നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചങ്കിന്റെ കല്ല്യാണമാണ്....!!!

Image may contain: 1 person, grass, closeup and outdoor

Rahman Kunjumon
ആ വലിയ ഓഡിറ്റോറിയത്തിൽ ആളുകൾ വന്ന് കൊണ്ടിരിക്കുന്നു...
ബഫേ കൗണ്ടറുകൾ സെറ്റ് ചെയ്ത് കഴിഞ്ഞു....
കുറച്ച് പേര് ഭക്ഷണം കഴിക്കുന്നു...
ഞാനും മറ്റ് ചങ്ക്സും ഓടി നടന്ന് കാര്യങ്ങൾ എല്ലാം സെറ്റ് ചെയ്യുന്ന തിരക്കിലാണ് ...
കല്ല്യാണം ഭംഗിയാക്കുന്നതിന്റെ ഉത്തരവാദിത്വം മാത്രമല്ല....
അവന് കൊടുക്കേണ്ട 'എട്ടിന്റെ' പണിയുടെ ഉത്തരവാദിത്വവും എന്റെ നേതൃത്വത്തിൽ ആണ് നടക്കുന്നത്...
പലയിടങ്ങളിൽ പോയി 
അവൻ കാട്ടി കൂട്ടിയതിനെല്ലാം പലിശ സഹിതം തിരിച്ച് കിട്ടുന്ന ദിവസം കൂടിയാണ് ഇന്ന്...
മലബാർ കല്യാണത്തിന്റെ മാറ്റ് കൂട്ടുന്നത് എന്ന് ഞങ്ങളെ പോലുള്ളവരും 
അല്ല മാറ്റ് കുറക്കുന്നതാണ് എന്ന് നാട്ട് കാരണവന്മാരും അഭിപ്രായപ്പെടുന്ന 
കല്ല്യാണ ചെക്കന്റെ 'സുഹൃത്തുകളുടെ കലാപരിപാടികൾ'
ഒരോ കല്ല്യാണം കഴിയുമ്പോഴും നാട്ടിൽ ചൂടുള്ള സംസാരമാവാറുള്ളത് പതിവാണ്...
എങ്കിലും ഒരു കുറവുമില്ലാതെ ഇപ്പോഴും ആ കലാപരിപാടികൾ തുടരുന്നു എന്നതാണ് സത്യം...!!!
എന്തായാലും ചങ്കിനുള്ള 'എട്ടിന്റെ പണി' അണിയറയിൽ പുരോഗമിക്കുകയാണ്....
അതിനു വേണ്ട പടക്കങ്ങളും,പടക്കോപ്പുകളും തയ്യാറായി കഴിഞ്ഞു.... 
ആകെ ശബ്ദമുകരിതമായ അന്തരീക്ഷം!!
പെട്ടെന്നാണ് എന്റെ ഫോൺ റിംഗ് ചെയ്തത്.....!!
കല്ല്യാണ ചെക്കന്റെ ബാഗ്ലൂരിൽ ജോലി ചെയ്യുന്ന ഫ്രണ്ടാണ്...
അവന് വഴി പറഞ്ഞ് കൊടുക്കാനും എന്തെങ്കിലും
ആവശ്യമുണ്ടെങ്കിൽ വിളിക്കാനും എന്റെ നമ്പറായിരുന്നു കൊടുത്തത്....
ഫോൺ എടുത്തെങ്കിലും ഹാളിനുള്ളിലെ ബഹളം കാരണം ഒന്നും വ്യക്തമാവുന്നില്ല...
ഡാ ഒരു മിനിറ്റ്....! 
ഞാൻ ഹാളിന് പുറത്തേക്ക് ഇറങ്ങി
അവന് വഴി എല്ലാം പറഞ്ഞ് മനസിലാക്കി കൊടുത്ത്
തിരികെ ഹാളിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അവരെ എന്റെ ശ്രദ്ധയിൽ പെട്ടത് 
അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ഉമ്മയും..
ആറോ,ഏഴോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺ കുട്ടിയും....!
ഓഡിറ്റോറിയത്തിന്റെ മുന്നിലെ ഗെയ്റ്റിനടുത്ത് നിന്ന്
അകത്തോട്ട് കയറണോ വേണ്ടയോ എന്ന സംശയത്തോടെ നിൽക്കുന്നു
അവർ വഴി മാറി വന്നതാണ് എന്ന് തോന്നി 
ഇവിടെ വേറെ ഓഡിറ്റോറിയങ്ങളോ കല്യാണമോ ഇല്ല
ഇവന്റെ ബന്ധുക്കാരെയും നാട്ട്കാരെയും ഏറെ കുറേ എനിക്കറിയാം അവരും അല്ല....
പിന്നെ...?
ആ ഉമ്മ കുട്ടിയുടെ കൈപിടിച്ച് പുറത്തേക്ക് പോവാനൊരുങ്ങിയതും അവൻ നിരാശയും സങ്കടവും കലർന്ന മുഖത്തോടെ അകത്തേക്ക് നോക്കുന്നു....
എനിക്ക് എന്തോ പന്തികേട് തോന്നി...!
ഞാൻ വേഗം അവരുടെ അടുത്തേക്ക് നടന്നു 
എന്നിട്ട് ചോദിച്ചു....
എന്താ ഉമ്മാ അവിടെ തന്നെ നിന്നത്...?
ഇങ്ങോട്ട് വരീ...
അത് അവരിൽ കൂടുതൽ പരിഭ്രമമാണ് 
ഉണ്ടാക്കിയത് എന്ന് തോന്നി 
ഞാൻ വീണ്ടും അവരെ അകത്തേക്ക് ക്ഷണിച്ചു
പെട്ടെന്ന് ആ ഉമ്മ എന്റെ കയ്യിൽ കയറി പിടിച്ചു
മോനേ 
ഞങ്ങൾ ഈ കല്ല്യാണത്തിന് വിളിച്ചിട്ട് വന്നവരല്ല....!!!
ഇത് എന്റെ മകന്റെ കുട്ടിയാണ് 
ഇവന് ബിരിയാണി വേണം എന്ന് പറഞ്ഞ് വാശി പിടിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളായി
ഇവന്റെ ഉപ്പാക്ക് കിഡ്നിക്ക് അസുഖമായിട്ട് ചികിത്സയിലാണ് 
ബിരിയാണി വെക്കാൻ പോയിട്ട് കഞ്ഞി കുടിക്കാൻ പോലും ഞങ്ങൾക്ക് ഇപ്പോ ഗതിയില്ല മോനേ.... 
നാണക്കോടാന്ന് അറിയാഞ്ഞിട്ടല്ല 
ഇവന്റെ വാശി കണ്ട് വേറെ മാർഗ്ഗം ഇല്ലാതെ വന്നതാണ് 
ഒറ്റ ശ്വാസത്തിൽ 
ഇടറിയ ശബ്ദത്തിൽ 
ആ ഉമ്മ പറഞ്ഞു നിർത്തി
ആ ഉമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു...!
ഞാൻ ആകെ വല്ലാതെ ആയി....!!
അതിനെന്താ ഉമ്മാ....
ഞാൻ വിളിച്ചിരിക്കുന്നു 
നിങ്ങൾ ധൈര്യമായിട്ട് വാ.....
അവരെ അകത്ത് കൊണ്ട് പോയി 
ഇരുത്തി
ഭക്ഷണം കൊടുക്കാൻ 
കാറ്ററിംഗ് പയ്യനെ പറഞ്ഞ് ഏല്പിച്ചു...
ഞാൻ അവിടെ നിന്നാൽ അവർക്ക് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായാലോ എന്ന് തോന്നിയത് കൊണ്ട് 
നിങ്ങൾ കഴിക്ക് ഉമ്മാ എന്നും പറഞ്ഞ് അവിടെ നിന്ന് മാറി 
എങ്കിലും 
മറ്റൊരിടത്ത് നിന്ന് അവരെ തന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു 
ആ ഉമ്മ ആരും കാണാതെ കണ്ണുനീർ തുടക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു...
ആ കുട്ടി സന്തോഷത്തോടെ അതിലേറെ 
ആർത്തിയോടെ ഭക്ഷണം കഴിക്കുന്നു... 
അവർ ഭക്ഷണം കഴിച്ച് കഴിഞ്ഞു എന്ന് 
തോന്നിയപ്പോൾ 
ഞാൻ വീണ്ടും അവരുടെ അടുത്തേക്ക് നടന്നു 
ബിരിയാണി ഇഷ്ടായോ..?
ഞാൻ ആ മോനോട് ചോദിച്ചു 
അവൻ തെല്ല് നാണത്തോടെ 
അതെ എന്ന് തലയാട്ടി 
ഐസ്ക്രീം വേണ്ടേ? 
ഒരു ഐസ്ക്രീം എടുത്ത് അവന്റെ 
കയ്യിൽ കൊടുത്തപ്പോൾ 
അവന്റെ മുഖം സന്തോഷം കൊണ്ട് പ്രകാശിച്ചു..
അവൻ ഐസ്ക്രീം കഴിക്കുന്ന സമയം കൊണ്ട് 
ഞാൻ ആ ഉമ്മ താമസിക്കുന്ന സ്ഥലവും മറ്റ് കാര്യങ്ങളും ചോദിച്ച് മനസിലാക്കി 
മൂന്ന് നാല് കിലോ മീറ്റർ ദൂരമേയുള്ളു..
ഞാൻ അവരെ ഗെയ്റ്റ് വരെ കൊണ്ട് വിട്ടു
ഞാൻ വരുന്നുണ്ട് വീട്ടിലേക്ക് എനിക്കറിയാവുന്ന സ്ഥലമാണ് എന്ന് പറഞ്ഞ് അവരെ യാത്രയാക്കിയപ്പോൾ 
ആ ഉമ്മ വാത്സല്യത്തോടെ എന്നെ ചേർത്ത് പിടിച്ചു...
കുറച്ച് നേരമായി എന്നെ കാണാതിരുന്ന ചങ്ക്സ് 
നീ ഇത് എവിടെ പോയി കെടക്കാണ് 
ഒന്ന് ഇങ്ങ് വാ...
എന്ന് പറഞ്ഞ് വിളി തുടങ്ങി.... 
പക്ഷേ... 
പിന്നീട് അവിടെ നടന്ന ഒന്നിലും...
ഒരു ചടങ്ങിലും....
എന്റെ മനസ്സുണ്ടായിരുന്നില്ല
സുഹൃത്തുകളുടെ കൂടെ എല്ലാത്തിനും ഉണ്ടെന്ന് വരുത്തി തീർക്കുക മാത്രമായിരുന്നു.....
എന്റെ മനസിൽ ആ ഉമ്മയുടേയും മകന്റെയും മുഖം മായാതെ നിൽക്കുന്നു....
ഒടുവിൽ ചടങ്ങെല്ലാം കഴിഞ്ഞ് 
ആളും ബഹളവും ഒതുങ്ങി..
ചെക്കനും പെണ്ണും ബന്ധുക്കളിൽ ചിലരും വീട്ടിലേക്ക് പോയി 
എല്ലാം ക്ലിയർ ചെയ്യാനായി ഞങ്ങൾ ചങ്ക്സും 
അവന്റെ കുറച്ച് ബന്ധുക്കാരും മാത്രമാണുള്ളത് 
പതിവ് പോലെ ഒരുപാട് ഭക്ഷണം ബാക്കിയാണ് 
കുറച്ച് വീട്ടിലേക്കും അടുത്തുളള മറ്റ് വീടുകളിലേക്കും കൊടുത്തിട്ട് ബാക്കിയുള്ളത് കുഴിച്ച് മൂടാൻ ഉത്തരവിട്ട്
അവന്റെ മാമനും മറ്റുള്ളവരും പോയി...
ഞാൻ കലവറയിലേക്ക് നടന്നു
ശരിയാണ് ഒരുപാട് ഭക്ഷണം ബാക്കിയാണ്....
എനിക്ക് ആ ഉമ്മയുടേയും മകന്റെയും മുഖം മനസ്സിൽ തെളിഞ്ഞ് വന്നു...
ആരെയോ കാണിക്കാൻ വേണ്ടി
എന്തെല്ലാം ധൂർത്താണ് കല്ല്യാണത്തിന്റെ പേരിൽ നാം കാട്ടി കൂട്ടുന്നത്...?
മനസ്സിൽ അന്നാദ്യമായ് ഒരു നീറ്റൽ..!!
ഒരു കുറ്റബോധം..!!
ഞാൻ കുറച്ച് ഭക്ഷണം പൊതിഞ്ഞ് എടുത്തു 
ഫ്രണ്ട്സിനെ എല്ലാവരേയും വിളിച്ചു 
വാ നമ്മുക്ക് എല്ലാവർക്കും ഒരു സ്ഥലം വരെ പോവാം
എങ്ങോട്ടാണ് ? 
അതൊക്കെ പോകുന്ന വഴിക്ക് പറയാം നിങ്ങൾ വണ്ടിയിൽ കയറ് 
എല്ലാവരും വണ്ടിയിൽ കയറി 
ആ ഉമ്മാന്റെ വീട് ലക്ഷ്യമാക്കി ഞാൻ കാറോടിച്ചു 
എങ്ങേട്ടാണെന്ന് വീണ്ടും തിരക്കിയപ്പോൾ 
ഞാൻ നടന്നതെല്ലാം അവരോട് പറഞ്ഞു
അത് വരെ ഒച്ചയും ബഹളവും ഉണ്ടാക്കിയവർ പെട്ടെന്ന് നിശബ്ദരായി
പിന്നീടുള്ള യാത്ര ഒരു അവാർഡ് സിനിമ പോലെ ആയിരുന്നു
ഒടുവിൽ 
ഞങ്ങൾ ആ ഉമ്മ പറഞ്ഞ് തന്ന അടയാളങ്ങൾ നോക്കി 
അവരുടെ വീട് കണ്ട് പിടിച്ചു 
ഉമ്മാ....!!
ഞാൻ ആ ചെറിയ വിടിന്റെ വാതിലിൽ മുട്ടി...
ആ ഉമ്മ തന്നെയാണ് വാതിൽ തുറന്നത് 
എന്നെ കണ്ടതും ആ ഉമ്മ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു 
രണ്ട് മുറികളും ഒരു ചെറിയ അടുക്കളയും മാത്രമുള്ള 
ഒരു പഴക്കം ചെന്ന കൊച്ചു വീട് 
ഒരു മുറിയിലെ കട്ടിലിൽ രണ്ട് കിഡ്നികളും തകരാറിലായ ആ ഉമ്മയുടെ മകൻ കിടക്കുന്നുണ്ടായിരുന്നു
ശബ്ദം കേട്ട് ആരാണെന്നറിയാൻ അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്ന സ്ത്രീയെ 
മകന്റെ ഭാര്യയാണ് എന്ന് ഉമ്മ പരിചയപ്പെടുത്തി...
പിന്നെ എട്ടിലും അഞ്ചിലും പഠിക്കുന്ന രണ്ട് പെൺകുട്ടികൾ....
ഞങ്ങൾ കൊണ്ട് വന്ന ഭക്ഷണം ആ കുട്ടികളുടെ അടുത്ത് കൊടുത്തു 
ഇവൻ കല്യാണത്തിന്റെ കിസ്സ ഇവിടെ വന്ന് പറഞ്ഞപ്പോൾ തൊട്ട് ഇവരെ കൂട്ടീലാന്നും പറഞ്ഞ് പിണക്കത്തിലാണ് 
ഉമ്മ പേരക്കുട്ടികളെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു
നീ നോക്കി നിൽക്കാതെ കുറച്ച് ചായ ഉണ്ടാക്ക്....
ഉമ്മ മരുമകളെ ഓർമ്മപ്പെടുത്തി
വേണ്ട ഉമ്മ എന്ന് പറഞ്ഞ് ഞങ്ങൾ അവരെ തടഞ്ഞു
ഞങ്ങൾ അസുഖമായി കിടക്കുന്ന മകന്റെ അടുത്തേക്ക് ചെന്നു
ഒട്ടോ തൊഴിലാളി ആയിരുന്നു 
പെട്ടെന്നാണ് അസുഖം പിടിപെട്ടതും കിടപ്പിലായതും 
ഉണ്ടായിരുന്ന ഒട്ടോയും വീടും സ്ഥലവും വിൽക്കേണ്ടി വന്നു 
കൂടെ ജോലി ചെയ്തവരും വാർഡ് 
മെംബറും ഒക്കെ ചേർന്ന് 
ചെറിയ സഹായങ്ങളും അതിന്റെ ഭാഗമായ്
ഒരു ബാങ്ക് അകൗണ്ടും തുടങ്ങിയിട്ടുണ്ട് കുറച്ച് പൈസ അതിലുണ്ട് എന്നാലും ഒന്നിനും തികയില്ല 
ഉമ്മയുടെ കിഡ്നി ആണ് മാറ്റി വെക്കുന്നത് അതിന്റെ കാര്യങ്ങൾ എല്ലാം ഏറെ കുറെ ശരിയായിട്ടുണ്ട്...
ഇവർക്ക് പറയത്തക്ക ബന്ധുക്കാരെന്നുമില്ല 
ഇപ്പോൾ ഒരു വരുമാനവുമില്ല 
സുഖമില്ലാത്ത ഇവനെ തനിച്ചാക്കി അവൾക്ക് ജോലിക്ക് പോകാനും വയ്യ
ആ ഉമ്മ പറഞ്ഞു 
എല്ലാം ശരിയാവും ഉമ്മാ ...
ഇനി ഞങ്ങളെല്ലാവരും ഉണ്ട് കൂടെ.....
ആ ഉമ്മയുടെ മുഖം പ്രകാശിച്ചു
അവരോട് ഇനിയും വരാം എന്ന് യാത്ര പറഞ്ഞ് ഇറങ്ങി....!
തിരിച്ച് വരുമ്പോൾ ഞങ്ങൾ എല്ലാവരും ചില തീരുമാനങ്ങൾ എടുത്തിരുന്നു 
ഇഹ്സാന്റെയും,റിയാസിന്റെയും 
കല്ല്യാണം ഉറപ്പിച്ചതാണ് അവർ രണ്ട് പേരും തങ്ങളുടെ കല്ല്യാണം വളരെ ചെറുതായി നടത്തി അതിൽ നിന്ന് നല്ല ഒരു സംഖ്യ ആ കുടുംബത്തിന് നൽകി 
ശരത്ത് അവന്റെ രണ്ട് ഒട്ടോകളിൽ ഒന്നിന്റെ വരുമാനം ആ കുടുംബത്തിന് നിത്യചിലവുകൾക്കായി നൽകുന്നു 
അൻസാർ കല്ല്യാണത്തിന് ഓഡിറ്റേറിയങ്ങളിലും വീടുകളിലും ബാക്കിയാവുന്ന ഭക്ഷണം കളക്ട് ചെയ്ത് 
ആവശ്യക്കാരിൽ എത്തിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കി അത് നടപ്പിൽ വരുത്തി 
ചുരുക്കി പറഞ്ഞാൽ 
നാട്ടിൽ എല്ലാവരും കല്ല്യാണം വിളിക്കാൻ പേടിച്ചിരുന്ന ഞങ്ങളെയാണ് 
നാട്ടുകാർ ഇപ്പോൾ ആദ്യം കല്ല്യാണംവിളിക്കുന്നത്...
നമ്മുടെ കൈ കുമ്പിളിൽ നിന്ന് നാം പോലും അറിയാതെ ചോരുന്നത് കൊണ്ട് വയറ് നിറയുന്നവർ... 
ഒരു ചെറു പുഞ്ചിരി കൊണ്ട് ഒരു പക്ഷേ ആശ്വാസം ലഭിച്ചേക്കാവുന്നവർ...
ഒരു നാണായ തുട്ട് കൊണ്ട് ആശ്വാസം കിട്ടിയേക്കാവുന്നവർ ധാരാളം ഉണ്ട് നമുക്ക്ചുറ്റും....
അവരെ കാണാൻ 
''എന്റെ മാത്രം കാര്യം എന്ന തിരക്കിൽ നിന്ന് 
ഒന്ന് തിരിഞ്ഞ് നോക്കിയാൽ മാത്രം മതി...''
Rahman Kunjon

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot