നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Me Two (മീ ടൂ)


Image may contain: 1 person


PS Anilkumar DeviDiya

അമ്മേ ചേച്ചി എന്റെ വാച്ചെടുത്തു. ചോദിച്ചിട്ട് തരുന്നില്ല.

കൊടുക്ക് മോളെ

അമ്മേ എനിക്ക് പ്രാക്ടിക്കൽ ഉണ്ട്, അതിന്
വാച്ച് നിർബന്ധാ

ചേച്ചീടെ വാച്ച് എന്തിയേ?

അത് ഇന്നലേം പൊട്ടിച്ചു.

അതെങ്ങിനെയാണ് പൊട്ടിച്ചത്, സ്കൂൾ തുറന്നിട്ട് മൂന്നാമത്തേ വാച്ചല്ലേ പൊട്ടിക്കുന്നത്.
പിന്നെ കൊച്ചിന്റെ ഒരെണ്ണവും.

അത് കൈ വീശി നടന്നപ്പോൾ കൂട്ടിയിടിച്ചതാണ്, ആ കൊച്ചിന്റെ വാച്ചിന്റെ ഗ്ലാസ്സും
പോയി.

ആ കൊച്ചിന്റെ കണ്ണ് പോകാഞ്ഞത് ഭാഗ്യം.

അതിന്റെ കണ്ണിലും കൈ കൊണ്ടു. അതിനും ബഹളമുണ്ടായി.

ഇതെല്ലാം പറഞ്ഞു നിന്നാൽ രാവിലെ സമയത്ത് സ്കൂളിൽ വിടൽ
ഉണ്ടാകില്ല

മോളെ സുന്ദു വാ അമ്മ മുടി പിന്നിയിട്ട് തരാം, പോരുമ്പോൾ ഡൈനിംഗ് ടേബിളിൽ ഇരിയ്ക്കുന്ന രണ്ട് കഷ്ണം റിബ്ബൺ കൂടി
എടുത്തോ.

പെട്ടെന്ന് വാ അമ്മ ഒരു സൂത്രം കാണിച്ചു തരാം.

ഇതു കണ്ടോ ഈ ഓട്ടോയുടെ സീറ്റിൽ കിടന്നുറങ്ങുന്ന രണ്ടു പൂച്ചക്കുട്ടികളെ കണ്ടോ, എത്ര സ്നേഹത്തോടെയാണ് അവർ കെട്ടിപ്പിടിച്ച്കിടന്നുറങ്ങുന്നതെന്ന് നോക്കുക. തലയേത് വാലേത് എന്നു തിരിച്ചറിയാനാവാത്ത വിധം
വെളുത്ത കമ്പിളി നൂൽ ചുരുട്ടിയെടുത്ത ഉണ്ടയാണന്നേ തോന്നു.
നമുക്കിതിനെ വളർത്താം.
നല്ല രസമില്ലേ.

എന്നിട്ട് അമ്മയല്ലേ കഴിഞ്ഞ ദിവസം അങ്കിളിനോട് പറഞ്ഞത്
ഓട്ടോയിൽ കയറ്റി ഇതുങ്ങ ളേ മാർക്കറ്റിൽ കൊണ്ടെക്കളയാമെന്ന് -

അത് അന്ന് വന്ന ദിവസമല്ലേ, വീടിനകത്ത് കേറി എല്ലാം തട്ടിമറിയ്ക്കും, ശല്യമാകും എന്നെല്ലാം ഓർത്തിട്ടല്ലേ . പാവങ്ങൾ
വീട്ടിനകത്തേയ്ക്ക് പോലും
കയറുന്നില്ല. ഭക്ഷണത്തിന്റെ സമയം ആകുമ്പോൾ അതിനുള്ള ഭക്ഷണം വച്ചിരിക്കുന്ന പാത്രത്തിൽ ചെന്ന് കഴിച്ചു
തിരിച്ചുപോരും. ഇപ്പോൾ തന്നെ കണ്ടില്ലേ അമ്മ അടുത്തില്ലാഞ്ഞിട്ടും അടയും ചക്കരയും പോലെ
രണ്ടും കിടന്നുറങ്ങുന്നത്.

അമ്മ ഇല്ലാത്തപ്പോൾ ഞാനും ചേച്ചിയും തമ്മിൽ
പൊറോട്ടയും ചിക്കൻ കറിയും പോലെ ഇതിനേക്കാൾ ചേർന്നിരുന്നല്ലേ ടിവി കാണുന്നത്.

അതു ശരിയാണ് പഠിയ്ക്കാൻ പറഞ്ഞിട്ട് ഒന്നു മാറിയാൽ അപ്പോൾ
കീരിയും പാമ്പും.

ബാഗും, ടിഫിനുമെല്ലാം എടുത്തുകൊണ്ടു വാ,
ദേ ഓട്ടോ എടുക്കാൻ അങ്കിൾ വന്നു.

കൈയ്യിലിരുന്ന ചീപ്പു കൊണ്ട് പയ്യെ തട്ടി വിളിച്ച്
പൂച്ചക്കുഞ്ഞുങ്ങളെ ഉണർത്തി. ഉണർന്നിട്ടും
കണ്ണുമിഴിച്ച് നോക്കി കിടക്കാതെ എഴുന്നേറ്റ് മാറ്.
ഓട്ടോ ഇപ്പോൾ പോകും.

അല്ലെങ്കിലും ഞങ്ങളും രാവിലെ ഉറങ്ങാനീ അമ്മ
സമ്മതിയ്ക്കില്ല. വെളുപ്പിനേ തൊട്ട് വിളി തുടങ്ങും.

എന്നിട്ട് 6.3Oന് ആണ് എഴുന്നേൽക്കുന്നത്, 7.30ന് പോകേണ്ടവർ.

പൂച്ചക്കുഞ്ഞുങ്ങളെ തൂക്കിയെടുത്ത് കാർപോർച്ചിലേ കാർഡ് ബോർഡ് പെട്ടിയിലേയ്ക്ക്
വച്ചു.

കുട്ടികളെ സ്കൂൾ ബസ്സിൽ
കയറ്റി വിട്ടു. തിരിച്ചു വന്നു
ഒരു യുദ്ധം കഴിഞ്ഞ യുദ്ധക്കളമായ വീടിനെ പഴയ പോലെ ആക്കി എടുക്കുമ്പോഴേയ്ക്കും
വൈകുന്നേരം ആവും.
പിന്നെയും വീടിന്റെ അവസ്ഥ ധീം തരി കിട തോം ,തോം തോം. അതോർക്കുമ്പോഴേ താൻ
നാഗവല്ലിയാകും.

ഒരു വിധം എല്ലാം ഒതുക്കിയിട്ട് ചായ കുടിയ്ക്കാൻ ഇരുന്നു, അപ്പോഴാണ് ഇത്തിരി നേരം ന്യൂസ് കാണുന്നത്.
പഴയ വിവാദങ്ങൾ എല്ലാം
ഇത്തിരിയടങ്ങി എന്നു തോന്നുന്നു ഇന്നിപ്പോൾ
മീട്ടു, അമ്പലത്തിൽ കയറാമെങ്കിൽ പള്ളിയിലും
കയറാനുള്ള നിയമ നടപടികൾക്ക് നിസ ഒരുങ്ങുന്നു. അവിടെ സംഘർഷം ഇവിടെ സംഘർഷം എല്ലാം കൂടെ
ആകെ ഭ്രാന്തായി, ചാനലു മാറ്റി വല്ല കോമഡി പ്രോഗ്രാമും കാണാം.
അതാണ് മനസ്സിന്
സമാധാനം.

ചായ കുടി കഴിഞ്ഞ് ഉച്ചഭക്ഷണം തയ്യാറാക്കിയപ്പോഴാണ് എക്സ്ട്രാ സിലിണ്ടർ വിളിച്ചു പറയാനുള്ള കാര്യം
ഓർത്തത്. അതും കൊണ്ടുവരാൻ വിളിച്ചു പറഞ്ഞു. പാചകത്തിൽ മുഴുകിയ സമയത്തിനിടയിൽ എപ്പോഴോ ഓട്ടോയിൽ നിന്ന് സിലിണ്ടർ ഇറക്കി വച്ച് ഓട്ടോ പോകുന്ന ശബ്ദം കേട്ടു.

ഭക്ഷണമെല്ലാം തയ്യാറാക്കി,
ചേട്ടനെ വിളിച്ച് അവിടത്തെ
കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു, ഇവിടത്ത
കാര്യങ്ങളെല്ലാം എല്ലാം വള്ളി പുള്ളി വിസ്സർഗ്ഗമില്ലാതെ പിള്ളേർ
പറയുന്നതിനാൽ അതൊന്നും വീണ്ടും പറയേണ്ട.

ഭക്ഷണത്തിനു ശേഷം തള്ളപ്പൂച്ചയ്ക്കും പൂച്ചക്കുട്ടികൾക്കും ഭക്ഷണം അവരുടെ പാത്രത്തിൽ വച്ചിട്ട് അവരെ നോക്കിയപ്പോൾ കാണുന്നില്ല, വീടിനു ചുറ്റും കറങ്ങി നോക്കിയിട്ടും കണ്ടില്ല, ഇവരിതെവിടെ പോയി എന്നോർത്ത് കൊണ്ടാണ് വൈകിട്ട് കുട്ടികൾ വരുമ്പോഴേയ്ക്കുള്ള പഴംപൊരി ഉണ്ടാക്കി കൊണ്ടിരുന്നത്. നമ്മുടെ
FB യിലെ
ഡോ.ശാലിനിയുടെ പഴംപൊരിക്കഥ ഉള്ളിൽ ഒരു നോവായി ഉയരുന്നത്
മറക്കാനായി മൊരിഞ്ഞു തുടങ്ങിയ പഴമ്പൊരി പിന്നേയും പിന്നേയും
മറിച്ചിട്ടു.

അമ്മേ നല്ല പഴമ്പൊരിയുടെ മണം വരുന്നുണ്ടല്ലോ, സൂപ്പർ.

മോൾ കുളിച്ചിട്ട് വാ
അമ്മ അപ്പോഴേയ്ക്കും
ചായ എടുത്തു വയ്ക്കാം,

അമ്മേ രണ്ടു പൂച്ചക്കുട്ടികളിൽ ഒരെണ്ണത്തിനെ കാണുന്നില്ലല്ലോ. അതിന്റെ
അമ്മയുടെ കൂടെ ഒരു പൂച്ചക്കുട്ടിയെ ഉള്ളൂ.

അയ്യോ. അവിടെ എവിടെയെങ്കിലും കാണും,
അമ്മ നോക്കാം,

കുട്ടികൾ ക്ലാസ്സിൽ നിന്നെത്താൻ അല്പം വൈകിയാൽ പേടിയ്ക്കുന്ന
തന്നെ ഓർമ്മപ്പെടുത്തുന്ന പോലെ തള്ളപ്പൂച്ചയും ഒരു പൂച്ചക്കുട്ടിയുമായി എല്ലായിടത്തും നോക്കി നടക്കുന്നു. കരഞ്ഞ് വിളിച്ച്
തള്ളപ്പൂച്ചയുടെ ശബ്ദവും
നേർത്തു തുടങ്ങി. താനും എല്ലായിടത്തും നോക്കി, കാറിന്റെ താഴെയും, അകത്തെ മുറികളും, അടുക്കള അലമാര വരേ തപ്പി നടന്നിട്ടും എങ്ങും കണ്ടെത്താനായില്ല വെളുത്തു സുന്ദരിയായ
ആ പൂച്ചക്കുട്ടിയേ. രാവിലെ
അതിനെ നോക്കി കൊതിച്ചതാണോ കാണാതായത് എന്നൊരു കുറ്റബോധത്താൽ ഉള്ളൊന്നുനീറി.

മോളെ ഇനി ചില പ്പോൾ
ഉച്ചയ്ക്ക് അങ്കിൾ സിലിണ്ടർ കൊണ്ടു വന്നിട്ട് പോയപ്പോൾ ഓട്ടോയിൽ
എങ്ങാനും കയറിപ്പോയോ.
ഒന്നു വിളിച്ച് നോക്ക്, അവിടെ എങ്ങാനും ഉണ്ടെങ്കിൽ രാത്രി വണ്ടി ഇടാൻ വരുമ്പോൾ എടുത്തു കൊണ്ടു പോരാൻ പറയണം.

അമ്മേ അങ്കിളിന്റെ ഫോൺ
ഓഫാണ്.

ഒന്നും ചെയ്യാൻ തോന്നുന്നില്ല. അച്ചൻ അടുത്തില്ലാതെ മക്കളെ വളർത്തുന്ന ഒരമ്മയുടെ വേദന തള്ള പൂച്ചയിലും കണ്ടപ്പോൾ രണ്ടു മക്കളേയും അമർത്തി കെട്ടിപ്പിടിച്ച് അടുത്തേയ്ക്ക്
ഒന്നൂടെ ചേർത്തിരുത്തി.

തള്ളപ്പൂച്ചയെ ഒന്നു തോണ്ടിയ പൂച്ചക്കുഞ്ഞിനെ
അമ്മപ്പൂച്ച ആഞ്ഞൊരടി കൊടുത്ത് കൂടെ എന്തോ
പായുന്നതു പോലെയും തോന്നി,
നീ ശ്രദ്ധിയ്ക്കാഞ്ഞിട്ടല്ലേ
മോളെ കാണാതായത് എന്നാണാവോ ചോദിച്ചത്
എന്നറിയില്ല,

ചെറിയ പൂച്ചക്കുട്ടിയും
എന്തോ തിരിച്ചു പറഞ്ഞിട്ട്
തള്ള പൂച്ചക്ക് ഒരു തള്ളു കൊടുത്തു. എൻ സോദരിയ്ക്ക് ഞാൻ കാവാലാളോ? അമ്മ എവിടെ ആയിരുന്നു
എന്നെല്ലാമെല്ലാം ആയിരുന്നോ അവർ തമ്മിൽ പറഞ്ഞിരുന്നത്
എന്നറിയില്ലയെങ്കിലും പിന്നീട് അവർ പരസ്പ്പരം
തൊട്ടു തലോടി സാന്ത്വനപ്പെടുത്തിയ ങ്ങിനെയിരിയ്ക്കുന്ന കണ്ടു
ഞങ്ങളുമിരിപ്പു തുടർന്നു.
ഗെയിറ്റിലുള്ള ലൈറ്റു പോലും ഇടാൻ മറന്നിരുന്നിരുന്നു. ഇരുട്ടിൽ നിന്ന് ഓട്ടോറിക്ഷയുടെ വെളിച്ചം മുഖത്തടിച്ചപ്പോഴാണ്
സമയം ഇത്രയായതറിഞ്ഞത്.
ഞങ്ങൾക്ക് മുമ്പേ തള്ളപ്പൂച്ചയും കുഞ്ഞുപ്പുച്ചയും ഓട്ടോയ്ത്ത്ക്ക് ചുറ്റും അകത്തേയ്ക്കുമെല്ലാം
കരഞ്ഞു വിളിച്ച് നോക്കി നടന്നു. കാണാത്തതിന്റെ വിഷമത്തിൽ വീണ്ടും കരയുന്നത് ഞങ്ങളിലും
സങ്കടമായി.

അങ്കിളേ സിലിണ്ടർ ഇറക്കാൻ വന്നിട്ട് പോയപ്പോൾ ഓട്ടോ യിൽ
ഒരു പൂച്ചക്കുട്ടി ഉണ്ടായിരുന്നോ?
ഇവിടെ കാണുന്നില്ല.

ഉണ്ടായിരുന്നു, അത് മാർക്കറ്റിൽ ചെന്നപ്പോൾ
വണ്ടിയിൽ നിന്ന് ഇറങ്ങി,
വൈകിട്ട് അവിടെ നടക്കുന്നത് കണ്ടിരുന്നു.
നിങ്ങളല്ലേ ഇന്നാള് ഇതിനെയെല്ലാം കൊണ്ടെക്കളയണം എന്ന്
പറഞ്ഞത്.

അതന്നല്ലേ, ഇന്ന് ഞങ്ങൾക്കതിനെ ഇപ്പോൾവേണം, ഞങ്ങൾ
ഫോൺ ചെയ്തല്ലോ.

ഫോൺ ചാർജ് തീർന്ന്
ഓഫായി.

എന്നാൽ വാ അങ്കിളേ,
നമുക്ക് ചെന്ന് അതിനെ
എടുത്തു കൊണ്ടു വരാം.

വിജനമായ മാർക്കറ്റിൽ ചെന്ന് ഓട്ടോയിൽ ഇറങ്ങി
ചുറ്റുപാടുമെല്ലാം നോക്കി നടന്നിട്ടും കാണുന്നില്ല.
എവിടെ നിന്നോ ഒരു നേർത്ത കരച്ചിൽ കേട്ടപ്പോൾ ഒരാശ്വാസം.
അടുത്തു കണ്ട കടയുടെ
താഴെ ഒരു എലിക്കുഞ്ഞിനെപ്പോലെ
തണുത്തു വിറങ്ങലിച്ചിരിക്കന്ന പൂച്ചക്കുഞ്ഞിനെ കൈയ്യിലെടുക്കുമ്പോൾ
അതിന്റെ നേർത്ത കുറുങ്ങലിൽ ഉള്ളിലുണ്ടായിരുന്ന ആകുലതകൾ അലിഞ്ഞില്ലാതായിത്തുടങ്ങി.

തിരിച്ചു വീട്ടിലെത്തി പൂച്ചക്കുഞ്ഞിനെ അതിന്റെ
തള്ള പ്പൂച്ചയുടെ മുന്നിൽ വച്ചു കൊടുത്തപ്പോൾ തള്ളപ്പൂച്ചയുടെ സന്തോഷം
ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. വേർപാടിന്റെ വിരഹത്തിൽ നിന്ന് തിരിച്ചു കിട്ടിയ സന്തോഷത്തിലേയ്ക്ക്
ആണ്ടിറങ്ങിപ്പോയ അവരെ
കണ്ടപ്പോൾ ഉണ്ടായ
ആനന്ദത്തിന് അളവില്ലായിരുന്നു.

ഞങ്ങൾ അമ്മയും മക്കളുമായ മീ- ടൂസും
അവരും അമ്മയും മക്കളും ആയ മീ- ടൂസും പരസ്പരം
സന്തോഷത്തോടെ നോക്കി
നിന്നു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot