ആണ് ഉടക്കേണ്ടത്, ഒരുപാട് മേഖലകളിൽ ഇനി ഷൈൻ ചെയ്യാനുള്ളതല്ലേ, മാത്രമല്ല, ദ്രിഷ്ട്ടിദോഷം,വിളിദോഷം,പ്രാക്ക്, കൂടോത്രം എന്നിവയിൽ നിന്നും രക്ഷപ്പെടാനും ഈ വലം പിരി ശംഖു് ഉപകരിക്കും
ങേ ,ഇതാര് ഊർമ്മിളാ ഉണ്ണിയോ? വലം പിരി ശംഖോ? ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി, അല്ല ശ്യാമ തന്നെ
വലം പിരി ശംഖല്ല, സോറി, തേങ്ങ തേങ്ങ, ടീ വി പരിപാടി കണ്ട് ശീലമായതു കൊണ്ട് അറിയാതെ പറഞ്ഞു പോയതാ, വേഗം ഉടച്ചോ അജോയ് ഞാൻ അത്യാവശ്യമായി പോയി തൊഴുതിട്ടു വരാം,
ഞാൻ പറഞ്ഞു, നിൽക്കവിടെ ,എനിക്ക് മാത്രമല്ലല്ലോ,ഈ ദ്രിഷ്ട്ടിദോഷം, വിളിദോഷം,പ്രാക്ക്,കൂടോത്രം ഇത്യാദികൾ, നിനക്കുമില്ലേ, ഉടക്കിൻ തേങ്ങ രണ്ടെണ്ണം നീയും
എന്നാൽ ശെരി അജോയ് രണ്ട്, ഞാൻ ഒന്ന്, ഓക്കേ? ശ്യാമ നിർദ്ദേശം മുന്നോട്ടു വെച്ചു,അത് ഞാൻ സമ്മതിച്ചു,
അങ്ങനെ ഞാൻ രണ്ട് ഫുട്ട് ബോളുകളും കൊണ്ട് മുന്നോട്ടു പോയി,ഉള്ളിൽ തേങ്ങ പൊട്ടുമോ എന്ന പേടി ഉണ്ടെങ്കിലും ഞാൻ പുറത്ത് എല്ലാവരെയും പ്രത്യേകിച്ച് അവിടെ തേങ്ങ നീക്കം ചെയ്യാനും പ്രസാദം ആയി കഷണം തരാനും നില്ക്കുന്ന കാവി മുണ്ടന്മാരായ രണ്ട് ഭീകരന്മാരെ നോക്കി ചിരിച്ചു കാണിച്ചു
അവർ റിയാലിറ്റി ഷോയ്ക്ക് മാർക്ക് ഇടാൻ വന്ന ജഡ്ജസിനെ പോലെ എന്നെ തുറിച്ചു നോക്കി,സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് ഞാൻ പരശുരാമൻ പണ്ട് മഴു എറിയാൻ നിന്ന പോസിൽ ഒരു മിനിറ്റ് നിന്ന ശേഷം രണ്ട് തേങ്ങകളും എറിഞ്ഞു പൊട്ടിച്ചു,ഇത് പോരെ എന്ന രീതിയിൽ ഭീകരന്മാരെ നോക്കിയപ്പോൾ അവർ പറയുന്നു ,
ഏറി നന്നായി എങ്കിലും കൊണ്ട സ്ഥലം അത്ര പോര,കഷണങ്ങളുടെ നിലവാരം വെച്ചു നോക്കിയാൽ പത്തിൽ അഞ്ചു മാർക്ക്,
അഞ്ചെങ്കിൽ അഞ്ച് എന്നും പറഞ്ഞു ഞാൻ പോയി ആ കഷണം വാങ്ങി വായിലിട്ടു ചവച്ചരച്ചു കൊപ്രയാക്കി പിന്നെ പിണ്ണാക്കാക്കി വിഴുങ്ങി ,
തിരിഞ്ഞു നോക്കിയപ്പോൾ ശ്യാമ ഫുട്ട് ബോളും പിടിച്ചു നിന്ന് വെളിച്ചപ്പാട് തുള്ളുന്നു, പേടിച്ചിട്ടാണ്,ഞാൻ പൊട്ടിച്ചോളും എന്ന് വിചാരിച്ചാണ് കൂട്ടത്തിൽ ഏറ്റവും വലുത് നോക്കി എടുത്തത്‌ ദുഷ്ട്ട, ഇടയ്ക്കു ശ്യാമ എന്നെ നോക്കിയപ്പോൾ ഞാൻ കണ്ണടച്ച് പ്രാർത്ഥിക്കുന്നത് പോലെ നിന്നു
സ്വാമിയേ ഭരണമയ്യപ്പാ, സോറി ശരണമയ്യപ്പാ , ശ്യാമ വെപ്രാളത്തിൽ വിളിച്ചു ,
ഞാൻ പറഞ്ഞു, ശ്യാമേ ഇത് ഗണപതി ആണ്, വെറുതെ പുള്ളിയെ വേറെ പേര് വിളിച്ചു ദേഷ്യം പിടിപ്പിക്കണ്ട,
അങ്ങനെ ശ്യാമ തേങ്ങ എറിയാൻ ഓങ്ങിയപ്പോൾ ഞാൻ കണ്ണുകൾ അടച്ചു മനസ്സിൽ പ്രാർത്ഥിച്ചു എന്റെ ശബരിമല മുരുഹാ എല്ലാം മംഗളം ആക്കണേ,
കണ്ണ് തുറന്നപ്പോൾ തേങ്ങ ശ്യാമയുടെ കയ്യിൽ ഇല്ല,പക്ഷെ പൊട്ടിയിട്ടുമില്ല,ഭീകരന്മാർ ഉൾപ്പടെ എല്ലാവരും ചുറ്റും നോക്കുന്നു, എവിടെ തേങ്ങ? മാന്നാർ മത്തായി സ്പീക്കിങ്ങിലെ ബിജു മേനോനെ കാണാതായത് പോലെ തേങ്ങ അപ്രത്യക്ഷം ആയിരിക്കുന്നു,
എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കി ഞങ്ങൾ അകത്തേക്ക് നടക്കാൻ തുടങ്ങവേ ഒരു ഭീകരൻ, കുട്ടിയാന കാവിമുണ്ടുടുത്ത് പോലെ കുലുങ്ങിക്കുലുങ്ങി വരുന്നു,കയ്യിൽ ഒരു ഫുട്ട് ബോൾ തേങ്ങ ,
ഇത് ആരുടെ തേങ്ങ?
ആരും മിണ്ടിയില്ല,
ആരെറിഞ്ഞ തേങ്ങാന്ന് ?
ഞങ്ങൾ ആ നാട്ടുകാരെ അല്ലാത്തത് പോലെ നിന്നു ആരെ കണ്ടാലും ഉടനെ പരിചയപ്പെടുന്ന ശ്യാമയുടെ സ്വഭാവം പാര ആയത് അപ്പോഴാണ്‌ ,ആ തേങ്ങ ശ്യാമയെ നോക്കി ചിരിക്കുന്നു,ചേച്ചീ,എന്നെ മനസിലായില്ലേ?
അപ്പോൾ ശ്യാമ പറഞ്ഞു ഇത് ഞാൻ എറിഞ്ഞ തേങ്ങ ആണ് താങ്ക് യൂ,
താങ്ക് യൂ,കുന്തം, ഇത് കണ്ടോ? അയാൾ തല കാണിച്ചു, തലയെക്കാളും വലിയ ഒരു മുഴ,പാവം, ഉള്ള പാപം ഒക്കെ ഇറകി വെക്കാൻ പ്രാർത്ഥിച്ചു കൊണ്ട് നിന്നപ്പോൾ ആണ് ശ്യാമ എറിഞ്ഞ തേങ്ങ ബോംബ്‌ പോലെ വന്നു തലയിൽ കൊണ്ടത്‌,
നിങ്ങൾ തേങ്ങ ഉടക്കാൻ വന്നതാണോ അതോ എന്റെ തല ഉടക്കാൻ വന്നതോ ?
തല ഉടക്കാൻ
ങേ?
അല്ലല്ല... തേങ്ങ ഉടക്കാൻ,ശോറി ശാർ , ശ്യാമ പറഞ്ഞു
തേങ്ങാക്കുല , ഓരോന്ന് വന്നോളും,@$%@#%^& മാരണങ്ങൾ ,അയാൾ ദേഷ്യത്തിൽ തിരിഞ്ഞു നടന്നു,
എട് വെട്ടുകത്തി ....ഞാൻ അലറി
ങേ
ഒരു വെട്ടുകത്തി കിട്ടുമോന്ന് ,ഞാൻ വിറച്ചു ,
ശ്യാമ പറഞ്ഞു സാരമില്ല അജോയ്,അയാൾ ദേഷ്യത്തിൽ പറഞ്ഞു പോയതല്ലേ, നല്ല വേദന കാണും,
വെട്ടുകത്തി എടുക്കാൻ,ഞാൻ വീണ്ടും അലറി,എട് വെട്ടുകത്തി,
അജോയ്,എനിക്കറിയാം എന്നെ ചീത്ത പറഞ്ഞത് അജോയ്ക്ക് സഹിക്കാൻ പറ്റില്ല എന്ന്, പക്ഷെ തെറ്റ് എന്റെ ഭാഗത്തല്ലേ, ശ്യാമ കണ്ണ് തുടച്ചു,അയാളെ ദയവു ചെയ്തു ഒന്നും ചെയ്യരുത് ,എന്റെ അപേക്ഷ ആണ്
ഞാൻ പറഞ്ഞു ,പോടീ അവിടുന്ന്,അതിനൊന്നുമല്ല വെട്ടുകത്തി
പിന്നെ?
ഈ തേങ്ങ വെട്ടിപ്പൊട്ടിക്കാൻ, അല്ലാതെ ഇനി നീ ഇത് വെച്ച് വേറെ വല്ലവന്റേം തലയും കൂടെ എറിഞ്ഞു പൊട്ടിച്ചാൽ എനിക്ക് വയ്യ തല്ലു കൊള്ളാൻ ...ഞാൻ ഇല്ല ഈ കളിക്ക് ..ങ്ങീ ഹീ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo