നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈദേഹി - Part 10


മൂന്ന് ദിവസം കഴിഞ്ഞാണ് രാഹുൽ വീട്ടിൽ എത്തിച്ചേർന്നത്....അയാൾ വളരെ സന്തോഷവാനായിരുന്നു.....
അച്ചൂ...നമുക്ക് ഭാഗ്യമുണ്ടെന്നാണ് തോന്നുന്നത്..
ഞാൻ മന്ത്രിയാകുവാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ട്.....എനിക്ക് പരിചയക്കുറവുണ്ട് എന്നൊക്കെ മുഖ്യമന്ത്രി പറഞ്ഞുനോക്കി...എന്നാൽ ചെല്ലപ്പൻ മാഷ് പിടിച്ച പിടിയിൽ തന്നെയാണ്" അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു...
അശ്വതി ചിരിച്ചില്ല.....അവൾ കുഞ്ഞിനെ എടുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി. രാഹുൽ അവളുടെ പുറകെ ചെന്നു.
"എന്താണ് അച്ചു നിനക്ക് ഒരു മൂഡില്ലാത്ത പോലെ" രാഹുൽ ചോദിച്ചു.
"ഒന്നുമില്ല...ചെറിയ ഒരു തലവേദന.."അശ്വതി ഒഴിഞ്ഞു മാറുവാൻ നോക്കി...
രാഹുൽ പിന്നീട് ഒന്നും ചോദിച്ചില്ല.
"എന്നാണ് നീ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്?" റഹുൽ സ്വീകരണമുറിയിൽ ചെന്നപ്പോൾ മുത്തച്ഛൻ ചോദിച്ചു.
"തീരുമാനങ്ങളൊന്നും ആയില്ല... ചെല്ലപ്പൻ മാഷ് എല്ലാം ശരിയാക്കാം എന്നാണ് പറഞ്ഞത്" രാഹുൽ പറഞ്ഞു.
"മന്ത്രിയായാലും നിന്റെ സ്വഭാവഗുണങ്ങൾ കൈവിടരുത്....'താണ നിലത്തേ നീരോടൂ' എന്നോർത്തോണം....വിനയവും സത്യസന്ധതയും എന്നും കാത്തുസൂക്ഷിക്കണം"
മുത്തച്ഛൻ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ജയന്തി രാഹുലിനെ വിളിച്ചു. രാഹുൽ പുറത്തേക്ക് ഇറങ്ങി മാറി നിന്നു
"മന്ത്രിസ്ഥാനത്തിനു നല്ല പിടിവലിയാണെന്നാണ്
അച്ഛൻ പറഞ്ഞത്....ചിലപ്പോൾ രാഹുൽ കുറെ പണം വാരിയെറിയേണ്ടി വരും." ജയന്തി പറഞ്ഞു.
"ഇനി എറിയാൻ എന്റെ കൈയ്യിൽ ഒന്നും ഇല്ല."
രാഹുൽ പറഞ്ഞു.
"അങ്ങിനെ പറഞ്ഞാൽ എങ്ങിനെയാണ്? മന്ത്രിയായാൽ അതെല്ലാം തിരിച്ചു കിട്ടുകയില്ലേ? ജയന്തി ചോദിച്ചു.
"അശ്വതിയുടെ ആഭരണങ്ങൾ മുഴുവനും പണയത്തിലാണ്... "രാഹുൽ പറഞ്ഞു.
"ഞാൻ വിളിച്ചത്..എനിക്ക് അത്യാവശ്യമായി ഒരു രണ്ടു ലക്ഷം രൂപ വേണമായിരുന്നു...ഒരു മാസത്തിനുള്ളിൽ തിരിച്ചു തരാം....അച്ഛൻ തല്ക്കാലം ഇത്‌ അറിയേണ്ട.."ജയന്തി പറഞ്ഞു.
"എന്റെ കയ്യിൽ പണം ഉണ്ടാകുമെന്ന് തോന്നുന്നില്ല...."രാഹുൽ പറഞ്ഞു.
"എങ്കിൽ ഞാൻ നകുലനോട് ഒന്ന്‌ ചോദിച്ചു നോക്കട്ടെ" ജയന്തി പറഞ്ഞു. രാഹുൽ അപകടം മണത്തു. അയാൾ പറഞ്ഞു.
"അതു വേണ്ട....ഞാൻ തരാം..
ഒരു രണ്ടു ദിവസത്തെ സാവകാശം തരണം" രാഹുൽ പറഞ്ഞു.
അയാൾ ബെഡ്റൂമിലേക്ക് കയറി... അശ്വതി കുഞ്ഞിന് പാല് കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു.
"അച്ചൂ...ഒരു രണ്ടു ലക്ഷം രൂപ അത്യാവശ്യമായി വേണമായിരുന്നു...,പാർട്ടിയുടെ ഒരു ആവശ്യത്തിനാണ്" മുറിയിൽ കയറിയ ഉടനെ അയാൾ പറഞ്ഞു.
"എന്റെ കൈയ്യിൽ എവിടുന്നാണ് പണം?ഞാൻ ജോലിക്ക് പോയിട്ടുതന്നെ നാളുകൾ കുറെ ആയില്ലേ?" അശ്വതി പറഞ്ഞു.
"നിന്റെ ഡാഡിയോടു ചോദിച്ചാലോ? ഒരു മാസത്തിനുള്ളിൽ തിരിച്ചു കൊടുക്കാം" രാഹുൽ പറഞ്ഞു.
"ഡാഡി അകെ തകർന്നിരിക്കുകയാണ്....
രാഹുൽ ഒരു കാര്യം ചെയ്യ്...ലോക്കറിൽ ഇരിക്കുന്ന എന്റെ സ്വർണ്ണം കുറച്ച് പണയം വെക്ക്....തല്ക്കാലം ആവശ്യങ്ങൾ നടക്കട്ടെ"
അതു പറഞ്ഞിട്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി....അയാൾ അവളുടെ അടുക്കൽ ചെന്ന് തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.
"അച്ചൂ....നീ എന്നോട് ക്ഷമിക്കണം..തിരഞ്ഞടുപ്പ് ചെലവുകൾക്ക് ധാരാളം പണം ആവശ്യമായി വന്നു....കൂടാതെ മന്ത്രിയാകുന്നതിനും ധാരാളം പണം ചെലവാക്കേണ്ടി വന്നു..
അതുകൊണ്ട് ലോക്കറിൽ ഇരുന്ന നിന്റെ ആഭരണങ്ങൾ ഞാൻ പണയം വെച്ചിരിക്കുകയാണ്"
അശ്വതി ഞെട്ടിയില്ല..ഏതായാലും വിറ്റില്ലല്ലോ അതു തന്നെ ഭാഗ്യം!!!...അവൾ ചിന്തിച്ചു.
"എന്റെ ആഭരണങ്ങൾ പണയം വെക്കുന്നതിനു മുൻപ് എന്നോട് ഒന്ന് പറയാമായിരുന്നു" അശ്വതി പരിഭത്തോടെ പറഞ്ഞു.
"നിന്റെ ആഭരണങ്ങളോ?അപ്പോൾ എനിക്ക് അതിൽ ഒരവകാശവും ഇല്ലേ?" രാഹുൽ ചോദിച്ചു.
'അങ്ങിനെ ഞാൻ പറഞ്ഞില്ലല്ലോ....പണയം വെക്കുന്നതിനു മുൻപ് ഞാൻ അറിയണം എന്നാണ് ഞാൻ പറഞ്ഞത്" അശ്വതി പറഞ്ഞു.
'നിന്റെ സ്വർണം ഞാൻ രണ്ടു മാസത്തിനുള്ളിൽ എടുത്തു തരും" രാഹുൽ പറഞ്ഞു.
"എങ്ങിനെ? രണ്ടുമാസം കൊണ്ട് റാഹുലിന്‌ ഇത്രയധികം പണം കിട്ടുന്നതെങ്ങിനെ?"
അശ്വതി ചോദിച്ചു.
"എന്റെ അച്ചു ഒരു പൊട്ടിയാണ്...
നിനക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ല."
രാഹുൽ അവളുടെ കവിളിൽ ചെറുതായി നുള്ളി. അശ്വതിക്ക് വേദനിച്ചു.
"ഇരുനൂറു പവൻ പണയം വെച്ചിട്ട് രാഹുൽ ചെയ്ത്‌ ബിസ്സിനെസ്സ് എന്താണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു"അശ്വതി പറഞ്ഞു.
'അച്ചൂ....ഇവിടെ...സീറ്റ് കിട്ടുന്നതിനായി ആളുകൾ കോടികൾ മുടക്കുവാൻ തയാറാണ്. കൂടാതെ മന്ത്രിയാകുന്നതിനുള്ള പിടിവലികൾ വേറെയും...ചെല്ലപ്പൻ മാഷ് ഉള്ളതുകൊണ്ടാണ് ഇത്ര നിസ്സാരതുകക്ക് നമ്മുടെ കാര്യങ്ങൾ നടന്നത്"
"എന്തായാലും സ്വർണ്ണം പണയം വെക്കുന്നതിനു മുൻപ് റാഹുലിന്‌ എന്നോട് പറയാമായിരുന്നു. ഡാഡി ചോദിച്ചാൽ ഞാൻ എന്തു പറയും?"അവൾക്ക് സങ്കടം വന്നു തുടങ്ങിയിരുന്നു.
രാഹുൽ അവളുടെ അടുത്ത് ചെന്നു. അയാൾ അശ്വതിയുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.
"നിന്റെ സ്വർണ്ണത്തിന്റെ ഒരു പത്തിരട്ടി ഒരു വർഷത്തിനുള്ളിൽ ഞാൻ തിരിച്ചു തരും"
"എങ്ങിനെ?" അവൾ ചോദിച്ചു.
"ഒരാഴ്ചക്കുള്ളിൽ ഞാൻ മന്ത്രിയാകും..അതും റവന്യൂ മന്ത്രി....അതുകഴിഞ്ഞാൽ പിന്നെ പണത്തിന്റെ ഒരൊഴുക്കു തന്നെയായിരിക്കും"അവൻ സന്തോഷത്തോടെ പറഞ്ഞു. അവളുടെ മുഖം ഇരുണ്ടു. അവളുടെ കയ്യിൽ ഇരുന്ന് അമ്മു കരയുവാൻ തുടങ്ങിയിരുന്നു.
"രാഹുൽ....നമ്മുടെ ജോലികൊണ്ട് നാം ഇത്ര സന്തോഷത്തോടെ കഴിഞ്ഞതാണ്? രാഹുൽ എന്താണ് പറഞ്ഞുവരുന്നതെന്ന് എനിക്ക് മനസ്സിലായി...അഴിമതിയുടെ കാര്യമല്ലേ ?അധ്വാനിച്ചുണ്ടാക്കുന്ന പണം മാത്രമേ നിലനിൽക്കുലയുള്ളൂ എന്ന് രാഹുൽ മനസ്സിലാക്കണം" അശ്വതി കുഞ്ഞിനെ തൊട്ടിലിൽ കിടത്തി.
"അധ്വാനിച്ചു പണമുണ്ടാക്കാനാണെങ്കിൽ എത്രയും പണം മുടക്കി ഇലക്ഷന് നിൽക്കേണ്ട കാര്യം ഇല്ലായിരുന്നു....എനിക്കിപ്പോൾ അറിയേണ്ടത് മറ്റൊന്നാണ്... അച്ചുവിന് ഡാഡിയോട് ഒരു രണ്ടു ലക്ഷം രൂപ തല്ക്കാലം വാങ്ങിക്കുവാൻ സാധിക്കുമോ?" രാഹുൽ അക്ഷമയോടെ ചോദിച്ചു.
"സാധ്യമല്ല....കരണം ഡാഡി എന്നോട് അഞ്ച് ലക്ഷം രൂപ ചോദിച്ചിരിക്കുകയാണ്" അശ്വതി പറഞ്ഞു.
"നിന്റെ ഡാഡി കൊള്ളാമെല്ലോ...
എം.എൽ.എ ആയപ്പോഴേ പണം കടം ചോദിക്കുവാൻ തുടങ്ങിയല്ലോ" രാഹുൽ പരിഹാസത്തോടെ പറഞ്ഞു.
"രാഹുൽ, സൂക്ഷിച്ചു സംസാരിക്കണം...എന്റെ ഡാഡി അത്തരക്കാരനല്ല...ഒരു അത്യാവശ്യം വന്നു....എന്നോട് ചോദിച്ചു....പണമില്ലെങ്കിൽ കൊടുക്കേണ്ട. പക്ഷെ അപമാനിക്കരുത്"
രാഹുൽ ഒന്നും പറഞ്ഞില്ല....അയാൾ മേനോന്റെ മുറി ലക്ഷ്യമാക്കി നടന്നു.
മേനോനും കൈമലർത്തിയതോടെ രാഹുലിന് എന്തു ചെയ്യണമെന്ന് ഊഹമില്ലാതായി.
അപ്പോഴാണ് ചെല്ലപ്പൻ മാഷ് അയാളെ വിളിച്ചത്.
"ഒരു മാത്തുക്കുട്ടി എന്നെ കാണാൻ വന്നിരുന്നു. അയാൾക്ക് ഏതോ ഒരു സ്ഥലത്തിന്റെ ഡോക്യുമെന്റ് ശരിയാക്കാനുണ്ട്....മന്ത്രിസ്ഥാനം നമുക്ക് കിട്ടിയിട്ടില്ല എന്ന് ഞാൻ അയാളോട് പറഞ്ഞു നോക്കി....അയാൾ ചിലപ്പോൾ
നിന്നെക്കാണുവാൻ വരും.തല്ക്കാലം നീ
അയാൾ പറയുന്നത് വെറുതെ മൂളിക്കേട്ടാൽ മതി"
ചെല്ലപ്പൻ മാഷ് പറഞ്ഞു.
"ഇല്ല...ഞാൻ ഒന്നും സംസാരിക്കുന്നില്ല.." രാഹുൽ പറഞ്ഞു.
"പിന്നെ അയാൾ എന്തെങ്കിലും തന്നാൽ വാങ്ങിച്ചോ...." മാഷ് ശബ്ദം താഴ്ത്തി പറഞ്ഞു.
"അയ്യോ...അത്....മാഷെ....ഞാൻ..."രാഹുൽ വിക്കി.
"താൻ പേടിക്കേണ്ട....എനിക്ക് നന്നായി അറിയാവുന്ന ആളാണ്....പിന്നെ...മന്ത്രിയാകേണ്ട താൻ കുറച്ചു കൂടി ധൈര്യം കാണിക്കണം"
മാഷ് ഫോൺ വെച്ചു.
മാത്തുക്കുട്ടി നൽകിയ ബാഗ് തുറന്നു നോക്കിയ രാഹുൽ ഞെട്ടിപ്പോയി....അഞ്ചു ലക്ഷം രൂപ!!!
തനിക്ക് അഞ്ച് ലക്ഷം തന്നപ്പോൾ ചെല്ലപ്പൻ മാഷിന് ഇത്ര കൊടുത്തു കാണും? രാഹുൽ ആലോചിച്ചു.
ദേവൻ അശ്വതിയെ വിളിച്ചപ്പോൾ അവൾ സ്വർണ്ണത്തിന്റെ കാര്യം പറഞ്ഞു.
"എന്തെങ്കിലും അത്യാവശ്യത്തിനു പണയം വെച്ചതായിരിക്കും....നീ അത് കാര്യമാക്കേണ്ട..അവൻ അത് തിരിച്ചെടുത്തുകൊള്ളും" ദേവൻ സമാധാനിപ്പിച്ചു.
"പക്ഷെ ഡാഡിയുടെ കാര്യങ്ങൾ എങ്ങിനെ നടക്കും?
"അത് സാരമില്ല...ഇന്നത്തെക്കാലത്തു സൂപ്പെർ മാർക്കെറ്റുകൊണ്ടു രക്ഷയൊന്നും ഇല്ല..
ഞാൻ അത് വിൽക്കുവാൻ തീരുമാനിച്ചു" ദേവൻ പറഞ്ഞു.
"ഡാഡി...,ഡാഡി എന്താണ് പറയുന്നത്?"
"മോള്‌ വിഷമിക്കേണ്ട... ഡാഡി ഒരിക്കലും തളരുകയില്ല"ദേവന്റെ ശബ്ദം ഇടറിയിരുന്നു.
തന്റെ എല്ലാ അടിച്ചുപൊളിക്കും പണം മുടക്കുകയും...വികൃതിത്തരത്തിനെല്ലാം കൂട്ടുനിൽക്കുകയും ചെയ്ത ഡാഡിയെ തനിക്കിപ്പോൾ സഹായിക്കുവാൻ പറ്റുന്നില്ലല്ലോ എന്നോർത്തപ്പോൾ അശ്വതിക്ക് വല്ലാത്ത പ്രയാസമാണ് തോന്നിയത്.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ രാഹുലിനെ റവന്യു മന്ത്രിയായി പ്രഖ്യാപിച്ചു. ചെല്ലപ്പൻ മാഷ് മന്ത്രിയായെന്നാണ് രഹസ്യമായ പരസ്യം.രാഹുൽ വെറും ഡമ്മി മാത്രമാണെന്ന് പാർട്ടിയിൽ എല്ലാവർക്കും അറിവുള്ള കാര്യമാണ്‌. പൊതുജനങ്ങളുടെയിടയിൽ അധികാരമോഹം തൊട്ടു തീണ്ടിയിട്ടില്ലാത്ത നേതാവ് എന്ന ഇമേജ് നിലനിർത്തുവാൻ ചെല്ലപ്പൻ മാഷിന് സാധിക്കുകയും ചെയ്തു. നകുലന്റെ നേതൃത്വത്തിൽ അന്ന് തിരുവനതപുരത്ത് പ്രതിഷേധപ്രകടനം നടന്നിരുന്നു. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിലും ജിഷ്ണുവും പ്രകടനത്തിൽ സജീവമായി പങ്കെടുത്തു.
രാഹുലിന്റെ വീട്ടിൽ ആഘോഷങ്ങൾ പൊടിപൊടിച്ചു....പാർട്ടിപ്രവർത്തകരും പോലീസുകാരും ...പൊതുജനങ്ങളും വീട്ടിൽ നിന്നും ഇറങ്ങാതെയായി.....ബന്ധുക്കളുടെ കുത്തൊഴുക്ക് തന്നെയാണ് പിന്നീട് ആ വീട്ടിലേക്കുണ്ടായത്....
അശ്വതിക്ക് ആകെ വീർപ്പുമുട്ടൽ അനുഭവപ്പെട്ടു.
സ്വകാര്യതകളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു!!!
അടുത്ത ശുഭ മുഹൂർത്തം നോക്കി തന്നെ റെവന്യു മന്ത്രി രാഹുൽ കുടുംബസമേതം മന്ത്രിമന്ദിരത്തിലേക്ക് മാറി.
മന്ത്രി മന്ദിരത്തിലേക്കുള്ള യാത്രയിൽ ജയന്തിയും കാറിൽ കയറി. യാത്രയിൽ മുഴുവനും സംസാരിച്ചുകൊണ്ടിരുന്ന ജയന്തിയെ അശ്വതിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
"ശല്യം....പാർട്ടിയുടെ ജില്ലാ പ്രസിഡണ്ട്‌ ആയിപ്പോയില്ലേ? പോരാത്തതിന് ചെല്ലപ്പൻ മാഷിന്റെ മകളും...എന്തെങ്കിലും പറയുവാൻ പറ്റുമോ?" ജയന്തി പോയിക്കഴിഞ്ഞപ്പോൾ രാഹുൽ പറഞ്ഞു.
"ആ ജയന്തി ഒരു പാവമാണെന്നു തോന്നുന്നു"
അശ്വതി പറഞ്ഞു.
"പാവം!!! നീ ആരെയും അന്ധമായി വിശ്വസിക്കേണ്ട...." രാഹുൽ പറഞ്ഞു.
"വിശ്വാസങ്ങൾ എപ്പോഴും അങ്ങിനെയാണ് രാഹുൽ.......അത് ചിലപ്പോൾ അന്ധമായി എന്ന് വരാം" അശ്വതി പറഞ്ഞു.
മന്ത്രിമന്ദിരത്തിൽ അശ്വതിക്ക് എല്ലാം അത്ഭുതങ്ങളായിരുന്നു....പരിചാരകൻമാരുടെ ഒരു നീണ്ട നിര തന്നെ അവളെകാത്ത് അവിടെയുണ്ടായിരുന്നു....
പോലീസുകാർ അവളെ കണ്ടപ്പോൾ സല്യൂട്ട് ചെയ്തു....എല്ലാവരും അവളെ മാഡം എന്ന് വിളിച്ചു....അവളുടെ വാക്കുകൾക്കായി അവർ കാതോർത്തു നിന്നു.
രാഹുൽ എപ്പോഴും യാത്രയിലാണ്. മിക്കവാറും ജയന്തി അയാളോടൊപ്പം ഉണ്ടായിരിക്കും. പത്രക്കാർ അയാളെ വട്ടമിട്ടു നടന്നു...
റഹുൽ ആകെമാറിയിരിക്കുന്നു....അയാൾ ചിരിച്ചു കണ്ടിട്ടുതന്നെ മാസങ്ങളായിരിക്കുന്നു.അശ്വതി മനസ്സിലോർത്തു.
ഒരു ദിവസം റെവന്യൂ സെക്രെട്ടറിയും ഭാര്യയും മന്ത്രിയുടെ ക്ഷണപ്രകാരം അവരുടെ വീട്ടിൽ വിരുന്നിനു വന്നു.
വിരുന്നു കഴിഞ്ഞതിനു ശേഷം പോകുവാൻ സമയമായപ്പോൾ പച്ച പരിഷ്കാരിയായ റെവന്യു സെക്രട്ടറിയുടെ ഭാര്യ രാഹുലിന്റെ തോളിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.
"മാഡത്തിനെ കണ്ടാൽ ഒരു മന്ത്രിയുടെ ഭാര്യ ആണെന്ന് പറയുകയില്ല....ഒരു ഫാഷനും ഇല്ലാത്ത ഒരു നാടൻ പെണ്ണ്"
സ്ത്രീകളെ തൊടുവാൻ മടികാണിക്കുന്ന രാഹുൽ അവർ തോളിൽ കൈവെച്ചപ്പോൾ അനങ്ങാതെ നിന്നതേയുള്ളൂ ... അവരുടെ ഭർത്താവ് ഭാര്യയുടെ വാക്കുകൾ ആസ്വദിക്കുന്നത് പോലെ ചിരിച്ചികൊണ്ട് നിന്നു.
രാഹുലിന് അവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല എന്ന് അയാളുടെ മുഖഭാവം വ്യക്തമാക്കി.
അവർ പോയിക്കഴിഞ്ഞപ്പോൾ രാഹുൽ അശ്വതിയുടെ നേരെ തിരിഞ്ഞു.
"നീ...എന്നെ നാണംകെടുത്താനുള്ള ഭാവമാണ് അല്ലേ?"
"ഞാൻ എന്തു ചെയ്‌തെന്നാണ് രാഹുൽ പറയുന്നത് ?" അവൾ ചോദിച്ചു... അച്ചൂ എന്ന് വിളിച്ചിരുന്ന അയാൾ അവളെ നീ എന്ന് വിളിച്ചത് അവളിൽ നൊമ്പരമുണ്ടാക്കി.
'ലുക്ക് അശ്വതി..ഇപ്പോൾ ഒരു മന്ത്രിയുടെ ഭാര്യ ആണ്....അതിന്റെതായ ഗെറ്റപ്പിൽ വേണം നീ നടക്കുവാൻ" രാഹുൽ പറഞ്ഞു.
"മനസ്സിലായില്ല..."അശ്വതി പറഞ്ഞു.
"മനസ്സിലാക്കി തരാം...ഞാൻ നാളെതന്നെ ഒരു ബ്യുട്ടീഷനെ ഏർപ്പാടാക്കുന്നുണ്ട്... അവർ എല്ലാം ശരിയാക്കി തരും"രാഹുൽ പറഞ്ഞു.
അവൾ രാഹുലിനെ അത്ഭുതത്തിൽ നോക്കി.
"രാഹുൽ അല്ലേ പറഞ്ഞത് രാഹുലിന് ഞാൻ മോഡേൺ ആകുന്നത് ഇഷ്ടമല്ല എന്ന്"അശ്വതി ചോദിച്ചു.
"അത് അന്ന്....ഇപ്പോൾ നമ്മുടെ സ്റ്റാറ്റസ് മാറി...ഇനി മോഡേൺ ആയില്ലെങ്കിൽ ആളുകൾ പരിഹസിക്കും" അയാൾ പറഞ്ഞു.
അവൾക്കും അത് സന്തോഷമുള്ള കാര്യമായിരുന്നു....അയാൾക്ക്‌ ഇഷ്ടമാവില്ല എന്ന് കരുതിയാണ് അവൾ മുടിപോലും മുറിക്കാതിരുന്നത്.!!!
വൈകുന്നേരം രാഹുൽ മന്ത്രി മന്ദിരത്തിൽ തിരിച്ചെത്തിയപ്പോൾ രൂപത്തിൽ അവൾ പഴയ അശ്വതി ആയിരുന്നു....മുടി ബോബ് ചെയ്തു ചുണ്ടിൽ ലിപ്സ്റ്റിക്കിട്ട....മോഡേൺ ഡ്രസ്സ് അണിഞ്ഞു നിൽക്കുന്ന അശ്വതിയെ കണ്ടപ്പോൾ രാഹുൽ സന്തോഷത്തോടെ പറഞ്ഞു.
"ഇപ്പോഴാണ് നീ ഒരു മന്ത്രിക്കൊച്ചമ്മ ആയത്"
കുറെ നാൾ കൂടി രാഹുലിനെ സന്തോഷവാനായി കണ്ടതിൽ അവളുടെയുള്ളിലും ആഹ്ലാദം തോന്നി.
ഒരു മാസത്തിനുള്ളിൽ അവളുടെ പണയം വെച്ച സ്വർണ്ണം മുഴുവനും ബാങ്കിൽ നിന്നും രാഹുൽ എടുത്തുകൊടുത്തു....അവൾക്ക് സന്തോഷമായെങ്കിലും രാഹുലിന് ഇത്രയും പെട്ടെന്ന് എങ്ങിനെ പണയം പിൻലിക്കുവാനുള്ള പണം ലഭിച്ചതെന്ന് അവൾ ചിന്തിച്ചു.
സൂപ്പർ മാർക്കറ്റ് വിറ്റ ദേവൻ ഇതിനകം ഒരു ചെറിയ സ്റ്റേഷനറിക്കട സിറ്റിയിൽ തുടങ്ങിയിരുന്നു.
ഒരു ദിവസം അശ്വതിക്ക് ഒരു അജ്ഞാത ഫോൺ കാൾ വന്നു.
"മാഡം ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം...നിങ്ങളുടെ ഭർത്താവ് വലിയ ഒരു അപകടത്തിലേക്കാണ് പോകുന്നത്...ആ ചെല്ലപ്പൻ മാഷും മകളും അയാളെ കുഴിയിൽ ചാടിക്കും. മാത്രമല്ല ആ ജയന്തിയുമായി നിങ്ങളുടെ ഭർത്താവിന് രഹസ്യ ബന്ധവുമുണ്ട്"
ഒരു പുരുഷശബ്ദം ആയിരുന്നു അത്....അശ്വതി തിരിച്ച് എന്തോ പറയുവാൻ തുടങ്ങിയപ്പോൾ മറുതലക്കൽ ഫോൺ ഡിസ്കണക്ട് ചെയ്തു കഴിഞ്ഞിരുന്നു.
(തുടരും )

(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 7.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot