••••••••••••••••••••••••••••••••••••••
ദിവസങ്ങളായി മനസ്സിൽ പൊതിഞ്ഞ് നടക്കുന്നൊരാഗ്രഹമാണു.
എങ്ങനെ പറയണമെന്നാലോചിച്ച് മൂന്നാലു ദിവസായി ഉറങ്ങാൻ പറ്റുന്നില്ല.
രാത്രി ഉറങ്ങുന്നിടത്ത് നിന്ന് എഴുന്നേറ്റിരുന്ന് ആലോചിച്ച്, പറയാനുള്ള ഭാഗം അനുകരിച്ച് പഠിക്കും. പിറ്റേന്ന് ആളെ നേരിൽ കാണുമ്പൊ ഒരു മുട്ടിടി, പറയാൻ വന്നത് തൊണ്ടയിൽ കുരുക്കി ആളെ വിക്കനാക്കും.
ആദ്യായിട്ടാ ഇങ്ങനൊരു അനുഭവം.
എങ്ങനേലും അറിയിച്ചില്ലെങ്കിൽ ജീവിതമിങ്ങനെ അന്തൊം കുന്തോം ഇല്ലാണ്ടാകുമല്ലോന്ന് ആലോചിച്ച് അന്ന് രാത്രിയും ശരിക്ക് ഉറക്കം കിട്ടീല്ല.
പുലർച്ചെ എഴുന്നേൽക്കും മുന്നെ തീരുമാനിച്ചു.
ഇന്ന് എന്തായാലും പറയണം.
എന്നും രണ്ട് നേരമെങ്കിലും ബസ്സിൽ വരുന്ന ആളാണു. ഒന്നും മിണ്ടാറില്ലെങ്കിലും ഇടക്ക് “സുഖല്ലേ”ന്ന് ചോദിക്കും “ആണെന്ന്” തലയാട്ടും. മിക്ക ദിവസവും തിരക്കായിരിക്കും.
ബസ്സിൽ നിന്നിറങ്ങി ബുക്കും കൈയ്യിൽ പിടിച്ച് പോകുന്ന പോക്കിൽ ബസ്സാകെ ഒന്ന് നോക്കി ഒരു പുഞ്ചിരിയോ കൈവീശലോ തന്ന് യാത്ര പറയും.
കണ്ടക്ടറോട് പറഞ്ഞപ്പൊ മൂപ്പർ തന്നെയാ പറഞ്ഞത്,
“നീ ധൈര്യായിട്ട് പറ, തല പോകുന്ന കേസൊന്നുമല്ലല്ലൊ, ഇതല്ലെങ്കിൽ വേറെ നോക്കണം എന്നല്ലാണ്ട് വേറെന്താ, ഒരു വാക്ക് മൂളിക്കിട്ടിയാൽ ബാക്കി ഞാൻ നോക്കിക്കോളാഡാ, നീ ഒന്ന് സമ്മതം വാങ്ങിച്ച് തന്നാ മാത്രം മതി”
“എന്നാ ഇന്ന് പറയാല്ലേ, ഒമ്പതരയുടെ ട്രിപ്പിനു വരുമ്പൊ എന്തായാലും പറയണം”
“ആ നീ പറയ് അല്ല പിന്നെ”
മൂപ്പർ എനിക്ക് നല്ല ആത്മവിശ്വാസം തന്ന് പുറത്ത് തട്ടി.
ആൾക്ക് ഭയങ്കര ഇഷ്ടാ എന്നെ, അതാ അയാൾക്കും ഇത്ര ഉത്സാഹം.
ഇന്നെന്തായാലും പറയണം. ഞാൻ മനസ്സിലുറപ്പിച്ചു.
ഒമ്പതരയുടെ ട്രിപ്പിൽ പ്രതീക്ഷിച്ചത് പോലെ ആൾ കയറി, മുന്നിലെ സീറ്റിൽ തന്നെ ഇരുപ്പുറപ്പിച്ചു.
ആൾക്കാരുടെ ഇടയിൽ പോയി പറയുന്നത് ശരിയല്ലാലോന്നോർത്ത്, ആളിറങ്ങുമ്പൊ എന്തായാലും കാര്യം തുറന്ന് പറയാൻ മനസ്സിനെ പാകപ്പെടുത്തി.
ഞാൻ ബസ്സ് സ്റ്റാന്റിൽ എത്തുന്നത് വരെ പറയാനുള്ള കാര്യങ്ങൾ വള്ളി പുള്ളി വിടാതെ പഠിച്ചു കൊണ്ടിരുന്നു.
അതിനിടയിലാ ഈ കാര്യവും ആലോചിച്ച് ശ്രദ്ധയില്ലാതെ ഡബിൾബെല്ലടിച്ചതും, മുന്നിലെ ചവിട്ട് പടിയിൽ നിന്ന് ഉയരം കുറഞ്ഞ ഒരു സ്ത്രീ വീഴാൻ പോയതും ബസ്സിൽ ഒരു ചെറിയ കൂക്കിവിളിയും ഉണ്ടായത്.
മുന്നിൽ നിന്നാരൊക്കെയോ ക്രുദ്ധരായി “എവിടെ നോക്ക്യാടാ മുട്ടുന്നേ, ഏട്യാടാ ഇത്ര തിരക്ക്” എന്നൊക്കെ പറഞ്ഞ് ബഹളം വച്ചു.
ആരോ പിന്നിലേക്ക് എന്റെ നേരെ വരാൻ നോക്കിയപ്പൊൾ കണ്ടക്ടർ അയാളെ തടഞ്ഞു.
“പോട്ടെ ഒന്നും പറ്റിയില്ലല്ലൊ, അവൻ സ്റ്റെപ്പിൽ നിന്നായതു കൊണ്ട് കാണാഞ്ഞിട്ടാ” എന്നിട്ട് എന്നെ നോക്കി “ശരിക്ക് നോക്കി പണിയെടുക്ക് കേട്ടാ” എന്നും പറഞ്ഞൊരു നോട്ടവും.
ഞാൻ കൂട്ടി വച്ച എല്ലാ ഗ്യാസും അതോടെ പോയി. ബസ്സ് സ്റ്റാന്റിലെത്തിയപ്പൊ കക്ഷി തിരിഞ്ഞു പോലും നോക്കാതെ ഒരൊറ്റ നടത്തം.
അന്ന് വല്ലാത്ത അസ്വസ്ഥതയായിരുന്നു. പുതുതായി ക്ലീനർ പണിക്ക് വന്നതാ,
ഇങ്ങനത്തെ വല്ലതും ഉണ്ടായാൽ ഈ പണിയും ഇല്ലാണ്ടാകും. മതി നമുക്ക് വിധിച്ചതല്ലാ ഈ പരിപാടി. നിർത്തിയേക്കാം എനിക്ക് പറ്റൂല ഇത് നേരിട്ട് പറയാൻ.
ഉച്ചക്ക് ബസ്സിന്റെ അടുത്തടുത്ത മൂന്ന് സീറ്റുകളിലിരുന്ന് “ശാരദാസ്”ലെ പൊതിച്ചോർ നിവർത്തി വച്ച് വിസ്തരിച്ച് ഉണ്ണുന്ന നേരം.
സാധാരണ പൊതി തുറക്കലും വാരി വലിച്ച് വിഴുങ്ങി ശ്വാസം കിട്ടാതെ കണ്ണും തുറിച്ച് “എക്കിട്ട”യും ഇട്ട് കുപ്പിവെള്ളത്തിനു ഏന്തിവലിയുന്ന ഞാൻ,
അന്നത്തെ ഊണിനോട് പോലും ലവലേശം ആവേശം കാണിക്കാതെ ആലോചിച്ചിരിക്കുന്നത്
കണ്ടപ്പൊ ഡ്രൈവർക്കും നല്ല വിഷമമായി.
“പോട്ടെടാ ഈ ചീത്തവിളിയൊക്കെ ഈ ജോലിയുടെ ഭാഗം തന്നെയാണു നീ കാര്യാക്കണ്ട.
എടുക്കുന്ന പണി കുറച്ചൂടെ ശ്രദ്ധിച്ച് എടുത്താ മതി".
അപ്പൊഴാണു കണ്ടക്ടർ വീണ്ടും ആ കാര്യം പറഞ്ഞത്.
“ഓഹ് അതാണൊ ഇത്ര വിഷമം?
“ശ്ശേ അതിതു വരെയും നീ പറഞ്ഞില്ലേ?”
ഡ്രൈവർക്കും ദേഷ്യം വന്നു.
“ഡാ മൂക്കിനു താഴെ മൂന്നാലു രോമം കണ്ടാ? അതും വച്ച് ഈയൊരു ചീളു കേസ്സ് പോലും മുട്ട് വിറക്കാതെ പറയാൻ പറ്റാത്ത നീയൊരു ആണാണോടാ? നാണക്കേട്,”
മൂപ്പർ പിന്നെയും എന്തൊക്കെയോ പറഞ്ഞു.
“നീ ധൈര്യത്തിൽ ചോദിക്കെഡാ ഒരു ആവശ്യം വന്നപ്പൊ നീയല്ലേ കൈയ്യിലെ ബ്രേസ്‌ലെറ്റ് വരെ പണയം വച്ച് സഹായിച്ചത്, ആ നിന്നെ തള്ളിക്കളയുമെന്ന് എനിക്ക് തോന്നുന്നില്ല. എന്തായാലും നീ നാളെ തന്നെ ഇതൊന്ന് അവതരിപ്പിക്ക് നമുക്ക് നോക്കാം എന്താ വരുന്നേന്ന്”
ഊണു കഴിച്ച് കൈകഴുകുമ്പോഴും ഞാൻ ആലോചിച്ചു. നേരിട്ട് പറയാൻ എന്തായാലും എനിക്ക് പറ്റൂന്ന് തോന്നുന്നില്ല, എന്താണൊരു വഴി?
മെല്ലെ കണ്ടക്ടറോട് ചോദിച്ചു?
“നിങ്ങളല്ലേ ദിവസവും അടുത്ത് നിന്ന് കാണുന്നത് നിങ്ങൾക്കൊന്ന് പറഞ്ഞൂടേന്ന്” മൂപ്പർ ഉടനെ കൈയൊഴിഞ്ഞു.
“ അത് ശരി എന്റെ ജോലി ഞാൻ തന്നെ കളയണം അല്ലേ? പറ്റുമെങ്കിൽ പറയ് ഇല്ലേൽ നീ വേറെ ആളെ നോക്ക് എന്നോടിക്കാര്യം പറയേ വേണ്ടാ മോനേ”
എന്ന് മൂപ്പർ അറുത്ത് മുറിച്ച് പറഞ്ഞു.
എന്തായാലും നേരിട്ട് പറയാൻ പറ്റൂല, വേറെന്താ വഴി?
അപ്പൊഴാണു കഴിഞ്ഞ ദിവസം രാത്രി ബസ്സിലെ ഫുട്പാത്തിലെ പൊടി തട്ടുമ്പോൾ കിട്ടിയ ഒരു റോസാപ്പൂ പൊതിഞ്ഞ്, ചതഞ്ഞരഞ്ഞ് ഒരു പേപ്പർ കിട്ടിയ കാര്യം ഓർമ്മ വന്നത്.
“അതെ എഴുതി കൈയ്യിൽ കൊടുക്കുക, എന്തായാലും വായിച്ചാലല്ലേ പ്രതികരണമുണ്ടാകൂ?
പറയുമ്പോൾ ഉണ്ടാകുന്ന അത്ര പ്രശ്നമുള്ള കാര്യമല്ലല്ലൊ? എന്തായാലും അത് തന്നെ വഴി".
ഞാൻ മനസ്സിലുറപ്പിച്ചു.
രാത്രി ബസ്സ് ഹാൾട്ടായി കുറച്ച് നേരം ഞാൻ “കൊറിക്കുകയും"അവർ “വീശുകയും”ചെയ്യുന്ന നേരത്ത് ഞാൻ കാര്യം അവതരിപ്പിച്ചു.
രണ്ട് പേരും സമ്മതിച്ചു. ഡ്രൈവർ പറഞ്ഞു.
“അഴിപൊഴി ഐഡിയ”
രണ്ടു പേരും പോയി.
ബസ്സ് കഴുകുന്നതിനിടിലും അത് കഴിഞ്ഞ് കുളിച്ച്, ഡ്രൈവറുടെ അരികിലെ “പെട്ടിസീറ്റിലിരുന്ന്” ചോറുണ്ണുമ്പോഴും ഒക്കെ അതിലെഴുതാനുള്ള വരികളായിരുന്നു എന്റെ മനസ്സ് നിറയെ.
പെട്ടെന്ന് ഊണും കഴിഞ്ഞ്, എന്റെ ബാക്കി ഇലയും കാത്ത് മുന്നിലെ ചവിട്ട് പടിക്ക് താഴെ മുകളിലോട്ട് നോക്കി നിൽക്കുന്ന എന്റെ രാത്രികാവൽക്കാരനെയും കൂട്ടി വൈദ്യുതിതൂണിന്റെ താഴത്തെ വെള്ളിവെളിച്ചത്തിൽ ഇല നിവർത്തിയപ്പൊ പതിവില്ലാതെ ഇലയിൽ പകുതിയിലേറെ ചോറു കണ്ട അവനൊരു സ്നേഹപ്രകടനം കൂടുതൽ.
അവന്റെ മുതുകിലൊരു തട്ടും തട്ടി, ചവിട്ടുപടിയിലെ ബക്കറ്റിൽ നിന്ന് ഗ്രീസിന്റെ പാട്ടയിൽ വെള്ളവുമെടുത്ത് ധൃതിയിൽ കൈകഴുകി ലുങ്കിയുടെ കോന്തല ഉയർത്തി കൈയും മുഖവും തോർത്തി ഞാൻ വീണ്ടും ബസ്സിലേക്ക് കയറി.
നേരത്തെ കണ്ടക്ടറുടെ കൈയ്യിൽ നിന്ന് വാങ്ങി സൂക്ഷിച്ച് വച്ച “വെള്ള അരപായി വരയില്ലാത്ത പേപ്പർ”
കാലത്തെ മാതൃഭൂമിയിൽ നിവർത്തി വച്ച് പേനയെടുത്തു.
എഴുതി ശീലമില്ലാത്തതിനാലോ എന്തോ കൈ മെല്ലെ വിറക്കുന്നുണ്ട്.
ഞാൻ മാതൃഭൂമിയിലെ “ശോഭനയുടെ നടുപ്പൊറത്ത്” മൂന്നാലു വര വരച്ച് മഷിയുടെയും കൈയ്യുടെയും വിറയൽ ആദ്യം മാറ്റി.
അതിൽ തന്നെ കൂടുതൽ എഴുത്തുകളില്ലാത്ത
ഇടത്ത് ഞാൻ എഴുതി തുടങ്ങി.
“ഏറ്റവും പ്രിയപ്പെട്ട… അത് വേണ്ട ചിലപ്പൊ അതിനേക്കാൾ പ്രിയപ്പെട്ടതാണു ഞാനെങ്കിലോ?
“കൂടുതൽ സ്നേഹം നിറഞ്ഞ…” അത്രത്തൊളം പോകണോ? മനസ്സ് വീണ്ടും അതിന്റെ മേലെ കുറുകെ വര വരച്ചു.
പല വാക്കുകളും തിരിച്ചും മറിച്ചും, പിന്നെയും മറിച്ചും, പഞ്ചസാരയും, അത് പോരാതെ ഇത്തിരി തേൻ പുരട്ടിയിട്ടും മതി വരാതെ, ഞാൻ പിന്നെയും അക്ഷരങ്ങളെ കൂട്ടിയും കുറച്ചും നോക്കി.
ഒടുവിൽ ഈ പരിപാടിയും പാളുമെന്നായപ്പോൾ ഞാൻ തീരുമാനിച്ചു. ഇനി പിന്മാറില്ല എഴുതുക തന്നെ.
ദൂരെ എന്റെ പാതിചോറും തിന്ന് വെളിച്ചത്ത് താഴെ വീഴുന്ന മഴപ്പാറ്റകളെ കൈകൊണ്ട് തല്ലി കൊന്ന് രസിക്കുന്ന എന്റെ കാവൽക്കാരനും, ബസ്സിലെ ജനലിനിടയിലൂടെ പേപ്പറിലേക്കരിച്ചെത്തിയ ആ സർക്കാർ വഴിവിളക്കിന്റെ വെള്ളിവെളിച്ചത്തിൽ ഞാൻ ആദ്യമായി ഒരു പ്രേമലേഖനം എഴുതി തുടങ്ങി.
“എനിക്കേറ്റവും ബഹുമാനപ്പെട്ട പ്രകാശൻ മുതലാളിക്ക്,
ഞാൻ നിങ്ങളുടെ ബസ്സ് കുറേ കാലം കഴുകി ക്ലീനറായ ആളാണു. എനിക്ക് കണ്ടക്ടർ പണി പഠിക്കണമെന്നാഗ്രഹമുണ്ട്. പണ്ട് ബസ്സ് വഴിയിൽ കിടന്നപ്പൊ എന്റെ ബ്രേസ്‌ലേറ്റ് പണയം വച്ചാണു ബസ്സ് പണി കഴിപ്പിച്ച് ഓടിയത്. അത് കൊണ്ട് എന്തായാലും നിങ്ങൾ എന്നെ ഈ കാര്യത്തിൽ സഹായിക്കണം.
എന്ന്,
വിനീത വിധേയനായ കിളി”
ഇത് നാളെ ആ പണ്ടാരക്കാലന്റെ കൈയ്യിൽ എങ്ങനെ കൊടുക്കും എന്നാലോചിച്ച് അന്ന് വീണ്ടും ഉറക്കം വരാത്ത ഞാൻ പുതപ്പ് തലയിലൂടെ ഇട്ട് മൂടി ഒന്ന് കൂടി ഉറക്കത്തെ ധ്യാനിച്ച് ചുരുണ്ടു കൂടി.
✍️ഷാജി എരുവട്ടി..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക