നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശരിയുത്തരം


****************
പഠിക്കാൻ തുടങ്ങ്യപ്പോ, ന്തായി പഠിത്തം. ഇങ്ങനെയൊക്കെ പഠിച്ചാൽ മതിയോ എന്നാരിന്നു ചോദ്യങ്ങൾ.
പഠനകാലം കഴിഞ്ഞപ്പോൾ ജോലി ഒന്നുമായില്ലേ ന്നായി.
ജോലി ചെയ്യാൻ തുടങ്ങ്യപ്പോ കല്ല്യാണമായില്ലേന്ന്‌
കല്ല്യാണം കഴിഞ്ഞപ്പോൾ കുട്ട്യോളായില്ലേ ആർക്കാ പ്രശ്നം ന്ന് !!
ഒരു കുട്ടിയായപ്പോ ഇനി അടുത്തത് നോക്കുന്നില്ലേ ന്നായി.
രണ്ടാമത്തെ കുട്ടി ആയപ്പോൾ പ്രസവം നിർത്തിയോ ന്ന്!
പിന്നേ കുട്ട്യോൾടെ പഠനം, ജോലി, കല്ല്യാണം, അവരുടെ കുട്ട്യോൾ ! വീണ്ടും വീണ്ടും ചോദ്യശരങ്ങൾ!
പിന്നേ കേട്ടു എന്നാണാവോ ഇതൊന്നു മേലോട്ട് പോവാന്ന് !!
ഒടുക്കം അങ്ങു മേലോട്ട് ചെന്ന് ന്റെ ഈ പരിഭവങ്ങൾ പറഞ്ഞുകൊണ്ടിരിക്കവേ, ദൈവം ഒന്നും ചോദിക്കാതെ നരകത്തിന്റെ വാതിൽ തുറന്നു തന്നു.
ഇപ്പോൾ വല്ലതും പറഞ്ഞിട്ട് കാര്യമുണ്ടോ. ചോദ്യങ്ങൾക്കുള്ള ഉത്തരം കൊടുക്കാൻ മാത്രം ജീവിച്ചു തീർത്ത ജീവിതമല്ലാർന്നോ!!
കുറച്ചീസം കഴിഞ്ഞപ്പോൾ ദൈവം നരകത്തിൽ വന്നു ചോദിച്ചു !!
"എന്തൊക്കെയുണ്ട് വിശേഷങ്ങൾ?"
"എന്റെ പൊന്നു ദൈവമേ, ഇപ്പോഴാണ് ഞാൻ എനിക്ക് വേണ്ടി ജീവിക്കാൻ തുടങ്ങീത്.
ചെവിക്കും തലയ്ക്കും ഇത്തിരി സ്വസ്ഥതയുണ്ട്." ഞാൻ ആത്മാർഥമായി പറഞ്ഞു.
പെട്ടന്ന് നരകകുലുക്കം ഉണ്ടായി.എന്തോ അശരീരി കേൾക്കാൻ കഴിയുന്നുണ്ട് !!
"അതേ നേരം ഏഴു മണിയായി. നിങ്ങളൊന്നു എഴുന്നേറ്റെ !! അപ്പറത്തെ വീട്ടിലെ പുതിയ താമസക്കാര് ചോദിക്ക്യ, ഇവിടത്തെ സാർനു രാവിലെ ഓടുന്ന പതിവൊന്നുമില്ലേ ന്ന്.
നിങ്ങളെഴുന്നേറ്റു അവരെ ബോധിപ്പിക്കാനെങ്കിലും അങ്ങോട്ടുമിങ്ങോട്ടും ഒന്ന് ഓടൂ ന്റെ മനുഷ്യാ !!!
അങ്ങനെ, വീണ്ടും ആർക്കോ വേണ്ടിയുള്ള ശരിയുത്തരമായി ഞാനെഴുന്നേറ്റു ഓടാൻ തുടങ്ങി!!

By Aisha Jaice

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot