
അടുത്ത വീട്ടിലെ പയ്യന്റെ കല്യാണ നിശ്ചയം പാലക്കാട്ടു വെച്ചായിരുന്നു. തിരുവന്തപുരത്തുനിന്നും പാലക്കാട്ടേക്കുള്ള യാത്രയെക്കുറിച്ചു ചിന്തിച്ചപ്പോൾ മുട്ടുവേദനയുള്ള ഞാൻ ഒന്ന് മടിച്ചു.
"സ്ഥലത്തെ പ്രമാണിമാരെ മാത്രമേ വിളിച്ചിട്ടുള്ളൂ. അകെ ഇരുപതു പേർ മാത്രം!!!പ്രകാശൻ വരാതിരിക്കരുത്" ചെറുക്കന്റെ അച്ഛൻ എന്റെ ഭാര്യയുടെ മുൻപിൽ വെച്ചാണ് പറഞ്ഞത്. പിന്നെ ഒഴിവാകുന്നതെങ്ങിനെ?
ഇരുപതു സീറ്റുള്ള ഒരു മിനിവാൻ ഞങ്ങൾക്ക് പോകുവാൻ റെഡ്ഢിയാക്കിയിട്ടുണ്ടായിരുന്നു. കുളിച്ചു കുറിയും തൊട്ട് ഭാര്യ അലക്കിത്തേച്ചു തന്ന മുണ്ടും വടിപോലെയുള്ള കുപ്പായവും ഇട്ട് ഞാൻ രാവിലെ തന്നെ ചെറുക്കന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ ഒരു ആൾക്കൂട്ടം!!! ഇരുപതുപേരെന്ന് പറഞ്ഞിട്ട് അതിന്റെ ഇരട്ടി ആളുകൾ പോകുവാൻ റെഡ്ഢി ആയി നിൽക്കുന്നു!!!
ചെറുക്കന്റെ അപ്പൂപ്പൻ ആൾക്കൂട്ടത്തിലേക്ക് വന്നു.
"ഇരുപതു പേർക്കുള്ള വണ്ടിയാണ്....പിന്നെ ഇരുപത് പേർക്കുള്ള ഭക്ഷണം മാത്രമേ അവിടെ ഉണ്ടാവുകയുള്ളൂ." ഉഗ്രമൂർത്തിയായ അപ്പൂപ്പന്റെ വായ ആരോ വന്ന് പൊത്തിപ്പിടിച്ചു.
അസഹ്യമായ മുട്ടുവേദന തോന്നിയ ഞാൻ പതുക്കെ വലിയുവാൻ നോക്കി. ചെറുക്കൻ എന്നെ കണ്ടു.
"പ്രകാശൻ ചേട്ടൻ വന്നേ പറ്റൂ .ചേട്ടൻ ഇല്ലാതെ പാലക്കാട്ട് പോകുന്ന കാര്യം എനികാലോചിക്കുവാൻ പോലും വയ്യ"
എനിക്കഭിമാനം തോന്നി.അവൻ എന്നെ ആൾക്കൂട്ടത്തിനിടയിലൂടെ വാനിലേക്ക് നയിച്ചു. നടുക്കുള്ള സീറ്റ് തന്നെ എനിക്ക് കിട്ടി.ഞാൻ ഒന്ന് ഇളകിയിരുന്നു.നടുക്കാവുമ്പോൾ കാല് നീട്ടി വെക്കാം.കുടുക്കവുമില്ല!!! എന്തായാലും കുറച്ചു പേർ നിന്നു പോകേണ്ടി വരും.എനിക്ക് ചിരി വന്നു.
"തിരുവനതപുരം മുതൽ പാലക്കാട്ടു വരെ മിനിവാനിൽ നിൽക്കുന്നവരെക്കുറിച്ച് ഓർത്തപ്പോൾ എന്റെ മനസ്സിൽ തോന്നിയത് സഹതാപമോ? അതോ ആഹ്ലാദമോ?
എല്ലാവരും പ്രമാണിമാരയതുകൊണ്ട് നാല്പതുപേരും മിനിവാനിൽ ഇടിച്ചു കയറി. കസേരകളിയെ ഓർമിപ്പിച്ചുകൊണ്ട് വാനിൽ ഓടിക്കയറിയവർ നെട്ടോട്ടമാരംഭിച്ചു.അതി സമർത്ഥ്യമുള്ളവർമാത്രം സീറ്റ് ഉറപ്പിച്ചു.ബാക്കിയുള്ളവർ കമ്പിയിൽ തൂങ്ങി നിന്നു.
കുറച്ചു ദൂരം പിന്നിട്ടപ്പോൾ നിൽക്കുന്നവരെ സഹതാപപൂർവ്വം ഞാൻ നോക്കി...കമ്പിയിൽ തൂങ്ങി നിൽക്കുകയായിരുന്ന കേശവൻ നായർ എന്നെ ദയനീയമായി നോക്കുന്നു.
എന്നെക്കാൾ പ്രായമുള്ള മനുഷ്യനാണ്..അയാൾ ഇരിക്കുന്നവരെയെല്ലാം ദയനീയമായി നോക്കുന്നുണ്ട്.ആരും കണ്ടഭാവം നടിക്കുന്നില്ല.!!!
എന്റെ മൂല്യബോധം ഉണർന്നു. മുട്ടുവേദന അവഗണിച്ചും അയാൾക്ക് സീറ്റ് കൊടുത്ത് മാതൃകയാകുവാൻ ഞാൻ തീരുമാനിച്ചു.
ഞാൻ തോണ്ടിവിളിച്ചപ്പോൾ അയാളുടെ മുഖത്ത് കണ്ട സന്തോഷം എന്നെ ആനന്ദലബ്ദിയിലാക്കി!!!
ഞാൻ കമ്പിയിൽ തൂങ്ങി നിന്ന് അയാളോട് ഇരിക്കുവാൻ ബഹുമാനപൂർവ്വം പറഞ്ഞു. മുട്ടുവേദന എന്നെ ആശങ്കപ്പെടുത്തിയെങ്കിലും ഒരു നല്ല കാര്യം ചെയ്യുന്നതിലുള്ള നിർവൃതി എന്റെ മനസ്സിൽ ഉടലെടുത്തിരുന്നു.
കേശവൻ നായർ സന്തോഷത്തോടെ ഇളകിയിരുന്നു കൊണ്ട് എന്നോട് ചോദിച്ചു.
"പ്രകാശന് വാനിൽ നിന്ന് യാത്ര ചെയ്യുവാനാണ് ഇഷ്ടം... അല്ലെ?
പ്ലിങ്ങായ ഞാൻ കമ്പിയിൽ മുറുകെപ്പിടിച്ച് ആടി നിന്നു.
പ്ലിങ്ങായ ഞാൻ കമ്പിയിൽ മുറുകെപ്പിടിച്ച് ആടി നിന്നു.
അനിൽ കോനാട്ട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക