Slider

അന്തർജ്ജനം (ചെറുകഥ )

0



Image may contain: 1 person, beard
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

കാലംതെറ്റിവന്ന കാലാവസ്ഥയെ അതിജീവിച്ച് വസന്തം വീണ്ടും പടികടന്നുവന്നു. രാവിനേക്കാൾ ഏറെ നയനമനോഹരമായ പകൽ വിരഹത്തിന്റെ ആക്രമണങ്ങളിൽ തോൽവിയടഞ്ഞ ചിത്തത്തെ വിജയത്തിലേക്ക് ആനയിക്കുവാൻ പ്രാപ്തമാക്കി.

മുറ്റത്ത് പാറിപ്പറക്കുന്ന വർണ്ണശലഭങ്ങൾ സ്വാതന്ത്ര്യം ആഘോഷിക്കുകയാണെന്നു തോന്നും. സ്വതന്ത്രയല്ലാത്ത മനസ്സും ശരീരവുമായി താനും തന്നിലെ സ്ത്രീയെന്ന നോവും മാത്രം. കാലം പരിവർത്തനങ്ങളിലേക്ക് പടവുകൾ പലതും പിന്നിട്ട് കുതിക്കുമ്പോഴും പാഴ്ക്കിനാവുകൾ മാത്രമായി പടിവാതില്ക്കലോളം മാത്രം പ്രവേശനം സിദ്ധിച്ച തന്റെ ദൈന്യത ആരറിയുന്നു.

ഒരിക്കലെങ്കിലും ഈ ഉമ്മറത്തെ കസേരയിൽ ആരേയും ഭയപ്പെടാതെ ഒരു നിമിഷമെങ്കിലും സ്വാതന്ത്ര്യത്തോടെ ഉപവിഷ്ടയാവണം. വീടിന്റെ പടിപ്പുര കടന്നുവരുന്ന അതിഥിയെ വീട്ടുകാരിയായി സ്വീകരിക്കണം. ഈ മുറ്റത്തും തൊടിയിലും അവരോടൊപ്പം സമയം പാഴാക്കണം.

മുറ്റത്ത് കായ്ഫലം നിറഞ്ഞു നില്ക്കുന്ന ചെന്തെങ്ങിൻ കരിക്ക് മാധുര്യമോടെ നുണയണം. മുറ്റത്തെ മുത്തശ്ശിമാവിലെ വള്ളിയൂഞ്ഞാലിൽ അയലത്തെ രാധയോടും വസുന്ധരയോടുമൊപ്പം ആടണം. ഈ മുറ്റത്തുനിന്ന് ഉച്ചത്തിലൊന്നു കൂവി വിളിക്കണം.

തിരുവാതിരക്കെത്തുന്ന അന്തർജ്ജനങ്ങളൊടൊപ്പം ആടിപ്പാടി പൊട്ടിച്ചിരിക്കണം. കൂട്ടുചേർന്ന് ഫലിതം പറയണം. ഉപ്പിലിട്ട നെല്ലിക്ക കടിച്ച് കൊതിപ്പിക്കണം.

കീർത്തനങ്ങളല്ലാത്ത ഒരു സിനിമാപ്പാട്ടെങ്കിലും ഉറക്കെ പാടണം. തന്റെ പാട്ടിന്റെ സ്വരമാധുരി കേട്ട് മറ്റുള്ളവരൊക്കെ അവിശ്വസനീയമെന്നവണ്ണം പരസ്പരം നോക്കണം. തന്നെ വാനോളം പുകഴ്ത്തണം. അതുകേട്ട് തന്റെ അന്തരംഗം വിടർന്ന ചെന്താമരയാകണം. നയനങ്ങൾ ആനന്ദാശ്രുക്കളാൽ നിറയണം.

നിശയുടെ ഭയാനകതയെ മറയ്ക്കുവാൻ കൊളുത്തിവെച്ച തിരിനാളങ്ങളുടെ ശോഭയിലല്ലാതെ പകലിന്റ സൂര്യപ്രഭയാൽ പ്രകാശമാനമായ നാലുകെട്ടിന് വെളിയിൽ അദ്ദേഹത്തോടൊത്ത് മുട്ടിയുരുമ്മി നടക്കണം. ഈ ഉമ്മറത്ത് ആരേയും ഭയപ്പെടാതെ അദ്ദേഹത്തിന്റെ മടിയിൽ തലചായ്ച്ചു മയങ്ങണം. പിന്നെ....

താൻ എന്തോക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്... ഈശ്വരാ പൊറുക്കണേ.. അടിയന്റെ പഴമനസ്സിൽ തോന്നിയ ദുഷ്ചിന്തകൾ നീ പൊറുത്തു തരേണമേ..

സുഭദ്ര ഭഗവാനെ മനസ്സിൽ ധ്യാനിച്ച് മിഴികളടച്ച് കൈകൂപ്പി അടുക്കളവാതിൽ പാതിചാരി കിണറ്റിനരികിലേക്ക് പോയി. വലിയ കുട്ടകമെടുത്ത് കിണറ്റിനരികിലേക്ക് നീക്കിവെച്ച് കിണറിനുമുകളിൽ കമഴ്ത്തിവെച്ച തൊട്ടി കിണറ്റിലേക്കിട്ടു. അതിവേഗം താഴേക്കു പതിച്ച തൊട്ടി കിണറ്റിലെ വെള്ളത്തെ നാനാദിക്കിലേക്കായി ചിതറിത്തെറിപ്പിച്ച് അവ വീണ്ടും ആ കിണറ്റിലേക്കുതന്നെ പതിച്ചു.

***മണികണ്ഠൻ അണക്കത്തിൽ***

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo