നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ പ്രണയത്തിരമാലകളിലേക്ക്


പ്രണയത്തിരമാല - പ്രണയദിനക്കഥ 
By Ammu Santhosh
ഒരു സ്ത്രീയിൽ പൂർണമായും അലിഞ്ഞു ചേർന്ന പുരുഷനെ സ്വന്തമാക്കുകയെന്നാൽ അത്രമേൽ അസാധ്യവും വിചിത്രവും അമ്പരപ്പിക്കുന്നതുമായ ഒന്നാണ് .
ഞാൻ ആദ്യമായി നിവിനെ കാണുന്നത്ഒരു കല്യാണത്തിനാണ് നിവിന്റെ കാമുകി കല്യാണിയുടെ കല്യാണത്തിന്
കല്യാണി എന്റെ ഏട്ടന്റെ സഹപ്രവർത്തകയാണ് .
പക്ഷെ നിവിനെയോ, നിവിനും കല്യാണിയും തമ്മിലുള്ള പ്രണയമോ അന്ന് വരെ എനിക്കറിയുമായിരുന്നില്ല
ഞാൻ ആദ്യമായി നിവിനെ അല്ല ശ്രദ്ധിച്ചത്
നിവിന്റെ കണ്ണിൽ നിറഞ്ഞ കടലിനെയാണ്
ഏതു സമയവും പെയ്യാൻ വെമ്പി നിൽക്കുന്ന മഴമേഘങ്ങൾ നിറഞ്ഞ രണ്ടു കണ്ണുകൾ
ഞാൻ അമ്പരപ്പോടെ കല്യാണിയുട താലികെട്ട് ദൃശ്യങ്ങളിലേക്കും നിവിന്റെ മുഖത്തേക്കും മാറി മാറി നോക്കി
ആരും പറഞ്ഞു തരാതെ എനിക്കതു മനസ്സിലായി
ചിലതിങ്ങനെയാണ് വാക്കുകളോ വാചകങ്ങളോ വേണ്ട ദൃശ്യങ്ങൾ മതി ...അത് അങ്ങനെ ഒരു ദൃശ്യമായിരുന്നു
ഏട്ടനോട് ഞാൻ നിവിനെ കുറിച്ച് ചോദിച്ചു .അറിയാം .ആനുകാലികങ്ങളിൽ എഴുതുന്ന ആളാണ്എന്ന് പറഞ്ഞു .അക്ഷരവിരോധിയായ ഞാൻ അതൊക്കെ എങ്ങനെ അറിയാൻ !എഴുത്തും വായനയുമൊന്നും എന്റെ അയല്പക്കത്തു കൂടി പോയിട്ടില്ല .ഞാൻ ഒരു സാഹിത്യപ്രേമിയൊന്നുമല്ല
എനിക്ക് വിവാഹാലോചനകൾ നടക്കുന്ന സമയമായിരുന്നു
ഓരോ ചെറുപ്പക്കാരനിലും ഞാൻ ആ നിറഞ്ഞ കണ്ണുകൾ തിരഞ്ഞു തുടങ്ങി .അല്ലെങ്കിൽ നിവിനെ തിരഞ്ഞു തുടങ്ങി .അല്ലെങ്കിലും പ്രണയം അങ്ങനെ ആണ് .ഒരാളിൽ തുടങ്ങി ഒരാളിൽ അവസാനിക്കുന്നതാണ് ് യഥാർത്ഥ പ്രണയം .നഷ്ടമാകുന്ന ആദ്യപ്രണയമാണ് പിന്നീടങ്ങോട്ട് ഓരോ പ്രണയത്തിലും തിരയുക .ഇതെന്റെ സുഹൃത്ത് ജയൻ പറഞ്ഞതാണ് .അനുഭവമില്ലെനിക്ക്
എനിക്ക് നിവിനെ ഇഷ്ടമാണ് എന്ന് ഞാൻ ആദ്യമായി എന്റെ ഏട്ടനോടാണ് പറഞ്ഞത്
അച്ഛനും അമ്മയും കൂടുതലൊന്നും പറയാതെ ഒരു നോ മറുപടിയിൽ മുഖം തിരിച്ചു
കാരണങ്ങൾ ഒരു പാടാണ്
തീരെ പക്വതയില്ലാത്ത ഒരു പെണ്ണാണ് ഞാൻ
ജീവിത നിലവാരങ്ങൾ വളരെ വ്യത്യസ്തമാണ്
ഞാൻ ജീവിതതിൽ ഒരിക്കൽ പോലും ബസിൽ യാത്ര ചെയ്തിട്ടില്ല .എന്റെ സ്വന്തമായ കാര്യങ്ങൾ പോലും തനിച്ചു ചെയ്തിട്ടില്ല.എല്ലാത്തിനും വീട്ടിൽ ആളുണ്ട്
നിവിൻ സാധാരണയിൽ സാധാരണക്കാരനാണ് .ഒരു പ്രൈവറ്റ് സ്കൂളിൽ ജോലി ചെയ്യുന്നതിനൊപ്പം എഴുത്തും കൊണ്ട് നടക്കുന്ന, ജീവിതത്തെ വളരെ ഗൗരവമായി കാണുന്ന ആൾ
ഞങ്ങൾ വിപരീത ധ്രുവങ്ങളിലാണ് എന്ന് ഏട്ടൻ പറഞ്ഞു
ഞാൻ സീരിയസ് ആണെന്ന് പറഞ്ഞിട്ടും ആർക്കും വിശ്വാസം വന്നില്ല
സ്വയമറിയാതെ ഞാൻ മൗനിയായി
ഒടുവിൽ അച്ഛനും അമ്മയും തോൽവി സമ്മതിച്ചു
എന്റെ അച്ഛനും അമ്മയുംഅവരുടെ വീട്ടിൽ പോയി സംസാരിച്ചതിന്റെ പിറ്റേ ആഴ്ചയാണ് നിവിനും അമ്മയും എന്നെ കാണാൻ വന്നത്
"ഒറ്റയ്ക്കായപ്പോൾ നിവിൻ എന്നോടെല്ലാം പറഞ്ഞു
"എനിക്ക് ചിലപ്പോൾ ശ്രീലക്ഷ്മിയെ സ്നേഹിക്കാനാവില്ല .'അമ്മ നിർബന്ധിച്ചിട്ട് വന്നതാ .അമ്മയ്ക്ക് നല്ല സുഖമില്ല .താൻ തന്നെ പറയു എന്നെ ഇഷ്ടമായില്ലെന്ന് "
ഞാൻ ചിരിച്ചു
കല്യാണം നടക്കുക തന്നെ ചെയ്തു
ഒരു വാശിയൊന്നുമായിരുന്നില്ല അത് .ഭയങ്കരമായ ഒരിഷ്ടം . എനിക്ക് ആ മുഖത്ത് ഒരു ചിരി കണ്ടാൽ മതിയായിരുന്നു . നിവിൻ ചിരിക്കാറില്ല .വളരെ കുറച്ചു മാത്രമേ സംസാരിക്കുവുള്ളു .എനിക്ക് പരിഭവമോ ദേഷ്യമോ തോന്നാറില്ല .ആ മനസ്സിന്റെ വേദനയും അതിനേറ്റ മുറിവിന്റെ ആഴവും എനിക്കറിയാം .സമ്പത്തും ജോലിയുമൊക്കെ പ്രണയത്തിന്റെ അളവുകളാകുമ്പോൾ ഉണ്ടാകുന്ന തിരസ്കാരം ഒരു പുരുഷനെ എത്ര മേൽ തകർത്തു കളയുമെന്നത് നിവിനെ കണ്ടാണ് ഞാൻ മനസിലാക്കിയത്
ഞാൻ നിവിനെ ചിരിപ്പിക്കാൻ പല കോമാളിത്തരങ്ങളും കാണിക്കും .എന്റെ തമാശ അതിരു കടക്കുമ്പോൾ നിവിൻ എന്നെ ഉറക്കെ ശകാരിക്കും. ചിലപ്പോൾ പുറത്താക്കി വാതിലടയ്ക്കും ,ചിലപ്പോൾ ദിവസങ്ങളോളം മിണ്ടാതെയിരിക്കും . അമ്മയ്ക്കിതൊക്കെ കാണുമ്പോൾ സങ്കടമാണ് . ഞാൻ കണ്ണിറുക്കി ഒന്നുമില്ല എന്ന് കാണിച്ചു അമ്മയ്‌ക്കൊപ്പം ഇരിക്കും
കല്യാണിയും ഭർത്താവും ഒരു അപകടത്തിൽ പെട്ടെന്നും ആ കുട്ടിയുടെ ഭർത്താവു മരിച്ചെന്നുമുള്ള വാർത്ത ഞാൻ പത്രത്തിൽ നിന്നാണ് വായിച്ചത്
അന്ന് മുതൽ എന്റെ മനസ്സ് പേടിക്കാൻ തുടങ്ങി .നിവിൻ തിരിച്ചു കല്യാണിയിലേക്കു പോകും എന്നെനിക്കു തോന്നിത്തുടങ്ങി .രാവിലെ പോകുമ്പോൾ മുതൽ വൈകുന്നേരം നിവിൻ വരുന്നത് വരെ ഞാൻ ആധിയോടെ നിവിനെ കാത്തിരിക്കും
ഒരു ദിവസം പതിവ് സമയം കഴിഞ്ഞും നിവിൻ വന്നില്ല
ഞാൻ ഗേറ്റിനരികിൽ പോയി നിന്നു.നിവിന്റ ബൈക്ക് ദൂരെ നിന്നു വരുന്ന പോലെ തോന്നിയിട്ട് ഞാൻ അല്പം റോഡിലേക്ക് കയറി നിന്നതേ ഓര്മയുള്ളു
ഓര്മ വരുമ്പോൾ ആശുപത്രികിടക്കയിലാണ് .
"ഭാഗ്യം ചെറിയ മുറിവുകളേയുള്ളു "ആരോ പറഞ്ഞു .എല്ലാവരെയും നോക്കി ഞാൻ ഒന്ന് വിളറി ചിരിച്ചു
ഭിത്തിയിൽ ചാരി നിവിൻ നിൽക്കുന്നുണ്ടായിരുന്നു
അപ്പോൾ ആ കണ്ണുകളിൽ ഒരു കടലുണ്ടായിരുന്നു
പെയ്യാൻ വെമ്പി നിൽക്കുന്ന മഴമേഘങ്ങൾ ഉണ്ടായിരുന്നു
എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ നിവിൻ എന്റെ അരികിൽ വന്നിരുന്നു
'എന്തിനാണ് പതിവില്ലാതെ അന്ന് റോഡിലേക്കിറങ്ങി വന്നത് ?"
"നിവിൻ എന്താ വൈകിയത് ?ഞാൻ പേടിച്ചു
"എന്തിന്?"
"എന്നെ ഇട്ടേച്ചു പോയെന്നു തോന്നി "ഞാൻ വിതുമ്പലോടെ പറഞ്ഞു
നിവിൻ ഒന്നും പറയാതെ മുഖം കുനിച്ചു എന്റെ കവിളിൽ മെല്ലെ ചുംബിച്ചു
"നിന്നെ നഷ്ടപ്പെടുത്തിക്കളയുമോ ഞാൻ ?"
ആ ചോദ്യത്തോടൊപ്പം ആ കണ്ണുകൾ വീണ്ടും നിറഞ്ഞു .ഞാൻ അത് ശരിക്കു കേട്ടില്ല ഞാൻ നിവിനെ നോക്കി .
"എന്താ പറഞ്ഞത് ?"
"എന്ത്?"
" ഇപ്പൊ എന്താ പറഞ്ഞെ ?"
"ഒന്നൂല്ലല്ലോ "നിവിൻ പുഞ്ചിരിച്ചു അല്ല ശരിക്കും ചിരിച്ചു
"ഇഷ്ടാണെന്നാണോ പറഞ്ഞത് ?"
നിവിൻഉറക്കെ പൊട്ടിചിരിച്ചു.പിന്നെ എന്റെ കണ്ണുകളിലേക്കു നോക്കി
"വലിയ ഇഷ്ടാണ് "മൃദുവായി പറഞ്ഞു
"എത്ര ?"
"അതറിയില്ല എന്റെ ഉള്ളിലിപ്പോ ഈ ഒരിഷ്ടമേയുള്ളു .."നിവിൻ ആർദ്രമായ സ്വരത്തിൽ പറഞ്ഞു
'കല്യാണം കഴിച്ച കൊണ്ടാണോ ?"ഞാൻ മടിച്ചു ചോദിച്ചു
"അല്ല "
"പിന്നെ ?"
"അത്ര മേൽ നീയെന്നെ അറിഞ്ഞത് കൊണ്ട് ,അത്രമേൽ നീയെന്നെ കരുതുന്നത് കൊണ്ട് ,അത്രമേൽ നീയെന്നെ സ്നേഹിച്ച കൊണ്ട് ..ഒന്നിന് വേണ്ടിയും നിന്നെ വിട്ടു കളയില്ല നിവിൻ ..ഒരിക്കലും മറ്റൊന്നിലേക്കും പോകുകയുമില്ല ..കാരണം എനിക്ക് വിലയുണ്ടന്ന് മനസിലാക്കി തന്നത് നീയാണ് .ഞാൻ ഇല്ലാതെയായാൽ നീയും ഇല്ലാതെയാകും എന്ന തിരിച്ചറിവ് ഉണ്ടാക്കി തന്നതും നീയാണ് ..."
ഞാൻ നിശബ്ദയായി അതു കേട്ടു കിടന്നു
"ക്ഷമിക്കണം എന്നോട് ..നിന്നോട് ചെയ്ത എല്ലാത്തിനും "
ഞാൻ തെല്ലുയർന്ന് ആ കണ്ണുകളിൽ മെല്ലെ ഉമ്മ വെച്ചു
പിന്നെ ആ കണ്ണുകളിലേക്കു ഉറ്റുനോക്കി
എനിക്കേറ്ററ്വും ഇഷ്ടമുള്ള കണ്ണിലെ കടലിളക്കത്തിലേക്ക്
എന്റെ പ്രണയത്തിരമാലകളിലേക്ക്.

By Ammu Santhosh

3 comments:

  1. ഒത്തിരി ഇഷ്ടപ്പെട്ടു അമ്മു ❤❤❤

    ReplyDelete
  2. I like your writings ...really touching ..

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot