നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈദേഹി - Part 20



അദ്ധ്യായം ഇരുപത്
രാഹുലിനെ ആരോ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയ വിവരം രാജേഷ് അശ്വതിയെ ഫോണിൽ അറിയിച്ചു.
"രാജേഷ്....പോലീസിൽ അറിയിച്ചോ? അശ്വതി ചോദിച്ചു.
"ഇല്ല....ആദ്യം അശ്വതിയെ അറിയിക്കാം എന്ന് കരുതി..."രാജേഷ് പറഞ്ഞു.
"എങ്കിൽ പോലീസിൽ അറിയിക്കേണ്ട...അറിയിച്ചാലും അവർ അന്വേഷിക്കുവാൻ സാധ്യതയില്ല.. രാഹുൽ വിവാഹത്തിന്റെ ആദ്യനാളിൽ ഒരു തട്ടിക്കൊണ്ടുപോവൽ നാടകം നടത്തിയത് അവർ മറക്കുവാൻ സാധ്യതയില്ല" അശ്വതി ചിരിച്ചുകൊണ്ട് പറഞ്ഞു.
രാജേഷിന് അത്ഭുതം തോന്നി..
ഇവൾ ഒരു സ്ത്രീ തന്നെയാണോ? അയാൾ ചിന്തിച്ചു. അവൾ തുടർന്നു.
"വിഷമിക്കേണ്ട രാജേഷ്...നിങ്ങളൊക്കെ പരിഹസിക്കുന്ന എന്റെ ബ്രോസ് അയാളെ അവിടെനിന്നും രക്ഷിച്ചതാണ്...." അശ്വതി പറഞ്ഞു...രാജേഷിന്റെ മനസ്സിൽ അമ്പരപ്പാണ്
തോന്നിയത്.
"എനിക്ക് മനസ്സിലായില്ല.."അയാൾ പറഞ്ഞു.
"രാഹുൽ ഇപ്പോൾ വേറൊരു മാനസികാവസ്ഥയിൽ ആയി മാറിയിരുന്നു....രാജേഷ് ഇവിടെ വന്ന ദിവസം തന്നെ എല്ലാം മറന്ന് രാഹുലിനെ വിളിക്കുവാൻ ഞാൻ സിറ്റിയിൽ പോയതാണ്....മദ്യപിച്ചു ബോധംകെട്ട അയാൾ എന്നെ തിരിച്ചറിഞ്ഞതുപോലുമില്ല....ഈ അവസ്ഥയിൽ അയാളെ വീട്ടിൽ നിർത്തുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്"
അശ്വതി പറഞ്ഞു.
"എനിക്ക് മനസ്സിലാകും....പക്ഷെ...."
അവൾ തുടർന്നു.
"എന്നാൽ ഇലക്ഷൻ അടുത്തു വരുമ്പോൾ രാഹുൽ ഒരു രക്തസാക്ഷി ആകുവാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയ എന്റെ ചങ്കു ബ്രോസ് രാഹുലിനെ അവിടെ നിന്നും മാറ്റിയതാണ്"
"ഇങ്ങനെ ബലമായി പിടിച്ചുകൊണ്ട് പോയത് മോശമായിപ്പോയി" രാജേഷ് തന്റെ അനിഷ്ടം മറച്ചു വെച്ചില്ല.
"അത് ശരിയല്ല എന്ന് എനിക്കും അറിയാം...പക്ഷെ ഞാൻ അപ്പോൾ വിളിച്ചാൽ രാഹുൽ എന്റെകൂടെ വരില്ല.. ഇപ്പോഴത്തെ തെരുവിലെ ജീവിതവുമായി രാഹുൽ നന്നായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു." അശ്വതി പറഞ്ഞു.
"എന്തായാലും ഇതു കുറച്ചു കൂടിപ്പോയി...
എനിക്ക് ഇതിനോട് യോജിക്കുവാൻ സാധിക്കില്ല"രാജേഷ് ഫോൺ കട്ട് ചെയ്തു.
പിന്നീടുള്ള ദിവസങ്ങളിൽ ന്യു ജെൻ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ രൂപീകരണവും...അതിന്റെ വളർച്ചയും.....റെവല്യൂഷനറി പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടികയും ....എല്ലാം രാജേഷ് കൗതുകത്തോടെയാണ് പത്രങ്ങളിൽ വായിച്ചുകൊണ്ടിരുന്നത്...
ഒരു ദിവസം അശ്വതി രാജേഷിനെ ഫോണിൽ വിളിച്ചു.
"രാജേഷ്....നിങ്ങൾക്ക് നിങ്ങളുടെ പഴയ സുഹൃത്ത് രാഹുലിനെ കാണേണ്ടേ?"
"കാണണം....അവൻ എവിടെയാണ്‌?" രാജേഷ് ചോദിച്ചു.
"ഞാൻ അഡ്രെസ്സ് തരാം..." അശ്വതി ഒരു അഡ്രസ്സ് പറഞ്ഞു കൊടുത്തു.
"അത് ഇവിടുത്തെ പ്രശസ്തമായ ഒരു ഡി അഡിക്ഷൻ സെന്റർ ആണെല്ലോ?" രാജേഷ് ചോദിച്ചു.
"അതേ....ഡി അഡിക്ഷൻ സെന്റർ മാത്രമല്ല..സൈക്കോളജിക്കൽ ട്രീട്മെന്റും അവിടെ ലഭ്യമാണ്... രാഹുലിന് ചികിത്സ ആവശ്യമായിരുന്നു......രാഹുൽ സ്വയം അവിടെ പോകുമെന്ന് രാജേഷിന് തോന്നുന്നുണ്ടോ?"
അശ്വതി ചോദിച്ചു.
"ഒരിക്കലുമില്ല....അശ്വതി ചെയ്തത് ഒരു നല്ല കാര്യമാണ്....ആട്ടെ നിങ്ങൾ തമ്മിൽ സംസാരിച്ചോ?"
"ഇല്ല....ആദ്യ ദിവസങ്ങളിൽ ഞങ്ങൾ തമ്മിൽ കണ്ടിരുന്നു....എന്നെ മനസ്സിലായോ എന്ന് തന്നെ എനിക്ക് തോന്നുന്നില്ല... ഇപ്പോൾ രാഹുൽ തികച്ചും നോർമൽ ആയെന്നാണ് ഡോക്ടർ പറഞ്ഞത്."
അവൾ പറഞ്ഞു. രാജേഷിന് അശ്വതിയോട് ബഹുമാനമാണ് തോന്നിയത്.
"ഐ റെസ്‌പെക്ട് യു അശ്വതി...
രാഹുലിനോട് ക്ഷമിക്കുവാനും അയാളെ രക്ഷിക്കുവാനും തോന്നിയ അശ്വതിയുടെ മനസ്സ് വളരെ വിശാലമാണെന്ന് എനിക്ക് മനസ്സിലായി." രാജേഷ് പറഞ്ഞു.
"ക്ഷമിച്ചു എന്ന് ആരാണ് പറഞ്ഞത്? പിന്നെ ഞാൻരക്ഷിച്ചത് എന്റെ ഭർത്താവിനെ അല്ല...എന്റെ മോളുടെ ഡാഡിയെ ആണ്...ഒരു ഭാര്യക്ക് പെട്ടെന്നൊന്നും മറക്കുവാൻ സാധിക്കുന്ന കാര്യങ്ങളല്ലല്ലോ രാഹുൽ ചെയ്തിരിക്കുന്നത്" അശ്വതി പറഞ്ഞു. ഒരു നിമിഷം അവരുടെയിടയിൽ നിശബ്ദത പരന്നു.
"ചികിത്സക്ക് ധാരാളം പണം ആവശ്യമാണെന്ന് എനിക്കറിയാം.....എന്റെ ഹെല്പ് വേണമെങ്കിൽ പറയുവാൻ മടിക്കരുത്" രാജേഷ് പറഞ്ഞു.
"എന്റെ സ്വർണ്ണത്തിന് ഒരു ഉപയോഗം വേണ്ടേ രാജേഷ്...പണം ആവശ്യത്തിനുണ്ട്...പിന്നെ ആവശ്യം വന്നാൽ ഞാൻ രാജേഷിനോട് മാത്രമേ ചോദിക്കുകയുള്ളൂ" അവൾ ഫോൺ കട്ട് ചെയ്തു.
രാജേഷ് വിവരങ്ങളെല്ലാം ഹേമയോട് പറഞ്ഞു.
"എനിക്ക് അശ്വതിയെ ശരിക്കും മനസ്സിലാക്കുവാൻ പറ്റുന്നില്ല" രാജേഷ് പറഞ്ഞു.
"എനിക്ക് മനസ്സിലാകും...ഒരു ഭാര്യക്ക് മാത്രമേ മറ്റൊരു ഭാര്യയെ പൂർണ്ണമായും മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ" ഹേമ പറഞ്ഞു.
രാജേഷും ഹേമയും ഉടനെ തന്നെ രാഹുലിനെ കാണുവാനായി പുറപ്പെട്ടു.
കിച്ചുവും, കൂട്ടരും രാഹുലിനെ കാണുവാൻ ചെല്ലുമ്പോൾ രാജേഷ് രാഹുലിനരുകിൽ ഉണ്ടായിരുന്നു.
രാഹുലിന്റെ പഴയ സുന്ദരമായ രൂപമാണ് അവർ അവിടെ കണ്ടത്!!!
"ബ്രോ...നമ്മുടെ മിഷൻ വിജയിച്ചു. ഇനി മിഷൻ ആണ് വേണ്ടത്....ബ്രോ ഉടനെ തന്നെ നാമനിർദ്ദേശ പത്രിക കൊടുക്കണം..."കിച്ചു രാഹുലിനോട് പറഞ്ഞു.
"നിങ്ങൾ ക്ഷമിക്കണം...ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല" രാഹുൽ പറഞ്ഞു.
"ബ്രോ ..എന്തു വർത്തമാനമാണ് പറയുന്നത്? ചുമ്മാ സീനാക്കല്ലേ? ഞങ്ങൾ എന്തു കഷ്ടപ്പെട്ടാണ് ഇത്രയും ഒപ്പിച്ചെടുത്തത്?". പ്രാഞ്ചി ചോദിച്ചു.
"ഒരു മൂവ്മെന്റ് തന്നെ ഉണ്ടായത് ബ്രോയെ രക്ഷിക്കുവാൻ വേണ്ടിയല്ലേ?" അപ്പു ചോദിച്ചു.
"നിങ്ങൾ ചെയ്ത നല്ലകാര്യങ്ങൾക്ക് എനിക്ക് അതിയായ നന്ദിയുണ്ട്....പക്ഷെ എനിക്ക് ഒരു ജോലി കിട്ടി....പത്തു വർഷം മുൻപ് എഴുതിയ ടെസ്റ്റാണ്.ഇപ്പോഴാണ് നിയമനം കിട്ടുന്നത്.ഒരു മന്ത്രി ആ വകുപ്പിൽ തന്നെ ലാസ്റ്റ് ഗ്രേഡ് ആയി ജോലി ചെയ്യുന്നത് പത്രക്കാർ ശരിക്കും ആഘോഷിക്കും." രാഹുൽ ചിരിച്ചു..
ആരും ഒന്നും പറഞ്ഞില്ല. അയാൾ തുടർന്നു
"കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായി കാണുവാനാണ് എനിക്ക് ഇഷ്ടം."
"ഇയാളെ വിശ്വസിക്കുവാൻ കൊള്ളില്ലെന്നു ഞാൻ പറഞ്ഞതല്ലേ?"കീരു രാഹുലിനെ രൂക്ഷമായി നോക്കികൊണ്ട്‌ പറഞ്ഞു.
"അപ്പോൾ അച്ചുവും മോളും സ്വപ്നത്തിലെ കഥാപാത്രങ്ങൾ മാത്രമാണോ?' അപ്പു ചോദിച്ചു.
രാഹുൽ ഒന്നും പറഞ്ഞില്ല. അയാളിൽ നിന്നും ഒരു നെടുവീർപ്പുയർന്നു.
"അച്ചു....ഇനി എന്നെ സ്വീകരിക്കുമെന്ന് തോന്നുന്നില്ല....ഇവിടെ രണ്ടുപ്രാവശ്യം അവൾ വന്നിരുന്നെന്നു ഡോക്ടർ പറഞ്ഞിരുന്നു. മോളെ ഒന്ന്‌ കാണാൻ പോലും എനിക്ക് സാധിച്ചില്ല." രാഹുൽ സങ്കടത്തോടെ പറഞ്ഞു.
"നീ സമാധാനമായിട്ടിരിക്ക് എല്ലാം ശരിയാകും.."രാജേഷ് അയാളെ സമാധാനിപ്പിച്ചു.
ഡോക്ടർ പറഞ്ഞത് എനിക്ക് ഇന്ന് വീട്ടിൽ പോകാമെന്നാണ്....പക്ഷെ ഞാൻ എങ്ങിനെ പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകും?" രാഹുൽ ചോദിച്ചു.
"ബ്രോ ധൈര്യമായിട്ട് അച്ചുവിന്റെ അടുത്തേക്ക് പൊയ്ക്കോളൂ....അവൾ പാവമാണ്" പ്രാഞ്ചി പറഞ്ഞു.
"ഞാനാണെല്ലോ തെറ്റുകാരൻ. അവളോട് ഞാൻ എല്ലാം മറച്ചു വെച്ചു. അച്ചുവിന്റെയടുക്കൽ ഞാൻ ഇന്ന് പോകും...അവൾ സ്വീകരിച്ചില്ലെങ്കിൽ ഞാൻ ഇനി ജീവിച്ചിരിക്കില്ല"
രാഹുൽ പറഞ്ഞു.
"ബ്രോ...നിരാശ്ശനാകാതെ....അച്ചു ബ്രോയെ സ്വീകരിച്ചില്ലെങ്കിൽ അവളെ ഞങ്ങൾ ശരിപ്പെടുത്തും..ബ്രോ ധൈര്യമായിട്ട് പൊയ്ക്കോളൂ...വേണമെങ്കിൽ ഞങ്ങളും വരാം"
അപ്പു പറഞ്ഞു.
"അതു വേണ്ട...ഞാൻ തനിയെ പൊയ്ക്കൊള്ളാം...." രാഹുൽ പറഞ്ഞു.
രാജേഷ് രാഹുലിനെ അശ്വതി താമസിക്കുന്നിടത്തു ഡ്രോപ്പ് ചെയ്തതിനു ശേഷം സ്വന്തം വീട്ടിലേക്ക് പോയി.
രാഹുൽ കാളിങ് ബെല്ലിൽ വിരൽ അമർത്തി... കുറച്ചു സമയം കഴിഞ്ഞപ്പോൾ അകത്തു നിന്നും കതകിനടുത്തേക്കുള്ള കാലടി ശബ്ദം അയാൾ കേട്ടു.അയാളുടെ ഹൃദയമിടിപ്പ്‌ വർദ്ധിച്ചു.
അശ്വതി കതകു തുറന്ന് പുറത്തു വന്നു. രാഹുൽ അവളെ നോക്കിയപ്പോൾ നിലാവ് തൂകി നിൽക്കുന്ന തന്റെ അച്ചുവിനെയാണ് അയാൾ കണ്ടത്.
"അച്ചൂ"..അയാൾ വിളിച്ചു.
"രാഹുൽ കയറി വരൂ" 'ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
രാഹുൽ അകത്തേക്ക് കയറി...അയാളെ കണ്ടപ്പോൾ അമ്മു പേടിച്ച് പുറകോട്ടു മാറി.
"മോളെ ഡാഡിയുടെ അടുക്കൽ ചെല്ല്.."അശ്വതി അമ്മുവിനോട് പറഞ്ഞു...പക്ഷെ അമ്മു രാഹുലിന്റെ അടുക്കൽ പോകുവാൻ മടിച്ചു നിൽക്കുകയാണ് ചെയ്തത്.
"അവൾ രാഹുലിനെ ആദ്യം കാണുന്നതുകൊണ്ടാണ് ....കുറച്ചു ദിവസം കഴിയുമ്പോൾ അവൾക്ക് പരിചയമാകും"അശ്വതി അകത്തേക്ക് പോയി.
അശ്വതിയുടെ പെരുമാറ്റം രാഹുലിനെ അത്ഭുതപ്പെടുത്തി. പാവം അവൾ എല്ലാം മറന്നിരിക്കുന്നു!!! അയാൾ ഓർത്തു.
അശ്വതി രാഹുലിനായി വാങ്ങി വെച്ചിരുന്ന ഡ്രെസ്സുകൾ എടുത്തു കൊടുത്തു..
രുചിയുള്ള ഭക്ഷണം പാകം ചെയ്തു.കുളിക്കുവാൻ ചൂട് വെള്ളം തയാറാക്കി....അയാളുടെ മനസ്സിൽ അവളോടുള്ള സ്നേഹവും നന്ദിയും കൂടിക്കൂടി വന്നു.
രാത്രിയിൽ ഉറങ്ങുവാൻ സമയമായി... ഭക്ഷണത്തിനു ശേഷം അശ്വതി അയാളോട് ചോദിച്ചു.
"രാഹുലിന് ഉറങ്ങുവാനുള്ള സമയം ആയില്ലേ?"
"ഞാൻ വരുകയാണ്....അയാൾ പ്രതീക്ഷയോടെ അവളെ നോക്കി.
അശ്വതി സ്വന്തം മുറിയിലേക്ക് അമ്മുവിന്റെ കൈകളിൽ പിടിച്ചുകൊണ്ട് കയറി...രാഹുൽ അവളുടെ പുറകെ ചെന്നു.
"സോറി രാഹുൽ...അതാണ് നിങ്ങളുടെ മുറി"അടുത്തുള്ള മുറി ചൂണ്ടി ക്കാണിച്ചുകൊണ്ട് അശ്വതി പറഞ്ഞു.
"അച്ചൂ....."രാഹുൽ അമ്പരപ്പോടെ അവളെ വിളിച്ചു.
"ഇത് അശ്വതിയാണ്....നിങ്ങളുടെ മകൾ അമ്മുവിന്റെ അമ്മ....നിങ്ങളുടെ അച്ചു മരിച്ചുപോയി....ആ ദിവസം നിങ്ങൾക്കോർമ്മയില്ലേ?" അശ്വതി ചോദിച്ചു.
"നീ എന്നെ തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു ഇതിലും ഭേദം"
രാഹുൽ വിഷണ്ണനായി അവളോട് പറഞ്ഞു.
"ഞാൻ നിങ്ങളെ സ്വീകരിച്ചത് എന്റെ മകൾക്ക് അവളുടെ അച്ഛനെ വേണം....അതുകൊണ്ടു മാത്രമാണ്....അല്ലാതെ നിങ്ങളെ ഭർത്താവായി സ്വീകരിക്കുവാനല്ല" അവൾ വിദൂരതയിൽ നോക്കികൊണ്ട്‌ പറഞ്ഞു.
"അച്ചൂ....സോറി ...
അശ്വതി.....ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല"രാഹുൽ വിഷമത്തോടെ പറഞ്ഞു.
"അതെനിക്ക് ബോധ്യമാകുന്നത് വരെ നിങ്ങൾ കാത്തിരിക്കേണ്ടി വരും'അതും പറഞ്ഞ് അവൾ തന്റെ മുറിയുടെ വാതിൽ കൊട്ടിയടച്ചു.
ദുഃഖിതനായ രാഹുൽ അവൾ കാണിച്ച മുറിയിലേക്ക് സാവധാനം നടന്നു.
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 8.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot