നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇനിയും മരിക്കാത്ത പ്രണയം


( Valentines’ Day Special)
“രേണു നീയെന്താ നോക്കുന്നത്..?”
ചോദ്യം കേട്ട് രേണു പെട്ടെന്ന് കണ്ണുകൾ എന്നിലേക്ക് തിരിച്ചു. കണ്ണുകൾ മാത്രം.. അവളുടെ മനസ് എന്റെ പിറകിലെ സീറ്റിൽ തന്നെ.. എന്താണിവളിത്ര ആകാംഷയോടെ നോക്കുന്നത് ? ആകാംഷാഭരിതനായി മെല്ലെ തിരിഞ്ഞു നോക്കി..
അവിടെ രണ്ടു യുവമിഥുനങ്ങൾ പരിസരം മറന്നുപ്രണയ ചേഷ്ടകളിലാണ് ..അതിനു വേണ്ടിയാവണം റെസ്റ്റോറന്റിലെ ഏറ്റവും വെളിച്ചം കുറഞ്ഞ മൂല തന്നെ അവർ തിരഞ്ഞെടുത്തിരിക്കുന്നു.
മകൻ ജന്മദിനത്തിന് തന്ന സമ്മാന കൂപ്പണുമായി, നഗരത്തിലെ റെസ്റ്റാറ്റാന്റിൽ ഭാര്യയുമായി രാത്രി ഭക്ഷണത്തിനെത്തിയതാണ്.ഇവിടെയെത്തിയപ്പോഴാണറിയുന്നത് --ഇന്ന് പ്രണയദിനമാണെന്നും ഇന്നത്തെ രാത്രി പ്രണയ ജോഡികൾക്കുള്ളതാണെന്നും . ജോഡികളായതിനാൽ ഞങ്ങൾക്ക് അകത്തേക്ക് പ്രവേശനം ലഭിച്ചു.
മിക്കവാറും എല്ലാ മേശകളിലും യുവ മിഥുനങ്ങൾ സ്ഥലം പിടിച്ചു കഴിഞ്ഞു.
അരണ്ട വെളിച്ചത്തിൽ വെയ്റ്റർ ചൂണ്ടി കാണിച്ച മേശക്കരികിലേക്കു നടക്കുമ്പോൾ പല കണ്ണുകളും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നു മനസിലായി. അതിന്റെ ചമ്മലിൽ,ചുറ്റുപാടും നോക്കി കസേരയിലേക്ക് ഇരുന്നു .
രേണു എന്റെമുഖത്തേക്ക് നോക്കാതെ എതിരെയിരുന്നു . അവളുടുത്തിരുന്ന ചുവന്ന പട്ടുസാരിയുടെ അറ്റം വിരലിൽ കോർത്ത് വട്ടം കറക്കുന്നു . വിവാഹം കഴിഞ്ഞു 30 വർഷങ്ങൾ കഴിഞ്ഞിട്ടും മാറ്റിയെടുക്കാത്ത ശീലം.
ഓർഡറെടുക്കാൻ വന്ന വെയിറ്ററുടെ മുഖത്ത് ചെറിയൊരു പരിഹാസമുണ്ടോ ?
സൂപ്പ് ഓർഡർ ചെയ്തു രേണുവിനെ നോക്കുമ്പോഴവളുടെ മുഖത്തെ അപരിചിത ഭാവം മാറിയിട്ടില്ല.
പരസ്പരം സംസാരിക്കാതെ വെറുതെ ചുറ്റിലും നോക്കിയിരുന്നു.
“ ശേ.. വരണ്ടായിരുന്നു”
മറുപടി പറയാതെ വെയ്റ്റർ കൊണ്ട് വെച്ച സൂപ്പിലേക്കു ലേശം കുരുമുളക് പൊടി വിതറി .രേണുവിനേ നോക്കുമ്പോൾ അവളുടെ കണ്ണുകൾ പിന്നിലെ മേശക്കരിയ്ക്കൽ തന്നെ..
“അതേയ് ,പലപ്പോഴും പ്രായം പലതിനും തടസമാവുമല്ലേ.. ?” പിന്നിലേക്കു നോക്കി നിഷ്കളങ്കമായി ചിരിച്ചു അവൾ ചോദിച്ചപ്പോൾ അതിൽ ചെറിയൊരു വിഷാദ ചുവ പടർന്നോ ? തോന്നലാവാം..
രേണുവിന്റെ കണ്ണുകളെ പിന്തുടർന്ന് തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടു പിന്നിലിരിക്കുന്ന ജോഡികൾ പരിസരം മറന്നു ഗാഢമായ ചുംബനത്തിലാണ്.
“ഞാനവിടെ വന്നിരിക്കട്ടെ..?”
കണ്ണുകൾക്കൊണ്ടുള്ള ചോദ്യത്തിന് മറുപടി ഉടൻ വന്നു.
സാരിയുടെ അറ്റം എത്തില്ലെന്നറിഞ്ഞിട്ടും അവളെന്റെ നേർക്ക് കളിയായെറിഞ്ഞു -“ശോ.. ഒരു നാണവുമില്ല”
അപ്പോൾ ഞങ്ങൾ കോളേജ് ക്യാന്റീനിലെ ആളൊഴിഞ്ഞ മൂലയിലായിരുന്നു-
"അതേയ് ,ഒന്ന് വെറുതെ ഇരിക്കുന്നുണ്ടോ.. ആളുകൾ കാണുമെന്ന വിചാരം പോലുമില്ല.. “
മുഖത്ത് കള്ളപരിഭവം വരുത്തി രേണു അത് പറയുമ്പോളെന്റെ ചുണ്ടുകൾ അവളുടെ പിൻകഴുത്തു തേടുകയാവും.
ദുപ്പട്ടയുടെ അറ്റം വിരലിൽ കറക്കിയടുത്തു, മെല്ലെയെൻറെ മുഖത്തേക്കെറിഞ്ഞ് വീണ്ടും അവൾ പറയുന്നത് മുഴുവനാക്കാൻ പലപ്പോഴും സമ്മതിക്കില്ല..
“ശോ.. ഒരു നാണവുമില്ല”
“Cause, honey your soul could
never grow old, it’s evergreen and,
baby, your smile’s forever in my mind and memory.”
പതിഞ്ഞ ശബ്ദത്തിൽ അലയടിക്കുന്ന സംഗീതത്തിൽ ശ്രദ്ധിച്ചു, പരസ്പരം മിണ്ടാതെ, ഇടക്കിടെ മുഖമുയർത്തി നോക്കി, പിന്നെ ചിരിച്ചു ഞങ്ങൾ ഭക്ഷണം കഴിച്ചു.
റെസ്റ്റോറന്റ് മാനേജറെന്ന് പരിചയപ്പെടുത്തി ഒരാൾ വന്നു ഒരു ബോക്സ് നീട്ടി.
“ലക്കി കപ്പിളിനെ തിരഞ്ഞെടുക്കുകയാണ് സർ..തിരഞ്ഞെടുക്കപ്പെടുന്നവർ സ്റ്റേജിൽ ഡാൻസ് ചെയ്യണം. ഹോട്ടലിന്റെ വക ചെറിയ സമ്മാനവുമുണ്ട് “
അയാളാവശ്യപ്പെട്ടതനുസരിച്ചു പേരും പ്രായവും എഴുതി ആ ബോക്സിലേക്കിട്ടു.
“ഈശ്വരാ, ഇനി നമ്മളെങ്ങാനുമാവുമോ ആ കപ്പിൾ .. “രേണുവിന്റെ വിരലുകൾ വീണ്ടും സാരിയുടെ അറ്റം കറക്കി. ചെറിയൊരു പരിഭ്രമം എനിക്കും തോന്നി.. പ്രണയദിനത്തിൽ വന്നു പെട്ടതും പോരാ ഇനി ഡാൻസും ..
അന്നൗൻസ് ചെയ്തപ്പോൾ ഭാഗ്യത്തിന് ആ കപ്പിൾ ഞങ്ങളല്ല.. ആശ്വാസത്തോടെ രേണുവിനെ നോക്കിയപ്പോൾ അവളുടെ കണ്ണിൽ ചെറിയ നിരാശ..
“ഇന്നത്തെ ഡിന്നറിൽ പങ്കെടുത്ത ഏറ്റം പ്രായം ചെന്ന ജോഡിക്കും ഹോട്ടലിന്റെ വക സമ്മാനമുണ്ട്.. മിസ്റ്റർ ആൻഡ് മിസിസ് - ബാലചന്ദ്രൻ ”
രേണുവിന്റെ മുഖം പൂത്തിരി കത്തിച്ച പോലെ തിളങ്ങി.കണ്ണിൽ നിന്നും കണ്ണടയെടുത്തു മുഖമമർത്തി തുടച്ചു, രേണുവിന്റെ കൈ പിടിച്ചു സമ്മാനം വാങ്ങാനായി സ്റ്റേജിൽ കയറി .
“ഇന്നത്തെ പ്രണയ ദിനത്തിൽ താങ്കളെന്ത് സമ്മാനമാണ് ഭാര്യക്ക് കൊടുക്കുന്നത്?” സമ്മാനം കൈമാറി മാനേജർ ചോദിച്ചു.
ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം പതറി. പ്രണയദിനമാണെന്നു അറിയില്ല .അവൾക്കു കൊടുക്കാൻ സമ്മാനവും കരുതിയിട്ടില്ല.
“അതേയ് ,പലപ്പോഴും പ്രായം പലതിനും തടസമാവുമല്ലേ..” അല്പം മുന്നേ രേണു ചോദിച്ച ചോദ്യം എന്നിലെ കുസൃതിക്കാരനെ ഉണർത്തി.. രേണുവിനെ ചേർത്ത് നിർത്തി അവളുടെ മുടി മാടിയൊതുക്കി പിൻകഴുത്തിലൊരുമ്മ കൊടുത്തു.
“ Wow.. and that’s a wonderful gift Sir”
നിറഞ്ഞ കരഘോഷത്തിനിടയിൽ സ്റ്റേജിൽ നിന്നുമിറങ്ങി. തിരിഞ്ഞു നോക്കുമ്പോൾ സ്റ്റേജിലെ വലിയ സ്ക്രീനിൽ രേണുവിനെ ചുംബിക്കുന്ന ചിത്രം മിന്നി മറഞ്ഞുകൊണ്ടിരിക്കുന്നു .
“ശോ.. ഒരു നാണവുമില്ല” തലകുനിച്ചു ,കള്ളപരിഭവത്തോടെ രേണു എനിക്ക് പിന്നാലെ നടന്നു പുറത്തിറങ്ങി.
അവർ തന്ന ചെറിയ സമ്മാന പൊതി അവളെടുത്തു കാറിലേക്ക് വെച്ചു - “അതേയ് , വന്നത് നന്നായല്ലേ?”
കാറിലേക്ക് കയറാൻ തുടങ്ങവേ അവളെ തടഞ്ഞു നിർത്തി ,ചേർത്ത് പിടിച്ചു ,അവളുടെ ചോദ്യത്തിന് മറുചോദ്യം ചോദിച്ചത് എന്നിലെ ഇനിയും മരിക്കാത്ത കാമുകൻ!
“രേണു, നമുക്ക് കുറച്ചു നടന്നാലോ..”
വിരലുകളിൽ വിരൽ കോർത്ത് അവളെന്നോടൊപ്പം നടന്നു .അണഞ്ഞു കിടന്ന ഏതോ വഴിവിളക്കിന്റെ കീഴെ ചേർത്ത് നിർത്തി അവളെ വീണ്ടും ചുംബിച്ചു.
രേണുവിലെയിനിയും മരിക്കാത്ത കാമുകി ആവേശത്തോടെ ആ ചുംബനമേറ്റു വാങ്ങിയപ്പോൾ, ഓരോ ചുംബനങ്ങളിലും പ്രണയം പുനർജനിക്കുകയാണെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. **

By: Sanee Marie John, Nallezhuth

1 comment:

  1. ഒരു സുന്ദരപ്രണയകാലം ഓർമപ്പിച്ചതിനു നന്ദി !

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot