നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഷേധിക്കപ്പെട്ട മാതൃത്വം

Image may contain: 1 person

***** ***** **** **** ***
വിരുന്നുകാർ ഒക്കെയും ഒഴിഞ്ഞപ്പോൾ ആയിരുന്നു ഒന്നിരിക്കാനും വിശ്രമിക്കാനും നേരം കിട്ടിയത്.
ഇപ്പോ നിങ്ങൾ ചിന്തിക്കും, എന്താപ്പാ ഒരു വിരുന്നുകാരെന്നു. എന്താ വിശേഷമെന്നു.
വിശേഷമുണ്ട്, ഇന്ന് ഞങ്ങളുടെ ഗൃഹപ്രവേശം ആയിരുന്നു. ഇതിപ്പോ നിങ്ങളോട് ആയതു കൊണ്ടാണ് കേട്ടോ ഗൃഹപ്രവേശം എന്നൊക്കെ പറഞ്ഞത്, ഞങ്ങളിവിടെ വടക്കോട്ട് വീട്ടിൽകൂടൽ, പൊരേകൂടൽ എന്നൊക്കെയ പറയാറ്.
ഇതിപ്പോ എത്രനാളത്തെ കാത്തിരിപ്പാണ് എന്നറിയോ ഒരു വീട്ടിലേക്ക്. വയസ്സായി തുടങ്ങി. പ്രായം ഇപ്പൊ അമ്പത് ആവാറായി. രാമേട്ടനും അറുപതിനോടടുത്തു. ആള് പേരിലെ രാമൻ ഉള്ളൂ, തനി ദുർവ്വാസാവ് തന്നെയാ.
ഇങ്ങക്കറിയോ, പത്തിരുപത്തഞ്ചു വയസിൽ മംഗലം കയിച്ചു കൊണ്ട് വന്നതാ വീട്ടിലേക്ക്. നിറയെ പശുക്കൾ ഉള്ള വീട്. പക്ഷെ മനുഷ്യമ്മാര് മൂന്നാല് പേര്. രാമേട്ടനും അമ്മയും പിന്നെ ഞാനും. രാമേട്ടന് പശുക്കൾ എന്നാൽ പ്രാണൻ ആണ്. അതു കഴിഞ്ഞേ ഈ ഞാനും ഉള്ളൂ.
നൂറ് പ്രതീക്ഷയുമായി വന്നു കയറുന്ന ആ കാലത്തെ പെണ്ണിന്റെ ആദ്യത്തെ ആഗ്രഹം ഒരു കുഞ്ഞാണ്. വർഷം ഒന്നായി രണ്ടായി കുഞ്ഞുങ്ങളുടെ യോഗം ഇണ്ടായില്ല. അമ്മായിഅമ്മക്ക് പശൂനെ നോക്കാൻ ആളില്ലാതാകുമോ എന്ന പേടികൊണ്ടാവും കുഞ്ഞുങ്ങൾ എനിക്കില്ലാഞ്ഞത്.
പത്ത് വര്ഷത്തിനിപ്പുറം സങ്കടം സഹിക്കാൻ പറ്റാഞ്ഞു ഡോക്ടറെ കണ്ടു. നിർബന്ധം സഹിക്കാൻ പറ്റാഞ്ഞിട്ടാവും രാമേട്ടനും വന്നു. ചികിത്സ തുടങ്ങാം, റെസ്റ്റ് വേണമെന്ന ഡോക്ടറുടെ ഉപദേശം പശു അമറും പോലെ അമറി മൂപ്പര് തള്ളി കളഞ്ഞു. എന്നിട്ടും മരുന്നൊക്കെ ഞാൻ വാങ്ങിച്ചു. പക്ഷേ ഞാൻ വീണ്ടും തോൽക്കുകയായിരുന്നു. വിശ്രമം ഇല്ലാത്ത ദേഹത്ത് എങ്ങനെ മറ്റൊരു ജീവന്റെ തുടിപ്പ് നാമ്പെടുക്കും.
വീണ്ടും വർഷങ്ങൾ കഴിഞ്ഞു, പശുക്കൾക്കുള്ള വില പോലുമില്ലായിരുന്നു എനിക്ക്. ചാണകം കോരിയും, അലക്കിയും വെച്ചുണ്ടാക്കിയും രാവും പകലും എന്നിലൂടെ കടന്നു പോയി.
ഒരിക്കൽ കൂടി ഡോക്ടറെ കാണാൻ ഞങ്ങൾ പോയി. അപ്പോഴായിരുന്നു ഡോക്ടർ രമേട്ടനോട് ചോദിച്ചത്, കല്യാണം കഴിഞ്ഞപ്പോൾ കുട്ടികൾ വേണ്ടെന്നു വെച്ചിരുന്നോ എന്നു. അതെയെന്ന രമേട്ടന്റെ മറുപടിയിൽ പിടഞ്ഞത് തൊട്ടടുത്തിരിക്കുന്ന ഞാനായിരുന്നു.
സ്ത്രീപുരുഷ ബന്ധത്തിന്റെ ആഴങ്ങൾ അറിയാത്ത പ്രായത്തിൽ ഞാൻ ഭർത്താവിനാൽ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന അറിവ് എന്നിൽ ഉണ്ടാക്കിയ മുറിവ് അത്രയും വലുതും പിന്നീടങ്ങോട്ട് നിസ്സംഗതയുടെ വേരുകൾ പടർത്താൻ ഉള്ളത്രയും ആഴമേറിയതും ആയിരുന്നു. ശരീരത്തിന്റെ പങ്കു വെക്കലുകൾക്കൊടുവിൽ കുഞ്ഞിനെ പേറാൻ കൊതിച്ച ഗർഭപാത്രത്തെയും കബളിപ്പിച്ചു.
നിസ്സഹായതയും , ഭയവും, എന്നിൽ വളർന്നു തുടങ്ങി. ഇടയ്ക്ക് പ്രതികരിച്ചപ്പോൾ മൃഗങ്ങളെക്കാൾ ക്രൂരമായി ശിക്ഷിക്കപ്പെട്ടു.
ആഗ്രഹങ്ങൾക്കപ്പുറത്ത് ഞാനൊരു മാടായി മാറി. കറവയില്ലാത്ത പശുവിനെ പോലെ. പുലർച്ചെ മൂന്ന് മണിക്ക് ഉണരേണ്ടവൾ. രാത്രി പന്ത്രണ്ട് മണി വരെ ജോലി. വിശ്രമം എന്നത് സ്വപ്നം മാത്രമായിരുന്നു. നല്ല വാക്ക് എന്നത് വിദൂരമായിരുന്നു.
കുഞ്ഞിനെ ആഗ്രഹിക്കുമ്പോഴൊക്കെ വീട്ടിൽ പശു ഇല്ലാത്ത കാലം വേണമെങ്കിൽ നോക്കാം എന്ന പരിഹാസച്ചുവയിലെ മറുപടി കേട്ട് കേട്ട് കാതുകൾ തഴമ്പിച്ചു പോയിരുന്നു. എന്നിട്ടും ഉപേക്ഷിച്ചില്ല ഈ ബന്ധത്തെ. എന്നെങ്കിലും ഒരിക്കൽ ഒരു കുഞ്ഞിക്കാല് കാണുമെന്ന പ്രതീക്ഷയിൽ ജീവിച്ചു.
കുടുംബത്തിൽ വന്നതും പോയതുമായ പെണ്മക്കൾ അമ്മമാർ ആകുന്നത് കണ്ടപ്പോൾ എന്നെന്നേക്കുമായി ശൂന്യമായി മാറുന്ന എന്റെ മടിത്തട്ടു ഞാൻ നോക്കി നിൽക്കാറുണ്ടായിരുന്നു.
പ്രായം ഞങ്ങളെയും ആക്രമിച്ചു തുടങ്ങി. തറവാട് ഭാഗം വെക്കലും, അമ്മായിഅമ്മയുടെ മരണവും മറ്റൊരു വീടെന്ന ചിന്ത രാമേട്ടനിൽ ഉണ്ടാക്കുമ്പോഴേക്കും വർഷം ഇരുപത്തഞ്ചായിരുന്നു.
ശൂന്യത മാത്രം നിറഞ്ഞ മനസ്സോടെ ആയിരുന്നു പുതിയ വീട്ടിലേക്ക് ദാ ഇപ്പൊ വന്നു കയറിയത്. രണ്ട് മനുഷ്യ ജന്മങ്ങൾ മാത്രം. തൊഴുത്തുകൾ ഇല്ല. പശുക്കളും ചാണകചൂരും ഇല്ല. പ്രതീക്ഷകളില്ല. യാന്ത്രികമെന്ന വാക്കുകൾ അന്വർത്ഥമാക്കുന്ന ജീവിതം.
ഏതു തെറ്റിന്റെ ഫലമാണ് എന്റെ ശൂന്യമായ ഈ മടിത്തട്ടു. സ്വപ്നങ്ങളും പ്രതീക്ഷകളും പേറി കടന്നു വരുന്ന പെണ്ണിന് നോവുകൾ മാത്രം നൽകിയ ആണൊരുത്തൻ ചോദ്യചെയ്യപെടാതെ ജീവിക്കുമ്പോൾ, ഒറ്റപെടലിൽ ഒരായുസ്സ് മുഴുവൻ എരിഞ്ഞു തീരുന്നവൾ ആയി ഞാൻ മാറുകയായിരുന്നു.
നിഷേധിക്കപ്പെട്ട മാതൃത്വം രാത്രിയിൽ നാലു ചുമരുകൾക്കുള്ളിൽ കണ്ണീരായി മാറാറുണ്ട്. സ്വപ്നങ്ങളിൽ കുഞ്ഞിളം കാലുകൾ ഓടിക്കളിക്കാറുണ്ട് ഇപ്പോഴും.
സിനി ശ്രീജിത്ത്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot