നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രകാശേട്ടനും ഞാനും എന്റെ രൂചിക്കൂട്ടും

Image may contain: 2 people, beard and indoor

---------------------------------------------------
ഇന്നു ഞായറാഴ്ച....
അടുക്കളയിൽ സമാധാനത്തിൽ പണി ചെയ്യാൻ കിട്ടുന്ന ദിവസം...
പ്രകാശേട്ടനും മക്കൾക്കും ഇഷ്ടമുള്ളത് വെച്ചു വിളമ്പാൻ പറ്റുന്ന ഏക ദിവസം... ബാക്കിയുള്ള ദിവസം രാവിലെയുള്ള ഓട്ടപ്രദക്ഷിണത്തിന്റെ ഭാഗമാണ് എന്റെ പാചകം. രാവിലത്തെ പ്രാതലും ഉച്ചക്ക് ഉള്ള ഭക്ഷണവും എല്ലാം ഒരു വഴിപാട് പോലെ നടക്കും.
അങ്ങിനെ ഞായറാഴ്ച വന്നു... അന്നു പതുക്കെ എണിറ്റാൽ മതി... എന്നൊരു സൗകര്യവും ഉണ്ട്... പിന്നെ അന്നത്തെ എല്ലാ കാര്യങ്ങളും മെല്ലെയാണ്..
ഞായറാഴ്ച സ്പെഷ്യൽ വിഭവങ്ങൾ അടുക്കളയിൽ ഒരുങ്ങുന്ന ദിവസം കൂടിയാണ്.
ചിക്കനിൽ ഹോർമോൺ കുത്തിവെയ്‌പ് നടത്തുന്ന വാർത്ത‍കൾ വന്നത് മുതൽ ചിക്കനു അയിത്തം കല്പ്പിച്ചു... പിന്നെ കുറേ കാലത്തേക്ക് കടൽ മീനുകൾ ആയിരുന്നു ആശ്രയം... കുട്ടികൾക്കും ആഴ്ചയിൽ ഒരിക്കലുള്ള ഈ രുചി ഭേദങ്ങൾ ഇഷ്ടമായിരുന്നു.
അപ്പോഴാണ് ഇടിതീ പോലെ ആ വാർത്ത‍ കേട്ടത്.. കടൽ മത്സ്യങ്ങളിൽ മാരകമായ രാസപദാർത്ഥങ്ങൾ ചേർക്കുന്നു എന്ന്... അതോടെ മത്സ്യവും പടിക്കു പുറത്ത്.
ഇതെല്ലാം സംഭവിക്കുമ്പോൾ എന്റെ അടുക്കളയിലെ സന്തുലിതാവസ്തയാണ് തകരാറിലായത്.. പ്രകാശേട്ടന്റെയും മക്കളുടെയും രുചിഭേദങ്ങൾ ഒരുക്കുക എന്നത് ശ്രമകരം എങ്കിലും എനിക്ക് സന്തോഷപ്രദമാണ് .. നാടൻ കറികളോടാണ് പ്രകാശേട്ടന് എന്നും ആഭിമുഖ്യം... കുട്ടികൾക്ക് എന്നും വറവ് വിഭവങ്ങളും... ഇതിന്റെ ഇടയിൽ രണ്ടു വിഭാഗക്കാരെയും തൃപ്തി പെടുത്തുക എന്നത് എന്റെ ശ്രമകരമായ ദൗത്യവും..
ചിക്കനും മീനും പടിക്കു പുറത്തായപ്പോൾ ഇപ്പോൾ ഞായറാഴ്ച പച്ചക്കറിയിൽ ആണ് പരീക്ഷണം. നമ്മുടെ പരമ്പരാഗതമായ വിഭവങ്ങളിൽ ഞാൻ കൈ വെച്ചു തുടങ്ങി.. അങ്ങിനെ ഓലനും, ഇഷ്ടുവും,അവിയലും, എരിശ്ശെരിയും, കൂട്ടുകറിയും എന്റെ അടുക്കളയിൽ പാകപ്പെടാൻ തുടങ്ങി... പ്രവൃത്തി ദിവസങ്ങളിലും അത് തുടർന്നു...
പണ്ടാരോ പറഞ്ഞത് പോലെ ഭർത്താവിന്റെ ഹൃദയത്തിലേക്കുള്ള വഴിയും ഈ രുചിക്കൂട്ടിലൂടെയാണ് എന്ന പഴമൊഴിയും ഓർത്തു ഞാൻ പാചകം എന്നും ഒരു കലയാക്കി മാറ്റാൻ ശ്രമിക്കാറുണ്ട്.. എത്ര നന്നായി വിഭവങ്ങൾ തയ്യാറാക്കിയാലും പ്രകാശേട്ടൻ പിശുക്കിയെ അഭിപ്രായം പറയാറുള്ളു.
"കുഴപ്പമില്ല, നന്നായിട്ടുണ്ട് "ഇത് കേൾക്കുമ്പോൾ തന്നെ എന്റെ മുഖം വാടും.
എന്നിലെ പാചകക്കാരി "അസ്സലായിരിക്കുന്നു, കലക്കി "എന്നതിൽ കുറവായി ഒന്നും സ്വീകരിക്കാൻ തയാറല്ലാതെ ഇരിക്കുമ്പോഴാണ് "കുഴപ്പമില്ല" എന്ന് വാക്ക് എന്റെ മുന്നിൽ ഒരു വ്യാളി രൂപം പൂണ്ടു പ്രഹേളികയായി നിൽക്കുന്നത്.. എങ്കിലും ഞാൻ വിട്ടുകൊടുക്കാതെ വീണ്ടും ചോദിക്കും, "എങ്ങിനെയുണ്ട് കറികളും ഒഴിച്ച്കറിയും എല്ലാം ?"
എന്റെ വിടാതെയുള്ള ചോദ്യം കേട്ട് എന്റെ മനോഗതം അറിഞ്ഞ പോലെ അദ്ദേഹം പറയും, "നന്നായിട്ടുണ്ട് എന്റെ ഭാര്യെ നീ വെക്കുന്നത് ഏതാ നന്നല്ലാത്തത്?" ഇത് കേട്ട് കഴിഞ്ഞാൽ എനിക്കൊരു സമാധാനമാണ്. നമ്മൾ ചെയ്തത് ശരിയായി എന്നത് ഒരു ഭാഗത്തും, നാളെ ഇതിലും നന്നായി എന്ത് ഉണ്ടാക്കാം എന്ന ചിന്തയും മനസ്സിൽ ഓടി എത്തും.
ഈ ഞായറാഴ്ചയും ഞാൻ എന്റെ കലാപ്രകടനം (പാചകം ) മികച്ച രീതിയിൽ കാഴ്ച്ച വെക്കാൻ തീരുമാനിച്ചു. സാമ്പാറും അവിയലും രസവും എരിശ്ശേരിയും ഊണ് മേശയിൽ നിരന്നു പ്രകാശേട്ടനും മക്കളും അമ്മയും ഞാനും ഇരുന്നു... എല്ലാം വിളമ്പി, ഞങ്ങൾ കഴിച്ചു തുടങ്ങി..
"കറികളോക്കെ എങ്ങിനെ ഉണ്ട് ?"(എന്റെ സ്ഥിരം ചോദ്യം !!)
"നന്നായിട്ടുണ്ട്, ഇന്നു നീ വെച്ച എല്ലാ കറികളും നന്നായിട്ടുണ്ട് "
ഇത് കേട്ട ദിയകുട്ടി, "അമ്മ എന്തിനാ ഇതൊക്കെ എപ്പോഴും ചോദിക്കുന്നത് ?"
"അല്ല ദിയകുട്ടി നിന്റെ അമ്മ ദിവസവും ഉച്ചക്ക് ഞാൻ സ്കൂളിൽ ഭക്ഷണം കഴിക്കുമ്പോൾ വിളിച്ചു അഭിപ്രായം ചോദിക്കും. ഞാൻ നന്നായിട്ടുണ്ട്, അല്ലെങ്കിൽ എന്തെങ്കിലും കുറവുണ്ട് എന്ന് പറഞ്ഞല്ലേ സമാധാനം ആവൂ. "
"എന്റെ അമ്മേ, വെച്ചുണ്ടാക്കി ചോറ്റു പാത്രത്തിൽ ആക്കി കൊടുക്കുന്നതും പോരാ, ഇനി കഴിക്കുമ്പോൾ വിളിച്ചു അഭിപ്രായം അഭിപ്രായവും ചോദിക്കണോ ? ഈ അമ്മേടെ ഒരു കാര്യം "(അവൾ എന്നെ കളിയാക്കി ).
"ഇല്ല, ദിയകുട്ടി നിന്റെ പപ്പയുടെ അടുത്ത് നിന്നും കിട്ടുന്ന ഒരു അഭിനന്ദനവും (പോസിറ്റീവ് stroke ) ഞാൻ വേണ്ട എന്ന് വെക്കാറില്ല. അതല്ലേ എന്റെ ഊർജം?"
ഞാൻ ഇത് പറയുമ്പോൾ പ്രകാശേട്ടൻ എന്നെ നോക്കി ചിരിക്കുകയായിരുന്നു...
"പിന്നെ നീ ദിവസം വെച്ചു തരുന്നത് ഒന്നിനൊന്നു മികച്ചതായതു കൊണ്ട് എന്താ ഞാൻ പറയുക, എന്റെ രുചി മുകുളങ്ങൾ നിന്റെ രുചിക്കൂട്ടിനനുസരിച്ചു പാകപെട്ടു കഴിഞ്ഞു, ഇതിൽ കുറഞ്ഞതോന്നും ഇനി എനിക്ക് പറ്റില്ല. "
"എന്നാലും നിങ്ങളുടെ അഭിപ്രായം, ആ ഒരു വാക്ക് എന്നിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഏറെയല്ലേ നിങ്ങൾ ഭർത്താക്കന്മാർ ഇത് മനസിലാക്കേണ്ടേ ?"
"ശരി, അതല്ലേ ഞാൻ നിന്നെ പ്രോത്സാഹിപ്പിക്കുന്നത് ... എല്ലാ ഭർത്താക്കൻമാരും ഇങ്ങനെയോക്കെ തന്നെയാണ് പറയുക.... "
ഒരു പുഞ്ചിരിയോടെ പ്രകാശേട്ടൻ അത് പറഞ്ഞു നിർത്തി....
"അതൊക്കെ അവൾക്കു പറയാം.. എങ്കിലും സത്യം ഇതു മാത്രമാണ് ഞങ്ങൾ പെണ്ണുങ്ങൾ വീടിനകത്തു എന്ത് ചെയ്യുമ്പോഴും നിങ്ങളുടെ താല്പര്യം മുൻനിർത്തിയാണ്. അത് ഒരു ചെറിയ കാര്യമായാൽ പോലും അത് അങ്ങിനെയാണ്.. ഇതിൽ വലിയ കാര്യമൊന്നുമില്ലായിരിക്കാം. എല്ലാ അമ്മമാരും ഇങ്ങനെയൊക്കെ തന്നെ... ഞാനും അവരിൽ നിന്നും വിഭിന്നമല്ല... പക്ഷെ ഞാൻ എന്ത് ചെയ്യുമ്പോഴും അതിൽ എന്റെ ഭർത്താവിന്റെ ഒരു അനുമോദനം കൂടി ആഗ്രഹിക്കുന്നു... അതിൽ തെറ്റൊന്നും ഇല്ലല്ലോ..".
എന്റെ ആത്മഗതം കുറച്ചു ഉറക്കെആയിരുന്നു....ഇതു കേട്ട് ചിരിച്ചു കൊണ്ട് എല്ലാവരും ഭക്ഷണം തുടർന്നു....
ഒരു അനുമോദനം ഒരു വ്യക്തിയോടുള്ള സ്നേഹപരമായ സമീപനമാണ്...
കരുതൽ ആണ്,
അതിൽ കൂടുതൽ സ്നേഹമാണ്..
അതിലേ കലർപ്പില്ലാത്ത സ്നേഹം തന്നെയാണ് അഭികാമ്യം..
ഒരു പക്ഷെ നമ്മളിലെ കുട്ടികളും ഒരു തുറന്ന സമീപനം ആഗ്രഹിക്കുന്നുണ്ടാവാം..
എങ്കിലും ഈ കൊച്ചു കൊച്ചു ആഗ്രഹപൂർത്തികരണങ്ങൾ അംഗികാരങ്ങൾ എല്ലാം എല്ലാവരും ആഗ്രഹിക്കാറുണ്ട്. ... അത് നമ്മെ മുന്നോട്ട് നയിക്കുന്നു...
സ്മിത പ്രകാശ്‌ 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot