നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Patient 27 - Part 6



ഭാഗം - 6 ( Read previous parts here - Click here - https://goo.gl/YQ1SLm )
Reserved Forest Area Near Tulsi Lake Mumbai.
***************************************
സുജിത് താഴെ കൊക്കയിലേക്ക് ഒരിക്കൽ കൂടി ഏന്തി വലിഞ്ഞു നോക്കി. അധികം ആഴമില്ല. താഴെ തന്റെ ജീപ്പ് ഏതാണ്ട് കത്തി തീരാറായിരിക്കുന്നു. ആ പ്രദേശം മുഴുവൻ കറുത്ത പുകയാൽ മൂടപ്പെട്ടിട്ടുണ്ട്.
ചെറിയൊരു ചാറ്റൽ മഴ തുടങ്ങിയിരിക്കുന്നു.
അവൻ തിരിഞ്ഞു നോക്കി. എന്തുകൊണ്ടോ താഴേക്കിറങ്ങുന്നതാണ് സുരക്ഷിതം എന്നവനു തോന്നി. കാരണം, ആ ജീപ്പ് ട്രേസ് ചെയ്യപ്പെട്ടിട്ടുണ്ടാകുമെന്നുറപ്പാണ്. തന്നെ അന്വേഷിച്ച് ഉടൻ തന്നെ ആളെത്താൻ സാധ്യതയുണ്ട്. വന്നാൽ അവർ ആറോഡിലൂടെയായിരിക്കും വരിക. വന്നാൽ തന്നെ അവരെ നേരിടാൻ താഴെ വനത്തിലായിരിക്കും സൗകര്യം.അവൻ പതിയെ കമിഴ്ന്നു കിടന്ന് താഴേക്കൂർന്നിറങ്ങിത്തുടങ്ങി.
ചെങ്കുത്തായി കിടക്കുന്ന പുൽപ്പരപ്പാണ്. മഴ കാരണം നല്ല വഴുക്കലുണ്ട്. അവൻ സൂക്ഷിച്ച് ഓരോ നീക്കത്തിലും പുല്ലിൽ കൈകൾ ഇറുക്കിപ്പിടിച്ച് താഴേക്കിറങ്ങിക്കൊണ്ടിരുന്നു.
ഏതാണ്ട് നാല്പ്പതടിയോളം താഴെയെത്തിക്കാണും. തളർന്നവശനായ അവൻ മലർന്നു കിടന്നു. തുറന്ന വായിൽ മഴവെള്ളം നിറച്ച് മൂന്നു നാലു കവിൾ വിഴുങ്ങിയ ശേഷം കണ്ണുകളടച്ചു.
തണുത്ത മഴവെള്ളം മുഖത്തടിച്ചപ്പോൾ നല്ല സുഖം തോന്നി. ശരീരമാസകലം മുറിവുകളാണ്. പക്ഷേ ഒരു മരവിപ്പാണ് തോന്നുന്നത്. വേദനയല്ല.
മഴ പതിയെ ശക്തിയാർജ്ജിച്ചിരിക്കുന്നു. ആ കിടന്ന കിടപ്പിൽ അവൻ തന്റെ ഇരു വശങ്ങളിലേക്കും നോക്കി. ചുറ്റും ചെറിയ വെള്ളച്ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. അല്പ്പ സമയത്തിനുള്ളിൽ തന്നെ മുകളിൽ നിന്നും മലവെള്ളം ഒലിച്ചിറങ്ങിയേക്കാമെന്നും, അത് തന്നെയുംകൊണ്ടായിരിക്കും താഴേക്കു പതിക്കുക എന്നും അവനു മനസ്സിലായി.
പതിയെ അവൻ നിവർന്നിരിക്കാൻ ശ്രമിച്ചതാണ്. കാലുകൾ വഴുതിപ്പോയി.
എത്ര അള്ളിപ്പിടിച്ചിട്ടും ഫലമുണ്ടായില്ല. ആ ചെങ്കുത്തായ മലഞ്ചെരിവിലൂടെ ഒരു അമ്പെയ്തതു പോലെ അവൻ അതിവേഗത്തിൽ താഴേക്ക് വഴുതി നീങ്ങി.
ആ പോക്കിനിടയിൽ, മലർന്നു കിടന്ന അവന്റെ ശരീരം പല പ്രാവശ്യം വട്ടം തിരിഞ്ഞു. ഒടുവിൽ ആ ചെരിവ് അവസാനിച്ചതും, താഴേക്ക്... അത്യഗാധതയിലേക്ക് അവൻ നിപതിച്ചു.
ഇടതിങ്ങി വളർന്നിരുന്ന മരക്കൂട്ടത്തിനു മുകളിലാണവൻ വന്നു വീണത്. വീഴ്ച്ചയുടെ ആഘാതത്തിൽ മരക്കൊമ്പുകൾ അടർത്തി വീഴിച്ചുകൊണ്ട് അവൻ താഴേക്ക് താഴേക്ക് ഊർന്നു വീണുകൊണ്ടിരുന്നു. ഒടുവിൽ...
ഒരു വലിയ വടം പോലെ തോന്നിച്ച കാട്ടുവള്ളി ഒരെണ്ണം കണ്ടു അവൻ. താഴേക്കെത്തുമ്പോൾ അത് അസംഖ്യം ഊഞ്ഞാലുകളായി രൂപപ്പെട്ടിരിക്കുകയാണ്. അതിനിടയിലൂടെയാണ് തന്റെയീ വീഴ്ച്ച.
ഒരു നിമിഷം താനൊരു മരച്ചില്ലയിൽ തടഞ്ഞു നിന്നത് തിരിച്ചറിഞ്ഞതും, അവൻ രണ്ടു കൈകളും നീട്ടി ആ ‘വടം’ മാറോടണച്ചു പിടിച്ചു.
വീഴ്ച്ച നിലച്ചിരിക്കുന്നു. അവൻ ഉറക്കെ കിതച്ചു. ശ്വാസമെടുക്കാനാകാതെ വെപ്രാളപ്പെട്ടു. ഒടുവിൽ … മരണത്തിലേക്കായിരുന്നില്ല ഈ വീഴ്ച്ച എന്നു തിരിച്ചറിഞ്ഞതും അവൻ സാവധാനം തന്റെ ഒരു കാൽ ആ വടത്തിനെ ചുറ്റിപ്പിടിച്ചുകൊണ്ട് പതുക്കെ താഴേക്ക് ഊർന്നിറങ്ങാൻ തുടങ്ങി.
കുറച്ചു താഴെയെത്തിയപ്പോഴേക്കും, വടത്തിന്റെ ബലമുള്ള ഭാഗത്തെത്തിയിരുന്നു. പിന്നെ താഴേക്കുള്ള യാത്ര എളുപ്പമായി. നെറ്റിയിലെ ഒരു മുറിവിൽ നിന്നും രക്തം കണ്ണിലേക്ക് വീഴുന്നതു മാത്രമായിരുന്നു ആകെയുള്ള പ്രശ്നം.
അവൻ കണ്ണുകൾ രണ്ടും ഇറുക്കി അടച്ചു പിടിച്ചുകൊണ്ട് താഴേക്ക് ഇഴഞ്ഞിറങ്ങി. അങ്ങനെ ഏതാണ്ട് പകുതി വഴിയെത്തിയതും, അവൻ കണ്ണുകൾ തുറന്ന് താഴേക്ക് നോക്കി. വടം താഴേക്കങ്ങനെ നീണ്ടു കിടക്കുകയാണ്. ഒരവസാനമില്ലാത്തതു പോലെ. അവനു സംശയമായി. എന്തോ പ്രശ്നമുണ്ട്. താൻ താഴേക്കു തന്നെയല്ലേ ഇറങ്ങിയത് ?
പെട്ടെന്ന് ആ വന്മരത്തോട് ചേർന്ന് എന്തോ അനങ്ങുന്നതായി തോന്നി. അവൻ സൂക്ഷിച്ചു നോക്കി.അതിന്റെ കറുത്ത പുറം തൊലി അടർന്നു വരുന്നതു പോലെ.
താഴെ നിന്നും ആ വലിയ മരത്തോട് ചേർന്ന് ഇഴഞ്ഞിഴഞ്ഞ് കയറി വരുന്ന ഒരു പടുകൂറ്റൻ പാമ്പാണെന്നാണ് ആദ്യം അവൻ കരുതിയത്. പക്ഷേ അതിന്റെ തലയുടെ സ്ഥാനത്ത് ഒരു പടുകൂറ്റൻ കൈപ്പത്തിയാണെന്നു തിരിച്ചറിഞ്ഞതും അവൻ ഒരു നിമിഷം സ്തബ്ധനായി നിന്നു. പക്ഷേ മുഖത്ത് അശേഷം ഭയമുണ്ടായിരുന്നില്ല. അവൻ താഴേക്കു തന്നെ ഊർന്നിറങ്ങിക്കൊണ്ട് ഉറക്കെ അലറി!
“NO!! Not again!! എനിക്കറിയാം ... ഇതെല്ലാം എന്റെ തോന്നലുകളാണ്! മരുന്നിന്റെ സൈഡ് എഫക്ടുകൾ! ഇനിയും ഞാൻ തോറ്റു തരുമെന്നു കരുതണ്ട!”
നിമിഷങ്ങൾക്കുള്ളിൽ ആ ‘മായക്കാഴ്ച്ച’ അപ്രത്യക്ഷമായി.
അവൻ ആ നിന്ന നില്പ്പിൽ പല്ലിളിച്ചു പിടിച്ച് ചിരിക്കാൻ തുടങ്ങി. പതിയെ പതിയെ അതൊരു പൊട്ടിച്ചിരിയായി മാറി. ഉച്ചത്തിൽ അലറിച്ചിരിച്ചുകൊണ്ടാണ് അവൻ തന്റെ താഴേക്കുള്ള യാത്ര തുടർന്നത്.
താഴെ നിലത്തു കാലു കുത്തിയതും വേച്ചു പോയി. രണ്ടടി നടന്നപ്പോഴേക്കും കമിഴ്ന്നടിച്ചു വീണു പോയി അവൻ. കാലുകളുടെ ശക്തി ക്ഷയിച്ചിരിക്കുന്നു. അവൻ താഴെ നനഞ്ഞു കുതിർന്നു കിടന്ന കരിയിലകൾക്കു മുകളിൽ തിരിഞ്ഞു കിടന്നു.
താൻ ഇറങ്ങി വന്ന ആ മരത്തിന്റെ അഗ്രം കിലോമീറ്ററുകളോളം ഉയരത്തിലാണെന്നു തോന്നി അവന്. പക്ഷേ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു. ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസം നിറഞ്ഞ ഒരു പുഞ്ചിരി. കണ്ണുകൾ സാവധാനം അടഞ്ഞു.
അന്ധകാരം...
********************************
Truck scene – Continues…
********************************
റോബിയുടെ മുഖത്ത് പതിയെ പതിയെ നിർവ്വികാരത വ്യാപിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. അയാൾ ഒരു റോബോട്ടിനെപ്പോലെ വയർലെസ് സെറ്റ് കയ്യിലെടുത്തു ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെടുന്നത് നതാലിയ അത്ഭുതത്തോടെയാണ് നോക്കി നിന്നത്. എത്ര അപകടകാരിയാണാ മരുന്ന് !
ഇങ്ങനെയൊരു കെമിക്കൽ കൊളംബിയായിൽ ഉണ്ടെന്ന് മുൻപേ അവൾക്കറിയാമായിരുന്നു. ‘ബൊറാഞ്ചെറോ’ (borrachero) എന്നൊരു കുറ്റിച്ചെടിയുടെ വിത്ത് ഉണക്കിപ്പൊടിച്ച് എന്തൊക്കെയോ കെമിക്കൽ പ്രൊസസിങ്ങിലൂടെ ഉണ്ടാക്കുന്ന ‘ബറൻഡൻഗ’ (Burundanga) എന്നൊരു തരം മയക്കുമരുന്നിന് ഇതേ എഫക്റ്റാണ്. അതിലും അടങ്ങിയിരിക്കുന്നത് ‘സ്കോപ്പോലമീൻ’ തന്നെ. ഡോ. രഘുചന്ദ്ര എന്തു തരം ഡോക്ടറാണെന്ന് നതാലിയാക്ക് ബോധ്യം വന്നു തുടങ്ങി.
ട്രക്ക് വേഗത കുറച്ചിരിക്കുന്നു. നതാലിയ പുറകിലെ ഒരു ചെറിയ ദ്വാരത്തിലൂടെ പുറത്തേക്ക് നോക്കി. ഹൈവേയിലാണ് തങ്ങൾ. തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പുറകിൽ തന്നെയുണ്ട് രണ്ട് ഓട്ടോ റിക്ഷകൾ.അപ്പോഴേക്കും പുറകിൽ വാഹനങ്ങളുടെ നീണ്ട ലൈൻ രൂപപ്പെട്ടു കഴിഞ്ഞു.
നതാലിയ ചിന്തിച്ചു. ഇപ്പോൾ ആ റാമ്പ് തുറന്നാൽ ഓട്ടോകൾ രണ്ടും ബാക്കിയുണ്ടാകില്ല. പക്ഷേ വേറേ വഴിയില്ലല്ലോ. നതാലിയ പതിയെ ഡോർ തുറക്കാനുള്ള ആ ലിവറിനെ ലക്ഷ്യമാക്കി നടന്നു.
റാമ്പ് തുറന്നു തുടങ്ങിയതും ഓട്ടോ ഡ്രൈവർമാർ രക്ഷപ്പെടാനുള്ള പരാക്രമം തുടങ്ങി. ട്രക്ക് മുൻപോട്ടെടുക്കാൻ നതാലിയ ആംഗ്യം കാണിച്ചതിനനുസരിച്ച് റോബി വയർലെസ്സിൽ ഡ്രൈവറെ വിവരമറിയിച്ചുകൊണ്ടിരുന്നു. ഒടുവിൽ റാമ്പ് താഴെ റോഡിൽ മുട്ടിയതും കോപാകുലരായ ഒരു ജനക്കൂട്ടം ട്രക്കിനു ചുറ്റും തടിച്ചു കൂടി.
“Police Business! Please Co-operate!” ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട് നതാലിയ കാർ താഴേക്കിറക്കുകയാണെന്ന് എല്ലാവരേയും അറിയിച്ചു. പക്ഷേ ആരും മനസ്സിലാക്കുന്ന ലക്ഷണമില്ല. പല ഭാഷകളിൽ അസഭ്യം പറഞ്ഞുകൊണ്ട് ആ ജനക്കൂട്ടം ട്രക്കിനടുത്തേക്കു തന്നെ നടന്നടുക്കുകയാണ്.
“ഓക്കേ! വേണ്ടെന്നു കരുതിയതാണ്. പക്ഷേ നിങ്ങൾ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും? You are just forcing my hand." നതാലിയ ചുമലുകളുയർത്തി നിസ്സഹായത പ്രകടിപ്പിച്ചുകൊണ്ട് പതിയെ പോക്കറ്റിൽ നിന്നും പിസ്റ്റളെടുത്തു.
നിമിഷങ്ങൾക്കുള്ളിൽ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായി. ജനക്കൂട്ടം പലവഴി ചിതറിയോടി.
തൊട്ടു പുറകിലുണ്ടായിരുന്ന ഓട്ടോക്കാരോട് കടന്നു പോകാൻ ആംഗ്യം കാണിച്ചതിനു ശേഷം നതാലിയ കാറിനുള്ളിൽ കടന്നിരുന്നു. സ്തംഭിച്ചു നില്ക്കുകയായിരുന്ന റോബിയോട് തന്റെ ഫോണും, തോക്കുമെല്ലാമെടുത്ത് അപ്പുറത്തു കയറിയിരിക്കാനാവശ്യപ്പെട്ടു.
പിന്നെ എല്ലാം ഞൊടിയിടക്കുള്ളിൽ നടന്നു. സ്റ്റാർട്ടായതും ആ കാർ പുറകോട്ട് കുതിച്ചിറങ്ങി.
കണ്ടെയ്നറിനുള്ളിലെ ക്യാമറ ഓഫായിരുന്നു.എന്താണു പുറകിൽ സംഭവിക്കുന്നതെന്ന് ട്രക്കിന്റെ ഡ്രൈവർക്ക് യാതൊരു നിശ്ചയവുമുണ്ടായിരുന്നില്ല. നതാലിയായുടെ കാർ കുതിച്ചു പാഞ്ഞ് കടന്നു പോകുന്നതു കണ്ടപ്പോഴാണ് അയാൾക്ക് ചതി പറ്റിയത് മനസ്സിലായത്. പക്ഷേ ആ പടുകൂറ്റൻ ട്രക്കുമായി ബീ എം ഡബ്യൂവിനെ ചേസ് ചെയ്യുന്നതെങ്ങനെ ?
പുറകിൽ തങ്ങൾ ഉണ്ടാക്കിയ ട്രാഫിക്ക് ബ്ലോക്കു കാരണം, മുൻപോട്ടുള്ള വഴി കാലിയായിരുന്നു. നതാലിയ ആക്സിലറേറ്റർ പരമാവധി ചവിട്ടിപ്പിടിച്ചു. എത്രയും പെട്ടെന്ന് ഹോട്ടൽ ഹയാത് റീജൻസിയിലെത്തണം. പ്രവീണിനെ അവിടെ നിന്നുമാറ്റണം.
അവൾ ഡാഷ് ബോർഡിലെ ഒരു ക്യാബിനറ്റിൽ നിന്നും വയർലെസ്സ് ബീക്കൺ ലൈറ്റ് പുറത്തെടുത്തു. ഡ്രൈവിങ്ങിനിടയിൽ തന്നെ ഗ്ലാസ്സ് താഴ്ത്തി റൂഫിൽ ആ ലൈറ്റ് ഉറപ്പിച്ച ശേഷം സൈറണുകൾ ഓണാക്കി എമർജൻസി ലൈനിലേക്കു കയറി ആ കാർ കുതിച്ചു പായാൻ തുടങ്ങി.
*******************************************
Hotel Hyat Regency – 20 minutes ago.
*******************************************
തന്റെ റൂമിലെത്തിയതും, പ്രവീൺ നേരേ ബെഡിലേക്ക് കമിഴ്ന്നു വീണു.
നതാലിയ എന്ന ചാര സുന്ദരി തന്റെ മനസ്സു കീഴടക്കി കഴിഞ്ഞിരിക്കുന്നു. കണ്ണടച്ചാൽ അവളുടെ സദാ സമയവുമുള്ള കുസൃതിച്ചിരിയാണ് മനസ്സിൽ തെളിയുന്നത്. അതേ ചിരിയോടെ തന്നെ അവൾ വേണ്ടിവന്നാൽ ഒരാളെ കൊന്നു തള്ളിയേക്കാമെന്നും അയാൾക്കറിയാം.
“What a Personality!” അവന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു. ഓരോ ദിവസവും എത്ര സുന്ദരിപ്പെൺകുട്ടികളാണ് തന്റെ ജീവിതത്തിലൂടെ കടന്നു പോകുന്നത്. പക്ഷേ...
കഴുത്തിനു താഴെ എന്തോ തടഞ്ഞപ്പോൾ അവൻ പരതി നോക്കി.
തലേന്നു രാത്രി താൻ വായിച്ചു പകുതിയാക്കിയ ബുക്കാണ്.
“A series of unfortunate events!”
“വളരെ ദൗർഭാഗ്യകരമായ കുറേ സംഭവങ്ങൾ. ” ലെമണി സ്നിക്കെറ്റ് എന്ന അമേരിക്കൻ എഴുത്തുകാരന്റെ ലോക പ്രസിദ്ധമായ ഒരു പുസ്തകമാണത്.
അവൻ ആ പേര് ഒരിക്കൽ കൂടി വായിച്ചു. “A series of unfortunate events!” പൊട്ടിച്ചിരിച്ചു പോയി അവൻ. ഇതാണ് ഇന്നത്തെ ദിവസം ഉണ്ടായിരിക്കുന്നത്. വളരെ ദൗർഭാഗ്യകരമായ കുറേ സംഭവങ്ങൾ.
എന്നാൽ ആ പാവം ചെറുപ്പക്കാരൻ അറിഞ്ഞിരുന്നില്ല ദൗർഭാഗ്യങ്ങളുടെ പെരുമഴയാണിനി വരാനിരിക്കുന്നതെന്ന്.
ഏതാനും നിമിഷങ്ങൾക്കു ശേഷം, അവൻ എഴുന്നേറ്റു ഫ്രിഡ്ജിൽ നിന്നും ഒരു ബിയർ ബോട്ടിലെടുത്ത് തുറന്ന് പതിയെ സിപ്പ് ചെയ്തുകൊണ്ട് ബാല്ക്കണിയിലേക്കുള്ള വാതിൽ തുറന്നു.
അവൻ പുറത്തേക്ക് കാൽ വെച്ചതും അവിടെയിരുന്ന പ്രാവിൻ കൂട്ടം ചിതറിപ്പറന്നു.
താഴെ വീണു കിടന്ന ആഷ്ട്രേ എടുത്ത് ബാല്ക്കണിയുടെ കൈവരിമേൽ വെച്ച് അവൻ ഒരു സിഗരറ്റിനു തീ കൊടുത്തതും കോളിങ്ങ് ബെൽ മുഴങ്ങി.
“ഷിറ്റ്!” കത്തിച്ച സിഗരറ്റ് കുത്തിക്കെടുത്തി അവൻ അതൃപ്തിയോടെ വാതില്ക്കലേക്കു നടന്നു.
ഡോർ ലോക്ക് വിടുവിച്ചതും, ആരോ പുറത്തു നിന്ന് വാതിൽ അതിശക്തിയായി തള്ളിത്തുറന്നു. പ്രവീൺ പുറകോട്ട് വേച്ചു പോയി.
“ആരാണ് ?”
തനിക്കു പുറകിൽ ആ വാതിൽ ചാരിയടച്ചുകൊണ്ട് ഒരു പെൺകുട്ടി നിന്നിരുന്നു അവിടെ. അതി സുന്ദരിയായ ഒരു ചെറുപ്പക്കാരി.
“എനിക്കു മനസ്സിലായില്ല നിങ്ങളെ. ആരാണ് ?” പ്രവീൺ വീണ്ടും ചോദിച്ചു.
അവന്റെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കി പല്ലിറുമ്മിക്കൊണ്ട് വാതില്ക്കൽ തന്നെ നില്ക്കുകയാണവൾ. എന്തിനും മടിക്കാത്ത ഒരു ഭാവമായിരുന്നു അവൾക്ക്.
“മിസ്റ്റർ പ്രവീൺ!” അവളുടെ ശബ്ദം ഇടറിയിരുന്നു. കുറേ സമയമായി കരയുകയായിരുന്നു എന്നു തോന്നി. “എനിക്കാകെ അറിയേണ്ടത് ഒരു കാര്യമാണ്. ആത്മാർത്ഥമായ ഒരു മറുപടി തന്നാൽ ഞാൻ പൊയ്ക്കോളാം.“
പ്രവീൺ തന്റെ കയ്യിലിരുന്ന ബിയർ ബോട്ടിൽ മേശപ്പുറത്തു വെച്ചു കൊണ്ട് തിരിഞ്ഞ് അവളെ ശ്രദ്ധിച്ചു.
”നീയും അവളും തമ്മിലെന്താണ് ? എത്ര കാലമായി ഇതു തുടങ്ങിയിട്ട് ?“
അവന്റെ നെറ്റിയിൽ ചുളിവുകൾ വീണു. ”കുട്ടീ... ഒരു വല്ലാത്ത ദിവസമായിരുന്നു ഇന്ന്. വ്യക്തമായി കാര്യങ്ങൾ സംസാരിച്ചില്ലെങ്കിൽ, എന്റെ സ്വഭാവം മാറും. ആരാണ് എന്താണ് എന്നെല്ലാം ക്ലിയറായി പറയൂ പ്ലീസ്. ആദ്യം തന്നെ താങ്കളുടെ പേരെന്താണെന്നു പറയൂ. അതു കഴിഞ്ഞ്, പ്രശ്നമെന്താണെന്നും. അപരിചിതനായ ഒരാളുടെ മുറിയിലേക്ക് ഇങ്ങനെ ഇടിച്ചു കയറി വന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നത് എന്തു മര്യാദയാണ് ?“
അവൾ ഒരു നിമിഷം കണ്ണുകളടച്ചു പിടിച്ചു നിന്നു. ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു. പ്രവീൺ ആകെ ആശയകുഴപ്പത്തിലായി.
”എന്റെ പേര് ആകാൻഷ.“ ഒടുവിൽ അവൾ സംസാരിച്ചു തുടങ്ങി.
”ഓക്കേ ആകാൻഷ!“ പ്രവീൺ പുഞ്ചിരിച്ചു. ”കാം ഡൗൺ. ഓക്കേ ? എന്തു പ്രശ്നമായാലും നമുക്ക് പരിഹരിക്കാം. ഇതു പറയൂ, എന്നെ എങ്ങനെയാണ് പരിചയം ?“
”നിങ്ങളും നതാലിയായുമായി എന്താണ്... ?“ അവളുടെ തൊണ്ടയിടറി.
പ്രവീൺ ഒരു നിമിഷം സ്തബ്ധനായി.
”നതാലിയ ?“
”എന്താ നിങ്ങളറിയില്ലേ അവളെ ?“
”എനിക്കറിയാം...പക്ഷേ...“
“നിങ്ങളുടെ ഗേൾഫ്രണ്ടാണോ അവൾ ? നിങ്ങളെ കാണാനാണോ അവൾ ഇടക്കിടെ അപ്രത്യക്ഷയാകുന്നത് ?”
“എന്റെ ഗേൾഫ്രണ്ടോ ? നതാലിയായോ ?” അവൻ പൊട്ടിച്ചിരിച്ചു പോയി. “My Goodness! എനിക്കു ജീവിച്ച് കൊതി തീർന്നിട്ടില്ല കുട്ടീ.”
“പിന്നെ എന്താണ് നിങ്ങൾ തമ്മിൽ? ഇന്ന് എയർപോർട്ട് മുതൽ നിങ്ങളൊരുമിച്ചായിരുന്നു യാത്ര. ഇവിടെ ഈ ഹോട്ടലിലെത്തും വരെ. എനിക്കറിയാം.”
“എങ്ങനെ അറിയാം അത് ?” അവന്റെ സ്വരത്തിൽ ഗൗരവം കലർന്നു.
“എനിക്കറിയാം.”
“Were you following us ?” അവന്റെ മുഖം ചുവന്നു.
“ഞാനല്ല...” അവൾ തല താഴ്ത്തി. “ഞാനൊരാളെ ഏല്പ്പിച്ചിരുന്നു...”
“ഓ... ആ ഡിറ്റക്ടീവ്...അയാളെ നീ വിട്ടതാണല്ലേ.ഓക്കേ! എനിക്കെല്ലാം മനസ്സിലായി ഇപ്പോൾ.” പ്രവീൺ തിരിഞ്ഞ് നടന്ന് തന്റെ ബെഡിൽ ചെന്നിരുന്നു. “അതിരിക്കട്ടെ... ചോദിക്കുന്നതുകൊണ്ടൊന്നും വിചാരിക്കരുത്. ഞാനും നതാലിയായും തമ്മിൽ അടുപ്പത്തിലാണെങ്കിൽ തന്നെ... കുട്ടിക്കതിലെന്താ പ്രശ്നം ?”
രൂക്ഷമായൊരു നോട്ടമായിരുന്നു മറുപടി.
കുറേ നേരത്തേക്ക് പിന്നീട് നിശബ്ദതയായിരുന്നു. പതിയെ പതിയെ പ്രവീണിന്റെ മുഖത്ത് കടുത്ത ഇച്ഛാഭംഗം തെളിഞ്ഞു വന്നു.
“എന്താണവളുടെ ജോലി ?” ആകാൻഷയുടെ സംസാരത്തിന്റെ ടോൺ മാറിയിരുന്നു.
“എനിക്കറിയില്ല സുഹൃത്തേ! നീ കരുതുന്നതു പോലുള്ള യാതൊരു ഇടപാടും ഞങ്ങൾ തമ്മിലില്ല. വളരെ അവിചാരിതമായി പരിചയപ്പെടേണ്ടി വന്നു. അത്ര തന്നെ.”
“കള്ളം!”
“വേണമെങ്കിൽ വിശ്വസിച്ചാൽ മതി. പ്ലെയിനിൽ വെച്ച് ഒരു കൗതുകത്തിനു പരിചയപ്പെട്ടു. ഒരു കോഫി കുടിക്കാൻ ക്ഷണിച്ചു. അവൾ ആദ്യമൊന്നും സമ്മതിച്ചില്ല. പക്ഷേ ഞാൻ വല്ലാതെ നിർബന്ധിച്ചപ്പോൾ ഞങ്ങൾ...”
“നോ വേ! ഒരിക്കലും നതാലിയ അങ്ങനെ ചെയ്യില്ല. എനിക്ക് നന്നായി അറിയാം അവളെ. നിങ്ങൾ ഈ പറഞ്ഞത് നതാലിയ ചെയ്യാൻ സാധ്യത വളരെ കുറവാണ്. ടെൽ മി ദ ട്രുത്ത് പ്ലീസ്. ” അവൾ അവനരികിലേക്ക് സാവധാനം നടന്നടുത്തുകൊണ്ടാണത് പറഞ്ഞത്. മുഖം മുറുകിയിരുന്നു.
“സീ... ഞാൻ പറഞ്ഞല്ലോ. വേണമെങ്കിൽ വിശ്വസിച്ചാൽ മതി. എനിക്ക് യാതൊരു നിർബന്ധവുമില്ല. നിനക്ക് അവളെ നേരിട്ടു വിളിച്ചു ചോദിക്കാമല്ലോ. നിങ്ങൾക്ക് ഇത്ര വേണ്ടപ്പെട്ടവളാണെങ്കിൽ, എന്തുകൊണ്ട് പരസ്പരം സംസാരിക്കാൻ ശ്രമിക്കുന്നില്ല ? Why are you stalking her ? ”
അവൾ പെട്ടെന്നാണ് പൊട്ടിത്തെറിച്ചത്. “Because... I have No idea who the fuck my girlfriend is! അവളാരാണെന്നോ, എന്താണവളുടെ ജോലിയെന്നോ... ഒന്നുമെനിക്കറിയില്ല. നോക്കി നില്ക്കുമ്പോൾ അപ്രത്യക്ഷയാകുന്ന ഒരുത്തിയാണത്. നിനക്കറിയില്ല ഞാനനുഭവിക്കുന്ന സംഘർഷം. എന്തൊക്കെ പ്രശ്നങ്ങൾക്കിടയിലാണ് ഞാനെന്ന്. ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഒരാളുമായി ഇത്രക്ക് അടുക്കുന്നത്. പേടിയായിരുന്നു എനിക്ക്. നിനക്കൂഹിക്കാമല്ലോ, എന്നെപ്പോലൊരുത്തി ഇൻഡ്യ പോലൊരു രാജ്യത്ത് സർവ്വൈവ് ചെയ്യാനുള്ള ബുദ്ധിമുട്ട്. നതാലിയ വന്നപ്പോൾ ഞാൻ കരുതി എല്ലാം മാറാൻ പോകുകയാണെന്ന്. ആദ്യമായി എനിക്ക് എല്ലാം നേരിടാനൊരു ധൈര്യം വന്ന പോലെ. എന്റെ ഐഡന്റിറ്റി ഇനി മറച്ചു വെക്കേണ്ടതില്ല എന്നു തോന്നി. പക്ഷേ... “അവൾ വാവിട്ടു നിലവിളിച്ചു പോയി.
“പ്ലീസ്. എന്നെ ഒരു ഭ്രാന്തിയാക്കരുത്. നിങ്ങൾക്കറിയാമെങ്കിൽ എന്നെ സഹായിക്കൂ. ആരാണ് നതാലിയ ? ”
പെട്ടെന്നാണ് ചാരിക്കിടന്ന വാതിൽ തള്ളിത്തുറന്നുകൊണ്ട് രണ്ടു മനുഷ്യർ അകത്തേക്ക് കയറി വന്നത്!
തലയിലൂടെ ‘ഹുഡ്’ ഇട്ട് മറച്ചിരുന്ന അവരുടെ രണ്ടു പേരുടേയും മുഖത്ത് ടവ്വൽ കെട്ടിയിരുന്നു.
അകത്തു കയറിയതും, വാതിൽ അടച്ചു ലോക്ക് ചെയ്തു അവർ.
“ഹൂ ആർ യൂ പീപ്പിൾ!” അമ്പരന്നു പോയ പ്രവീൺ ചാടിയെഴുന്നേറ്റു.
“സിറ്റ് ഡൗൺ!” മുൻപിൽ നിന്നയാൾ കൈകൊണ്ട് ആംഗ്യം കാട്ടിക്കൊണ്ട് അരയിൽ നിന്നും ഒരു പിസ്റ്റൾ പുറത്തെടുത്തു.
അലറിക്കരയാനാഞ്ഞ ആകാൻഷയെ അയാൾ ഒരൊറ്റ നോട്ടം കൊണ്ട് വിലക്കി.
“നമുക്കിത് സമാധാനമായി ചെയ്യാവുന്നതേയുള്ളൂ. വെറുതേ ബഹളം വെച്ച് കോമ്പ്ലിക്കേഷൻസ് ഉണ്ടാക്കരുത്.” ആ മനുഷ്യൻ മുഖത്തെ ടവ്വൽ അഴിച്ചു മാറ്റി.
അജാനുബാഹുവായ ഒരു മനുഷ്യൻ! ഒരുക്കിൽ മെനഞ്ഞെടുത്ത പോലെ തോന്നി അയാളുടെ ശരീരം. വിരലുകൾ അനങ്ങുമ്പോൾ പോലും കൈത്തണ്ടയിലെ മസിലുകൾ തെളിഞ്ഞു കാണാം. വളരെ അപകടകാരിയാണെന്ന് വിളിച്ചറിയിക്കുന്ന മുഖഭാവം.
“ഏജന്റ് പ്രവീൺ ?” പ്രവീണിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
“ഏജന്റ് ?” അവന്റെ മുഖത്ത് ഭീതി നിറഞ്ഞു. “What do you mean ?? I'm Not an Agent! നിങ്ങൾക്കു തെറ്റിയിരിക്കുകയാണ്. ഞാൻ ...” വാക്കുകൾ പുറത്തു വരുന്നില്ല. പ്രവീൺ ഉമിനീരിറക്കി.
“നിങ്ങളുടെ പേര് പ്രവീൺ എന്നാണോ ?” അയാളുടെ ചോദ്യം ഉറച്ചതായിരുന്നു.
“അതെ. പക്ഷേ ഞാൻ ഒരു ഫാഷൻ ഡിസ-”
“അറിയാം. ഞാൻ കേട്ടിരുന്നു.ഇതാരാണ് ?” അയാളുടെ നോട്ടം ആകാൻഷയിലേക്കായി.
“അം...ഒരു സുഹൃത്താണ്. ആകാൻഷ.” പ്രവീണിന്റെ സ്വരം പതറി.
“ഓക്കേ! താങ്കൾ ഞങ്ങളോടൊപ്പം വരണം പ്രവീൺ. ” അയാൾ ഒരു നിമിഷം ആകാൻഷയെ നോക്കി “... കുട്ടിയെ എന്തു ചെയ്യണമെന്ന് ഒന്നാലോചിക്കട്ടെ.” അയാൾ പോക്കറ്റിൽ നിന്നും ഒരു ഫോണെടുത്ത് ഡയൽ ചെയ്തു.
കൂറേ നേരം ഫോണടിച്ചിട്ടും ആരും എടുക്കാതെ വന്നപ്പോൾ അയാൾ നിരാശനായി കൂട്ടാളിയെ നോക്കി.
“റോബി ഫോണെടുക്കുന്നില്ല! എന്തോ പന്തികേടാണ്‌.”
“നീ ഡോ. ശങ്കറെ വിളിക്ക്. അയാൾ പറയട്ടെ.”
അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി. “അനാവശ്യമായി ഡോക്ടറെ ശല്യം ചെയ്യരുതെന്നാണ് പറഞ്ഞത്. ഇവിടെ ഇപ്പോൾ നമുക്ക് കൈകാര്യം ചെയ്യാവുന്ന പ്രശ്നങ്ങളേ ഉള്ളൂ.”
“ഗയ്സ്!” പ്രവീൺ ഇടപെട്ടു. “ഇതെല്ലാം ഒരു തെറ്റിദ്ധാരണയാണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ?”
“ഇല്ല! തീർച്ചയായും ഇല്ല.” ആ മനുഷ്യൻ പുഞ്ചിരിച്ചു.
“എന്താണ് നിങ്ങൾക്കു വേണ്ടത് ?”
“കൊല്ലാനൊന്നും ഉദ്ദേശമില്ല. പേടിക്കണ്ട. നിങ്ങളെ രണ്ടുപേരെയും ജീവനോടെ എത്തിക്കാനാണ് ഓർഡർ. ഞങ്ങൾ പരമാവധി അതിനു ശ്രമിക്കുകയും ചെയ്യും.”
“ഞങ്ങൾ രണ്ടുപേരെയും ?” ചോദിച്ചത് ആകാൻഷയായിരുന്നു. “ഞങ്ങൾ എന്തു ചെയ്തിട്ട് ?”
“ഓ... കുട്ടിയെയല്ല ഉദ്ദേശിച്ചത്. കുട്ടിയെ എന്തു ചെയ്യണമെന്ന് ഞങ്ങൾ ആലോചിക്കുന്നതേയുള്ളൂ. ഇവിടെ ഉപേക്ഷിച്ച് പോകാമായിരുന്നു. പക്ഷേ നീ എന്റെ മുഖം കണ്ടു പോയി. സോ, അതിനി റിസ്കാണ്. കൂടെ കൊണ്ടുപോകാമെന്നു വെച്ചാൽ, ഹെലികോപ്റ്ററിൽ സ്ഥലം തികയാതെ വരും. ആകെ പ്രശ്നമായി. നീ ശരിക്കും ആരാണ് ?” അയാളുടെ മുഖത്തെ പുഞ്ചിരി മാറിയിട്ടില്ല.
അടുത്ത നിമിഷം വാതിലിൽ ഒരു മുട്ടു കേട്ടു.
പുറകിൽ നിന്നിരുന്ന ആ കുറിയ മനുഷ്യൻ ഓടിച്ചെന്ന് പീപ്പ് ഹോളിലൂടെ പുറത്തേക്കു നോക്കി.
“ആരാ?” തോക്കുധാരി ആംഗ്യത്തിലൂടെ ചോദിച്ചു.
മറ്റവന്റെ മുഖത്തെ ചോര വാർന്നു പോയിരുന്നു. ഒരു പ്രേതത്തെ കണ്ടിട്ടെന്നവണ്ണം അയാൾ ഭയചകിതനായി കാണപ്പെട്ടു.
“ഞാൻ പറഞ്ഞില്ലേ എന്തോ പന്തികേടുണ്ടെന്ന്...” തോക്കുധാരി പുഞ്ചിരിച്ചു കൊണ്ട് പ്രവീണിനടുത്തേക്കു നടന്നു. “എന്തൊക്കെ സംഭവിച്ചാലും, നിങ്ങളെ രണ്ടിനെയും ഞങ്ങൾ ഇവിടെ നിന്നു കൊണ്ടുപോയിരിക്കും. യാതൊരു വിട്ടുവീഴ്ച്ചയുമില്ല ആ കാര്യത്തിൽ. സോ, ബഹളം വെക്കാതെ സഹകരിക്കുക.”
അയാൾ പ്രവീണിന്റെ തലമുടിയിൽ കടന്നു പിടിച്ച് തോക്ക് താടിയിൽ മുട്ടിച്ചുകൊണ്ട് തിരിഞ്ഞു.
“ആകാൻഷ! On your knees! രണ്ടു കൈകളും തലക്കു പിന്നിൽ കെട്ടി മുട്ടുകുത്തി നിന്നോളൂ.വേഗമായ്ക്കോട്ടെ. നമുക്കൊരു ഗസ്റ്റ് ഉണ്ട്.” അയാളുടെ മുഖത്തെ ചിരി മായുന്നേ ഇല്ല.
ആകാൻഷ സ്തംഭിച്ചു നിന്നതേയുള്ളൂ.
അയാളുടെ മുഖഭാവം മാറിയത് പെട്ടെന്നായിരുന്നു. “മര്യാദക്ക് ഞാൻ പറഞ്ഞതനുസരിക്കുക! ഇല്ലെങ്കിൽ!”
അവൾ കണ്ണുകളിറുക്കി അടച്ച് വിതുമ്പിക്കൊണ്ട് സാവധാനം മുട്ടുകുത്തി നിന്നു. എന്താണീ നടക്കുന്നതെന്ന് അവൾക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.
“ഓക്കേ! ഡോർ തുറന്നോളൂ.” അയാൾ വാതില്ക്കൽ നിന്നവനു സിഗ്നൽ കൊടുത്തു.
അയാൾ ജാഗ്രതയോടെ ഡോറിന്റെ ലോക്ക് വിടുവിച്ചു.
നിമിഷങ്ങൾക്കുള്ളിൽ നതാലിയ അകത്തെത്തി.
“ധൃതി വേണ്ട!” മുറിക്കുള്ളിൽ ആ ശബ്ദം മുഴങ്ങിയതും അവൾ അപകടം മണത്തു. വലതു കൈ അരയിലേക്കു നീണ്ടു.
“വേണ്ടാ!! മണ്ടത്തരം കാണിക്കരുത്.” വീണ്ടും ആ ശബ്ദം.
താടിയെല്ലിനു കീഴെ തോക്കമർത്തി പ്രവീണിനെ വലിച്ച് മുൻപോട്ടു നടത്തിക്കൊണ്ട് ആ മനുഷ്യൻ അവൾക്കടുത്തെത്തി.
“ഏജന്റ് നതാലിയ! അല്ലേ ?” അയാളുടെ മുഖത്ത് വീണ്ടും പുഞ്ചിരി വിടർന്നു.
അവളുടെ മുഖത്ത് യാതൊരു കൂസലുമുണ്ടായിരുന്നില്ല. പക്ഷേ ...
മുറിയുടെ മൂലയിൽ മുട്ടുകുത്തി തന്റെ മുഖത്തേക്ക് തന്നെ അങ്കലാപ്പോടെ നോക്കി നില്ക്കുന്ന ആ പെൺകുട്ടിയുടെ മുഖം പെട്ടെന്നാണ് അവളുടെ കണ്ണിൽ പെട്ടത്.
“what the hell!!” നടുങ്ങിപ്പോയി അവൾ! “What are you doing here aaksha ?”
“ഇന്ററസ്റ്റിങ്ങ്...” തോക്കു ധാരി പിറുപിറുത്തുകൊണ്ട് രണ്ടു പെൺകുട്ടികളേയും മാറിമാറി നോക്കി.
“അവൾക്കിതിൽ യാതൊരു പങ്കുമില്ല. Please let her go! ഞാൻ സഹകരിക്കാം.” നതാലിയ ഇരു കൈകളുമുയർത്തി.
“നീ സഹകരിക്കുമെന്ന് പ്രത്യേകം പറഞ്ഞു തരേണ്ട കാര്യമില്ല.” അയാൾ കൂട്ടാളിക്ക് വീണ്ടും സിഗ്നൽ കൊടുത്തു.
അയാൾ പോക്കറ്റിൽ നിന്നും ഒരു സിറിഞ്ചെടുത്ത് മരുന്നു നിറക്കാനാരംഭിച്ചു. ആ ദ്രാവകത്തിന്റെ ബ്രൗൺ നിറത്തിൽ നിന്നു തന്നെ അതെന്താണെന്നു നതാലിയക്കു മനസ്സിലായി.
“ആ ഒരു ഷോട്ടിനു ശേഷം എല്ലാം വളരെ സ്മൂത്തായിരിക്കും നതാലിയ. നമുക്ക് യാതൊരു പ്രശ്നവുമില്ലാതെ ഇവിടെ നിന്നു പോകാം. ഓക്കേ ?”
നതാലിയ ചിന്തയിലാണ്ടു. വളരെ ബുദ്ധിമാനാണ് എതിരാളി. തന്റെ ആക്രമണം ഉണ്ടായേക്കാവുന്ന ദിശയിൽ തന്നെയാണ് അയാൾ മറയായി പ്രവീണിനെ നിർത്തിയിരിക്കുന്നത്. മാത്രമല്ല പെട്ടെന്നൊരു ആക്രമണമുണ്ടായാൽ അയാൾ വെടിവെക്കും എന്ന കാര്യത്തിൽ സംശയമില്ല. മുഖഭാവം അത് വ്യക്തമാക്കുന്നുണ്ട്. തല്ക്കാലം സഹകരിക്കുകയേ മാർഗ്ഗമുള്ളൂ. അവൾക്ക് മനസ്സിലായി.
‘സ്കോപ്പോലമീൻ’ എഫക്റ്റ് ഏതാണ്ട് 12 മണിക്കൂറുകളോളമുണ്ടാകാം. അതായത്, വരുന്ന 12 മണിക്കൂറുകൾ തന്റെ ജീവിതത്തിൽ നിന്നും നഷ്ടപ്പെടാൻ പോകുകയാണ്. അതിനിടയിൽ എന്തും സംഭവിച്ചേക്കാം. പക്ഷേ, താൻ ഇതിനു വഴങ്ങിയില്ലെങ്കിൽ, രണ്ടു ജീവനുകളാണ് അപകടത്തിൽ. മറ്റു വഴികളൊന്നും തന്നെ കാണുന്നില്ല. അവൾ കണ്ണുകൾ ഇറുക്കിയടച്ചു. പുറകിൽ നിന്നിരുന്ന ആ കുറിയ മനുഷ്യൻ സിറിഞ്ചുമായി അടുത്തെത്തിക്കഴിഞ്ഞു. കഴുത്തിൽ ആ സൂചിയുടെ തണുപ്പ്. നതാലിയ കണ്ണുകൾ ഒരിക്കൽ കൂടി നന്നായി ഇറുക്കിയടച്ചു.
അടുത്ത നിമിഷം!
ആരും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്!
ആകാൻഷ ഒരു ചീറ്റപ്പുലിയെപ്പോലെ കുതിച്ചെഴുന്നേറ്റു. നിമിഷങ്ങൾക്കുള്ളിൽ അവർക്കടുത്തെത്തിയ അവൾ നതാലിയായെ ശക്തമായി പുറകോട്ടു തള്ളി സിറിഞ്ചുമായി നിന്നവന്റെ നാഭി ലക്ഷ്യമാക്കി ആഞ്ഞു തൊഴിച്ചു.
എന്നാൽ അതി വിദഗ്ധമായി ഒഴിഞ്ഞു മാറിയ അയാൾ ഒറ്റയടിക്ക് അവളെ താഴെയിട്ടു. പക്ഷേ പിന്മാറാൻ അവൾ ഒരുക്കമല്ലായിരുന്നു. ചാടിയെഴുന്നേറ്റ അവളെ പക്ഷേ നതാലിയ തടഞ്ഞു.
“ആക്ഷാ... പ്ലീസ്.”
“What the hell is going on natalia ?” അവൾ കരഞ്ഞു പോയി.
അടുത്ത നിമിഷം.
ഒരു നേർത്ത വെടിശബ്ദം കേട്ടു.
ആകാൻഷയുടെ ശരീരം ഒന്നു കുലുങ്ങി വിറച്ചു.
നതാലിയ മുന്നോട്ടാഞ്ഞ് അവളെ ചേർത്തു പിടിക്കാൻ ശ്രമിച്ചതും, ഒരു ഞെരക്കം പോലുമുണ്ടാക്കാതെ ആ പെൺകുട്ടി സാവധാനം പുറകോട്ട് മലർന്നു വീണു. നിമിഷങ്ങൾക്കുള്ളിൽ അവളുടെ തലക്കു പുറകിൽ നിന്നും കുതിച്ചൊഴുകിയ രക്തം തറയിലാകെ പരന്നു.
“NOOOO!!” അലറിക്കൊണ്ട് മുൻപോട്ട് കുതിക്കാനാഞ്ഞ നതാലിയായെ മറ്റവൻ പുറകിൽ നിന്നും പിടികൂടി. അവളുടെ അരക്കെട്ടിൽ തന്റെ ബലിഷ്ഠമായ കൈ ചുറ്റിപ്പിടിച്ച് അയാൾ സിറിഞ്ച് കഴുത്തിലേക്ക് കുത്തിയിറക്കി.
To be continued.........

Written by :- Alex John
Read All parts here - Click here - https://goo.gl/YQ1SLm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot