നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓലപ്പായ


image
.................
അയാൾ വീടിനുള്ളിലാകെ ഒന്ന് കണ്ണോടിച്ചു... ഒരു വിധം സാധനങ്ങളൊക്കെ അടുക്കി വെച്ചിട്ടുണ്ട്.ഭാര്യ അടുക്കളയിൽ അടുക്കലും പെറുക്കലും, തുടങ്ങിയിട്ട്, നേരം കുറെയായി,.. അയാൾ തന്റെ പഴയ ബാഗുമെടുത്ത്, തട്ടിൻപുറത്തേക്ക്കയറി
പഴയ വീടാണ്...മര ഗോവണിക്കും, തട്ടടിച്ച മരങ്ങൾക്കുമൊക്കെ.. വാർദ്ധക്യമായിരിക്കുന്നു... അയാൾ സൂക്ഷിച്ച് മുകളിലേക്ക്കയറി
ഇവിടേക്ക് വരാൻ ഭാര്യക്ക് ഇഷ്ടമുണ്ടായിട്ടല്ല.
അയാളുടെ നിർബന്ധത്തിന് വഴങ്ങി, ഒരു വിധം സമ്മതിച്ചുന്നേയുള്ളു.
കാര്യം ഭാര്യയുടെ തറവാടാണ്, അവൾ ജനിച്ചു വളർന്ന സ്ഥലം. എന്നിട്ടും അവിടെ താമസിക്കാൻ അവൾക്കു തീരെ താത്പര്യമില്ലായിരുന്നു.
അയാൾ തട്ടിൻ പുറത്തെത്തി.
ഇവിടെ അടുത്തുള്ള സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോളേ, തറവാട്ടിൽ താമസിക്കാമെന്ന് അയാൾ ഉറപ്പിച്ചിരുന്നു.
കല്യാണം കഴിഞ്ഞ് 9 വർഷത്തിനിടെ, ആദ്യകാലത്ത്.. രണ്ടോ മൂന്നോ പ്രാവശ്യം മാത്രമാണ് അയാൾ അവിടെ താമസിച്ചിട്ടുള്ളത്...
എങ്കിലും അയാൾക്ക് ആ ചുറ്റുപാട് വളരെ ഇഷ്ടമായിരുന്നു....
ആ സ്ഥലത്തിന്റെ ഭംഗി പോലെ എന്തൊക്കെയോ ദുരൂഹതകളും, അവിടെ തളം കെട്ടി നിന്നിരുന്നു. എന്നും...
ഭാര്യാ സഹോദരൻ ദുരൂഹ സാഹചര്യത്തിലാണ് മരണപ്പെട്ടത്.
കൊലപാതകമാണോ, ആത്മഹത്യയാണോ, എന്ന് യാതൊരു തീർച്ചയുമില്ലാതെ, അന്ന് കൂട്ടിക്കെട്ടിയ ഫയലിനുള്ളിൽ ഇന്നും സത്യം വീർപ്പുമുട്ടുന്നു..
"ഗോപേട്ടാ, എന്തെടുക്കാ.?"
"ഒന്നൂല്ല.. ദാ, വരുന്നൂ "
ഒരു കുന്നിന്റെ മറുപുത്തായിരുന്നു ആ വീട്. റോഡിൽ നിന്നും, മുകളിലേക്ക്, കുത്തനെ കയറിച്ചെന്നാൽ നിരന്ന കളിസ്ഥലം. അതു കഴിഞ്ഞ് കുത്തനെ ഇറക്കം...
ചെറിയൊരു ഇടവഴി മാത്രമേ ഉള്ളു...
ഇന്നും.. ബൈക്കിനു പോകാവുന്ന വഴിയേ ഉള്ളൂ... അത് തന്നെ അപകടവുമാണ്....
താഴേക്ക് ഇറങ്ങി ച്ചെല്ലുമ്പോൾ, വലതു വശത്ത് നിരന്ന ഭാഗത്താണ് പഴയ ആ തറവാട്...
അവിടെ നിന്നും കുറേ കൂടി താഴേക്കു ചെന്നാൽ.. മനോഹരമായ പുഴയോരം.
അയാൾ ബാഗ് മുകളിൽ വെച്ച് താഴേക്കിറങ്ങാൻ തുടങ്ങി..
അതിൽ അയാളുടെ സ്വകാര്യ സ്വത്തായിരുന്നു. മറ്റൊന്നുമല്ല...അയാളുടെ സർഗ്ഗ സൃഷ്ടികളുടെ, ശേഖരം....
എഴുത്ത് അയാൾക്കെന്നും'.. ഹരമായിരുന്നു.... വായനക്കാരനും അയാൾ മാത്രം....
പെട്ടെന്ന്! പുറകിൽ നിന്ന് ആരോ വിളിച്ച പോലെ അയാൾക്ക് തോന്നി. അയാൾ തിരിഞ്ഞു നോക്കി.
ഇല്ല, '. ആരുമില്ല... അയാൾ ആകെയൊന്നു നോക്കി.... ശ്രദ്ധിച്ചു നോക്കിയപ്പോൾ തട്ടിന്റെ മൂലക്കായി ....ഒരനക്കം പോലെ... അടുത്ത് ചെന്ന് നോക്കിയപ്പോൾ.. മാറാലക്കൂട്ടത്തിന് നടുവിൽ.. ചുരുണ്ടു കിടക്കുന്ന , പൊടിഞ്ഞ് തീരാറായ ഒരു 'ഓലപ്പായ '
അതെന്തോ പറയാൻ വെമ്പുന്ന പോലെ അയാൾക്ക് തോന്നി.. അയാളിലെ പോലീസുകാരൻ ഭാവനക്ക് വഴിമാറി.
"ഞാൻ ഏകാന്തതയുടെ തടവറയിലാണ്... കൂട്ടിന് ഈ മാറാല കൂട്ടവും... ഓർമ്മകളും മാത്രം... എന്റെ പ്രാണ പ്രിയയുടെ കന്യകാത്വത്തിന്റെ കറ മാത്രം എന്നിൽ നിന്നും മാഞ്ഞിട്ടില്ല... ചലനമില്ലാത്തൊരു രൂപം ഇരുളിന്റെ ചുമലിലേറി പോകുന്ന ഭയപ്പെടുത്തുന്ന കാഴ്ചയും.'
പായ പറഞ്ഞു തുടങ്ങി....
അയാൾക്ക് മുൻപിൽ കാലം മറതീർത്തൊരു കഥ ചുരുളഴിഞ്ഞു.
'ഞങ്ങളുടെ പ്രതാപകാലത്തായിരുന്നു ഞാൻ ഈ തറവാട്ടിൽ വന്ന് കയറിയത്.
ആദ്യ നാളുകളിൽ പ്രാർത്ഥന മുറിയിലായിരുന്നു എന്റെ സ്ഥാനം...
എന്റെ പുതുമണം മോഹിക്കാത്ത ദൈവങ്ങൾക്കു മുൻപിൽ ഞാൻ വീർപ്പു മുട്ടി..
പിന്നീട് അതിഥികൾക്ക് ഇരിപ്പിടമായി ..ഞാനൽപം ഗമയിൽ കഴിഞ്ഞു വരുന്ന കാലം...
'ഒരിക്കൽ..
തുളസിക്കതിരിന്റെ സുഗന്ധവുമായി അവളെന്നെ തേടി വന്നു...
'തുളസി'
ഇവിടത്തെ ഏക മകൾ.....
'അവളെപ്പോലൊരു സുന്ദരിയോടൊപ്പം കഴിയുന്നതിൽ ഞാനഭിമാനം കൊണ്ടു. '
'അവൾക്ക് ഇരിക്കാനും, കളിക്കാനും, പഠിക്കാനും,കിടന്നുറങ്ങാനും,ഞാൻ വേണമെന്നായി..
ഞങ്ങളുടെ സ്നേഹ ബന്ധം വളർന്നു....
അവളുടെ വിയർപ്പുതുള്ളികൾ എനിക്ക് ജീവജലമായി...
അവളുടെ നിശ്വാസങ്ങൾ എനിക്ക് ജീവശ്വാസമായി...
അവൾ ഒരു പോറലുമേൽക്കാതെ എന്നെ കാത്ത് സൂക്ഷിച്ചു.
അവളുറങ്ങുമ്പോൾ ഇമ ചിമ്മാതെ,ശബ്ദം കൊണ്ട് പോലും അലോസരമുണ്ടാക്കാതെ, ഞാനവൾക്ക് കാവലിരുന്നു....
പകൽ തൂക്കിയിട്ട രണ്ട് കയറുകൾക്കിടയിൽ ഊഞ്ഞാലാട്ടി, അവളെന്നെ ഉറക്കി....
അവൾ വളർന്നു...
അവളോടൊപ്പം എന്റെ സ്വപ്നങ്ങളും...
കൂരിരുളിൽ കാറ്റ്പോലും പേടിച്ച് പുറത്തിറങ്ങാതിരുന്ന ഒരു രാത്രി...
ഉറക്കം വരാതെ അവൾ ആലോചനയിലാണ്ട് കിടക്കുന്നു...
പെട്ടെന്ന്! ഇരുട്ടിന് കട്ടി കൂടിയ പോലെ, തോന്നി.
ഇരുട്ടിന്റെ ഒരു കട്ട എന്റെ കാൽക്കലേക്ക് ഇരുന്നു..
നിരങ്ങി നീങ്ങാൻ ഞാനൊരു വിഫല ശ്രമം നടത്തി...
എന്താണ് നടക്കുന്നതെന്ന് മനസിലാക്കുന്നതിന് മുൻപേ ഇരുൾ അവൾക്ക് മേലേക്ക് ചാഞ്ഞു...
അവൾക്ക് ശബ്ദിക്കാൻ പോലും കഴിഞ്ഞില്ല...
ശ്വാസം മുട്ടുന്നുണ്ടാകാം...
അലറി വിളിക്കാനാകാതെ ഞാൻ പിടഞ്ഞു..
എന്റെ മേൽ നിറയുന്ന സമ്മർദ്ധം ഞാനറിഞ്ഞു..
എല്ലാം നശിക്കുകയാണ്.. എന്റെ കൺമുന്നിൽ.. എന്റെ പ്രിയ സഖി...
നിസഹായതയോടെ ഞാനെന്നിലേക്ക് ചുരുളാൻ ഒരു ശ്രമം നടത്തി...
ക്രൂരമായ ആവേശത്തോടെ അയാൾ എന്നെ ചവിട്ടി നിവർത്തി....
കണ്ണടച്ചു നിന്ന എന്റെ മുഖത്തേക്ക് രക്തത്തുള്ളി ഇറ്റ് വീണു..
കണ്ണിൽ ചുവപ്പു പടർന്നു..
അവളുടെ ചുടുകണ്ണീരിൽ ഞാൻ വെന്തുരുകി.
തളർന്നുറങ്ങുന്ന അവളെ നോക്കാൻ എനിക്ക് ധൈര്യമില്ലായിരുന്നു...
അവളെങ്ങനെ സഹിക്കുമെന്നതായിരുന്നു എന്റെ ഭയം.
അമ്മയുടെയും, അച്ഛന്റെയും, മുത്തശ്ശിയുടെയും, അതിലേറെ ഏട്ടന്റെയും..,അരുമയായിരുന്നു അവൾ.
അവൾക്കിത് അതിജീവിക്കാനാകുമോ..
അതോ... അവൾ....
ജീവനറ്റ അവളെ പൊതിഞ്ഞ് പിടിക്കാനാണോ. എന്റെ വിധി..
ഞാൻ കണ്ണുകൾ ഇറുകെ പൂട്ടി....
'പിറ്റേന്ന് രാവിലെ പതിവിലും സന്തോഷത്തോടെ പാറി നടക്കുന്ന അവളെ കണ്ടപ്പോൾ ഞാൻ അത്ഭുതം കൂറി,.
'എല്ലാം... എല്ലാം, വെറും സ്വപ്നം മാത്രമായിരുന്നോ?'
'വീണ്ടും.. വീണ്ടും ഇരുൾ അവളെ തേടി വന്നപ്പോൾ മാത്രമാണ്, എന്നെ പൊള്ളിച്ച അവളുടെ ചുടു കണ്ണീർ ആനന്ദാശ്രുവായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞത്.
'അതോടെ എന്റെ നല്ല ദിനങ്ങൾ എന്നെന്നേക്കുമായി നഷ്ടമായി.'
ഇരുളും,അവളും എന്നെ ശ്വാസം മുട്ടിക്കുന്ന ഒരു ദിവസം, പെട്ടെന്നാണ്, ഞാൻ ഞെട്ടലോടെ ആ കാഴ്ച കണ്ടത്... 'വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് വരുന്ന അവളുടെ 'ഏട്ടൻ'.
പിടഞ്ഞെണീറ്റ അവളോടൊപ്പം, വിയപ്പു തുള്ളികൾ എന്നെയും പിടിച്ചുയർത്തി. പാഞ്ഞ് വന്ന അയാ.........
" എന്തായിവിടെ? "എത്ര നേരായി വിളിക്കണു".
അയാൾ ഞെട്ടിത്തിരിഞ്ഞു.!
പതിയെ,പടികളിറങ്ങുമ്പോൾ, പാതി മുറിഞ്ഞ സ്വപ്നത്തിന്റെ ബാക്കി തിരയുമ്പോലെ , അയാൾ ഒന്ന് തിരിഞ്ഞു നോക്കി.
സ്റ്റേഷനിൽ പോയി തിരിച്ചു വീട്ടിലെത്തിയ പാടെ ധൃതിയിൽ അയാൾ മുകളിലേക്കുള്ള ഗോവണിക്കടുത്തെത്തി.
ഭാര്യയെ മുൻവശത്തൊന്നും കണ്ടില്ലല്ലോയെന്നോർത്ത്, എവിടെയെന്നു നോക്കാനായി അയാൾ പിറകു വശത്തേക്ക് ചെന്നു.
അവളെന്തൊക്കെയോ കൂട്ടിയിട്ട് കത്തിക്കുന്നു.
.
"ഇതും കൂടി കഴിഞ്ഞാൽ ക്ലീനിംഗ് ഏകദേശം പൂർത്തിയായി ഗോപേട്ടാ"
മറുപടി ചെറുചിരിയിലൊതുക്കി, തിരിഞ്ഞു നടക്കാനാഞ്ഞ അയാൾ പെട്ടെന്ന് നിശ്ചലനായി.
തീജ്വാലകൾക്കിടയിൽ കത്തിയെരിയുന്ന ആ 'ഓലപ്പായ'.
കത്താൻ മനസ്സില്ലാതെ പുറത്തേക്ക് ചാഞ്ഞ അവസാന തുണ്ടും ... ഭാര്യ തീയിലേക്ക് കുത്തിയമർത്തുന്നത്, ഇച്ഛാഭംഗത്തോടെ അയാൾ നോക്കി നിന്നു.
താഴെ നിന്നുമൊരു കാറ്റ് അലറിക്കുതിച്ച് വന്നപ്പോൾ തുളസി അകത്തേക്ക് പോകാനൊരുങ്ങി. അപ്പോഴാണ് കയ്യിലിരുന്ന ഫോൺ റിംഗ് ചെയ്തത്...
" എന്താ ഗോപേട്ടാ?"
കാറ്റിനൊപ്പം ഗോപന്റെ സ്വരവും കാതിൽ വന്ന ലച്ചു..
"തുളസി നീ സ്റ്റേഷനിലേക്കൊന്നു വാ "
"ഞാനാദ്യം നോക്കിയ ഫയൽ നിന്റെ ഏട്ടന്റെ യാ. തേഞ്ഞ് മാഞ്ഞ് പോയ ആ കേസൊന്നു റീ ഓപ്പൺ ചെയ്യണം. നീ വാ "
"എന്താ ഗോപേട്ടാ .. വർഷങ്ങൾക്കു മുമ്പ് അതൊരു ആത്മഹത്യയാണെന്ന് തെളിഞ്ഞതല്ലെ?"
"ഇനിയെന്തിനാ വെറുതെ.. അതിന്റെ പുറകെ... "
പറഞ്ഞു നിർത്തിയപ്പോൾ തുളസിയുടെ ചുമലുകൾക്കു ഭാരമനുഭവപ്പെട്ടു.
"ശരി, എന്തായാലും നീ ഇവിടെ വരെ ഒന്നു വാ "
ഫോൺ കട്ടായി:
അനിഷ്ടത്തോടെയാണ് തുളസി ഗോപന്റെ മുൻപിലെത്തിയത്.
ഫയലിൽ നിന്നും സാവധാനം മുഖമുയർത്തി ,ഗോപൻ തുളസിയുടെ കണ്ണുകളിലേക്ക് നോക്കി. പിന്നെ, മുഖവുരയൊന്നും കൂടാതെ പറഞ്ഞു.
" തുളസി, നിന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് ഞാൻ വിളിച്ചത്..നിന്റെ.. നിന്റെ ഏട്ടന്റെ കൊലപാതകക്കേസിൽ."
ഗോപന്റെ സ്വരത്തിനൊപ്പം, കാറ്റിന്റെ അലർച്ച.. തുളസിയുടെ കാതുകൾ കൊട്ടിയടച്ചു..
ചുമലുകളുടെ ഭാരം താങ്ങാനാകാതെ, തുളസി നിലത്തേക്കിരുന്നു.. വെറും നിലത്തേക്ക് തളർന്നമരുമ്പോൾ എന്ത് കൊണ്ടോ..ആ 'ഓലപ്പായ ' അവളുടെ, ഓർമ്മയിൽ തെളിഞ്ഞു.
നിഷാദ്


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot