
ഹെഡ് ഓഫീസിൽ നിന്നും ഓഡിറ്റിങ് നു വരുന്നുണ്ടെന്നറിഞ്ഞ് രാവിലെ മുതൽ ടെൻഷനിൽ ആയിരുന്നു മനു.പല പെൻഡിങ്ങ് വർക്കുകളും തീർക്കാനുണ്ട്.അതിനിടയിലാണ് മൊബൈൽ റിങ്ങ് ചെയ്തത്.വീട്ടിൽ നിന്നും നിമിഷയുടെ കാൾ ....
'ഇവളിതിപ്പോ എന്തിനാണാവോ വിളിക്കണേ..'
മനു വല്യ താത്പര്യമില്ലാതെ കാൾ അറ്റൻഡ് ചെയ്തു.
"ഹലോ മനുവേട്ടാ ഹാപ്പി വാലന്റൈൻസ് ഡേ...."
"ഓ...ഇത് പറയാനാണോ നിമ്മീ ഇപ്പൊ വിളിച്ചത്...ഇവിടെ തലക്ക് പ്രാന്ത് പിടിച്ചു നിൽക്കുമ്പോഴാ ഒരു വാലന്റൈൻസ് ഡേ...ഒന്നു വെച്ചിട്ട് പോയേ..."
മനു ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞു നോക്കുമ്പോൾ ഓഫീസിലെ സെക്യൂരിറ്റി വർഗ്ഗീസേട്ടൻ മുന്നിൽ നിൽക്കുന്നു.റിട്ടയർമെന്റ് കഴിഞ്ഞിട്ടും 'കോണ്ട്രാക്റ്റ് ലേബർ' ആയി തുടരുകയാണ് വർഗ്ഗീസ്.
"സാറേ എനിക്ക് ഇന്ന് ഉച്ചയ്ക്കുശേഷം ലീവ് വേണം..."
"അതെന്താ വർഗീസ്സേട്ടാ വല്ല വയ്യായ്കയും....?"
"അതൊന്നും അല്ല സാറേ....ഇന്ന് വാലന്റൈൻസ് ഡേ അല്ലേ....ഭാര്യയോട് ഞാൻ പറഞ്ഞിരുന്നു നേരത്തേ വരാന്ന്.അവള് കാത്തിരിക്കും...."
ഒരു കുഞ്ഞു നാണമൊക്കെ വിരിയിച്ചുകൊണ്ടുള്ള വർഗീസ്സേട്ടന്റെ സംസാരം കേട്ടപ്പോൾ മനുവിന് ചിരിപൊട്ടി....ഒരു കൗതുകവും.
"എന്റെ വർഗീസ്സേട്ടാ നിങ്ങളൊക്കെ ഇതെന്ത് ഭാവിച്ചാ...ഇത്രേം പ്രായം ആയിട്ടും..ചുമ്മാ ഫ്രീക്ക് പിള്ളേരെപ്പോലെ...നാണമില്ലേ..."
" മനു സാറേ.....ഈ വാലന്റൈൻസ് ഡേ ആഘോഷങ്ങളും മറ്റും ഒരുതരം പ്രഹസനം ആണെന്ന് എനിക്കും അറിയാം...പിന്നെന്തിനാ ഇതൊക്കെ ന്ന് ചോദിച്ചാൽ....ഞാനും ഭാര്യയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് 40 വർഷങ്ങൾ ആയി.അതിൽ ഭൂരിഭാഗവും മക്കൾക്ക് വേണ്ടി ചിലവഴിക്കുന്നതിനിടയിൽ പലപ്പോഴും പ്രണയവും സ്നേഹവും എല്ലാം മറന്നുപോയിട്ടുണ്ട്.എന്നാലിപ്പോൾ മക്കളെല്ലാം അവരവരുടെ നിലയിൽ സെറ്റിൽ ആയി.അപ്പൊ ഞങ്ങൾക്കും തോന്നി ഇനിയുള്ള കാലം മനസ്സമാധാനമായി പ്രണയവും കരുതലും എല്ലാം പരസ്പരം പങ്കുവെച്ച് സന്തോഷത്തോടെ ജീവിക്കാമെന്ന്.ഇതൊക്കെ എന്റെ ഭാര്യക്കും വലിയ സന്തോഷമാണ് സാറേ...അതുകൊണ്ട് ഇങ്ങനുള്ള ദിവസങ്ങൾ ഞങ്ങൾ ചുമ്മാ ഒന്നാഘോഷിക്കാനുള്ള കാരണമായി കരുതുന്നു.പിന്നെ പ്രണയം ആഘോഷിക്കാൻ പ്രായമൊന്നും ഒരു തടസ്സം അല്ലല്ലോ സാറേ..ചെറുപ്പം ആയിട്ട് പോലും പ്രണയം നൽകാനും തിരിച്ചറിയാനും സാറിനാവുന്നില്ല.അതുകൊണ്ടല്ലേ പ്രണയ സന്ദേശം അറിയിക്കാൻ വിളിച്ച ഭാര്യയെ സാറിപ്പോൾ വഴക്ക് പറഞ്ഞത്.അത് കേട്ടപ്പോൾ അവർക്കുണ്ടായേക്കാവുന്ന വിഷമം സാർ അറിയാതെപോയത്..."
പുഞ്ചിരിയോടെ ഇത്രയും പറഞ്ഞ് വർഗ്ഗീസേട്ടൻ ക്യാബിനിൽ നിന്ന് പുറത്തേക്ക് പോയി.
നിശ്ചലനായി എല്ലാം കേട്ടുനിന്ന മനു മൊബൈൽ കയ്യിലെടുത്ത് നിമിഷയുടെ നമ്പറിൽ വിരലമർത്തി.
"എന്താ മനുവേട്ടാ....പതിവില്ലാതെ ഇങ്ങോട്ട് വിളിച്ചത്......"
മനു മൊബൈൽ ചുണ്ടോട് ചേർത്ത് പതുക്കെ മൂളി..
"ബഹാരോം ഫൂൽ ബർസാവോ......മേരാ മെഹബൂബ് ആയാ ഹെ...മേരാ...മെഹബൂബ് ആയാ ഹെ...."
മറുതലയ്ക്കൽ നിശ്ശബ്‌ദത.
"നിമ്മീ നിനക്കോർമ്മയുണ്ടോ പണ്ട് പ്രേമിച്ച കാലത്ത് എത്രതവണ ഫോണിൽ എന്നെക്കൊണ്ട് ഈ പാട്ട് പാടിച്ചിട്ടുണ്ട്....എത്ര കേട്ടാലും നിനക്ക് മതിവരാറില്ലല്ലോ..."
നിശ്ശബ്ദത ഒരു നേർത്ത തേങ്ങലായി മാറുന്നത് മനു കേട്ടു.
"അയ്യേ പൊട്ടീ... നീ കരയുകയാണോ.....എന്റെ പാട്ട് ഇപ്പൊ അത്രയ്ക്ക് ബോറായോഡീ....."
"പോടാ പൊട്ടാ.....പണ്ടും വല്ലാത്ത ബോർ ആയിരുന്നല്ലോ...പിന്നേ ഇഷ്ടം താങ്കളോടല്ലായിരുന്നു കേട്ടോ... മുഹമ്മദ് റാഫിയുടെ പാട്ടുകളെ ആയിരുന്നു....."
നിമിഷയുടെ പൊട്ടിച്ചിരി മണിമുത്തുകൾ പോലെ മനുവിന്റെ കാതിൽ പതിഞ്ഞു.
ഫോൺ വെച്ചതിനു ശേഷം പുറത്തേ ഗേറ്റിലേക്ക് നോക്കി മനു വിളിച്ചുപറഞ്ഞു.
"വർഗീസേട്ടാ.....ഉച്ചക്ക് പോവുമ്പോ പറയണം കേട്ടോ....വീട്ടിൽ വിട്ടേക്കാം...ഞാനും ആ വഴിക്കാ...."
വർഗ്ഗീസേട്ടൻ തലകുലുക്കി ചിരിക്കുമ്പോൾ "സരാ തും ദിൽ കൊ ബെഹ്‌ലാവോ....മേരാ മെഹബൂബ് ആയാ ഹേ..." ന്ന് പാടുന്നുണ്ടായിരുന്നു..അതോ മനുവിനു തോന്നിയതാണോ....മനുവും തലകുലുക്കിച്ചിരിച്ചു....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക