Slider

വാലെന്റൈൻസ് ഡേ ഇൻ വെർജിൻ ഐലൻഡ്

0
Image may contain: Giri B Warrier, smiling, closeup
നർമ്മകഥ | ഗിരി ബി. വാരിയർ
"ശ്രീയേട്ടാ, എനിക്ക് ഇന്ന് തന്നെ ഡൈവോഴ്സിന് അപേക്ഷിക്കണം. ശ്യാമേട്ടന്റെ കൂടെ ജീവിക്കാൻ പറ്റില്ല്യ. ഞാനിങ്ങ് പോന്നു"
തലയിൽ ഇടിത്തീ വീണ പോലെയാണ് ശ്രീധർ അത് കേട്ടത്. എന്തു പറയണമെന്ന് അറിയാതെ ഒരു നിമിഷം മരവിച്ചു പോയി.
" ശ്രീയേട്ടാ. കേൾക്കുന്നുണ്ടോ?"
''ഉവ്വ് "
പക്ഷേ ശ്രീധർ അപ്പോഴും ആ ഞെട്ടലിൽത്തന്നെ ആയിരുന്നു. എന്ത് മറുപടി പറയണമെന്നറിയില്ല
" എന്നിട്ട് എന്താ ഞെട്ടാത്തത് "
" ഞാൻ ഞെട്ടി, തമാശ കളയ്, നീയ്യിപ്പോൾ എവിട്യാ?"
" തമാശയല്ല, സീരിയസ്സായി തന്നെയാ, ഇവിടെ ഡൽഹിയിൽ ഏട്ടന്റെ വീട്ടിൽ. ഇനി ഞാൻ നിങ്ങളുടെ കൂടെ ജീവിച്ചോളാം " അപ്പോഴാണ് ശ്രദ്ധിച്ചത് പ്രീതയുടെ ഫോണിൽ നിന്നുമാണ് അവൾ വിളിക്കുന്നത്.
"ശ്യാമിന് അറിയുമോ നീ ഇങ്ങോട്ട് പോരുന്ന വിവരം...?"
"ഇല്ല്യാ.. ഞാൻ ഫ്ലൈറ്റ് ഇറങ്ങി ഒരു ക്യാബ് എടുത്ത് ഇങ്ങോട്ട് പോന്നു"
"നീ ഒന്നടങ്ങ്, ഞാൻ വീട്ടിലോട്ട് വരാം. എന്നിട്ട് ശ്യാമുമായി സംസാരിക്കാം "
" എനിക്കിനി സംസാരിക്കാനൊന്നും ഇല്ല. അവന്റെ കൂടെ ഇനി വയ്യ "
"രാഖി, മൈൻഡ് യുവർ വേഡ്സ്. അവൻന്നോ?. കഴിഞ്ഞ 23 വർഷമായി നീ ശ്യാമേട്ടൻന്ന് വിളിച്ചിട്ട്...പെട്ടെന്നിപ്പോ?"
"സോറി, പെട്ടെന്ന് ദേഷ്യം വന്നപ്പോൾ.... "
''ങും... നേരിട്ട് സംസാരിക്കാം." ശബ്ദത്തിന്റെ ഭാവപ്പകർച്ച മനസ്സിലായിട്ടെന്നപോലെ രാഖി പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഫോൺ വെച്ചു.
അപ്പോൾത്തന്നെ പ്രീതയെ ഫോണിൽ തിരിച്ചു വിളിച്ചു.
"സാരല്ല്യ, ശ്രീയേട്ടൻ വെറുതെ ടെൻഷൻ ആവണ്ട, ഞാൻ നോക്കിക്കോളാം. അവൾ വല്ലാതെ ദേഷ്യത്തിൽ ആണ്. ഞാൻ ചിറ്റപ്പനെയും അമ്മാമനെയും വിളിച്ചു പറഞ്ഞിട്ടുണ്ട്, അവൾ ഇവിടെ എത്തിയെന്ന്" പ്രീത പറഞ്ഞു.
അമ്മമ്മയ്ക്കും മുത്തച്ഛനും രണ്ട് ആണും രണ്ട് പെണ്ണുമായി നാലു മക്കൾ ആയിരുന്നു. അമ്മയാണ് മൂത്തത് പിന്നെ രണ്ട് അമ്മാമന്മാർ ഏറ്റവും ഇളയതായിരുന്നു രാഖിയുടെ അമ്മ സീമച്ചിറ്റ. രാഖി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ചിറ്റയുടെ അകാലമരണം.
ഈ തലമുറയിൽ ഞങ്ങളുടെ തറവാട്ടിൽ ആദ്യമായി വന്നു കയറിയ മരുമകളാണ് പ്രീത. അതു കൊണ്ടു തന്നെ ഒരു ഏട്ടത്തിയമ്മ എന്നതിലുമുപരി ഒരു ചേച്ചിയുടെ സ്ഥാനം തന്നെയാണ് പ്രീതയ്ക്ക്.
വിവാഹം കഴിഞ്ഞ് വീട്ടിൽ കയറിയ ദിവസം മുതൽ രാഖി ഏട്ടത്തിയമ്മയുടെ ഓമനക്കുട്ടിയായി. അപ്പോൾ രാഖി എട്ടാം ക്ലാസ്സിൽ എത്തിയിരുന്നു. രാഖി പ്രീതയെ അമ്മയുടെ സ്ഥാനത്താണ് കണ്ടത്.
രണ്ട് വർഷം കഴിഞ്ഞപ്പോൾ പ്രമോഷനോട് കൂടി ശ്രീധറിന് ബോംബെയിലേക്ക് സ്ഥലമാറ്റമായപ്പോൾ ഏറ്റവും കൂടുതൽ ദുഃഖിച്ചതും ഇവർ രണ്ടുപേരും ആയിരുന്നു.
അമ്മയുടെ നേരെ താഴെയുള്ള ശങ്കരമാമന് രണ്ട് മക്കളാണ്. മകൾ വിവാഹം കഴിഞ്ഞ് മിഡിൽ ഈസ്റ്റിൽ ആണ്. താഴെയുള്ള മകനാണ് ശ്യാം.
നാരായണമ്മാനാണ് അതിനു താഴെ. അവർക്ക് രണ്ട് പെൺമക്കൾ രണ്ടു പേരും വിവാഹം കഴിഞ്ഞ് അമേരിക്കയിൽ സ്ഥിരതാമസമാണ്. അമ്മാമനും അമ്മായിയും അധികവും അവരുടെ കൂടെ അമേരിക്കയിൽ തന്നെയാണ്.
കുട്ടിയായിരിക്കുമ്പോൾ തന്നെ ശ്യാം വളരെ വികൃതിയായിരുന്നു. വ്യത്തി എന്ന വാക്ക് അവന്റെ നിഘണ്ടുവിൽ ഇല്ലായിരുന്നു, എപ്പോൾ നോക്കിയാലും മൂക്കിൽ നിന്നും മൂക്കള ഒളിപ്പിച്ച, അത് ഇടക്കിടക്ക് കൈകൊണ്ട് തുടച്ച് ട്രൗസറിൽ തേയ്ക്കും അല്ലെങ്കിൽ ബട്ടൻസ് ഇടാത്ത ഷർട്ടുകൊണ്ട് തുടയ്ക്കും. രാഖിയെ ശുണ്ഠി പിടിപ്പിക്കാൻ ഇടക്ക് അവളുടെ ഉടുപ്പിൽ കൈ തുടക്കുന്ന പോലെ കാണിക്കും. അപ്പോൾ രാഖി ഉടുപ്പ് മാറ്റണമെന്ന് പറഞ്ഞ്‌ കരഞ്ഞുകൊണ്ട് ചിറ്റയുടെ അടുത്തേക്കോടും. ഉടുപ്പ് മാറ്റി വന്നാൽ അവൻ അതാവർത്തിക്കും. കൊച്ചുകുട്ടിയായിരുന്ന അവളെ ദേഷ്യം പിടിപ്പിക്കാൻ എല്ലാവരും അവളോട് പറയുമായിരുന്നു, ശ്യാം നിന്റെ മുറച്ചെറുക്കൻ ആണ്, അവനാണ് നിന്നെ കെട്ടുക എന്ന്. അത് കേട്ട് അവൾ "എനിക്ക് ശ്യാമേട്ടനെ കല്ല്യാണം കഴിക്കണ്ട " എന്ന് പറഞ്ഞ്‌കരച്ചിലും പിഴിച്ചലും മറ്റുമാകും.
പത്താം ക്ലാസ്സിൽ ആയപ്പോഴേക്കും ശ്യാമിന്റെ രൂപവും ഭാവവും എല്ലാം മാറി. അവൻ ഒരു യുവകോമളനായി. ഇതിനിടെ കളിയാക്കി പറയാറുള്ളതാണെങ്കിലും രണ്ടുപേരുടെയും മനസ്സിൽ സ്നേഹം പൊട്ടിമുളച്ചു. അത് വളർന്നു.
ഡിഗ്രി കഴിഞ്ഞപ്പോൾ നാട്ടിൽ ചുറ്റിപ്പറ്റി നടന്ന് ജീവിതം നശിപ്പിക്കണ്ട എന്ന് പറഞ്ഞ് ശങ്കര മാമൻ ശ്യാമിനെ ബോംബെയിലേക്ക് അയച്ചു. ഒരു ചെറിയ ജോലിയിൽ പ്രവേശിച്ച ശ്യാം കൂടെ എംബിഎയും ചെയ്തു. അഞ്ചുവർഷത്തിനുള്ളിൽ ശ്യാം ഒരു അമേരിക്കൻ കമ്പനിയിൽ നല്ല പദവിയിലായി..
മൂന്ന് വർഷം മുൻപാണ് രാഖിയുടെയും ശ്യാമിന്റെയും വിവാഹം നടത്തിയത്. അപ്പോഴേക്കും പ്രൊമോഷനായി ശ്രീധറും പ്രീതയും ഡൽഹിയിലേക്ക് താമസം മാറി.
രാഖിയെ പ്രകോപിപ്പിക്കാൻ ശ്യാം എന്തെങ്കിലും ഒക്കെ വിക്യതികൾ കാണിക്കുമായിരുന്നു. പക്ഷെ ഇന്നുവരെ ഒരിക്കൽ പോലും ശ്യാമേട്ടൻ എന്നല്ലാതെ, "എടാ, പോടാ, അവൻ " എന്നൊന്നും അവൾ ശ്യാമിനെ വിളിച്ചിട്ടില്ല.
ജോലി പിടിപ്പതുണ്ടായിരുന്നിട്ടും ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ശ്യാമിനെ വിളിച്ചപ്പോൾ മൊബൈൽ ഓഫ് ആണ്, വീട്ടിലെ ഫോൺ റിംഗ് ചെയ്യുന്നുണ്ട്. പെട്ടെന്ന് തിരിച്ചുവിളിക്കാൻ പറഞ്ഞുകൊണ്ട് ശ്വാമിന് ഒരു മെസ്സേജ് ഇട്ടു.
ബ്രാഞ്ച് ഇൻചാർജിനെ ഉടനെ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ ഒക്കെ ഏൽപ്പിച്ച് ഒട്ടും സമയം കളയാതെ വീട്ടിലേക്ക് പുറപ്പെട്ടു. യാതൊരു സ്ഥലകാലബോധവും ഇല്ലാതെയാണ് വണ്ടിയോടിച്ച് വീട്ടിൽ എത്തിയത്.
വരുന്ന വിവരം അറിയാതിരുന്നതിനാൽ ശ്രീധറിനെ കണ്ടപ്പോൾ രാഖി ആദ്യം ഒന്ന് ഞെട്ടിപ്പോയി, പിന്നെ ഓടിചെന്ന് കെട്ടിപ്പിടിച്ചുകരഞ്ഞു
"ശ്യാം എവിടെ ? അവന്റെ മൊബൈൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ"
"കറങ്ങാൻ പോയിരിക്കുകയാണ്, കാമുകിയുടെ കൂടെ.. പറയാൻ ബിസിനസ്സ് ടൂർ.. കുറെ കാലായി എന്ന് തോന്നുന്നു ഇത് തുടങ്ങിയിട്ട്, അല്ലെങ്കിലും ഞാൻ നാട്ടിമ്പുറത്ത് ജനിച്ചു വളർന്ന മണ്ടിയല്ലേ..."
"മോളെ, നിനക്ക് തോന്നുന്നതാവും, അവൻ അങ്ങിനത്തെ ആളല്ല, എനിക്കറിയാം, "
"ഓഹോ, അല്ലെങ്കിലും ശ്രീയേട്ടന് എന്നെക്കാളും ശ്യാമിനെയാണല്ലോ വിശ്വാസം."
"എടീ, അങ്ങിനെയല്ല, നിന്നയും അവനെയും ഇത്രകാലം കൊണ്ട് കാണുന്നതല്ലേ. നീ പറയു, എന്തുപറ്റി."
"ശ്യാമേട്ടൻ അമേരിക്കയിൽ പോയിരിക്കുകയാണ്. ഇന്നലെ എയർപോർട്ടിലേക്ക് പോയതിന് ശേഷം ആണറിഞ്ഞത് മൊബൈൽ വീട്ടിൽ മറന്നുവെച്ചു എന്ന്. എന്നെ വിളിച്ചുപറഞ്ഞു ഒരു ടാക്സി എടുത്ത് പെട്ടെന്ന് ഫോണുമായി എയർപോർട്ടിൽ എത്താൻ"
"എന്നിട്ട്?"
"ടാക്സിയിൽ ഇരുന്ന് ഞാൻ വെറുതെ ശ്യാമേട്ടന്റെ മൊബൈൽ ഒന്ന് തുറന്നു നോക്കിയപ്പോൾ, അതിൽ ഒരു സീതയുടെ കുറെ മെസ്സേജുകൾ."
"ആരാ ഈ സീത?"
"അറിയില്ല, ശ്യാമേട്ടൻ ബിസിനസ്സ് ട്രിപ്പിന് ഒന്നുമല്ല പോകുന്നത്, വാലെൻന്റൈൻസ് ഡേ ആഘോഷിക്കാനാണ് അമേരിക്കയിൽ പോയിരിക്കുന്നത്."
"നിനക്ക് പ്രാന്താ, ആരെങ്കിലും ഇതിനുവേണ്ടി അമേരിക്കയിൽ പോവുമോ, മറൈൻ ഡ്രൈവിലോ, ജുഹുവിലോ മറ്റോ പോയാൽ പോരെ.."
"അതെങ്ങിനെ, ഇവിടെ ആളൊരു പെങ്കോന്തൻ അല്ലെ, ഭാര്യയെ പേടിച്ച്, ഭാര്യ പറഞ്ഞ പോലെ നടക്കുന്ന ഒരു പാവത്താൻ. അങ്ങിനെ ഒരു ഇമേജ് അല്ലെ ഉണ്ടാക്കി വെച്ചിരിക്കുന്നത്. അവിടെ ആവുമ്പോൾ ആരും അറിയില്ലല്ലോ."
"നിനക്കെങ്ങനെ മനസ്സിലായി വാലൻന്റൈൻസ് ഡേ ആഘോഷിക്കാനാണെന്ന്"
"മെസ്സേജിൽ കുറെ സ്ഥലങ്ങളിൽ പോകാനുള്ള പ്ലാനിംഗ് ഉണ്ടായിരുന്നു, ന്യൂയോർക്ക്, ഫ്ലോറിഡ, അങ്ങിനെ കുറെ സ്ഥലങ്ങൾ, അവിടുത്തെ പ്രധാന ഹോട്ടലുകളിൽ ലഞ്ച് കഴിക്കാം, ഡിന്നർ ഇന്ന സ്ഥലത്താവാം എന്നൊക്കെ."
"മോളെ , ഇതൊക്കെ അവിടുത്തെ പ്രധാന സ്ഥലങ്ങൾ അല്ലെ. വേറെന്താ?"
"അവസാനം എഴുതിയിരിക്ക്യാ വാലെൻന്റൈൻസ് ഡേയ്ക്ക് നമുക്ക് വെർജിൻ ഐലൻഡിൽ പോകാമെന്ന്."
"മോളെ, അതും അവിടുത്തെ ഒരു സ്ഥലമല്ലേ..."
"ശ്രീയേട്ടാ, ബാക്കിയെല്ലാം തീയതികൾ, ഇതുമാത്രം എന്തെ ഇത്ര പ്രത്യേകിച്ച് വാലെൻന്റൈൻസ് ഡേ.. അപ്പോൾ എന്തോ പന്തികേട് ഇല്ലേ.."
"മോളെ, എന്തായാലും നീ ടെൻഷൻ ആവണ്ട. ഞാൻ അവനോടൊന്ന് സംസാരിക്കട്ടേ "
"എനിക്ക് ശ്യാമേട്ടനിലുള്ള വിശ്വാസം നഷ്ടപ്പെട്ടു ഏട്ടാ, എന്നെ അല്ലെങ്കിലും ഒരു വിലയും ഇല്ല, എന്നെ ഫ്രീ ആയി കിട്ടിയതല്ലേ, ഭാഗം വെച്ച് കുടുംബസ്വത്ത് കിട്ടിയ പോലെ, ഹും... അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നല്ലേ."
"നീ കിടന്ന് ആവലാതി പറയാതെ. പ്രീതേ, ഊണ് കാലായെങ്കിൽ വെയ്ക്ക്, എനിക്ക് വിശക്കുന്നു., മോൾക്കും വിശക്കുന്നുണ്ടാവും."
"ശ്രീയേട്ടാ, എനിക്കൊന്നും വേണ്ട, വിശപ്പില്ല, നാല് ദിവസായി ശർദ്ദിയും ക്ഷീണവും തുടങ്ങിയിട്ട്. അതു കൊണ്ട് കൂടിയാണ് ഞാൻ ഇങ്ങോട്ട് പോന്നത്‌. അതവിടെ നിൽക്കട്ടെ. നാളെത്തന്നെ പോയി ഒരു അഡ്വക്കേറ്റിനെ കണ്ട് നോട്ടീസ് അയക്കണം. വാലെൻന്റൈൻസ് ഡേയും, ഹണിമൂണും ഒക്കെ കഴിഞ്ഞു സീതയും രാമനും തിരിച്ചു വരുമ്പോൾ സ്വീകരിക്കാൻ ഈ നോട്ടീസ് വേണം..ഹും ... അറിയട്ടെ രാഖി ആരാണെന്ന് "
ഊണ് കഴിക്കാൻ ടേബിളിൽ ഇരുന്നതും ശ്യാമിന്റെ ഫോൺ വന്നു.
"ശ്രീയേട്ടാ, എന്തുപറ്റി, രാഖിയുടെ ഫോൺ ഓഫ് ആണ്, ഏട്ടന്റെ പെട്ടെന്ന് തിരിച്ചുവിളിക്കണം എന്ന് പറഞ്ഞുള്ള മെസ്സേജും കണ്ടു. എന്തെങ്കിലും പ്രശ്നം ഉണ്ടോ ഏട്ടാ.."
" രാഖി ഇവിടെ എത്തിയിട്ടുണ്ട്.. "
"എവിടെ, ഡൽഹിക്കൊ, എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ പോകുന്ന കാര്യം. ഒരു മാസം അവിടെ താമസിച്ച് തിരിച്ച് വന്നിട്ടിപ്പോൾ രണ്ട് മാസല്ലേ ആയുള്ളൂ. "
"എടാ, അവളാകെ കലിപ്പിലാണ്. നിന്നെ ഇപ്പോൾ കൈയ്യിൽ കിട്ടിയാൽ അവള് കൊല്ലും .
"എന്തിന്? ഇന്നലെ വരെ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലല്ലോ."
"നീ വെർജിൻ ഐലന്റിൽ ഏതോ സീതയുടെ കൂടെ വാലെൻന്റൈൻസ് ഡേ ആഘോഷിക്കാൻ പോയിരിക്ക്യാന്നു പറഞ്ഞു. അതിന്റെ ദേഷ്യത്തിലാണ്. "
"ശ്രീയേട്ടാ, സ്‌പീകറിൽ ഇടൂ, ഞാനും കേൾക്കട്ടെ ശ്യാമേട്ടൻ എന്തൊക്കെ മുടന്തുന്യായങ്ങളാണ് പറയുന്നതെന്ന്. എന്നെ വാലൻന്റൈൻസ് ഡേയുടെ അന്ന് മാത്തേരാനിലോ, ലോണാവ്ലയിലോ കൊണ്ടുപോകാമെന്ന് പറഞ്ഞതാ. എന്നിട്ടിപ്പോൾ.. ''
ഇടയ്ക്ക് കയറി രാഖി പറഞ്ഞു.
"ശ്യാം, നീ ഇപ്പോൾ സ്‌പീക്കറിൽ ആണ്, , രാഖിയും കേൾക്കുന്നുണ്ട്.പറയൂ "
"ശ്രീയേട്ടാ, അവൾക്ക് പ്രാന്താ.. അല്ലാണ്ടെ ഞാനിപ്പോ എന്താ പറയ്യാ. അത് കേട്ട് ടെൻഷൻ അടിക്കാൻ ഏട്ടനും ഏട്ടത്തിയമ്മയും."
"ശ്യാമേട്ടാ, എനിക്ക് പ്രാന്തന്ന്യാ, ഞാൻ ശ്യാമേട്ടന്റെ മൊബൈലിൽ കണ്ടതാ ഒരു സീതയുടെ മെസ്സേജ്" രാഖി പറഞ്ഞു.
"ഓ അതാണോ, ഒരു നിമിഷം ഞാൻ ആ സീതക്ക് ഫോൺ കൊടുക്കാം,"
അടുത്ത നിമിഷം മറ്റൊരു ശബ്ദം ഫോണിന്റെ മറുതലയിൽ വന്നു.
"ഹലോ രാഖി, , സീതാറാം ഹിയർ, ഡോണ്ട് യു റിമെംബേർ മി..? വി മെറ്റ് ഡ്യൂറിംഗ് ക്രിസ്മസ് ഗെറ്റ് ടുഗെതർ''
"ഹലോ സാർ, ഹൌ ആർ യു. ദിസ് ഈസ് ശ്രീധർ, ശ്യാംസ് കസിൻ."
"ഹൈ ശ്രീധർ, സോറി, ഹി ടോൾഡ് മി രാഖി ഈസ് ഓൺ ലൈൻ "
"യെസ്, ഷീ ടൂ ഹിയർ" ശ്രീധർ പറഞ്ഞു.
രാഖിയോട് സംസാരിക്കാൻ ശ്രീധർ ആംഗ്യം കാട്ടി.
"ഹലോ സാർ, രാഖി ഹിയർ. ഹൌ ആർ യു"
"ഓൾ വെൽ ഡിയർ, സോറി, ഐ ഹാഡ് ടു അർജന്റ്‌ലി കാൾ ശ്യാം ഹിയർ. ഐ സ്പോയിൽഡ് യുവർ വാലെന്റൈൻസ് ഡേ ട്രിപ്പ് റൈറ്റ്, ശ്യാം ടോൾഡ് മി. ഡോണ്ട് വറി, ഐ വിൽ ഗിവ് യു എ മലേഷ്യൻ ഹോളിഡേ ഏസ് എ ഗിഫ്റ്റ് ... ഹാപ്പി?.."
"താങ്ക്യൂ സാർ."
"വെൽക്കം ഡിയർ, നൗ, ടോക്ക് റ്റു യുവർ ഹസ്ബൻഡ്"
ഒരു നിമിഷം കഴിഞ്ഞപ്പോൾ വീണ്ടും ശ്യാമിന്റെ ശബ്ദം കേട്ടു.
"എന്തായി രാഖി, വിശ്വാസായോ? എടി കഴുതേ, അതാണ് എന്റെ ബോസ് ഇവിടെ അമേരിക്കയിൽ, ഞാൻ പറയാറില്ലേ മിസ്റ്റർ അയ്യർ. അദ്ദേഹത്തിന്റെ മുഴുവൻ പേരാണ് സീതാറാം അയ്യർ. അതോ ഇനി വിഡിയോയിൽ വന്ന് തെളിയിക്കണോ?"
"സോറി ശ്യാമേട്ടാ, സോ സോറി"
"നിന്റെ ഒരു സോറി, വെറുതെ നീ ശ്രീയേട്ടനേം ചേട്ടത്തിയമ്മയെയും പേടിപ്പിച്ചോ. ശ്രീയേട്ടാ, എന്തായാലും ഇത്രയും കഷ്ടപ്പെട്ട് അവിടെ എത്തിയതല്ലേ, ഇനി ഒരാഴ്ച അവൾ അവിടെ നിൽക്കട്ടെ, ഞാൻ നേരെ ഡൽഹി വന്നു തിരിച്ചു ഒരുമിച്ചു പോന്നോളാം "
"ഓക്കെ, ശ്യാം..."
"രാഖി, നിന്റെ ശർദ്ദി മാറിയോ. ഡോക്ടറെ കണ്ടോ?''
"ഇല്ല്യ..."
"ഡാ ശ്യാം, അവള് ഡോക്ടറെ അല്ലാ അഡ്വക്കേറ്റിനെ കാണാൻ പോണംന്നാ പറഞ്ഞേ. " ചിരിച്ചു കൊണ്ട് ശ്രീധർ പറഞ്ഞു.
"അവൾടെ ഒരു വാലൻന്റൈൻസ് ഡേയും വെർജിൻ ഐലൻഡും, ചേട്ടത്തിയമ്മേ, അവളെ അഡ്വക്കേറ്റിനെയല്ല, പരിചയത്തിൽ നല്ല ഗൈനക്കോളജിസ്റ്റ് ഉണ്ടെങ്കിൽ അവരെയാ കാണിക്കേണ്ടത്. "
ചിരിച്ചുകൊണ്ട് ശ്യാം ഇത് പറഞ്ഞപ്പോൾ രാഖി ചേട്ടത്തിയമ്മയെ കെട്ടിപ്പിടിച്ച് കാതിൽ എന്തോ പിറുപിറുക്കുകയായിരുന്നു.
(അവസാനിച്ചു)
ഗിരി ബി. വാരിയർ
14 ഫെബ്രുവരി 2019
© copyright protected
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo